ബി. ബിപിൻ
“Realism doesn’t mean showing real things, but showing how things really are.” - Bertolt Brecht
മാർക്സിസ്റ്റ് പദാവലിയിൽ വിമർശം എന്നതിന് critique എന്നാണ് അർത്ഥം. വിമർശം കുറ്റം പറയലും തള്ളിക്കളയലും അല്ല, അപര്യാപ്തതകളുടെ വസ്തുനിഷ്ഠമായ വിശകലനവും പൂരിപ്പിക്കലും ആണ്.
'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' - രൂപവും ഉള്ളടക്കവും
യാഥാർത്ഥ്യത്തിന്റെ ചിത്രീകരണം എന്ന രീതിയിൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ശക്തമായ ഒരു സിനിമയാണ്. "ഈ സിനിമയിൽ ഉള്ളത് പോലെ ഒന്നും ഇപ്പോൾ ഒരു വീട്ടിലും നടക്കാറില്ല" എന്ന വാദത്തിൽ കഴമ്പില്ല. തോതിൽ വ്യത്യാസം കാണും, എന്നാൽ സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തൽ കേരളത്തിലെ എല്ലാ വീടുകളിലും ഒരു യാഥാർത്ഥ്യമാണ്.
പുരോഗമനവാദികൾ ആണ് എന്ന് സ്വയം കരുതുന്ന പുരുഷന്മാരെപ്പോലും ചിത്രം പിടിച്ചുലക്കും, കാരണം വീട്ടിലെ ഭക്ഷണത്തിന്റെ ഉത്തരവാദിത്തം അമ്മക്കോ ഭാര്യക്കോ ആണ് എന്ന അബോധധാരണയുടെ അടിസ്ഥാനത്തിൽ ഒരിക്കലെങ്കിലും പെരുമാറാത്ത പുരോഗമനവാദികളെപ്പോലും കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരിക്കും. അപ്പോൾ പിന്നെ വലതുപക്ഷ പുരുഷകേസരികളെ സിനിമ അലോസരപ്പെടുത്തുന്നതിൽ അത്ഭുതമില്ല. 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സ്ത്രീകളെ ഓർമ്മിപ്പിക്കുന്നത് അടുക്കളപ്പണിയും വീട്ടുജോലികളും അവരിൽ ഉണ്ടാക്കുന്ന മടുപ്പും വിരസതയും ക്ഷീണവും ദുഃഖവും തന്നെ ആവണം. അതുകൊണ്ടാണ് അടുത്തൊന്നും ഒരു സിനിമയ്ക്കും സാധിക്കാത്തതരത്തിൽ ഈ സിനിമ സ്ത്രീകളുടെ ശ്രദ്ധ ആകർഷിച്ചത്.
സിനിമയുടെ ഏറ്റവും വലിയ വിജയം അതിന്റെ രൂപവും ഉള്ളടക്കവും തമ്മിലുള്ള ഏകത തന്നെയാണ്. സിനിമയിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന, ധ്രുതഗതിയിലുള്ള, പാചകരംഗങ്ങൾ മടുപ്പുളവാക്കുന്നു എന്ന് ഒരു വിമർശനമായി പലരും ഉന്നയിച്ച് കണ്ടു. മടുപ്പുളവാക്കുക എന്നത് തന്നെയാണ് ആ രംഗങ്ങളുടെ ലക്‌ഷ്യം. ദിവസേന ഒരു അനുഷ്ഠാനം പോലെ ചെയ്യേണ്ടി വരുന്ന പാചകവും വീട്ടുജോലികളും സ്ത്രീകളിൽ ഉളവാക്കുന്ന മടുപ്പും മുഷിപ്പും വിരസതയും പ്രേക്ഷകരിലേക്കെത്തിക്കാൻ വളരെ ബോധപൂർവ്വമായ ഒരു ശ്രമമാണ് അത്. ലൈംഗികത പോലും വെറും ഒരു അനുഷ്ഠാനമായി മാറുന്ന വീടിന്റെ അകത്തളം സിനിമ വളരെ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്നു.
സ്ത്രീവിവേചനത്തിന്റെ വിശകലനം
എന്നാൽ ബ്രഹ്ച്ത് സൂചിപ്പിക്കുന്നത് പോലെ റിയലിസം എന്നാൽ യഥാർത്ഥമായ കാര്യങ്ങൾ ചിത്രീകരിക്കുക എന്നതല്ല, യഥാർത്ഥത്തിൽ കാര്യങ്ങൾ എങ്ങനെയാണ് എന്ന് കാണിച്ചുതരിക എന്നതാണ്! ഈ രണ്ട് സമീപനങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ട്. ഗ്യോദാർദിൽ നിന്നും കടമെടുത്താൽ ('What is to be done?' by Jean-Luc Godard), ആദ്യത്തെ സമീപനം ശ്രമിക്കുന്നത് സാഹചര്യങ്ങളുടെ സത്യസന്ധമായ വിവരണമാണ്, രണ്ടാമത്തേത് ലക്ഷ്യമാക്കുന്നത് സാഹചര്യങ്ങളുടെ പിന്നിലുള്ള യാഥാർത്ഥ്യത്തെ തേടിയുള്ള വിശകലനമാണ്. സ്ത്രീകളുടെ ഗാർഹിക അടിച്ചമർത്തൽ വിവരിക്കാൻ ഈ സിനിമക്ക് കഴിയുന്നുണ്ട്, എന്നാൽ ആ അടിച്ചമർത്തൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എങ്ങനെയാണ് വിശകലനം ചെയ്യുന്നത്? ഈ അടിച്ചമർത്തലിന്റെ അടിസ്ഥാനകാരണം എന്താണ്? എങ്ങനെയാണ് ഇതിനെ എതിരിടാനാവുക?
ഈ ചോദ്യങ്ങളെ സിനിമ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ സൂചനകൾ സിനിമയിൽ തന്നെയുണ്ട്. നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്ത് തന്റെ നൃത്തപരിപാടിക്ക് ക്ഷണിക്കാൻ അവരെ ഫോൺ ചെയ്യുന്ന രംഗമുണ്ട്. അതിൽ അടിച്ചമർത്തലും പുരുഷമേധാവിത്വവും ഇല്ലാത്ത ഒരു വീടിന്റെ ചിത്രം വരച്ചിടാൻ സിനിമ ശ്രമിക്കുന്നു. കട്ടൻ ചായയും ബീഫ് കറിയും കുക്കറിൽ ചിക്കൻ ബിരിയാണിയും എല്ലാം സ്വയം മുൻകൈ എടുത്തുകൊണ്ട് ഉണ്ടാക്കുന്ന ഭർത്താവിനെ നമ്മൾ കാണുന്നു. ഗാർഹിക ജോലികളിൽ ഭർത്താവിന്റെ ഈ തുല്യ പങ്കാളിത്തമാണ് സുഹൃത്തിനെ അവരുടെ നൃത്തത്തോടുള്ള അഭിനിവേശം പിന്തുടരാൻ സഹായിക്കുന്നത് എന്നതാണ് വ്യംഗ്യം. സുഹൃത്തും ഭർത്താവും തീർച്ചയായും സിനിമ മുന്നോട്ടുവെക്കുന്ന ബദൽ ആണ്.
