Thursday 30 May 2024

മാർഗ്ഗം, ലക്ഷ്യം, പ്രസ്ഥാനം

 ബിപിൻ ബാലറാം

 

മാർഗ്ഗവും ലക്ഷ്യവും തമ്മിലുള്ള ബന്ധം തത്വശാസ്ത്രത്തിൽ നിരന്തരമായി ഉയർന്നുവരുന്ന സമസ്യകളിൽ ഒന്നാണ്. എന്നാൽ ഇത് കേവലം ഒരു താത്വികപ്രശ്നം മാത്രമല്ല, മറിച്ച് പ്രയോഗത്തെ സംബന്ധിക്കുന്ന പ്രധാന സമസ്യ കൂടിയാണ്. പ്രയോഗത്തിന് പ്രഥമസ്ഥാനം കല്പിക്കുന്ന ഒരു പ്രപഞ്ചവീക്ഷണം എന്ന നിലക്ക് മാർക്സിസത്തിൽ ഈ ചോദ്യത്തിന് കേന്ദ്ര പ്രാധാന്യമുണ്ട്. മാർഗ്ഗം-ലക്ഷ്യം എന്ന ദ്വന്ദ്വത്തിൻ്റെ ശരിയായ വിശകലനത്തെ അടിസ്ഥാനപ്പെടുത്തി മാത്രമേ മാർക്സിസത്തിൻ്റെ രാഷ്ട്രീയ പ്രയോഗം സാധ്യമാവുകയുള്ളൂ. 

ഈ  ദ്വന്ദ്വത്തിൻ്റെ വിവിധ വശങ്ങളിലേക്കും അതിൻ്റെ സങ്കീർണ്ണതകളിലേക്കും വിരൽ ചൂണ്ടുന്ന നല്ല ഉദാഹരണങ്ങളിൽ ഒന്ന് ആധുനിക ഫുട്ബോൾ ആണ്. ഒരു ഫുട്ബോൾ കളിയിലെ പ്രധാന പ്രശ്നം മാറ്റുരക്കുന്ന ടീമുകളിൽ ഏതു ടീമാണ് "നന്നായി കളിക്കുന്നത്" എന്നതാണ്. നന്നായി കളിക്കുന്നതിൻ്റെ അളവുകോൽ അടിക്കുന്ന ഗോളിൻ്റെ എണ്ണമാണ്. ഇത് ചരിത്രപരമായി ഉരുത്തിരിഞ്ഞു വന്ന ഒരു അളവുകോലാണ്. ഈ അളവുകോലിൻ്റെ അടിസ്ഥാനം, "നന്നായി കളിക്കാൻ"  അറിയുന്ന ടീം കൂടുതൽ ഗോൾ നേടാനുള്ള സാധ്യത അധികമാണ് എന്ന ധാരണയാണ്. ഈ ധാരണ ഒരു പരിധി വരെ ശരിയാണ് താനും.

എന്നാൽ ആധുനിക ഫുട്ബോളിൻ്റെ പ്രധാന "സംഭാവന"കളിൽ ഒന്ന് കൂടുതൽ ഗോൾ അടിക്കാൻ എതിർ ടീമിനെക്കാൾ നന്നായി കളിക്കണമെന്നില്ല എന്ന തിരിച്ചറിവാണ്. പകരം, മെച്ചപ്പെട്ട ടീമിനെ നന്നായി കളിക്കുന്നതിൽ നിന്നും തടഞ്ഞാൽ മതി. കളിച്ചു ജയിക്കാതെ, എതിർടീമിനെ കളിക്കാൻ അനുവദിക്കാതെ ജയിക്കുന്ന ഈ രീതിയെ പലപ്പോഴും നെഗറ്റീവ് ഫുട്ബോൾ എന്ന് അടയാളപ്പെടുത്താറുണ്ട്.

എന്നാൽ കൗതുകകരമായ കാര്യം, നെഗറ്റീവ് ഫുട്ബോൾ തന്ത്രങ്ങൾ ഫുട്ബോളിൻ്റെ അടിസ്ഥാനയുക്തിയെ തന്നെ ചോദ്യം ചെയ്യുന്നവയാണ് എന്നതാണ്. മാറ്റുരക്കുന്ന ടീമുകളിൽ ഏതിനാണ് നന്നായി കളിക്കാൻ അറിയുന്നത് എന്ന ചോദ്യം അപ്രസക്തമാവുന്നു. കാരണം, നെഗറ്റീവ് ഫുട്ബോൾ അവലംബിക്കുന്ന ടീം തങ്ങളുടെ എതിർടീമാണ് തങ്ങളേക്കാൾ നല്ലത് എന്നും അവരെ കളിച്ച് തോൽപ്പിക്കാൻ തങ്ങൾക്കാവില്ല എന്നും ആദ്യമേ സമ്മതിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. എന്നാൽ എതിർടീമിനെ കളിക്കാൻ അനുവദിക്കാതെ, "ഔപചാരികവിജയ"ത്തിന് വേണ്ട ഗോൾ അടിക്കുന്നതാവട്ടെ അവരാണ് താനും. 

