Friday, 1 April 2016

"LDF വരും, എല്ലാം ശരിയാകും."

ബിപിൻ ബാലറാം


ഇന്നത്തെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സ്വഭാവം ഇതിനെക്കാൾ നന്നായി പ്രതിഫലിപ്പിക്കാൻ ഉതകുന്ന ഒരു വാക്യം വേറെ ഇല്ല. ഞങ്ങളെ പോലെയുള്ള 'പഴഞ്ചൻ' ആളുകൾ മാർക്സിലൂടെയും ലെനിനിലൂടെയും മനസ്സിലാക്കി വെച്ചിരുന്നത് തൊഴിലാളിവർഗ്ഗ വിപ്ലവത്തിലൂടെ സ്ഥാപിക്കപ്പെടുന്ന തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും അതേത്തുടർന്ന് വരുന്ന വർഗ്ഗരഹിത കമ്മ്യൂണിസ്റ്റ്‌ സമൂഹവും ആണ് 'എല്ലാം ശരിയാക്കുക' എന്നായിരുന്നു. എന്നാൽ, ഈ ഇലക്ഷൻ കാലത്ത് നമ്മളറിയുന്നു ഇതിന്റെയൊന്നും ആവശ്യമില്ല എന്ന്. എൽ ഡി എഫ് അധികാരത്തിൽ വന്നാൽ മാത്രം മതി, എല്ലാം ശരിയാവും. അപ്പോൾ നാം ഇന്ന് കാണുന്ന പ്രശ്നങ്ങൾ എല്ലാം മോശം ഭരണത്തിന്റെ സൃഷ്ടികളാണ്. ഒരു ബൂർഷ്വാ മുതലാളിത്ത വ്യവസ്ഥക്കകത്ത് പാർലിമെന്ററി മാർഗ്ഗങ്ങളിലൂടെ അർത്ഥവത്തും സ്ഥായിയുമായ ഒരു മാറ്റവും സാദ്ധ്യമല്ല എന്ന പ്രാഥമിക മാർക്സിസ്റ്റു പാഠമാണ് ഈ വാക്യം ചോദ്യം ചെയ്യുന്നത്. പാർലിമെന്ററി മാർഗ്ഗത്തിലൂടെ ഘട്ടം ഘടമായി സ്വർഗ്ഗരാജ്യം കൊണ്ടുവരാം എന്ന റിഫോർമിസ്റ്റ് ചിന്തയുടെ ഏറ്റവും തരം താണ ആവിഷ്കരണമാണ് ഇത്. ബംഗാളിലെ കോൺഗ്രസ്സുമായുള്ള നീക്കുപോക്കും, തമിഴ്‌നാട്ടിലെ വിജയകാന്ത് മുന്നണിയും, കേരളത്തിലെ 'എല്ലാം ശരിയാക്കലും' ഒത്തു ചേരുമ്പോൾ ഇടതുപക്ഷത്തിന്റെ പതനം പൂർണ്ണമാവുകയാണ്.

ആര് എങ്ങനെ ഭരിച്ചാലും, മുതലാളിത്തം നിലനില്ക്കുവോളം അതിന്റെ ആന്തരികവൈരുധ്യങ്ങളാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾ ഒന്നിന് പിറകെ ഒന്നായി അധ്വാനിക്കുന്നവന്റെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടേയിരിക്കും. ഒന്നും ശരിയാവില്ല എന്ന് മാത്രമല്ല കാര്യങ്ങൾ ദിനം പ്രതി വഷളാവും. സാധാരണഗതിയിൽ ഇത്തരം പ്രതിസന്ധികൾ വിപ്ലവപോരാട്ടങ്ങൾക്ക് ഇന്ധനം പകരേണ്ടതാണ്. എന്നാൽ 'എല്ലാം ശരിയാവും' എന്ന മുദ്രാവാക്യത്തിൽ അധികാരത്തിലേറിയ ഇടതുപക്ഷത്തിന് അതിന് ശേഷം മുതലാളിത്തം ഉൽപ്പാദിപ്പിക്കുന്ന സകല പ്രതിസന്ധികളുടേയും പിതൃത്വം ഏറ്റെടുക്കേണ്ടതായി വരും. സ്വാഭാവികമായും ഇത് ബഹുജനങ്ങളെ കൊണ്ടെത്തിക്കുന്നത് ഫാഷിസത്തിന്റെ മടിത്തട്ടിലേക്കാണ്. പാർലിമെന്ററി വ്യാമോഹങ്ങൾക്ക് മേൽ പടുത്തുയർത്തുന്ന ഏതൊരു തിരഞ്ഞെടുപ്പ് വിജയത്തിന്റെയും പരിണിത ഫലം സമൂഹത്തിന്റെ തീവ്ര വലതുപക്ഷവല്ക്കരണമാണ്. ഒന്നാം ലോക മഹായുദ്ധ കാലത്തും അതിന് ശേഷവും ജർമൻ ഇടതുപക്ഷത്തിന്റെ പെറ്റിബൂർഷ്വാ-റിഫോർമിസ്റ്റ് രാഷ്ട്രീയം എങ്ങനെയാണ് ഫാഷിസത്തിന് വളമേകിയത് എന്നത് നമുക്ക് പാഠമാണ് (Lenin, The Collapse of the Second International, Chris Harman, The Lost Revolution എന്നീ പഠനങ്ങൾ വായിക്കാൻ അപേക്ഷ).

ലോകമുതലാളിത്തം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുകയും ദിനം പ്രതി മാർക്സിന്റെ വിപ്ലവാശയങ്ങളുടെ പ്രാധാന്യം വർദ്ധിക്കുകയും ചെയ്യുന്ന വേളയിലാണ് മാർക്സിസ്റ്റു എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാം ശരിയാവും എന്ന് അവകാശപ്പെടുന്നത് എന്നത് ചരിത്രത്തിന്റെ ഒരു വിരോധാഭാസമാണ്. മുതലാളിത്തത്തിന്റെ രാഷ്ട്രീയമുഖമായ പാർലിമെന്ററി ജനാധിപത്യം അതിന്റെ ഏറ്റവും ജീർണിച്ച അവസ്ഥയിൽ ആണ് ഇന്ന്. ഈ അവസ്ഥയിൽ ഒരു മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് വിപ്ലവപ്രസ്ഥാനം ബൂർഷ്വാ തിരഞ്ഞെടുപ്പുകളെ എന്ത് അടിസ്ഥാനത്തിലാണ് സമീപിക്കേണ്ടത്? ഇതിന് നാം ലെനിനിനെ തന്നെ വായിക്കേണ്ടതുണ്ട്:

"The Social-Democratic Party needs a platform for the elections ... in order once more to explain to the masses—in connection with the elections, on the occasion of the elections, and in debates on the elections—the need for, and the urgency and inevitability of, the revolution. ...The Social-Democratic Party wants to use the elections in order again to drive home to the masses the idea of the need for revolution, and the fact of the revolutionary up swing which has begun. That is why the Social-Democratic Party, in its platform, says briefly and plainly to those voting in the elections ... not constitutional reforms, but a republic, not reformism, but revolution."