മുഖ്യകഥാപാത്രങ്ങങ്ങളുടെ വീടിനെ സുഹൃത്തിന്റെ വീട്ടിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം അവിടുത്തെ പുരുഷന്മാരുടെ യാഥാസ്ഥിതികത്വമാണ്. ഈ ജീർണ്ണിച്ച യാഥാസ്ഥിതിക കാഴ്ചപ്പാടാണ് അവരെ പുരുഷമേധാവിത്വത്തിന്റെ ആൾരൂപങ്ങൾ ആക്കി മാറ്റുന്നത്. സുഹൃത്തിന്റെ വീടിനെ സിനിമ മുന്നോട്ടുവെക്കുന്ന "മാതൃക"യാക്കി മാറ്റുന്നത് അവിടെയുള്ള പുരുഷന്റെ പുരോഗമനകാഴ്ചപ്പാടാണ്. പുരുഷന്മാരുടെ (അവരെ പിന്തുടരുന്ന ചില സ്ത്രീകളുടെയും) തെറ്റായ കാഴ്ചപ്പാടാണ് സിനിമയെ സംബന്ധിച്ചെടുത്തോളം സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതിന്റെ അടിസ്ഥാന കാരണം.
അങ്ങനെയെങ്കിൽ അടുത്ത പ്രധാന ചോദ്യം ഈ കാഴ്ചപ്പാട് എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. ഇതിനും സിനിമ വ്യക്തമായ ഉത്തരം നൽകുന്നു. പ്രധാനസ്‌ത്രീകഥാപാത്രം ഭർത്താവിന്റെ വീട് വിട്ടിറങ്ങി സ്വന്തം വീട്ടിൽ വന്നു കഴിഞ്ഞ ഉടനെ വെള്ളം ചോദിച്ചു വരുന്ന അനിയനെ ഉഗ്രമായി ശാസിക്കുന്ന രംഗമുണ്ട്. വീട്ടുജോലികൾ മുഴുവനും അമ്മയുടേയോ പെങ്ങളുടെയോ ബാദ്ധ്യതയല്ല എന്ന് ചെറുപ്പം മുതൽ തന്നെ ആൺകുട്ടികളെ മനസ്സിലാക്കിക്കൊടുക്കേണ്ടതിന്റെ ആവശ്യകത ഈ രംഗത്തിലുണ്ട്.
ഭർത്താവിന്റെയോ അയാളുടെ അച്ഛന്റെയോ യാഥാസ്ഥിതികത്വം വിദ്യാഭ്യാസത്തിന്റെ കുറവ് മൂലം ഉള്ളതല്ല. സിനിമയിലെ ഭർത്താവ് ഒരു ചരിത്രാധ്യാപകനാണ് എന്നത് പ്രധാനമാണ്. ചരിത്രം പോലെ സമൂഹവുമായി ഇത്രയും ബന്ധമുള്ള ഒരു വിഷയത്തിൽ വിദ്യാഭ്യാസം സിദ്ധിച്ചിട്ടും അയാളിലെ പുരുഷമേധാവിത്വത്തിന് ഒരു പോറൽ പോലും ഏറ്റിട്ടില്ല. വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന് പുരുഷന്മാരിലെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് മാറ്റാൻ സാധിക്കുന്നില്ല എന്നും, ഈ മാറ്റം വീടുകളിൽ നിന്നും ചെറുപ്പത്തിൽ തന്നെ തുടങ്ങിവെക്കേണ്ട ഒന്നാണെന്നും സിനിമ സൂചിപ്പിക്കുന്നു.
ഭർത്താവിലേയും അയാളുടെ അച്ഛനിലേയും സ്ത്രീവിരുദ്ധകാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്ന ഘടകമായിട്ടാണ് സിനിമയിൽ തീവ്രവലതുപക്ഷ രാഷ്ട്രീയം കയറി വരുന്നത്. ഇവ പരസ്പരപൂരകങ്ങളാണ്; സ്ത്രീവിരുദ്ധകാഴ്ചപ്പാട് വലതുപക്ഷത്തെ വളർത്തുന്നു, വലതുപക്ഷം അതിന്റെ കായികശക്തി ഉപയോഗിച്ച് ഈ കാഴ്ചപ്പാടുകൾക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്തിക്കൊണ്ട് അതിനെ ശക്തിപ്പെടുത്തുന്നു.
യാഥാസ്ഥിതിക കാഴ്ചപ്പാടിന്റെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും സ്വാധീനത്തിൽ അകപ്പെട്ട കുടുംബത്തിൽ നിന്നും സിനിമയിലെ സ്ത്രീ സ്വയം പുറത്തുചാടുകയാണ്. ഈ പുറത്തുകടക്കലിനെ അവളുടെ കുടുംബത്തിലെ സ്ത്രീകൾ പോലും എതിർക്കുന്നുണ്ട്. എന്നാൽ അവരെ വെല്ലുവിളിച്ചു കൊണ്ട് നൃത്യാദ്ധ്യാപിക എന്ന ജോലി ചെയ്ത് അവൾ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുകയും ആ ജോലി വഴി വിമോചനപാഠങ്ങൾ പുതിയ തലമുറക്ക് കൈമാറുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ ഇതൊന്നും ഭർത്താവിലോ അയാളുടെ കുടുംബാങ്ങങ്ങളിലോ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല, അയാൾ മറ്റൊരു കല്യാണം കഴിച്ച് സ്ത്രീയുടെ അടിമത്തത്തിൽ അധിഷ്ഠിതമായ മറ്റൊരു "ആദർശദാമ്പത്യം" കെട്ടിപ്പടുക്കാനുള്ള തെയ്യാറെടുപ്പിൽ ആണ്.
കുടുംബങ്ങൾക്കുള്ളിലെ സ്ത്രീവിവേചനവും അടിച്ചമർത്തലും ആണ് 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ കാരണങ്ങളായി സിനിമ അവതരിപ്പിക്കുന്നത് പുരുഷന്മാരുടെ യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവും ആയ കാഴ്ചപ്പാടുകളും ഈ കാഴ്ചപ്പാടുകളുടെ ബലത്തിൽ വളരുകയും തങ്ങളുടെ കായികബലം കൊണ്ട് ഇത്തരം കാഴ്ചപ്പാടുകളെ സംരക്ഷിക്കുകയും ചെയ്യുന്ന തീവ്രവലതുപക്ഷ സംഘടനകളും ആണ്. സിനിമയെ സംബന്ധിച്ചെടുത്തോളം ഇതിനെതിരെയുള്ള പോരാട്ടം ആശയതലത്തിൽ ആണ് നടക്കുന്നത്. പുരുഷന്റെ കാഴ്ചപ്പാടിലെ കാതലായ മാറ്റമാണ് ഈ അവസ്ഥയെ മാറ്റാനുള്ള പോംവഴി. ഇത്തരം മാറ്റം ഉണ്ടാക്കാൻ നിലവിലുള്ള വിദ്യാഭ്യാസവ്യവസ്ഥ പരാജയപ്പെടുന്നത് കൊണ്ട് വേണ്ടത് ചെറുപ്പം മുതലേ ആൺകുട്ടികളിലും (വീട്ടിലെ അനിയൻ) പെൺകുട്ടികളിലും (സ്കൂളിലെ നൃത്തം കളിക്കുന്ന കുട്ടികൾ) ഉണ്ടാക്കിയെടുക്കേണ്ട ലിംഗസമത്വത്തെ കുറിച്ചുള്ള ധാരണയാണ്. പുരുഷകാഴ്ചപ്പാടിന്റെ മാറ്റം നയിക്കുന്നത് കുടുംബത്തിന്റെ ജനാധിപത്യവൽക്കരണത്തിലേക്കാണ്. വീട്ടുജോലികളിലും കുട്ടികളുടെയും മുതിർന്നവരുടെയും പരിപാലനത്തിലും പുരുഷന്റെ തുല്യ പങ്കാളിത്തം ആണ് ഈ ജനാധിപത്യവൽക്കരണത്തിന്റെ അടിസ്ഥാനം. ഈ ആദർശജനാധിപത്യകുടുംബത്തിന്റെ ഒരു ഉദാഹരണം എന്ന നിലക്കാണ് സിനിമയിൽ നൃത്തകിയും ഭർത്താവും പ്രത്യക്ഷപ്പെടുന്നത്.