നെഗറ്റിവ് ഫുട്ബോൾ ചെയ്യുന്നത് മാർഗ്ഗവും ലക്ഷ്യവും തമ്മിലുള്ള ബന്ധം നേർരേഖയിൽ കിടക്കുന്ന ഒന്നാണ് എന്ന ധാരണ ഉടച്ചുവാർക്കുകയാണ്. നന്നായി കളിക്കുന്ന ടീം ഗോൾ അടിച്ച് വിജയിക്കണം എന്നില്ല; ഗോൾ അടിച്ച് ജയിക്കുന്ന ടീം നന്നായി കളിച്ചിരിക്കണം എന്നും ഇല്ല. ഈ അവസ്ഥാവിശേഷം ഫുട്ബോൾ പരിശീലകരിൽ ഭൂരിഭാഗത്തേയും രണ്ട് വിഭാഗങ്ങളായി പിരിക്കുന്നു. ഒരു വിഭാഗം പ്രായോഗിക (pragmatic) ഫുട്ബാളിനെ പുൽകിക്കൊണ്ട് നന്നായി കളിക്കുന്നതിൽ അല്ല, ഏതുവിധേനയും ഗോൾ അടിക്കുന്നതിൽ ആണ് കാര്യം എന്ന് വാദിക്കുമ്പോൾ മറ്റൊരു വിഭാഗം ഗോൾ അടിച്ചു ജയിക്കുന്നതിനേക്കാൾ പ്രധാനം നല്ല കളി കാഴ്ച വെക്കുന്നതാണ് എന്ന കാൽപ്പനിക (romantic) ആശയം മുന്നോട്ടു വെക്കുന്നു. ജോസെ മൗറീഞ്ഞ്യോ ആദ്യ വിഭാഗത്തിലെ പ്രധാനി ആണെങ്കിൽ ആർസെൻ വെൻഗറെ പോലുള്ളവർ രണ്ടാമത്തെ വിഭാഗത്തിന്റെ പ്രതിനിധികൾ ആണ്. എന്നാൽ ലോകഫുട്ബോളിലെ മികച്ച ടീമുകൾ എല്ലാം തന്നെ മനോഹരമായ കളിയും ഗോളടിക്കാനുള്ള നൈപുണ്യവും ഒരുമിച്ച് കാഴ്ച വെച്ചവയായിരുന്നു എന്നതാണ് സത്യം.

  La Liberté guidant le peuple (1830) by  Eugène Delacroix 


ഇതിന് സമാനമായ അവസ്ഥ രാഷ്ട്രീയ പ്രയോഗത്തിന്റെ, പ്രത്യേകിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ, മേഖലയിലും കാണാൻ സാധിക്കും. "That which is generally called the ultimate aim of socialism is nothing, but the movement is everything" എന്നത് ബേൺസ്റ്റൈനിന്റെ പ്രശസ്തമായ വാക്യമാണ്. ഇത് റിഫോമിസ്റ്റ് രാഷ്ട്രീയത്തിന്റെ ആപ്തവാക്യം കൂടിയാണ്. തൊഴിലാളിവർഗ്ഗവിപ്ലവം എന്ന ലക്ഷ്യത്തെ പാടേ കൈയ്യൊഴിഞ്ഞു കൊണ്ട് ദൈനംദിന പരിഷ്‌കരണ പരിപാടികളിലേക്ക് ചുരുങ്ങുകയാണ് റിഫോമിസം ചെയ്യുന്നത്. ഇതിന് ബദലായി സാധാരണ ഉയർത്തപ്പെടുന്ന വാദം "ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും" എന്നതാണ് (ഈ വാദത്തെ ലെനിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും നടക്കാറുണ്ട്). മാർഗ്ഗം പ്രധാനമല്ലെന്നും വ്യവസ്ഥയെ "തച്ചുടക്കാൻ" ഏതു മാർഗ്ഗവും സ്വീകരിക്കാമെന്നുമുള്ള ഈ ആശയം ഇടതുപക്ഷ സാഹസികതയുടെ (left-adventurism) മുഖമുദ്രയാണ്. മാർഗ്ഗത്തിന് വേണ്ടി ലക്ഷ്യത്തെ കൈയ്യൊഴിയുന്ന റിഫോമിസത്തെ അവസരവാദമായാണ് (opportunism) ലെനിൻ അടയാളപ്പെടുത്തിയതെങ്കിൽ ലക്ഷ്യത്തിന് വേണ്ടി മാർഗ്ഗത്തെ തള്ളിപ്പറയുന്ന സാഹസികത ലെനിനിനെ സംബന്ധിച്ച് ഒരു infantile disorder മാത്രമാണ്. എതിർചേരിയിൽ നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ രണ്ട് ആശയങ്ങളുടെയും പൊള്ളത്തരം വെളിവാക്കുന്നതാണ് മാർഗ്ഗം-ലക്ഷ്യം  ദ്വന്ദ്വത്തോടുള്ള മാർക്സിസ്റ്റ് സമീപനം.

