Friday, 31 July 2020

അന്തിചർച്ചകളും മാർക്സിസവും

ബി. ബിപിൻ


ഇടതുപക്ഷ പ്രതിനിധികൾക്ക് അവരുടെ ഭാഗം അവതരിപ്പിക്കാൻ അന്തിചർച്ചകളിൽ ചാനൽ അവതാരകർ അവസരം നൽകുന്നില്ല എന്നത് പുതിയ ഒരു പരാതി അല്ല. അത് ഏറ്റവും ശക്തമായി ഉയർന്നുകേൾക്കുന്നത് ജെ. എൻ. യു. പ്രശ്നം ആളിക്കത്തുമ്പോഴാണ്. തങ്ങളുടെ നിലപാട് അവതരിപ്പിക്കാനും "ദേശവിരുദ്ധർ" എന്ന ആരോപണത്തിന് മറുപടി പറയാനും ശ്രമിക്കുന്ന വിദ്യാർത്ഥി പ്രതിനിധികളുടെ നേർത്ത ശബ്ദത്തെ തന്റെ ഹിസ്റ്റീരിക്  ആക്രോശങ്ങളിൽ മുക്കിക്കളയുന്ന, എന്നാൽ ഫാഷിസ്റ്റ് പ്രതിനിധികൾക്ക് നിർദ്ദേഷ്ടം സംസാരിക്കാൻ അവസരം ഒരുക്കുന്ന, അർണബ് ഗോസ്വാമിയുടെ ദൃശ്യം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് തുറന്നത്. മലയാളത്തിലെ പ്രമുഖ ചാനൽ അവതാരകരെല്ലാം തന്നെ ഏറിയും കുറഞ്ഞും അർണബിന്റെ പ്രേതബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് വലതുപക്ഷ മാധ്യമങ്ങൾ അന്തിചർച്ചകളിൽ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നത് പ്രധാനമായും ഇടതുപക്ഷത്തിന്റെ സ്വരം അടിച്ചമർത്തിയിട്ടാണ് എന്ന ധാരണ പരക്കുന്നത്. പക്ഷെ ഈ ധാരണ തെറ്റാണ്. എല്ലാ അവതാരകരും അന്തിചർച്ചയിൽ പങ്കെടുക്കുന്ന ഇടതുപക്ഷ പ്രതിനിധികൾക്ക് അവരുടെ നിലപാട് വ്യക്തമാക്കാൻ വേണ്ട സമയം കൃത്യമായി അനുവദിച്ചു കൊടുത്താലും, അങ്ങനെ ചർച്ച "ജനാധിപത്യ"പരമാക്കി മാറ്റിയാലും, അതിന്റെ ഫലമായി ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ചുള്ള ഇടതുപക്ഷ നിലപാട് പ്രേക്ഷകർക്ക് മുന്നിൽ വെക്കാൻ അവരുടെ വക്താക്കൾക്ക് സാധിച്ചാലും, അന്തിചർച്ചകളിൽ നടപ്പാക്കപ്പെടുന്നത് പൂർണ്ണമായും വലതുപക്ഷ അജണ്ട തന്നെയായിരിക്കും. എന്ത് കൊണ്ട്?