കുടുംബത്തെയും അതിനുള്ളിലെ സ്ത്രീവിവേചനത്തെയും കുറിച്ച് 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കാഴ്ചവെക്കുന്ന വിശകലനം വരേണ്യവർഗ്ഗ ഫെമിനിസത്തിന്റേതുമായി (Bourgeois Feminism) ചേർന്ന് പോകുന്ന ഒന്നാണ്. വരേണ്യവർഗ്ഗ ഫെമിനിസത്തെ സംബന്ധിച്ചെടുത്തോളം സ്ത്രീവിവേചനം എന്നത് പുരുഷവർഗ്ഗം കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്തിട്ടുള്ള സ്ത്രീവിരുദ്ധ ആശയങ്ങളുടെ സാമൂഹിക പ്രാബല്യത്തിൽ നിന്നും ഉടലെടുക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ഈ വിവേചനത്തെ അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സ്ത്രീപക്ഷ കാഴ്ചപ്പാടിന് സമൂഹത്തിൽ ആധിപത്യം നേടിയെടുക്കുന്നതിലൂടെയാണ്. ഈ ശ്രമങ്ങളുടെ ഒരു വെല്ലുവിളി എന്ന് പറയുന്നത് നൂറ്റാണ്ടകളായുള്ള ഉപയോഗം വഴി പല സ്ത്രീവിരുദ്ധ ആശയങ്ങളും സാമാന്യബോധത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. വേരുറച്ചുപോയ സാമാന്യബോധത്തിന്റെ സ്ത്രീവിരുദ്ധത പുറത്തുകൊണ്ടുവരാൻ "പെൺനോട്ട"ത്തിന് മാത്രമേ കഴിയൂ എന്നാണ് ഭൂരിപക്ഷം ഫെമിനിസ്റ്റുകളും വാദിക്കുന്നത്. സ്ത്രീവിരുദ്ധമായ ആശയങ്ങളുടെയും സാമാന്യബോധത്തിന്റെയും അടിസ്ഥാനത്തിൽ സ്ത്രീയെ അടിച്ചമർത്താനും നിലയ്ക്ക് നിർത്താനും പുരുഷൻ ഉണ്ടാക്കിയെടുത്ത നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എതിരെ പ്രായോഗിക പോരാട്ടം വേണ്ടി വന്നേക്കാം. എന്നാൽ ഇവയുടെയെല്ലാം അടിസ്ഥാനമായി ഫെമിനിസം കാണുന്നത് പുരുഷന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടിനെയാണ്. ഇതേ യുക്തിയാണ് 'ഗ്രേറ്റ് ഇന്ത്യൻ കിച്ച'നും പിൻപറ്റുന്നത്.
ഇത് ആശയവാദത്തിൽ (Idealism) അധിഷ്ഠിതമായ ഒരു വിശകലനമാണ്. എന്താണ് ആശയവാദം? ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത് അതാത് കാലഘട്ടങ്ങളിൽ മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന ആശയങ്ങളാണ് എന്ന യുക്തിയെയാണ് ആശയവാദം എന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ആശയവാദം എല്ലാ സാമൂഹിക പ്രതിഭാസങ്ങളെയും ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു.
ആശയവാദവിശകലനങ്ങൾക്ക് സ്ത്രീവിമോചനം എന്നത് സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനത്തെക്കുറിച്ചുള്ള പുരുഷന്റെ തെറ്റായ ആശയങ്ങളും സ്ത്രീകളുടെ (ചുരുക്കം ചില പ്രബുദ്ധരായ പുരുഷൻമാരുടെയും) ശരിയായ ആശയങ്ങളും തമ്മിലുള്ള സമരത്തിന്റെ ഫലമായി നേടിയെടുക്കേണ്ട ഒന്നാണ്. ഇവിടെ സംഘട്ടനം അടിസ്ഥാനപരമായി നടക്കുന്നത് ആശയങ്ങളുടെ തലത്തിൽ ആണ്, അതിന്റെ പ്രതിഫലനം മാത്രമാണ് നമ്മൾ സാമൂഹികതലത്തിൽ കാണുന്നത്. സ്ത്രീവിരുദ്ധ ആശയങ്ങളെ എതിർത്ത് തോൽപ്പിക്കാൻ കഴിഞ്ഞാൽ, അവ തെറ്റാണെന്ന് ഭൂരിപക്ഷം ആളുകളെ ബോധ്യപ്പെടുത്താനായാൽ, സ്ത്രീവിമോചനം സാദ്ധ്യമാകും! ആശയസംഘട്ടനങ്ങളും ബോധവൽക്കരണവുമാണ് ആശയവാദത്തിന്റെ പ്രധാന ആയുധങ്ങൾ.
മാർക്സിസ്റ്റ് ഭൗതികവാദം
എന്നാൽ മാർക്സിസം ഒരു ആശയവാദമല്ല, മറിച്ച് ഭൗതികവാദത്തിന്റെ (Materialism) ഏറ്റവും ഉയർന്ന രൂപമാണ്. മാർക്സിസ്റ്റ് ഭൗതികവാദവും ആശയവാദവും തമ്മിലുള്ള വ്യത്യാസം എന്താണ്? മാർക്സിസ്റ്റ് ഭൗതികവാദത്തിന്റെ അടിസ്ഥാനം 'ജർമ്മൻ ഐഡിയോളജി'യിൽ മാർക്സ് തന്നെ വ്യക്തമാക്കുന്നുണ്ട്:
“We do not set out from what men say, imagine, conceive nor from men as narrated, thought of, imagined, conceived, in order to arrive at men in the flesh. We set out from real, active men, and on the basis of their real life process we demonstrate the development of the ideological reflexes and echoes of this life process. Morality, religion, metaphysics, all the rest of ideology and their corresponding forms of consciousness, thus no longer retain the semblance of independence. They have no history, no development: but men, developing their material production and their material intercourse alter, along with their real existence, their thinking and the products of their thinking. Life is not determined by consciousness, but consciousness by life.”
മാർക്സ് സുവ്യക്തമാക്കുന്നത് പോലെ, ആശയങ്ങൾക്ക് സ്വതന്ത്രമായ നിലനിൽപ്പോ ചരിത്രമോ പരിണാമമോ ഇല്ല, പകരം അവ മനുഷ്യന്റെ ഉൽപ്പാദന പ്രക്രിയയുടെയും ഭൗതിക വ്യവഹാരത്തിന്റെയും പ്രത്യയശാസ്ത്ര പ്രതിഫലനം മാത്രമാണ്. അതുകൊണ്ടുതന്നെ മാർക്സിസം സ്ത്രീകളുടെ അടിച്ചമർത്തൽ ഉൾപ്പടെയുള്ള ഒരു സാമൂഹിക പ്രതിഭാസത്തിന്റെയും വിശകലനം ആശയതലത്തിൽ നിന്നല്ല ആരംഭിക്കുന്നത്, മറിച്ച് ഭൗതികതലത്തിൽ നിന്നാണ്. മനുഷ്യരുടെ ഭൗതിക സാഹചര്യങ്ങളാണ് ആശയങ്ങളെ ഉൽപ്പാദിപ്പിക്കുന്നത്. മേലെ ഉദ്ധരിച്ചിരിക്കുന്ന മാർക്സിന്റെ പ്രശസ്തമായ വാക്യം കടമെടുത്താൽ: ജീവിതം ആശയങ്ങളാൽ അല്ല നിർണ്ണയിക്കപ്പെടുന്നത്, മറിച്ച് ജീവിതമാണ് ആശയങ്ങളെ നിർണ്ണയിക്കുന്നത്!
