Friday, 7 April 2017

പോലീസിനെ തളയ്ക്കുന്നതെങ്ങനെ

ബിപിന്‍ ബാലറാം

 

ആഭ്യന്തരവകുപ്പും സര്‍ക്കാരും പോലീസിനെ കര്‍ക്കശമായി ‘നിയന്ത്രിക്കണ’മെന്നും സര്‍ക്കാറിന്‍റെ പോലീസ് നയത്തിന് അനുസൃതമായി പെരുമാറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും ഉള്ള വാദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇവ പോലീസിന്‍റെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നും ഉടലെടുക്കുന്നവയാണ്. പോലീസ് എന്നും എല്ലായിടത്തും ഭരണവര്‍ഗ്ഗത്തിന്‍റെ ഒരു മര്‍ദ്ദനോപാധിയാണ്. ഭരണവര്‍ഗ്ഗത്തിന്‍റെ അധികാരത്തെ ഏതുവിധേനയും സുഭദ്രമാക്കുക എന്നതാണ് പോലീസിന്‍റെ യഥാര്‍ത്ഥ കടമ. ഭരണവര്‍ഗ്ഗപ്രാബല്യത്തിനെതിരെ ഉയരുന്ന ഏതൊരു ശബ്ദവും, അത് എത്ര ചെറുതാണെങ്കില്‍ കൂടി, ചവിട്ടിയരക്കുക എന്നത് ഒരു വര്‍ഗ്ഗസമൂഹത്തില്‍ പോലീസിന്‍റെ കര്‍ത്തവ്യമാണ്. അങ്ങനെയെങ്കില്‍ ഉയര്‍ന്നേക്കാവുന്ന ചോദ്യമിതാണ്: കേരളം ഇന്ന് ഭരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിയാണ്, അപ്പോള്‍ ഭരണവര്‍ഗ്ഗം തൊഴിലാളിവര്‍ഗ്ഗമല്ലേ? അങ്ങനയെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷികുകയല്ലേ പോലീസിന്‍റെ കടമ? (ഭരിക്കുന്ന പാര്‍ട്ടിയും കമ്മ്യൂണിസവുമായി വല്ല ബന്ധവുമുണ്ടോ എന്ന പ്രധാനചോദ്യം ഉണ്ട്, അത് തല്‍കാലം അവിടെ നില്‍ക്കട്ടെ!)

പാര്‍ളിമെന്‍ററി ജനാധിപത്യം എന്നത് മുതലാളിത്തത്തിന്‍റെ രാഷ്ട്രീയരൂപമാണ്. അതിനാല്‍ തന്നെ ജനാധിപത്യവ്യവസ്ഥയില്‍ ഭരണവര്‍ഗ്ഗം ബൂര്‍ഷ്വാസിയാണ്. ഭരണവര്‍ഗ്ഗം ഭരണം കൈയാളുന്നത് അടിസ്ഥാനപരമായി മാറി മാറി വരുന്ന സര്‍ക്കാറുകളെ കൂട്ടുപിടിച്ചല്ല. മറിച്ച്, ഭരണവര്‍ഗ്ഗത്തിന്‍റെ യുക്തി ഭരണകൂടത്തിന്‍റെ യുക്തിയാക്കി മാറ്റിയെടുത്തുകൊണ്ടാണ്. ആര് ഭരിച്ചാലും ഈ ഭരണവര്‍ഗ്ഗ (ഭരണകൂട) യുക്തി നടപ്പാക്കുക മാത്രമേ അവര്‍ക്ക് ചെയ്യാനുള്ളൂ; ഇടതുപക്ഷ കക്ഷികള്‍ക്ക് ഈ യുക്തി ഒരല്‍പ്പം മനുഷ്യത്വത്തോട്‌ കൂടി നടപ്പാക്കാനായേക്കാം, അല്ലെങ്കില്‍ അത് നടപ്പില്‍ വരുത്തുന്നത് കുറച്ചൊന്നു വൈകിപ്പിക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ ഈ യുക്തിയുടെ സീമകളെ അതിലംഖിക്കുന്ന ഒന്നും തന്നെ ഒരു സര്‍ക്കാരിനും ചെയ്യാനാവില്ല. സര്‍ക്കാരും (government) ഭരണകൂടവും (state) തമ്മിലുള്ള, മാര്‍ക്സിസം ഊന്നിപ്പറയുന്ന വ്യത്യാസം ഇതാണ്. ഭരണകൂടത്തിന്‍റെ സര്‍വ്വകരങ്ങളും ബൂര്‍ഷ്വാപ്രത്യയശാസ്ത്രത്തിന്‍റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്. നിയമങ്ങള്‍, കോടതി, പട്ടാളം, പോലീസ്, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, കുടുംബം, സദാചാരം എന്നിങ്ങനെ സകലതിന്‍റെയും പ്രധാനകടമ ബൂര്‍ഷ്വാ ഉല്‍പ്പാദനബന്ധങ്ങളുടെ പ്രത്യുല്‍പാദനമാണ്. മുതലാളികള്‍ക്കെതിരെ, തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ഭാഗത്ത്‌, ഇവയില്‍ ഒന്നുപോലും നിലയുറപ്പിക്കുകയില്ല. ഓരോ കാലത്തെയും നിയമസംഹിതകള്‍ അതാത് കാലത്തെ ഭരണവര്‍ഗ്ഗയുക്തിയുടെ ക്രോഡീകരിച്ച രൂപങ്ങള്‍ മാത്രമാണെന്ന മാര്‍ക്സിസ്റ്റു പാഠം നാം വിസ്മരിച്ചുകൂടാ. മാരുതി തൊഴിലാളികളെ ശിക്ഷിച്ചു കൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ വിധി ഇതിനൊരുദാഹരണം മാത്രം.

ഇടതുപക്ഷം ഭരിക്കുന്നു എന്നത് ഭരണകൂടത്തിന്‍റെ വര്‍ഗ്ഗസ്വഭാവത്തെ സ്പര്‍ശിക്കുന്നുപോലുമില്ല. പോലീസ് പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്‍റെ വര്‍ഗ്ഗസ്വഭാവത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ ആര് ഭരിച്ചാലും പോലീസിന് കൂറ് മുതലാളിവര്‍ഗ്ഗത്തോട് മാത്രമാണ്. ബൂര്‍ഷ്വാഉല്‍പ്പാദനവ്യവസ്ഥയെയും ബൂര്‍ഷ്വാസിയെയും സംരക്ഷിച്ചു നിര്‍ത്തുക എന്നത് അവരുടെ കടമയാണ്. ആ കടമയാണ് അവര്‍ കഴിഞ്ഞദിവസം ഭംഗിയായി തെരുവില്‍ നിര്‍വ്വഹിച്ചത്‌. പി. കൃഷ്ണദാസ് കേരളത്തിലെ ഏറ്റവും വലിയ ബൂര്‍ഷ്വാസികളില്‍ ഒരാളാണ് (പോസ്റ്റ്‌മോര്‍ഡേനിസ്റ്റു പുസ്തകങ്ങളുടെ പുറംചട്ട വായിച്ച് പോസ്റ്റ്‌-മാര്‍ക്സിസ്റ്റ് ആയി മാറിയ വിദ്വാന്മാര്‍ ഇത് സമ്മതിക്കില്ല. കൃഷ്ണദാസ്‌ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരാളാണെന്നും അവിടെയൊന്നും ‘ചരക്കുല്‍പ്പാദനം’ (commodity production) നടക്കാത്തതിനാല്‍ അവ ക്ലാസിക്കല്‍ മാര്‍ക്സിസം നിര്‍വ്വചിക്കുന്ന തൊഴിലാളി-മുതലാളി ബന്ധത്തിന് പുറത്തുള്ളവയാണെന്നും ഇക്കൂട്ടര്‍ വാദിക്കാന്‍ ഇടയുണ്ട്. ഇങ്ങനെ തോന്നുന്നവര്‍ മാര്‍ക്സിന്‍റെ Theories of Surplus Value വിന്‍റെ നാലാം ചാപ്റ്റര്‍ അരച്ചുരുട്ടി ഗുളികപരുവത്തില്‍ സേവിക്കേണ്ടതാണ്. ഗുണമുണ്ടാവും, തീര്‍ച്ച!) അയാള്‍ക്കെതിരെ നടക്കുന്ന ഏതൊരു സമരത്തെയും സര്‍ക്കാര്‍ എന്തൊക്കെ പറഞ്ഞാലും ഭരണകൂടത്തിനും പോലീസിനും അധികപ്രസംഗമായി മാത്രമേ കാണാനാവൂ.

പോലീസിന്‍റെ വര്‍ഗ്ഗസ്വഭാവവും മര്‍ദ്ദനരീതിയും മാറണമെങ്കില്‍ സര്‍ക്കാര്‍ മാറിയാല്‍ പോരാ, പകരം ഭരണകൂടത്തിന്‍റെ വര്‍ഗ്ഗസ്വഭാവം മാറണം. തൊഴിലാളിവര്‍ഗ്ഗം ഭരണകൂടം (ഭരണമല്ല) പിടിച്ചെടുക്കുമ്പോള്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. ബൂര്‍ഷ്വാജനാധിപത്യത്തിനുള്ളില്‍ നിന്നുകൊണ്ട് പോലീസിനെ പോലെ ഇത്രയും ജീര്‍ണിച്ച ഒരു മര്‍ദ്ദനോപാധിയെ ‘നേര്‍വഴി’ക്ക് നയിക്കാം എന്ന ചിന്തക്ക് മാര്‍ക്സിസവുമായി ഒരു ബന്ധവുമില്ല. ലെനിന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്‌ പോലെ ഭരണകൂടത്തെ തച്ചുടക്കലാണ് മാര്‍ക്സിസം കാണുന്ന ഏക മാര്‍ഗ്ഗം (ഈ തച്ചുടക്കലിനേയാണ് മാര്‍ക്സിസം ‘വിപ്ലവം’ എന്ന് വിളിക്കുന്നത്‌, അല്ലാതെ ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്പോലെ കോളേജ് യൂണിയന്‍ ഇലക്ഷന്‍ ജയിച്ചതിന് ശേഷം നടുക്കളത്തില്‍ കൊടി കുത്തുന്നതിനെയല്ല). പോലീസ് നിഷ്ഠൂരതയുടെ എല്ലാ ദൃഷ്ടാന്തങ്ങളേയും ഭരണകൂടത്തിന്‍റെ വര്‍ഗ്ഗസ്വഭാവം തുറന്നു കാണിക്കാനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാന്‍ ലെനിന്‍ ആഹ്വാനം ചെയ്യുന്നുണ്ട് (What Is To Be Done?, Section 3). ഇന്നത്തെ അവസ്ഥയില്‍ ഇടതുപക്ഷ സഖാക്കള്‍ക്ക് അതിന് കഴിയുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും പോലീസിനെ ന്യായീകരിക്കേണ്ട അവസ്ഥ കൂടെ ഉണ്ടാവുന്നു. പോലീസിനെ ന്യായീകരിക്കേണ്ടിവരുന്ന കമ്മ്യൂണിസ്റ്റ്‌കാരനെക്കാള്‍ സഹതാപം അര്‍ഹിക്കുന്ന മറ്റെന്തുണ്ട്!!! ഈ അവസ്ഥക്ക് പ്രധാനകാരണം സര്‍ക്കാരും ഭരണകൂടവും തമ്മിലുള്ള അന്തരം മറന്നതാണ്.

സര്‍ക്കാര്‍ മാറിയാല്‍ ‘എല്ലാം ശരിയാവും’ എന്ന മുദ്രാവാക്യം മാര്‍ക്സിസത്തിന് നേരെ വിപരീതദിശയില്‍ സഞ്ചരിക്കുന്നതാണെന്നും ആ സഞ്ചാരം ആത്മഹത്യാപരമാണെന്നും അത് ഉന്നയിക്കപ്പെട്ട സമയം തന്നെ ഈയുള്ളവന്‍ അഭിപ്രായപ്പെട്ടിരുന്നു (http://revolutionaryspring.blogspot.in/2016/04/ldf.html). ഇതില്‍ നിന്നും ചില വരികള്‍ ഇന്ന് പ്രധാനമാണെന്ന് തോന്നുന്നു: "ആര് എങ്ങനെ ഭരിച്ചാലും, മുതലാളിത്തം നിലനില്ക്കുവോളം അതിന്റെ ആന്തരികവൈരുധ്യങ്ങളാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾ ഒന്നിന് പിറകെ ഒന്നായി അധ്വാനിക്കുന്നവന്റെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടേയിരിക്കും. ഒന്നും ശരിയാവില്ല എന്ന് മാത്രമല്ല കാര്യങ്ങൾ ദിനം പ്രതി വഷളാവും. സാധാരണഗതിയിൽ ഇത്തരം പ്രതിസന്ധികൾ വിപ്ലവപോരാട്ടങ്ങൾക്ക് ഇന്ധനം പകരേണ്ടതാണ്. എന്നാൽ 'എല്ലാം ശരിയാവും' എന്ന മുദ്രാവാക്യത്തിൽ അധികാരത്തിലേറിയ ഇടതുപക്ഷത്തിന് അതിന് ശേഷം മുതലാളിത്തം ഉൽപ്പാദിപ്പിക്കുന്ന സകല പ്രതിസന്ധികളുടേയും പിതൃത്വം ഏറ്റെടുക്കേണ്ടതായി വരും. സ്വാഭാവികമായും ഇത് ബഹുജനങ്ങളെ കൊണ്ടെത്തിക്കുന്നത് ഫാഷിസത്തിന്റെ മടിത്തട്ടിലേക്കാണ്. പാർലിമെന്ററി വ്യാമോഹങ്ങൾക്ക് മേൽ പടുത്തുയർത്തുന്ന ഏതൊരു തിരഞ്ഞെടുപ്പ് വിജയത്തിന്റെയും പരിണിത ഫലം സമൂഹത്തിന്റെ തീവ്ര വലതുപക്ഷവല്ക്കരണമാണ്. ഇതിന്‍റെ ദൃഷ്ടാന്തങ്ങളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പോലീസ് നരനായാട്ട് മുതല്‍ സാമ്പത്തിക പ്രതിസന്ധിയും (തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നിന്നും പിരിച്ചുവിടലുകള്‍ ഒരു വാര്‍ത്ത പോലും അല്ലാതായിരിക്കുന്നു) ഫാഷിസവും വരെ നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ഒരു പ്രശ്നത്തിനും ബൂര്‍ഷ്വാജനാധിപത്യത്തിനും മുതലാളിത്ത ഉല്‍പ്പാദന വ്യവസ്ഥക്കും ഉള്ളില്‍ നിന്നുകൊണ്ട് ഒരു പരിഹാരം സാധ്യമല്ല, കാരണം അവ ഇതേ ഉല്‍പ്പാദന വ്യവസ്ഥിതിയുടെ നിര്‍മ്മിതികള്‍ ആണ്. ഈ മാര്‍ക്സിസ്റ്റ്‌ ബാലപാഠം മറന്ന് അധികാരം നമുക്ക് കിട്ടിയാല്‍ ‘എല്ലാം ശരിയാവും’ എന്ന പെറ്റിബൂര്‍ഷ്വാ ദിവാസ്വപ്നത്തിന് അടിമപ്പെട്ടതാണ് ഇവിടെ പ്രശ്നം. മാര്‍ക്സിസ്റ്റ് വിപ്ലവോന്മുഖതയിലേക്ക് തൊഴിലാളി വര്‍ഗ്ഗം ഇന്നുതന്നെ തിരിച്ചുപോയില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് ഇരുണ്ട നാളുകളാണ്.

NB: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം പാടില്ല എന്ന് ഏമാന്മാര്‍ കല്‍പ്പിച്ചതായി കേട്ടു. പോലീസുകാര്‍ ചൂണ്ടിക്കാണിക്കുന്ന മൂലയ്ക്ക് പോയിരുന്ന് ലളിതഗാനം പാടി പിരിയാന്‍ ഇത് റോട്ടറി ക്ലബുകാരുടെ പരിപാടി അല്ല, വര്‍ഗ്ഗസമരമാണ്.

No comments:

Post a Comment