അന്തിചർച്ചകൾ വലതുപക്ഷത്തിന്റെ പ്രചരണായുധങ്ങൾ ആയി മാറുന്നത് അവയിൽ ഇടതുപക്ഷ ഉത്തരങ്ങൾ അടിച്ചമർത്തപ്പെടുന്നത് കൊണ്ടല്ല, അവയുടെ നിലവാരവും അവയിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും അവയുടെ പ്രത്യയശാസ്ത്ര സീമകളും തന്നെയാണ് ഈ ചർച്ചകൾക്ക് വലതുപക്ഷ നിറം കൊടുക്കുന്നത് . ഏറ്റവും നല്ല ഉദാഹരണം ജെ. എൻ. യു. വിഷയം തന്നെയാണ്. ഇന്ത്യയിലെ ചാനലുകൾ മുഴുവനും ഇടതുപക്ഷത്തിന് മുന്നിൽ വെച്ച ചോദ്യം "നിങ്ങൾ ദേശവിരുദ്ധർ ആണോ?" എന്നതായിരുന്നു. എങ്ങനെയാണ് ഇടതുപക്ഷം ഈ ചോദ്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്? ഞങ്ങൾ ദേശവിരുദ്ധർ അല്ല, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത, ഇന്ത്യൻ ജനതയെ മതത്തിന്റെ പേരിൽ വിഘടിക്കാൻ വെമ്പുന്ന, ഭരണഘടനക്ക് തുരങ്കം വെക്കുന്ന, സംഘപരിവാർ ശക്തികളാണ് ദേശവിരുദ്ധർ, യഥാർത്ഥ ദേശസ്നേഹികൾ ഞങ്ങളാണ്. ഇതായിരുന്നു ഇടതുപ്രതിരോധത്തിന്റെ കാതൽ. ഈ നിലപാട് അവതരിപ്പിക്കാൻ അനുവദിക്കാതെ, നിങ്ങൾ ദേശവിരുദ്ധരാണ് എന്ന് ചർച്ചയിൽ മുഴുവനും ആക്രോശിച്ചുകൊണ്ടിരിക്കുക വഴിയാണ് അർണബിനെ പോലുള്ളവർ വലതുപക്ഷ അജണ്ട നടപ്പാക്കിയത് എന്നാണ് വെപ്പ്. "ജനാധിപത്യ"പരമായി ചർച്ച നടത്തിയ ചാനലുകളിൽ ഇടതുപക്ഷ പ്രതിനിധികൾ ഈ ആശയങ്ങൾ ശക്തമായി അവതരിപ്പിച്ചു; അത്തരം ചാനലുകൾ ഇടതുപക്ഷവൃത്തങ്ങളിൽ വാഴ്ത്തപ്പെട്ടു. എന്നാൽ ജെ. എൻ. യു. വിഷയത്തിലെ വലതുപക്ഷത്തിന്റെ യഥാർത്ഥ വിജയം എന്നത് ഇടതുപക്ഷം ദേശവിരുദ്ധരാണ് എന്ന് തെളിയിക്കുന്നതിലൂടെ അല്ല കൈവന്നത്, മറിച്ച്, ഇടതുപക്ഷത്തെക്കൊണ്ട് തന്നെ തങ്ങൾ ദേശസ്നേഹികളും ദേശീയവാദത്തിന്റെ "യഥാർത്ഥ" അനന്തരാവകാശികളും ആണെന്ന് പറയിപ്പിച്ചതിൽ ആണ് (ഇത് ഇടതുപക്ഷത്തിന് ഇന്നും മനസ്സിലായിട്ടില്ലെങ്കിലും സംഘപരിവാറിന് അന്നേ മനസ്സിലായി, അരുൺ ജെയ്റ്റ്‌ലി അത് പറയുകയും ചെയ്തു). ഇതിലൂടെ സംഭവിച്ചത് "ദേശീയത"യുടെ പ്രത്യയശാസ്ത്രത്തെ പ്രശ്നവൽക്കരിക്കുന്നതിൽ ഇടതുപക്ഷം അമ്പേ പരാജയപ്പെട്ടു എന്നതാണ്.