സ്ത്രീവിവേചനത്തിന്റെ കാര്യം തന്നെ എടുക്കാം. സ്ത്രീവിരുദ്ധ ആശയങ്ങൾ സമൂഹത്തിൽ പ്രബലമല്ലെന്നോ അവ സാമാന്യബോധത്തിന്റെ ഭാഗമല്ലെന്നോ മാർക്സിസം ഒരിക്കലും വാദിക്കുന്നില്ല. ഈ ആശയങ്ങളുടെ പിൻബലത്തോടെയാണ് സ്ത്രീ അടിച്ചമർത്തപ്പെടുന്നതും നിലക്കുനിർത്തപ്പെടുന്നതും. എന്നാൽ മാർക്സിസം ഉന്നയിക്കുന്ന ചോദ്യം ഇതാണ്: ഈ സ്ത്രീവിരുദ്ധ ആശയങ്ങൾ എങ്ങനെയാണ് ഉണ്ടായിവന്നത്? വരേണ്യവർഗ്ഗ ഫെമിനിസം ഉൾപ്പടെ, യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നതിൽ ആശയങ്ങൾക്ക് പ്രാഥമികത കൽപ്പിക്കുന്ന പ്രസ്ഥാനങ്ങൾ കരുതുന്നത്, ഇവ സ്ത്രീയെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ കാലാകാലങ്ങളായി പുരുഷന്മാർ ഉണ്ടാക്കിയെടുത്തവയാണ് എന്നാണ്. സ്ത്രീ അബലയും അടിമയും ആയി നിലനിന്നാൽ പുരുഷന് ഉണ്ടാവുന്ന സൗകര്യങ്ങൾ ആവാം അവനെ അതിന് പ്രേരിപ്പിച്ചത്.
എന്നാൽ മാർക്സിസ്റ്റ് ഭൗതികവാദം കാണിച്ചു തരുന്നത് സ്ത്രീവിരുദ്ധ ആശയങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടാനുണ്ടായ ഭൗതികസാഹചര്യങ്ങളാണ് (Material Conditions). സ്ത്രീവിരുദ്ധ ആശയങ്ങൾ ആദ്യം ഉത്ഭവിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുകയും അല്ല ഉണ്ടായത്. മറിച്ച്, മനുഷ്യചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ ഉൽപ്പാദനശക്തിയിലും ഉൽപ്പാദനബന്ധങ്ങളിലും വന്ന കാതലായ മാറ്റങ്ങൾ ആണ് സ്ത്രീവിവേചനത്തിന് തുടക്കം കുറിച്ചത്. സ്ത്രീയെ രണ്ടാം കിട പൗരയാക്കി മാറ്റിയ ഈ ഭൗതിക സാഹചര്യങ്ങളുടെ ആശയതലത്തിലെ പ്രതിഫലനങ്ങൾ ആയിട്ടാണ് സ്ത്രീവിരുദ്ധ ആശയങ്ങൾ ജനിക്കുന്നത്. ഈ ആശയങ്ങൾ ഉണ്ടാക്കിയത് വരേണ്യവർഗ്ഗ പുരുഷന്മാർ തന്നെയാണ്. എന്നാൽ അവർ ഈ ആശയങ്ങൾ അവരുടെ ഭാവനയിൽ പടച്ചുണ്ടാക്കിയതല്ല; സ്ത്രീകളുടെ സാമൂഹികമായ അരികുവൽക്കരണം ആണ് ഈ ആശയങ്ങളെ നിർമ്മിച്ചത്.
സ്ത്രീവിവേചനത്തെ ശക്തിപ്പെടുത്താനും അതിനെ സാമാന്യബോധമാക്കി മാറ്റാനും ഈ ആശയങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നതും ഇതിൽ വരേണ്യവർഗ്ഗ പുരുഷന്റെ (പ്രേത്യേകിച്ചും പുരോഹിതവർഗ്ഗത്തിന്റെ) പങ്ക് വളരെ വലുതാണ് എന്നതിലും സംശയമില്ല. ഭൗതിക സാഹചര്യങ്ങളും അവ ഉൽപ്പാദിപ്പിക്കുന്ന ആശയങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മിക ബന്ധമാണ് ഇവിടെ മാർക്സിസം കാണിച്ചു തരുന്നത്. ഒരു പ്രത്യേകഘട്ടത്തിൽ ഉടലെടുത്ത ഭൗതിക സാഹചര്യങ്ങൾ സ്ത്രീയെ അരികുവൽക്കരിക്കുന്നു, ഇതിന്റെ പ്രത്യയശാസ്ത്രപ്രതിഫലനമായി സ്ത്രീവിരുദ്ധ ആശയങ്ങൾ ഉയർന്നുവരുന്നു, ഈ ആശയങ്ങൾ സ്ത്രീയുടെ അടിമത്തം ശക്തിപ്പെടുത്തുന്നു. പക്ഷെ ഇവിടെ പ്രാഥമികത എപ്പോഴും ഭൗതികസാഹചര്യങ്ങൾക്കാണ്. ആശയവാദത്തിൽ നിന്നും വ്യത്യസ്തമായി മാർക്സിസ്റ്റ് ഭൗതികവാദം കാണിച്ചു തരുന്നത് സ്ത്രീവിവേചനമാണ് ആദ്യം ഉണ്ടായിവന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീവിരുദ്ധ ആശയങ്ങൾ ഉടലെടുത്തത് എന്നുമാണ്. എന്നാൽ പിന്നീട് ഈ ആശയങ്ങൾ സ്ത്രീയുടെ അടിച്ചമർത്തലിനെ ശക്തിപ്പെടുത്തുന്നു.
ആശയവാദത്തിൽ അധിഷ്ഠിതമായ വരേണ്യവർഗ്ഗഫെമിനിസത്തിനും 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' പോലെയുള്ള സിനിമകൾക്കും സ്ത്രീകളുടെ അടിച്ചമർത്തലിലേക്ക് നയിക്കുന്ന ഭൗതികസാഹചര്യങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല. പകരം അതിന്റെ പ്രകടരൂപമായ സ്ത്രീവിരുദ്ധ ആശയങ്ങളോടുള്ള പോരാട്ടമായി അവ ചുരുങ്ങുന്നു. സ്ത്രീവിവേചനത്തിന് കാരണമായ ഭൗതികസാഹചര്യങ്ങളെ മാറ്റിമറിക്കാതെ ഈ വിവേചനത്തെ അവസാനിപ്പിക്കാൻ ആവില്ല എന്ന് അവർ മറക്കുന്നു. അതുകൊണ്ടാണ് വരേണ്യവർഗ്ഗ ഫെമിനിസത്തെ എൻഗൽസ് "more or less hysterical effusions of bourgeois and petty bourgeois women careerists" എന്ന് വിശേഷിപ്പിച്ചത്. വിശകലനത്തിന്റെ തലത്തിൽ നിന്നും നോക്കിയാൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ച'നെയും 'hysterical effusion' ആയി തന്നെ പരിഗണിക്കേണ്ടി വരും.
