Saturday, 13 December 2025

വിഎസിന്റെ അർത്ഥം

'ജനങ്ങളുടെ വെളിച്ചപ്പാടി'ന്റെ സാദ്ധ്യതകളും പരിമിതികളും 

ബിപിൻ ബാലറാം 

ചരിത്രം എങ്ങനെയാണ് വിഎസിനെ അടയാളപ്പെടുത്തുക? വിപ്ലവാഭിമുഖ്യം കൈമോശം വരാത്ത തൊഴിലാളിവർഗ്ഗ മുന്നേറ്റങ്ങൾക്ക് വിഎസ് നൽകുന്ന സന്ദേശമെന്താണ്? ഇന്ത്യൻ തൊഴിലാളിവർഗ്ഗം "വിഎസ് അനുഭവ"ത്തിൽ നിന്നും പഠിക്കുന്ന പാഠമെന്താണ്?

"പരാജയം ഭക്ഷിച്ച് ജീവിക്കുന്നയാൾ" എന്ന എം. എൻ. വിജയന്റെ വിശേഷണം വിഎസിനെ സംബന്ധിച്ചെടുത്തോളം കിറുകൃത്യമാണ്. കഴിഞ്ഞ രണ്ടര ദശകങ്ങളിലെ അദ്ദേഹത്തിന്റെ പോരാട്ടവും, അതിൽ അദ്ദേഹം നിരന്തരം ഏറ്റുവാങ്ങിയ പരാജയങ്ങളും, പരാജയങ്ങളെ ഊർജ്ജമാക്കി മാറ്റിക്കൊണ്ട് അദ്ധ്വാനിക്കുന്നവരുടെ തോളിലേറി അദ്ദേഹം നടത്തിയ തേരോട്ടങ്ങളും ആണ് വിഎസിനെ വർഗ്ഗപരമായി അടയാളപ്പെടുത്തുന്നത്.

വിഎസിന്റെ പോരാട്ടങ്ങളുടെ വർഗ്ഗപരമായ ഉള്ളടക്കം എന്തായിരുന്നു? സിപിഎമ്മിന്റെ ഔദ്യോഗിക സംവിധാനവും അതിന്റെ ഭക്തസമൂഹവും എന്നും പറഞ്ഞു പോന്നത് അവ വെറും സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ളവയാണ് എന്നാണ്. എന്നാൽ വിഎസിനെ അനുകൂലിക്കുന്നവരുടെ ഭാഷ്യം അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ പാർട്ടിയുടെ വലതുപക്ഷവൽക്കരണത്തിനും ജീർണ്ണതക്കും ഇതിന് ചുക്കാൻ പിടിക്കുന്ന പാർട്ടി നേതൃത്വത്തിനും എതിരേയുള്ളതാണ് എന്നാണ്. ഇതുതന്നെയാണ് ഏറെക്കുറെ പൊതുജനധാരണയും. 

ഈ പോരാട്ടങ്ങളെ വർഗ്ഗപരമായി സമീപിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത് സിപിഎം എന്ന പാർട്ടിയിലെ ആശയപരവും വ്യക്തിപരവും ആയ സീമകൾക്കപ്പുറത്ത് ഒരു മാനം അതിനുണ്ട് എന്നാണ്. പലപ്പോഴും വിഎസിന്റെ പോരാട്ടങ്ങൾ മൂർത്തമായ പ്രശ്നങ്ങളേയും അവയോടുള്ള പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടുകളെയും മുൻനിർത്തി ഉള്ളവയായിരുന്നെങ്കിലും അവക്കെല്ലാം ഒരു പ്രത്യയശാസ്ത്രപശ്ചാത്തലം ഉണ്ടായിരുന്നു. ഈ പശ്ചാത്തലം പാർട്ടി നേതൃത്വത്തിന്റെ സ്പഷ്ടമായി വളർന്നുവരുന്ന വലതുപക്ഷചായ്‌വ്‌ തന്നെയായിരുന്നു. ഭൂരിപക്ഷം സന്ദർഭങ്ങളിലും ഈ ചായ്‌വിനെതിരെ തന്നെയായിരുന്നു വിഎസിന്റെ പടപ്പുറപ്പാട്. 

