ബി. ബിപിൻ
കഴിഞ്ഞ കുറച്ചു ദശകങ്ങളായി, പ്രത്യേകിച്ച് ഇന്ത്യയൊട്ടാകെയുള്ള ഇടതുപക്ഷത്തിന്റെ
ശിഥിലീകരണത്തിനും ഫാഷിസത്തിന്റെ ഞെട്ടിപ്പിക്കുന്ന വളർച്ചക്കും ശേഷം, "കേരളീയസമൂഹ"ത്തിന് മുഴുവനായും ഒരു പുരോഗമനസ്വഭാവം ഇടതുപക്ഷം ചാർത്തിക്കൊടുത്തിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ്
പ്രഖ്യാപനത്തിന് ശേഷം ഇടതുപക്ഷം ഉപയോഗിച്ചുവന്ന പരസ്യവാചകം ഇത് പ്രത്യക്ഷമായി
പറയുന്നു: "വർഗ്ഗീയത വീഴും, വികസനം വാഴും. ഇത് കേരളമാണ്". ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി, പ്രത്യേകിച്ച് ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി,
കേരളീയ സമൂഹത്തിന് വർഗ്ഗീയതയടക്കമുള്ള പ്രശ്നങ്ങളെ വളരാൻ അനുവദിക്കാത്ത രീതിയിൽ ഒരു സഹജമായ പുരോഗമനാഭിമുഖ്യം ഉണ്ടത്രെ. ഇത് കേരളിയസമൂഹത്തിന് ഉണ്ടെന്ന്
പറയുന്ന "ഇടതുപക്ഷമനസ്സ്" കാരണം ആണ് എന്നാണ് വെപ്പ്. അങ്ങനെയെങ്കിൽ പിന്നെ ഈ പുരോഗമന
മനസ്സ് വളർത്തിയെടുത്തതിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കുള്ള പങ്കിനെ കുറിച്ച് പ്രത്യേകം
പറയേണ്ട കാര്യം ഇല്ലല്ലോ. ഈ വീക്ഷണത്തിന്റെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനങ്ങളുടെയും പ്രശ്നം
പുരോഗമനാഭിമുഖ്യം എന്നത് വർഗ്ഗപരമാണ് എന്ന പ്രാഥമിക മാർക്സിസ്റ്റ് പാഠം അവ
വിസ്മരിക്കുന്നു എന്നതാണ്. കേരളസമൂഹത്തിന് ചാർത്തിക്കൊടുക്കപ്പെട്ട ഈ പുരോഗമനപൊയ്മുഖം ശബരിമലയിൽ
തട്ടിത്തകരുന്ന കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചത്. പൊള്ളയായ ഈ പുരോഗമനനാട്യത്തിന് തകരാതിരിക്കാൻ
കഴിയുമായിരുന്നില്ല,
കാരണം അതിന്റെ വർഗ്ഗ ഉള്ളടക്കം വട്ടപ്പൂജ്യമായിരുന്നു. സത്യം പറഞ്ഞാൽ, കേരളീയ സമൂഹത്തിൽ അനുദിനം മറനീക്കി
പുറത്തുവന്നുകൊണ്ടിരിക്കുന്ന അനേകം വർഗ്ഗവൈരുദ്ധ്യങ്ങളെ മൂടിവെക്കാനുള്ള ഒരു പാഴ്
വേലയാണ് ഈ "വർഗ്ഗരഹിതപുരോഗമനോന്മുഖത"യുടെ മിത്ത്. ശബരിമല തുറന്നുവിട്ട
വർഗ്ഗവൈരുദ്ധ്യത്തിന്റെ ഭൂതങ്ങൾ ഈ മിത്തിനെ നാമാവശേഷമാക്കിയിരിക്കുന്നു. കേരളീയ സമൂഹത്തിനു ഒന്നടങ്കം
യാതൊരു പുരോഗമനപരതയും കൽപ്പിച്ചു കൊടുക്കാനാവില്ല എന്ന് ശബരിമല അസന്നിഗ്ദ്ധമായി
തെളിയിക്കുന്നു. പുരോഗമനോന്മുഖത
എന്നത് വർഗ്ഗാടിസ്ഥാനത്തിൽ മാത്രം ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നും വർഗ്ഗങ്ങളായി
വിഭജിച്ചു കിടക്കുന്ന ഒരു സമൂഹത്തിന് ഒരു ചരിത്ര സന്ധിയിലും ഒന്നാകെ
പുരോഗമനസ്വഭാവം കാണിക്കാനാവില്ല എന്നും അത് ഊന്നിപ്പറയുന്നു. കേരളത്തിൽ ഇന്ന് സാമൂഹിക-സാംസ്കാരിക ജീർണ്ണതയുടെ കാവലാളായി
പ്രവർത്തിക്കുന്ന വർഗ്ഗങ്ങളേതൊക്കെയാണ് എന്ന് പരോശോധിക്കാൻ അത് നമ്മോട്
ആവശ്യപ്പെടുന്നു.
സാമൂഹികവിപ്ലവം എന്നത് നിയമസഭാതിരഞ്ഞെടുപ്പ് വിജയിക്കലും, ബൂർഷ്വ ഭരണകൂടത്തിന്റെ
സീമകൾക്കുള്ളിൽ നിന്നുകൊണ്ട് പരിഷ്കരണങ്ങൾ നടപ്പാക്കലും മാത്രമാണ് എന്ന് കഴിഞ്ഞ
കുറെ ദശകങ്ങളായി അണികളെയും അനുഭാവികളെയും ഒരേ പോലെ
തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന് മുന്നിൽ ഉത്തരമില്ലാത്ത അനേകം
ചോദ്യങ്ങളാണ് ശബരിമല ഉന്നയിക്കുന്നത്. ഇതിൽ ഓരോ ചോദ്യത്തിനും വർഗ്ഗപരമായ ഉത്തരങ്ങൾ
നിരത്തിക്കൊണ്ടു മാത്രമേ ശബരിമല വിഷയത്തിലെ മാർക്സിയൻ നിലപാടും രാഷ്ട്രീയവും
സ്പഷ്ടമാക്കാൻ ആവൂ.
എന്നാൽ ദൗർഭാഗ്യവശാൽ, ഇന്നത്തെ ഇന്ത്യൻ ഇടതുപക്ഷവിശകലനങ്ങളുടെ മുഖമുദ്ര എന്നത് അവ മാർക്സിയൻ
രീതിശാസ്ത്രം പണ്ടേ കൈയ്യൊഴിഞ്ഞു എന്നതാണ്. ഇടതുപക്ഷത്തിന്റെ വർഗ്ഗരഹിത വിശകലനങ്ങൾ
മറച്ചുപിടിക്കാൻ ശ്രമിക്കുന്ന കേരളസമൂഹത്തിലെ വർഗ്ഗവൈരുദ്ധ്യങ്ങൾ മറ്റൊരു
വിഷയത്തിനും അടുത്തകാലത്തൊന്നും സാധിക്കാത്തരീതിയിൽ വെളിവാക്കി എന്നതാണ് ശബരിമലയുടെ
പ്രസക്തി. ശബരിമല
സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഗ്ഗവൈരുദ്ധ്യങ്ങളെ വിശകലനവിധേയമാക്കാതെ
തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ടു പോകാനാവില്ല.
ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം
അനുവദിച്ചു കൊണ്ടുള്ള വിധിയെ രാഷ്ട്രീയകക്ഷികൾ ഉദാസീനമായാണ് ആദ്യം സമീപിച്ചത്. ഇടതുപക്ഷം ആദ്യം തന്നെ വിധിയെ
സ്വാഗതം ചെയ്തു. കോൺഗ്രസ്സും
ബിജെപിയും എവിടെയും തൊടാതെയുള്ള പ്രതികരണങ്ങൾ ആണ് നൽകിയത്; വിധിയോട് വിയോജിപ്പ് ഉണ്ടെങ്കിൽ പോലും "സുപ്രീംകോടതി വിധിയല്ലേ, എന്ത് ചെയ്യാൻ പറ്റും?" എന്ന മനോഭാവമാണ് ആദ്യ ഘട്ടത്തിലെങ്കിലും
ഈ കക്ഷികൾ പ്രകടിപ്പിച്ചത്. അതുകൊണ്ടു തന്നെ വിധിക്കെതിരെ ആളുകളെ നിരത്തിലിറക്കാൻ ആദ്യഘട്ടത്തിൽ
ശ്രമിച്ചത് "പാരമ്പര്യസംരക്ഷക"രായ ചെറു ഗ്രൂപ്പുകൾ ആണ്. എന്നാൽ ഇത്തരം ആദ്യശ്രമങ്ങളിലെ
ജനപങ്കാളിത്തം, പ്രത്യേകിച്ചും
സ്ത്രീപങ്കാളിത്തം,
സംഘാടകരെ പോലും അമ്പരിപ്പിക്കുന്ന തരത്തിലായിരുന്നു. "വിശ്വാസസംരക്ഷക"രായി നൂറുകണക്കിന് സ്ത്രീകൾ നിരത്തിലിറങ്ങുന്ന കാഴ്ച
കേരളം കണ്ടു. ഈ
ജനപങ്കാളിത്തമാണ് വിധിക്കും അത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനും
എതിരെ പ്രത്യക്ഷമായി തിരിയാൻ വലത് രാഷ്ട്രീയകക്ഷികളെ പ്രേരിപ്പിച്ചതും അവർക്കു
വിശ്വാസം കൊടുത്തതും.
സാമൂഹിക-സാംസ്‌കാരിക
രംഗത്ത് ഇടത് പക്ഷത്തിന് കേരളത്തിൽ ഉള്ള പ്രാബല്യം പലപ്പോഴും വലതുപക്ഷത്തെപ്പോലും
കേരളത്തിന്റെ വർഗ്ഗരഹിത പുരോഗമനോന്മുഖതയുടെ മിത്തിൽ വിശ്വസിക്കാൻ
പ്രേരിപ്പിക്കാറുണ്ട്.
അതുകൊണ്ട് തന്നെ ശബരിമലയിലെ സ്ത്രീപ്രവേശത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കാനാവും
എന്ന് അവർ ആദ്യദിനങ്ങളിൽ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ കേരളസമൂഹത്തിൽ അവഗണിക്കാനാവാത്ത ഒരു വിഭാഗം
വിശ്വാസസംരക്ഷകരായി ജീർണ്ണതയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന കാഴ്ച അവരുടെ കണ്ണ്
തുറപ്പിച്ചു. പുരോഗമനത്തോട്
പിന്തിരിഞ്ഞു ജീർണ്ണതയുടെ കാവലാളായി നിൽക്കുന്ന ഒരു വിഭാഗം ഏതൊരു സമൂഹത്തിലെയും
പോലെ കേരളീയസമൂഹത്തിലും ഉണ്ടെന്നും ശബരിമലയുടെ പശ്ചാത്തലത്തിൽ അവരെ ഏകോപിപ്പിച്ചു
രാഷ്ട്രീയമായ മുതലെടുപ്പ് സാധ്യമാകുമെന്നും ആദ്യം മനസ്സിലാക്കിയത് കോൺഗ്രസ്സ് ആണ്. എന്നാൽ വിധിക്കും അതിന്റെ
നടത്തിപ്പിനും എതിരെ
സംഘപരിവാർ ആളുകളെ നിരത്തിലിറക്കിയതോടെ കോൺഗ്രസ്സ് അപ്രസക്തമായി മാറി; തീവ്രഹിന്ദുത്വ അജണ്ടകൾക്കും
ഫാഷിസ്റ്റ് സംഘാടനത്തിനും കായികബലത്തിനും മുന്നിൽ മൃദുഹിന്ദുത്വസമീപനങ്ങൾ
അപ്രസക്തമായി മാറുന്ന കാഴ്ച നമുക്ക് വളരെ പരിചിതമാണല്ലോ.
ശബരിമല വിഷയത്തിൽ ആക്രമോൽസുകമായ സമരം നയിച്ച സംഘപരിവാറിനോ, സമരത്തിന്റെ മുഖ്യധാരയിൽ നിന്നും
പിന്തള്ളപ്പെട്ടിട്ടും അതിന്റെ ഓരങ്ങളിൽ ഇരുന്ന് പരമാവധി രാഷ്ട്രീയലാഭം ഉണ്ടാക്കാൻ
നോക്കിയ കോൺഗ്രസ്സിനോ,
സമരം എന്തിന് വേണ്ടിയാണ് എന്ന് സ്പഷ്ടമായി പറയാൻ പോലും അവസാനം വരെ
സാധിച്ചിട്ടില്ല.
സമരം വിധിക്കെതിരെ അല്ല ഗവണ്മെന്റിന് എതിരെയാണെന്നും, സ്ത്രീ പ്രവേശനത്തിനെതിരെ അല്ല വിശ്വാസം
സംരക്ഷിക്കാനാണെന്നും,
ഇതിനൊന്നിനും എതിരെ അല്ല ഹിന്ദുമതത്തെ തകർക്കാനുള്ള ഗൂഡാലോചനക്കെതിരെ ആണെന്നും
മറ്റുമുള്ള പരിഹാസ്യവും പരസ്പരവിരുദ്ധവും ആയ പ്രസ്താവനകൾ അവർ ദിനംപ്രതി തട്ടിവിട്ടുകൊണ്ടേ
ഇരുന്നു. എന്നാൽ
സമരത്തിന്റെ യുക്തിരാഹിത്യം, വിധിക്കും അതിന്റെ നടത്തിപ്പിനും എതിരെ ഉന്നയിക്കപ്പെട്ട വാദങ്ങളുടെ
പൊള്ളത്തരം തുടങ്ങിയവയൊന്നും സ്ത്രീപ്രവേശനത്തെ എതിർത്ത് നിലകൊണ്ട വിഭാഗങ്ങളെ
ബാധിച്ചതേ ഇല്ല. ഇതിന്റെ അർത്ഥം
ഇത്തരം വിഭാഗങ്ങൾക്ക് വിധിയോടുള്ള എതിർപ്പ് യഥാർത്ഥത്തിൽ വളരെ ആഴത്തിലുള്ള മറ്റു
കാരണങ്ങൾ കൊണ്ടാണ് എന്നതാണ്. അത് ഈ വിധി ഇത്തരം വിഭാഗങ്ങളുടെ വർഗ്ഗനിലനില്പിന് ഭീഷണി ഉയർത്തുന്നു എന്നതാണ്. വിധിക്കെതിരെ ഉയർന്നു വന്ന
എതിർപ്പിന്റെ യഥാർത്ഥ വർഗ്ഗപരമായ കാരണങ്ങൾ അന്വേഷിക്കേണ്ടത് ഇടതുപക്ഷം ആയിരുന്നു, എന്നാൽ അവർ ഈ സമരത്തെ വർഗ്ഗപരമായി
വിലയിരുത്താൻ ഒരു ഘട്ടത്തിലും തയ്യാറായില്ല. കേരളം പോലെ "പുരോഗമനോന്മുഖത"യുള്ള സംസ്ഥാനത്ത് സ്ത്രീപ്രവേശനം നടപ്പാക്കൽ വലിയ
വെല്ലുവിളി നിറഞ്ഞ ഒരു കാര്യമല്ല എന്ന് തുടക്കത്തിൽ ധരിച്ചിരുന്ന ഇടതുപക്ഷം
അക്രമോൽസുകസമരങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ചെറുതായെങ്കിലും ഒന്ന് പിന്മാറി. വർഗ്ഗവിശകലനങ്ങളുടെ അഭാവത്തിൽ
ഇടതുപക്ഷം വിധിയെ എതിർക്കുന്നവരെ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചു: സ്ത്രീപ്രവേശനവിധി ആചാരങ്ങളുടെയും
അനുഷ്ഠാനങ്ങളുടെയും വിഷയത്തിൽ തങ്ങളുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടലാണ് എന്ന്
തിരിച്ചറിഞ്ഞ സവർണ്ണർ,
പിന്നെ ഈ സവർണ്ണയുക്തിയാലും അതിനെ പിന്തുണക്കുന്ന വലതുപക്ഷ പ്രചാരണങ്ങളാലും
തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ. അപ്പോഴും വിധിക്കെതിരെയുള്ള സമരത്തിന് വലിയ തോതിൽ ജനപിന്തുണ കിട്ടുന്നതിന്റെ
വർഗ്ഗകാരണങ്ങൾ തിരയാൻ ഇടതുപക്ഷം തയ്യാറായില്ല. അങ്ങനെയാണ് ഈ സവർണ്ണ-പുരുഷകേന്ദ്രിത യുക്തിയെ മറികടക്കാൻ, അവയാൽ
തെറ്റിദ്ധരിപ്പിക്കപ്പെട്ടവരെ തിരിച്ചെത്തിക്കാൻ, "ബോധവൽക്കരണ"ത്തിന്റെ ആവശ്യമുണ്ടെന്ന് ഇടതുപക്ഷം
മനസ്സിലാക്കുന്നത്.
നാടുനീളെ ബോധവൽക്കരണ പരിപാടികൾ പൊടിപൊടിച്ചു, മുഖ്യമന്ത്രി നേരിട്ട് സംസ്ഥാനമാകെ
നവോത്ഥാനമൂല്യങ്ങളെ കുറിച്ച് പ്രസംഗിച്ചു, ഇടതുപക്ഷവനിതാപ്രസ്ഥാനങ്ങൾ പാട്രിയാർക്കിയെ കുറിച്ച്
പ്രസംഗിച്ചു കൊണ്ടേ ഇരുന്നു, സവർണ്ണയുക്തി വിചാരണ ചെയ്യപ്പെട്ടു. ഇവ്വിധം ബോധവൽക്കരണം പൊടിപൊടിക്കുമ്പോളെല്ലാം മല
കേറാൻ പോയ സ്ത്രീകളെ പോലീസുകാർ തന്നെ സ്നേഹത്തോടെ തിരിച്ചയച്ചു കൊണ്ടേയിരുന്നു. സന്നിധാനത്തേക്ക് പുറപ്പെട്ട പല
സ്ത്രീകളെയും തടഞ്ഞത് പോലീസിന് എളുപ്പം അടിച്ചോടിക്കാവുന്ന ജനക്കൂട്ടം
ആയിരുന്നിട്ടു കൂടി അത് ചെയ്യാൻ പോലീസ് തയ്യാറായില്ല, തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകളെ അടിക്കുന്നത്
ശരിയല്ലല്ലോ! അവർ അവരുടെ
തെറ്റ് മനസ്സിലാക്കി മടങ്ങുന്നത് വരെ സ്ത്രീകളെ മടക്കി അയക്കുന്നതാണ് ഉചിതം എന്ന്
ഭരണകൂടം തീരുമാനിച്ചു.
എതിർത്ത് നിന്ന ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി വിധി
നടപ്പാക്കാൻ ഇടതുപക്ഷം തയ്യാറാവാഞ്ഞത് ആ എതിർപ്പിന് വലിയ സാമൂഹ്യപിന്തുണയുണ്ട്
എന്നും അങ്ങനെ ചെയ്‌താൽ അത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നും
അറിയുന്നത് കൊണ്ടാണ്.
അതായത്, സമൂഹത്തിലെ
നല്ലൊരു വിഭാഗം വിധിയുടെ നടത്തിപ്പിന് എതിരാണ് എന്ന തിരിച്ചറിവാണ് അവരെ
അടിച്ചോടിക്കുന്നതിൽ നിന്നും ഇടതുപക്ഷത്തെ തടഞ്ഞത്. ബോധവൽക്കരശ്രമങ്ങൾക്കു ശേഷവും
സ്ത്രീപ്രവേശത്തിനെതിരെയുള്ള എതിർപ്പ് ശമിച്ചില്ല എന്ന് കണ്ടപ്പോൾ ഇടതുപക്ഷം
പുറകോട്ടടിക്കുകയാണെന്ന ധാരണ പരക്കെ ഉണ്ടായി. മലകയറാൻ തയ്യാറായി വന്ന സ്ത്രീകളെ പോലീസ് തന്നെ
മുൻകൈയ്യെടുത്തു തിരിച്ചിറക്കി തുടങ്ങിയപ്പോൾ ഇടതുപക്ഷാനുഭാവികൾ തന്നെ
മുറുമുറുത്തു തുടങ്ങി.
ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും സർക്കാരിന് സ്ത്രീകളെ കയറ്റാൻ യാതൊരു
താല്പര്യവും ഇല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചു. ഈ മണ്ഡലകാലത്തു സ്ത്രീപ്രവേശനം
സാധ്യമാവില്ല എന്ന ധാരണ പടർന്നപ്പോളാണ് പുതുവർഷപ്പുലരിയിൽ വനിതാമതിൽ ഉയരുന്നത്. ഇടതുപക്ഷത്തെ
ആശ്ചര്യപ്പെടുത്തിക്കൊണ്ട്, വലതു-സംഘപരിവാർ
ശക്തികളെ ഞെട്ടിച്ചുകൊണ്ട് ലക്ഷക്കണക്കിന് സ്ത്രീകൾ മതിലിൽ അണിചേർന്നു. ഇടതുപക്ഷത്തിന്റെ വർഗ്ഗരഹിത
രാഷ്ട്രീയത്തോട് വിയോജിപ്പുള്ള മാർക്സിസ്റ്റുകാർ മുതൽ ജീവിതത്തിൽ ആദ്യമായി ഒരു
രാഷ്ട്രീയപരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകൾ പോലും തെരുവിൽ മതിൽ കെട്ടി. ഇത് ഇടതുപക്ഷം കരുതിയതും
പ്രചരിപ്പിച്ചതും പോലെ സംഘപരിവാർ ശക്തികൾക്കുള്ള "കേരളസമൂഹ"ത്തിന്റെ മറുപടി ആയിരുന്നില്ല, കേരളസമൂഹത്തിലെ ജീർണ്ണതയുടെ
ഉപാസകരായ വർഗ്ഗങ്ങൾക്കും വിഭാഗങ്ങൾക്കും അവരുടെ രാഷ്ട്രീയ രൂപങ്ങൾക്കും എതിരായ അതേ
സമൂഹത്തിലെ പുരോഗമനോന്മുഖമായ വർഗ്ഗങ്ങളുടെ മറുപടി ആയിരുന്നു. സമീപകാലചരിത്രത്തിലൊന്നും
സംഭവിച്ചിച്ചില്ലാത്ത രീതിയിൽ വർഗ്ഗസമരം വനിതാമതിലിന്റെ രൂപത്തിൽ കേരളത്തിന്റെ
തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. ഈ ശക്തിപ്രകടനം ഇടതുപക്ഷത്തിന് തുറന്നുകൊടുത്തത് ഒരു ഒന്നാന്തരം അവസരമാണ്. ജനുവരി ഒന്നിന് നിരത്തിലിറങ്ങിയ
സ്ത്രീകൾ പകർന്ന ഊർജ്ജമാണ് രണ്ടാം തീയതി പുലർച്ചക്കു രണ്ട് സ്ത്രീകളെ
സന്നിധാനത്തിൽ എത്തിച്ചത്. കളിയിൽ തോറ്റ കുട്ടികൾ പറയുന്ന ന്യായങ്ങളാണ് പിന്നീട് വലതുപക്ഷം നിരത്തിയത്; ഇരുട്ടിന്റെ മറവിൽ കൊണ്ടുപോയത്
ചതിയാണ്, ഹിന്ദുക്കളോടുള്ള
വഞ്ചനയാണ്; ഇത്
കള്ളക്കളിയാണ് എന്ന് കൂടെ മാത്രമേ പറയാൻ ബാക്കി ഉണ്ടായിരുന്നുള്ളു. സ്ത്രീപ്രവേശനം സാധ്യമായതോടുകൂടെ
അതിനെതിരായുള്ള പ്രത്യക്ഷസമരങ്ങളുടെ കാറ്റുപോയി; അവ വലിച്ചു നീട്ടാൻ സംഘപരിവാർ ആവുന്നത്ര
ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കോടതിവിധിയെത്തുടർന്ന് കേരളത്തിൽ അരങ്ങേറിയ ഈ സംഭവവികാസങ്ങൾ നമ്മോടു വളരെ പ്രധാനമായ ചില
കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കേരളീയസമൂഹത്തിന് മുഴുവനായും ഒരു തരത്തിലുമുള്ള
പുരോഗമനസ്വഭാവം ചാർത്തി കൊടുക്കാനാവില്ല എന്നതാണ്. ഏതൊരു സമൂഹത്തെയും പോലെ വ്യത്യസ്തവർഗ്ഗങ്ങളായി
വിഘടിച്ചു നിൽക്കുന്ന ഒന്ന് തന്നെയാണ് കേരളവും. അതിൽ ഇന്നത്തെ ചരിത്രസന്ധിയിൽ പുരോഗമനപരമായ
വർഗ്ഗങ്ങളേത് എന്ന് മാർക്സിയൻ രീതിശാസ്ത്രം ഉപയോഗിച്ച് വിശകലനം ചെയ്യേണ്ടതായുണ്ട്.
1. "ഇടതുപക്ഷ" വിശകലനങ്ങൾ
ശബരിമല വിഷയത്തിൽ ഇടതു-പുരോഗമനപക്ഷത്തു നിന്നും ഉയർന്നുവന്ന വിശകലനങ്ങൾ, സുപ്രീംകോടതി വിധിയുടെ
വിമോചനസാധ്യതകൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനും ഇതുവഴി വിധിയുടെ
നടത്തിപ്പിനെതിരെ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പൊള്ളത്തരം വെളിവാക്കാനും ആണ്
പൊതുവെ ശ്രമിച്ചത്.
ഇത്തരം വിശകലങ്ങൾ മൂന്നോ നാലോ വാദമുഖങ്ങളാണ് പൊതുവെ മുന്നോട്ടുവെച്ചത് എന്ന്
കാണാനാവും. ഇതിൽ ആദ്യത്തേത്
ഭരണഘടനയിൽ ഊന്നിയുള്ള വാദമാണ്. സ്ത്രീക്ക് സ്വാതന്ത്യവും സമത്വവും സ്വാഭിമാനവും ഉറപ്പുകൊടുക്കുന്ന ഇന്ത്യൻ
ഭരണഘടനയുടെ പുരോഗമനചായ്‌വ് ഉൾക്കൊണ്ടുകൊണ്ടുള്ള വിധിയാണ് ഇത് എന്ന് ഈ വിശകലനം
ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ പുരോഗമനമുഖത്തിനെതിരെ എന്നും നിലകൊണ്ടിട്ടുള്ള ഹിന്ദുത്വശക്തികളാണ്
ഇപ്പോഴും ഇതിനെതിരെ ആളുകളെ നിരത്തിലെത്തിക്കുന്നത്. മറ്റൊരു പ്രധാന വിശകലനം, ഈ വിധി കേരളത്തിന്റെയും ഇന്ത്യയുടേയും
നവോത്ഥാനപാരമ്പര്യത്തിന്റെ തുടർച്ച കുറിക്കുന്ന ഒന്നാണ് എന്നതാണ്. പാരമ്പര്യത്തിന്റെ മറപിടിച്ച്, ചോദ്യങ്ങൾക്കതീതമായി
നിലനിന്നുപോന്നിരുന്ന പല രീതികളെയും ആചാരങ്ങളെയും നവോത്ഥാനപോരാട്ടങ്ങൾ
തിരുത്തിയപ്പോളും ഇതേ രീതിയിലുള്ള പ്രക്ഷോഭങ്ങൾ ആ തിരുത്തലുകൾക്കെതിരെ
അരങ്ങേറിയിരുന്ന കാര്യം ഇത്തരം വിശകലനങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇതിന് സമാനമായ സാഹചര്യമാണ് ഇന്ന്
നിലനിൽക്കുന്നത്.
അതുകൊണ്ട് തന്നെ,
ഇത്തരം പ്രക്ഷോഭങ്ങളെ എതിർത്ത് തോൽപ്പിച്ചു കേരളീയനവോത്ഥാനത്തിന്റെ മൂല്യങ്ങളെ
സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇവ ചൂണ്ടിക്കാട്ടുന്നു. സ്ത്രീവിമോചനത്തിന്റെ പക്ഷത്തു നിന്ന് ഈ വിധി
വ്യാപകമായി വിശകലനം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി ശക്തിയാർജ്ജിച്ചു
വന്നിട്ടുള്ള സ്ത്രീവിമോചനപോരാട്ടങ്ങൾ ഉണ്ടാക്കിയെടുത്ത ഒരു പുതിയ
സാമൂഹികകാഴ്ചപ്പാട് ഈ വിധി ഉൾക്കൊള്ളുന്നുണ്ട് എന്ന് അത്തരം വിശകലനങ്ങൾ
ചൂണ്ടിക്കാട്ടുന്നു.
സ്ത്രീശാക്തീകരണം സാധ്യമാക്കുന്ന ഏതൊരു ചുവടുവെയ്പ്പിനെയും ഒരു
പുരുഷകേന്ദ്രിതവ്യവസ്ഥ സർവശക്തിയും ഉപയോഗിച്ച് എതിർക്കും, ആ എതിർപ്പാണ് നാം തെരുവിൽ കാണുന്നത്. പ്രധാനപ്പെട്ട നാലാമത്തെ വിശകലനം
ശബരിമലയിലെ ആചാരങ്ങളും ജാതിവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെ അധികരിച്ചുള്ളതാണ്. ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെയും
അനുഷ്ഠാനങ്ങളുടെയും കുത്തക കൈയ്യടക്കിവെച്ചിരിക്കുന്ന, അവയെ തങ്ങളുടെ സാമൂഹ്യപദവിയുടെയും
രാഷ്ട്രീയശക്തിയുടെയും അടിസ്ഥാനമാക്കി മാറ്റുന്ന, സവർണ്ണ-ബ്രാഹ്മണ്യമേധാവിത്വത്തിനെതിരെയുള്ള കനത്ത
പ്രഹരമായാണ് ഇത്തരം വിശകലനങ്ങൾ ഈ വിധിയെ കാണുന്നത്. അതുകൊണ്ടു തന്നെ ഈ വിധിയെ ജാതിവ്യവസ്ഥക്കും
ബ്രാഹ്മണ്യമേധാവിത്വത്തിനും എതിരെയുള്ള ഒരു മുന്നേറ്റമാക്കി മാറ്റാനും, അത്തരം മുന്നേറ്റങ്ങൾ വഴി പ്രക്ഷോഭങ്ങളുടെ
മുനയൊടിക്കാനുമുള്ള ശ്രമങ്ങൾ നടന്നു. ഇടതു-പുരോഗമന പക്ഷം ശബരിമലവിഷയത്തെ സൈദ്ധാന്തികമായി സമീപിച്ചത് ഈ നാല്
വാദങ്ങളുടെയും സഹായത്തോടെയാണ്. ഈ നാല് വാദങ്ങളുടെയും ഒരു സങ്കലനമാണ് ഈ വിഷയത്തിൽ ഇടതുപക്ഷസഹയാത്രികരുടെ
പൊതുവെയുള്ള നിലപാട്.
ഭരണഘടന, നവോത്ഥാനം, സ്ത്രീവോമോചനം, ജാതിവിരോധം - ഈ നാല് തൂണുകളാണ് ഇടതുപക്ഷത്തിന്റെ ശബരിമല
വിഷയത്തോടുള്ള സമീപനത്തെ താങ്ങി നിർത്തുന്നത്.
ഈ വാദങ്ങളൊന്നും തെറ്റല്ല, അവയിൽ ശരികൾ അടങ്ങിയിട്ടുണ്ടുതാനും. ഈ വാദങ്ങളുയർത്തി
സ്ത്രീപ്രവേശനത്തിന് വേണ്ടി പോരാടിയവർ, അക്കാരണം കൊണ്ട് പുലയാട്ട് മുതൽ വധഭീഷണി വരെ
നേരിടേണ്ടി വന്നവർ,
ധീരരാണ്. എന്നാൽ ശരിക്ക്
പല തലങ്ങളുണ്ട്. ഈ വാദങ്ങളിൽ
അടങ്ങിയിട്ടുള്ള ശരികൾ സുപ്രീംകോടതി വിധിയുടെയോ അതിനെതിരെ നടക്കുന്ന
പ്രക്ഷോഭങ്ങളുടെയോ യഥാർത്ഥ ഉള്ളടക്കം അനാവരം ചെയ്യാനാവുന്നവയല്ല. അതിനാൽ തന്നെ പല
പ്രധാനചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ ഈ വിശകലനങ്ങൾക്ക് ആവുന്നില്ല. ഈ സൈദ്ധാന്തികമായ ബലഹീനത
സ്ത്രീപ്രവേശനത്തെ എതിർത്ത് കൊണ്ട് തെരുവിൽ നടന്ന പേക്കൂത്തുകളെ
പ്രതിരോധിക്കാനുള്ള പ്രായോഗിക പദ്ധതികൾക്ക് വലിയ വെല്ലുവിളികൾ ആണ് ഉയർത്തിയത്. ഉദാഹരണത്തിന് നവോത്ഥാനത്തെ
അടിസ്ഥാനമാക്കിയുള്ള വിശകലനം തന്നെ എടുക്കാം. നവോത്ഥാനം 'ഉഴുതുമറിച്ചു" എന്ന് കരുതപ്പെടുന്ന കേരളത്തിന്റെ മണ്ണിൽ
സുപ്രീംകോടതിയുടെ ഒരു അഞ്ചംഗബെഞ്ചിന്റെ വിധിപോലും നടപ്പാക്കാൻ കഴിയാത്ത രീതിയിൽ
എങ്ങനെ ജാതി-മത പിന്തിരിപ്പൻ
ശക്തികൾ വേരുറപ്പിച്ചു? ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒത്തുകൂടിയ "വിശ്വാസസംരക്ഷകരെ" അടിച്ചോടിക്കാൻ കഴിയാത്തതുകൊണ്ടല്ല പോലീസ് അത്
ചെയ്യാഞ്ഞത്, ഇത്ര തന്നെ
ആളുകൾ ഒത്തുകൂടിയത് ഒരു തൊഴിലാളിസമരത്തിനാണെങ്കിൽ പോലീസ് അവരെ പണ്ടേ അടിച്ചോ
വെടിവെച്ചോ ഓടിച്ചേനെ.
ഇവിടെ അവരെ തൊടാൻ പോലും ഭരണകൂടമോ പൊലീസോ തുനിയാഞ്ഞത് അത് ചെയ്താലുണ്ടാവുന്ന
സാമൂഹികപ്രത്യാഘാതങ്ങൾ ഓർത്തിട്ട് തന്നെയാണ്. അതായത് "വിശ്വാസസംരക്ഷണ"ത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളം നല്ല ജനപിന്തുണ
ആർജ്ജിക്കാനായിട്ടുണ്ട്. എന്തുകൊണ്ട്?
വിധിയുടെ നടത്തിപ്പ് അസാധ്യമാണെന്ന് തോന്നിപ്പിക്കും വിധം എങ്ങനെ കേരളം
പിന്നോട്ട് നടത്തപ്പെട്ടു? ഒരു ചിന്തകൻ പറഞ്ഞുകേട്ട ഉത്തരം നവോത്ഥാനത്തിന് കുടുംബങ്ങൾക്കകത്ത് കാര്യമായ
ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നാണ്. ഇത് ബാലിശമായ ഒരു ഒഴിഞ്ഞുമാറ്റമാണ്, കാരണം നവോത്ഥാനത്തിന്
കുടുംബങ്ങളിലെ ജീർണ്ണത മാറ്റാൻ എന്തുകൊണ്ടായില്ല എന്ന ചോദ്യം അപ്പോഴും
ബാക്കിയാവുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിലൂടെ നവോത്ഥാനത്തിന്റെ തുടർച്ച
ലക്ഷ്യമിടുന്നവർ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതുണ്ട്. നവോത്ഥാനം എന്നത് ഏതെല്ലാം ഭൗതികസാഹചര്യങ്ങളുടെ സൃഷ്‌ടി
ആയിരുന്നു? നവോത്ഥാനകാലത്തെ
ഭൗതികസാഹചര്യങ്ങൾ അല്ല ഇന്ന് നിലനിൽക്കുന്നത് എന്നിരിക്കെ നവോത്ഥാനത്തിന് ഇന്ന്
ഒരു തുടർച്ച വേണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മാത്രമല്ല, നൂറു വർഷം മുന്നേ കേരളത്തിലെ സാമൂഹികാവസ്ഥയിൽ
പുരോഗമനപരമായിരുന്ന നവോത്ഥാനപദ്ധതി ഇന്നത്തെ അവസ്ഥയിലും അതിന്റെ പുരോഗമനസ്വഭാവം
നിലനിർത്തുന്നുണ്ടോ?
ഉദാഹരണത്തിന് സ്വാതന്ത്ര്യസമരകാലത്തു "ദേശീയത"ക്കു ഉണ്ടായിരുന്ന പുരോഗമനമുഖം അല്ല ഇന്ന് അതിനുള്ളത്. ഇന്ന് അത് ഉപയോഗിക്കപ്പെടുന്നത്
രാജ്യത്തിനുള്ളിൽ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള അന്തരവും സംഘർഷവും മൂടിവെക്കാനും
വിപ്ലവകരമായ തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ വളർച്ചയെ തടയാനും മാത്രമാണ്. ചരിത്രപരമായ ഭൗതികവാദത്തെ
സംബന്ധിച്ചെടുത്തോളം നൂറു വർഷങ്ങൾ മുന്നേ പുരോഗമനപരമായത് ഇന്ന് അങ്ങനെ ആവണം
എന്നില്ല. കേരളീയ
നവോത്ഥാനപോരാട്ടങ്ങളെ ഏതൊക്കെ വർഗ്ഗങ്ങളാണ് അന്ന് പിന്തുണച്ചിരുന്നത്?, ഏതൊക്കെ വർഗ്ഗങ്ങൾ അതിനെതിരെ
നിലയുറപ്പിച്ചിരുന്നു?
ഇന്ന് ശബരിമല വിഷയത്തിൽ ഈ വർഗ്ഗങ്ങളുടെ നിലപാട് എന്താണ്? പണ്ട് നവോത്ഥാനത്തിന്റെ പക്ഷത്തു
നിന്ന ഏതെങ്കിലും വർഗ്ഗങ്ങൾ സ്ത്രീ പ്രവേശനത്തെ ഇന്ന് എതിർക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് അവർ
മറുകണ്ടം ചാടി? അന്ന് നവോത്ഥാന
പരിശ്രമങ്ങളെ പിന്താങ്ങിയിരുന്ന കോൺഗ്രസ് ഇന്നെന്തുകൊണ്ട് ജീർണ്ണതയുടെ കാവലാളായി
മാറിയിരിക്കുന്നു?
(അന്ന് ഗാന്ധിയും നെഹ്രുവും ആണ് കോൺഗ്രസ്സിനെ നയിച്ചത്, ഇന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആണ് കാര്യങ്ങൾ
തീരുമാനിക്കുന്നത് എന്ന സാധാരണ ഇടതുപക്ഷ ന്യായം മാർക്സിസ്റ്റ് രീതിശാസ്ത്രത്തിന്
നേരെയുള്ള കൊഞ്ഞനം കുത്തലാണ്. കാരണം, നേതാക്കന്മാർക്കനുസരിച്ചല്ല
പാർട്ടികളുടെ നിലപാടുകൾ തീരുമാനിക്കപ്പെടുന്നത്, പകരം, ഒരു പാർട്ടി ഏതു വർഗ്ഗത്തെ പ്രതിനിധീകരിക്കുന്നുവോ, ആ വർഗ്ഗത്തിന്റെ വീക്ഷണം അനുസരിച്ചാണ്. ഈ വീക്ഷണത്തിന് പറ്റിയ
നേതാക്കന്മാർ വളർന്നു വരികയാണ് ചെയ്യുന്നത്). കേരളത്തിൽ ഇന്ന് നടക്കുന്ന ചർച്ചകൾ ഈ
ചോദ്യങ്ങൾക്കൊന്നും ഉത്തരം തരുന്നില്ല എന്നതല്ല പ്രശ്നം, ഇതിൽ ഒരു ചോദ്യം പോലും ഈ ചർച്ചകളിൽ
ഉന്നയിക്കപ്പെടുന്നില്ല എന്നതാണ്. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കാണാതെ നവോത്ഥാനസംരക്ഷണത്തിനായി
അലറിവിളിക്കുന്നത് അർത്ഥശൂന്യമായ ഒരു അഭ്യാസമാണ്.
