ബിപിൻ ബാലറാം
'പിണറായി സർക്കാർ' എന്ന് വിളിക്കപ്പെടുന്ന കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ സാമൂഹിക-വർഗ്ഗ ഉള്ളടക്കം എന്തായിരുന്നു? ഈ കാലയളവിൽ എന്ത് സാമൂഹിക ദൗത്യമാണ് ഈ സർക്കാർ നിർവ്വഹിച്ചത്? ആധുനികകേരളത്തിന്റെ ചരിത്രത്തിൽ ഈ സർക്കാർ എങ്ങനെയാണ് വർഗ്ഗപരമായി അടയാളപ്പെടുത്തപ്പെടുക? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഒറ്റ വാക്യത്തിൽ നൽകാൻ സാധിക്കും - 'പിണറായി സർക്കാർ' കേരളത്തിന്റെ വൈമാർ റിപ്പബ്ലിക് ആണ്.
1918 മുതൽ 1933 വരെ ജർമനിയിൽ നിലനിന്നിരുന്ന ഭരണസംവിധാനമാണ് വൈമാർ റിപ്പബ്ലിക്ക്. ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആണ് ഈ ഭരണത്തിന് നേതൃത്വം കൊടുത്തത്. ഫാഷിസത്തിന്റെ വളർച്ചക്കായി ജർമനിയെ പാകപ്പെടുത്തിയെടുത്തു എന്നതാണ് പതിനഞ്ചു വർഷത്തെ വൈമാർ ഭരണത്തിന്റെ ഏറ്റവും വലിയ ചരിത്രസംഭാവന! വെന്നിക്കൊടി പാറിക്കുന്ന ഓരോ ഫാഷിസത്തിന് പിന്നിലും ഒരു വൈമാർ റിപ്പബ്ലിക്ക് ഉണ്ടായിരിക്കും. ജനങ്ങളെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാൻ ജനപക്ഷ രാഷ്ട്രീയത്തിലുള്ള അവരുടെ വിശ്വാസം പൂർണ്ണമായും ചോർത്തിക്കളയേണ്ടതുണ്ട്. ഇതാണ് തങ്ങളുടെ പതിനഞ്ച് വർഷത്തെ ഭരണം കൊണ്ട് വൈമാർ കൃത്യമായി സാധിച്ചെടുത്തത്.
ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വൈമാറിനെ നയിച്ചത് അതൊരു ജനപക്ഷഭരണം ആണെന്നും സോഷ്യലിസം ആണ് തങ്ങളുടെ ലക്‌ഷ്യം എന്നും അവകാശപ്പെട്ടുകൊണ്ടാണ്. വൈമാർ റിപ്പബ്ലിക്ക് "പടിപടിയായി" ജർമനിയെ സോഷ്യലിസത്തിലേക്ക് അടുപ്പിക്കും എന്നാണ് എഡ്‌വേഡ് ബേൺസ്റ്റീൻ അവകാശപ്പെട്ടത്. എന്നാൽ അവർ ആദ്യം ചെയ്തത് 1919ലെ ജർമൻ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ചോരയിൽ മുക്കി കൊലപ്പെടുത്തുകയാണ്. റോസ ലക്സംബർഗ് ഉൾപ്പടെയുള്ള വിപ്ലവകാരികളെ അവർ കൊന്നു തള്ളി.
അതിന് ശേഷം അരങ്ങേറിയ വൈമാർ ഭരണം സോഷ്യൽ ഡെമോക്രസിയുടെ മുതലാളിത്തദാസ്യവും രാഷ്ട്രീയ പാപ്പരത്തവും അവസരവാദവും ഏകാധിപത്യ പ്രവണതകളും തുറന്നു കാണിച്ചു. ഇത് ജർമൻ സമൂഹമനസ്സിൽ ജനപക്ഷരാഷ്ട്രീയത്തോട് തന്നെ വലിയ അവമതിപ്പുണ്ടാക്കി. ഈ അവമതിപ്പാണ് തൊള്ളായിരത്തി ഇരുപതുകളിൽ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽ ജനതയെ ഫാഷിസത്തിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത്.
