ബി. ബിപിൻ
കേരള കോൺഗ്രസ്സ് (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ചേക്കേറുന്ന
കാഴ്ച കേരളം കൗതുകത്തോടെ ആണ് കണ്ടത്. ഇതിന് ഇടതുപക്ഷ വൃത്തങ്ങളിൽ നിരവധി
വിശദീകരണങ്ങൾ നല്കപ്പെടുന്നുണ്ട്. ഫാഷിസത്തെ തടയാൻ മതേതര കക്ഷികളെ
ഉൾക്കൊള്ളിച്ചു കൊണ്ട് ഇടതുമുന്നണി വിപുലീകരിക്കേണ്ടതുണ്ട് എന്നുള്ളതാണ്
ഇതിൽ ആദ്യത്തേത്. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ കിട്ടുന്ന ഒരവസരവും
പാഴാക്കരുത് എന്നതാണ് മറ്റൊന്ന്. തുടർഭരണത്തിനും 'വികസത്തുടർച്ച'ക്കും
വേണ്ടി ചില വിട്ടുവീഴ്ചകൾ ആവാം എന്ന് മറ്റൊരു വ്യാഖ്യാനം. അച്ഛൻ ചെയ്ത
തെറ്റിന് മകനും പാർട്ടിയും എന്ത് പിഴച്ചു എന്നും ചോദിച്ച് കേൾക്കുന്നു.
അസുഖകരമായ ചോദ്യങ്ങൾ
എന്നാൽ
പ്രധാനപ്പെട്ട ചോദ്യങ്ങൾ ആരും ചോദിക്കുന്നില്ല! കേരള കോൺഗ്രസ്സ് എന്ന രാഷ്ട്രീയ
കക്ഷി ഏത് വർഗ്ഗത്തെയാണ് പ്രതിനിധീകരിക്കുന്നത്? ആ വർഗ്ഗത്തിന് (അതുവഴി ആ
പാർട്ടിക്ക്) എന്തെങ്കിലും പുരോഗമനമുഖം ഇന്നുണ്ടോ?
മുതലാളിത്തത്തിന്റെ സമൂലമായ ജീർണ്ണത അനുദിനം വ്യക്തമായി കൊണ്ടിരിക്കുന്ന
കാലത്ത്, ഫാഷിസം തഴച്ചു വളരുന്ന കാലത്ത്, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങൾ
സഖ്യങ്ങളിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട മാനദണ്ഡം എന്താണ്?
പോളിറ് ബ്യുറോ അംഗങ്ങൾ മുതൽ സാധാരണ അനുയായികൾ വരെ ഒരാളും ഈ വർഗ്ഗപരമായ
ചോദ്യങ്ങൾ ചോദിക്കുന്നതു പോലും ഇല്ല എന്നത് ഇടതുപക്ഷത്തിന്റെ ഇന്നത്തെ
സ്ഥിതി വെളിവാക്കുന്നുണ്ട്.