മറ്റ് പല സന്ദർഭങ്ങളിൽ എന്ന പോലെ ജെ. എൻ. യു. വിഷയത്തിലും അന്തിചർച്ചയുടെ ചട്ടക്കൂട് നിശ്ചയിച്ചത് മാധ്യങ്ങൾ ആയിരുന്നു. ചർച്ചയുടെ പ്രത്യയശാസ്ത്ര പരിസരം നിർണ്ണയിക്കുന്നതിൽ ആണ് യഥാർത്ഥ വലതുപക്ഷ അജണ്ട ഒളിച്ചിരിക്കുന്നത്. വളരെ നിഷ്കളങ്കമെന്നോണം നിർമ്മിക്കപ്പെടുന്ന ചർച്ചയുടെ ഈ ചട്ടക്കൂട്  അംഗീകരിക്കുമ്പോൾ തന്നെ വലതുപക്ഷ അജണ്ട വിജയിച്ചു കഴിഞ്ഞു, കാരണം അതിന്റെ സീമകൾക്കുള്ളിൽ നിന്ന് കൊണ്ട് തൊഴിലാളിവർഗ്ഗ തലത്തിലേക്ക് ചർച്ചയെ കൊണ്ട് പോകാൻ ആവില്ല. ജെ. എൻ. യു. വിഷയത്തിൽ ഈ ചട്ടക്കൂട് "ദേശീയത"യുടെ ഏറ്റവും യാഥാസ്ഥിതികമായ വ്യാഖ്യാനത്തെ പിൻപറ്റിയുള്ളതായിരുന്നു.  ഈ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തങ്ങളെ ന്യായീകരിക്കാൻ ഇടതുപക്ഷം "നല്ല ദേശീയത"യും "ചീത്ത ദേശീയത"യും തമ്മിലുള്ള വേർതിരിവിൽ അഭയം തേടുകയാണുണ്ടായത്. ഇടതുപക്ഷത്തിന്റേത് ജനപക്ഷപരമായ "നല്ല"  ദേശീയത, ഫാഷിസ്റ്റുകളുടേത്  "ചീത്ത" ദേശീയത! മാധ്യമങ്ങൾ നിർണ്ണയിക്കുന്ന സീമകൾക്കുള്ളിലേക്ക് ചർച്ചയെയും നിലപാടുകളെയും പരിമിതപ്പെടുത്തുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഇതിനേക്കാൾ നല്ല ഒരു ഉദാഹരണം ഇല്ല. തങ്ങളുടേത് "നല്ല" ദേശീയതയാണ് എന്ന ഇടതുപക്ഷ ഭാഷ്യം അവതാരകരാൽ അടിച്ചമർത്തപ്പെടുമ്പോഴല്ല, അത് "ജനാധിപത്യപര"മായ ചർച്ചകളിൽ ജനങ്ങൾക്ക് മുന്നിൽ ഇടതുപക്ഷ വക്താക്കൾ അവതരിപ്പിക്കുമ്പോളാണ് യഥാർത്ഥ മുതലാളിത്ത മാധ്യമ അജണ്ട വിജയിക്കുന്നത്. കാരണം, മാർക്സിസത്തിനറിയാം "ദേശീയത" എന്നത് ഒരു മുതലാളിത്ത പ്രത്യയശാസ്ത്രമാണ് എന്ന്. മുതലാളിത്തം ജീർണ്ണിക്കുമ്പോൾ ഈ പ്രത്യയശാസ്ത്രത്തിന്റെ ഉള്ളടക്കവും ജീർണ്ണിക്കുന്നു. ദേശീയത എന്നത് എന്നെന്നും പുരോഗമനപരമായ നിൽക്കുന്ന ഒന്നല്ല; മൃതപ്രായമായ മുതലാളിത്ത വ്യവസ്ഥയിൽ ദേശീയതയിൽ അഭയം തേടുന്നത് ഏറ്റവും യാഥാസ്ഥിതിക വർഗ്ഗങ്ങളാണ്. ഫാഷിസം മുന്നോട്ട് വെക്കുന്നത് "ചീത്ത" ദേശീയത അല്ല, അത് ഒരുകാലത്ത് പുരോഗമനപരമായിരുന്ന ദേശീയത എന്ന പ്രത്യയശാസ്ത്രത്തിന്റെ ഇന്നത്തെ രൂപമാണ്. ദേശീയത ഒരു പുരോഗമനശക്തിയായി നിലകൊണ്ട മുതലാളിത്തത്തിന്റെ പ്രാരംഭഘട്ടത്തിൽ അതിന് മുഖം തിരിഞ്ഞു നിന്ന ഫാഷിസ്റ്റ് കക്ഷികളെ ഇന്ന് അതിലേക്ക് അടുപ്പിക്കുന്നത് ദേശീയതയുടെ കാലഹരണപ്പെടൽ തന്നെയാണ്. കാരണം ഫാഷിസം എന്നും ജീർണ്ണതയുടെ ഉപാസനായാണ്. മാർക്സിസം ഇതിന് മറുപടി പറയുന്നത് ലോകത്താകെമാനമുള്ള തൊഴിലെടുക്കുന്നവരുടെ ഐക്യത്തിൽ അധിഷ്ഠിതമായ തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയെ ഉയർത്തിപ്പിടിച്ചു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഈ സംവാദത്തിൽ തൊഴിലാളിവർഗ്ഗ പരിപ്രേക്ഷ്യം കടന്നുവരണമെങ്കിൽ ആദ്യം ചെയ്യേണ്ടിയിരുന്നത് "ദേശീയത"യെക്കുറിച്ചു അത് വെച്ചുപുലർത്തുന്ന പരോക്ഷ അനുമാനങ്ങൾ ചോദ്യം ചെയ്യുക എന്നതായിരുന്നു. എന്നാൽ ഏറ്റവും "ജനാധിപത്യപര"മായ അന്തിചർച്ചയിൽ പോലും ഇടതുപക്ഷപ്രതിനിധികൾ മാധ്യമങ്ങൾ നിശ്ചയിച്ച അജണ്ട അതിലംഖിച്ച്  സാമൂഹികചർച്ചയെ മാർക്സിസ്റ്റ്‌ നിലവാരത്തിലേക്ക് ഉയർത്താൻ പരിശ്രമിച്ചില്ല. ബൂർഷ്വ മാധ്യമങ്ങളുടെ അജണ്ട തകർക്കണമെങ്കിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയല്ല, ആ ചോദ്യങ്ങളിൽ പതിരിയിക്കുന്ന മുൻവിധികളെ പ്രശ്നവൽക്കരിക്കുകയാണ് വേണ്ടത്. ഇന്ത്യൻ ഇടതുപക്ഷം പരാജയപ്പെടുന്നത് ചാനൽ സ്റ്റുഡിയോകളിൽ അവരുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നത് മൂലമല്ല, മൂന്നാംകിട ചാനൽ ചർച്ചകളുടെ അകത്തളങ്ങളിലേക്ക് അവർ അവരുടെ സൈദ്ധാന്തിക നിലവാരത്തെ പരിമിതപ്പെടുത്തുന്നത് കൊണ്ടാണ്.

ശബരിമല വിഷയത്തിലും ഇതുതന്നെയാണ് ആവർത്തിക്കപ്പെട്ടത്. അന്തിചർച്ചകളെല്ലാം തന്നെ ഇടുങ്ങിയ മുതലാളിവർഗ്ഗചിന്തയുടെ നാലുകോണുകൾക്കുള്ളിൽ ഒതുങ്ങി നിന്ന് കൊണ്ട് നിയമസാധുതയെക്കുറിച്ചും  ഭക്തരുടെ "വികാരം വ്രണപ്പെടു"ന്നതിനെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ക്രമാസമാധാനത്തെക്കുറിച്ചും ചർച്ചചെയ്തു. ഈ വിഷയങ്ങളെക്കുറിച്ചൊന്നും ഇടതുപക്ഷം സംസാരിക്കേണ്ടതില്ല എന്നാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം ഉയർന്നുവന്നേക്കാം. ഒരിക്കലുമല്ല. എന്നാൽ, ഈ വിഷയങ്ങളെ സമീപിക്കേണ്ടത് ചാനൽ അവതാരകരുടെ പരിതാപകരമായ പെറ്റി ബൂർഷ്വ നിലവാരത്തിൽ നിന്ന് കൊണ്ടല്ല, ഏറ്റവും സമഗ്രമായ മാർക്സിസ്റ്റ് ബോധ്യത്തിൽ നിന്നുകൊണ്ടാണ്. ചാനലുകളുടെ ചുവരുകൾക്കുള്ളിൽ അത് നടക്കില്ല. ശബരിമല വിഷയത്തിൽ നവോത്ഥാന-സ്ത്രീപക്ഷ-ദളിത് പരിപ്രേക്ഷ്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഇടതുപക്ഷം വിജയിച്ചു എന്നത് നേരുതന്നെ. എന്നാൽ ഈ വിഷയങ്ങളും കൈകാര്യം ചെയ്യപ്പെട്ടത് പൂർണ്ണമായും അവയുടെ ബൂർഷ്വ വ്യാഖ്യാനസീമകൾക്കുള്ളിൽ നിന്നുകൊണ്ടാണ്. ശബരിമല വിഷയത്തിന്റെ മാർക്സിസ്റ്റ്‌ വായന മുന്നോട്ട് വെക്കുന്നതിൽ ഇടതുപക്ഷം അമ്പേ പരാജയപ്പെട്ടു (കൂടുതൽ വിശദാംശങ്ങൾക്ക് എന്റെ "ശബരിമല - ഒരു വർഗ്ഗപരിപ്രേക്ഷ്യം" എന്ന പഠനം കാണുക). ഏതൊക്കെ വർഗ്ഗങ്ങളാണ് സ്ത്രീപ്രവേശനത്തെ ഇന്ന് എതിർക്കുന്നത് എന്ന പ്രാഥമിക മാർക്സിസ്റ്റു ചോദ്യം ദേശാഭിമാനിയിൽ പോലും ഉന്നയിക്കപ്പെട്ടില്ല. മറിച്ച്, ഇടതുപക്ഷം മുഴുവനായും