ജർമനിയിൽ വൈമാർ നിർവ്വഹിച്ച അതേ ചരിത്രദൗത്യമാണ് ഇങ്ങു കേരളത്തിൽ 'പിണറായി സർക്കാ'റും നിർവ്വഹിച്ചത്. ആട്ടിൻതോലിട്ട ചെന്നായയെ പോലെ ജനപക്ഷ-തൊഴിലാളിവർഗ്ഗ മുഖംമൂടി അണിഞ്ഞ് കഴുത്തറപ്പൻ നവലിബറൽ മുതലാളിത്തത്തിന് വേണ്ടി വേട്ടയാടുകയായിരുന്നു ഈ സർക്കാർ.
'പിണറായി സർക്കാറി'ന്റെ ആദ്യ നടപടികളിൽ ഒന്ന് നവലിബറൽ മുതലാളിത്തത്തിന്റെ ശക്തയായ പ്രോയോക്താവും ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുക എന്നതായിരുന്നു. പത്ത് വർഷത്തിന് ശേഷമുള്ള അതിന്റെ അവസാന പ്രധാനനടപടി ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതിൽ നിന്നും പൂർണ്ണമായും പിന്നോട്ടു പോവുക എന്നതും!
ആദ്യനടപടിയിൽ അടങ്ങിയിരിക്കുന്ന മുതലാളിത്തദാസ്യമാണ് 'പിണറായി സർക്കാറി'നെ ഹിന്ദുത്വഭീഷണിക്ക് മുന്നിൽ സാഷ്ടാംഗം വീഴുന്ന അവസാന നടപടിയിലേക്ക് എത്തിച്ചത്. ഈ രണ്ട് നടപടികൾക്കിടയിലെ പത്ത് വർഷങ്ങളിൽ നാം കണ്ടത് മാർക്സിസ്റ്റ് പൊയ്മുഖം നിലനിർത്തിക്കൊണ്ട് മുതലാളിത്തവിടുവേല ചെയ്യുന്ന ഒരു സർക്കാറിനെയാണ്. വൈമാർ ജർമനിയെ ആദ്യകാലത്ത് നയിച്ച ഫ്രഡറിക് എബെർട്ടിന്റെയും പിണറായി വിജയന്റെയും പ്രവർത്തനശൈലികൾ തമ്മിലുള്ള സാമ്യവും കൗതുകകരമാണ് - അച്ചടക്കവും അടിമത്തമനോഭാവവും ഒന്നാണ് എന്ന തെറ്റിദ്ധാരണ രണ്ടുപേരിലും കാണാം!
വൈമാറും 'പിണറായി സർക്കാ'റും തമ്മിലുള്ള സാമ്യത്തിന്റെ വർഗ്ഗകാരണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ വൈമാറിനെ നയിച്ച ജർമൻ സോഷ്യൽ ഡെമോക്രസിയെ കുറിച്ചുകൂടി പരാമർശിക്കേണ്ടതുണ്ട്. ഒരു മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായാണ് ജർമൻ സോഷ്യൽ ഡെമോക്രസിയുടെ തുടക്കം. എന്നാൽ അധികാരത്തിന്റെയും പാർലിമെന്ററി വ്യവഹാരങ്ങളുടെയും ശീതളഛായയിൽ അത് ക്രമേണ വ്യവസ്ഥയുടെ ഭാഗമായി അധഃപതിച്ചു.
ഈ അധഃപതനത്തെ ന്യായീകരിക്കാൻ സോഷ്യൽ ഡെമോക്രാറ്റിക് നേതാക്കൾ മാർക്സിസവും തൊഴിലാളിവർഗ്ഗവിപ്ലവവും കാലഹരണപ്പെട്ടതായി ഉദ്‌ഘോഷിച്ചു. "മാറിയ സാഹചര്യത്തിൽ" മുതലാളിത്തവ്യവസ്ഥയുടെ ഭാഗമായി നിന്ന് കൊണ്ട് ഭരണപരിഷ്‌കാരങ്ങൾ വഴി പടിപടിയായാണ് സോഷ്യലിസം സാക്ഷാത്കരിക്കേണ്ടത് എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഈ "പടിപടി" രാഷ്ട്രീയത്തിന്റെ ജീർണ്ണതയും പൊള്ളത്തരവുമാണ് വൈമാറിന്റെ കാലത്ത് തുറന്നുകാണിക്കപ്പെട്ടത്. ഇത് വളമാക്കിയാണ് ഫാഷിസം പടർന്ന് പന്തലിച്ചത്.
