ബിപിൻ ബാലറാം
"Has the bourgeoisie .... ever effected a progress without dragging individuals and people through blood and dirt, through misery and degradation?" - Karl Marx.
സഞ്ചാരവേഗത
മൂന്നുമടങ്ങ് ഉയർത്തുന്ന ഒരു പദ്ധതിയെ എന്തിനാണ് എതിർക്കുന്നത്?
കേരളത്തത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള യാത്ര നാലരമണിക്കൂറിൽ
സാധ്യമാക്കുന്ന ഒരു സംവിധാനത്തെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുകയല്ലേ
ജനങ്ങൾ ചെയ്യേണ്ടത്? അതിന്റെ ഗുണഗണങ്ങൾ അത്രക്ക് വ്യക്തമല്ലേ! കാഴ്ചയിൽ
"നിഷ്കളങ്കമായ" ഇത്തരം സംശയങ്ങളാണ് ഇടതുപക്ഷവൃത്തങ്ങൾ ഉന്നയിക്കുന്നത്.
അതുകൊണ്ട് തന്നെ കെ-റെയിലിനെതിരെ ഉയർന്നു വരുന്ന വികാരപരവും സമരോത്സുകവുമായ
പ്രതിഷേധങ്ങളെല്ലാം ഇടതുപക്ഷത്തിന് "വിധ്വംശ-വിദ്രോഹ"ശക്തികൾ
തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായോ "തീവ്രവാദി"കളുടെ ഇടപെടലിന്റെ ഫലമായോ
ഉയർന്ന് വരുന്നതാണ്. ഈ ധാരണ തികച്ചും സ്വാഭാവികമാണ്. കാരണം,
ജനജീവിതത്തിന്റെ പലവശങ്ങളെയും സുഗമമാക്കാൻ കെൽപ്പുള്ള സംവിധാനങ്ങളെ
എന്തിനാണ് ജനങ്ങൾ തന്നെ എതിർക്കുന്നത് എന്നത് വൈരുദ്ധ്യാത്മകയുക്തിയുടെ
അടിസ്ഥാനത്തിൽ മാത്രം മനസ്സിലാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അത്
ഇന്നത്തെ ഇടതുപക്ഷത്തിന്റെ ഗ്രാഹ്യത്തിന് അപ്പുറത്താണ്.
എന്നാൽ
ഈ വിരോധാഭാസം മാർക്സിസ്റ്റുകാർക്ക് വളരെ പരിചിതമാണ്. ഉദാഹരണത്തിന്,
തങ്ങളുടെ അദ്ധ്വാനഭാരം പലമടങ്ങ് കുറക്കാൻ സഹായിക്കുന്ന യന്ത്രങ്ങളെ ഏത്
സാഹചര്യത്തിൽ ആണ് ജനങ്ങളും തൊഴിലാളികളും ഭയത്തോടെയും വെറുപ്പോടെയും
കാണുന്നത് എന്നത് മാർക്സ് തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങളുടെയോ
യന്ത്രങ്ങളുടെയോ കുഴപ്പമല്ല; വ്യവസ്ഥയുടെ കുഴപ്പമാണ്. ജനങ്ങളുടെ സമീപനത്തിൽ
ഉള്ള വിരോധാഭാസം വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്.
പൊതുനന്മ
ലക്ഷ്യമാക്കിയുള്ള ഒരു വ്യവസ്ഥയിൽ അദ്ധ്വാനഭാരം കുറക്കുന്ന യന്ത്രങ്ങൾ
ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെടേണ്ടതാണ്. എന്നാൽ സ്വകാര്യലാഭം മാത്രം
ലക്ഷ്യം വെച്ചുള്ള, ജനങ്ങൾക്ക് ജീവിക്കാൻ തങ്ങളുടെ അദ്ധ്വാനശേഷി വിൽക്കുക
എന്നതല്ലാതെ വേറെ വഴിയില്ലാതെ ഒരു വ്യവസ്ഥയിൽ ആണ് യന്ത്രങ്ങളെ അവർ തങ്ങളുടെ
ജീവിതോപാധി തട്ടിയെടുക്കുന്ന ഒന്നായി കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ
യന്ത്രവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ മാർക്സ് ദർശിച്ച ഈ
വൈരുദ്ധ്യത്തിന്റെ മറ്റൊരു രൂപം മാത്രമാണ് കെ-റെയിലിന്റെയും മറ്റ് പല
"വികസനപദ്ധതി"കളുടെയും കാര്യത്തിൽ നമ്മൾ ഇന്ന് കാണുന്നത്.
ലെനിൻ
നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരുന്ന പോലെ, ഭൗതികപരമായ
വൈരുദ്ധ്യാത്മകതയുടെ അടിസ്ഥാനങ്ങളിൽ ഒന്ന് "There are no abstract truths;
truth is always concrete" (അമൂർത്തമായ സത്യങ്ങളില്ല;
സത്യം എപ്പോഴും മൂർത്തമാണ്) എന്നതാണ്. അതുകൊണ്ട് ഒരു പദ്ധതിയെയും നമുക്ക്
അമൂർത്തമായി വിലയിരുത്താനാകില്ല. കേവലമായ സാങ്കേതിക-പാരിസ്ഥിതിക-സാമ്പത് തിക
വാദങ്ങൾ കൊണ്ടും ഒരു പദ്ധതിയുടെ ശരിയും തെറ്റും അളക്കാൻ ആവില്ല.
പദ്ധതിയുടെ സാമൂഹിക-വർഗ്ഗ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അതിനെ
വിലയിരുത്താൻ ആവൂ.
ഏതു
സാഹചര്യത്തിൽ, എന്തിന് വേണ്ടി, ആര്, എങ്ങനെ ഒരു പദ്ധതി നടപ്പാക്കാൻ
ശ്രമിക്കുന്നു എന്നീ മൂർത്തമായ ചോദ്യങ്ങളിലൂടെ വേണം നമ്മൾ അതിന്റെ വർഗ്ഗ
ഉള്ളടക്കം മനസ്സിലാക്കാൻ. നേരെമറിച്ച്, "കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ
അറ്റം വരെ നാലരമണിക്കൂറിൽ എത്താൻ പറ്റുന്നത് മോശം കാര്യമാണോ?" തുടങ്ങിയ
"സിംപ്ലൻ" വാദങ്ങൾ കെ-റെയിൽ പദ്ധതിയെ അതിന്റെ സാമൂഹികപശ്ചാത്തലത്തിൽ
നിന്നും അടർത്തിമാറ്റുവാൻ ഉദ്ദേശിച്ചുള്ളവയാണ്. കെ-റെയിൽ പ്രശ്നത്തിന്റെ
സാമൂഹിക-രാഷ്ട്രീയ-വർഗ്ഗപരമായ ഉള്ളടക്കത്തെ അഭിമുഖീകരിക്കാൻ ഉള്ള ഭയമാണ്
ഇത്തരം ലളിതവൽക്കരണത്തിന് പിന്നിൽ.
കെ-റെയിലിന്റെ യഥാർത്ഥ പ്രചോദനം
എന്തിന്
വേണ്ടിയാണ് കെ-റെയിൽ നടപ്പാക്കുന്നത്? "ജനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ"
എന്നതാണ് പദ്ധതിയെ അനുകൂലിക്കുന്നവർ നൽകുന്ന ഉത്തരം. മുതലാളിത്തവ്യവസ്ഥയും
അതിലെ ഒരു ഭരണകൂടവും ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യം വെച്ച്
അറുപത്തിമൂവായിരം കോടി രൂപയുടെ ഒരു പദ്ധതി ആവിഷ്കരിക്കും എന്ന്
വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്.
പത്തൊൻപതാം
നൂറ്റാണ്ടിലെ യന്ത്രവൽക്കരണം മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
നിർമ്മിതബുദ്ധിയുടെ ഉപയോഗം വരെയുള്ള സകല മുതലാളിത്തസംരംഭങ്ങളും ലാഭത്തിന്റെ
വർദ്ധനയും തൊഴിലാളിവർഗ്ഗത്തിന്റെ ശക്തിക്ഷയവും മാത്രം ലക്ഷ്യം
വെച്ചുള്ളവയായിരുന്നു. വസ്തുനിഷ്ഠമായി നോക്കുമ്പോൾ ഇവയെല്ലാം തൊഴിലാളികളുടെ
അദ്ധ്വാനഭാരം കുറയ്ക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരിക്കലും
അവയുടെ ലക്ഷ്യമായിരുന്നില്ല, മറിച്ച് ഒരു പാർശ്വഫലം മാത്രമായിരുന്നു.
എന്ന് മാത്രമല്ല, ഇവ മൂലം അദ്ധ്വാനഭാരത്തിൽ ഉണ്ടാവുന്ന കുറവിന്റെ
നേരിട്ടുള്ള ഗുണം കൊയ്യുന്നത് തൊഴിലാളികളോ സമൂഹമോ അല്ല, എപ്പോഴും
മുതലാളിവർഗ്ഗമാണ്. തൊഴിലാളികൾക്ക് അവ നൽകുന്നത് കൂലിയിലെ കുറവും
വർദ്ധിക്കുന്ന അരക്ഷിതാവസ്ഥയും മാത്രമാണ്. മുതലാളിത്തവ്യവസ്ഥയെ തന്നെ
അതിവർത്തിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു എന്നതിലൂടെ ഇവ
തൊഴിലാളിവർഗ്ഗത്തിന് വസ്തുനിഷ്ഠമായി ഗുണകരമാവുന്നുണ്ട്. പക്ഷെ ഇതും ഇത്തരം
സംരംഭങ്ങളുടെ ലക്ഷ്യം അല്ല, ഉദ്ദേശിക്കാത്ത ഒരു അനന്തരഫലം മാത്രമാണ്.
കെ-റെയിലിന്റെ
കാര്യത്തിലും ഇത് തന്നെയാണ് കഥ. ഈ വ്യവസ്ഥക്കും അതിലെ ഭരണകൂടത്തിനും
ഗതാഗതസംവിധാനങ്ങളിലും ആ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളിലും ഉള്ള
താല്പര്യത്തിന് ജനങ്ങളുടെ സുഗമമായ സഞ്ചാരവുമായി യാതൊരു ബന്ധവുമില്ല. അത്
ഉത്പന്നങ്ങളുടെ (commodities) വേഗത്തിലുള്ള സർക്കുലേഷൻ ലക്ഷ്യമാക്കിയുള്ള
താല്പര്യമാണ്. ഈ താല്പര്യത്തിന്റെ അടിസ്ഥാനം ക്യാപിറ്റൽ രണ്ടാം വോള്യത്തിൽ
മാർക്സ് കൃത്യമായി പഠിക്കുന്നുണ്ട് (രണ്ടാം വോള്യത്തിന്റെ ഉപശീർഷകം തന്നെ
"The Process of Circulation of Capital" എന്നാണ് എന്ന് ഓർക്കുക).
സർക്കുലേഷൻ പ്രക്രിയയുടെ വേഗം എങ്ങനെയാണ് വിറ്റുവരവ് സമയത്തെയും (turnover
time), അത് വഴി ലാഭത്തെയും, മുതലാളിത്ത ഉത്പ്പാദനത്തിന്റെ നൈരന്തര്യത്തെ
തന്നെയും ബാധിക്കുന്നത് എന്ന് മാർക്സ് കാണിച്ച് തരുന്നുണ്ട്. ഇതാണ്
ഗതാഗതരംഗത്ത് വമ്പിച്ച മുതൽമുടക്കുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ
മുതലാളിവർഗ്ഗം ഭരണകൂടങ്ങളെ നിരന്തരമായി നിർബന്ധിക്കുന്നതിന്റെ യഥാർത്ഥ
കാരണം.