ഏതൊരു ദ്വന്ദ്വത്തെയും പോലെ മാർഗ്ഗം-ലക്ഷ്യം എന്ന ദ്വന്ദ്വത്തിൻ്റെയും ശരിയായ വിശകലനം വൈരുദ്ധ്യാത്മകതയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അത് കൊണ്ട് തന്നെ നമുക്ക് മാർക്സിൽ നിന്ന് തുടങ്ങേണ്ടതുണ്ട്. മറ്റൊരു പശ്ചാത്തലത്തിൽ മാർക്സ് കുറിച്ച ഒരു വാക്യത്തിന് ഇവിടെ വലിയ പ്രസക്തി ഉണ്ട്: "Not only the result, but the road to it also, is a part of truth. The investigation of truth must itself be true, true investigation is unfolded truth, the disjointed members of which unite in the result." ഇവിടെ മാർക്സ് സൈദ്ധാന്തിക അന്വേഷണങ്ങളിലെ പാതയും ഫലവും (road and result) തമ്മിലുള്ള വൈരുദ്ധ്യാത്മകതയെ കുറിച്ചാണ് സംസാരിക്കുന്നത്. എങ്കിലും ഈ വാക്യത്തിൻ്റെ അന്തഃസത്ത  മാർഗ്ഗം-ലക്ഷ്യം എന്ന ദ്വന്ദ്വത്തിനും ബാധകമാണ്.

സത്യത്തെ കുറിച്ചുള്ള അന്വേഷണവും സത്യമുള്ളതായിരിക്കണം എന്നാണ് മാർക്സിന്റെ വാദം. സത്യത്തിന്റെ ചുരുളഴിയുന്നത് ശരിയായ അന്വേഷണത്തിലൂടെ മാത്രമാണ്; അതുകൊണ്ട് അന്വേഷണം ഏത് തരത്തിലുള്ളതായാലും കുഴപ്പമില്ല, അവസാനം സത്യത്തിൽ എത്തിയാൽ മതി എന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിൽ ആണ്. അന്വേഷണത്തിലൂടെ സ്വരൂപിക്കപ്പെടുന്ന സത്യത്തിന്റെ നുറുങ്ങുകൾ ഏകോപിക്കപ്പെടുന്നതും ഒന്നിക്കപ്പെടുന്നതും അവയ്ക്ക് സമഗ്രത കൈവരുന്നതും അതിന്റെ ഫലത്തിൽ മാത്രമാണ്; അതുകൊണ്ട് ശരിയായ അന്വേഷണത്തിന്റെ പാതയിൽ സഞ്ചരിച്ചാൽ മതി, അത് നമ്മളെ സത്യത്തിലേക്ക് നയിച്ചില്ലെങ്കിലും (ഇനി 'സത്യം' എന്ന ഒന്ന് ഇല്ലെങ്കിൽ തന്നെയും) കുഴപ്പമില്ല എന്ന ആശയവും അബദ്ധജഢിലമാണ്. കാരണം അന്വേഷണത്തിന്റെ ശരിയും തെറ്റും നിർണ്ണയിക്കപ്പെടുന്നത് അന്വേഷണഫലത്തിന്റെ സമഗ്രതയുടെ പശ്ചാത്തലത്തിൽ മാത്രമാണ്.

ഇതേ വൈരുദ്ധ്യാത്മകയുക്തി തന്നെയാണ് മാർഗ്ഗം-ലക്ഷ്യം എന്ന ദ്വന്ദ്വത്തിനും ബാധകം. മാർഗ്ഗം-ലക്ഷ്യം എന്നത് പരസ്പരം നിർമ്മിക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യാത്മക  ദ്വന്ദ്വമാണ്. ലക്ഷ്യമാണ് മാർഗ്ഗത്തെ നിർണ്ണയിക്കുന്നത്; മാർഗ്ഗമാണ് ലക്ഷ്യത്തെ നിർമ്മിക്കുന്നത്. ഈ വൈരുദ്ധ്യാത്മക യുക്തിയുടെ അഭാവമാണ് നമ്മളെ റിഫോമിസ്റ് അവസരവാദത്തിലേക്കും ഉട്ടോപ്യൻ സാഹസികതയിലേക്കും തള്ളിവിടുന്നത്. ഈ രണ്ട് ആശയധാരകളെയും സംബന്ധിച്ചെടുത്തോളം മാർഗ്ഗവും ലക്ഷ്യവും സ്വതന്ത്രമായി നിലനിൽക്കുന്നവയാണ്; അവ തമ്മിലുള്ള ബന്ധം തികച്ചും യാന്ത്രികമാണ്. എന്നാൽ മേൽപ്പറഞ്ഞ മാർക്സിസ്റ്റ്‌ വൈരുദ്ധ്യാത്മകതയുടെ അടിസ്ഥാനത്തിൽ ലക്ഷ്യം ഇല്ലെങ്കിലും കുഴപ്പമില്ല, മാർഗ്ഗം ശരിയായാൽ മതി എന്നോ, ലക്ഷ്യം നല്ലതെങ്കിൽ ഏത് മാർഗ്ഗവും സ്വീകരിക്കാം എന്നോ ഉള്ള നിലപാടുകൾ അംഗീകരിക്കാൻ ആവില്ല. 