പാർട്ടിയുടെ ബ്രാഞ്ച് മുതൽ പിബി വരെയുള്ള സകല ഘടകങ്ങളും കൈയ്യൊഴിഞ്ഞപ്പോഴും ഈ പോരാട്ടത്തിൽ വിഎസിനെ താങ്ങി നിർത്തിയത് അദ്ധ്വാനിക്കുന്ന ജനങ്ങളുടെ പിന്തുണയാണ്. തെരിവുകളിലേക്ക് ഒഴുകിയെത്തിയ ജനങ്ങളുടെ പ്രബുദ്ധതക്കും ഇച്ഛാശക്തിക്കും മുന്നിൽ സിപിഎം മേലാളന്മാർ ചില്ലുമേടകളിൽ ഇരുന്നെഴുതി തയ്യാറാക്കിയ ഉത്തരവുകൾ ഒലിച്ചുപോവുന്നത് പലതവണ കേരളം കണ്ടു. "വിഎസ് അനുഭവം" നമുക്ക് തന്ന വിലപ്പെട്ട രാഷ്ട്രീയ വിദ്യാഭാസങ്ങളിൽ ഒന്നാണ്  ഇത്.

എന്നാൽ സിപിഎമ്മിന്റെ "വലതുപക്ഷവ്യതിയാനം" രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായിവന്ന ഒരു പ്രതിഭാസം അല്ല. അത് അരനൂറ്റാണ്ടായി നടന്നുവന്ന ഒരു രാഷ്ട്രീയപ്രക്രിയയുടെ അനന്തരഫലം മാത്രമാണ്. ഈ പ്രക്രിയയുടെ നാൾവഴികളെക്കുറിച്ചും അതിന്റെ വർഗ്ഗപരമായ കാരണങ്ങളെക്കുറിച്ചും വിശദമായി മറ്റ്‌ ലേഖനങ്ങളിൽ ചർച്ച ചെയ്തത് കൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല (ഉദാഹരണത്തിന് "വികസവിരുദ്ധതയിൽ നിന്നും വികസനാസക്തിയിലേക്ക് - ഇടതുപക്ഷപരിണാമത്തിന്റെ വർഗ്ഗയുക്തി" എന്ന ലേഖനം കാണുക: https://revolutionaryspring.blogspot.com/2022/12/blog-post.html). 

വിപ്ലവോന്മുഖമായ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും വ്യവസ്ഥയുടെ ഭാഗമായ സോഷ്യൽ ഡെമോക്രസിയിലേക്കുള്ള സിപിഎമ്മിന്റെ അധഃപതനത്തിന്റെ  പ്രത്യക്ഷലക്ഷണങ്ങൾ മാത്രമായിരുന്നു നയവ്യതിയാനങ്ങൾ. ഈ അധഃപതനം സംഭവിക്കുന്നത് വിഎസ് കൂടെ ആ പാർട്ടിയുടെ സംസ്ഥാന-കേന്ദ്ര ഘടകങ്ങളിൽ നേതൃസ്ഥാനങ്ങൾ അടക്കം വഹിച്ചിരുന്ന കാലയളവിൽ ആണ് താനും. അതുകൊണ്ട് തന്നെ ഈ അധഃപതനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും അദ്ദേഹത്തിന് ഒഴിഞ്ഞു മാറാൻ ആവില്ല. 