ഭരണഘടന ഉയർത്തിപ്പിടിച്ചു വിധിയെ ന്യായീകരിക്കുന്നവരെയും
അസുഖകരമായ ചോദ്യങ്ങൾ കാത്തിരിപ്പുണ്ട്. ഇതേ ഭരണഘടന ഉപയോഗിച്ചാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ
പ്രഖ്യാപിക്കപ്പെട്ടത്, അത് നിയമപരമാണെന്ന് വിധിച്ചത് ഇതേ സുപ്രീംകോടതി ആണ്. ഇതേ ഭരണഘടന ഉപയോഗിച്ചാണ് അധികാരത്തെ നോക്കി കണ്ണുരുട്ടി
എന്ന ഒറ്റ കുറ്റത്തിന് അനേകായിരം മനുഷ്യർ ഈ രാജ്യത്തിലെ പല ജയിലുകളിലായി
നരകിക്കുന്നത്. ഇതേ ഭരണഘടന
ഉപയോഗിച്ചാണ് ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ടത്. ഏറ്റവും ഒടുവിലായി, ഇതേ ഭരണഘടന ഉപയോഗിച്ച്, ഇതേ സുപ്രീകോടതി തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ
സർവേലൻസ് പദ്ധതിയായ ആധാറിന് പച്ചക്കൊടി വീശിയത്. "വ്യക്തി"യുടെ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ
വേണ്ടി നിലവിൽ വന്ന ലിബറൽ ഭരണകൂടം തന്നെയാണ് ലിബറലിസത്തിന്റെ എല്ലാ ശാഠ്യങ്ങളും
മാറ്റിവെച്ച് ആധാറുമായി മുന്നോട്ടുപോവുന്നത്. ഉപാധികളില്ലാതെ ഭരണഘടനയെ കൊണ്ടാടുന്നതും, ഭൗതികസാഹചര്യങ്ങളിൽ നിന്നും
അടർത്തിമാറ്റി എല്ലാസമയത്തേക്കുമായി അതിന് പുരോഗമനസ്വഭാവം ചാർത്തിക്കൊടുക്കുന്നതും
ചരിത്രപരമല്ലാത്ത ഒരു വിശകലനരീതി ആണ്. അത് ഉത്തരങ്ങളെക്കാൾ മറുചോദ്യങ്ങളാണ്
ഉൽപ്പാദിപ്പിക്കുന്നത്. ഉദാഹരണത്തിന്,
ഭൗതികസാഹചര്യങ്ങളിൽ നിന്നും അടർന്നുമാറി, കാലാതീതമായ ഒരു പുരോഗമനസ്വഭാവം ഭരണഘടനക്ക് ഉണ്ടെങ്കിൽ
അത് വ്യാഖ്യാനിക്കുവാൻ കോടതികൾ എന്തുകൊണ്ട് അരനൂറ്റാണ്ട് വൈകി? സ്വവർഗ്ഗലൈംഗികതയും
വിവാഹേതരബന്ധങ്ങളും എന്തുകൊണ്ട് കഴിഞ്ഞവർഷം വരെ ക്രിമിനൽ കുറ്റകൃത്യങ്ങളായി
നിലനിന്നു? സെഡിഷൻ പോലുള്ള
കൊളോണിയൽ വകുപ്പുകൾ എന്തുകൊണ്ട് ഇന്നും നിലനിൽക്കുന്നു? ഭരണഘടനയേയും അതിന്റെ വ്യാഖ്യാനങ്ങളെയും കുറിച്ചുള്ള
വർഗ്ഗപരമായ വിശകലനങ്ങൾക്കേ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവൂ. അത്തരം ചോദ്യങ്ങൾ ഇവിടെ
ഉന്നയിക്കപ്പെട്ടതേയില്ല!
സ്ത്രീവിമോചനത്തിന്റെ വക്താക്കളെയും ചോദ്യങ്ങൾ
കാത്തിരിക്കുന്നുണ്ട്.
പുരോഗമന ചിന്താഗതിക്കാരും സ്ത്രീപക്ഷവാദികളും ഒന്നടങ്കം സ്ത്രീ വിമോചനത്തിന്റെ
നാഴികക്കല്ല് എന്ന് അടയാളപ്പെടുത്തിയ ഒരു വിധിക്കെതിരെ സ്ത്രീകൾ തന്നെ
തെരുവിലിറങ്ങുമ്പോൾ അത് ചില പ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു സ്ത്രീപക്ഷ വിധിക്കെതിരെ എന്ത് കൊണ്ട് സ്ത്രീകൾ
തന്നെ സമരമുഖത്തെത്തുന്നു? പ്രക്ഷോഭപരിപാടികളിൽ അതിന്റെ സംഘാടകരെ പോലും അതിശയിപ്പിച്ച സ്ത്രീപങ്കാളിത്തം
തരുന്ന സൂചന എന്താണ്?
സ്ത്രീകളിൽ ഒരു നല്ല പങ്കും എന്തുകൊണ്ട് അവരുടെ വിമോചനത്തിനും
ആത്മാഭിമാനത്തിനും മുകളിൽ പാരമ്പര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും പ്രതിഷ്ഠിക്കാൻ
തയ്യാറാവുന്നു? സാധാരണ നമുക്ക്
കിട്ടുന്ന ഉത്തരം അവരിൽ ഭൂരിഭാഗവും വലതുപക്ഷത്താൽ തെറ്റിദ്ധരിപ്പിക്കപെട്ടവരാണ്
എന്നാണ്. ദൈനം ദിന
ജീവിതത്തിലും അവരവരുടെ തൊഴിൽമണ്ഡലങ്ങളിലും തികച്ചും യുക്തിസഹമായ തീരുമാനങ്ങൾ
ഇപ്പോഴും എടുത്തുകൊണ്ടിരിക്കുന്ന ഈ സ്ത്രീകൾ വലതുപക്ഷത്തിന് തെറ്റിദ്ധരിപ്പിക്കാൻ
നിന്നുകൊടുക്കും എന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്. അതുപോലെത്തന്നെ, നിരത്തിൽ സമരം ചെയ്യുന്നതും കേരളത്തിന്റെ
സാമൂഹികമണ്ഡലത്തിൽ വിധിക്കെതിരെ "പടവെട്ടു"ന്നതും
ബ്രാഹ്മണരോ സവർണ്ണരോ മാത്രമല്ല, അവരിൽ ഭൂരിപക്ഷവും അധഃസ്ഥിതരാണ്. എന്തുകൊണ്ട്? ബ്രാഹ്മണ്യപ്രത്യയശാസ്ത്രത്തിന്റെ പിടിയിൽ അവർ
അകപ്പെട്ടതാണ് എന്നതാണ് വീണ്ടുമുള്ള ഉത്തരം. അങ്ങനെയെങ്കിൽ തന്നെ എന്തുകൊണ്ട് എന്ന ചോദ്യം വീണ്ടും
ബാക്കിയാവുന്നു. ശബരിമലയിലെ
സകലപ്രശ്നങ്ങൾക്കും കാരണം സവർണ്ണർ മലയരയരുടെ പക്കൽ നിന്നും ശബരിമല ക്ഷേത്രം
കരസ്ഥമാക്കി അവിടെ ബ്രാഹ്മണ്യരീതിയിലുള്ള ആചാരാനുഷ്ഠാനങ്ങൾ നടപ്പിലാക്കിയതാണെന്നും
അതിനാൽ തന്നെ ഈ പ്രശ്നത്തിന്റെ പരിഹാരം ക്ഷേത്രം മലയരയർക്ക് വിട്ടുകൊടുക്കലാണെന്ന
ഒരു വാദവും പുരോഗമനപക്ഷത്തു നിന്നും ഉയരുന്നുണ്ട്. എന്നാൽ അഗസ്ത്യാർകൂടത്തേക്ക് സ്ത്രീകൾക്ക്
പ്രവേശിക്കാം എന്ന കോടതിവിധിയെ എതിർക്കുന്നത് അവിടുത്തെ ഗോത്രവാസികൾ തന്നെയാണ്. അതിരുമലക്കപ്പുറം സ്ത്രീകൾ
പ്രവേശിക്കുന്നത് ഗോത്രാചാരങ്ങളുടെ ലംഘനമാണ് എന്നതാണ് വാദം. ഇത്, സവർണ്ണരുടെ ആചാരങ്ങൾക്ക് പകരം ഗോത്രാചാരങ്ങൾ
നടപ്പാക്കിയാൽ പ്രശ്നങ്ങളെല്ലാം തീരും എന്ന് ധരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
ഇടതു-പുരോഗമനപക്ഷത്തിന്റെ മേൽപ്പറഞ്ഞ വിശകലനങ്ങളെ ഇത്തരം നിരവധി ചോദ്യങ്ങൾ
ബുദ്ധിമുട്ടിക്കുന്നത് അവ തെറ്റായതുകൊണ്ടല്ല, അപൂർണ്ണമായതുകൊണ്ടാണ്. എന്താണ് ഈ വിശകലനങ്ങൾ വിട്ടുകളയുന്നത്? വർഗ്ഗം എന്ന വാക്ക് പോലും അവയിലെവിടെയും
ഉയരുന്നില്ല, ഭൗതികസാഹചര്യങ്ങളെ
(material
conditions) അവ പരാമർശിക്കുന്നു പോലും ഇല്ല, മുതലാളിത്തം എന്ന ഉൽപ്പാദനവ്യവസ്ഥ ഈ സംവാദങ്ങൾക്ക് ഒരു വിഷയമേ ആയിട്ടില്ല. മറിച്ച്, "ശബരിമലവിധിക്ക് മുതലാളിത്തവും ആയി എന്ത് ബന്ധം?" എന്ന പ്രതികരണമാണ് പൊതുവെ ഉണ്ടാവാൻ
സാധ്യത. ഇത് ഇന്ത്യൻ
ഇടതുപക്ഷം മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗ്ഗവിശകലനങ്ങളിൽ നിന്നും എത്ര
അകന്ന് പോയിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഒരു "മാർക്സിസ്റ്റു-ലെനിനിസ്റ്റ്" പാർട്ടി അധികാരം കൈയ്യാളുന്ന
കേരളത്തിൽ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ഏതൊക്കെ വർഗ്ഗങ്ങളാണ് എതിർക്കുന്നത്, ഏതൊക്കെ വർഗ്ഗങ്ങളാണ്
പിന്തുണക്കുന്നത്,
എന്ന ചോദ്യം പോലും ഉയരാത്തത് ഒരു വേദനിപ്പിക്കുന്ന വിരോധാഭാസമാണ്. കാരണം, മാർക്സോ ലെനിനോ ഈ ചോദ്യം ഉന്നയിക്കാതെ ഒരു പ്രായോഗിക
പ്രശ്നത്തെയും വിശകലനവിധേയമാക്കിയിട്ടില്ല. എല്ലാ ചർച്ചകളും വിശകലനങ്ങളും
രാഷ്ട്രീയപാർട്ടികളിലേക്ക് ചുരുക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ഈ രാഷ്ട്രീയപാർട്ടികൾ ഏത്
വർഗ്ഗത്തിന്റെ താല്പര്യങ്ങളാണ് പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം
ഉന്നയിക്കപ്പെടുന്നില്ല. ഈ വിധിക്ക് നവോത്ഥാനപരവും സ്ത്രീവിമോചനപരവും ജാതിവിരുദ്ധവുമായ മാനങ്ങളുണ്ട്
എന്നതിൽ തർക്കമില്ല.
എന്നാൽ അത്തരം മാനങ്ങളെ വർഗ്ഗപരമായി സമീപിക്കാൻ ഇടതുപക്ഷം പരിശ്രമിച്ചില്ല (ബൂർഷ്വ ഫെമിനിസ്റ്റുകളിൽ നിന്നും
സ്വത്വവാദികളിൽ നിന്നും അത്തരം ഒരു സമീപനം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല). ചരിത്രപരതയിലും
ഭൗതികസാഹചര്യങ്ങളിലും മാർക്സിസ്റ്റു രീതിശാസ്ത്രത്തിലും ഊന്നിയുള്ള
വർഗ്ഗവിശകലനത്തിന് മാത്രമേ ശബരിമല വിഷയം ഉയർത്തുന്ന ചോദ്യങ്ങളുടെ ഉത്തരം
കണ്ടെത്താനാവൂ, അത്തരം
വിശകലനങ്ങൾക്കേ പ്രതിരോധസമരങ്ങൾക്ക് സൈദ്ധാന്തികമായ ദിശാബോധം നൽകാനാവൂ.അത്തരം വിശകലനം നാം തുടങ്ങേണ്ടത്
കോടതിവിധിയുടെ വർഗ്ഗപരമായ ഉള്ളടക്കം അടയാളപ്പെടുത്തിക്കൊണ്ടാണ്
സുപ്രീംകോടതി വിധി പുരോഗമനബൂർഷ്വായുക്തിയുടെ ഏറ്റവും ഉയർന്ന
തലമാണ്. എന്തുകൊണ്ട്? മുതലാളിത്തത്തെ അതിന് മുന്നേ
നിലനിന്നിരുന്ന വ്യവസ്ഥകളിൽ നിന്നെല്ലാം വിഭിന്നമാക്കുന്നത് അത്
മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം എന്നീ സങ്കൽപ്പങ്ങളാണ്. ഇതിന് യഥാർത്ഥ സമത്വവുമായോ സ്വാതന്ത്ര്യവുമായോ വലിയ
ബന്ധമൊന്നും ഇല്ല എന്ന് നമുക്കറിയാം. എങ്കിലും ബൂർഷ്വവ്യവസ്ഥിതി
കെട്ടിപ്പൊക്കിയിരിക്കുന്നത് "ഔപചാരികമായ സമത്വം" (formal equality), വ്യക്തിപരമായ സ്വാതന്ത്ര്യം (individual freedom) എന്നീ ആശയങ്ങൾക്ക് മുകളിലാണ്. നിയമത്തിനും ഭരണകൂടത്തിനും മുന്നിൽ
എല്ലാവരും സമന്മാരാണ് എന്ന സങ്കല്പമാണ് ആദ്യത്തേത്. എല്ലാവരും ആത്യന്തികമായി വ്യക്തികൾ മാത്രമാണ്, ഇതിൽ എല്ലാവർക്കും ചില
വ്യക്തിസ്വാതന്ത്യങ്ങൾ ഉണ്ട് താനും, അതാണ് രണ്ടാമത്തേത്. ഇത് കാണിക്കുന്നത് ബൂർഷ്വാസിയുടെ മഹാമനസ്കതയല്ല, മുതലാളിത്തം പ്രാവർത്തികമാവണമെങ്കിൽ ഈ തുല്യതയും സ്വാതന്ത്ര്യവും
അത്യാവശ്യമാണ്. മാർക്സിസം
നമ്മളോട് പറയുന്നത് ആശയങ്ങൾ താനേ പൊട്ടിമുളക്കുന്നതല്ല എന്നും അവ അന്നന്നത്തെ
ഭൗതികസ്ഥിതിയുടെ (material
conditions) സൃഷ്ടിയാണ് എന്നുമാണ്. ഫ്യൂഡലിസത്തിന് പ്രവർത്തിക്കാൻ സമത്വം, സ്വാതന്ത്ര്യം എന്നീ സങ്കൽപ്പങ്ങളുടെ ആവശ്യമില്ല, കാരണം ഫ്യൂഡൽ ഉൽപ്പാദനവ്യവസ്ഥയെ
മുന്നോട്ടു നയിക്കുന്ന ജന്മി-കുടിയാൻ ബന്ധം സമത്വത്തിലോ സ്വാതന്ത്യത്തിലോ അധിഷ്ഠിതമായ ഒന്നല്ല. കുടിയാൻ മണ്ണിൽ പണിയെടുക്കുകയും
വിളവിന്റെ സിംഹഭാഗവും ഒരു പണിയും എടുക്കാതെ വെറുതെ ഇരിക്കുന്ന ജന്മിക്ക്
കൊടുക്കുകയുമാണ്.
ഈ വ്യവസ്ഥയിൽ സമത്വം എന്ന സങ്കൽപ്പത്തിന്റെ ആവശ്യം ഇല്ല, പകരം ഈ അസമത്വം ആണ് ഇവിടെ നിയമം. കുടിയാന് തന്റെ ജന്മി ആരായിരിക്കണം
എന്ന് തീരുമാനിക്കാനോ ജന്മിയെ മാറ്റാനോ ഒന്നും ആവില്ല, അയാൾ ഒരു ജന്മിയുടെ കുടിയാനായി പിറന്നുവീഴുന്നതാണ്. കുടിയാന്റെ വ്യക്തിജീവിതം
ആജീവനാന്തം ജന്മിയുടെ നിയന്ത്രണത്തിലുമാണ്. ഇതിനാൽ തന്നെ ഫ്യൂഡൽവ്യവസ്ഥ ഉൽപ്പാദിപ്പിച്ച ആശയങ്ങൾ
അസമത്വം, അസ്വാതന്ത്ര്യം
എന്നിവയെ സാധൂകരിക്കുന്നതാണ്. വിധി, ദൈവഹിതം, കഴിഞ്ഞ ജന്മങ്ങളിലെ പാപങ്ങൾ, ഭാവിയിൽ കുടിയാനെ കാത്തിരിക്കുന്ന
സ്വർഗ്ഗം എന്നിവ ഇതിൽ ചിലതാണ്. എന്നാൽ മുതലാളിത്തത്തിലേക്കു വരുമ്പോൾ ചിത്രം മാറുകയാണ്. ജന്മി-കുടിയാൻ ബന്ധത്തിൽ നിന്നും തികച്ചും വിഭിന്നമാണ്
മുതലാളി-തൊഴിലാളി ബന്ധം. ഇന്നേ മുതലാളിയുടെ കീഴിൽ തന്നെ
പണിയെടുക്കണം എന്ന് യാതൊരു നിയന്ത്രണവും ഇല്ല, മുതലാളിക്ക് തൊഴിലാളിയുടെ വ്യക്തിജീവിതത്തിലും
നിയന്ത്രണം ഇല്ല.
നിയമത്തിന് മുന്നിൽ മുതലാളിയും തൊഴിലാളിയും സമന്മാരാണ്, അവർക്കു ഒരേ
വ്യക്തിസ്വാതന്ത്ര്യങ്ങൾ ആണ്. ഇങ്ങനെ, മുതലാളിത്തത്തെ
അടയാളപ്പെടുത്തുന്നത് രണ്ട് കാര്യങ്ങൾ ആണ് - തൊഴിലാളി എന്ന നിലയിൽ തന്റെ തൊഴിൽ ചെയ്യാനുള്ള ശേഷി
ആർക്ക് വിൽക്കണം എന്ന് തീരുമാനിക്കാൻ തൊഴിലാളിക്കുള്ള formal സ്വാതന്ത്ര്യം, നിയമത്തിന് മുന്നിൽ, ഭരണകൂടത്തിന് മുന്നിൽ, മാർക്കറ്റിന് മുന്നിൽ എല്ലാ വ്യക്തികൾക്കും ഉള്ള formal സമത്വം. ഈ ഭൗതിക സവിശേഷതകൾ ആണ് മുതലാളിത്തം സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങൾക്ക് ജന്മം
നൽകാനുള്ള കാരണം.
ശബരിമല വിധി പ്രധാനമായും ഈ രണ്ടു ബൂർഷ്വ ആശയങ്ങളെ
അടിസ്ഥാനമാക്കിയുള്ളതാണ്. ശബരിമലയിലെ സ്ത്രീവിലക്ക് അവരുടെ സഞ്ചാരസ്വാതന്ത്യത്തിലും
ആരാധനാസ്വാതന്ത്യത്തിലും ഉള്ള കടന്നുകയറ്റമാണ്, അത് നിയമത്തിന് മുന്നിൽ ഉണ്ടായിരിക്കേണ്ട
സ്ത്രീപുരുഷസമത്വത്തിന് വിപരീതവും ആണ്. അതിനാൽ അത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും (illegal and unconstitutional) ആണ് എന്നാണ്
സുപ്രീം കോടതി വിധി.
അതുകൊണ്ടാണ് ഈ വിധി ബൂർഷ്വയുക്തിയുടെ ഏറ്റവും ഉയർന്ന തലമാണ് എന്ന് ആദ്യം
സൂചിപ്പിച്ചത്. മുതലാളിത്ത
ഉൽപ്പാദന വ്യവസ്ഥക്കുള്ളിൽ, അതിന്റെ സൃഷ്ടികളായ സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങളുടെ അടിസ്ഥാനത്തിൽ
കെട്ടിപ്പടുത്ത ഒരു നിയമവ്യവസ്ഥക്കുള്ളിൽ മാത്രമേ ഇത്തരം ഒരു വിധി
സാധ്യമാവുകയുള്ളൂ.