കെ-റെയിലിന്റെ
പിന്നിലെയും അടിസ്ഥാനപ്രചോദനം ഇതുതന്നെയാണ്. കാരണം, മുതലാളിത്തത്തിൽ
ജനങ്ങളുടെ സ്ഥാനം ഉത്പന്നങ്ങൾക്ക് തുല്യമാണ്. ഈ വ്യവസ്ഥയെ
സംബന്ധിച്ചെടുത്തോളം ജനങ്ങൾ ലാഭത്തിന്റെ ഉറവിടമായ അദ്ധ്വാനശേഷിയുടെ വാഹകർ
മാത്രമാണ്. പ്രധാന നഗരങ്ങളിലേക്കുള്ള മൂലധനത്തിന്റെയും സ്ഥാപനങ്ങളുടെയും
കേന്ദ്രീകരണം തൊഴിലാളികളുടെ (പ്രത്യേകിച്ച് വൈറ്റ് കോളർ തൊഴിലാളികളുടെ)
സർക്കുലേഷന്റെ പ്രാധാന്യം വർധിപ്പിച്ചിരിക്കുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട
പ്രധാനപ്പെട്ട കാര്യം, വ്യക്തികൾ എന്ന നിലയിലോ സാമൂഹികജീവികൾ എന്ന നിലയിലോ
അല്ല, തൊഴിലാളികൾ എന്ന നിലയിലോ ഉപഭോക്താവ് എന്ന നിലയിലോ ഉള്ള ജനങ്ങളുടെ
സർക്കുലേഷനിൽ മാത്രമാണ് വ്യവസ്ഥക്ക് താല്പര്യം എന്നതാണ്. ഈ പശ്ചാത്തലത്തിൽ
ആണ് വലിയ നഗരങ്ങൾക്കകത്തുള്ള മെട്രോ പോലുള്ള സംവിധാനങ്ങളും വിവിധ നഗരങ്ങളെ
തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ഗതാഗതസൗകര്യങ്ങളും മുതലാളിത്തവ്യവസ്ഥക്ക്
പ്രധാനമായി വരുന്നത്. ഈ ഗണത്തിൽ പെടുന്ന ഒരു പദ്ധതിയാണ് സിൽവർ ലൈനും.
നമ്മൾ
വിശകലനം ചെയ്യാൻ ഉദ്ദേശിച്ച മൂർത്തമായ ചോദ്യങ്ങളിൽ ആദ്യ രണ്ടെണ്ണം, ഏതു
സാഹചര്യത്തിൽ, എന്തിന് വേണ്ടിയാണ് കെ-റെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്
എന്നിവ ആയിരുന്നു. ഇവയുടെ ഉത്തരങ്ങൾ ഇപ്പോൾ വ്യക്തമാണ്. അദ്ധ്വാനശേഷി എന്ന
ഏറ്റവും പ്രധാനമായ ഉത്പന്നത്തിന്റെ വാഹകർ എന്ന നിലയിൽ തൊഴിലെടുക്കുന്ന
ജനങ്ങളുടെ സർക്കുലേഷന്റെ പ്രാധാന്യം മുതലാളിത്തത്തിന് വർദ്ധിച്ചു വരുന്ന
സാഹചര്യത്തിൽ ആണ് ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത്. ഇവ
അടിസ്ഥാനപരമായും മുതലാളിത്തവ്യവസ്ഥയുടെ നിലനിൽപ്പിനും നൈരന്തര്യത്തിനും
വേണ്ടിയുള്ളവയാണ്.
പക്ഷെ
ഈ പദ്ധതി "ജനനന്മക്ക്" വേണ്ടിയാണ് എന്ന് കരുതുന്ന ഇടതുപക്ഷ സഹയാത്രികർ
ഉയർത്തുന്ന വാദം, ഇത് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഒരു
"കമ്മ്യൂണിസ്റ്റ്-മാർക്സിസ്റ്റ് " സർക്കാർ ആയതുകൊണ്ട് കെ-റെയിൽ
മുതലാളിത്തവ്യവസ്ഥക്ക് വേണ്ടിയുള്ള ഒന്നാവാൻ ഒരു സാദ്ധ്യതയും ഇല്ല എന്നാണ്!
ഇതിന്റെ സത്യാവസ്ഥ അടുത്ത രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമ്മോട് പറയും:
ആര്, എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്?
ഇടതുപക്ഷം - നവലിബറൽ മുതലാളിത്തത്തെ പുൽകുന്ന സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനം
മാർക്സിസ്റ്റ്
എന്ന് ലേബൽ ഉള്ള ഇടതുപക്ഷത്തിലെ രണ്ട് പാർട്ടികളും, സിപിഎം മ്മും സിപിഐ
യും, യഥാർത്ഥത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾ മാത്രമാണ്.
മുതലാളിത്തത്തിന്റെ വിപ്ലവകരമായ പരിവർത്തനം ആവശ്യമില്ലെന്നും അതിന്റെ മോശം
വശങ്ങളെ പരിഷ്കരിച്ചാൽ മാത്രം മതിയെന്നും കരുതുന്ന രാഷ്ട്രീയമാണ് സോഷ്യൽ
ഡെമോക്രസിയുടേത്. അതിനാൽ തന്നെ അത് മാർക്സിസത്തിനും
തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിനും നേർ വിപരീതമാണ്. സോഷ്യൽ ഡെമോക്രസിയുടെ
ചരിത്രം അത് കാണിച്ചു തരുന്നുണ്ട്. സ്ലാവോയ് സിസെക് അഭിപ്രായപ്പെട്ടത്
പോലെ, "ഇരുപതാം നൂറ്റാണ്ടിൽ ഉടനീളം മുതലാളിത്തത്തിനെതിരായ കമ്മ്യൂണിസ്റ്റ്
ഭീഷണിയെ ചെറുക്കാൻ അണിനിരത്തപ്പെട്ട ഒരു ഉപകാരണമായിരുന്നു സോഷ്യൽ
ഡെമോക്രസി."