എന്നാൽ ഈ അധഃപതനത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ പാർട്ടിയും അതിന്റെ നേതാക്കന്മാരും കാണിച്ച് തുടങ്ങുന്നത് തൊണ്ണൂറുകളുടെ അവസാനത്തോട് കൂടി ആണ്. ഇതിന് കാരണം ഉണ്ട് താനും. എൺപതുകളുടെ തുടക്കം മുതൽ തന്നെ ഇന്ത്യൻ ഭരണവർഗം ക്ഷേമരാഷ്ട്ര സമീപനം കൈയൊഴിഞ്ഞ് കഴുത്തറപ്പൻ മുതലാളിത്തത്തെ പുൽകി കഴിഞ്ഞിരുന്നു. തൊണ്ണൂറിലെ റാവു-മൻമോഹൻ-മൊൺടേക് സിംഗ് ത്രയത്തിന്റെ പരിഷ്‌കാരങ്ങൾ അത് പൂർണ്ണമാക്കി. അതോടെ  സിപിഎം പോലുള്ള, ക്ഷേമരാഷ്ട്രത്തിൽ ഊന്നിയ,  സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളുടെ അസ്തിത്വം തന്നെ അവതാളത്തിലായി.

ആദ്യഘട്ടത്തിൽ ക്ഷേമരാഷ്ട്രഘടനയെ സംരക്ഷിക്കാൻ സിപിഎം ഉൾപ്പെടുന്ന ഇടതുപക്ഷം ശ്രമിച്ച് നോക്കി. എന്നാൽ ഇന്ത്യൻ ഭരണവർഗം ഈ ശ്രമങ്ങൾക്ക് പല്ലുവില കല്പിച്ചില്ല. ഇന്ത്യ ദിനംപ്രതി നവലിബറൽ മുതലാളിത്തത്തിലേക്ക് നിപതിച്ചുകൊണ്ടിരുന്നു. ഈ അവസ്ഥയിൽ സിപിഎമ്മിന് തങ്ങൾ രാഷ്ട്രീയമായി അപ്രസക്തമാവുന്നത് തടയാൻ രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ. 

ഒന്ന്, നഷ്ടപ്പെട്ട വിപ്ലവോന്മുഖത തിരിച്ചുപിടിക്കുക. നയങ്ങളിലും, ദൈനംദിന പ്രവർത്തനങ്ങളിലും, നേതാക്കന്മാരുടെയും അണികളുടെയും ലോകവീക്ഷണത്തിൽ പോലും മുതലാളിത്ത വിരുദ്ധതയുടെ കണിക പോലും അവശേഷിപ്പില്ലായിരുന്നതിനാൽ അത്തരം ഒരു തിരിച്ചു പോക്ക് അസംഭവ്യമായിരുന്നു.

രണ്ട്, ഒരൽപം ഒളിവും മറയോടും കൂടി ആണെങ്കിലും നവലിബറലിസത്തെ പുൽകുക. ലോകത്തെ സകല സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളും സ്വീകരിച്ച വഴി ഇതാണ്. സിപിഎമ്മും ആ പ്രവണത തെറ്റിച്ചില്ല.

ദശകങ്ങളായുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയവും നേതാക്കന്മാരിൽ ഭൂരിഭാഗവും വ്യവസ്ഥയുടെ ഗുണഭോക്തരായിരിക്കുന്ന അവസ്ഥയും സംഘടനാപരവും വ്യക്തിപരമാവും ആയ ജീർണതകൾ സിപിഎമ്മിൽ ഉൽപ്പാദിപ്പിച്ചിരുന്നു. ഒളിഞ്ഞും മറഞ്ഞുമാണെങ്കിലും നവലിബറൽ മുതലാളിത്തത്തെ പുല്കിയതിൽ പിന്നെ കുപ്പിയിൽ അടച്ചിരുന്ന ജീർണ്ണതയുടെ ഭൂതങ്ങൾ പുറത്തു വന്നു തുടങ്ങി. നയസമീപനങ്ങളിലും വ്യക്തിതലത്തിലും വലതുപക്ഷപ്രതിപത്തി പ്രത്യക്ഷത്തിൽ വെളിവായി.