'പിണറായി സർക്കാറി'നെ നയിക്കുന്ന സിപിഎം സോഷ്യൽ ഡെമോക്രസിയുടെ ഇന്ത്യൻ പതിപ്പാണ്. ഒരു മാർക്സിസ്റ്റ് പ്രസ്ഥാനമായി ആരംഭിച്ച സിപിഎം മുതലാളിത്തവ്യവസ്ഥിതിയുടെ ഭാഗവും ഗുണഭോക്താവും ആയി മാറിയിട്ട് ദശകങ്ങൾ ആയി. അതുകൊണ്ടാണ് ഇടയ്ക്കിടെ മാർക്സിസത്തിന്റെ "സാധുത"യെക്കുറിച്ച് അതിന്റെ നേതാക്കന്മാരിൽ സംശയം മുളപൊട്ടുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ പ്രോയോഗികമല്ല എന്ന് സിപിഎം താത്വികാചാര്യൻ എം. വി. ഗോവിന്ദൻ പ്രഖ്യാപിച്ച് കഴിഞ്ഞു. മാർക്സിസം മുതലാളിത്തത്തെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് സെക്രട്ടറി എം. എ. ബേബിയും പറയുന്നു. ഒട്ടും പുറകിലായിപ്പോവരുത് എന്നതുകൊണ്ട് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന് പുതിയ കാലത്ത് പ്രസക്തിയില്ല എന്ന് കുട്ടി ആചാര്യൻ സ്വരാജും തട്ടിവിട്ടു.
വൈരുദ്ധ്യാത്മക ഭൗതികവാദം മാർക്സിസത്തിന്റെ ലോകവീക്ഷണമാണ്. മുതലാളിത്തത്തിന്റെ വിശകലനമാണ് മാർക്സിസ്റ്റ് വർഗ്ഗകാഴ്ചപ്പാടിന്റെ അടിസ്ഥാനം. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ആണ് മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉരകല്ല്. ഇത് മൂന്നും തള്ളിക്കളഞ്ഞ ഒരു പാർട്ടിക്ക് മാർക്സിസവുമായി ഒരു ബന്ധവും ഇല്ല. അതുകൊണ്ട് തന്നെ സിപിഎമ്മും 'പിണറായി സർക്കാ'റും പ്രവർത്തിച്ചത് മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ അല്ല, പകരം വൈമാർ റിപ്പബ്ലിക്ക് ചെയ്തത് പോലെ സോഷ്യൽ ഡെമോക്രസിയുടെ പ്രമാണങ്ങൾ അനുസരിച്ചാണ്. മുതലാളിത്തയുക്തിക്ക് പൂർണ്ണമായും കീഴ്പ്പെടുക, ഭരണപരിഷ്കാരങ്ങൾ ഉപയോഗിച്ച് "എല്ലാം ശരിയാക്കുക" - ഇതായിരുന്നു വൈമാറിന്റെയും 'പിണറായി സർക്കാറി'ന്റെയും പൊതുവായ കാഴ്ചപ്പാട്.
എന്നാൽ ഇത് വെറുമൊരു വ്യാമോഹമാണ്. രണ്ടു തോണിയിലും കാലുവെച്ചുകൊണ്ട് അക്കരപറ്റാം എന്ന് ധരിക്കുന്നവരുടെയെല്ലാം സ്ഥാനം പുഴയുടെ അടിത്തട്ടിലാണ്. വർഗ്ഗസമരത്തിന് പകരമായി വർഗ്ഗ അനുരഞ്ജനത്തെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതിലെ വിഡ്ഢിത്തം വൈമാർ റിപ്പബ്ലിക്കിന്റെ തിക്താനുഭവം നമുക്ക് കാണിച്ചു തരുന്നുണ്ട്. മുതലാളിത്തവും ജനനന്മയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കും എന്ന് ധരിക്കുന്നവർ മൂഢസ്വർഗ്ഗത്തിൽ ആണ്. അതിന് ശ്രമിക്കുന്നവർക്ക് സംഭവിക്കുന്നത് മുതലാളിത്തം പൂർണ്ണമായി അവരെ വിഴുങ്ങുകയും "ജനനന്മ" എന്നത് വെറും വാചകക്കസർത്തായി പരിണമിക്കുകയും ചെയ്യുന്നു എന്നതാണ്. യൂറോപ്പിലെ സകല സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും നവലിബറൽ മുതലാളിത്തത്തിന്റെ വാല് മാത്രമായി ചുരുങ്ങിയത് ഇങ്ങനെയാണ്. സിപിഎമ്മിനും ഇതേ വിധിയാണ് വന്നു ഭവിച്ചിരിക്കുന്നത്. ഈ സത്യം ജനങ്ങൾക്ക് മുന്നിൽ സംശയമേതുമില്ലാതെ തുറന്നുകാണിച്ചു എന്നതാണ് 'പിണറായി സർക്കാറി'ന്റെ സംഭാവന.