സ്ത്രീവിവേചനത്തിന്റെ ഭൗതികസാഹചര്യങ്ങൾ
സ്ത്രീവിവേചനത്തിലേക്ക് നയിച്ച ഭൗതികസാഹചര്യങ്ങൾ ഏതൊക്കെയാണ്? നരവംശശാസ്ത്രപഠനങ്ങൾ നമ്മളോട് പറയുന്നത് സ്ത്രീകളുടെ അടിച്ചമർത്തൽ ചരിത്രാതീതകാലം മുതൽക്കേ നിലനിന്ന ഒരു കാര്യം അല്ല എന്നാണ്. ഈ അടിച്ചമർത്തൽ ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ ആവിർഭവിച്ച ഒന്നാണ്. ആധുനിക മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം ഒരുലക്ഷത്തിഅമ്പതിനായിരം വർഷങ്ങൾക്ക് മുൻപാണ്. ഈ ചരിത്രത്തിന്റെ ആദ്യഘട്ടത്തിൽ പ്രിമിറ്റിവ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയാണ് നിലനിന്നിരുന്നത് എന്ന് നമുക്കറിയാം. പ്രിമിറ്റിവ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥ നിലവിൽ നിന്നിരുന്ന സമൂഹങ്ങളിൽ ബഹുഭൂരിപക്ഷത്തിലും ഉൽപ്പാദനത്തിലും ഉപഭോഗത്തിലും സാമൂഹികതീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിലും സ്ത്രീപുരുഷ സമത്വം നിലനിന്നിരുന്നു എന്നാണ് ചരിത്രം കാണിക്കുന്നത്.
എന്നാൽ അയ്യായിരം-ആറായിരം വർഷങ്ങൾ മുൻപ് സാമൂഹികസമത്വം തകർത്തുകൊണ്ട് മനുഷ്യസമൂഹങ്ങൾ വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടു. ഈ വിഭജനത്തിന്റെ കാരണവും ഭൗതികപരമാണ്. ഉൽപ്പാദന ഉപകരണങ്ങളുടെയും ഉൽപ്പാദനപ്രക്രിയയുടെയും നിരന്തരമായ വികാസമാണ് ഈ വർഗ്ഗവിഭജനത്തിലേക്ക് നയിച്ചത്. ഉൽപ്പാദനശക്തി വർദ്ധിച്ചതോട് കൂടി ഒരു ഗോത്രത്തിന്റെ ഉപഭോഗാവശ്യങ്ങൾ നിറവേറാൻ എല്ലാവരും പണിയെടുക്കേണ്ട ആവശ്യമില്ല എന്ന് വരുന്നു. അപ്പോഴാണ് ഉൽപ്പാദനപ്രക്രിയയിൽ നേരിട്ട് പങ്കാളികൾ അല്ലാത്ത ഒരു ഉപരിവർഗ്ഗം സമൂഹത്തിൽ ഉണ്ടായിവരുന്നത്. അങ്ങനെയാണ് സമൂഹം ജോലിയെടുക്കുന്ന ഭൂരിപക്ഷവും വിഭവങ്ങൾ നിയന്ത്രിക്കുന്ന ന്യൂനപക്ഷവുമായി വിഭജിക്കപ്പെടുന്നത്.
കൗതുകകരമായ വസ്തുത എന്നത് സ്ത്രീകളുടെ അടിച്ചമർത്തലിന്റെ തുടക്കം മിക്കവാറും എല്ലായിടത്തും സമൂഹങ്ങൾ വർഗ്ഗങ്ങളായി വിഭജിക്കപ്പെടുന്ന കാലത്ത് തന്നെയാണ് സംഭവിക്കുന്നത് എന്നതാണ്. അതായത്, ഒരുലക്ഷത്തി അൻപതിനായിരം വർഷങ്ങളുടെ മനുഷ്യചരിത്രത്തിൽ അവസാനത്തെ കേവലം അയ്യായിരം-ആറായിരം വർഷങ്ങൾ മാത്രമാണ് സ്ത്രീവിവേചനം കാണപ്പെടുന്നത്. സ്ത്രീകളുടെ വിവേചനത്തിന്റെ കാരണം ജീവശാസ്ത്രപരമാണ് എന്നുള്ള യാഥാസ്ഥിതിക വാദം ഈ ചരിത്രവസ്തുത തകർക്കുന്നുണ്ട്. പുരുഷവർഗ്ഗം എല്ലായ്‌പ്പോഴും സ്ത്രീയെ അടിച്ചമർത്തുന്നതിൽ തല്പരരായിരുന്നു എന്ന വരേണ്യയവർഗ്ഗ ഫെമിനിസ്റ്റ് വാദവും ഇവിടെ തകരുകയാണ്.
പ്രിമിറ്റിവ് കമ്മ്യൂണിസത്തിന്റെ ഘട്ടത്തിലെ ഭക്ഷണശേഖരണവും കൈക്കോട്ട് (മൺവെട്ടി) കൊണ്ടുള്ള കൃഷിയും മറ്റും സ്ത്രീകൾക്ക് ഗർഭധാരണത്തിന്റെ സമയത്തുപോലും സുരക്ഷിതമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളായിരുന്നു. അതിനാൽ തന്നെ അവർ ഉൽപ്പാദനപ്രക്രിയലും സാമൂഹികജീവിതത്തിലും തുല്യപങ്കാളികൾ ആയി നിലനിന്നു. ഈ പങ്കാളിത്തമായിരുന്നു സ്ത്രീസമത്വത്തിന്റെ അടിസ്ഥാനം, അല്ലാതെ അക്കാലത്തെ പുരുഷന്മാരുടെ സ്ത്രീപക്ഷ ആശയങ്ങൾ അല്ല! എന്നാൽ ഉൽപ്പാദനശക്തിയുടെ വളർച്ച കൃഷിയെ കലപ്പയുടെ യുഗത്തിലേക്ക് നയിച്ചപ്പോൾ സ്ത്രീകൾ പതുക്കെ പ്രധാന ഉൽപ്പാദനമേഖലകളിൽ നിന്നും പുറന്തള്ളപ്പെട്ടു. ഈ പുറന്തള്ളൽ സ്ത്രീകൾക്കെതിരെയുള്ള പുരുഷന്മാരുടെ ഗൂഡാലോചനയുടെ ഫലമായിരുന്നില്ല. കലപ്പയുടെ സഹായത്തോടുകൂടെയുള്ള വളരെ ശ്രമകരമായ കൃഷിയിൽ സ്ത്രീകൾ, പ്രത്യേകിച്ചും ഗർഭിണികളായ സ്ത്രീകൾ, ഉൾപ്പെട്ടിരുന്ന ഗോത്രസമൂഹങ്ങളിൽ എല്ലാം ജനനനിരക്ക് കുറയുകയും ശിശുമരണനിരക്ക് കുത്തനെ കൂടുകയും ചെയ്തു. ഇതാണ്, എൻഗൽസ് സൂചിപ്പിച്ചത് പോലെ, പുരുഷൻ മുതലാളിയും സ്ത്രീ തൊഴിലാളിയും ആയ ഒരു കുടുംബവ്യവസ്ഥയിലേക്ക് നയിച്ചത്. ഈ പരിണാമത്തെ എൻഗൽസ് വിശേഷിപ്പിച്ചത് "the world historic defeat of the female sex" എന്നാണ്.
വർഗ്ഗവിഭജനം പ്രിമിറ്റിവ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ തകർത്തതിന് ശേഷം അടിമത്തവ്യവസ്ഥയും ഫ്യൂഡൽ വ്യവസ്ഥയും പിന്നിട്ട് മനുഷ്യസമൂഹം ഇന്ന് മുതലാളിത്തവ്യവസ്ഥയിൽ എത്തി നിൽക്കുകയാണ്. എന്നിട്ടും ഇന്നും സ്ത്രീവിവേചനം തുടരുന്നു. വർഗ്ഗസമൂഹത്തിന്റെ പ്രാരംഭഘട്ടത്തിൽ സ്ത്രീകളെ സാമൂഹിക ഉൽപ്പാദനത്തിൽ നിന്നും അകറ്റി വീടിന്റെ അകത്തളത്തിൽ തളച്ചിട്ട ഭൗതിക സാഹചര്യങ്ങൾ മുതലാളിത്തവ്യവസ്ഥക്കുള്ളിൽ നിലനിൽക്കുന്നില്ല. യന്ത്രവൽക്കരണവും ഓട്ടോമേഷനും നിർമ്മിതബുദ്ധിയും ചേർന്ന് മിക്കവാറും എല്ലാ ഉൽപ്പാദന പ്രക്രിയകളെയും സ്ത്രീകൾക്ക് സുരക്ഷിതമായി ഏർപ്പെടാൻ കഴിയാവുന്നവ ആക്കിത്തീർത്തിരിക്കുന്നു. എന്നിട്ടും സ്ത്രീകൾ കുടുംബങ്ങൾക്കുള്ളിൽ തളച്ചിടപ്പെടുന്നു, സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീവിവേചനം തുടരുന്നു. ഇത് 5000 വർഷങ്ങളായി തുടർന്ന് വരുന്ന സ്ത്രീവിരുദ്ധ ആശയങ്ങളുടെ സ്വാധീനം കാരണമാണോ? അതോ, ഇതിന് മുതലാളിത്തത്തിന്റെ പ്രവർത്തനത്തിൽ അധിഷ്ഠിതമായ പുതിയ ഭൗതികകാരണങ്ങൾ ഉണ്ടോ?
മുതലാളിത്തവും സ്ത്രീവിവേചനവും
മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥക്കുള്ളിൽ കുടുംബത്തിന്റെ സ്ഥാനമെന്താണ്? മുതലാളിത്തത്തിന്റെ സാമൂഹികപ്രത്യുൽപ്പാദനം (Social Reproduction)നടക്കുന്ന ഇടമാണ് ഇന്ന് കുടുംബം. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? സാമൂഹികപ്രത്യുൽപ്പാദനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ന് ലഭ്യമായ അതേ തോതിലും ആരോഗ്യത്തോട് കൂടിയും തൊഴിലാളിസമൂഹത്തെ നാളെയും ഇനിവരും വർഷങ്ങളിലും മുതലാളിത്തത്തിന് ലഭ്യമാവുന്ന പ്രക്രിയയെയാണ്. ഇതിന് ഇപ്പോഴുള്ള തൊഴിലാളികളുടെ ദിവസേനയുള്ള വിശ്രമവും പുനരുജ്ജീവനവും പ്രധാനമാണ്. ഇതുണ്ടെങ്കിലേ ഇതേ വീര്യത്തോടു കൂടി നാളെയും അവർ ജോലിക്കെത്തുകയുള്ളൂ. എന്നാൽ മുതലാളിത്തം ഒരാഴ്ചത്തേക്കുള്ള ഒരു ഉൽപ്പാദനവ്യവസ്ഥയല്ല. അതുകൊണ്ടു തന്നെ അടുത്ത തലമുറയിലെ തൊഴിലാളികളുടെ ജനനവും അവരുടെ ആരോഗ്യപരിപാലനവും അതിന്റെ സാമൂഹികപ്രത്യുൽപ്പാദനത്തിന് വളരെ പ്രധാനമാണ്. ഈ രണ്ട് പ്രക്രിയകളും ഇന്ന് നടക്കുന്നത് ആണുകുടുംബങ്ങൾക്കുള്ളിലാണ്. ഇതിന് രണ്ടിനും വേണ്ട അദ്ധ്വാനം മുതലാളിത്തം പിഴിഞ്ഞെടുക്കുന്നത് പ്രധാനമായും സ്ത്രീകളിൽ നിന്നാണ്.
മുതലാളിത്തം സാമൂഹികപ്രത്യുൽപ്പാദനത്തിന് പ്രധാനമായും കുടുംബത്തെ ആണ് ആശ്രയിക്കുന്നത് എന്നുള്ളതുകൊണ്ടാണ് കുടുംബത്തെ 'സമൂഹത്തിന്റെ അടിസ്ഥാന സാമ്പത്തിക യൂണിറ്റ്' എന്ന് വിശേഷിപ്പിക്കുന്നത്. ഇതുകൊണ്ടാണ് സ്ത്രീവിവേചനത്തിന്റെ ഭൂമികയായ കുടുംബവ്യവസ്ഥയെ നിലനിർത്തേണ്ടത് മുതലാളിത്തത്തിന്റെ ഭൗതിക ആവശ്യമായി വരുന്നത്. ഈ ആവശ്യമാണ് ഇന്നത്തെ സ്ത്രീവിവേചനത്തിന്റെ ഭൗതികമായ അടിസ്ഥാനം. സ്ത്രീ അടുക്കളയിൽ തളച്ചിടപ്പെടുന്നതിന്റെയും അടിച്ചമർത്തപ്പെടുന്നതിന്റെയും ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ന് മുതലാളിത്ത വ്യവസ്ഥയാണ് എന്ന പ്രാഥമിക പാഠമാണ് 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മനസ്സിലാക്കാത്തത്. ദിനം പ്രതി ശക്തിയാർജ്ജിച്ച് വരുന്ന യാഥാസ്ഥിതിക-സ്ത്രീവിരുദ്ധ ആശയങ്ങൾ ഈ ഭൗതിക സാഹചര്യത്തിന്റെ പ്രതിഫലനം മാത്രമാണ്. അതുകൊണ്ട് തന്നെ സിനിമ സൂചിപ്പിക്കുന്നത് പോലെ ഈ ആശയങ്ങളോടുള്ള സമരത്തിനോ അതിനായുള്ള ബോധവൽക്കരണത്തിനോ മാത്രമായി ഈ വിവേചനത്തെ വെല്ലുവിളിക്കാൻ ആവില്ല. സ്ത്രീവിമോചനത്തിന് കുടുംബത്തെ സാമൂഹികപ്രത്യുൽപ്പാദനത്തിന്റെ ഇടമായി കാണുന്ന മുതലാളിത്തവ്യവസ്ഥ തന്നെ മാറേണ്ടതായുണ്ട്.
ഇന്നത്തെ സ്ത്രീവിവേചനത്തിന്റെ ഭൗതികപശ്ചാത്തലം നന്നായി അറിയുന്നത് കൊണ്ടാണ് "Origin of family, private proparty and state" ൽ എൻഗൽസ് ഇങ്ങനെ നിരീക്ഷിച്ചത്:
".... the first condition for the liberation of the wife is to bring the whole female sex back into public industry, and that this inturn demands the abolition of the monogamous family as the economic unit of society."
എൻഗൽസിന്റെ നിരീക്ഷണത്തിന്റെ ആദ്യഭാഗം 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മനസ്സിലാക്കുന്നുണ്ട്. സ്ത്രീവിമോചനം സാധ്യമാവാൻ ആദ്യം വേണ്ടത് സ്ത്രീകൾ ഒന്നടങ്കം സാമൂഹിക ഉൽപ്പാദനപ്രക്രിയയിൽ പങ്കെടുക്കുകയും അതുവഴി സാമ്പത്തിക സ്വാശ്രയത്വം നേടുക എന്നതുമാണ്. എന്നാൽ സ്ത്രീകളെ ഇന്ന് ഇതിൽ നിന്നും തടയുന്ന അടിസ്ഥാനഘടകം പുരുഷന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടാണ് എന്നാണ് സിനിമ ധ്വനിപ്പിക്കുന്നത്.
ആശയവാദത്തിൽ അധിഷ്ഠിതമായ ഈ ധാരണ അബദ്ധമാണ് എന്ന് എൻഗൽസിന്റെ നിരീക്ഷണത്തിന്റെ രണ്ടാം ഭാഗം നമ്മോട് പറയുന്നുണ്ട്. സ്ത്രീക്ക് ഉൽപ്പാദനരംഗത്തിൽ സജീവമാവാൻ പുരുഷന്റെ കാഴ്ചപ്പാട് മാറണം എന്നല്ല എൻഗൽസ് പറയുന്നത്, മറിച്ച് കുടുംബം എന്നത് സമൂഹത്തിന്റെ സാമ്പത്തിക യൂണിറ്റ് ആയിരിക്കുന്ന അവസ്ഥ ഇല്ലാതാവണം എന്നാണ്. സമൂഹത്തിലെ സ്ത്രീവിരുദ്ധ ചിന്തയെ നിർമ്മിക്കുന്നതും നിലനിർത്തുന്നതും ഈ ഭൗതിക സാഹചര്യമാണ്. അതിനെ ഇല്ലായ്മ്മ ചെയ്യാതെ വിവേചനത്തെ അവസാനിപ്പിക്കാൻ ആവില്ല.