കേരള കോൺഗ്രസ്സ് (എം)
കർഷകരുടെ പാർട്ടിയാണെന്നാണ് വെപ്പ്. ഈ ഒരു പ്രതിച്ഛായ നട്ടുവളർത്താൻ മാണി
സ്ഥിരം പരിശ്രമിച്ചിട്ടും ഉണ്ട്. കർഷകർ എന്നാൽ ഇന്ന് ഇടതുപക്ഷത്തെ
സംബന്ധിച്ചെടുത്തോളം വർഗ്ഗവേർതിരിവുകൾ ഇല്ലാത്ത ഏക ശിലാത്മകമായ ഒരു
വിഭാഗമാണ്. എല്ലാ കർഷകരെയും യാതൊരു വർഗ്ഗവ്യതിരിക്തതയും കൂടാതെ ഒരുമിച്ച്
പുണ്യവാന്മാരാക്കുന്ന സമീപനത്തിൽ ഇന്നത്തെ ഇടതുപക്ഷം ബൂർഷ്വ തിയറിസ്റ്റുകളെ
പോലും കടത്തിവെട്ടും. വൻകിട, ഇടത്തര, ചെറുകിട കർഷകരും, കർഷകത്തൊഴിലാളികളും
എല്ലാം ഇടതുപക്ഷ കണ്ണിൽ സമം; അവർക്കെല്ലാം ഒരേ ആവശ്യങ്ങൾ, ഒരേ
താൽപ്പര്യങ്ങൾ! വിൽപ്പനക്ക് മാത്രമായി വലിയ തോതിൽ കൃഷി നടത്തുന്ന
വൻകിട-ഇടത്തര 'കർഷകർ'ക്കും സ്വന്തമായി ഭൂമിയില്ലാതെ ഇവർക്ക്
വേണ്ടി കൂലിപ്പണി ചെയ്യുന്ന കർഷകത്തൊഴിലാളിക്കും എങ്ങനെയാണ് ഒരേ
താൽപ്പര്യങ്ങൾ ഉണ്ടാവുന്നത് എന്നത് ഇടതുപക്ഷത്തിന് മാത്രം അറിയാവുന്ന
രഹസ്യമാണ്.
എന്നാൽ മാർക്സിസത്തെ
സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട കാര്യം കർഷകരിലെ വർഗ്ഗ വേർതിരിവുകൾ ആണ്.
എല്ലാ കർഷകരെയും പിന്തുണക്കാൻ അവർക്കാവില്ല. കാരണം കാർഷിക ഉൽപ്പാദന
മേഖലയിലെ വർഗ്ഗസമരം ബൂർഷ്വ കർഷകനും (agrarian bourgeoisie) കർഷക
തൊഴിലാളിയും (agrarian proletariat) തമ്മിലാണ്. ഈ വർഗ്ഗസമരത്തിൽ
കർഷകത്തൊഴിലാളിയുടെ കൂടെയാണ് മാർക്സിസം. അതുകൊണ്ട് തന്നെ
കർഷകത്തൊഴിലാളിയെയും തൊഴിലാളിവർഗ്ഗത്തിലേക്ക് അനുദിനം നിപതിച്ച്
കൊണ്ടിരിക്കുന്ന ഏറ്റവും ചെറുകിട കർഷകരെയും മാത്രമേ മാർക്സിസത്തിന്
പിന്തുണക്കാനാവൂ. ഇതിൽ തന്നെ മാർക്സിസം ചെറുകിട കർഷകനോട് പറയുന്നത്
ഇടതുപക്ഷം പറയുന്നത് പോലെ സർക്കാർ നടപടികൾ വഴി ചെറുകിട കൃഷി പരിരക്ഷിക്കാം
എന്നല്ല. ചെറുകിടകൃഷിയുടെ നാശം മുതലാളിത്തത്തിൽ ഒഴിവാക്കാൻ ആവില്ലെന്നും,
അത് വസ്തുനിഷ്ഠമായി പുരോഗമനപരം ആണെന്നും, അതുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന്
പിന്നിൽ അണിനിരന്ന് സോഷ്യലിസത്തിലേക്ക് മുന്നേറുക മാത്രമാണ്
മാർഗ്ഗമെന്നുമാണ് മാർക്സിസം ചെറുകിട കർഷകനോട് പറയുന്നത്. ഉത്തരേന്ത്യൻ
കർഷകസമരങ്ങളിൽ ഒന്നും തന്നെ ബൂർഷ്വ കർഷകരിൽ നിന്നും വിഭിന്നമായി
കർഷകത്തൊഴിലാളികളുടെ താല്പര്യങ്ങൾ ഇടതുപക്ഷം ഉന്നയിക്കുകയും അതിന്റെ
അടിസ്ഥാനത്തിൽ പ്രക്ഷോഭങ്ങളെ നയിക്കാൻ ശ്രമിക്കുകയും ചെയ്യാത്തത് ഈ
വർഗ്ഗകാഴ്ചപാട് നഷ്ടപ്പെട്ടത് കൊണ്ടാണ്.
കേരള
കോൺഗ്രസ്സ് (എം), അവർ അവകാശപ്പെടുന്നത് പോലെ തന്നെ, കർഷകരുടെ പാർട്ടിയാണ്.
എന്നാൽ ചോദ്യം, അവർ കർഷകരിലെ ഏതു വർഗ്ഗത്തിന്റെ പാർട്ടിയാണ് എന്നതാണ്.
ഉത്തരം, അവർ വൻകിട-ഇടത്തര കർഷക മുതലാളിമാരുടെ, പ്രത്യേകിച്ച് മലയോര
മേഖലയിലെ മുതലാളിമാരുടെ, പാർട്ടിയാണ് എന്നാണ്. മാർക്സിസ്റ്റ് രീതിയിൽ
പറഞ്ഞാൽ അവർ ഒരു agrarian bourgeois പാർട്ടി ആണ്. ഒരു പാർട്ടിയുമായി
സഖ്യമുണ്ടാക്കുമ്പോൾ മാർക്സിസം നോക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്,
അതിന്റെ വർഗ്ഗ ആഭിമുഖ്യം. രണ്ട്, ആ വർഗ്ഗം ഇന്നത്തെ സാഹചര്യത്തിൽ
പുരോഗമനപരമാണോ എന്ന്. മലയോര കർഷക മുതലാളിമാരുടെ താല്പര്യങ്ങൾ
സംരക്ഷിക്കുന്ന ഒരു പാർട്ടിക്ക് ഇന്ന് പുരോഗമനപരമാവാൻ കഴിയുമോ എന്നതാണ്
ചോദ്യം. ഇല്ല എന്നതാണ് ഉത്തരം. മുതലാളിത്തം പ്രതിസന്ധിയുടെ പടുകുഴിയിൽ ആണ്.
ഇതിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യൻ മുതലാളിവർഗ്ഗം സാമ്രാജ്യത്വത്തെയും
ഫാഷിസത്തെയും കൂട്ടുപിടിക്കുന്ന കാഴ്ച നാം ഇന്ത്യയിലും കണ്ടു
കൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു ഘട്ടത്തിൽ കർഷകമുതലാളിമാരുടെ പാർട്ടിക്ക്
അറുപിന്തിരിപ്പനാവാനേ കഴിയൂ. അതിനാൽ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക
അവസ്ഥയിൽ കേരള കോൺഗ്രസ്സ് ഒരു 'പുരോഗമന' ശക്തിയേ അല്ല.
അവസരവാദസഖ്യങ്ങൾക്ക് ഫാഷിസത്തെ എതിരിടാനാവുമോ?
കേരള
കോൺഗ്രസ്സിനെപ്പോലെയുള്ള കക്ഷികളെ കൂട്ടുപിടിച്ച് ഫാഷിസത്തെ തടയാനാവുമോ?
ഫാഷിസ്റ്റ് വളർച്ചയുടെ ഏറ്റവും പ്രധാന കാരണം ജീർണ്ണിക്കുന്ന
മുതലാളിത്തമാണ്. ഇന്ത്യൻ മുതലാളിവർഗ്ഗം മുഴുവൻ തങ്ങളുടെ ലാഭം
സംരക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് ഫാഷിസ്റ്റുകളെയാണ്.
മുതലാളിവർഗ്ഗത്തിന് വേണ്ടിയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകൾ സകല തൊഴിൽ
നിയമങ്ങളും മാറ്റിയെഴുതിക്കൊണ്ടിരിക്കുന് നത്. തൊഴിലാളിവർഗ്ഗത്തെ
വിഘടിപ്പിക്കുന്ന വർഗ്ഗീയ അജണ്ടയും സഹായിക്കുന്നത് മുതലാളി വർഗ്ഗത്തെയാണ്.
അതിനാൽ, ഫാഷിസം ശക്തിയാർജ്ജിച്ചിട്ടുള്ള എല്ലായിടത്തേയും പോലെ, ഇന്ത്യയിലും
മുതലാളിവർഗ്ഗം ഫാഷിസത്തെ പൂർണ്ണമായും പിന്തുണക്കുന്നു. ഇടത്തേക്ക്
ചെരിയുന്നതിന് മുന്നേ ജോസ് കെ. മാണി എൻ. ഡി. എ. യിലേക്ക് ചേക്കേറാനുള്ള
സാധ്യതകൾ ആലോചിച്ചിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. കേരളത്തിൽ പ്രധാന
പ്രതിപക്ഷമായി ഫാഷിസ്റ്റുകൾ മാറുന്ന പക്ഷം ജോസ് മാണി ഉൾപ്പെടെ സകല
മുതലാളിവർഗ്ഗ പ്രതിനിധികളും ഫാഷിസ്റ്റുകളുടെ പാളയത്തിലേക്ക്
ഒഴുകാനുള്ളതാണ്. ഇടതുപക്ഷം അവർക്ക് ഇന്നത്തെ അധികാരത്തിന്റെ അപ്പക്കഷ്ണം
വിഴുങ്ങാനുള്ള ഒരിടത്താവളം മാത്രമാണ്. അതുകൊണ്ടുതന്നെ
മുതലാളിവർഗ്ഗപാർട്ടികളെ മുൻനിർത്തി ഫാഷിസത്തെ എതിരിടാം എന്നത് ഒരു വ്യാമോഹം
മാത്രമാണ്. ഇതുപോലുള്ള പ്രാദേശിക മുതലാളിവർഗ്ഗ പാർട്ടികളുമായി ചേർന്ന്
മൂന്നാം മുന്നണി രൂപീകരിച്ച് ഫാഷിസത്തെ എതിരിടാൻ എന്ന തന്ത്രം പൊളിഞ്ഞു
പാളീസായതിൽ നിന്നെങ്കിലും ഇടതുപക്ഷം പാഠം പഠിക്കേണ്ടതാണ്.
മുതലാളിവർഗ്ഗപാർട്ടികളുമായുള്ള
സഖ്യങ്ങൾ വഴി ഫാഷിസത്തെ പ്രതിരോധിക്കാൻ ആവില്ല. അവയുടെ വർഗ്ഗ ആഭിമുഖ്യം
ഇന്നല്ലെങ്കിൽ നാളെ അവരെ ഫാഷിസ്റ്റ് പാളയത്തിൽ എത്തിക്കും. വന്നതിനും
ഇരട്ടി വേഗത്തിൽ ജോസ് പൊടിയും തട്ടി ഇറങ്ങി പോവും. ഇത്തരം സഖ്യങ്ങൾ
ഫാഷിസത്തിനെതിരെ നിഷ്പ്രയോജനമാണെന്ന് മാത്രമല്ല, അവ ഫാഷിസത്തിന് വളരാനുള്ള
ഏറ്റവും നല്ല വളമാണ്. ഫാഷിസത്തിന്റെ രാഷ്ട്രീയ വളർച്ചക്ക് ആവശ്യം ലിബറൽ
ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുക എന്നതും ഈ അവിശ്വാസം
മുതലാളിത്തവിരുദ്ധസമരത്തിലേക്ക് നയിക്കപ്പെടാതിരിക്കുക എന്നതുമാണ്. ഇത്
രണ്ടും ഒരുമിച്ചു സാധിച്ചു കൊടുക്കുന്നു ഇടതുപക്ഷം ഏർപ്പെടുന്ന
ഇതുപോലുള്ള
അവസരവാദസഖ്യങ്ങൾ. ഇന്നലെ വരെ ചീത്തവിളിച്ചു നടന്നവരെ ഇന്ന് കൂടെക്കൂട്ടുക
വഴി, അത് ന്യായീകരിക്കാൻ ഉന്നയിക്കുന്ന പൊള്ളയായ കാരണങ്ങൾ വഴി, ജനങ്ങളുടെ
മനസ്സിൽ ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്കകൾ സകലതും ഇത്തരം സഖ്യങ്ങൾ
അരക്കിട്ടുറപ്പിക്കുന്നു. അതോടൊപ്പം തന്നെ മാർക്സിസമെന്നാൽ ഇടതുപക്ഷമാണ്
എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന തൊഴിലാളികൾക്കിടയിൽ ഇത് മാർക്സിസത്തിലും
വർഗ്ഗസമരത്തിലും ഉള്ള സകല ബോധ്യവും ഇല്ലാതാക്കി അവരെ ഫാഷിസ്റ്റ്
പ്രൊപ്പഗാണ്ടക്ക് എളുപ്പം വിധേയരാക്കുന്നു. ഇടതുപക്ഷ അവസരവാദം ഫാഷിസത്തിന്
വളമാകും എന്ന് പറയുന്നത് അതുകൊണ്ടാണ്.
ഇതിന്
ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം ഒന്നാം
ലോകമഹായുദ്ധത്തിന്റെ അവസാനം മുതൽ ഫാഷിസ്റ്റുകൾ ഭരണം പിടിക്കുന്നത്
വരെയുള്ള ജർമ്മനിയാണ്. വൈമാർ റിപ്പബ്ലിക്കിന്റെ ഈ കാലയളവിൽ ജർമ്മനിയിലെ
ഏറ്റവും പ്രബലരാഷ്ട്രീയകക്ഷി ഇന്നത്തെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ
പ്രത്യയശാസ്ത്രപൂർവ്വികരായ സോഷ്യൽ ഡെമോക്രറ്റുകൾ ആണ് (ഇടതുപക്ഷവും
മാർക്സിസവും തമ്മിലുള്ള ബന്ധം അതിലെ പ്രധാന പാർട്ടികളുടെ പേരിൽ തുടങ്ങുകയും
അതിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു!). ബൂർഷ്വ-ഫ്യൂഡൽ കക്ഷികളുമായി
നിർലോഭം സഖ്യങ്ങളിൽ ഏർപ്പെട്ടും മുതലാളിത്തവിരുദ്ധമുന്നേറ്റങ് ങളെ
നിഷ്കരുണം അടിച്ചമർത്തിയും സോഷ്യൽ ഡെമോക്രറ്റുകൾ ജർമ്മനിയിൽ ഫാഷിസത്തിന്
വഴി വെട്ടുകയാണ് ചെയ്തത്. ജർമ്മൻ 'ഇടതുപക്ഷ'ത്തിന്റെ പ്രത്യയശാസ്ത്ര
പാപ്പരത്തവും വൈമാർ റിപ്ലബ്ലിക്കിന്റെ രാഷ്ട്രീയ പരാജയവും എങ്ങനെയാണ്
ഫാഷിസത്തെ വളർത്തിയത് എന്ന് അനേകം പഠനങ്ങൾ അടയാളപ്പെടുത്തിയതാണ്. ഇതിന്
സമാനമായ റോൾ ആണ് ഇടതുപക്ഷം അധികാരത്തിനായി മാത്രമുള്ള അവസരവാദ
കൂട്ടുകെട്ടുകൾ വഴി കേരളത്തിൽ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.
അനുരഞ്ജനമോ അതോ അവസരവാദമോ?
എന്നാൽ
ചില ഇടതുപക്ഷ 'ബുദ്ധിജീവികൾ' ഉയർത്തുന്ന വാദം ഈ സഖ്യം ഫാഷിസത്തെ
എതിരിടാനുള്ള ഒരു അനുരഞ്ജനമാണെന്നും തൊഴിലാളിവർഗ്ഗ പാർട്ടികൾക്ക്
അനുരഞ്ജനങ്ങൾ നിഷിദ്ധമല്ല എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട് എന്നുമാണ് (ഇത്തരം
ന്യായങ്ങൾ ഉയർത്താനെങ്കിലും അവർ ഇടക്ക് ലെനിനെ ഓർക്കുന്നുണ്ടല്ലോ എന്നതിൽ
സന്തോഷം!). മാർക്സിസത്തെ സംബന്ധിച്ചെടുത്തോളം അനുരഞ്ജനവും (compromise)
അവസരവാദവും (opportunism) രണ്ടും രണ്ടാണ്. തൊഴിലാളിവർഗ്ഗ പാർട്ടികൾ ഒഴിച്ചുകൂടാനാവാത്ത അനുരഞ്ജനങ്ങൾക്ക് എതിരല്ല. 'അനുരഞ്ജനത്തെ
കുറിച്ച്" എന്ന തന്റെ വിഖ്യാത ലേഖനത്തിൽ ലെനിൻ പറയുന്നത് പോലെ, "ഒരു
യഥാർത്ഥ വിപ്ലവ പാർട്ടിയുടെ കർത്തവ്യം അനുരഞ്ജനങ്ങളെ തള്ളിക്കളയാൻ
പറ്റുകയില്ല എന്ന് പ്രഖ്യാപിക്കുകയല്ല, മറിച്ച്, ഒഴിച്ചുകൂടാനാവാത്ത സകല
അനുരഞ്ജനങ്ങൾക്കിടയിലും തങ്ങളുടെ അടിസ്ഥാന തത്വങ്ങളോടും, തങ്ങളുടെ
വർഗ്ഗത്തോടും, തങ്ങളുടെ വിപ്ലവ ആഭിമുഖ്യത്തോടും, വിപ്ലവത്തിലേക്ക് നയിക്കുക
എന്നുള്ള തങ്ങളുടെ കടമയോടും സദാ സത്യസന്ധമായിരിക്കുക എന്നതാണ്". കേരള
കോൺഗ്രസുമായുള്ള സഖ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല. അത്, നമ്മൾ മുകളിൽ
കണ്ടത് പോലെ, തൊഴിലാളിവർഗ്ഗത്തിന്റെ പക്ഷത്ത് നിന്നുകൊണ്ടുള്ള ഒന്ന്
അല്ലേയല്ല. ഈ സഖ്യം മുതലാളിത്തത്തിനെതിരെയും ഫാഷിസത്തിനെതിരെയും ഉള്ള
തൊഴിലാളിവർഗ്ഗത്തിന്റെ പോരാട്ടങ്ങളെ ഒരുതരത്തിലും ശക്തിപ്പെടുത്തുന്നില്ല.
മറിച്ച്, അത് ഈ പോരാട്ടങ്ങൾക്ക് തുരങ്കം വെക്കുകയും ഫാഷിസത്തിന്റെ
വളർച്ചക്ക് വളം വെക്കുകയുമാണ് ചെയ്യുന്നത്. തൊഴിലാളിവർഗ്ഗ കാഴ്ച്ചപാട്
ഉയർത്തിപ്പിടിക്കാത്ത ഇതുപോലുള്ള സഖ്യങ്ങൾ സകലതും അവസരവാദമാണ്.
എല്ലായിടത്തും നഗ്നമായ അധികാരമോഹം കൊണ്ടുണ്ടാക്കുന്ന
അവസരവാദകൂട്ടുകെട്ടുകളെ അനുരഞ്ജനം എന്ന വ്യാജേന അവതരിപ്പിക്കുന്നതാണ്
സോഷ്യൽ ഡെമോക്രസിയുടെ രീതി. അതുതന്നെയാണ് ഇടതുപക്ഷം ഇവിടെയും ചെയ്യുന്നത്.
No comments:
Post a Comment