രണ്ടാം
ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്രത്തിന്റെ തണലിൽ
സോഷ്യൽ ഡെമോക്രസി തഴച്ച് വളർന്നു. എന്നാൽ അറുപതുകളുടെ അവസാനത്തോട് കൂടി,
കെയ്‌നീഷ്യൻ പരിഷ്‌ക്കാരങ്ങൾക്ക് മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുദ്ധ്യങ്ങൾ
പരിഹരിക്കാൻ ആവില്ല എന്ന് വ്യക്തമായപ്പോൾ സോഷ്യൽ ഡെമോക്രസിക്ക്
നിൽക്കക്കള്ളി ഇല്ലാതായി. ഈ സാഹചര്യത്തിൽ ആണ് യൂറോപ്പിലെ സോഷ്യൽ
ഡെമോക്രറ്റിക് പാർട്ടിൾ ഒന്നൊന്നായി നവലിബറലിസത്തെ പുല്കിയത്.
ഇന്ത്യയിലും
ഇതിന് സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. സ്വാതന്ത്ര്യലബ്ദി മുതൽ എൺപതുകൾ
വരെ നെഹ്രുവിയൻ സോഷ്യലിസം എന്ന പേരിൽ അറിയപ്പെട്ട ക്ഷേമരാഷ്ട്ര
സങ്കൽപ്പത്തിന്റെ തണലിൽ സിപിഎം, സിപിഐ പോലുള്ള സോഷ്യൽ ഡെമോക്രാറ്റിക്
കക്ഷികൾ വളർന്നു. എന്നാൽ നെഹ്രുവിയൻ ക്ഷേമരാഷ്ട്രത്തിന്റെ വൈരുദ്ധ്യങ്ങൾ
ഉത്പാദിപ്പിച്ച പ്രതിസന്ധികൾ മുതലെടുത്ത് കൊണ്ട് ഇന്ത്യൻ മുതലാളിവർഗ്ഗം
നവലിബറലിസത്തെ ഇവിടേക്ക് ആനയിച്ചപ്പോൾ ഈ കക്ഷികൾ വലിയ സംഭ്രമത്തിലായി.
തൊണ്ണൂറുകളിൽ മുഴുവൻ ക്ഷേമരാഷ്ട്രത്തിന്റെ തിരിച്ചു വരവിനായി ഇവർ വാദിച്ചു
കൊണ്ടേ ഇരുന്നു.
രണ്ടായിരത്തിന്റെ
വരവോടു കൂടി ക്ഷേമരാഷ്ട്രത്തിന്റെ വിയോഗം അവരുടെ യൂറോപ്യൻ
സുഹൃത്തുക്കളെപ്പോലെ തന്നെ ഇന്ത്യൻ സോഷ്യൽ ഡെമോക്രസിയും ഉൾക്കൊണ്ടു
തുടങ്ങി. അങ്ങനെ അവർ നവലിബറലിസത്തിന്റെ പാതയിലൂടെയുള്ള അവരുടെ യാത്ര
ആരംഭിച്ചു. ഇതിന്റെ ആദ്യ കാൽവെപ്പുകളാണ് നന്ദിഗ്രാം-സിംഗൂർ സംഭവങ്ങളിലേക്ക്
നയിച്ചത്. അതോടെ ബംഗാളിൽ ഇടതുപക്ഷത്തിന്റെ അവസാനമായി.
നവലിബറൽ
പക്ഷത്തേക്കുള്ള ചേക്കേറൽ ബംഗാളിൽ നടന്നത് പോലെ കേരളത്തിൽ അത്ര
എളുപ്പമായിരുന്നില്ല. വിഎസിന്റെ നേതൃത്വത്തിൽ ശക്തമായ എതിർപ്പുണ്ടായി. ഈ
കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിൽ ആണ് ഈ എതിർപ്പുകളെ വകഞ്ഞു മാറ്റി
"ഒറ്റക്കെട്ടായി" കേരളത്തിലെ സോഷ്യൽ ഡെമോക്രസി നിയോലിബറൽ പാതയിലേക്ക്
മുഴുവനായും തിരിഞ്ഞത്. ഈ ദിശയിലുള്ള കാൽവെപ്പിന്റെ പ്രധാന സൂചനകളാണ്
സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട "വികസനരേഖ"യും ഏതു വിധേനയും
നടപ്പാക്കാൻ ശ്രമിക്കുന്ന കെ-റെയിലും.
അങ്ങനെ
നോക്കുമ്പോൾ, "ആരാണ് കെ-റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്?" എന്ന
ചോദ്യത്തിന്റെ ഉത്തരം വ്യക്തമാണ്. നവലിബറൽ മുതലാളിത്തത്തിന്റെ യുക്തി
പൂർണ്ണമായും അംഗീകരിച്ച് കഴിഞ്ഞ, തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിന്റെ നേരെ എതിർ
ദിശയിൽ സഞ്ചരിക്കുന്ന, ഒരു സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രീയകക്ഷിയായ
ഇടതുപക്ഷം ആണ് ഇതിന് ഇപ്പോൾ മുതിരുന്നത്. ഇനി ഒരു പ്രധാന ചോദ്യമാണ് ബാക്കി
ഉള്ളത്. എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്?
കെ-റെയിൽ - "Accumulation by Dispossession" എന്ന നവലിബറൽ പ്രക്രിയയുടെ ഉത്തമ മാതൃക
തൊള്ളായിരത്തി
എഴുപതുകളിൽ വെൽഫെയർ മുതലാളിത്തത്തിന്റെ പ്രതിസന്ധികൾ മുതലാക്കിക്കൊണ്ടാണ്
ഒന്നാം ലോകരാജ്യങ്ങളിലെയെല്ലാം ഭരണവർഗ്ഗം നവലിബറൽ മുതലാളിത്തത്തിന് നാന്ദി
കുറിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണ് ഒരു
ക്ഷേമരാഷ്ട്രനയം പിന്തുടരാൻ ഈ രാജ്യങ്ങളിലെ ഭരണവർഗ്ഗം നിർബന്ധിതരായത്. കാൽ
നൂറ്റാണ്ട് കാലത്തെ ക്ഷേമരാഷ്ട്രനയങ്ങൾ നിർണ്ണായകമായ മേഖലകളിൽ എല്ലാം
മൂലധനത്തിന്റെ ശക്തിയും വ്യാപ്തിയും തടഞ്ഞു നിർത്തിയിരുന്നു. മാത്രമല്ല ഈ
നയങ്ങൾ ജനങ്ങൾക്ക്, പ്രത്യേകിച്ചും തൊഴിലാളികൾക്ക്, ഒരു ശക്തമായ സാമൂഹിക
സുരക്ഷാകവചം തീർക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിരുന്നു. ഈ കവചം
ഇല്ലാതാക്കിക്കൊണ്ട് സമസ്ത മേഖലകളിലേക്കും മൂലധനത്തിന്റെ കടന്നുകയറ്റം
ഉറപ്പാക്കേണ്ടത് നവലിബറൽ മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു.