ഇവിടെ പ്രധാനമായ കാര്യം വിശ്വാസത്തിന്റെ ആധികാരികതയോ പഴമയോ പവിത്രതയോ ഒന്നും
തന്നെ പരിഗണനാവിഷയങ്ങളേ അല്ല എന്നതാണ്. വിശ്വാസവും അതിനെ അടിസ്ഥാനമാക്കിയുള്ള ആചാരവും
മനുഷ്യർ നിർമ്മിച്ചതാണ്, കൃത്യമായി പറഞ്ഞാൽ അവ സാമൂഹ്യനിർമ്മിതികൾ ആണ്. അവ മുതലാളിത്തപൂർവ്വമായ ഒരു വ്യവസ്ഥിതിയിലെ
ആശയങ്ങളുമായി ചേർന്ന് പോകുന്നതായിരിക്കാം. എന്നാൽ മുതലാളിത്തപ്രത്യയശാസ്ത്രമായോ അതിന്റെ
അടിസ്ഥാനത്തിൽ രൂപം കൊണ്ട ബൂർഷ്വ നിയമവ്യവസ്ഥയുമായോ പൊരുത്തപ്പെട്ടുപോകുന്നതല്ല. അങ്ങനെയെങ്കിൽ അവ മാറിയേ പറ്റൂ. ബൂർഷ്വ നിയമവ്യവസ്ഥ മുതലാളിത്തവും
അതിന്റെ ആശയങ്ങളുമായി പൊരുത്തമില്ലാത്ത ഫ്യൂഡൽശേഷിപ്പുകളെ തുടച്ചുമാറ്റാൻ
ശ്രമിക്കുകയാണ്; ഇതാണ് ശബരിമല
വിധിയുടെ വർഗ്ഗപരമായ അർത്ഥം.
എന്നാൽ ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യയിൽ മുതലാളിത്തവും ബൂർഷ്വ
ഭരണവും വന്നത് കഴിഞ്ഞ വർഷമല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വന്നുചേരുന്നത് ഒരു മുതലാളിത്ത
വ്യവസ്ഥതന്നെയാണ്,
ഒരു ബൂർഷ്വഭരണകൂടവും. ഇന്ത്യൻ ഭരണഘടനയും നീതിന്യായവ്യവസ്ഥയും അതിന്റെ പ്രാരംഭം മുതലേ
മുന്നോട്ടുവെച്ചത് മുതലാളിത്തത്തിന്റെ യുക്തി ആണ്. (സ്വാതന്ത്ര്യത്തിന് ശേഷം നിലവിൽ വന്നത് പൂർണ്ണമായ
മുതലാളിത്തം അല്ലെന്നും നെഹ്‌റുവിയൻ സോഷ്യലിസം, ഇല്ലെങ്കിൽ മിക്സഡ് ഇക്കോണമി എന്നെല്ലാം
വിളിക്കാവുന്ന ഒരു സങ്കരവർഗ്ഗം ആണെന്നും ചില ഇടതുപക്ഷക്കാർക്കിടയിൽ പോലും ഒരു ധാരണ
ഉണ്ട്. ഈ ധാരണയിലുള്ള
പിശക് ഞാൻ ഇവിടെ ചൂണ്ടിക്കാട്ടിയിരുന്നു: https://revolutionaryspring.blogspot.com/2015/01/planning-commission-rights-intentions.html). ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയവയിൽ ഊന്നിയ ഈ
യുക്തി അന്നത്തെ സാമൂഹികാവസ്ഥയിൽ പുരോഗമനപരം ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയെങ്കിൽ എന്ത് കൊണ്ട്
ഇത്തരത്തിലുള്ള ഫ്യൂഡൽ ശേഷിപ്പുകൾ തുടച്ചുനീക്കാൻ അന്നേ ബൂർഷ്വസി തയ്യാറായില്ല? ശബരിമലയുടെ കാര്യത്തിൽ, തുടച്ചു നീക്കാൻ തയ്യാറായില്ല
എന്ന് മാത്രമല്ല,
വാസ്തവത്തിൽ ഇങ്ങനെ ഒരു ആചാരത്തിന് നിയമത്തിന്റെ പരിരക്ഷ കൊടുത്ത് തന്നെ
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഭരണകൂടമാണ്. മാത്രമോ, ഇതിന് മുന്നേ ഈ ആചാരം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടപ്പോൾ
നിയമവ്യവസ്ഥയും വിധിച്ചത് ആചാരം നിലനിൽക്കും എന്ന് തന്നെ ആണ്. എന്തുകൊണ്ട് സ്വാതന്ത്ര്യത്തിലും
സമത്വത്തിലും അധിഷ്‌ഠിതമല്ലാത്ത ഈ ആചാരം നിർത്തലാക്കണം എന്ന് അന്നൊന്നും ഭരണവർഗ്ഗത്തിനോ
നിയമവ്യവസ്ഥക്കോ തോന്നിയില്ല? എന്ത് കൊണ്ട് അത് സുപ്രീംകോടതിക്ക് ഇപ്പോൾ തോന്നുന്നു? ഈ ചോദ്യം വളരെ പ്രധാനമാണ്. അതിന് ഉത്തരം കണ്ടെത്താൻ നാം ഇന്ത്യൻ
ജനാധിപത്യവിപ്ലവത്തിന്റെ വർഗ്ഗസ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്.
3. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വർഗ്ഗസ്വഭാവം
ഇന്ത്യൻ ജനാധിപത്യവിപ്ലവം (സ്വാതന്ത്ര്യസമരം) സ്വാതന്ത്ര്യം, സമത്വം, സ്വാഭിമാനം തുടങ്ങിയ ബൂർഷ്വ മുദ്രാവാക്യങ്ങൾ
ഉയർത്തിയെങ്കിൽ കൂടിയും, ഫ്രഞ്ച് വിപ്ലവം പോലെയോ മറ്റ് മൗലികമായ ബൂർഷ്വ വിപ്ലവങ്ങൾ പോലെയോ ഫ്യൂഡൽ
ശേഷിപ്പുകളുടെ ഉപാധികളില്ലാത്ത തുടച്ചുനീക്കൽ ഒരിക്കലും ലക്ഷ്യമാക്കിയിരുന്നില്ല. ഇതിന് പ്രധാനകാരണം പതിനെട്ടാം
നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ നടന്ന ഈ വിപ്ലവങ്ങളും ഇന്ത്യൻ ജനാധിപത്യ
വിപ്ലവവുമായി 150 വർഷത്തെ
കാലവ്യത്യാസം ഉണ്ട് എന്നതാണ്. മുതലാളിത്തം അതിന്റെ ശൈശവാവസ്ഥയിൽ നിൽക്കുമ്പോളാണ് ഫ്രഞ്ച്-അമേരിക്കൻ വിപ്ലവങ്ങൾ
അരങ്ങേറുന്നത്. ഫ്യൂഡൽ
ഉൽപ്പാദനവ്യവസ്ഥയെയും അത് രൂപം കൊടുത്ത ആശയങ്ങളേയും പൂർണ്ണമായി ഇല്ലാതാക്കേണ്ടത്
ശൈശവാവസ്ഥയിലുള്ള ബൂർഷ്വ വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം ആധിപത്യം
സ്ഥാപിക്കുകയും ഫ്യൂഡൽ സാംസ്കാരികചിഹ്നങ്ങളുടെ അപ്രമാദിത്വം ചോദ്യം
ചെയ്യപ്പെടുകയും ചെയ്‌താൽ മാത്രമേ സാംസ്കാരികമായും രാഷ്ട്രീയമായും ബൂർഷ്വ
വർഗ്ഗത്തിന് മേൽക്കോയ്മ നേടാൻ കഴിയുമായിരുന്നുള്ളൂ. ഫ്യൂഡലിസത്തിന്റെ ശേഷിപ്പുകളുമായി ഇത്തരത്തിലുള്ള
സന്ധിയില്ലാത്ത പോരാട്ടം മാത്രമേ അന്നത്തെ സാഹചര്യത്തിൽ ബൂർഷ്വസിയെ യഥാർത്ഥ
ഭരണവർഗ്ഗം ആയി മാറാൻ സഹായിക്കുമായിരുന്നുള്ളു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ട് മുതൽ അരങ്ങേറിയ ബൂർഷ്വ
വിപ്ലവങ്ങൾക്ക് ഈ റാഡിക്കൽ സ്വഭാവം ഉണ്ടായിരുന്നില്ല. അതിന് പ്രധാനകാരണം അപ്പോളേക്കും മുതലാളിത്തം
ഉൽപ്പാദനവ്യവസ്ഥ എന്ന നിലയിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു എന്നതാണ്. അതിനോടൊപ്പം തന്നെ പതിനെട്ടാം
നൂറ്റാണ്ടിലെ സ്ഥിതിയിൽ നിന്നും വിഭിന്നമായി തൊഴിലാളിവർഗ്ഗം ശക്തി പ്രാപിക്കുകയും
ചെയ്തു കഴിഞ്ഞിരുന്നു.
ഫ്യൂഡൽ ശേഷിപ്പുകൾക്കെതിരെയുള്ള സന്ധിയില്ലാസമരവും അവയുടെ തുടച്ചുനീക്കലും
ഏറ്റവും ഗുണം ചെയ്യുന്നത് തൊഴിലാളിവർഗ്ഗത്തിനാണ് എന്ന് ബൂർഷ്വസി ഇതിനകം
മനസ്സിലാക്കിയിരുന്നു.
ഫ്യൂഡൽ ജീർണ്ണതയിൽ നിന്നും മുക്തമായ ഒരു സമൂഹത്തിൽ തൊഴിലാളിവർഗ്ഗത്തെ നിറം, മതം, ജാതി, കുലം, ദേശം എന്നിവയുടെ പേരിൽ വിഭജിക്കാൻ
എളുപ്പമാവില്ല, അതിനാൽ തന്നെ
അത്തരം ഒരു സമൂഹത്തിൽ തൊഴിലാളിവർഗ്ഗബോധത്തിന്റെ വളർച്ച തടയാൻ ബുദ്ധിമുട്ടാണ്. അപ്പോളേക്കും തൊഴിലാളിവർഗ്ഗ ശക്തി
നേരിട്ട് കണ്ടറിയാൻ തുടങ്ങിയിരുന്ന ബൂർഷ്വ വർഗ്ഗം ജനാധിപത്യവിപ്ലവങ്ങളിൽ ഫ്യൂഡൽ
ശേഷിപ്പുകളുമായി അനുരഞ്ജനത്തിന്റെ പാത പിന്തുടരാൻ തുടങ്ങിയത് ഇത് മുതലാണ്. 1848 ൽ യൂറോപ്പിൽ അങ്ങോളമിങ്ങോളം
അരങ്ങേറിയ ബൂർഷ്വജനാധിപത്യ വിപ്ലവങ്ങളെ വർഗ്ഗവിശകലനത്തിന് വിധേയമാക്കിയ മാർക്‌സും
എൻഗൽസും ഇതേ അനുമാനത്തിലാണ് എത്തിച്ചേർന്നത്. ജനാധിപത്യവിപ്ലവങ്ങളിലൂടെ രാജഭരണം മാറി ജനാധിപത്യം
സ്ഥാപിക്കപ്പെടുമ്പോളും, മുതലാളിത്തവ്യവസ്ഥ പൂർണ്ണമായി ആധിപത്യം സ്ഥാപിക്കുമ്പോളും, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സങ്കല്പങ്ങൾ ഉത്‌ഘോഷിക്കപ്പെട്ടപ്പോളും, ഫ്യൂഡലിസ്റ്റ് ജീർണ്ണതകളുമായുള്ള
സന്ധിയില്ലാ സമരം ബൂർഷ്വസി കൈയ്യൊഴിഞ്ഞിരുന്നു. 1905 ലെ റഷ്യൻ ജനാധിപത്യ വിപ്ലവത്തെ വിശകലനം ചെയ്ത ലെനിൻ ഈ
കാര്യം സ്പഷ്ടമാക്കുന്നുണ്ട്:
"... it is to the advantage of the bourgeoisie to rely on certain
remnants of the past ... It is to the advantage of the bourgeoisie for the
bourgeois revolution not to sweep away all remnants of the past too resolutely,
but keep some of them, i.e., for this revolution not to be fully consistent,
not complete and not to be determined and relentless."
ഇന്ത്യൻ ജനാധിപത്യ വിപ്ലവം ആവുമ്പോഴേക്കും ബൂർഷ്വസിയെ
സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ കുറേകൂടെ വഷളാവുകയാണ് ചെയ്തത്. ഒന്നാമതായി, സ്വാതന്ത്ര്യസമരത്തിന്റെ രൂപത്തിൽ
ഇന്ത്യൻ ജനാധിപത്യവിപ്ലവം അതിന്റെ പൂർത്തീകരണത്തോട് അടുക്കുമ്പോളേക്കും
ലോകെമമ്പാടും മുതലാളിത്തം
അതിന്റെ പുരോഗമനപരമായ കാലഘട്ടം പിന്നിട്ട് കഴിഞ്ഞിരുന്നു. പ്രധാന മുതലാളിത്ത രാജ്യങ്ങളിലെല്ലാം
മുതലാളിത്തവ്യവസ്ഥയുടെ ജീർണ്ണത വളരെ പ്രകടമായിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയിൽ
ജനാധിപത്യവിപ്ലവം അരങ്ങേറുന്നത്. അതിനാൽ തന്നെ അതിന് ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ ശേഷിപ്പുകളോട് സന്ധിയില്ലാസമരം
പ്രഖ്യാപിക്കാൻ ഒരിക്കലും കെൽപ്പുണ്ടായിരുന്നില്ല. മുതലാളിത്തത്തിന്റെ ലാഭക്കൊതിയെ നേരിട്ട് ബാധിക്കാത്ത
ഒരു ഫ്യൂഡൽ ബന്ധനത്തെയും ഇന്ത്യൻ ബൂർഷ്വ വിപ്ലവം പിഴുതെറിയാൻ ശ്രമിച്ചിട്ടില്ല. രണ്ടാമതായി, ഇന്ത്യൻ ജനാധിപത്യവിപ്ലവം
അരങ്ങേറുന്നത് യൂറോപ്പിൽ സംഭവിച്ചതുപോലെ ബൂർഷ്വസിയും ഫ്യൂഡൽ വർഗ്ഗവുമായുള്ള
നേരിട്ടുള്ള വർഗ്ഗസമരത്തിലൂടെ അല്ല. ഫ്യൂഡൽ അന്ധകാരത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം
കൊളോണിയലിസം എന്ന ഇടവേള താണ്ടിയാണ്. അതിനാൽ തന്നെ ഇന്ത്യൻ ബൂർഷ്വ വിപ്ലവത്തിൽ സമരം കൊളോണിയൽ ബൂർഷ്വസിയും ഇന്ത്യൻ
ബൂർഷ്വസിയും തമ്മിലായിരുന്നു. ബ്രിട്ടീഷ് ബൂർഷ്വസിയിൽ നിന്നും ഭരണം പിടിച്ചെടുക്കുക എന്നതായിരുന്നു ഇന്ത്യൻ
ജനാധിപത്യ വിപ്ലവത്തിൽ ഇന്ത്യൻ ബൂർഷ്വസിയുടെ പ്രധാന ആവശ്യം, ഇതിൽ ഇന്ത്യൻ ഫ്യൂഡൽ വർഗ്ഗത്തോടും
കാലഹരണപ്പെട്ട ഫ്യൂഡൽ സമ്പ്രദായങ്ങളോടും എന്ത് നിലപാടെടുക്കണം എന്നത് സ്വാതന്ത്ര്യസമരത്തെ
ബാധിക്കുന്ന ഒരു പ്രധാനചോദ്യമായിരുന്നു. ഇതിനെ സംബന്ധിച്ച് കോൺഗ്രസ്സിൽ തന്നെ വ്യത്യസ്ഥ അഭിപ്രായങ്ങൾ
ഉള്ള രണ്ടു ചേരികൾ ഉണ്ടായിരുന്നതായി
നമുക്ക് കാണാൻ സാധിക്കും.
ഇന്ത്യൻ സ്വാതന്ത്ര്യസമരം നയിക്കുന്ന ഘട്ടത്തിൽ
കോൺഗ്രസ്സിനുള്ളിലെ പുരോഗമനപരമായ വിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിൽ നിരന്തരമായ
സംഘർഷം നിലനിന്നിരുന്നു. ഈ സംഘർഷത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യസമരത്തിന്റെ (അതായത് ഇന്ത്യൻ ജനാധിപത്യവിപ്ലവത്തിന്റെ) വർഗ്ഗ ഉള്ളടക്കം തന്നെയായിരുന്നു. നെഹ്‌റു നയിച്ചിരുന്ന
പുരോഗമനവിഭാഗം, ബ്രിട്ടീഷ് ഭരണം
തുടച്ചുമാറ്റേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുമ്പോൾ തന്നെ അത് ബ്രിട്ടിഷുകാർ
വരുന്നതിന് മുന്നേ ഉള്ള ഇന്ത്യയിലേക്ക് ഒരു മടങ്ങിപ്പോക്ക് ഒരിക്കലും ആവരുത് എന്ന്
കരുതിയിരുന്നവർ ആണ്.
കൊളോണിയലിസം ഇന്ത്യൻ മണ്ണിൽ പാകിയ മുതലാളിത്തത്തിന്റെ വിത്തുകൾ
സ്വാതന്ത്ര്യലബ്ദ്ധി ആയപ്പൊളേക്കും ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ ഭൗതികമായ അടിത്തറ
തകർത്തു കഴിഞ്ഞിരുന്നു. എന്നാൽ പോരാടുന്ന ജനങ്ങളെ അടക്കിഭരിക്കാനായി ബ്രിട്ടീഷ് ബൂർഷ്വസി അപ്പോഴും
ഫ്യൂഡൽ അധികാരശക്തികളുമായി അനുരഞ്ജനത്തിൽ ഏർപ്പെട്ടുപോന്നു. ഉത്പാദനവ്യവസ്ഥ എന്ന നിലയിൽ
മുതലാളിത്തം ആധിപത്യം സ്ഥാപിച്ചപ്പോളും, ഫ്യൂഡൽ ഉപരിഘടനയെയും ഫ്യൂഡൽ ശേഷിപ്പുകളെയും ഒരു പരിധി
വരെയെങ്കിലും അത് ബാധിക്കാതിരിക്കാൻ ഈ അനുരഞ്ജനം പ്രധാന കാരണമായി. സ്വാതന്ത്ര്യാനന്തരം ഈ അവസ്ഥ
മാറണമെന്നും മുതലാളിത്തം ഉദയം നൽകിയ സ്വാതന്ത്ര്യം, സമത്വം, യുക്തിസഹമായ ശാസ്ത്രമനോഭാവം എന്നിവയിൽ ഊന്നിയ, ഫ്യൂഡൽ ബന്ധനങ്ങളിൽ നിന്നും
തികച്ചും മുക്തമായ,
ഒരു സമൂഹം കെട്ടിപ്പടുക്കണമെന്നുമായിരുന്നു നെഹ്രുവിൻ കാഴ്ചപ്പാട്. ഫ്യൂഡലിസത്തിന്റെ ഭൗതികവും
ആശയപരവുമായ കെട്ടുപാടുകളിൽ നിന്നും മുക്തമായ, തികച്ചും ആധുനികമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക
എന്ന നെഹ്രുവിൻ കാഴ്ചപ്പാട് ജനാധിപത്യവിപ്ലവത്തിന്റെ ഏറ്റവും റാഡിക്കൽ ആയ
സാക്ഷാൽക്കാരമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ്സിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ
കാഴ്ചപ്പാട് ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. മതത്തോടുള്ള ഗാന്ധിയുടെ സമീപനം ഇതിന്റെ നല്ല ഒരു ഉദാഹരണമാണ്. മതപരമായ ആദ്ധ്യാത്മികതയെ ഇന്ത്യൻ സംസ്കാരത്തിന്റെ
അവിഭാജ്യഘടകമായാണ് ഗാന്ധി കണ്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം ഗാന്ധിക്ക് "ഇന്ത്യൻ സംസ്കാര"ത്തെ തിരിച്ചു പിടിക്കാനുള്ള
പോരാട്ടം കൂടെ ആയിരുന്നു. ഫ്യൂഡൽ സാംസ്കാരികമേൽക്കോയ്‌മയെ മുതലാളിത്തത്തിന്റെ വളർച്ച മെല്ലെ
ഇല്ലാതാക്കുകയാണ് എന്നതിനെ നെഹ്‌റു കണ്ടത് പോലെ പുരോഗമനപരമായ കാര്യമായല്ല ഗാന്ധി
കണ്ടത്, സാംസ്കാരിക
അപചയമായാണ്. ജീർണ്ണിച്ച
ഫ്യൂഡൽ ശേഷിപ്പുകളിൽ പലതിനെയും ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യഘടകങ്ങളായും
അതിനാൽ തന്നെ സംരക്ഷിക്കപ്പെടേണ്ടവയായുമാണ് യാഥാസ്ഥിതിക വിഭാഗം കണ്ടത്. അതുകൊണ്ട് തന്നെയാണ്
സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിൽ ഈ സംസ്കാരികശേഷിപ്പുകളെ മുഴുവൻ
ഉപയോഗിക്കാൻ കോൺഗ്രസ്സിലെ യാഥാസ്ഥിക വിഭാഗം തയ്യാറായത്. വീടുകൾക്കുള്ളിൽ നടന്നുവന്നിരുന്ന ഗണേശപൂജക്ക്
ഇന്നുകാണുന്ന സാമൂഹികമാനം നൽകി അതിനെ പൊതുവഴിയിലേക്കു പറിച്ചുനട്ടതു ഹിന്ദു
സംഘടനകളല്ല, ബാല ഗംഗാധർ
തിലക് ആണ്. ഈ സമീപനം
യാഥാസ്ഥിക വിഭാഗത്തെ കൊണ്ടെത്തിച്ചത് നേരത്തെ സൂചിപ്പിച്ച അനുരഞ്ജനത്തിന്റെ പാതയിൽ
ആണ്, ഇന്ത്യൻ
ബൂർഷ്വസിക്കു ഈ പാത തന്നേയായിരുന്നു പഥ്യവും. അതിനാലാണ് സ്വാതന്ത്ര്യസമരത്തിന്റെ പല
സന്നിഗ്ദ്ധഘട്ടങ്ങളിലും ഗാന്ധി നയിക്കുന്ന യാഥാസ്ഥിതിക വിഭാഗത്തിന് മേൽക്കോയ്മ
നേടിക്കൊടുക്കാൻ പ്രധാന ഇന്ത്യൻ വ്യവസായികളെല്ലാം ശ്രമിച്ചു കൊണ്ടേയിരുന്നത്. ബിർളയെയും താകുർദാസിനെയും പോലുള്ള
ഇന്ത്യൻ വ്യവസായികൾ നെഹ്‌റു വിഭാഗത്തെ നിയന്ത്രിക്കാൻ നടത്തിയ ഇടപെടലുകൾ ചരിത്രകാരന്മാർ
പഠനവിധേയമാക്കിയിട്ടുള്ളതാണ്.
4. 'സെക്യുലറിസ'ത്തിന്റെ ഇന്ത്യൻ വ്യാഖ്യാനം
സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രിയായി നെഹ്‌റു
അവരോധിക്കപ്പെട്ടെങ്കിലും ഇന്ത്യൻ ജനാധിപത്യവിപ്ലവം പൂർത്തീകരിക്കപ്പെട്ടത്
ഇന്ത്യൻ ബൂർഷ്വവർഗ്ഗവും കോൺഗ്രസ്സിലെ യാഥാസ്ഥിതിക വിഭാഗവും വാദിച്ചത് പോലെ ഫ്യൂഡൽ
ശേഷിപ്പുകളുമായുള്ള അനുരഞ്ജനത്തിന്റെ പാതയിലൂടെ തന്നെയാണ്. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം സ്വതന്ത്ര ഇന്ത്യയിൽ
സെക്യുലറിസം എന്ന പദത്തിന് കൈവന്ന വ്യാഖ്യാനമാണ്. ഇർഫാൻ ഹബീബ് ചൂണ്ടിക്കാണിച്ചിട്ടുള്ളത് പോലെ
സെക്യുലറിസം എന്ന പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയോഗിക്കുന്നത് 1851ൽ ജോർജ് ഹോളിയോക്ക് ആണ്. അദ്ദേഹം അതിന് കൊടുത്ത അർത്ഥം
ഓക്സ്ഫോർഡ് ഡിക്ഷ്നറി വ്യക്തമാക്കുന്നുണ്ട്:
"...the doctrine that morality should be based solely on regard to
the well-being of mankind in the present life to the exclusion of all
considerations drawn from the belief of God"
വെബ്സ്റ്റർ ഡിക്ഷ്നറി കുറച്ചുകൂടെ സംക്ഷിപ്തമായി ഇതേ അർഥം
കൊടുക്കുന്നുണ്ട്:
"Indifference to or rejection or exclusion of religion and
religious considerations".
മനുഷ്യനെ സംബന്ധിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ
ദൈവം, മതം, അത് മുന്നോട്ടു വെക്കുന്ന
ആദ്ധ്യാത്മികപ്രമാണങ്ങൾ തുടങ്ങിയവയെ മുഴുവനായും മാറ്റിനിർത്തുന്ന രീതിയെയാണ്
സെക്യുലറിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി ഈ പദം
ഉപയോഗിക്കുമ്പോൾ ഭരണകൂടവും മതവുമായുള്ള പൂർണ്ണമായ വ്യതിരിക്തതയാണ്
അർത്ഥമാക്കുന്നത്;
"the principle of separation of the state from religious
institutions". സെക്യുലറിസം എന്നത് രാഷ്ട്രീയവും മതവുമായുള്ള പൂർണ്ണമായ
വിച്ഛേദമാണ്. ഒരു സെക്യുലർ
ഭരണകൂടത്തെ സംബന്ധിച്ചെടുത്തോളം മതം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യകാര്യമാണ്. അതായത് ഭരണകൂടമോ ഭരണകൂടസ്ഥാപനങ്ങളോ
നീതിന്യായവ്യവസ്ഥയോ രാഷ്ട്രീയമണ്ഡലമോ ഒരു മതത്തെയും മതസ്ഥാപനത്തെയും
അംഗീകരിക്കുന്നില്ല.
മതവിശ്വാസം വ്യക്തിയുടെ സ്വകാര്യതയാണ്, അതിൽ ഭരണകൂടം ഇടപെടില്ല, അത്തരം വിശ്വാസങ്ങളുടെ പേരിൽ യാതൊരു വിവേചനവും
ഭരണകൂടം കാണിക്കുകയും ഇല്ല. സെക്യുലറിസത്തിന്റെ മലയാളം തർജ്ജമയായി സാധാരണ ഉപയോഗിക്കുന്ന "മതനിരപേക്ഷത" എന്ന പദത്തിന്റെയും അർഥവും "മതത്തിന്റെ ആശ്രയമില്ലാത്ത" എന്ന് തന്നെയാണ്. 1851ൽ ഈ പദം ഉപയോഗത്തിൽ വരുന്നതിന്
അരനൂറ്റാണ്ട് മുന്നേ നടന്ന ഫ്രഞ്ച് വിപ്ലവം മതത്തിന്റെ സ്വാധീനത്തിൽ നിന്നും
പൂർണ്ണമായി മുക്തമായ ഒരു ഭരണകൂടത്തിനാണ് ജന്മം കൊടുത്ത്. പുരോഗമനപരമായ ഏതൊരു ബൂർഷ്വ വിപ്ലവവും മതത്തെ
ഇത്തരത്തിൽ ഭരണകൂടത്തിൽ നിന്ന് വിച്ഛേദിച്ചു സ്വകാര്യ ഇടത്തിലേക്കു
പരിമിതപ്പെടുത്തുകയാണ് ചെയ്യുക, ഇത് ഫ്യൂഡലിസത്തിന് കീഴിൽ മതവും മതസ്ഥാപനങ്ങളും അനുഭവിച്ചുപോന്ന
രാഷ്ട്രീയസ്വാധീനം അവസാനിപ്പിക്കുന്നതിന്റെ തുടക്കമാണ്. എന്നാൽ യാഥാസ്ഥിതിക ബൂർഷ്വചായ്‌വുണ്ടായിരുന്ന ഇന്ത്യൻ
ജനാധിപത്യ വിപ്ലവം സെക്യുലറിസത്തിന് ഈ പുരോഗമനപരമായ അർത്ഥമേ അല്ല നൽകിയത്. കോൺഗ്രസ്സിലെ യാഥാസ്ഥിതിക
വിഭാഗത്തിന്റെ പ്രധാനനേതാക്കളിൽ ഒരാളായ സർവേപ്പള്ളി രാധാകൃഷ്ണൻ സെക്യുലറിസത്തിന് ഇന്ത്യൻ ബൂർഷ്വ
വിപ്ലവം കൊടുത്ത വ്യാഖ്യാനം വ്യക്തമാക്കുന്നുണ്ട്:
"When India is said to be a secular state, it does not mean that we
reject the reality of an Unseen Spirit or the relevance of religion to life or
that we exalt irreligion ... We hold that not one religion should be given
preferential status or unique distinction."
ഇത് പുരോഗമനപരമായ ബൂർഷ്വ വിപ്ലവങ്ങൾ മുന്നോട്ടുവെച്ച
സെക്യുലറിസം എന്ന ആശയത്തിന്റെ അന്തഃസ്സത്ത മുഴുവനും ചോർത്തിക്കളയുന്ന ഒരു
വ്യാഖ്യാനമാണ്. ഈ വ്യാഖ്യാനം മതത്തെ
സ്വകാര്യകാര്യമായി കാണുന്നില്ല എന്നുമാത്രമല്ല, മതങ്ങളും ഭരണകൂടവും തമ്മിലും, മതങ്ങളും രാഷ്ട്രീയവും തമ്മിലുമുള്ള വിച്ഛേദം
പരാമർശിക്കുന്നതേ ഇല്ല. മറിച്ച്, ഭരണകൂടവും
രാഷ്ട്രീയവും എല്ലാ മതങ്ങളെയും ഒരു പോലെ കാണണമെന്നും ഒരു മതത്തിനും പ്രത്യേക
പരിഗണന നൽകാൻ പാടില്ല എന്നും മാത്രമാക്കി ചുരുക്കുകയാണ്. പുരോഗമനബൂർഷ്വ വിപ്ലവങ്ങൾ മതത്തെ സാമൂഹിക-രാഷ്ട്രീയ ഇടങ്ങളിൽ നിന്നും
പൂർണ്ണമായി നിഷ്കാസിതമാക്കി വ്യക്തിസ്വകാര്യതയിലേക്ക് ഒതുക്കി നിർവ്വീര്യമാക്കാൻ
ശ്രമിച്ചപ്പോൾ ഇന്ത്യൻ ജനാധിപത്യവിപ്ലവം എല്ലാ മതങ്ങൾക്കും രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ നടത്താനുള്ള
തുല്യ അവകാശം ഉറപ്പാക്കുകയാണ് ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അനുരഞ്ജനസ്വഭാവം
ഏറ്റവും നന്നായി തെളിഞ്ഞു കാണുന്നത് "മതനിരപേക്ഷത"ക്ക് നമ്മൾ കൊടുത്ത ഈ പിന്തിരിപ്പൻ അർത്ഥത്തിലാണ്. ഇടതുപക്ഷം അടക്കം ഇന്ന്
സെക്യുലറിസം എന്നതിന് ഈ യാഥാസ്ഥിതിക വ്യാഖ്യാനമാണ് നൽകുന്നത്; സാമൂഹികജീവിതത്തെ മലീമസമാക്കാൻ
എല്ലാ മതങ്ങൾക്കും തുല്യ അവകാശമാണ് ഉള്ളത്! മതങ്ങളുടെയും മതസ്ഥാപനങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക അസ്തിത്വത്തെ തന്നെ ചോദ്യം
ചെയ്യുന്ന സെക്യുലറിസം എന്ന ആശയത്തെ വക്രീകരിച്ചു എല്ലാ മതങ്ങൾക്കും അവരുടെ പിന്തിരിപ്പൻ
പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുള്ള തുല്യാവസരം എന്നാക്കുക വഴി വിശ്വാസത്തിന്റെ
ഇരുട്ടിൽ നിന്നും ഇന്ത്യൻ സമൂഹം കരകയറുകയില്ല എന്ന് ഉറപ്പിക്കുകയാണ് ഇന്ത്യൻ
ഭരണവർഗം ചെയ്തത്.
ഇങ്ങനെ സമസ്തമേഖലകളിലും അനുരഞ്ജനത്തിന്റെ പാതയിലൂടെയാണ് ഇന്ത്യൻ ജനാധിപത്യവിപ്ലവം
സഞ്ചരിച്ചത്. അതുകൊണ്ട്
തന്നെയാണ് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഫ്യൂഡൽ സാംസ്കാരികശേഷിപ്പുകളെ ഉന്മൂലനം
ചെയ്യാനോ അവയുടെ യുക്തിയെ ചോദ്യം ചെയ്യാനോ അവയെ അടിസ്ഥാനപ്പെടുത്തിയുള്ള
ആചാരങ്ങളെയും വിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാനോ നമുക്ക് കഴിയാതെ പോയത്. ശബരിമലയിലെ സ്ത്രീവിലക്ക്
സ്വാതന്ത്ര്യത്തിന് ശേഷം അറുപത് വർഷങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെട്ടില്ല
എന്നതിനും ഇത് തന്നെയാണ് അടിസ്ഥാനകാരണം.
5. സുപ്രീംകോടതിയുടെ പുരോഗമനപരമായ ഭരണഘടനാവ്യാഖ്യാനങ്ങളുടെ പശ്ചാത്തലം
അങ്ങനെയെങ്കിൽ, ഇപ്പോൾ എന്തുകൊണ്ട് സുപ്രീംകോടതി ഈ അനുരഞ്ജനത്തെ
ചോദ്യം ചെയ്തിരിക്കുന്നു? ഈ വിഷയത്തിൽ മാത്രമല്ല, സ്വവർഗ്ഗലൈംഗികത,
മുത്തലാഖ്, വിവാഹേതര
ബന്ധങ്ങൾ തുടങ്ങി പല വിഷയങ്ങളിലും ഫ്യൂഡൽ ചായ്‌വുള്ളവരുടെ വാദങ്ങൾക്ക് നേരെ എതിർ
ദിശയിലുള്ള പുരോഗമനപരമായ വിധികളാണ് ഈയടുത്തായി സുപ്രീംകോടതിയിൽ നിന്നും
ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നീതിന്യായവ്യവസ്ഥ എന്നത് മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥയുടെ ഉപരിഘടനകളിൽ (superstructure) ഒന്ന് മാത്രമാണ്
എന്ന് നമുക്കറിയാം,
അതുകൊണ്ട് തന്നെ ബൂർഷ്വ പ്രത്യയശാസ്ത്രത്തിന്റെ സീമകളെ അതിലംഘിച്ചുകൊണ്ട്
ഭരണഘടനാവ്യാഖ്യാനങ്ങൾ നടത്താൻ അതിന് ആവില്ല. അപ്പോൾ ഈ വിധിയുടെ അർത്ഥം, സ്വാതന്ത്ര്യലബ്ധിയുടെ സമയത്തും അതിനുശേഷം
അരനൂറ്റാണ്ടിലേറെയായും ജനാധിപത്യവിപ്ലവത്തെ പുരോഗമനപാതയിൽ കൊണ്ടുപോകാൻ
താൽപ്പര്യപ്പെടാതിരുന്ന ഇന്ത്യൻ ഭരണവർഗ്ഗം അനുരഞ്ജനത്തിന്റെ പാത കൈയ്യൊഴിയുകയാണ്
എന്നാണോ? അതിന്റെ
ലക്ഷണമാണോ പരമോന്നതനീതിപീഠത്തിൽ നിന്നും ഉണ്ടാവുന്ന പുരോഗമന വിധികൾ? വാസ്തവം ഇത് അല്ലേയല്ല എന്ന്
ഇന്ത്യൻ സാഹചര്യങ്ങളെ വീക്ഷിക്കുന്ന ഏതൊരാൾക്കും എളുപ്പം മനസ്സിലാവും. ഇന്ത്യൻ ഭരണവർഗ്ഗത്തെ
യാഥാസ്ഥിതികരുമായി അനുരഞ്ജനത്തിലേക്ക് നയിച്ച ഭൗതികസാഹചര്യങ്ങൾ കഴിഞ്ഞ
കാൽനൂറ്റാണ്ടിൽ കൂടുതൽ വഷളാവുകയാണ് ചെയ്തിട്ടുള്ളത്. മുതലാളിത്തത്തിന്റെ ഘടനാപരമായ പ്രതിസന്ധികൾ
മുമ്പെങ്ങുമില്ലാത്ത തരത്തിൽ തുറന്നുകാട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള
അന്തരം മനുഷ്യചരിത്രത്തിൽ ഇതുവരെ ഇല്ലാത്തത്ര രീതിയിൽ വർദ്ധിച്ചുകഴിഞ്ഞു. ഈ രണ്ട് കാരണങ്ങൾ കൊണ്ട് തന്നെ
അതിസമ്പന്നരായ ഒരു ശതമാനത്തെ മാറ്റിനിർത്തിയാൽ മറ്റെല്ലാവരും സാമ്പത്തികവും
സാമൂഹികവും സാംസ്കാരികവും ലൈംഗികവുമായ അരക്ഷിതാവസ്ഥയുടെ നിഴലിലാണ് കഴിയുന്നത്. സാമൂഹികരംഗത്തു അനുദിനം
ഉൽപാദിപ്പിക്കപ്പെടുന്ന വൈരുദ്ധ്യങ്ങൾ ഈ വ്യവസ്ഥക്ക് തന്നെ ഭീഷണി
ഉയർത്തിത്തുടങ്ങിക്കഴിഞ്ഞു. മുതലാളിത്തത്തിന്റെ ജീർണ്ണത വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഏറ്റവും മൗലികമായി
ജനാധിപത്യവിപ്ലവം പൂർത്തീകരിക്കപ്പെട്ട ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ പോലും
ഭരണവർഗ്ഗം അതിന്റെ പുരോഗമനമുഖം കൈയ്യൊഴിയുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇന്ത്യൻ ഭരണവർഗ്ഗമാവട്ടെ അതിന്റെ
പുരോഗമനോന്മുഖതയുടെ അവസാന പൊയ്മുഖവും അഴിച്ചുവെച്ചു ഫാഷിസ്റ്റ് കക്ഷികളെ
അധികാരത്തിൽ എത്തിക്കാൻ പ്രവർത്തിക്കുന്നതാണ് നമ്മൾ 2014ലെയും 2019ലെയും ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കണ്ടത്. മുതലാളിത്തപ്രതിസന്ധികൾക്ക് നടുവിൽ
തങ്ങളുടെ ലാഭവിഹിതം ഉറപ്പിക്കാൻ, ജനാധിപത്യത്തിന്റെ ശേഷിക്കുന്ന ഇത്തിരിജീവൻ പോലും കശാപ്പുചെയ്യാൻ മടിയില്ലാത്ത
"ശക്തനായ" ഭരണാധികാരിക്ക് മാത്രമേ കഴിയൂ എന്ന
തിരിച്ചറിവാണ് ഈ പിന്തുണക്ക് പിന്നിൽ. ജനാധിപത്യവിപ്ലവത്തിന് അതിന്റെ യാഥാസ്ഥിതികത്വം മൂലം
മായ്ച്ചു കളയാൻ കഴിയാതെപോയ ഫ്യൂഡൽ ശേഷിപ്പുകളെ മാത്രമല്ല, കേട്ടുകേൾവി മാത്രമുള്ള രീതികളെയും ആചാരങ്ങളെയും, അവക്ക് കൂട്ടായി പുതുതായി
നിർമ്മിച്ചെടുത്തവയേയും, സാമൂഹികമണ്ഡലത്തിലേക്ക് ആനയിച്ചു കൊണ്ടുവരാൻ ഫാഷിസത്തിന് ആവും. പഴമയുടെ ഈ ഭാണ്ഡക്കെട്ട്, അദ്ധ്വാനിക്കുന്നവർ ഈ
വ്യവസ്ഥിതിക്കെതിരെ തിരിയുകയില്ല എന്ന് ഉറപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല ആയുധമാണ്. അതുകൊണ്ടു തന്നെ
സ്വാതന്ത്ര്യലബ്ധിയുടെ സമയത്തേക്കാൾ എത്രയോ ശക്തമായി ഇന്ത്യൻ ഭരണവർഗം ഭൂതകാലത്തിലെ
ജീർണ്ണതകളുടെ പിന്നിൽ അണിനിരക്കുന്ന കാലമാണ് ഇത്. അതിനാൽ തന്നെ സുപ്രീംകോടതിയുടെ ശബരിമല അടക്കമുള്ള
പുരോഗമനവിധികൾ ഇന്ത്യൻ ബൂർഷ്വസിയുടെ പുരോഗമനചായ്‌വിന്റെ തെളിവുകളല്ല. മറിച്ച്, അവ കഴിഞ്ഞ കാൽനൂറ്റാണ്ടായി അനുദിനം
വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മുതലാളിത്തവളർച്ചയുടെ പരിണിതഫലമാണ്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ നിലവിൽ വന്നത്
മുതലാളിത്തവ്യവസ്ഥിതിയും ബൂർഷ്വ ഭരണവും തന്നെയാണെന്ന് മുകളിൽ സൂചിപ്പിച്ചുവല്ലോ. എന്നാൽ ഈ മുതലാളിത്തം വിപണിക്ക്
പൂർണ്ണസ്വാതന്ത്ര്യവും ആധിപത്യവും കൊടുക്കുന്ന, laissez faire എന്ന് സാധാരണ വിളിക്കപ്പെടുന്ന, ക്ലാസ്സിക്കൽ മുതലാളിത്തമാതൃക അല്ല
പിന്തുടർന്നത്. പകരം, ഭരണകൂടത്തിന്റെ ഭാഗികമായ
നിയന്ത്രണത്തിലുള്ള,
വെൽഫെയർ ക്യാപിറ്റലിസം അല്ലെങ്കിൽ സ്റ്റേറ്റ് ക്യാപിറ്റലിസം എന്നൊക്കെ
വിളിക്കപ്പെടുന്ന,
ഒരു മാതൃകയാണ്.