Economic unit of society എന്ന രീതിയിലുള്ള കുടുംബത്തിന്റെ നിലനിൽപ്പ് എങ്ങനെ അവസാനിപ്പിക്കാനാവും എന്ന് 1885ൽ ഒരു സുഹൃത്തിനെഴുതിയ കത്തിൽ എൻഗൽസ് തന്നെ സൂചിപ്പിക്കുന്നുണ്ട്:
"It is my conviction that real equality of women and men can come true only when the exploitation of either by capital has been abolished and private housework has been transformed into a public industry."
സ്ത്രീവിമോചനം സാധ്യമാകണമെങ്കിൽ മുതലാളിത്തത്തിനുള്ളിലെ കുടുംബങ്ങളിൽ സ്ത്രീകളുടെ അദ്ധ്വാനത്തിന്റെ ഫലമായി സംഭവിച്ചു പോരുന്ന പ്രത്യുൽപ്പാദന പ്രക്രിയ സാമൂഹികവൽക്കരിക്കപ്പെടണം. ഇന്നത്തെ തൊഴിലാളികളുടെ നിലനിൽപ്പും പുനരുജ്ജീവനവും, നാളത്തെ തൊഴിലാളികളുടെ പരിപാലനവും, കുടുംബങ്ങളിലെ സ്ത്രീകളുടെ ബാദ്ധ്യത അല്ല, സമൂഹത്തിന്റെ ബാദ്ധ്യത ആണ്. അതുകൊണ്ടാണ് സകല വീട്ടുജോലികളും കുഞ്ഞുങ്ങളുടെ പരിപാലനവും പ്രായമായവരുടെ പരിചരണവും സാമൂഹികവൽക്കരിക്കപ്പെടണം എന്ന ആവശ്യം മാർക്സിസം മുന്നോട്ട് വെക്കുന്നത്. എങ്ങനെയാണ് ഈ സാമൂഹികവൽക്കരണം സാദ്ധ്യമാവുക? റഷ്യൻ വിപ്ലവം കഴിഞ്ഞ ഉടനെ തൊഴിലാളിവർഗ്ഗ ഭരണകൂടം എങ്ങനെയാണ് സാമൂഹികവൽക്കരണം നടപ്പിലാക്കാൻ ശ്രമിച്ചത് എന്ന് റഷ്യൻ വിപ്ലവത്തിന്റെ ചരിത്രത്തിൽ ട്രോട്സ്കി വിശദീകരിക്കുന്നുണ്ട്:
"The revolution made a heroic effort to destroy the so-called 'family hearth' - that archaic, stuffy and stagnant institution in which the women of toiling classes perform their galley labour from childhood to death. The place of the family as a shut-in petty enterprise was to be occupied, according to the plans, by a finished ssytem of social care and accomodation: maternity houses, creches, kindergartens, schools, social dining rooms, social laundries, first-aid stations, hospitals, sanatoria, athletic organisations, moving-picture theatres etc. The complete absorption of the house keeping functions of the family by the institutions of the socialist society, uniting all generations in solidarity and mutual aid, was to bring to women, and thereby to loving couple, a real liberation from thousand year old fetters...."
അതായത്, ഇന്ന് കുടുംബത്തിൽ നിക്ഷിപ്തമായ എല്ലാ ജോലികളും സാമൂഹികവൽക്കരിക്കാനാണ് തൊഴിലാളിവർഗ്ഗ ഭരണകൂടം ശ്രമിച്ചത്. ഭക്ഷണത്തിന് സാമൂഹിക കാന്റീനുകൾ, കുഞ്ഞുങ്ങളെ നോക്കാൻ 24 മണിക്കൂറും തുറന്നിരിക്കുന്ന നഴ്‌സറികൾ, പ്രായമായവരുടെ ശുശ്രൂഷക്കായി പ്രത്യേകം ഏർപ്പാടുകൾ, തൊഴിലാളികൾക്ക് വിനോദത്തിനും ഉല്ലാസത്തിനുമായി കളിയിടങ്ങളും ക്ലബുകളും. അങ്ങനെയാവുമ്പോൾ സാമൂഹികപ്രത്യുൽപ്പാദനത്തിന്റെ ഉത്തരവാദിത്തം കുടുംബത്തിൽ നിന്നും മാറി സമൂഹത്തിന് മുഴുവനായും ആവും. ഇത് കുടുംബത്തിൽ തളച്ചിടുന്ന സ്ത്രീകളുടെ വിമോചനത്തിലേക്കുള്ള പ്രധാന ഭൗതിക കാൽവെപ്പായി മാറും.
പക്ഷെ ഇത് മുതലാളിത്തത്തിനുള്ളിൽ പ്രാവർത്തികമാക്കാൻ സാധിക്കില്ല. ഈ സാമൂഹികവൽക്കരണത്തിനുള്ള പണം സാമൂഹികമിച്ചത്തിൽ (social surplus) നിന്നുമാണ് കണ്ടത്തേണ്ടത്. എന്നാൽ മുതലാളിത്തത്തിൽ സാമൂഹികമിച്ചം ആണ് ലാഭം എന്ന രീതിയിൽ മുതലാളിവർഗ്ഗം കൈവശപ്പെടുത്തുന്നത്. സാമൂഹികവൽക്കരണത്തിനുള്ള ഫണ്ട് മിച്ചത്തിൽ നിന്നും കണ്ടെത്തുക എന്നാൽ മുതലാളിത്തത്തിനുള്ളിൽ ലാഭത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് നടപ്പാക്കുക എന്നാണ് അർത്ഥം. മുതലാളിത്ത പ്രതിസന്ധി കാരണം ലാഭത്തിന്റെ അനുപാതം നിരന്തരമായി കുറഞ്ഞു വരുന്ന സമയത്ത് ഇത് മുതലാളിവർഗ്ഗത്തിന് സ്വീകാര്യമായ ഒരു നടപടി അല്ല. പകരം, മുതലാളിവർഗ്ഗം ആഗ്രഹിക്കുന്നത് സാമൂഹികപ്രത്യുൽപ്പാദനം കുടുംബങ്ങൾക്കുള്ളിൽ തന്നെ നടക്കണം എന്നാണ്; അങ്ങനെയെങ്കിൽ അതിനുള്ള പണം മുഴുവൻ വരുന്നത് തൊഴിലാളിയുടെ കൂലിയിൽ നിന്നും ആവും.