തൊഴിലാളികളുടെ സംഘടിത ശക്തി തകർക്കാതെ ഇത് സാധ്യമായിരുന്നില്ല. അതുകൊണ്ടാണ്
നവലിബറൽ ഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ തൊഴിലാളികൾക്കെതിരേയും ട്രേഡ്
യൂണിയനുകൾക്കെതിരെയും വ്യാപകമായ അടിച്ചമർത്തൽ ഈ രാജ്യങ്ങളിലെ ഭരണവർഗ്ഗം
അഴിച്ചുവിട്ടത്. ബ്രിട്ടനിൽ താച്ചറും അമേരിക്കയിൽ റീഗനും, മറ്റൊരു
രാഷ്ട്രീയ സാഹചര്യത്തിൽ ചൈനയിൽ ദെങ്ങ് ഷാവോ പിങ്ങും (ഒരു പരിധി വരെ
ഇന്ത്യയിൽ രാജീവ് ഗാന്ധിയും) ആണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
നവലിബറൽ
നയങ്ങളുടെ പ്രധാന ലക്‌ഷ്യം സമസ്ത മേഖലകളിലേക്കും മൂലധനത്തിന്
കടന്നുകറയാനും അധീശത്വം ഉറപ്പിക്കാനും വേണ്ട സാഹചര്യവും സൗകര്യവും ഒരുക്കുക
എന്നതായിരുന്നു. ഇത് മുതലാളിത്തത്തിന്റെ പ്രാരംഭഘട്ടത്തിൽ അരങ്ങേറിയ,
മാർക്സ് "primitive accumulation" എന്നു വിളിച്ച, പ്രക്രിയയോട്
സാമ്യമുള്ളതായിരുന്നു. സകലത്തിന്റെയും സ്വകാര്യവൽക്കരണം, ഫിനാൻസ്
മൂലധനത്തിന്റെയും അതിനോടൊപ്പം തന്നെ വലിയ തോതിലുള്ള ഊഹക്കച്ചവടങ്ങളുടെയും
വളർച്ച, സാമ്പത്തിക രംഗത്ത് നിന്നും ഭരണകൂടങ്ങളുടെ പൂർണ്ണമായും ഉള്ള
പിന്മാറ്റം, സാമൂഹിക ചെലവുകളിൽ ഉള്ള പരമാവധി വെട്ടിച്ചുരുക്കൽ തുടങ്ങിയ
നയങ്ങളിലൂടെ നടപ്പാക്കപ്പെട്ട നവലിബറൽ പരിഷ്കാരങ്ങളെ അതുകൊണ്ടാണ് ഡേവിഡ്
ഹാർവി "accumulation by dispossession" എന്ന് വിളിച്ചത്.
Accumulation
by dispossession ന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്, അത് ജനങ്ങളുടെ ചിലവിൽ
മുതലാളിത്തത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ
ശ്രമിക്കുന്നു എന്നതാണ്. നവലിബറൽ കാലത്തെ വൻകിട പദ്ധതികളിൽ ഏതാണ്ടെല്ലാം
തന്നെ ജനങ്ങളുടെ പണം കൊണ്ട്, ജനങ്ങളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന്
ആട്ടിയോടിച്ച്, അവരുടെ ജീവിതോപാധികൾ കവർന്നെടുത്ത്,
നിർമ്മിക്കപ്പെടുന്നവയാണ്. എന്നാൽ ഇവയുടെ നേട്ടങ്ങൾ അനുഭവിക്കുന്നതാവട്ടെ
മുതലാളിവർഗ്ഗം മാത്രമാണ് താനും. ഇതിന്റെ നല്ല ഒരു ഉദാഹരണമാണ് കെ-റെയിൽ.
കെ-റെയിൽ
പൂർണ്ണമായും മുതലാളിത്തവ്യവസ്ഥക്ക് വേണ്ടിയുള്ള ഒരു പദ്ധതി ആണെന്ന് നമ്മൾ
കണ്ടതാണ്. എന്നാൽ അത് നടപ്പാക്കുന്നതാവട്ടെ ഗവൺമെന്റിന്റെ പണം
ഉപയോഗിച്ചാണ്. കടമെടുക്കുന്ന പണം തിരിച്ചടക്കേണ്ടതും ഗവൺമെന്റ് തന്നെയാണ്.
ഗവൺമെന്റിറ്റിന്റെ പക്കലുള്ള പണം എന്നത് സാമൂഹികമിച്ചതിന്റെ (social
surplus) ഒരു ഭാഗം ആണ്; മൂല്യത്തിന്റെ ഉറവിടം പ്രകൃതിയും മനുഷ്യന്റെ
അദ്ധ്വാനശേഷിയും മാത്രം ആണെന്ന മാർക്സിയൻ ആശയം പ്രകാരം ഈ
സാമൂഹികമിച്ചതിന്റെ അവകാശികൾ ജനങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാൻ
ബുദ്ധിമുട്ടില്ല. അങ്ങനെ, ജനങ്ങളുടെ അദ്ധ്വാനത്തിന്റെ മാത്രം ഫലമായ
സാമൂഹികമിച്ചം മുതലാളിവർഗ്ഗത്തിനും വ്യവസ്ഥക്കും വേണ്ടി
ചിലവാക്കപ്പെടുകയാണ് എന്നതാണ് കെ-റെയിലിനെ accumulation by dispossession
ന്റെ ഉദാഹരണം ആക്കുന്ന ഒന്നാമത്തെ ഘടകം. രണ്ടാമത്തെ ഘടകം, നല്ലൊരു വിഭാഗം
ജനങ്ങളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും, അവർ ജീവിതോപാധി കണ്ടെത്തുന്ന
സാഹചര്യങ്ങളിൽ നിന്നും കുടിയിറക്കിക്കൊണ്ടാണ് ഇത് നടപ്പാക്കാൻ
ഉദ്ദേശിക്കുന്നത് എന്നതാണ്.
അനുകൂലമായ ജനവിധി മുതലാളിത്തത്തെ സേവിക്കാനുള്ള ലൈസൻസ് ആണോ?
മുഴുവനായും
ജനങ്ങളുടെ പണവും വിഭവങ്ങളും കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി
ആണെങ്കിലും, അതിന്റെ ആസൂത്രണത്തിന്റെയോ നടപ്പാക്കലിന്റെയോ ഏതെങ്കിലും
ഘട്ടത്തിൽ ജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പാക്കാൻ യാതൊരു
ശ്രമവും ബന്ധപ്പെട്ടവർ നടത്തിയിട്ടില്ല. പകരം, നവലിബറൽ "വികസന"പദ്ധതികളുടെ
സ്ഥിരം മാതൃകയിൽ, മേലെ നിന്നും കെട്ടിയിറക്കിയ ഒരു പദ്ധതി ആണ് കെ-റെയിലും.
നമ്മുടെ കൈയ്യിലുള്ള പരിമിതമായ സാമൂഹികമിച്ചം നമ്മൾ ഇന്ന് ചിലവാക്കേണ്ടത്
സിൽവർലൈനിന് വേണ്ടിയാണ് എന്ന് തീരുമാനിച്ചത് ആരാണ്? ജനങ്ങളുടെ ആവശ്യം
എന്താണ് എന്ന് അവരോടാലോചിക്കാതെ തീരുമാനിക്കാൻ ആരാണ് ഇവർക്ക് അധികാരം
കൊടുത്തത്?
ഇതിന്
ന്യായീകരണമായി പറയുന്നത് ഈ പദ്ധതി ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ
ഉള്ളതാണെന്നും, ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധി ഈ പദ്ധതിക്കുള്ള ജനങ്ങളുടെ
പച്ചക്കൊടി ആണെന്നുമാണ്. ഈ വാദം ആനവങ്കത്തരമാണ്. അങ്ങനെയെങ്കിൽ,
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയണം എന്നതും അയോദ്ധ്യയിൽ രാമക്ഷേത്രം
പണിയണം എന്നതും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്നതും എത്രയോ
കാലങ്ങളായി ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രഖ്യാപിത ആവശ്യങ്ങളാണ്. ഇവ
ഉയർത്തിക്കാട്ടിയാണ് അവർ പല തിരഞ്ഞെടുപ്പുകളെയും നേരിടുന്നതും. അപ്പോൾ
ഫാഷിസ്റ്റ് കക്ഷികൾക്ക് അനുകൂലമായി വരുന്ന ജനവിധികൾ ഇതെല്ലാം
നടപ്പാക്കാനുള്ള ജനങ്ങളുടെ പച്ചക്കൊടി ആയി ഇടതുപക്ഷം വ്യാഖ്യാനിക്കുമോ?
അങ്ങനെയെങ്കിൽ ഇതിനെല്ലാം എതിരെ അവർ നിരന്തരം പ്രക്ഷോഭങ്ങളും
പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത് എന്തിനാണ്?
മുതലാളിത്തവ്യവസ്ഥയിൽ
നടക്കുന്ന തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള മാർക്സിസ്റ്റ്-ലെനിനിസ്റ്റ്
കാഴ്ചപ്പാടിന് നേർ വിപരീതമാണ് "ജനവിധി" ഉയർത്തിപ്പിടിച്ചുള്ള ഈ ന്യായീകരണം.
"The oppressed are allowed once every few years to decide which
particular representatives of the oppressing class shall represent and
repress them in parliament" എന്ന് മാർക്സ് പരിഹസിച്ച തെരഞ്ഞെടുപ്പ്
പ്രക്രിയയെ മുൻനിർത്തിയാണ് ഇന്ന് ഇടതുപക്ഷം ഊറ്റം കൊള്ളുന്നത് എന്നത്
കൗതുകകരമാണ്. ജനങ്ങളുടെ ഇച്ഛ പ്രതിഫലിപ്പിക്കാൻ മുതലാളിത്തവ്യവസ്ഥയിലെ
തിരഞ്ഞെടുപ്പുകൾക്ക് ആവില്ല എന്ന മാർക്സിസ്റ്റ് വാദം ലെനിൻ ഭംഗിയായി
അവതരിപ്പിക്കുന്നുണ്ട്: "We must also note that Engels is most explicit
in calling universal suffrage as well an instrument of bourgeois rule
.... The petty bourgeois democrats themselves share, and instill into
the minds of the people, the false notion that universal suffrage 'in
the present day state' is really capable of revealing the will of the
majority of the working people and of securing its resolution." സാർവത്രിക
വോട്ടവകാശം ഭൂരിപക്ഷം അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ഇച്ഛ വെളിപ്പെടുത്താൻ
ശരിക്കും പ്രാപ്തമാണെന്ന തെറ്റായ ധാരണ പെറ്റി ബൂർഷ്വാ ജനാധിപത്യവാദികൾ
പങ്കുവയ്ക്കുകയും ജനങ്ങളുടെ മനസ്സിൽ കുത്തിവയ്ക്കുകയും ചെയ്യുന്നു എന്ന
ലെനിന്റെ ആശയം ജനവിധിയും പൊക്കിപ്പിടിച്ചു കൊണ്ട് ഇടതുപക്ഷം നടത്തുന്ന
ന്യായീകരണത്തെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്.