വലതുപക്ഷചായ്‌വിന്റെയും ജീർണ്ണതയുടെയും ഈ പ്രത്യക്ഷ ലക്ഷണങ്ങൾക്കെതിരെ ആയിരുന്നു വിഎസിന്റെ കലാപം. സിപിഎമ്മിന്റെ ഭാഗമായി നിന്നുകൊണ്ട് അദ്ദേഹത്തിന് പരമാവധി അത് മാത്രമേ ചെയ്യാനാവുമായിരുന്നുള്ളൂ. ഈ വലതുപക്ഷവൽക്കരണത്തിന്റെ വർഗ്ഗപരമായ കാരണം എന്താണ് എന്ന അന്വേഷണത്തിലേക്ക് പോകുവാൻ അദ്ദേഹത്തിനോ കൂടെയുള്ളവർക്കോ സാധിക്കുമായിരുന്നില്ല. അത്തരം അന്വേഷണങ്ങൾ ചെന്നവസാനിക്കുക അദ്ദേഹം കൂടെ ഉത്തരവാദിയായ സിപിഎമ്മിന്റെ സോഷ്യൽ ഡെമോക്രസിയിലേക്കുള്ള പരിണാമത്തിൽ ആണ്! 

പ്രത്യക്ഷമായിക്കൊണ്ടിരുന്ന സിപിഎമ്മിന്റെ വലതുപക്ഷചായ്‌വിനെതിരെ ആദ്യം കലഹിച്ചത് പാർട്ടിയുമായി ബന്ധപ്പെട്ട് നിന്ന സാംസ്കാരികസമൂഹമാണ്. ഈ കലഹത്തിന്റെ അമരസ്ഥാനത്തേക്ക് പെട്ടെന്ന് തന്നെ എം. എൻ. വിജയൻ ഉയർത്തപ്പെട്ടു. ഈ കലഹം പാർട്ടിക്കകത്തെ രാഷ്ട്രീയ കലാപമായി രൂപാന്തരം പ്രാപിച്ചപ്പോൾ അതിന്റെ നേതൃത്വം വിഎസ് ഏറ്റെടുത്തു.

എന്ത് കൊണ്ട് വിഎസ് എന്നത് കൃത്യമായ ഉത്തരം സാധ്യമല്ലാത്ത ചോദ്യമാണ്. സൈദ്ധാന്തികമായ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, ദൈനംദിന പ്രവർത്തനങ്ങളിലും സത്യസന്ധതയിലും പണിയെടുക്കുന്ന ജനങ്ങളോടുള്ള കൂറിലും പാർട്ടി കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ മുറുക്കെപ്പിടിച്ച ഒരു കാലത്തിന്റെ പ്രതിനിധി ആണ് വിഎസ്. സമരോൽസുകമായ ആ കാലത്തിന്റെ വീറ് ഭരണവർഗ്ഗവുമായി അത്ര എളുപ്പത്തിൽ രാജിയാവാൻ അദ്ദേഹത്തെ അനുവദിച്ച് കാണില്ല.

എന്തായാലും ഇത് നയിച്ചത് നവലിബറലിസത്തെ പുൽകാൻ വെമ്പുന്ന സിപിഎമ്മിൽ വിഎസ് പക്ഷം എന്ന പേരിൽ ഒരു 'ഇടത് ചേരി'യുടെ രൂപീകരണത്തിലേക്കാണ്. കാലക്രമേണ ഈ 'ചേരി' വിഎസ് എന്ന ഒറ്റയാൾപട്ടാളമായി ചുരുങ്ങി എന്നത് ശരി തന്നെ. എങ്കിലും സിപിഎമ്മിന്റെ വലതുപക്ഷ പ്രതിപത്തിയുടെ ഓരോ ഘട്ടത്തിലും പാർട്ടിയിൽ അതിനെ എതിർക്കാനും ജനസമക്ഷം അതിനെ തുറന്ന് കാണിക്കാനും വിഎസിനായി. ഇത് പാർട്ടി നേതൃത്വത്തിന് ഉണ്ടാക്കിയ തലവേദന ചെറുതല്ല.

'വിഭാഗീയത'യും 'അച്ചടക്കലംഘന'വും ആരോപിച്ച് ഈ ഇടതുചേരിയെ നേതൃത്വം പെട്ടെന്ന് തന്നെ നിർവീര്യമാക്കിയെങ്കിലും വിഎസിന് കൂച്ചുവിലങ്ങിടാൻ അവർക്കായില്ല. ഇതിന് കാരണം വിഎസിനെ താങ്ങി നിർത്തിയത് ജനങ്ങളാണ് എന്നതാണ്. 