ലക്ഷ്യമാണ് മാർഗ്ഗത്തെ നിശ്ചയിക്കുന്നത്; മാർഗ്ഗം എന്നാൽ ഇപ്പോഴും "ലക്ഷ്യത്തിലേക്കുള്ള" മാർഗ്ഗമാണ്. ലക്ഷ്യമാണ് മാർഗ്ഗത്തിന്റെ അളവുകോൽ, മാർഗ്ഗത്തിന്റെ ശരിയും തെറ്റും അളക്കപ്പെടുന്നത് അത് ലക്ഷ്യത്തോട് നീതി പുലർത്തുന്നുണ്ടോ എന്ന് നോക്കിയാണ്. പൊട്ടിയ പട്ടം പോലെ, ലക്ഷ്യത്തോട് ബന്ധമില്ലാതെ, അതിനോട് നീതി പുലർത്താതെ, self-referential ആയി, അന്നന്നത്തെ പ്രശ്നങ്ങളോടും സാദ്ധ്യതകളോടുമുള്ള പ്രതികരണം മാത്രമായി മാറുന്ന മാർഗ്ഗത്തെ അതുകൊണ്ടാണ് ലെനിൻ അവസരവാദം എന്ന് വിളിച്ചത്.

എന്നാൽ ലക്ഷ്യം എന്നത് നമ്മൾ ശൂന്യതയിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല; ലക്ഷ്യം മാർഗ്ഗത്തിലൂടെ നിർമ്മിക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടാണ് മാർഗ്ഗത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരാത്ത ലക്ഷ്യങ്ങളെ നമ്മൾ ഉട്ടോപ്യൻ എന്ന് വിളിക്കുന്നത്. ഇത്തരം ലക്ഷ്യങ്ങളുടെ പുറകെ ഉള്ള പാച്ചിലിനെ ലെനിൻ സാഹസികതയായി മുദ്ര കുത്തിയതും ഇതുകൊണ്ട് തന്നെ. 

മാർഗ്ഗത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള ഈ വൈരുദ്ധ്യാത്മക പരികല്പനയുടെ അടിസ്ഥാനത്തിൽ ആണ് റോസ ലക്സംബർഗ് തൻ്റെ "Reform and Revolution" എന്ന കൃതിയിൽ ബേൺസ്റ്റൈനിന്റെ റിഫോമിസത്തെ വിമർശിക്കുന്നത്. കൃതിയുടെ ആമുഖത്തിൽ തന്നെ റോസ പറയുന്നു: "The controversy with Bernstein and his followers .... is not a question of this or that method of struggle, or the use of this or that set of tactics, but of the very existence of social-democratic movement." അതായത്, മാർക്സിസവും റിഫോമിസവും തമ്മിലുള്ള തർക്കം മാർഗ്ഗത്തെ ചൊല്ലിയുള്ളത് മാത്രമല്ല, തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചത് കൂടിയാണ്. കാരണം, മാർഗ്ഗത്തെ മഹത്വവൽക്കരിക്കുന്ന റിഫോമിസം ലക്ഷ്യത്തെ കൈയ്യൊഴിയാൻ അധികസമയം വേണ്ട. ലോകത്തെ റിഫോമിസ്റ്റ് സോഷ്യൽ ഡെമോക്രറ്റിക് പ്രസ്ഥാനങ്ങളുടെയെല്ലാം, ഇന്ത്യൻ വ്യവസ്ഥാപിത ഇടതുപക്ഷത്തിൻ്റെ ഉൾപ്പെടെ, അവസരവാദത്തിലേക്കും മുതലാളിത്ത ദാസ്യത്തിലേക്കും ഉള്ള കൂപ്പുകുത്തൽ ലെനിനിന്റെയും റോസയുടെയും വിശകലനങ്ങൾ ശരിവെക്കുന്നുണ്ട്.