ഇത് കേരളത്തിന്റെ സമൂഹമനസ്സിൽ ഉണ്ടാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ്. ശരാശരി മലയാളിയെ സംബന്ധിച്ചെടുത്തോളം സിപിഎം എന്നത് ഒരു തൊഴിലാളിവർഗ്ഗസംഘടനയും, 'പിണറായി സർക്കാർ' എന്നത് ഈ സംഘടനയുടെ ഭരണവും ആണ്. അതുകൊണ്ടു തന്നെ ഈ സർക്കാറിന്റെ മുതലാളിത്തദാസ്യവും രാഷ്ട്രീയ ഇരട്ടത്താപ്പും അടർന്നുവീഴുന്ന പുരോഗമനപൊയ്മുഖവും അനുദിനം ക്ഷയിപ്പിക്കുന്നത് ജനതക്ക് തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിൽ തന്നെയുള്ള വിശ്വാസത്തെയാണ്. പാർട്ടി നേതാക്കന്മാരുടെ ദൈനംദിന അസംബന്ധ ന്യായീകരണ വാചാടോപം ജനമനസ്സുകളിൽ ഇല്ലാതാക്കുന്നത് ജനപക്ഷരാഷ്ട്രീയത്തിന്റെ സാധ്യത തന്നെയാണ്. വൈമാർ ജർമനിയിൽ സംഭവിച്ചത് പോലെ 'പിണറായി സർക്കാറി'ന്റെ ജനപക്ഷരൂപവും മുതലാളിത്ത ഉള്ളടക്കവും തമ്മിലുള്ള വൈരുദ്ധ്യം മലയാളിയുടെ മനസ്സിൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തോട് തന്നെയുള്ള അവമതിപ്പായാണ് രൂപപ്പെടുന്നത്.
ഫാഷിസത്തിന് പടർന്നു പന്തലിക്കാൻ ഇതിനേക്കാൾ പറ്റിയ സാഹചര്യം വേറെ ഇല്ല. ഫാഷിസം എന്നത് മുതലാളിത്തവ്യവസ്ഥയുടെ ഘടനാപരമായ വൈരുദ്ധ്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന സാമ്പത്തികപ്രതിസന്ധിയോടും സാമൂഹികജീർണ്ണതയോടും അന്യവൽക്കരണത്തോടും അരക്ഷിതത്വത്തോടുമുള്ള അങ്ങേയറ്റം പ്രതിലോമകരമായ ഒരു പ്രതികരണമാണ്. മേൽപ്പറഞ്ഞ സാഹാചര്യങ്ങളെല്ലാം ജനതയെ മർദ്ദിതരുടെ പക്ഷത്തുനിന്നുകൊണ്ട് മുതലാളിത്തത്തിനെതിരെ അണിനിരക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. എന്നാൽ വൈമാറും 'പിണറായി സർക്കാ'റും പോലെയുള്ള സംവിധാനങ്ങൾ ജനപക്ഷരാഷ്ട്രീയത്തോട് തന്നെ സമൂഹമനസ്സിൽ അവമതിപ്പ് സൃഷ്ടിക്കുകവഴി ഈ സാധ്യത പൂർണ്ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ജനപക്ഷരാഷ്ട്രീയത്തിന്റെ റാഡിക്കൽ വഴി അടഞ്ഞ ഒരു സമൂഹം വ്യാജറാഡിക്കലിസം മുന്നോട്ടു വെക്കുന്ന ഫാഷിസ്റ്റ് പ്രചാരവേളകളിൽ ആകൃഷ്ടരാവുന്നത് സ്വാഭാവികമാണ്. ഈയൊരു പ്രവണതക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്.
ഫാഷിസത്തിന് ജനങ്ങൾ, പ്രത്യേകിച്ച് തൊഴിലെടുക്കുന്ന ജനത, വശംവദരാവണമെങ്കിൽ വിപ്ലവകരവും പുരോഗമനാത്മകവുമായ മുന്നേറ്റങ്ങളുടെ സാധ്യത ജനമനസ്സുകളിൽ നിന്നും നിഷ്കാസിതമാക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഫാഷിസ്റ്റ് വളർച്ചയുടെ ഈ മുന്നുപാധി കേരളത്തിന്റെ സാഹചര്യത്തിൽ വളരെ വൃത്തിയായും ഫലപ്രദമായും നടത്തിയെടുത്തു എന്നതാണ് 'പിണറായി സർക്കാറി'ന്റെ സവിശേഷനേട്ടം! മോഹൻലാലുമായുള്ള പിആർ അഭിമുഖ അഭ്യാസത്തിൽ പിണറായി വിജയൻ തന്റെ "നിയോഗ"ത്തെപ്പറ്റി വാചാലനാവുന്നുണ്ട്. മുതലാളിത്തവ്യവസ്ഥയുടെ പ്രതിസന്ധിഘട്ടത്തിൽ ഏതൊരു സോഷ്യൽ ഡെമോക്രറ്റിന്റെയും "നിയോഗം" തന്നെയാണ് അദ്ദേഹത്തിന്റെയും - ഫാഷിസത്തിന് ചൂട്ട് പിടിക്കുക.
'പിണറായി സർക്കാർ' ഈ ദൗത്യം നിറവേറ്റിയത് താഴെപ്പറയുന്ന രീതികളിലൂടെയാണ്:
ഒന്ന്, ഇടതുപക്ഷരാഷ്ട്രീയത്തെ മുതലാളിവർഗ്ഗത്തിന്റെ തൊഴുത്തിൽ തളയ്ക്കുക. നവലിബറൽ മുതലാളിത്തത്തിന്റെ യുക്തി തന്നെയാണ് ഇന്ന് സർക്കാരിന്റെയും പാർട്ടിയുടെയും യുക്തി. "വികസനം" എന്നതാണ് അതിന്റെ ഏക മന്ത്രം. മാർക്സിസ്റ്റ്-തൊഴിലാളിവർഗ്ഗ പൊയ്മുഖം അണിഞ്ഞ സർക്കാറും പാർട്ടിയും മുതലാളിത്ത വ്യവസ്ഥയുടെ ഏറ്റവും ശക്തരായ വക്താക്കളും ന്യായീകരണവാദികളും ആയി മാറുമ്പോൾ വ്യവസ്ഥയോടുള്ള ജനതയുടെ രോഷത്തിന് ഫാഷിസത്തിന്റെ വ്യാജവിമതത്വത്തിൽ അഭയം തേടേണ്ടി വരുന്നു.
രണ്ട്, ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ഭരണം കൊണ്ട് പരിഹരിക്കാനാവും എന്ന വ്യാമോഹം സൃഷ്‌ടിക്കുക. ലോകത്തിലെ എല്ലാ സർക്കാറുകളും ചെയ്യുന്ന പോലെ 'പിണറായി സർക്കാ'റും അവകാശപ്പെടുന്നത് "എല്ലാം ശരിയായി" എന്നും കേരളത്തെ തങ്ങൾ സ്വർഗ്ഗം ആക്കി മാറ്റി എന്നുമാണ്. എന്നാൽ ജനജീവിതം ദിനംപ്രതി ദുസ്സഹവും അരക്ഷിതവും അന്യവൽകൃതവും ആയി മാറുന്നു. സാധാരണ ഈ അവസ്ഥയിൽ ജനങ്ങൾ ചൂഷണവ്യവസ്ഥിതി നിലനിൽക്കുവോളം ഒന്നും ശരിയാവില്ല എന്ന് വിളിച്ചുപറയുന്ന മാർക്സിസത്തിലേക്കാണ് അടുക്കുക. ഇവിടെ മാർക്സിസ്റ്റ് മുഖംമൂടി അണിഞ്ഞവർ തന്നെ ഈ വ്യാമോഹത്തിന്റെ സൃഷ്ടാക്കൾ ആവുമ്പോൾ ആ സാധ്യത അടയുന്നു. അതുകൊണ്ട് പ്രതിസന്ധിയുടെ ആദ്യലക്ഷണം ജനങ്ങളെ ഫാഷിസ്റ്റ് പാളയത്തിൽ എത്തിക്കുന്നു.
മൂന്ന്, രാഷ്ട്രീയമായി ഹിന്ദിത്വവുമായി കീരിയും പാമ്പും എന്ന പ്രതീതി സൃഷ്ടിക്കുമ്പോൾ തന്നെയും സാമൂഹികമായി ഇടതുപക്ഷത്തെ മൃദുഹിന്ദുത്വത്തിലേക്ക് അടുപ്പിക്കുക. ഇതിന് ധാരാളം ഉദാഹരങ്ങൾ 'പിണറായി സർക്കാറി'ന്റെ കാലയളവിൽ കേരളം കണ്ടു. ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തോടുള്ള സിപിഎം നിലപാടാണ്. തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ കാഴ്ചപ്പാടിൽ തത്വാധിഷ്ഠിതമായ യുദ്ധവിരുദ്ധ നിലപാട് എടുക്കുന്നതിന് പകരം സിപിഎമ്മും സർക്കാറും ഹിന്ദുത്വയുദ്ധവെറിയുടെ പിറകിൽ ഓടിയൊളിക്കുകയാണ് ചെയ്തത്. ജാതി സംഘടനകളേയും അവയുടെ വർഗ്ഗീയവാദികളായ നേതാക്കന്മാരെയും ഇത്രക്ക് പരിലാളിച്ച മറ്റൊരു ഇടതുപക്ഷ സർക്കാർ ഉണ്ടായിട്ടില്ല. ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സ്വന്തം നിലപാടിൽ നിന്നും പിറകോട്ടടിച്ച് മാളത്തിൽ ഒളിച്ചത് സർക്കാറിന്റെ ഹിന്ദുത്വത്തിന് മുന്നിലെ അടിയറവ് പൂർത്തിയാക്കുന്നു. ഇതിന്റെ ഫലമായി ഹിന്ദുത്വഫാഷിസ്റ്റ് കാഴ്ചപാടുകൾ കേരളത്തിൽ സാമാന്യബോധമായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ഇടതുപക്ഷവും 'പിണറായി സർക്കാ'റും അവകാശപ്പെടുന്നത് ഹിന്ദുത്വഫാഷിത്തിന് കേരളത്തിൽ വളരാൻ സാധിക്കുന്നില്ലെന്നും അതിന് കാരണം തങ്ങളാണ് എന്നുമാണ്. ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത് കേരളത്തിൽ ബിജെപിയുടെ വോട്ട് ഷെയറിൽ കാര്യമായ വർദ്ധനവ് വരുന്നില്ല എന്നതാണ്. ബിജെപിയുടെ വോട്ട് ഷെയർ നോക്കി ഹിന്ദുത്വഫാഷിസത്തിന്റെ ശക്തി അളക്കുന്നത് ആനമണ്ടത്തരമാണ്. കഴിഞ്ഞ പത്തുവർഷത്തിൽ കേരളം ഒന്നായി വലത്തോട്ട് നീങ്ങിയിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഇത് ഹിന്ദുത്വത്തെ മാത്രമല്ല ശക്തിപ്പെടുത്തിയിരിക്കുന്നത്, പൊളിറ്റിക്കൽ ഇസ്‌ലാമും കേരളത്തിൽ ഒരിക്കലും ഇല്ലാത്ത തരത്തിൽ ശക്തിയാർജ്ജിച്ചിട്ടുണ്ട്. ഇത് ഹിന്ദുത്വത്തെയും മുതലാളിത്തത്തെയും എതിർക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ ഫലമാണ്. ഈ വലതുവൽക്കരണത്തിന്റെ ഫലമായി ഇടതുപക്ഷവും കോൺഗ്രസ്സും അടക്കമുള്ള രാഷ്ട്രീയകക്ഷികളും വലത്തോട്ട് നീങ്ങിയിട്ടുണ്ട്. അതായത്കേരളസമൂഹം മുഴുവനായും തീവ്രവലത്തോട്ടു തിരിയുകയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇതിന്റെ നേട്ടം കൊയ്യാൻ ഹിന്ദുത്വകക്ഷികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം രാഷ്ട്രീയകാലാവസ്ഥ മാറിമറയുന്നത് ഒരു വൈരുദ്ധ്യാത്മക പ്രക്രിയയിലൂടെ ആണ് എന്നതാണ്. ഒരു ദീർഘകാലയളവിൽ നടക്കുന്ന പതുക്കെയുള്ള സാമൂഹികപരിണാമങ്ങൾ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ വളർച്ചക്കായുള്ള നിലം ഒരുക്കുന്നു. ഹിന്ദുത്വ ഫാഷിസത്തെ സംബന്ധിച്ചെടുത്തോളം ഈ പ്രക്രിയയാണ് ഇപ്പോൾ കേരളത്തിൽ 'പിണറായി സർക്കാറി'ന്റെ സഹായത്തോട് കൂടെ നടക്കുന്നത്. അതിന് ശേഷം ഒരു പ്രതിസന്ധി ഈ അനുകൂലസാഹചര്യങ്ങളുടെ ബലത്തിൽ ഒരു രാഷ്ട്രീയകുതിച്ചുചാട്ടം സാധ്യമാക്കുന്നു.
ഇത് കേരളത്തിൽ സംഭവിക്കാൻ ഇരിക്കുന്നതേ ഉള്ളൂ. അത് വൈമാർ ജർമനിയിൽ സംഭവിച്ചത് പോലെ ഒരു സാമ്പത്തിക പ്രതിസന്ധിയോ, അല്ലെങ്കിൽ ജർമൻ റെയ്ഷ്സ്റ്റാഗിന് തീവെച്ചത് പോലെയുള്ള ഉണ്ടാക്കിയെടുത്ത ഒരു പ്രതിസന്ധിയോ, അതുമല്ലെങ്കിൽ ഇന്ത്യയിലെ അടിയന്തരാവസ്ഥ പോലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയോ, ഇതൊന്നുമല്ലെങ്കിൽ രഥയാത്ര പോലെ മതവികാരം ഇളക്കിവിട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു പ്രതിസന്ധിയോ വരെ ആവാം. ഹിന്ദുത്വഫാഷിസത്തിന്റെ കേരളത്തിനുമേലുള്ള ആസുരമായ കടന്നാക്രമണത്തിന് ഒരു സാമൂഹിക പ്രതിസന്ധിയുടെ അകലം മാത്രമേ ഇന്നുള്ളൂ. ഈ സ്ഥിതിവിശേഷത്തിന്റെ പ്രധാന ഉത്തരവാദി 'പിണറായി സർക്കാർ' ആണ്.
കേരളം എത്തിനിൽക്കുന്ന അപകടകരമായ സ്ഥിതിയെക്കുറിച്ച് ചിന്താശേഷി നഷ്ടമാവാത്തവരെല്ലാം ബോധവാന്മാരാണ് (അതേക്കുറിച്ചുള്ള വർഗ്ഗപരമായ വ്യക്തത കുറവാണെങ്കിൽ കൂടിയും). അതുകൊണ്ടാണ് 'പിണറായി സർക്കാറി'ന് തുടർഭരണം ലഭിക്കരുത് എന്ന കവിയും ഇടതുപക്ഷ സഹയാത്രികനായ സച്ചിതാനന്ദന്റെ അഭിപ്രായത്തിന് ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് തന്നെ പിന്തുണ ലഭിച്ചത്. എന്നാൽ ഈ അഭിപ്രായം ഭരണം ആണ് ഇടതുപക്ഷത്തെ "മോശ"മാക്കുന്നത് എന്നും ഭരണം പോയാൽ അവർക്ക് ജനപക്ഷസ്വഭാവം തിരിച്ച് വരും എന്നുമുള്ള തെറ്റായ വിശ്വാസത്തിൽ നിന്നും ഉടലെടുക്കുന്നതാണ്. ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പരിണാമം പൂർണ്ണമായിക്കഴിഞ്ഞു, ഇനി ഒരു പുരോഗമനശക്തി എന്ന നിലക്ക്, അത് ഭരണത്തിലാണെങ്കിലും അല്ലെങ്കിലും, അവർക്ക് യാതൊരു പ്രാധാന്യവും ഇല്ല.
സണ്ണി കപിക്കാടിനെ പോലുള്ള സ്വത്വവാദികൾ കണ്ട പോംവഴി കേരളത്തെ "രക്ഷിക്കാൻ" യുഡിഎഫിനൊപ്പം ചേരുക എന്നതാണ്. വർഗ്ഗകാഴ്ചപ്പാടിന്റെ അഭാവം സ്വത്വവാദത്തെ എങ്ങനെയാണ് അസംബന്ധ രാഷ്ട്രീയ നിലപാടുകളിൽ എത്തിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത്. വിമതശുദ്ധാത്മാക്കളുടെ ഇത്തരം ചെപ്പടി വിദ്യകൾ ഒന്നും തന്നെ 'പിണറായി സർക്കാർ' കേരളത്തെ എത്തിച്ചിരിക്കുന്ന സ്ഥിതിവിശേഷത്തിൽ നിന്നും അതിനെ കരകയറ്റാൻ പര്യാപ്തമല്ല.
ലെനിന്റെ പ്രശസ്തമായ ചോദ്യം തന്നെയാണ് നമുക്ക് മുന്നിൽ ഇന്നുള്ളത് - ഇപ്പോൾ നാം എന്ത് ചെയ്യണം? ഉത്തരം സരളമാണ്. അത് നടപ്പിൽ വരുത്തുക എന്നത് അത്രത്തോളം തന്നെ പ്രയാസകരവുമാണ്.
രാഷ്ട്രീയപരമായി ഹിന്ദുത്വത്തിന് ഒരു കീറാമുട്ടിയായി നിലനിൽക്കുന്ന കേരളത്തിൽ ഒരു വൈമാർ റിപ്പബ്ലിക്കിന്റെ ദൗത്യമാണ് പത്തുവർഷത്തെ 'പിണറായി സർക്കാർ' നിർവ്വഹിച്ചത്. കേരളത്തെ ഹിന്ദുത്വഫാഷിസത്തിന്റെ പടിവാതിൽക്കൽ എത്തിച്ച ഭരണമായാണ് 'പിണറായി സർക്കാർ' ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക. ഈ സർക്കാറിന് തുടർഭരണം ലഭിച്ചാലും ഇല്ലെങ്കിലും ഹിന്ദുത്വത്തിന്റെ സാമൂഹികമുന്നേറ്റം കേരളത്തിൽ തുടരും എന്നത് വ്യക്തമാണ് (തുടർഭരണലബ്ദി ഈ മുന്നേറ്റത്തിന് ആക്കം കൂട്ടും എന്നത് ശരിയാണ്).
പാർലിമെന്ററി ഉപജാപങ്ങളിലൂടെ ഇതിന് തടയിടാം എന്ന് ധരിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണ്. മുതലാളിത്തവ്യവസ്ഥയുടെ ഭാരത്തിനടിയിൽ ഞെരിഞ്ഞമർന്ന് വെറും ജീവച്ഛവങ്ങളായി തങ്ങളുടെ ജന്മങ്ങൾ തള്ളിനീക്കുന്ന ഇന്നാട്ടിലെ ആബാലവൃദ്ധം തൊഴുലെടുക്കുന്ന മനുഷ്യരുടെ മനസ്സുകളിൽ വിമോചനം എന്ന സ്വപ്നം കുരുപ്പിടിപ്പിച്ചാൽ മാത്രമേ അവരെ ഫാഷിസത്തിന്റെ ആകർഷണവലയത്തിൽ നിന്നും മോചിപ്പിക്കാനാവൂ. അതിനായി വർഗ്ഗബോധവും ഇച്ഛാശക്തിയും പോരാട്ടവീര്യവുമുള്ള ഒരു തൊഴിലാളിവർഗ്ഗമുന്നേറ്റം കെട്ടിപ്പടുക്കുക എന്നത് മാത്രമാണ് ഒരേയൊരു വഴി!
No comments:
Post a Comment