Tuesday, 30 September 2014

പുരോഗമന രാഷ്ട്രീയത്തിന്റെ വിപ്ലവാത്മകാത്ത തിരിച്ചു പിടിക്കേണ്ടതുണ്ട്

അനൂപ്‌ വർഗീസ് കുരിയപ്പുറം


പൊതുവെ പ്രതിലോമകരം ആയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തെ ആണ് ഇന്ന് ഇന്ത്യൻ  സമൂഹം, നേരിട്ട് കൊണ്ടിരിക്കുന്നത്. കേരളത്തിൽ അതിന്റെ അലയൊലികൾ, ഉണ്ടാകുന്നതു ജാതി സംഘടനകളെ വർഗീയവൽക്കരിക്കുന്നതിലൂടെയാണ്. മുതലാളിത്തം വലിയ പ്രതിസന്ധി നേരിടുന്ന ഇതു കാലഘട്ടത്തിലും, അതിനു തുണയേകാൻ  സ്വത്വം എത്തിച്ചേരും എന്നത് ഒരു ചരിത്ര പാഠം കൂടി ആണ്. കേരളത്തിലെ ഈ സ്ഥിതി വിശേഷത്തെ പുരോഗമന സംഘടനകൾ എങ്ങനെ തരണം ചെയ്യും എന്നത്, വളരെ ശ്രദ്ധയോടെ ലോകം വീക്ഷിച്ചു കൊണ്ടിരിക്കുന്നു.

പ്രഥമം ആയി എപ്പോഴൊക്കെ തിരിച്ചടി നേരിടുമ്പോഴും, കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ ചെയ്തിരുന്നത് പോലെ,  പ്രത്യയ ശാസ്ത്ര സമീപന പരിശോധന ആണ് ചെയ്യേണ്ടത്.ഇടതുപക്ഷ പ്രത്യയ ശാസ്ത്രവും, സംഘടനാ സമീപനവും വീണ്ടും യാഥാർത്ഥ്യം എന്ന ഉരകല്ലിൽ ഉരച്ചു പരിശോധിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ധേശിക്കുന്നത്. തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തലുകളും ആകാം.

രണ്ടാമതായി ചെയ്യേണ്ടത് സമീപനങ്ങളെ വർഗ അടിസ്ഥാനത്തിൽ പുനർ വിചിന്തനം നടത്തുക എന്നതാണ്. ഏതു വിഷയത്തിലും ഇടതു പക്ഷം തൊഴിലാളി വർഗ താല്പര്യത്തെ ആണോ സംരക്ഷിക്കുന്നത് എന്നത് പരിശോധന തന്നെ നടത്തി കണ്ടെത്തേണ്ടതാണ്. പല സമയത്തും നമ്മൾ എടുത്തിരിക്കുന്ന നിലപാടുകൾ, സ്ഥാപിത താത്കാലിക ലാഭ സംരക്ഷണം എന്ന കാര്യം മാത്രം മുൻകണ്ടു  എടുത്തതാണ് എന്ന് മനസിലാക്കാം. അവിടെ കൃത്യമായ ഇടപെടൽ, പ്രായോഗികത കൂടി പരിഗണിച്ചു ഉണ്ടാവേണ്ടതും ആണ്.

മൂന്നാമത്തേതും ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും പ്രസ്ഥാനത്തിന്റെ വിപ്ലവത്മകത തിരിച്ചു പിടിക്കുക എന്നതാണ്.ഇതിങ്ങനെ ഒക്കെയേ നടക്കൂ,നമുക്ക് നോക്കാം,നടത്തിത്തരാം,ശരി ആക്കാം എന്ന സാമ്പ്രദായിക പല്ലവികളിൽ നിന്ന് മാറി,ഇതും മാറും, മാറിയില്ലെങ്കിൽ മാറ്റും, മാറ്റിയില്ലെങ്കിൽ മാറ്റിനിർത്തും എന്ന ശൈലി ആണ് പുരോഗമനരാഷ്ട്രീയത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ ഒരു നിലപാട് എടുക്കാതെ ഒളിച്ചോടുന്ന സമീപനം ഉപേക്ഷിച്ചു, വർഗാടിസ്ഥാനത്തിൽ ധീരമായ നിലപാട് എടുത്തു മുന്നോട്ടു പോകുന്ന ഇടതുപക്ഷത്തെ ആണ് കേരള സമൂഹം, മുതലാളിത്ത വർഗീയ ശക്തികൾ അരങ്ങു വാഴാൻ ഒരുങ്ങുമ്പോൾ പ്രതീക്ഷിക്കുന്നത്. വെള്ളം ചേർക്കാത്ത മതേതര സമീപനവും കൂടി ആകുമ്പോൾ,  തെറ്റിദ്ധരിച്ചു ജാതി സംഘടനകളിൽ ചെന്ന് ചേർന്ന ജനം അടക്കം തിരിച്ചു, ഇടതു കുടക്കീഴിൽ എത്തിച്ചേരും, സംശയം വേണ്ട.