മാധ്യമങ്ങൾ അവരുടെ ഭരണവർഗ്ഗപ്രതിപത്തിയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തി എടുത്ത സംവാദത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി. അതിനുള്ളിൽ നിന്നും തൊഴിലാളിവർഗ്ഗ കാഴ്ചപ്പാട് ഉയർന്നുവരാൻ പോകുന്നില്ല. ഇത്തരം സംവാദങ്ങളിൽ ഇടതുപക്ഷം "ജയിക്കു"മ്പോൾ പോലും അത് അന്തിചർച്ചകളുടെ അടിസ്ഥാന പ്രത്യയശാസ്ത്രസങ്കൽപ്പങ്ങളെ സമൂഹമനസ്സിൽ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോഴാണ് ഇടതുപക്ഷത്തിന്റെ "അന്തിചർച്ചവിജയ"ങ്ങൾ ഓരോന്നും വലതുപക്ഷത്തിന്റെ രാഷ്ട്രീയവിജയങ്ങളായി മാറുന്നത്.

സ്വർണ്ണക്കടത്ത് കേസിലും ഇത് ആവർത്തിക്കപ്പെടുകയാണ്. സ്വർണ്ണക്കടത്തും അതിലെ പ്രതികളുടെ ഉദ്യോഗസ്ഥബന്ധങ്ങളും ഇത്തരം ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അവർ നേടിയെടുത്ത സ്ഥാനമാനങ്ങളും തൊഴിലാളിവർഗ്ഗത്തെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യങ്ങളെല്ലാം തന്നെ, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ, ജീർണ്ണിച്ച ലിബറൽ ജനാധിപത്യവ്യവസ്ഥക്കുള്ളിൽ ഭരണം കൈയ്യാളുമ്പോൾ തൊഴിലാളിവർഗ്ഗപാർട്ടികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജനാധിപത്യത്തിലൂടെ "എല്ലാം ശരിയാക്കാം" എന്ന ഒരു വ്യാമോഹവും പുലർത്താത്തവരാണ് മാർക്സിസ്റ്റുകാർ. ലൂയി അൽത്തൂസർ സൂചിപ്പിച്ചത് പോലെ: ".... it must be recalled that there is no parliamentary road to socialism. Revolutions are made by the masses, not by parliamentary deputies, even if the communists and their allies should fleetingly, by some miracle, attain a majority in the parliament." പാർലിമെന്റ് വഴി സ്ഥായിയായ ഒരു മാറ്റവും സാധ്യമല്ല എന്ന പൂർണ്ണ ബോധ്യം ഉണ്ടായിരിക്കുമ്പോൾ തന്നെ മാർക്സിസ്റ്റ്‌-ലെനിനിസ്റ്റുകൾ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഒരു ജനാധിപത്യ വ്യവഹാരങ്ങളിൽ നിന്നും മാറി നിൽക്കുന്നവർ അല്ല. മാർക്സിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ കാതൽ അറിയാത്തവർക്ക് ഇത് ഒരു വിരോധാഭാസമായി തോന്നിയേക്കാം. എന്നാൽ, മാർക്സിസ്റ്റുകാർ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുന്നത് ഭരണത്തിലേറിയാൽ പാലും തേനും ഒഴുക്കും എന്നത് പോലുള്ള അസംബന്ധങ്ങൾ മുൻനിർത്തിയല്ല; ജാനാധിപത്യ പ്രക്രിയയെ ഉപയോഗിച്ച് അതിന്റെ തന്നെ പൊള്ളത്തരങ്ങളും പരിധികളും വ്യക്തമാക്കുന്നതിന് വേണ്ടിയാണ് (എന്റെ കുറിപ്പ് കാണുക: https://www.facebook.com/bipin.balaram/posts/849958818701262).