മാർഗ്ഗവും ലക്ഷ്യവും തമ്മിലുള്ള ബന്ധത്തിന്റെ വിശകലനം വെറും ഒരു ദാർശനിക പ്രശ്‌നമല്ലെന്നും അത് ഒരു പ്രായോഗിക രാഷ്ട്രീയ പ്രശ്നമാണെന്നും തുടക്കത്തിൽ തന്നെ സൂചിപ്പിച്ചതാണ്. ലോകമെമ്പാടും തൊഴിലാളിവർഗ്ഗ രാഷ്ട്രീയം ഇന്നെത്തിനിൽക്കുന്ന വിരോധാഭാസപരമായ അവസ്ഥ ഇതിന്റെ ഉദാഹരണമാണ്. മുതലാളിത്തത്തിന്റെയും അതിന്റെ ഏറ്റവും ഉയർന്ന രൂപമായ സാമ്രാജ്യത്വത്തിന്റെയും ഘടനാപരമായ പ്രതിസന്ധികൾ ഇത്രയും രൂക്ഷവും നഗ്നവും ആയ അവസരങ്ങൾ ചരിത്രത്തിൽ തന്നെ അധികമില്ല. അങ്ങനെ നോക്കുമ്പോൾ തൊഴിലാളിവർഗ്ഗമുന്നേറ്റവും മുതലാളിത്തത്തിന്റെ അതിവർത്തനവും സാദ്ധ്യമാവുന്നതിനുള്ള വസ്തുനിഷ്ഠമായ അവസ്ഥ ഇന്ന് നിലവിലുണ്ട്. എന്നാൽ, വിപ്ലവകരവും സമരോൽസുകവും ആയ തൊഴിലാളിവർഗ്ഗരാഷ്ട്രീയം ലോകമുടനീളം ഇത്രയും ശോഷിച്ച ഒരു കാലവും ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ വിരോധാഭാസത്തിന്റെ കാരണമെന്ത് എന്നുള്ളത് പ്രധാനപ്പെട്ട സമസ്യയാണ്.

ഇന്ത്യൻ റിഫോമിസ്റ്റ് ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രമുഖ ദാർശനികമായ പ്രഭാത് പട്നായിക് ഇതിന് കണ്ടെത്തിയ കാരണം കൗതുകകരമാണ്. അദ്ദേഹം പറഞ്ഞത് ലെനിനിസത്തെ കൈയ്യൊഴിയാൻ ലോകത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തയ്യാറാവാത്തതാണ് ഇതിന്റെ കാരണം എന്നാണ്. ലോകരാഷ്ട്രീയത്തിലെ ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ലെനിനിസത്തിന് സാധുത ഉണ്ടായിരുന്നത് എന്നും ഇന്ന് ആ സാഹചര്യം നിലനിൽക്കുന്നില്ല എന്നും അദ്ദേഹം വാദിക്കുന്നു. എന്നാൽ സത്യം ഇതിന് നേർവിപരീതമാണ്. ലെനിനിസത്തിന്റെ അന്തഃസത്ത കൈവിട്ടതാണ് വർഗ്ഗരാഷ്ട്രീയത്തിന്റെ ശോഷണത്തിന്റെ പ്രധാന കാരണം. ലെനിനിസം എന്നാൽ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത അച്ചടക്കം മാത്രമാണ് എന്ന ധാരണ പരത്താൻ ഇന്ത്യൻ ഇടതുപക്ഷത്തെ പോലെ ലെനിനിസത്തെ വക്രീകരിച്ച രാഷ്ട്രീയ കക്ഷികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ വർഗ്ഗരാഷ്ട്രീയത്തിന്റെ പ്രയോഗത്തിൽ മാർഗ്ഗത്തെയും ലക്ഷ്യത്തെയും നിരന്തരം വിളക്കിച്ചേർക്കുന്ന കണ്ണിയായി സംഘടന മാറുന്നതാണ് ലെനിനിസത്തിന്റെ കാതൽ.

തൊഴിലാളിവർഗ്ഗ സംഘടന ഈ ഒരു കർത്തവ്യം നിറവേറ്റേണ്ടതിന്റെ ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം തന്നെ നമ്മോടു പറയുന്നുണ്ട്. വർഗ്ഗരാഷ്ട്രീയത്തിന്റെ ശോഷണത്തിന് കാരണമായി നമ്മൾ സാധാരണ പറഞ്ഞു കേൾക്കുന്നത് "ഇടതുപക്ഷ ജീർണ്ണത", "വലതുപക്ഷ വ്യതിയാനം" തുടങ്ങിയ പദങ്ങളാണ്. ഈ ജീർണ്ണതക്കും വ്യതിയാനത്തിനും ഉള്ള വസ്തുനിഷ്ഠമായ കാരണമെന്ത് എന്നതാണ് ചോദ്യം. ഇരുപതാം നൂറ്റാണ്ടിൽ ഉടനീളം മാർക്സിസ്റ്റ് പാതയിൽ പ്രവർത്തനമാരംഭിച്ച ഭൂരിപക്ഷം സംഘടനകളും ഇന്ന് പൂർണ്ണമായും മുതലാളിത്തവ്യവസ്ഥയുടെ ഭാഗമായ റിഫോമിസ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക്‌ കക്ഷികളായി അധഃപതിച്ചിരിക്കുന്നു. ഇന്ത്യൻ വ്യവസ്ഥാപിത ഇടതുപക്ഷം ഇതിന്റെ ക്ലാസിക് ഉദാഹരണമാണ്. മറ്റൊരു നല്ല ഉദാഹരണം യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ ആണ്. എന്ത് കൊണ്ട് ഈ അധഃപതനം സംഭവിക്കുന്നു?