"ജനങ്ങളുടെ വെളിച്ചപ്പാട്" എന്ന വിജയൻ മാഷിന്റെ പ്രയോഗം ഇവിടെയാണ് അന്വർത്ഥമാവുന്നത്. ഈ പോരാട്ടത്തിൽ വിഎസിന്റെ വ്യക്തിപരമായ പ്രചോദനങ്ങൾ എന്തൊക്കെയാണ് എന്നത് അപ്രസക്തമാണ്. കാരണം അദ്ദേഹം വളരെ വേഗം തന്നെ ജനങ്ങളുടെ വെളിച്ചപ്പാടായി മാറുകയായിരുന്നു. തങ്ങളുടെ ഏക ആശ്രയമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭരണവർഗ്ഗത്തിന്റെ തിണ്ണനിരങ്ങുന്ന ഒരു പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നതിലുള്ള രോഷവും പ്രതിഷേധവും സങ്കടവും അവർ വിഎസിലൂടെ പ്രകടിപ്പിച്ചു.

അതുകൊണ്ടാണ് സിപിഎം ദുഷ്പ്രഭുത്വം വിഎസിന് മുന്നിൽ വീണ്ടും വീണ്ടും മുട്ടുമടക്കിയത്. 

വെളിച്ചപ്പാട് എന്ന രൂപകം വിഎസിന് ഇണങ്ങുന്നത് അതിന്റെ എല്ലാ ശക്തിയും ദൗർബല്യവും അദ്ദേഹത്തിൽ സമ്മേളിക്കുന്നത് കൊണ്ടാണ്. അദ്ദേഹത്തിന് ജനങ്ങൾക്ക് വേണ്ടി ഉറഞ്ഞു തുള്ളുവാൻ ആയി, അവരെ വന്നുകൊണ്ടിരിക്കുന്ന വിപത്തിനെ പറ്റി അറിയിക്കുവാൻ ആയി, അതിനെതിരെ ചില സന്ദർഭങ്ങളിൽ എങ്കിലും അവരെ അണിനിരത്തുവാൻ ആയി. എന്നാൽ ഈ വിപത്തിന്റെ കാരണമെന്ത് എന്ന ചോദ്യം, അതിന് പരിഹാരമെന്ത് എന്ന സമസ്യ, വെളിച്ചപ്പാടിന്റെ സാധ്യതകൾക്കപ്പുറമാണ്.

ചികിത്സ ലക്ഷണങ്ങൾക്കല്ല രോഗത്തിനാണ് വേണ്ടത് എന്നത് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനകൽപ്പനയാണ്. വിഎസ് വെളിച്ചപ്പെട്ടത് ലക്ഷണങ്ങൾക്കെതിരെ മാത്രമാണ്. രോഗം അദ്ദേഹം കരുതിയതിലും കലശലാണ്. വലതുപക്ഷവ്യതിയാനം വെറും ലക്ഷണം മാത്രമാണ്, രോഗം സോഷ്യൽ ഡെമോക്രസി ആണ്. അതിന്റെ കാരണം മുതലാളിത്ത വ്യവസ്ഥ തന്നെയാണ്. 

യഥാർത്ഥത്തിൽ പോരാട്ടം സോഷ്യൽ ഡെമോക്രസിയുടെ വലതുപക്ഷപ്രതിപത്തിക്കെതിരെ അല്ല വേണ്ടത്, ഈ പ്രതിപത്തി സ്വാഭാവികമാണ്. പോരാട്ടം വ്യവസ്ഥയുടെ ഭാഗമായി മാറിക്കഴിഞ്ഞ, അതിന്റെ നിലനിൽപ്പിനായി പ്രവർത്തിക്കുന്ന സോഷ്യൽ ഡെമോക്രസിക്കെതിരെ തന്നെയാണ്. ഈ പോരാട്ടം വിഎസിന്റെ പരിധിക്കപ്പുറത്താണ്, കാരണം അദ്ദേഹം, കലാപം ഉയർത്തുമ്പോഴും, സോഷ്യൽ ഡെമോക്രസിയുടെ ഭാഗമാണ്. 