ഇങ്ങനെയാണെങ്കിലും ചില ചരിത്രസന്ധികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനാധിപത്യപരമായി അധികാരത്തിൽ വന്നേക്കാം. പക്ഷെ ഭരണകൂടത്തെ കുറിച്ചുള്ള മാർക്സിന്റെയും എംഗൽസിന്റെയും പ്രശസ്തമായ നിരീക്ഷണം ഈ അവസരങ്ങളിൽ മറക്കാൻ പാടില്ല: ".... the working class cannot simply lay hold of the ready­made state machinery and wield it for its own purposes." ബ്യുറോക്രസിയുടെ കാര്യത്തിൽ ഈ നിരീക്ഷണം പ്രത്യേകിച്ചും പ്രധാനമാണ്. ബൂർഷ്വ ഭരണകൂടത്തിന്റെ ഏറ്റവും ജീർണ്ണിച്ച വിഭാഗമാണ് ബ്യുറോക്രസി. ഭരണം കൈയ്യാളുന്ന മാർക്സിസ്റ്റ്‌ പാർട്ടി ഏറ്റവും ആദ്യം ചവിട്ടിമെതിക്കേണ്ടത് ബ്യുറോക്രസിയുടെ പ്രാബല്യത്തെയാണ്. ബ്യുറോക്രസിയെ "തച്ചുടക്കുക"യാണ് വേണ്ടത് എന്ന് മാർക്‌സും ലെനിനും നമ്മളെ പല സന്ദർഭങ്ങളിലും ഓർമ്മിപ്പിക്കുന്നുണ്ട്. ബ്യുറോക്രസിയെയും, പോലീസിനെയും, മറ്റ് മർദ്ദനോപാധികളെയും ഉപയോഗിച്ച് കൊണ്ട് തൊഴിലാളിവർഗ്ഗത്തിന് ഭരിക്കാൻ ആവില്ല എന്നതാണ് മാർക്സിസ്റ്റ്‌ പാഠം. എന്നാൽ ഇടതുപക്ഷം കരുതുന്നത് ഈ ഭരണകൂടസംവിധാനങ്ങളെയെല്ലാം തങ്ങൾ ഭരണത്തിലേറിയാൽ "നന്നാക്കി"ക്കളയാം എന്നാണ് (https://revolutionaryspring.blogspot.com/2017/04/blog-post.html). ഇത് ഇടതുപക്ഷം യാദൃശ്ചികമായി എത്തിച്ചേരുന്ന ഒരു നിലപാടല്ല, ജനാധിപത്യത്തിനുള്ളിൽ നിന്ന് കൊണ്ട് തന്നെ "എല്ലാം ശരിയാക്കാം" എന്ന റിഫോമിസ്റ്റ് വ്യാമോഹത്തിന്റെ പ്രതിഫലനം മാത്രമാണ്. ബ്യുറോക്രസിയും പോലീസും ചെയ്തുകൂട്ടുന്ന സകല കൊള്ളരുതായ്മ്മക്കും തൊഴിലാളിവർഗ്ഗം ഉത്തരം പറയേണ്ട ഗതികേടാണ് ഇത് വിളിച്ചുവരുത്തുന്നത്. ഈ സംഭവങ്ങൾ തൊഴിലാളിവർഗ്ഗത്തെ നയിക്കേണ്ടത് മുതലാളിത്തവ്യവസ്ഥക്കുള്ളിൽ മാർക്സിസ്റ്റ്‌ പാർട്ടികൾ ഭരിക്കുമ്പോൾ അവരുടെ ലക്ഷ്യമെന്തായിരിക്കണം എന്ന ചോദ്യത്തിലേക്കാണ്. ഈ മർമ്മപ്രധാനമായ ചോദ്യമാണ് ചർച്ചചെയ്യേണ്ടത്; ഈ ചർച്ചക്കാണ് ഇടതുപക്ഷ വക്താക്കൾ ചുക്കാൻ പിടിക്കേണ്ടത്. എന്നാൽ TRP അക്കങ്ങളുടെ തിളക്കം മാത്രം ലക്ഷ്യമാക്കിയുള്ള മാധ്യമ വിഡ്ഢികൾക്ക് ഇത്തരം ചർച്ചകളെക്കുറിച്ച് കേട്ടുകേൾവി പോലും ഇല്ല. അവർക്കറിയുന്നത് ഇക്കിളി വിഷയങ്ങൾ മാത്രമാണ്. അവരുടെ ചർച്ചകളുടെ സീമകൾക്കകത്ത് എത്രതന്നെ "ജനാധിപത്യം" ഉണ്ടായാലും അതിനെ തൊഴിലാളിവർഗ്ഗ സൈദ്ധാന്തികതലത്തിലേക്ക് കൊണ്ടുവരാൻ പറ്റില്ല.

അതുകൊണ്ട് മാർക്സിസ്റ്റുകാർ അന്തിചർച്ചകളിൽ പങ്കെടുക്കരുത് എന്നാണോ? അല്ല. പക്ഷെ മാർക്സിസ്റ്റുകാർ അത്തരം ചർച്ചകളിൽ പങ്കെടുക്കുന്നത് അതിന്റെ സീമകൾക്കുള്ളിൽ നിന്ന് ന്യായീകരണവാദങ്ങൾ ഉന്നയിക്കാനല്ല. ഇത്തരം ചർച്ചകളുടെ അടിസ്ഥാനധാരണകളെ തന്നെ ചോദ്യം ചെയ്യാൻ വേണ്ടി ആണ്. അവയുടെ മുൻവിധികളെ തുറന്നുകാട്ടുന്നതിന് വേണ്ടിയാണ്. ഈ മുൻ വിധികളുടെ മുതലാളിവർഗ്ഗ ചായ്‌വ് വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. ഉദാഹരണത്തിന്, ദേശീയത എന്ന "അവിതർക്കിത"സങ്കൽപ്പത്തിൽ നിന്നും തുടങ്ങുന്ന ചർച്ചയെ എന്തുകൊണ്ട് ഞങ്ങളും ദേശീയവാദികൾ ആണ് എന്ന് വിശദീകരിക്കാനുള്ള വേദിയായല്ല മറിച്ച് ദേശീയത എന്ന പ്രത്യയശാസ്ത്രത്തെ തന്നെ തുറന്നുകാട്ടാനുള്ള ഒരു അവസരമായിട്ടാണ് മാർക്സിസം കാണുന്നത്. ഏതൊരു വിഷയത്തിലും സാമൂഹികചർച്ചകളുടെ സൈദ്ധാന്തികതലം നിർണ്ണയിക്കാനുള്ള അവകാശം മാധ്യമങ്ങൾക്ക് വിട്ടുകൊടുത്തു കൂടാ. 