മുതലാളിത്ത വ്യവസ്ഥക്കകത്തെ ദൈനംദിന രാഷ്ട്രീയപ്രവർത്തനം തൊഴിലാളിവർഗ്ഗ പാർട്ടികളെ പോലും പതുക്കെ ആ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രം സ്വാംശീകരിക്കാനും വ്യവസ്ഥയുമായി അനുരഞ്ജനത്തിൽ ഏർപ്പെടാനും പ്രേരിപ്പിക്കുന്നുണ്ട്. ഇതിന്റെ വസ്തുനിഷ്ഠമായ ഫലം ഇത്തരം പാർട്ടികളുടെ പ്രവർത്തനങ്ങൾ പതുക്കെ വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിലേക്ക് പരിമിതപ്പെടുന്നു എന്നതാണ്. ഈ പ്രക്രിയയിലൂടെ വ്യവസ്ഥ പ്രസ്ഥാനത്തെ വിഴുങ്ങുമ്പോൾ ആണ് മാർക്സിസ്റ്റ് പാർട്ടികൾ സോഷ്യൽ ഡെമോക്രസിയിലേക്ക് അധഃപതിക്കുന്നത്. മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ പ്രാബല്യം മൂലം സംഭവിക്കുന്ന ഒരു വസ്തുനിഷ്ഠ പ്രക്രിയയാണ് ഇത്. ഈ പ്രക്രിയക്ക് ചുക്കാൻ പിടിക്കുന്നത് ഓരോ ചരിത്ര സന്ദർഭങ്ങളിലും വർഗ്ഗസംഘടനകളിലെ ഓരോ വിഭാഗങ്ങളാണ്. ഉദാഹരത്തിന്, യൂറോപ്യൻ സാഹചര്യത്തിൽ എങ്ങനെയാണ് സാമ്രാജ്യത്വത്തിന്റെ തണൽ പറ്റി ഒരു "labour aristocracy" വളർന്നു വന്നത് എന്നും, ഈ വിഭാഗം എങ്ങനെയാണ് യൂറോപ്യൻ തൊഴിലാളിവർഗ്ഗ പാർട്ടികളുടെ അധഃപതനത്തിന് ചുക്കാൻ പിടിച്ചത് എന്നും ലെനിൻ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഇടതുപക്ഷത്തിൻ്റെ ജീർണ്ണതയിലേക്കുള്ള യാത്രയുടെ ചുക്കാൻ പിടിക്കുന്നത് വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും തണലിൽ തിന്നുകൊഴുക്കുന്ന സർക്കാർ ജീവനക്കാരിലെ വരേണ്യവർഗ്ഗവും, പാർലിമെന്ററി സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന (അല്ലെങ്കിൽ ഭാവിയിൽ അള്ളിപ്പിടിച്ചിരിക്കാൻ മോഹിക്കുന്ന) കരിയർ രാഷ്ട്രീയക്കാരും, ബ്യുറോക്രറ്റിക് തസ്തികകളിൽ പാർട്ടി നോമിനികളായി കേറിപ്പറ്റിയ വലിയ വിഭാഗം ആളുകളും ആണ് എന്ന് കാണാൻ സാധിക്കും. യൂറോപ്പിലായാലും ഇങ്ങു കേരളത്തിൽ ആയാലും "വരേണ്യതൊഴിലാളി" വിഭാഗത്തിന് ഈ വ്യവസ്ഥയെ നിലനിർത്തുന്നതിൽ വസ്തുനിഷ്ഠമായ താല്പര്യം ഉണ്ട്, കാരണം അവർ അതിന്റെ ഗുണഭോക്താക്കൾ ആണ്.