ഇന്ത്യൻ ഭരണവർഗം ഈ മാതൃക തിരഞ്ഞെടുക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ്. ആദ്യത്തേത് തികച്ചും
സാമ്പത്തികമാണ്. നൂറ്റിയമ്പത്
വർഷത്തെ കൊളോണിയൽ കൊള്ളക്ക് ശേഷം ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ സ്ഥിതി സ്വാതന്ത്ര്യം
കിട്ടുന്ന സമയത്ത് ദയനീയമായിരുന്നു. ജനതയുടെ മാനവികവിഭവശേഷിയുടെ കാര്യത്തിലായിക്കൊള്ളട്ടെ, ആഭ്യന്തരവിപണിയുടെ കാര്യത്തിലായിക്കൊള്ളട്ടെ, ഇന്ത്യൻ സാഹചര്യങ്ങൾ
സ്വതന്ത്രവിപണിയിൽ അധിഷ്ഠിതമായ ക്ലാസിക്കൽ മുതലാളിത്തത്തിന് അനുകൂലമായിരുന്നില്ല. ഇത് ഏറ്റവും വേഗം തിരിച്ചറിഞ്ഞത്
ഇന്ത്യൻ ബൂർഷ്വസി തന്നെയാണ്. സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യയെ നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തത്തിന്
സജ്ജമാക്കാൻ ഇവർക്ക് ഭരണകൂടത്തിന്റെ സഹായം കൂടിയേ മതിയാവുമായിരുന്നുള്ളൂ. രണ്ടാമത്തെ കാരണം രാഷ്ട്രീയപരമാണ്. തൊള്ളായിരത്തി നാല്പതുകളോടുകൂടി
സമരോൽസുകമായിമാറിയ സ്വാതന്ത്ര്യസമരം ഇന്ത്യൻ ജനതയെ ഉണർവിന്റെ പാരമ്യത്തിൽ
എത്തിച്ചു. തൊഴിലാളിവർഗ്ഗപ്രക്ഷോഭങ്ങളും
കർഷകസമരങ്ങളും ആളിപ്പടർന്നു. ഈ സാഹചര്യത്തിൽ മുതലാളിത്തത്തെ അതിന്റെ ക്ലാസിക്കൽ രൂപത്തിൽ ഇന്ത്യയിൽ
നടപ്പിലാക്കിയാൽ അത് ഈ കനലിനെ ആളിക്കത്തിക്കും, ശൈശവാവസ്ഥയിലുള്ള ഇന്ത്യൻ ബൂർഷ്വസിക്ക് ഇതിനെ
അതിജീവിക്കാൻ ആവില്ല.
ഈ പ്രതിഷേധാഗ്നിയെ കെടുത്താൻ ഭരണകൂടത്താൽ നിയന്ത്രിക്കപ്പെട്ട, ക്ഷേമരാഷ്ട്രസങ്കൽപ്പത്തിൽ
ഊന്നിയുള്ള, ഒരു
മുതലാളിത്തവ്യവസ്ഥക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇതൊരു താൽക്കാലികമായ വിട്ടുവീഴ്ച മാത്രമാണെന്ന
കാര്യത്തിൽ ഇന്ത്യൻ ബൂർഷ്വസിക്കു ഒരിക്കലും സംശയം ഉണ്ടായിരുന്നില്ല. സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി
കൈവരുന്നസമയം ഈ രാജ്യത്തെ മൊത്തമായി ചൂഷണം ചെയ്യാൻ തങ്ങൾക്ക് വിട്ടുതന്നിട്ട്
ഭരണകൂടം പിൻവലിഞ്ഞു കൊള്ളണം എന്നത് തൊള്ളായിരത്തിനാല്പതുകളിൽ തന്നെ അവർ
മുന്നോട്ടുവെച്ച മാസ്റ്റർപ്ലാനിന്റെ ഭാഗമാണ് (ബോംബെ പ്ലാനിന്റെ വിഷാദശാംശങ്ങൾക്കായി ഈ ലേഖനം കാണുക: https://revolutionaryspring.blogspot.com/2015/01/planning-commission-rights-intentions.html).
എഴുപതുകളുടെ തുടക്കം വരെ ഭാഗികമായെങ്കിലും നിയന്ത്രിതമായ
മുതലാളിത്തമാണ് ഇന്ത്യയിൽ നിലനിന്നത്, സാമൂഹികമായി ഇത് രണ്ടു ഫലങ്ങളാണ് ഉണ്ടാക്കിയത്. ഒന്ന്: അനിയന്ത്രിതമായ, വിപണിയുടെ സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള മുതലാളിത്തം
ഉൽപ്പാദിപ്പിക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയും പ്രതിസന്ധിയും ഒരു പരിധിവരെ
തടഞ്ഞു നിർത്താൻ ഇതിനെക്കൊണ്ടായി. മുതലാളിത്തം സാധാരണഗതിയിൽ ഉണ്ടാക്കുന്ന മൂലധനകേന്ദ്രീകരണം
ചെറുകിടയുൽപ്പാദകരേയും ചെറുകിടകർഷകരെയും കച്ചവടക്കാരെയും പ്രതിസന്ധിയിൽ ആക്കേണ്ടതാണ്. എന്നാൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ
ആദ്യ ഘട്ടത്തിൽ ഇത് സംഭവിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന്
തന്നെ ഉണ്ടായി. ചെറുകിടസംരംഭങ്ങളെ
പലതരം സബ്‌സിഡികൾ വഴി സംരക്ഷിച്ചു നിർത്തുകയും വൻകിട മൂലധനത്തെ കർശന
നിയന്ത്രണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തുകൊണ്ടുമാണ് പലപ്പോഴും ഇത്
സാധ്യമാക്കിയിരുന്നത്.
തൊഴിലാളിവർഗ്ഗത്തിന്റെ അടിസ്ഥാന അവകാശങ്ങൾ ഒരു പരിധി വരെയെങ്കിലും ഈ ഘട്ടത്തിൽ
സംരക്ഷിക്കപ്പെട്ടുപോന്നു. ഇതെല്ലാം കൊണ്ട് തന്നെ ഒരു മുതലാളിത്തവ്യവസ്ഥ ഉണ്ടാക്കുന്ന സാമ്പത്തികവും, രാഷ്ട്രീയവും, സാംസ്കാരികവുമായ ജീർണ്ണതയെ
മൂടിവെക്കാൻ ഈ ഘട്ടത്തിൽ ഇന്ത്യൻ ഭരണവർഗ്ഗത്തിന് സാധിച്ചു. രണ്ട്: സാമൂഹികരംഗത്തു മുതലാളിത്തം സാധാരണ കൊണ്ടുവരുന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. നിലനിന്നു പോരുന്ന സകല സാമൂഹികബന്ധങ്ങളെയും
ബന്ധനങ്ങളെയും രീതികളെയും മാമൂലുകളെയും തച്ചുടച്ചു ലാഭേച്ഛ മാത്രം ലക്ഷ്യമായുള്ള
ഒരു പുതിയ സാമൂഹികഭാവുകത്വം സൃഷ്ടിക്കാൻ മുതലാളിത്തത്തിന് അതിന്റെ
പ്രാരംഭഘട്ടത്തിൽ സാധിക്കാറുണ്ട്. മനുഷ്യന്റെ ഏറ്റവും സ്വകാര്യമായ വികാരങ്ങളും ഇടങ്ങളും പോലും
ചരക്കുവൽക്കരിക്കപ്പെടുന്നിടത്തേക്കാണ് ഇത് സമൂഹത്തെ കൊണ്ട് എത്തിക്കുക എങ്കിലും ഈ
മാറ്റത്തിന് ഒരു പുരോഗമനവശമുണ്ട്. പാരമ്പര്യ രീതികളും ഫ്യൂഡൽ യുക്തികളും സമൂഹത്തെ നിശ്ചലമാക്കി മാറ്റുന്ന പല
മുൻവിധികളും ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സാമാന്യബോധവും എല്ലാം
മുതലാളിത്തവളർച്ചയുടെ മലവെള്ളപ്പാച്ചിലിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടും. ഇതിന് വലിയ ഒരു വിമോചനശക്തിയുണ്ട്; സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവരെ, അത് സ്ത്രീകളായിക്കൊള്ളട്ടെ, "താഴ്ന്ന"ജാതിക്കാരായിക്കൊള്ളട്ടെ, തൊഴിലാളികളായിക്കൊള്ളട്ടെ, മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള സാമൂഹികാവസ്ഥ
സൃഷ്ടിക്കാൻ ഇതിന് കഴിയും. അനുരഞ്ജനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രവർത്തിച്ച എഴുപതുകൾ
വരെയുള്ള ഇന്ത്യൻ മുതലാളിത്തത്തിന് ഇത്തരം ഒരു വിമോചനത്തിന്റെ ചാലകശക്തിയാവാൻ വളരെ
ചെറിയ തോതിൽ മാത്രമേ സാധിച്ചുള്ളൂ. ഭാഗികവും ഉപരിപ്ലവവുമായ രീതിയിൽ മാത്രമേ ഇന്ത്യൻ മുതലാളിത്തം സാമൂഹിക
മാറ്റങ്ങൾ ഉണ്ടാക്കിയുള്ളു. "നവോത്ഥാനം കുടുംബത്തിനുള്ളിലേക്ക് കടന്നുചെന്നില്ല" എന്നതിന്റെ കാരണം ഇതാണ്. ഈ ഉപരിപ്ലവമായ മാറ്റങ്ങൾ മതം, ജാതി, കുടുംബം, ആചാരങ്ങൾ, പാരമ്പര്യം, പുരുഷാധികാരം എന്നിവയുടെയൊന്നും
വേരുകളിൽ കത്തി വെച്ചില്ല, പകരം കുറച്ചു കാലത്തേക്ക് അവയെ സമൂഹത്തിന്റെ മുഖ്യധാരയിൽ അധികം പ്രകടമാവാത്ത
വിധം മറച്ചു വെക്കുക മാത്രമാണ് ചെയ്തത്. ഒരു സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ അടയാളങ്ങൾ മതി ഇവ
മറനീക്കി പുറത്തുവരാൻ.
ഇത്തരം പ്രതിസന്ധികൾ ഉണ്ടാവാതെ നോക്കാൻ ഭരണകൂടത്തിന്റെ സാമ്പത്തിക-സാംസ്കാരിക ഇടപെടലുകൾക്കാവുമെന്നും
അതിനാൽ തന്നെ കുപ്പിയിൽ അടച്ചതൊന്നും പുറത്തുവരാതെ നോക്കാൻ പറ്റുമെന്നുമാണ്
ആദ്യകാല ഇന്ത്യൻ ഭരണവർഗ്ഗം സ്വപ്നം കണ്ടത്. ഈ ദിവാസ്വപ്നത്തിന്റെ തകർച്ചയെയാണ് നാം ഇന്ന് അടിയന്തരാവസ്ഥ
എന്ന് വിളിക്കുന്നത്.
ഇന്ദിരഗാന്ധിയുടെ ഏകാധിപത്യ പ്രവണതയുടെ ഫലമാണ്
അടിയന്തരാവസ്ഥ എന്നത് തൊലിപ്പുറം മാത്രം തൊടുന്ന ഒരു വിശകലനമാണ്; വെൽഫെയർ ക്യാപിറ്റലിസം
ഉൽപാദിപ്പിച്ച അനേകം വൈരുദ്ധ്യങ്ങളുടെ മൂർദ്ധന്യാവസ്ഥയായിരുന്നു അടിയന്തരാവസ്ഥ. ഇത് ഇന്ത്യൻ പുരോഗമനപക്ഷം
മനസ്സിലാക്കിയില്ലെങ്കിലും ഇന്ത്യൻ ബൂർഷ്വസി വളരെ വേഗം തന്നെ മനസ്സിലാക്കി. അതുകൊണ്ട് തന്നെയാണ് എഴുപതുകളുടെ
അവസാനത്തോടുകൂടി വിപണിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രക്രിയക്ക്
തുടക്കം കുറിക്കുന്നത്. പലരും ധരിക്കുന്നതു പോലെ ഇന്ത്യയിൽ നവലിബറൽ മുതലാളിത്തത്തിന്റെ തുടക്കം
തൊണ്ണൂറിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ അല്ല, എഴുപത്തിന്റെ രണ്ടാം പകുതിയോടു കൂടി ആദ്യം ഇന്ദിര
ഗാന്ധി തന്നെയും പിന്നെ രാജീവ് ഗാന്ധിയും മൂലധനത്തിന് മേലുള്ള ഭരണകൂടനിയന്ത്രണങ്ങൾ
ഓരോന്നായി പിൻവലിച്ചു തുടങ്ങിയിരുന്നു. മൻമോഹൻ സിംഗിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇതിന്റെ
തുടർച്ച മാത്രമാണ്,
എൺപതുകളുടെ അവസാനത്തിൽ രൂപപ്പെട്ട കനത്ത സാമ്പത്തിക പ്രതിസന്ധികൾ
മുതലെടുത്തുകൊണ്ട് ഉദാരവൽക്കണപ്രക്രിയയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുക മാത്രമാണ്
മൻമോഹൻ ചെയ്തത്. പക്ഷെ അതോടെ
മുതലാളിത്തം അതിന്റെ അനിയന്ത്രിതമായ രൂപത്തിൽ, ആസുരഭാവം പൂണ്ട്, ഇന്ത്യയിൽ അവതരിച്ചു. ഇത് പെറ്റി ബൂർഷ്വസിയുടെ നടുവൊടിച്ചു, തൊഴിലാളിവർഗ്ഗത്തിന്റെ പരിമിതമായ
അവകാശങ്ങൾ പോലും അപ്രത്യക്ഷമാക്കി, അരക്ഷിതാവസ്ഥയും ഉൽക്കണ്ഠയും സമൂഹത്തിന്റെ മുഖമുദ്രയാക്കി. അതോടൊപ്പം തന്നെ മുതലാളിത്ത
വളർച്ചയുടെ വിമോചനസാധ്യതകൾ പ്രകടമായി തുടങ്ങി. കഴിഞ്ഞ കാൽ നൂറ്റാണ്ടായി സ്ത്രീപക്ഷ മുന്നേറ്റങ്ങളും
ദളിത് മുന്നേറ്റങ്ങളും ശക്തിയാർജ്ജിച്ചത് ഇതിന്റെ ഭാഗമായാണ്. ഇത്തരം വിമോചനപോരാട്ടങ്ങൾ രൂപം
കൊടുത്ത പുതിയ ഭാവുകത്വം പഴമയുടെ കടക്കൽ കത്തിവെച്ചു തുടങ്ങിയതോടെ കുപ്പിയിലടച്ചു
നിയന്ത്രിച്ചിരുന്ന സകല പ്രതിലോമപ്രവണതകളും പുറത്തു ചാടി. കഴിഞ്ഞ ഒരു ദശാബ്ദമായി നമ്മൾ കണ്ടുവരുന്ന
വിമോചനശക്തികളും പ്രതിലോമപ്രവണതകളുമായുള്ള നിരന്തരസമരം ഇന്ത്യൻ മുതലാളിത്തത്തിന്റെ
വളർച്ചയുടെ പശ്ചാത്തലത്തിൽ മാത്രമേ മനസ്സിലാക്കാൻ പറ്റുകയുള്ളൂ. കൂടി വരുന്ന പ്രണയവിവാഹങ്ങളും
അതിനെതിരെയുള്ള ദുരഭിമാന കൊലകളും, സാമൂഹികരംഗത്തു വർധിച്ചുവരുന്ന സ്ത്രീസാന്നിധ്യവും അതിനെതിരെയുള്ള
പുരുഷാധികാരത്തിന്റെ കാടത്തങ്ങളും, സ്നേഹരഹിതമായ,
ഒരു കരാറായി അധഃപ്പതിച്ച ദാമ്പത്യത്തിന്റെ അർത്ഥശൂന്യതയിൽ നിന്നും
ഉടലെടുക്കുന്ന വിവാഹേതരബന്ധങ്ങളും അതിനെ എതിരിടാൻ രൂപം കൊണ്ട സദാചാരപോലീസിങ്ങും, ഇങ്ങനെ കഴിഞ്ഞ ഇരുപതുവർഷമായി
നമുക്ക് ചുറ്റും നടക്കുന്നത് മുതലാളിത്തത്തിന്റെ വളർച്ച തുറന്നുവിട്ട
വിമോചനസാധ്യതകളും ഇന്ത്യൻ ഭരണവർഗം പാലൂട്ടിവളർത്തിയ പ്രതിലോമശക്തികളും തമ്മിലുള്ള
നിരന്തരസംഘർഷമാണ്.
ഈ വിമോചനസാധ്യതകളെ ഇല്ലാതാക്കണം എന്ന് ഇന്ത്യൻ ബൂർഷ്വസിക്കുണ്ട്, എന്നാൽ അവ മുതലാളിത്തവളർച്ചയുടെ
പാർശ്വഫലമായതിനാൽ അവർ നിസ്സഹായരാണ് (ഇവിടെയാണ് ഫാഷിസത്തിന്റെ കടന്നുവരവ് വളരെ
പ്രധാനമാവുന്നത്).
മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ വളർച്ച രൂപം നൽകിയ ഈയൊരു
വിമോചനാന്തരീക്ഷമാണ് യഥാർത്ഥത്തിൽ പല സാമൂഹികപ്രശ്നങ്ങളിലും പുരോഗമനപരമായ
വിധിന്യായങ്ങളിൽ എത്താൻ നീതിന്യായവ്യവസ്ഥയെ പ്രേരിപ്പിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ അനുരഞ്ജനസ്വഭാവം കൊണ്ടും അതിന്
ശേഷം വന്ന വെൽഫെയർ മുതലാളിത്തത്തിന്റെ പരിമിതമായ വിമോചനശക്തി മൂലവും ഇന്ത്യൻ
ഭരണവർഗ്ഗവും നീതിന്യായവ്യവസ്ഥയും പാർശ്വവൽക്കരിച്ചു നിർത്തിയിരുന്ന
സ്ത്രീസ്വാതന്ത്ര്യം,
സ്ത്രീസമത്വം,
സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങൾ നവലിബറൽ മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ
വളർച്ചയോടുകൂടി വീണ്ടും പ്രസക്തിയാർജ്ജിച്ചു. മുതലാളിത്തത്തിന്റെ ആസുരരൂപത്തിന് മനുഷ്യരെ
ആവശ്യമുള്ളത് ചില റോളുകളിൽ ആണ്. ആദ്യം, മിച്ചമൂല്യം
പിഴിഞ്ഞെടുക്കാനുള്ള തൊഴിലാളികളായി, പിന്നെ, ഈ മിച്ചമൂല്യം
സാക്ഷാൽക്കരിക്കാൻ ഉപഭോക്താക്കളായി. ഈ രണ്ട് റോളുകളിലും സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ മുതലാളിത്തത്തിന്
പ്രധാനമാണ്. സ്ത്രീകൾ
വീട്ടിനുള്ളിൽ തളയ്ക്കപ്പെട്ടാൽ മുതലാളിത്തത്തിന് നഷ്ടമാവുന്നത് അവരിൽ നിന്നും
മിച്ചമൂല്യം പിഴിഞ്ഞെടുക്കാനുള്ള അവസരമാണ്. അതിനാൽ അവർ തൊഴിലാളികളായും ഉപഭോക്താക്കളായും
സാമൂഹ്യജീവിതത്തിൽ ശക്തമായി ഇടപെടണം. അങ്ങനെ ഇടപെടണമെങ്കിൽ തൊഴിലിടങ്ങളിലും
പൊതുയിടങ്ങളിലും സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും സമത്വവും ഭരണകൂടവും
നീതിന്യായവ്യവസ്ഥയും ഉറപ്പുവരുത്തണം. സ്ത്രീശാക്തീകരണം ഇന്ന് ഒരു പ്രധാന അജണ്ടയായി
ബൂർഷ്വസി ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഉയർന്ന സാമൂഹ്യബോധം കൊണ്ടല്ല, അങ്ങനെയെങ്കിൽ അവർ അത് അൻപതു വർഷം
മുന്നേ ഏറ്റെടുക്കുമായിരുന്നു, മറിച്ച്, തൊഴിലിടങ്ങളിലും
വിപണികളിലും അവർക്ക് സ്ത്രീകളെ ആവശ്യമുള്ളത് കൊണ്ടാണ്. സ്ത്രീവിമോചനം ഇന്ത്യൻ ഭരണവർഗ്ഗത്തിന് മേൽ
മുതലാളിത്തവളർച്ച അടിച്ചേൽപ്പിക്കുന്ന ഒരു അനിവാര്യതയാണ്, അല്ലാതെ ഭരണവർഗ്ഗം അതിന്റെ പുരോഗമനോന്മുഖത കൊണ്ട്
സ്വമേധയാ ഏറ്റെടുക്കുന്ന ഒന്നല്ല. സ്ത്രീകളുടെ സുരക്ഷ, സ്വാതന്ത്ര്യം,
സ്വാഭിമാനം എന്നിവ വിഷയമാവുന്ന പരസ്യങ്ങളിൽ ഈയടുത്തായി ഉണ്ടായിരിക്കുന്ന
വർദ്ധനവ് നോക്കൂ.
ആൺകുട്ടികളുടെ കൂടെ ഫുട്ബോൾ കളിക്കാനാവശ്യപ്പെടുന്ന പെൺകുട്ടി, ബോർഡ് മീറ്റിങ്ങിൽ കഴിവ്
തെളിയിക്കുന്ന സ്ത്രീ,
രാത്രി സഞ്ചരിക്കുന്ന യുവതി, പെൺകുട്ടികളെ പൂവാലന്മാരിൽ നിന്നും സംരക്ഷിക്കുന്ന അമ്മമാരുടെ കൂട്ടായ്മ, ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ
അടുത്തകാലത്തായി പരസ്യങ്ങളിൽ നിറയുന്നുണ്ട്. ഇതെല്ലാം തന്നെ ബൂർഷ്വ സാമാന്യബോധം ഈ വ്യവസ്ഥയുടെ
നിലനിൽപ്പിന് സ്ത്രീയുടെ അധ്വാനത്തിനും ഉപഭോഗത്തിനും ഉള്ള പ്രാധാന്യം
തിരിച്ചറിഞ്ഞതിന്റെ സൂചനകളാണ്. മുതലാളിത്തത്തിന്റെ ഈ ആവശ്യത്തിൽ നിന്നും ഉയർന്നുവരുന്ന ബൂർഷ്വസിയുടെ
സ്ത്രീവിമോചന അജണ്ടക്ക് അവരുടെ എല്ലാ സാമൂഹിക-സാംസ്കാരിക ഇടപെടലുകളെയും പോലെ ഭാഗികമായ ലക്ഷ്യങ്ങൾ
മാത്രമാണ് ഉള്ളത്.
അധ്വാനിക്കുന്നവൾ എന്ന നിലയിലും ഉപഭോക്താവ് എന്ന റോളിലും സ്ത്രീ
വിമോചിക്കപ്പെടുക എന്നതാണ് ഈ ലക്ഷ്യം, മനുഷ്യൻ എന്ന നിലയിൽ സ്ത്രീയുടെ സ്വാഭിമാനമോ, സ്വാതന്ത്ര്യമോ, സമത്വമോ ഭരണവർഗ്ഗത്തിന്റെ
പരിഗണനാവിഷയങ്ങൾ പോലും ആവുന്നില്ല. തൊഴിലിടങ്ങളിൽ കഠിനാധ്വാനവും അർപ്പണമനോഭാവവും കൊണ്ട് പുരുഷന്മാരെ വെല്ലുന്ന
സ്ത്രീ, വിപണിയിൽ
കുറുക്കന്റെ സാമർഥ്യത്തോടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്ന സ്ത്രീ, വീട്ടിലെത്തിയാലോ അവൾ
കുടുംബത്തിന്റെ ഐശ്വര്യം, അമ്മായിയമ്മക്ക് തണലാവുന്നവൾ, ഭർത്താവിന്റെ സകലകാര്യങ്ങളും ശ്രദ്ധിക്കുന്നവൾ, മക്കളുടെ വാത്സല്യമുള്ള വഴികാട്ടി, പാചകത്തിലോ അതിനിപുണ, അങ്ങനെ എല്ലാം തികഞ്ഞ ദൈവഭയവും
അടക്കവും ഒതുക്കവും ഉള്ള സ്ത്രീ. ഇതാണ് നമ്മുടെ പൈങ്കിളി വനിതാപ്രസിദ്ധീകരണങ്ങളും സീരിയൽ-സിനിമാ നടിമാരും ബൂർഷ്വ
സാമാന്യബോധവും പ്രക്ഷേപണം ചെയ്യുന്ന സ്ത്രീയുടെ പുതിയ സങ്കല്പം. അതായത് ഒരു വ്യക്തി എന്ന നിലയിൽ, ഒരു മനുഷ്യൻ എന്ന നിലയിൽ, സ്ത്രീയുടെ വിമോചനം ഇന്ത്യൻ
ബൂർഷ്വസി വിഭാജനം ചെയ്യുന്നില്ല, ചെയ്യുന്നത് മുതലാളിത്തത്തിന്റെ ആവശ്യാനുസരം ഉള്ള വളരെ ഭാഗികമായ ഒരു
വിമോചനമാണ്. എന്നാൽ ഉൽപ്പാദന-ഉപഭോഗ പ്രക്രിയയിൽ
സജീവപങ്കാളിയായിക്കഴിഞ്ഞ, അതുവഴി സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയ സ്ത്രീസമൂഹത്തിനെ ഈ
ഭാഗികവിമോചനത്തിൽ തളച്ചിടാൻ ഭരണവർഗ്ഗത്തിന് ബുദ്ധിമുട്ടാണ്. ഭരണവർഗ്ഗത്തിന്റെ ആശീർവാദത്തോടെ
ഉണ്ടായിവന്ന സ്ത്രീശാക്തീകരണത്തിന്റെ പ്രത്യയശാസ്ത്രപരിസരം ഉപയോഗിച്ച് വ്യക്തികൾ
എന്നനിലയിലുള്ള വിമോചനത്തിനായുള്ള പോരാട്ടങ്ങൾ സ്ത്രീപക്ഷത്തു നിന്നും ധാരാളമായി
ഉയർന്നുവരുന്നത് ഭരണവർഗ്ഗത്തിന് തടയാനാവില്ല.
സ്വാതന്ത്ര്യസമരകാലത്തെ പോലെയും, വെൽഫെയർ മുതലാളിത്തഘട്ടത്തിലെ പോലെയും, അനുരഞ്ജനത്തിന്റെ പാത തന്നെയാണ്
ഇന്ത്യൻ ഭരണവർഗ്ഗത്തിന് ഇന്നും പഥ്യം. എന്നാൽ ഇന്നിനെ വ്യത്യസ്തമാക്കുന്നത് ആ
രണ്ടുകാലഘട്ടങ്ങളേയും പോലെ അനുരഞ്ജനങ്ങൾക്ക് ഭൗതികസാഹചര്യങ്ങൾ അനുകൂലമല്ല എന്നതാണ്. അന്ന് മുരടിച്ച മുതലാളിത്തവളർച്ച
അനുരഞ്ജനത്തെ എളുപ്പമാക്കി തീർത്തിരുന്നു, എന്നാൽ ഇന്ന് മുതലാളിത്തവും അത് കൊണ്ടുവരുന്ന ഒരു
വിമോചനപരിസരവും തന്നെയാണ് അനുരഞ്ജനത്തെ വെല്ലുവിളിക്കുന്നത്. ഈ ഒരു പരിസരം തന്നെയാണ്
പുരോഗമനപരവും സ്ത്രീവിമോചനപരവുമായ ഭരണഘടനാവ്യാഖ്യാനങ്ങളുടെ പശ്ചാത്തലം. എന്നാൽ ഈ വ്യാഖ്യാനങ്ങൾ മേലെ
സൂചിപ്പിച്ചതുപോലെ ഭരണവർഗ്ഗത്തിന്റെ പ്രത്യയശാസ്ത്രവുമായോ ആഗ്രഹങ്ങളുമായോ
ഒത്തുപോകുന്ന ഒന്നല്ല.
മുതലാളിത്തവ്യവസ്ഥിതി ഉൽപ്പാദിപ്പിക്കുന്ന പല വൈരുധ്യങ്ങളിൽ ഒന്നാണ് നമുക്ക്
ഇവിടെ കാണാൻ പറ്റുക.
മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥയുടെ സീമകളില്ലാത്ത വികാസത്തിൽ ബൂർഷ്വസി
അതീവതല്പരനാണ്, അതാണ് കഴിഞ്ഞ
മൂന്നു ദശകങ്ങളായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. ചരക്കുവൽക്കരിക്കപ്പെടാത്തതായി ഒന്നും ഇന്ന് ഇന്ത്യൻ
സാമൂഹികജീവിതത്തിൽ ബാക്കി ഇല്ല. മുതലാളിത്തത്തിന്റെ ഈ വികാസം തൊഴിലാളികൾ ആയും ഉപഭോക്താവ് ആയും സാമൂഹികജീവിതത്തിൽ
സ്ത്രീകളുടെ വർദ്ധിച്ച ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. ഇതിന് സൗകര്യമൊരുക്കുന്നതിനായുള്ള "സ്ത്രീപക്ഷ"പരിഷ്‌ക്കാരങ്ങൾക്ക് ഭരണവർഗ്ഗം
മുൻകൈ എടുക്കുന്നും ഉണ്ട്. പക്ഷെ ഇത് ഒരിക്കലും യഥാർത്ഥ സ്ത്രീവിമോചനത്തിലേക്കോ
പുരുഷകേന്ദ്രിതവ്യവസ്ഥയുടെ ശിഥിലീകരത്തിലേക്കോ വളരരുത് എന്നും ഭരണവർഗ്ഗത്തിന്
നിർബന്ധമുണ്ട്. കാരണം, ആണധികാരം എന്നത് ഇന്ത്യൻ ഭരണവർഗ്ഗം
പരിപാലിച്ചുപോരുന്ന ഭൂതകാലാവശിഷ്ടങ്ങളിലെ പ്രധാനകണ്ണിയാണ്. അതുകൊണ്ട് തന്നെ ഭരണവർഗ്ഗം നിർവ്വചിക്കുന്ന
സീമകൾക്കകത്തുള്ള,
വളരെ നിയന്ത്രിതമായ, ഫ്യൂഡൽ ജീർണ്ണതകളെയൊന്നും അസ്ഥിരപ്പെടുത്താത്ത, "സ്ത്രീവിമോചന"മാണ് ബൂർഷ്വവർഗ്ഗത്തിന്റെ അജണ്ടയിൽ ഉള്ളത്. എന്നാൽ മുതലാളിത്തവളർച്ച വളരെ
മൗലികമായ സ്ത്രീശാക്തീകരണത്തിന് ആവശ്യമായ വസ്തുനിഷ്ഠമായ സാഹചര്യങ്ങളെല്ലാം (objective conditions) സൃഷ്ടിക്കുന്നുണ്ട്. ബൂർഷ്വസിയുടെ സൃഷ്ടിയായ ഈ
വിമോചനസാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി, തൊഴിലാളിവർഗ്ഗ-പുരോഗമന-സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ
സഹായത്തോടെ, സ്ത്രീകൾ
ഭരണവർഗ്ഗം വിഭാവനം ചെയ്യുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ സീമകളെ അതിലംഘിച്ചു
മുന്നോട്ട് കുതിക്കുകയാണ്. അതായത്, ഭരണവർഗ്ഗത്തിന്റെ
സൃഷ്ടിയായ മുതലാളിത്തം ഉൽപ്പാദിപ്പിക്കുന്ന വിമോചനസാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി
സ്ത്രീകൾ ഭരണവർഗ്ഗത്തിന്റെ സീമകളെ തന്നെ ചോദ്യം ചെയ്യുകയാണ്. ഈ പോരാട്ടത്തിൽ പരമോന്നതനീതിപീഠം
ഭരണവർഗ്ഗത്തിനെതിരെ സ്ത്രീപക്ഷത്തു നിലയുറപ്പിക്കുന്ന കാഴചയാണ് നാം ശബരിമല
വിധിയിൽ കണ്ടത്. സ്ത്രീവിരുദ്ധമായ, എന്നാൽ തങ്ങളുടെ ലാഭേച്ഛയെ
ഒരുതരത്തിലും ബാധിക്കാത്ത, പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പിഴുതെറിയാൻ ഭരണവർഗ്ഗത്തിന്
യാതൊരുവിധ താല്പര്യവും ഇല്ല, കാരണം ഇവയെല്ലാം ചേർന്ന് നിർമ്മിച്ചെടുത്ത ഒരു പ്രതിലോമപരിസരമാണ് അവരുടെ
ആധിപത്യം ഉറപ്പിച്ചുനിർത്തുന്നത്. പക്ഷെ, ഈയ്യടുത്തകാലത്തെ
സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങൾ ഭരണവർഗ്ഗം ആഗ്രഹിക്കുന്ന പരിധിക്കുള്ളിൽ
നിൽക്കുന്നതിന് പകരം മുതലാളിത്തവളർച്ചയുടെ വിമോചനപരിസരത്തെ പിന്തുടരുന്നവയാണ്. എന്നാൽ നിർഭാഗ്യവശാൽ
നീതിന്യായവ്യവസ്ഥക്ക് ഭരണവർഗ്ഗപ്രത്യയശാസ്ത്രത്തെ അതിലംഖിക്കുന്ന
വ്യാഖ്യാനങ്ങളുമായി അധികകാലം മുന്നോട്ട് പോകാനാവില്ല എന്നതാണ് സത്യം. അതിന്റെ ആദ്യലക്ഷണമാണ് നാം കുറച്ചു
മാസങ്ങൾ മുന്നേ കണ്ട സുപ്രീകോടതിയിലെ പൊട്ടിത്തെറി.
ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയമായ
നടപടികൾക്കെതിരെ നാല് സുപ്രീംകോടതി ന്യായാധിപർ പത്രസമ്മേളനം വിളിച്ചത്
വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുടെയോ വ്യത്യസ്ത രാഷ്ട്രീയചായ്‌വുകളുടെയോ മാത്രം
പ്രതിഫലനമായി നമുക്ക് തള്ളിക്കളയാനാവില്ല. പരമോന്നതനീതിപീഠത്തിനുള്ളിലെ വർഗ്ഗസംഘർഷങ്ങൾ ആദ്യമായി
മറനീക്കി പുറത്തുവന്നതാണ് ഈ പ്രതിസന്ധിയുടെ യഥാർത്ഥ കാരണം. തങ്ങളുടെ ഈ അസാധാരണ നടപടി ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന ജഡ്ജുമാരുടെ
പ്രസ്താവന ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാവുന്നത്. കാരണം, ഇവിടെ പ്രശ്നം ദൈനംദിന പ്രവർത്തനങ്ങളിലും വിധിന്യായങ്ങളിലും സുപ്രീം കോടതി ഇന്നത്തെ സാഹചര്യത്തിൽ ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ
ബൂർഷ്വമൂല്യങ്ങളോട് എന്ത് സമീപനം സ്വീകരിക്കണം എന്നതാണ്. മുതലാളിത്തത്തിന്റെ വളർച്ച സൃഷ്ടിക്കുന്ന
വിമോചനപരിസരം സാധ്യമാക്കുന്ന പുരോഗമനപരമായ ഭരണഘടനാവ്യാഖ്യാനങ്ങളുമായി
മുന്നോട്ടുപോകണമോ,
അതോ, ഇന്ത്യൻ
ഭരണവർഗ്ഗ പ്രത്യയശാസ്ത്രം അനുശാസിക്കുന്ന യാഥാസ്ഥിതികവ്യാഖ്യാനങ്ങൾ തുടരണമോ? അടുത്തകാലത്തായി പുറത്തുവന്ന
പുരോഗമനപക്ഷത്തു നിന്നുള്ള വിധികളിലെല്ലാം ചില ന്യായാധിപരെങ്കിലും അവരുടെ
ഭിന്നാഭിപ്രായം രേഖപ്പെടുത്തുക വഴി വ്യക്തമാക്കുന്നത് സുപ്രീംകോടതിയിൽ തന്നെ
യാഥാസ്ഥിതിക വ്യാഖ്യാനങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗം ഉണ്ട് എന്നതാണ്. പക്ഷെ ഇന്ന് ഈ വിഭാഗം താരതമ്യേന
ദുർബലമാണ്; ഭൂരിപക്ഷം
വ്യക്തമായും മുതലാളിത്തത്തിന്റെ വിമോചനസാധ്യതകൾ ഉപയോഗപ്പെടുത്തുന്ന
പുരോഗമനവ്യാഖ്യാനത്തിന്റെ വക്താക്കൾക്കാണ്. ഈ ഭൂരിപക്ഷം നിലനിൽക്കുന്നത് പ്രതിസന്ധികളിൽ ഉലയുന്ന
ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ആഗ്രഹങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും എതിരായാണ്.അതിനാൽ തന്നെ ഈ
പുരോഗമനഭൂരിപക്ഷത്തിന് വലിയ ആയുസ്സുണ്ടാവും എന്ന് കരുതാനാവില്ല. ഒന്നുകിൽ സമീപഭാവിയിൽ തന്നെ
ഇപ്പോഴുള്ള ഭൂരിപക്ഷത്തിൽ നല്ല ഒരു ഭാഗം ഭരണവർഗ്ഗത്തിന് സ്വീകാര്യമായ യാഥാസ്ഥിതിക
വ്യാഖ്യാനങ്ങളിലേക്ക് മാറും. വ്യക്തിപരമായി അവർ അതിന് തയ്യാറായില്ലെങ്കിൽ അവർ സ്ഥാനമൊഴിയുമ്പോൾ പകരം
നിയമിക്കപ്പെടുന്നവർ തങ്ങൾക്ക് സ്വീകാര്യരാണ് എന്ന് ഭരണവർഗ്ഗം ഉറപ്പിക്കും. കോളേജിയത്തെ ചൊല്ലിയും
ന്യായാധിപനിയമനത്തെ ചൊല്ലിയും നടന്നുവരുന്ന വിവാദങ്ങൾക്ക് ഈ ഒരു പശ്ചാത്തലം കൂടെ
തീർച്ചയായും ഉണ്ട്.
മുതലാളിത്തപ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന വ്യക്തിപരമായ സ്വാതന്ത്ര്യം, സ്വകാര്യത എന്നീ പരികല്പനകളെല്ലാം
അവഗണിച്ചുകൊണ്ട് ഭരണവർഗ്ഗത്തിന്റെ ഓമന സർവേലൻസ് പദ്ധതിയായ ആധാറിന് സുപ്രീംകോടതി
പച്ചക്കൊടി വീശിയത് ഈ സാഹചര്യത്തിൽ പ്രധാനമാണ്. ഇന്ത്യൻ ഭരണവർഗ്ഗത്തെ സംബന്ധിച്ചെടുത്തോളം ശബരിമല
അല്ല ആധാർ. ശബരിമലക്ക് ഒരു
പ്രതീകാത്മകപ്രാധാന്യമാണ് ഉള്ളതെങ്കിൽ, ആധാർ ഒരു ജനതയുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും
മുഴുവനായും കൈപ്പിടിയിൽ ഒതുക്കാനുള്ള ഭരണവർഗ്ഗത്തിന്റെ സ്വപ്നപദ്ധതിയാണ്. സാമൂഹികജീവിതത്തിന്റെ സകലവശങ്ങളും
കർശനമായ നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാക്കാതെ പ്രതിസന്ധിയിൽ
പെട്ടുലയുള്ള മുതലാളിത്തത്തിന് നിലനിൽക്കാൻ ആവില്ല. അതിന് ഭരണകൂടത്തെ സഹായിക്കുന്ന പ്രധാന ഉപകരണമാണ് ആധാർ. സമഗ്രാധിപത്യം നിലനിൽക്കുന്ന
പോലീസ് സ്റ്റേറ്റ് സൃഷ്ടിക്കാനുള്ള ഭരണവർഗ്ഗശ്രമത്തെ ഭരണഘടനാവ്യാഖ്യാനം കൊണ്ട്
തടയിടാൻ സുപ്രീംകോടതി തുനിഞ്ഞില്ല; ഭരണഘടനയുടെ പുരോഗമനപരമായ വ്യാഖ്യാനം ആധാറിന് തടയിടാൻ ഉപയോഗിക്കപ്പെട്ടില്ല
എന്നത് വരാനിരിക്കുന്ന കാര്യങ്ങളുടെ മുന്നറിയിപ്പാണ്. മുതലാളിത്തവളർച്ച ഒരു വിമോചനപരിസരം
സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തിക്കൊണ്ട് ഭരണവർഗ്ഗത്തിന്റെ
താൽപ്പര്യങ്ങൾക്ക് വിപരീതമായ നിയമവ്യാഖ്യാനങ്ങളുമായി അധികകാലം മുന്നോട്ടുപോകാൻ
കോടതികൾക്ക് ആവില്ല.
ബൂർഷ്വസി ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ അതിന് തടയിടുക തന്നെ ചെയ്യും. ആധാർ വിധിയെ അതിന്റെ തുടക്കമായി
കാണാം.
സമൂഹത്തിലെ വർഗ്ഗസംഘർഷങ്ങൾ സുപ്രീംകോടതിയിൽ പ്രതിഫലനങ്ങൾ
സൃഷ്ടിക്കുന്നുണ്ട് എന്ന് നമ്മൾ കണ്ട് കഴിഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് നമ്മൾ മനസ്സിലാക്കേണ്ട
പ്രധാനകാര്യം ഈ സംഘർഷം നടക്കുന്നത് പൂർണ്ണമായും ബൂർഷ്വ പ്രത്യയശാസ്ത്രത്തിന്റെ
സീമകൾക്കുള്ളിൽ നിന്നുകൊണ്ടാണ് എന്നതാണ്. മുതലാളിത്തത്തിന്റെ വിമോചനസാധ്യതകൾ
ഭരണഘടനാവ്യാഖ്യാനങ്ങളിൽ പ്രതിഫലിക്കണമോ, അല്ല, അവയെ തള്ളിക്കൊണ്ട് ഭരണവർഗ്ഗത്തിന്റെ ഇംഗിതമനുസരിച്ചു യാഥാസ്ഥിതിക
വ്യാഖ്യാനങ്ങളുമായി തുടർന്ന് പോകണമോ - ഇത് മാത്രമാണ് ഈ വർഗ്ഗസംഘർഷത്തിന്റെ ഉള്ളടക്കം. അതുകൊണ്ടുതന്നെ ഇത് ബൂർഷ്വ
വർഗ്ഗത്തിലെ പുരോഗമനവിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലുള്ള സംഘർഷം മാത്രമാണ്. ഈ സംഘർഷത്തിൽ
ഉൽപ്പാദനപ്രക്രിയയുമായി നേരിട്ട് ബന്ധമില്ലാത്ത ബൂർഷ്വ ബുദ്ധിജീവികൾ പുരോഗമനചായ്‌വ്
കാണിക്കുകയും, എന്നാൽ
മുതലാളിത്തവ്യവസ്ഥ നേരിടുന്ന വലിയ പ്രതിസന്ധി ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്ന, ഉൽപ്പാദനവുമായി നേരിട്ട് ബന്ധമുള്ള
യഥാർത്ഥ ഭരണവർഗ്ഗവും അവരുടെ രാഷ്ട്രീയരൂപമായ ബൂർഷ്വപാർട്ടികളും
യാഥാസ്ഥിതികപക്ഷത്ത് നിൽക്കുകയും ആണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ വർഗ്ഗസംഘർഷത്തിൽ കോടതികളിലെ
പുരോഗമനവിഭാഗത്തെ ശക്തിപ്പെടുത്തിക്കൊണ്ട് മുതലാളിത്തം ഉൽപ്പാദിപ്പിക്കുന്ന
സാമൂഹികപ്രശ്നങ്ങൾ നിയമനിർമ്മാണത്തിലൂടെ പരിഹരിക്കാം എന്ന് വ്യാമോഹിക്കുന്നത്
വിഡ്ഡിത്തമാണ്. ഈ സംഘർഷത്തിൽ
തൊഴിലാളിവർഗ്ഗം പുരോഗമനവിഭാഗത്തിന്റെ കരങ്ങൾക്ക് ശക്തിപകരണം എന്ന കാര്യത്തിൽ
തർക്കമില്ല; മുതലാളിത്ത
വ്യവസ്ഥക്കുള്ളിൽ ഏറ്റവും പുരോഗമനപരമായ നിയമവ്യാഖ്യാനങ്ങൾ ഉണ്ടായാൽ അത്
തൊഴിലാളിവർഗ്ഗത്തിന് ഗുണകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനാൽ തന്നെ ഇതിന് തടയിടാൻ
ശ്രമിക്കുന്ന യാഥാസ്ഥിതിക ഭരണവർഗ്ഗത്തിന്റെ നീക്കങ്ങളെ എതിർക്കുക തന്നെ വേണം; കോടതികളിലെ പുരോഗമനവിഭാഗത്തിന്
ശക്തി പകരുകയും വേണം.
എന്നാൽ, കോടതികൾക്കും
അതിനുള്ളിലെ പുരോഗമനവിഭാഗത്തിനും ബൂർഷ്വ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ
പുരോഗമനപരമാവാൻ കഴിയൂ എന്ന് നാം മനസ്സിലാക്കണം. ഭരണഘടന എത്ര പുരോഗമനപരമായി വ്യാഖ്യാനിച്ചാലും
അതുപയോഗിച്ചു സ്വകാര്യസ്വത്തോ മിച്ചമൂല്യമോ "നിയമവിരുദ്ധ"മായി പ്രഖ്യാപിക്കാൻ ആവില്ല, കാരണം ഭരണഘടന നിലനിൽക്കുന്നത് തന്നെ
മുതലാളിത്തപ്രത്യയശാസ്ത്രമുൻവിധികളുടെ അടിസ്ഥാനത്തിൽ ആണ്. മുതലാളിത്തവ്യവസ്ഥയുടെ അടിസ്ഥാനശിലകളെ ചോദ്യം ചെയ്യാൻ
അതേ വ്യവസ്ഥയുടെ പ്രത്യയശാസ്‌ത്രസീമകൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിതമായ ഭരണഘടനയോ
നിയമവ്യവസ്ഥയോ അവയുടെ വ്യാഖ്യാനങ്ങളോ കൊണ്ട് സാധിക്കില്ല. ഇത്രയും പറയേണ്ടി വരുന്നത് ഭരണഘടന അതിന്റെ യഥാർത്ഥ
സ്പിരിറ്റിൽ നടപ്പിലാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും എന്ന പരിഹാസ്യമായ അഭിപ്രായം
ഇടതുപക്ഷത്തു പോലും ഒരു വലിയ വിഭാഗം വെച്ച് പുലർത്തുന്നത് കൊണ്ടാണ്. മുതലാളിത്തവ്യവസ്ഥയുടെ അടിസ്ഥാനം
ചോദ്യം ചെയ്യുന്ന വ്യാഖ്യാനങ്ങൾക്കായി ഭരണഘടന തപ്പേണ്ടതില്ല, അത് തികച്ചും ഒരു ബൂർഷ്വ പ്രമാണം
ആണ്. ഈ
വ്യവസ്ഥക്കുള്ളിൽ നിന്ന് കൊണ്ട് പുരോഗമനപരമായ മാറ്റങ്ങൾക്ക് ഭരണഘടനയെ ആയുധമാക്കാൻ
സാധിക്കും, അതിന്
ശ്രമിക്കുന്ന ശക്തികൾക്ക് തൊഴിലാളിവർഗ്ഗം ശക്തമായ പിന്തുണ കൊടുക്കുകയും വേണം. എന്നാൽ, ഭരണഘടയുടെ പുരോഗമനപരത ബൂർഷ്വ വ്യവസ്ഥിതിയുടെ ചുമരുകൾക്കുള്ളിൽ
ഒതുങ്ങുന്നതാണ്, ആ വ്യവസ്ഥയെ
അതിലംഘിക്കാൻ ശ്രമിക്കുന്ന തൊഴിലാളിവർഗ്ഗം ഇത് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. തൊഴിൽ തർക്കങ്ങളിലും, തൊഴിലാളികളുടെ വളരെ പരിമിതമായ
അവകാശങ്ങൾ പോലും കവർന്നെടുക്കാൻ ഉദ്ദേശിച്ചു തൊഴിൽ നിയമങ്ങളിൽ ഉണ്ടാക്കുന്ന
മാറ്റങ്ങളിലും, നീതിന്യായവ്യവസ്ഥ
എടുക്കുന്ന നിലപാടുകൾ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഒന്നും തന്നെ
ഭരണഘടനാവ്യാഖ്യാനങ്ങൾ സംബന്ധിച്ച സങ്കീർണ്ണതകൾ കോടതികളെ അലട്ടാറില്ല; തൊഴിലാളി വർഗ്ഗത്തിൽ നിന്നും
മിച്ചമൂല്യം ചൂഷണം ചെയ്യുക എന്നത് ബൂർഷ്വ വർഗ്ഗത്തിന്റെ അവകാശമാണെന്നും അതിന്
ഉതകുന്ന എന്ത് നിയമനിർമ്മാണവും ഭരണഘടനക്ക് നിരക്കുന്നതാണ് എന്നുമാണ് അപ്പോൾ
ഉണ്ടാവുന്ന ഒരേ ഒരു വ്യാഖ്യാനം.
ഇന്ത്യൻ സ്വാതന്ത്ര്യസമരം ജനാധിപത്യവിപ്ലവത്തിന്റെ മൗലികമായ
പൂർത്തീകരണം സാധ്യമാക്കാതിരുന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും നമ്മൾ കണ്ടു
കഴിഞ്ഞു. അനുരഞ്ജനങ്ങളുടെ
ഫലമായി ബൂർഷ്വ സീമകൾക്കുള്ളിലുള്ള വിമോചനപരിപാടികൾക്കു പോലും അർത്ഥവത്തായി നാന്ദി
കുറിക്കാൻ ഇന്ത്യൻ ഭരണവർഗ്ഗത്തിനായില്ല. ഭരണകൂടത്തിന്റെ കർശനനിയന്ത്രണത്തിൽ പ്രവർത്തിച്ച
ആദ്യകാല ഇന്ത്യൻ മുതലാളിത്തത്തിനും ഇതിനായില്ല. എന്നാൽ ഭരണകൂടനിയന്ത്രണങ്ങളിൽ നിന്നും വിമുക്തി നേടിയ
ഇന്ത്യൻ നവലിബറൽ മുതലാളിത്തം ഉൽപ്പാദനബന്ധങ്ങളിൽ വിമോചനപരമായ മാറ്റങ്ങൾ
ഉണ്ടാക്കിത്തുടങ്ങി.
ഈ മാറ്റങ്ങൾ സ്ത്രീവിമോചനത്തെയും ജാതിവിമോചനത്തെയും മുഖ്യധാരയിൽ എത്തിച്ചു. മുതലാളിത്തത്തിന്റെ തന്നെ
വിമോചനപ്രത്യയശാസ്ത്രം ഉപയോഗിച്ചുകൊണ്ട് നീതിന്യായവ്യവസ്ഥ ഈ വിമോചനപോരാട്ടങ്ങൾക്ക്
കരുത്തു പകർന്നു.
എന്നാൽ ആന്തരിക വൈരുദ്ധ്യങ്ങളാൽ ദിനംപ്രതി
ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തെ നിലനിർത്താനുള്ള തത്രപ്പാടിൽ
ഇന്ത്യൻ ഭരണവർഗ്ഗം ഈ വിമോചനപ്രത്യയശാസ്ത്രം പണ്ടേ കൈയ്യൊഴിഞ്ഞു കഴിഞ്ഞു. സ്ത്രീകളിൽ നിന്നും ദളിതന്മാരിൽ
നിന്നും കൂടി മിച്ചമൂല്യം പിഴിഞ്ഞെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നത്
മാത്രമാണ് ഭരണവർഗ്ഗത്തിന്റെ ഇന്നത്തെ "വിമോചന"കാഴ്ചപ്പാട്. ഇതിനപ്പുറമുള്ള ഏതു വിമോചനവും ഈ വ്യവസ്ഥയുടെ തന്നെ
കടക്കൽ കത്തിവെക്കലാണ് എന്ന തിരിച്ചറിവിൽ അവയെ ഭരണവർഗ്ഗം നഖശിഖാന്തം എതിർക്കുന്നു. കോടതിവിധിയുടെ നടത്തിപ്പിനെതിരെ
ഭരണവർഗ്ഗത്തിന്റെ സർവ്വപണിയാളന്മാരും, ബൂർഷ്വരാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും ജാതി മത സംഘടനകളും
സിനിമാനടന്മാരും നടികളും "സാംസ്കാരിക"പ്രവർത്തകരും മുതലാളിമാരും പെറ്റി ബൂർഷ്വസിയും സമൂഹത്തിലെ സകല "lumpen" വിഭാഗങ്ങളും, ഒരുമിച്ചു അണിചേർന്നതിന്റെ യഥാർത്ഥ
വർഗ്ഗപരമായ കാരണം ഇതാണ്. തൊഴിലാളിവർഗ്ഗവും അതിനൊപ്പം ചേർന്ന് നിൽക്കുന്ന അധ്വാനിക്കുന്ന ജനങ്ങളും
മാത്രമാണ് സ്ത്രീകളുടെ ഉപാധികളില്ലാത്ത, പൂർണ്ണമായ, വിമോചനത്തിന് വേണ്ടി നിലകൊള്ളുന്നത്. ഈ ഒരു വർഗ്ഗവിഭജനമാണ് കഴിഞ്ഞ
മാസങ്ങളിൽ കേരളത്തിലെ തെരുവുകളിൽ നാം കണ്ടത്. ശബരിമല വിഷയത്തിന്റെ ഈ ഒരു വർഗ്ഗപരമായ
പശ്ചാത്തലത്തിന്റെ വെളിച്ചത്തിൽ ആവണം നാം ഇടതുപക്ഷം ഈ വിഷയത്തിൽ ഉന്നയിച്ച നാല്
പ്രധാന വാദമുഖങ്ങളെ വിശകലനവിധേയമാക്കാൻ.
6. കേരളീയ നവോത്ഥാനത്തിന്റെ വർഗ്ഗ ഉള്ളടക്കം
ഇടതുപക്ഷ വിശകലനങ്ങളിൽ ആദ്യത്തേത്, ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തു സൂചിപ്പിച്ചതു പോലെ, ശബരിമലയിൽ തങ്ങൾ ശ്രമിക്കുന്നത്
കേരളീയനവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാനാണ് എന്ന വാദമാണ്. വനിതാമതിലിന്റെ പ്രധാന മുദ്രാവാക്യം തന്നെ "നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ" എന്നായിരുന്നു. ഇടതുപക്ഷ സാംസ്കാരിക-വനിതാ-ട്രേഡ് യൂണിയൻ സംഘടനകൾ നാടൊട്ടുക്കും നവോത്ഥാന
സദസ്സുകൾ സംഘടിപ്പിക്കുകയുണ്ടായി. ഇടതുപക്ഷ "സാംസ്കാരികനായകർ" നവോത്ഥാനത്തെക്കുറിച്ചു വാതോരാതെ
വാചാലരായി. എന്നാൽ
നവോത്ഥാനത്തെ സംബന്ധിക്കുന്ന ഏറ്റവും നിർണ്ണായകമായ ചോദ്യങ്ങൾ ഈ വേദികളിലൊന്നും
ഉന്നയിക്കപ്പെടുക പോലും ഉണ്ടായില്ല. വർഗ്ഗപരമായ സമീപനം മുഴുവനായും കയ്യൊഴിഞ്ഞു പൂർണ്ണമായും വ്യവസ്ഥിതിയുടെ ഭാഗമായി
മാറിക്കഴിഞ്ഞ ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം ഈ ചോദ്യങ്ങൾ അപ്രസക്തങ്ങളാണ്, എന്നാൽ തൊഴിലാളിവർഗ്ഗത്തെ
സംബന്ധിച്ചെടുത്തോളം ഈ ചോദ്യങ്ങൾ മർമ്മപ്രധാനമാണ്. ഒന്ന്, കേരളീയനവോത്ഥാനമുന്നേറ്റങ്ങളുടെ വർഗ്ഗപരമായ ഉള്ളടക്കം എന്തായിരുന്നു? രണ്ട്, ഏതൊക്കെ വർഗ്ഗങ്ങളാണ് ഈ നവോത്ഥാന പോരാട്ടങ്ങളെ അന്ന്
പിന്തുണച്ചിരുന്നത്?,
ഏതൊക്കെ വർഗ്ഗങ്ങളാണ് അവക്ക് എതിരെ നിലയുറപ്പിച്ചത്?, എന്തുകൊണ്ട്? മൂന്ന്, ജനാധിപത്യവിപ്ലവത്തിന്റെ കാലഘട്ടത്തിൽ ഈ
നവോത്ഥാനമുന്നേറ്റങ്ങൾ പുരോഗമനപരമായിരുന്നു എന്നതിൽ സംശയമില്ല, മുതലാളിത്തത്തിന്റെ ജീർണ്ണത
അനുദിനം വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ "നവോത്ഥാനമൂല്യങ്ങൾ" അവയുടെ പുരോഗമനപരത
നിലനിർത്തുന്നുണ്ടോ?
നാല്, കേരളത്തിലെ
നവോത്ഥാനമുന്നേറ്റങ്ങളെ പിന്തുണച്ചിരുന്ന എല്ലാ വർഗ്ഗങ്ങളും ഇന്ന് നവോത്ഥാന"സംരക്ഷണ"ത്തെയും പിന്താങ്ങുന്നുണ്ടോ?, ഏതൊക്കെ വർഗ്ഗങ്ങളാണ് മറുകണ്ടം ചാടി ഇന്നതിനെ
എതിർക്കുന്നത്? എന്തുകൊണ്ട്? ഒരു മാർക്സിസ്റ്റിനെ
സംബന്ധിച്ചെടുത്തോളം ഇവ ഏറ്റവും പ്രാഥമികമായ ചോദ്യങ്ങളാണ്, ഇവക്കുത്തരം കണ്ടെത്താൻ ശ്രമിക്കുക പോയിട്ട് ഇവ
ഉന്നയിക്കാൻ പോലും ഇടതുപക്ഷം തയ്യാറായിട്ടില്ല എന്നത് ഒരു ദുഖകരമായ വിരോധാഭാസമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വർഗ്ഗസ്വഭാവം
യാഥാസ്ഥിതികബൂർഷ്വസിയുടേതായിരുന്നു എന്ന് നാം കണ്ട് കഴിഞ്ഞു. മതങ്ങളുടേയോ
വിശ്വാസപ്രമാണങ്ങളുടെയോ അസ്തിത്വം ഇന്ത്യൻ ജനാധിപത്യവിപ്ലവം ചോദ്യം ചെയ്തില്ല, മറിച്ച് അവയുടെ പേരിൽ നടന്നുവന്ന
ഹീനമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും, ജാതിവ്യവസ്ഥിതിയുടെ ഏറ്റവും പ്രത്യക്ഷമായ വശങ്ങളെയും
മാത്രമാണ് അത് എതിർത്തത്. മതങ്ങളോടും ജീർണ്ണിച്ച വിശ്വാസപ്രമാണങ്ങളോടും ജാതിവ്യവസ്ഥയോടും
സന്ധിയില്ലാസമരം പ്രഖ്യാപിച്ചു ജനാധിപത്യവിപ്ലവം മൗലികമായി പൂർത്തീകരിക്കാൻ
ഇന്ത്യൻ ഭരണവർഗ്ഗം ഒരിക്കലും തയ്യാറായിരുന്നില്ല; കാരണം അത് തൊഴിലാളിവർഗ്ഗത്തെ എത്രത്തോളം സഹായിക്കും
എന്ന് അവർക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. അതിനാൽ തന്നെ, മുതലാളിത്തത്തിന്റെ വളർച്ചക്ക് വിലങ്ങുതടി
ആയിനിൽക്കുന്ന ചുരുക്കം ചില സമ്പ്രദായങ്ങളും ആചാരങ്ങളും മാത്രമാണ്
ആക്രമിക്കപ്പെട്ടത്.
ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ലക്ഷ്യം മതങ്ങളുടെയും ജാതിവ്യവസ്ഥയുടെയും
പരിഷ്ക്കരണം മാത്രമായിരുന്നു, ഉന്മൂലനമായിരുന്നില്ല. കേരളീയനവോത്ഥാനത്തിന്റെയും കