ബിപിൻ ബാലറാം
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിൽ ചില കാര്യങ്ങൾ പറയുകയുണ്ടായി."ബുധനാഴ്ച അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാരാ"ണെന്നും "രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനങ്ങളെ ഒന്നായി കണ്ടാവും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക" എന്നും "മുഴുവന്‍ ജനങ്ങളുടേയും അത്താണിയായി നിലകൊള്ളും" എന്നും അദ്ദേഹം പറഞ്ഞതായി പത്രമാധ്യമങ്ങളിൽ കാണുന്നു. "വീറും വാശിയുമെല്ലാം തിരഞ്ഞെടുപ്പോടെ കഴിഞ്ഞു ... ഇനി വേണ്ടത് നാടിന്റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാ"ണെന്നും "എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കും" എന്നും അദ്ദേഹം പറഞ്ഞതായി അറിയുന്നു. ഇത്തരം കാര്യങ്ങളെ വിശകലനം ചെയ്യുമ്പോൾ മാർക്സിൽ നിന്നും തന്നെ തുടങ്ങേണ്ടതുണ്ട്.
വർഗ്ഗസമരം എന്നത് മാർക്സിസത്തിന്റെ അടിസ്ഥാന
പരികൽപ്പനകളിൽ ഒന്നാണ്. "The history of all hitherto existing society is
the history of class struggles" എന്ന് മാർക്സ് കമ്മ്യൂണിസ്റ്റ്
മാനിഫെസ്റ്റൊവിൽ. മുതലാളിത്ത വ്യവസ്ഥിതിയുടെ കാതൽ തൊഴിലാളി വർഗ്ഗവും
ബൂർഷ്വ്വാസിയും തമ്മിലുള്ള വർഗ്ഗസമരമാണ്. ഇത് തന്നെയാണ് മുതലാളിത്തത്തെ
തച്ചുടച്ചുമുന്നേറുന്നതിനുള്ള ചാലകശക്തിയും. ഒരു മാർക്സിസ്റ്റ്
പാർട്ടിയുടെ ധർമ്മം മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുധ്യങ്ങളെ
തൊഴിലാളികൾക്ക് മുന്നിൽ തുറന്ന് കാട്ടുകയും അത് വഴി സാമാന്യ തൊഴിലാളിയെ
ഉയർന്ന വർഗ്ഗബോധത്തിലേക്ക് ഉയർത്തി വർഗ്ഗസമരത്തെ കൂടുതൽ തീവ്രമാക്കുക
എന്നതുമാണ്. കാരണം, മാർക്സിസത്തിൽ അധിഷ്ഠിതമായ ഉയർന്ന വർഗ്ഗബോധമുള്ള ഒരു
തൊഴിലാളി സമൂഹത്തിന് മാത്രമെ മുതലാളിത്തതിനെതിരെയുള്ള
വിപ്ലവമുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സാധിക്കൂ.
റഷ്യൻ ഡ്യൂമയിലെ (പാർലിമെന്റ് ) രാഷ്ട്രീയ പാർട്ടികളുടെ വർഗ്ഗപരമായ അടിസ്ഥാനം തൊഴിലാളികൾക്ക് വ്യക്തമാക്കി കൊടുക്കുന്നതിൽ ലെനിൻ പ്രത്യേകശ്രദ്ധ വെച്ചുപുലർത്തിയിരുന്നു (An attempt at a classification of the political parties of Russia, Collected Works, Vol. 11, Political parties in Russia, Collected Works, Vol. 18 എന്നീ രചനകൾ കാണുക). രാഷ്ട്രീയ പാർട്ടികളെയും സഖ്യങ്ങളെയും വർഗ്ഗാടിസ്ഥാനത്തിൽ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത ഈ രചനകൾ നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നു. കേരളത്തിലെ രാഷ്ട്രീയ സഖ്യങ്ങളെയും അവയുടെ വർഗ്ഗാഭിമുഖ്യതിന്റെ വെളിച്ചത്തിൽ മാത്രമേ കമ്മ്യൂണിസ്റ്റ്‌കാർക്ക് കാണാനാവൂ. കേരളത്തിലെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം പ്രതിനിധാനം ചെയ്തത് ചരിത്രം തിരിച്ച് നടക്കണം എന്ന് കരുതുന്ന ഫ്യൂഡൽ ആഭിമുഖ്യമുള്ള പെറ്റി ബൂർഷ്വാ വർഗ്ഗത്തെയും, കോൺഗ്രസ് സഖ്യം കൂറ് പുലർത്തിയത് ഫ്യൂഡൽ ബന്ധങ്ങളുടെ കാവൽക്കാരുമായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുന്ന പിന്തിരിപ്പൻ ബൂർഷ്വാസിയോടും