സോഷ്യൽ ഡെമോക്രസിയെ അകത്തുനിന്നു ശുദ്ധീകരിക്കാം എന്നത് വിഎസിന്റെ കലാപം ഉൽപ്പാദിപ്പിച്ച ഒരു വ്യാമോഹമാണ്. അദ്ദേഹത്തിന്റെ പരാജയം ഈ സത്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. 

വിഎസ് തൊഴിലാളിവർഗ്ഗത്തിന് തരുന്ന ഏറ്റവും വിലയേറിയ പാഠം അദ്ദേഹത്തിന്റെ പരാജയങ്ങൾ തന്നെയാണ്. സിപിഎമ്മിന്റെ സോഷ്യൽ ഡെമോക്രസിയിലേക്കുള്ള പരിണാമത്തിന് വിഎസ് കൂടെ പങ്കാളിയും ഉത്തരവാദിയും ആണ്. എന്നാൽ ഈ പരിണാമത്തിന്റെ പ്രത്യക്ഷ ഫലങ്ങൾക്കെതിരെ "ജനങ്ങളുടെ വെളിച്ചപ്പാടാ"യി അദ്ദേഹം കലാപം നയിച്ചു. ഈ കലാപത്തെ പൂർണ്ണമായുംഅടിച്ചമർത്തിക്കൊണ്ട് സിപിഎം ഒരു 916 ഭരണവർഗ്ഗ പാർട്ടിയിലേക്കുള്ള തങ്ങളുടെ പരിണാമം പൂർത്തിയാക്കി.

എങ്കിലും ഈ കലാപത്തെയും അത് തരുന്ന രാഷ്ട്രീയ പാഠങ്ങളെയും പാടേ അവഗണിക്കാനുള്ള പ്രവണത ചില "ബാലിശ വിപ്ലവ" കേന്ദ്രങ്ങളിൽ (ലെനിന്റെ പ്രയോഗം) പ്രകടമാണ്. ഒരു സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയിൽ നടന്ന കലാപത്തിൽ നിന്നോ അത് നയിച്ച ആളിൽ നിന്നോ മാർക്സിസ്റ്റുകാർക്ക് ഒന്നും പഠിക്കാനില്ല എന്ന നിഷേധാത്മക നിലപാട് വിപ്ലവം മുകളിൽ നിന്നും ഇറക്കുമതി ചെയ്യാം എന്ന വിശ്വാസം വെച്ച് പുലർത്തുന്നവർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ.

വിപ്ലവകർതൃത്വം തൊഴിലെടുക്കുന്ന ജനങ്ങളിൽ ആണ് എന്ന് കരുതുന്നവർക്ക് 'വിഎസ് അനുഭവം' ഒരു വിലപ്പെട്ട പാഠമാണ്. ഭരണമേലാളന്മാർക്കെതിരെ അദ്ധ്വാനിക്കുന്നവരുടെ ഭാഗത്ത് നിന്ന് പടനയിക്കാൻ സന്നദ്ധത കാണിക്കുന്നവർക്ക് കവചമൊരുക്കാൻ തെരിവുകളിലേക്ക് മലവെള്ളം പോലെ ഒഴുകിവരാൻ സന്നദ്ധമായ ഒരു ജനത ഇന്നും ഇന്നാട്ടിൽ ഉണ്ട് എന്നത് വിപ്ലവപോരാട്ടങ്ങൾക്ക് ആവേശം പകരേണ്ടതാണ്. 

വിഎസിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ പരിമിതികളെ നിർദാക്ഷിണ്യം തുറന്നു കാണിക്കുക, "വിഎസ് അനുഭവ"ത്തിൽ കേരളം കണ്ട ജനജാഗ്രതയുടെ സാദ്ധ്യതകളെ മാർക്സിസ്റ്റ് തലത്തിലേക്ക് ഉയർത്തുക - ഇതാണ് വിഎസിന്റെ പരാജയങ്ങൾ നൽകുന്ന വർഗ്ഗപാഠം.