ജാതിവെറി ഉത്തരേന്ത്യക്കാരുടെ കുത്തകയല്ല - പരിഹാരം വർഗ്ഗസമരം മാത്രമാണ്
ബിപിൻ ബാലറാം
സാമൂഹിക-സാമ്പത്തിക
പ്രശ്‌നങ്ങൾക്കെല്ലാം കാരണം മോശം ഭരണമാണ് എന്നത് ഒരു മാർക്സിസ്റ്റ്
ആശയമല്ല. "ജനപക്ഷ"ത്തുള്ളവർ ഭരിച്ചാൽ "എല്ലാം ശരിയാവും" എന്ന വാദത്തിന്
മാർക്സിസവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെയാണ് സോഷ്യൽ ഡെമോക്രസിയുടെ
ഈ മുദ്രാവാക്യത്തെ, അത് രണ്ട് വർഷം മുന്നേ ഉയർത്തിയപ്പോൾ തന്നെ, തുറന്ന്
കാണിക്കാൻ നിർബന്ധിതനായത് (LDF വരും, എല്ലാം ശരിയാവും).
ഭ്രാന്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പ് ഇത് ശരിവെക്കുന്നു. ജാതിവെറി
ഉത്തരേന്ത്യക്കാരുടെ കുത്തകയല്ല എന്ന് കേരളം തെളിയിച്ചിരിക്കുന്നു
(തമിഴ്‌നാട് അത് രണ്ട് വർഷം മുന്നേ തെളിയിച്ചതാണ്). മോശം ഭരണം
പ്രശ്നങ്ങളുടെ തോത് വർധിപ്പിക്കും എന്നതിൽ തർക്കമില്ല. എന്നാൽ
പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഭരണമല്ല, നിലനിൽക്കുന്ന ഉൽപ്പാദന വ്യവസ്ഥയുടെ
ആന്തരിക വൈരുദ്ധ്യങ്ങൾ തന്നെ ആണ്. കേരളത്തിൽ ജാതിയുടെ ആസുരമായ രണ്ടാം
വരവിന് കാരണം മുതലാളിത്ത പ്രതിസന്ധി ഉൽപ്പാദിപ്പിക്കുന്ന
സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീർണ്ണത ആണ്. ഈ ജീർണ്ണത നല്ല ഭരണം കൊണ്ട്
ശരിയാക്കാം എന്ന് പറയുന്നത് ജനങ്ങളോട്, പ്രത്യേകിച്ച് തൊഴിലാളി
വർഗ്ഗത്തോട്, ചെയ്യുന്ന വഞ്ചനയാണ്. മാർക്സ് തന്നെയാണ് ശരി, നിലനിൽക്കുന്ന
സാമൂഹിക ക്രമം വേരോടെ പിഴുതെറിയാതെ ഈ ജീർണ്ണതയിൽ നിന്നും മുക്തിയില്ല.
ഭരണം
മാറിയാൽ സമൂഹം നന്നാവും എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് വഞ്ചന
ആണെങ്കിൽ, ഭരണം മാറിയാൽ പോലീസ് നന്നാവും എന്ന് പറയുന്നത് ഒന്നാന്തരം
തമാശയാണ്. ദൈവം നേരിട്ട് ഭരിച്ചാലും പോലീസ് നന്നാവില്ല എന്നത്
വഴിവാണിഭക്കാർക്ക് പോലും അറിയാവുന്ന കാര്യമാണ്. ഭരണകൂടവും ഭരണവും
തമ്മിലുള്ള അന്തരം മനസ്സിലാക്കാത്തവരാണ് ഈ തമാശയുടെ മുഖ്യപ്രചാരകർ (പോലീസിനെ തളക്കുന്നതെങ്ങനെ?).
മാർക്സിസത്തെ പണ്ടേ കൈയ്യൊഴിഞ്ഞ സോഷ്യൽ ഡെമോക്രസി ഈ തമാശയുടെ പ്രചാരകർ
മാത്രമല്ല, വിശ്വാസികൾ കൂടെ ആണ്. അതുകൊണ്ട് തന്നെയാണ് ഭരണം മാറിയിട്ടും
പോലീസ് അതിന്റെ വർഗ്ഗസ്വഭാവം മാറ്റാൻ തയ്യാറാവാത്തപ്പോൾ, പൊലീസിലെ
തല്ലിപ്പൊളികളാണ് ഇതിനൊക്കെ കാരണം എന്ന് ആദ്യവും, പോലീസിന്റെ പണി പോലീസ്
ചെയ്യാത്തതിന് മന്ത്രിയെ കുറ്റം പറയരുതെന്ന് പിന്നെയും പറഞ്ഞു തടിയൂരേണ്ടി
വരുന്നത്. പോലീസിനെ ന്യായീകരിക്കേണ്ടി വരുന്ന "ഇടതുപക്ഷ"ക്കാരനെക്കാൾ
സഹതാപം അർഹിക്കുന്ന മറ്റെന്തുണ്ട്!
മനുഷ്യ ചരിത്രത്തിൽ
ഒരിക്കലും ഇല്ലാത്ത തോതിൽ സാമ്പത്തികവും സാമൂഹികവും വ്യക്തിപരവും ലൈംഗികവും
ആയ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഒരു സമൂഹം, കാലിനടിയിലെ മണ്ണ് ഒലിച്ചു
പോവുമ്പോൾ ചരിത്രത്തിന്റെ അവശിഷ്ടങ്ങളായ ജാതിയിലും മതത്തിലും ദേശത്തിലും
വംശത്തിലും അഭയം കണ്ടെത്തുന്ന കാഴ്ചയാണ് ഇന്ന് ലോകമെമ്പാടും കാണുന്നത്.
അതിനെ "നല്ല ഭരണം" കൊണ്ട് കേരളത്തിൽ മാത്രമായി തടഞ്ഞു നിർത്താൻ പറ്റും
എന്ന് പറയുന്നത് മൂഢത്തരമാണ്. ഈ അരക്ഷിതാവസ്ഥക്ക് കാരണം ദിനം പ്രതി
ജീർണ്ണിക്കുന്ന മുതലാളിത്ത വ്യവസ്ഥയാണ്, അഭയം തൊഴിലാളിവർഗ്ഗ രാഷ്ട്രീയമാണ്,
പരിഹാരം ഈ വ്യവസ്ഥ തച്ചുടക്കുക എന്നത് മാത്രവും. മറ്റു "ജനപക്ഷ" പരിഹാര
ക്രിയകളിലും ചാത്തൻ സേവകളിലും വിശ്വസിക്കുന്നവർക്ക് ചരിത്രം
കാത്തുവെക്കുന്നത് കൊടിയ ആശാഭംഗമാണ് (20 കളിലെ ജർമ്മനി പോലെ, ബംഗാൾ പോലെ,
ത്രിപുര പോലെ).
No comments:
Post a Comment