ആണ്. ഈ രാഷ്ട്രീയ സഖ്യങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ "ശത്രുത"യുടെ അടിസ്ഥാനം സീറ്റുകൾക്ക് വേണ്ടി അവർ തമ്മിൽ കടിപിടി കൂടുന്നു എന്നതല്ല; അവ യാഥാസ്ഥിതിക വർഗ്ഗ താല്പ്പര്യങ്ങളെ പ്രധിനിധാനം ചെയ്യുന്നു എന്നതാണ്. അതിനാൽ തന്നെ ആ "വീറും വാശിയും" തിരഞ്ഞെടുപ്പോട് കൂടെ കഴിയുന്ന ഒന്നല്ല. ഭരണത്തിലേറിയ കമ്മ്യൂണിസ്റ്റ് പാർട്ടി "മുകളിൽ" നിന്നും വർഗ്ഗസമരം നയിക്കുമ്പോൾ ഈ ശത്രുതയും വീറും വാശിയും പതിന്മടങ്ങ് ശക്തമാവാനാണ് സാദ്ധ്യത (വിമോചനസമരകാലത്ത് നാം കണ്ടതും ഇതാണ്). എന്നാൽ, തിരഞ്ഞെടുപ്പാവുന്ന കളി കഴിഞ്ഞെന്നും, ഇനി വേണ്ടത് "വീറും വാശിയും" എല്ലാം മാറ്റി വെച്ച് "രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനങ്ങളെ ഒന്നായി" കാണുന്ന, "എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും" ഉറപ്പാക്കുന്ന, "നാടിന്റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനമാണ്" എന്നും ഒരു നിയുക്ത മുഖ്യമന്ത്രി പറയുമ്പോൾ നാം കാണുന്നത് മുതലാളിത്തത്തിന്റെ യുക്തിക്ക് പൂർണ്ണമായും കീഴ്പ്പെട്ടു കഴിഞ്ഞ, വർഗ്ഗസമരം എന്ന അജണ്ട സ്വപ്നങ്ങളിൽ പോലും സൂക്ഷിക്കാത്ത ഒരു രാഷ്ട്രീയ സഖ്യത്തെയാണ്. “The oppressed are allowed once every few years to decide which particular representatives of the oppressing class are to represent and repress them” എന്ന മാർക്സിന്റെ അഭിപ്രായത്തെ അക്ഷരം പ്രതി ഇത് ശരി വെക്കുന്നു. വർഗ്ഗസമരം എന്ന സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ യാഥാർത്ഥ്യത്തെ വെറും തിരഞ്ഞെടുപ്പ് കാലത്തെ "അഭിപ്രായവ്യത്യാസങ്ങ"ളായി ലഖൂകരിക്കുക എന്നത് ഒരു ബൂർഷ്വാ തന്ത്രമാണ്. അതിന് അടിമപ്പെടുക വഴി ഇന്ത്യൻ ഇടതുപക്ഷം ചെയ്യുന്നത് പാശ്ചാത്യ രാജ്യങ്ങളിലെ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടികൾ ദശകങ്ങൾ മുന്നേ ചെയ്തത് തന്നെയാണ് - മാർക്സിസത്തെയും വർഗ്ഗസമരത്തെയും വിപ്ലവയുക്തിയെയും കൈയ്യൊഴിഞ്ഞ് മുതലാളിത്തത്തിന്റെ "വികസനയുക്തി"യിൽ അലിഞ്ഞ് ഇല്ലാതാവുക. ഇതിനാൽ തന്നെയാണ് ബൂർഷ്വാ അടിച്ചമർതലുകൾക്കെതിരെ നൈസർഗ്ഗിഗമായി പൊട്ടിപ്പുറപ്പെടുന്ന തൊഴിലാളിവർഗ്ഗ ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം കൊടുക്കാനോ അവയെ മുതലാളിത്തവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളായി മാറ്റിയെടുക്കാനോ ഇടതുപക്ഷത്തിനു കഴിയാതെ പോവുന്നത് (മൂന്നാർ സമരവും ബാംഗ്ലൂർ സമരവും എല്ലാം "നേതൃത്വരഹിത" സമരങ്ങൾ ആയിരുന്നു എന്നോർക്കുക, ഇവ തെളിയിക്കുന്നത് ഇന്ത്യൻ തൊഴിലാളിക്ക് വർഗ്ഗബോധം കൈമോശം വന്നിട്ടില്ല എന്നാണ്). ഈ സാഹചര്യത്തിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗം ലെനിന്റെ നിർദേശം സ്വീകരിക്കുന്ന സമയം വന്നെത്തിയിരിക്കുകയാണ്: "But we are out to rebuild the world ... Yet we are afraid of our own selves. We are loth to cast off the 'dear old' soiled shirt. But it is time to cast off the soiled shirt and to put on clean linen."