മാർഗ്ഗം-ലക്ഷ്യം  ദ്വന്ദ്വത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ജീർണ്ണത വിശകലനം ചെയ്യാനാവും. നമ്മൾ നേരത്തെ സൂചിപ്പിച്ച, ലക്ഷ്യം കൈയ്യൊഴിഞ്ഞു മാർഗ്ഗം മാത്രമാവുന്ന, അവസ്ഥയാണിത്. ലക്ഷ്യം കൊടുക്കുന്ന വെളിച്ചം നഷ്ടപ്പെട്ട മാർഗ്ഗം, വ്യവസ്ഥയുടെ ചക്രവ്യൂഹത്തിനുള്ളിൽ കുടുങ്ങി നട്ടം ചുറ്റുന്ന അവസ്ഥയാണ് റിഫോമിസ്റ്റ് പാർട്ടികളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

മാർക്സിസ്റ്റ് എന്ന പേരിൽ നിലവിൽ വന്ന പാർട്ടികളുടെ ഈ അധഃപതനം പൊതുവെ രണ്ടു പ്രതികരണങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇവ രണ്ടും ഈ ജീർണ്ണതയുടെ പ്രത്യക്ഷ ലക്ഷണങ്ങൾ മാത്രം കാണുകയും അതിൻ്റെ വസ്തുനിഷ്ഠമായ കാരണങ്ങൾ ഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നതിൽ നിന്നും ഉടലെടുക്കുന്നതാണ്. ആദ്യത്തേത്, ഈ ജീർണ്ണതയുടെ കാരണം തൊഴിലാളിവർഗ്ഗ പാർട്ടികളിലെ ഏകാധിപത്യപരവുമായ സംഘടനാ രീതി ആണ് എന്നതാണ്. ഇത്തരം സംഘടനകളിലെ ജനാധിപത്യത്തിന്റെ അഭാവമാണത്രെ ഈ ജീർണ്ണത ഉണ്ടാക്കുന്നത്. എൻ. പ്രഭാകരനെയും സാറാ ജോസഫിനെയും പോലുള്ള ശുദ്ധാത്മാക്കൾ ഇതിന്റെ ഉദാഹരണമാണ്. സംഘടനയിലെ ജനാധിപത്യത്തിന്റെ അഭാവം ലെനിനിസം കാരണമാണ് എന്ന ധാരണ വെച്ച് പുലർത്തുന്നത് കൊണ്ട് ഇവരുടെ ശത്രു ലെനിൻ ആണ്. ജനാധിപത്യത്തിന്റെ "കാറ്റും വെളിച്ചവും" ആഗ്രഹിക്കുന്ന ലെനിൻ വിരോധികളുടെ എണ്ണം യൂറോപ്യൻ ഇടതുപക്ഷത്തിലും വളരെ അധികമാണ്. രണ്ടാമത്തെ പ്രതികരണം, ഈ ജീർണ്ണത മുതലാളിത്തവ്യവസ്ഥക്കകത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സംഭവിക്കുന്നതാണ് എന്നുള്ളത് കൊണ്ട് അത്തരം പ്രവർത്തനം അവസാനിപ്പിക്കണം എന്നും ഭരണകൂടം പിടിക്കാനുള്ള "നേരിട്ടുള്ള" പ്രവർത്തനങ്ങളിൽ വ്യാപൃതരാവണം എന്നതുമാണ്. ഉട്ടോപ്യൻ സാഹസികതയുടെ ഈ വഴി തിരഞ്ഞെടുക്കുന്നവരും കുറവല്ല.

ഈ പ്രതികരണങ്ങൾ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള ത്വരയിൽ മാർഗ്ഗത്തെ തള്ളിപ്പറയുന്നവയാണ്. മാർഗ്ഗത്തിന്റെ തീച്ചൂളയിലൂടെ അല്ലാതെ,  അതായത് മുതലാളിത്തസമൂഹത്തിന്റെ സർവ്വജീർണ്ണതകൾക്കിടയിലും നടത്തുന്ന ദൈനംദിന വർഗ്ഗരാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലൂടെ അല്ലാതെ, ലക്ഷ്യത്തിലേക്ക് വേറെ കുറുക്കുവഴികൾ ഇല്ല എന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്.

വർഗ്ഗരാഷ്ട്രീയത്തിന്റെ പ്രയോഗത്തിൽ മാർഗ്ഗവും (മുതലാളിത്തവ്യവസ്ഥയിലെ വർഗ്ഗസമരം) ലക്ഷ്യവും (തൊഴിലാളിവർഗ്ഗ വിപ്ലവം) തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം കാത്തു സൂക്ഷിക്കുന്നത് ലെനിനിസം മാത്രമാണ്. ലെനിനിസത്തിന്റെ അങ്ങേയറ്റം വക്രീകരിച്ച രൂപത്തെ, "അച്ചടക്കമുള്ള ചീമുട്ടകൾ" ഉണ്ടാക്കാൻ വേണ്ടിയാണ് സിപിഎം പോലുള്ള റിഫോമിസ്റ്റ് സംഘടനകൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. അവരെ സംബന്ധിച്ചെടുത്തോളം "ലെനിനിസ്റ്റ് അച്ചടക്കം" എന്നത് പാർട്ടിയിലെ പ്രബല നേതാക്കന്മാരോടുള്ള ദാസ്യമനോഭാവം ആണ്. എന്നാൽ യഥാർത്ഥത്തിൽ വർഗ്ഗസമരത്തിന്റെ മാർഗ്ഗവും വിപ്ലവം എന്ന ലക്ഷ്യവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം സംഘടനയിലൂടെ എങ്ങനെ കാത്തുസൂക്ഷിക്കാം എന്ന് സൈദ്ധാന്തിക-പ്രായോഗിക തലങ്ങളിൽ കാണിച്ചു തരുന്നു എന്നതാണ് ലെനിനിസത്തിന്റെ മൗലികമായ സംഭാവന. ദൈനംദിന സാമൂഹിക-രാഷ്ട്രീയ പ്രവർത്തനവും ആത്യന്തികമായ സാമൂഹിക ലക്ഷ്യവും വിളക്കിച്ചേർക്കുന്ന കണ്ണിയാണ് ലെനിനിന് ഒരു വിപ്ലവസംഘടന. സംഘടനയിലൂടെ കൈവരുന്ന ഈ വൈരുദ്ധ്യാത്മക ബന്ധമാണ് മുതലാളിത്ത വ്യവസ്ഥക്കകത്തെ വർഗ്ഗസമരത്തിലൂന്നിയ ദൈനംദിന പ്രവർത്തനത്തിനിടയിലും മാർക്സിസ്റ്റ് പാർട്ടികളുടെ വിപ്ലവോന്മുഖത ചോർന്നു പോകാതെ കാത്തുസൂക്ഷിക്കുന്നത്. 

ഇവിടെയാണ് പ്രസ്ഥാനവും സംഘടനയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള എം. എൻ. വിജയൻറെ മൗലികമായ നിരീക്ഷണങ്ങൾ പ്രസക്തമാവുന്നത്. ഈ നിരീക്ഷണങ്ങൾ പൂർണ്ണമാവണമെങ്കിൽ ഇവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഇതിന്റെ സമഗ്രമായ ഒരു ചിത്രം നമുക്ക് തരുന്നത് ലെനിനിസത്തിന്റെ ഉൾക്കാഴ്ചകളാണ്. "പ്രസ്ഥാനം" സാധ്യമാവണമെങ്കിൽ മാർഗ്ഗവും ലക്ഷ്യവും തമ്മിലുള്ള വൈരുദ്ധ്യാത്മക സംയോജനം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മുതലാളിത്തത്തിന്റെ അതിവർത്തനം എന്ന ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ ആണ് ഒരു മാർക്സിസ്റ്റ്‌ സംഘടന ദൈനംദിനരാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തേണ്ടത്; അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കാതൽ വർഗ്ഗസമരം ആണ്. വർഗ്ഗവിപ്ലവം എന്ന ലക്ഷ്യമാണ് വർഗ്ഗസമരം എന്ന മാർഗ്ഗത്തെ നിർണ്ണയിക്കുന്നത്. ഇതേ സമയം, വർഗ്ഗവിപ്ലവം എന്ന ലക്ഷ്യം മുകളിൽ നിന്നും കെട്ടിയിറക്കപ്പെടുന്ന ഒന്നല്ല. ആ ലക്ഷ്യത്തിന്റെ ആവശ്യകത ദൈനംദിന വർഗ്ഗസമരത്തിലൂടെ ജനമനസ്സുകളിൽ ഉയർന്നു വരുന്നതാണ്. മുതലാളിത്തത്തിലെ പ്രശ്നങ്ങൾക്ക് ഈ വ്യവസ്ഥക്കുള്ളിൽ പ്രതിവിധികൾ ഇല്ല എന്നത് തൊഴിലാളിവർഗ്ഗത്തിന് വർഗ്ഗസമരത്തിലൂടെയാണ് വെളിപ്പെടുന്നത്. അതായത്, വർഗ്ഗവിപ്ലവം എന്ന ലക്ഷ്യം നിർമ്മിക്കപ്പെടുന്നത് വർഗ്ഗസമരം എന്ന മാർഗ്ഗത്തിലൂടെ ആണ്. ഈ വൈരുദ്ധ്യാത്മക ബന്ധം കാത്തുസൂക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് ഒരു സംഘടന ഒരു "പ്രസ്ഥാന"ത്തെ നയിക്കാൻ പ്രാപ്തമാവുന്നത്. സംഘടനയിലൂടെ എങ്ങനെ ഈ ബന്ധം വിളക്കിച്ചേർക്കാം എന്നതാണ് ലെനിനിസത്തിന്റെ അന്തഃസത്ത. ഈ അന്തഃസത്ത തിരിച്ചു പിടിച്ചാൽ മാത്രമേ മൃത്യുസന്ധിയിൽ എത്തി നിൽക്കുന്ന മുതലാളിത്തത്തിൽ നിന്നും ചരിത്രത്തെ രക്ഷിക്കാൻ തൊഴിലാളി വർഗ്ഗത്തിന് സാധിക്കൂ.