ഇവിടെയാണ് സ്ത്രീവിമോചനവും തൊഴിലാളിവർഗ്ഗസമരവും തമ്മിലുള്ള ബന്ധം പ്രകടമാവുന്നത്. സാമൂഹികപ്രത്യുൽപ്പാദനത്തിന്റെ ബാദ്ധ്യത കുടുംബങ്ങളിൽ നിന്നും അടർത്തിമാറ്റുകയാണ് സ്ത്രീവിവേചനത്തിന്റെ ഭൗതികമായ പരിഹാരം. എന്നാൽ സാമൂഹികമിച്ചം ഇതിന് വേണ്ടി ഉപയോഗിക്കാൻ മുതലാളിവർഗ്ഗം സമ്മതിക്കില്ല. അതിനാൽ ഈ സാമൂഹികവൽക്കരണം യാഥാർഥ്യമാവണമെങ്കിൽ മുതലാളിത്തവ്യവസ്ഥ മാറേണ്ടതുണ്ട്. സ്ത്രീവിമോചനത്തിനായി എങ്ങനെയാണ് ആത്യന്തികമായി വ്യവസ്ഥയുടെ അതിവർത്തനം ആവശ്യമായി വരുന്നത് എന്നതാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. സ്ത്രീവിമോചന പോരാട്ടം എന്നത് വരേണ്യവർഗ്ഗഫെമിനിസവും 'ഗ്രേറ്റ് ഇന്ത്യൻ കിച്ച'നും കരുതുന്നത് പോലെ യാഥാസ്ഥിക പുരുഷൻമാർക്കെതിരെയോ സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെയോ മാത്രമായി ചുരുക്കാൻ സാധിക്കുന്ന ഒന്നല്ല. അത് മുതലാളിത്തവ്യവസ്ഥയുടെ മാറ്റം ലക്‌ഷ്യം വെക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് സ്ത്രീവിമോചനപോരാട്ടം തൊഴിലാളിവർഗ്ഗ വിപ്ലവപോരാട്ടങ്ങളുടെ ഒരു ഭാഗമായി മാറുന്നത്.
'ഗ്രേറ്റ് ഇന്ത്യൻ കിച്ച'ന്റെ വർഗ്ഗ ആഭിമുഖ്യം
'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മുന്നോട്ടു വെക്കുന്നത് സ്ത്രീവിമോചനത്തെ കുറിച്ചുള്ള ഈ വിപ്ലവകരമായ പരിപ്രേക്ഷ്യം അല്ല. സിനിമ വാദിക്കുന്നത് സാമൂഹികപ്രത്യുൽപ്പാദനത്തിന്റെ ബാധ്യത കുടുംബങ്ങളിൽ നിന്നും എടുത്തു മാറ്റുന്നതിന് വേണ്ടിയല്ല. ഈ ബാധ്യത കുടുംബങ്ങൾക്കുള്ളിൽ തന്നെ പുരുഷന്മാരുടെ കൂടെ തുല്യ പങ്കാളിത്തത്തോട് കൂടി നടപ്പാക്കുന്നതിനെയാണ് സിനിമ പിന്തുണക്കുന്നത്. അതായത് സിനിമയെ സ്ത്രീവിവേചനത്തിന്റെ ഭൗതിക കാരണണൾ അലട്ടുന്നതേ ഇല്ല. മുതലാളിത്തത്തിന് വേണ്ടിയുള്ള വിടുപണി ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കാൻ അതിന് യാതൊരു ഉദ്ദേശവും ഇല്ല. ഈ പണിയിൽ പുരുഷന്റെ പങ്കാളിത്തം മാത്രമാണ് അതിന്റെ ആവശ്യം. ഇതിനാണ് പുരുഷന്റെ കാഴ്ചപ്പാടിലെ മാറ്റം സിനിമ ആഗ്രഹിക്കുന്നത്. എന്നാൽ ഈ കാഴ്ചപ്പാടിന്റെ ഉറവിടം വ്യസ്ഥയുടെ ഭൗതിക ആവശ്യങ്ങൾ ആണ്. വ്യവസ്ഥയുടെ ഭൗതിക അടിസ്ഥാനത്തെ മാറ്റിമറിക്കാതെ ഈ കാഴ്ചപ്പാടുകളെ മാറ്റാൻ കഴിയില്ല.
വരേണ്യവർഗ്ഗ ഫെമിനിസത്തിന്റെ ചുവട് പിടിച്ച് സ്ത്രീവിമോചനത്തിനായി 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മുന്നോട്ട് വെക്കുന്ന വിശകലനം ആ സിനിമയുടെ വർഗ്ഗ ആഭിമുഖ്യം വെളിവാക്കുന്നുണ്ട്. ബൂർഷ്വ പ്രത്യയശാസ്ത്രത്തിന്റെ നല്ല ഒരു ഉദാഹരണമാണ് ഈ ചിത്രം. സ്ത്രീയുടെ അടിച്ചമർത്തലിലേക്കു നയിക്കുന്ന ഭൗതിക സാഹചര്യങ്ങൾ സിനിമ പറയുന്നതേ ഇല്ല. ഈ ഭൗതിക സാഹചര്യങ്ങളെ മാറ്റിമറിക്കുക എന്ന വിപ്ലവകരമായ പരിഹാരത്തിന് പകരം, ഈ സാഹചര്യങ്ങൾക്ക് യാതൊരു പോറലും ഏൽപ്പിക്കാത്ത, ആശയവാദത്തിൽ അധിഷ്ഠിതമായ, ഒരു പരിഹാരമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക യൂണിറ്റ് എന്ന നിലയിലും സാമൂഹിക പ്രത്യുൽപ്പാദനത്തിന്റെ ഇടം എന്ന നിലയിലുമുള്ള കുടുംബവ്യവസ്ഥയുടെ തകർച്ച സിനിമ ആഗ്രഹിക്കുന്നതേ ഇല്ല. മറിച്ച്, കുടുംബവ്യവസ്ഥയെ സംരക്ഷിച്ചു നിർത്തി അതിനെ "ജനാധിപത്യവൽക്കരിക്കാൻ" ആണ് സിനിമക്ക് താല്പര്യം. ഇതിന് കാരണം സ്ത്രീവിവേചനത്തിന്റെ ഭൗതിക അടിസ്ഥാനങ്ങൾക്കെതിരെയുള്ള പോരാട്ടം മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടമല്ലാതെ മറ്റൊന്നുമല്ല എന്നുള്ളത് കൊണ്ടാണ്. ബൂർഷ്വ പ്രത്യയശാസ്ത്രത്തിൽ തളച്ചിടപ്പെട്ട ഒരു സിനിമക്ക് സ്ത്രീവിമോചനത്തിനായി മുതലാളിത്തത്തെ വെല്ലുവിളിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാവാത്തതിൽ അത്ഭുതമില്ല.
സ്ത്രീവിമോചനത്തിനായുള്ള പോരാട്ടം അടിസ്ഥാനപരമായി വ്യവസ്ഥക്കെതിരെ ആണ് എന്നത് കൊണ്ട് സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെയും യാഥാസ്ഥിതിക കാഴ്ചപ്പാടിനെതിരെയും ഉള്ള പോരാട്ടങ്ങൾ അതിന്റെ ഭാഗമല്ല എന്നില്ല. എന്നാൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ച'നും വരേണ്യവർഗ്ഗ ഫെമിനിസവും ചെയ്യുന്നത് പോലെ ആ പോരാട്ടം ആശയതലത്തിലേക്ക് മാത്രമായി ചുരുക്കാൻ ആവില്ല. അങ്ങനെ ചുരുക്കാൻ ശ്രമിക്കുന്നത് ആണ് ഫെമിനിസത്തെയും ഈ സിനിമയെയും വരേണ്യവർഗ്ഗ പ്രത്യയശാസ്ത്രത്തിന്റെ മൈക്ക് ആക്കി മാറ്റുന്നത്. വർഗ്ഗസമരത്തിന്റെ പാതയിൽ സ്ത്രീയും പുരുഷനും ഐക്യദാർഢ്യത്തോട് കൂടി വ്യവസ്ഥക്കെതിരെ നടത്തുന്ന പോരാട്ടത്തിലൂടെ മാത്രമേ സ്ത്രീവിവേചനം അവസാനിപ്പിക്കാനാവൂ. പോരാട്ടങ്ങളിലെ ഈ ഐക്യദാർഢ്യം തന്നെയാണ് പുരുഷന്മാരിലെ സ്ത്രീവിരുദ്ധ സാമാന്യബോധങ്ങൾ പിഴുതെറിയുന്നതും!
No comments:
Post a Comment