ബിജെപിയുടെയും കോൺഗ്രസ്സിന്റെയും പൊറാട്ട് നാടകം
ജനങ്ങളുടെ
ചിലവിൽ, അവരെ അവരുടെ ജീവിതസാഹചര്യങ്ങളിൽ നിന്ന് ആട്ടിയിറക്കിക്കൊണ്ട്,
മുതലാളിവർഗ്ഗത്തിന് വേണ്ടി ഇത്തരം ഒരു പദ്ധതി യാഥാർഥ്യമാക്കാൻ
ശ്രമിക്കുമ്പോൾ ജനങ്ങളുടെ ഭാഗത്തു നിന്നും നൈസർഗ്ഗികവും വികാരപരവുമായ
പ്രതിഷേധങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ലോകത്തെല്ലായിടത്തും നവലിബറൽ
മുതലാളിത്തത്തിന് വേണ്ടിയുള്ള പദ്ധതികളെ എതിരിടുന്നത് ഇത്തരം ജനരോഷം
തന്നെയാണ്. കേരളത്തിലും കെ-റെയിൽ വിരുദ്ധസമരങ്ങളുടെ പ്രധാന ഉറവിടം ഈ
ജനരോഷമാണ്. പക്ഷെ ഈ ജനരോഷത്തെ ഹൈജാക്ക് ചെയ്ത് കൊണ്ട് കോൺഗ്രസ്സും
ബിജെപിയും നടത്തുന്ന കെ-റെയിൽ വിരുദ്ധ സമരങ്ങൾ വിലകുറഞ്ഞ രാഷ്ട്രീയ
പൊറാട്ട് നാടകം മാത്രമാണ്.
നവലിബറൽ
മുതലാളിത്തത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത് കോൺഗ്രസ്സ് ആണ്. അതിനെ
പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ട് പോകുന്നത് ബിജെപി ആണ്.
Accumulation by dispossession എന്ന നവലിബറൽ നയം ഇന്ത്യയിൽ പലയിടത്തും
ജനകീയപ്രക്ഷോഭങ്ങളെ അടിച്ചമർത്തിക്കൊണ്ട് നടപ്പാക്കുന്നത് കോൺഗ്രസ്സ് -
ബിജെപി സർക്കാരുകൾ ആണ്. ഈ രണ്ട് പാർട്ടികളും നവലിബറൽ മുതലാളിത്തത്തിന്റെയും
ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെയും ഏറാൻ മൂളികൾ മാത്രമാണ്. കെ-റെയിലിനെ
സംബന്ധിച്ചെടുത്തോളം അവരുടെ ബേജാറ് ഈ പദ്ധതിയുടെ സാക്ഷാത്കാരം
ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുമോ എന്നത്
മാത്രമാണ്. നാളെ അധികാരത്തിൽ എത്തുകയാണെങ്കിൽ ഇതിനേക്കാൾ ഭീകരമായ
അടിച്ചമർത്തലുകളുടെ ബലത്തിൽ ഇതിനേക്കാൾ വിപുലമായ മുതലാളിത്തപദ്ധതികൾ
നടപ്പാക്കാൻ ഇവർ മുൻപന്തിയിൽ ഉണ്ടാവും.
ബിജെപി
പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ഫാഷിസം, കോൺഗ്രസ്സിന്റെ ലിബറൽ
ജനാധിപത്യം, ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന സോഷ്യൽ ഡെമോക്രസി - ഇവയെല്ലാം
മുതലാളിത്തത്തിന്റെ വിവിധ രാഷ്ട്രീയ പുറം തോടുകൾ മാത്രമാണ്.
സാഹചര്യങ്ങൾക്കനുസരിച്ച് മുതലാളിത്തം തരാതരം പോലെ ഇവയെ എടുത്തണിയുന്നു
എന്നേയുള്ളൂ. നവലിബറൽ മുതലാളിത്തത്തോടുള്ള സമീപനത്തിൽ അടിസ്ഥാനപരമായി ഈ
മൂന്ന് കക്ഷികൾക്കും ഒരേ നിലപാട് തന്നെയാണ്. ജനങ്ങളുടെ ചിലവിൽ
മുതലാളിവർഗ്ഗത്തെ സേവിക്കുന്നതിൽ ആരാണ് മുൻപിൽ എന്ന മത്സരം മാത്രമാണ് ഇവർ
തമ്മിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ നടത്തുന്ന രാഷ്ട്രീയ
നിഴൽയുദ്ധങ്ങളിൽ ജനങ്ങൾ പാവകളായി മാറരുത്. മുതലാളിത്തവ്യവസ്ഥക്കും അതിന്റെ
സേവകരായ സകല വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികൾക്കും എതിരായ മുന്നേറ്റമാണ്
ജനപക്ഷത്തു നിന്നും ഉയരേണ്ടത്.
പ്രശ്നം അതിവേഗ റെയിലിനല്ല, വ്യവസ്ഥക്കാണ്!
ശാസ്ത്രസാങ്കേതിക
രംഗത്തെ മുന്നേറ്റങ്ങൾ സാദ്ധ്യമാക്കുന്ന അതിവേഗ റെയിൽ പാത അടക്കമുള്ള ഒരു
സംവിധാനവും തത്വത്തിൽ മോശമല്ല. എന്നാൽ വർഗ്ഗവൈരുദ്ധ്യങ്ങൾ മൂർച്ഛിച്ച്
നിൽക്കുന്ന ഒരു സമൂഹത്തിൽ, ഏകാധിപത്യപരമായി, ഭരണവർഗ്ഗത്തിന്റെ താല്പര്യങ്ങൾ
സംരക്ഷിക്കുന്നതിന് വേണ്ടി, ഒരു വലിയ വിഭാഗം ജനങ്ങളുടെ എതിർപ്പിനെ
തോക്കുകളുടെയും ലാത്തിയുടെയും അകമ്പടിയോടു കൂടി വകഞ്ഞു മാറ്റി ഇത്തരം
പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് അത് ജനവിരുദ്ധമായി മാറുന്നത്. ലാഭം
മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയിൽ ജനങ്ങളുടെ
മെക്കിട്ട് കേറാതെ ഒരു പദ്ധതിയും നടപ്പാക്കാൻ സാധിക്കില്ല താനും.
മുതലാളിത്തവ്യവസ്ഥക്കുള്ളിൽ സംഭവിക്കുന്ന ഓരോ പുരോഗതിക്കും ജനങ്ങളുടെ
രക്തത്തിന്റെയും മാംസത്തിന്റെയും മണമുണ്ട്. അതുകൊണ്ടാണ് മാർക്സ് "capital
comes dripping from head to toe, from every pore, with blood and dirt"
എന്ന് പറഞ്ഞത്. ജനജീവിതം സുഗമമാക്കാൻ ഉപകരിക്കുന്ന, വിമോചനസാദ്ധ്യതയുള്ള
സാങ്കേതിക മുന്നേറ്റങ്ങൾ പോലും ജനങ്ങളെ അടിച്ചമർത്താനും അവരിൽ നിന്നും ലാഭം
പിഴിയാനും ഉള്ള ഉപകരണങ്ങളായി പരിണമിക്കുന്നത് ഈ വ്യവസ്ഥയുടെ അടിസ്ഥാനപരമായ
വൈരുദ്ധ്യം കാരണമാണ്.
വ്യക്തികളെയും
ജനങ്ങളെയും, ചോരയിലൂടെയും ചെളിയിലൂടെയും ദുരിതത്തിലൂടെയും
അധഃപതനത്തിലൂടെയും വലിച്ചിഴക്കാതെ മുതലാളിത്തത്തിൽ ഒരു പുരോഗതിയും ഇതുവരെ
സാദ്ധ്യമായിട്ടില്ല എന്ന് മാർക്സ് പറഞ്ഞത് ഈ കാരണത്താൽ ആണ്. അതുകൊണ്ട്
നമ്മൾ മനസ്സിലാക്കേണ്ടത് പ്രശ്നം അതിവേഗ റെയിലിനല്ല, വ്യവസ്ഥക്കാണ്
എന്നാണ്. ഈ വ്യവസ്ഥക്കുള്ളിൽ കെ-റെയിൽ പോലുള്ള പദ്ധതികൾ മുതലാളിത്ത
ചൂഷണത്തിന്റെയും മൂലധനസഞ്ചയത്തിന്റെയും ഉപകരണങ്ങൾ മാത്രമാണ്. അവയുടെ
പുരോഗമന സാദ്ധ്യതകൾ മുതലാളിത്തത്തിനുള്ളിൽ സാക്ഷാത്കരിക്കപ്പെടില്ല. പകരം,
അവ വെറും വരേണ്യവർഗ്ഗക്കാർക്ക് മാത്രം പ്രയോജനകരമാവുന്ന ഒന്നായി ചുരുങ്ങും.
കേരളത്തിലെ അദ്ധ്വാനിക്കുന്ന ജനതയെ സംബന്ധിച്ചെടുത്തോളം കെ-റെയിൽ ഒരു കെട്ടുകാഴ്ച
മാത്രമാണ്. പക്ഷെ ഈ ജനതയുടെ ചിലവിൽ, അവരെ കുടിയിറക്കിക്കൊണ്ട്, അവരുടെ
പ്രതിഷേധങ്ങളെ അടിച്ചമർത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാൻ
ഉദ്ദേശിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം.
ലാഭാസക്തിക്ക്
പകരം മനുഷ്യനന്മ പ്രധാനലക്ഷ്യമായുള്ള ഒരു വ്യവസ്ഥയിൽ മാത്രമേ
സാങ്കേതികപുരോഗതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ
"ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ" നടപ്പാക്കപ്പെടുകയുള്ളൂ.
വർഗ്ഗവൈരുദ്ധ്യങ്ങളിൽ പെട്ടുഴയാത്ത അത്തരം ഒരു വ്യവസ്ഥയിലേ ഇവ
ജനാധിപത്യപരമായും ജനസമ്മിതിയോടു കൂടെയും ജനോപകാരപ്രദമായും
സാക്ഷാത്ക്കരിക്കാൻ ആവുകയുള്ളൂ. അതുകൊണ്ട് കെ-റെയിൽ പോലുള്ള ബൃഹദ് പദ്ധതികൾ
ജനജീവിതം സുഗമമാക്കുന്നതിന് വേണ്ടി നിലവിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ
ആദ്യം ചെയ്യേണ്ടത് അത്തരം ഒരു വ്യവസ്ഥക്ക് വേണ്ടിയുള്ള വർഗ്ഗമുന്നേറ്റത്തിൽ
പങ്കാളികൾ ആവുക എന്നതാണ്.
When you say that K-rail is meant to help the circulation of labor power from reproductive sphere to productive spheres of the economy, aren't you assuming that 'centers' of production exists in the traditional sense of the term? But whole of society is a factory now and capital has deepened and dispersed such that there is no 'time' gap for the realisation of value. Speculation binds production such that production becomes 'incidental' to profit. K-rail is about the 'promise' that production and consumption or production/reproduction gap will be reduced. This promise is that matters in this conjuncture.
ReplyDeleteRefer:
https://buildingcommoninkerala.wordpress.com/2022/03/24/k-rail-a-marxist-critique-new-strategy-for-struggle-malayalam/
This is in fact a companion article to the one which was published in 'Samakalika Malayalam' weekly last week, in which the political economic arguments are developed in more detail. Do see the artiel here: https://www.samakalikamalayalam.com/malayalam-vaarika/essays/2022/apr/17/they-are-not-using-marxism-to-support-k-rail-147011.html. You are correct in saying that 'the whole society is a factory', but this has not led to the disappearance of local production centres. For example, look at the traffic (air, rail or road) to Bangalore or Chennai from Kerala after a festive season. Such concentration is unavoidable under capitalism too. Hence, the circulation of man power (the bearer of the commodity, labour power) has become extremely important. And what I claim in the article is that projects like K-Rail have this in mind. - Bipin.
Delete