എന്നാൽ ഇന്ന് ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം  അന്തിചർച്ചയിൽ "ജയിക്കു"ന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം എന്ന് വന്നിരിക്കുന്നു. ഇടതുപക്ഷ വേദികളിൽ പോലും അന്തിചർച്ചകൾ പ്രധാന point of  reference ആയി മാറുന്നു. അങ്ങനെ "മാർക്സിസ്റ്റ്" പാർട്ടികളുടെ താത്വിക സംവാദങ്ങൾ അന്തിചർച്ചകളുടെ നിലവാരത്തിലേക്ക് കൂപ്പുകുത്തുന്നു. അതായത് താത്വികമായി ഏറ്റവും വികസിതമായ തൊഴിലാളിവർഗ്ഗ പരിപ്രേക്ഷ്യം കൈയ്യൊഴിഞ്ഞു കൊണ്ട് ഇടതുപക്ഷം ബൂർഷ്വ സീമകൾക്കുള്ളിൽ തങ്ങളുടെ വ്യാഖ്യാനങ്ങളെയും നിലപാടുകളെയും പരിമിതപ്പെടുത്തുന്നു. പ്രതിയോഗിയുടെ നിലവാരത്തിലേക്ക് താഴ്‌ന്നു കൊണ്ട് മാത്രമേ അവരുടെ വാദങ്ങളെ തുറന്നുകാണിക്കാൻ ആവൂ എന്ന വാദമാണ് ഇതിനെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു കേൾക്കാറുള്ളത്. വടക്കൻ വീരഗാഥയിൽ അരിങ്ങോടർ പറയും പോലെ ഇത് "പഠിപ്പ് തികയാത്തതിന്റെ ദോഷം" ആണ്. തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിന്റെ അടിസ്ഥാനപാഠമായ ലെനിന്റെ "What is to be Done?" തുറന്ന് നോക്കിയിട്ടുള്ളവർ ഈ വിഡ്ഢിത്തം പറയില്ല. മാർക്സിസ്റ്റ് പാർട്ടികളുടെ ഏറ്റവും പ്രധാന ദൗത്യങ്ങളിൽ ഒന്ന് തൊഴിലാളികളുടെ വർഗ്ഗബോധം ഉയർത്തുക എന്നതാണ്. അതിന് എല്ലാ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളുടെയും മാർക്സിസ്റ്റ്‌ വ്യാഖ്യാനം അവരുടെ മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഭരണവർഗ്ഗത്തിന്റെ വാലാട്ടികളുടെ വാദങ്ങൾക്ക് മറുപടി പറയുന്നത് പോലും ഈ ബൗദ്ധികനിലവാരത്തിൽ നിന്നുകൊണ്ടായിരിക്കണം, അല്ലാതെ അവരുടെ നിലവാരത്തിലേക്ക് താഴ്‌ന്നു കൊണ്ടാവരുത്. മാർക്സിസ്റ്റ് പാർട്ടികൾ അന്തിചർച്ചകളുടെ നിലവാരത്തിലേക്ക് താഴുമ്പോൾ സംഭവിക്കുന്നത് തൊഴിലാളിവർഗ്ഗത്തിന് മുന്നിൽ വിഷയങ്ങളുടെ യഥാർത്ഥ വ്യാഖ്യാനം അവതരിപ്പിക്കപ്പെടുന്നില്ല എന്നതാണ്. അത് ഏറ്റവും വലിയ രാഷ്ട്രീയ പരാജയമാണ്. "ഇസ്‌ക്ര"യും "പ്രാവ്ദ"യും മറ്റും ചെയ്തത് ബൂർഷ്വ മാധ്യമങ്ങൾ ഇക്കിളിവൽക്കരിക്കാൻ ശ്രമിക്കുന്ന ചർച്ചകളെ തൊഴിലാളിവർഗ്ഗ സൈദ്ധാന്തികനിലവാരത്തിലേക്ക് ഉയർത്തുക എന്നതും അത് വഴി അടിസ്ഥാനവർഗ്ഗത്തിന്റെ വർഗ്ഗബോധം ഉയർത്തുക എന്നതുമാണ്. എന്നാൽ ഇവിടെ ഇടതുപക്ഷം നിയന്ത്രിക്കുന്ന മാധ്യമങ്ങൾക്ക് പോലും ചാനൽ ചർച്ചകളുടെ അതിരുകൾക്കുള്ളിൽ നിന്നും പുറത്ത് കടക്കാൻ ആവുന്നില്ല. മാർക്സിസ്റ്റുകാർ പിടിച്ചുവാങ്ങേണ്ടത് മൂന്നാംകിട ചാനൽ ചർച്ചകളിൽ ഉത്തരം പറയാനുള്ള സമയമല്ല, ചർച്ചയുടെ നിലവാരം തന്നെ മാറ്റിമറിക്കുന്ന ചോദ്യങ്ങൾ ഉയർത്താനുള്ള സാമൂഹിക ഇടമാണ്.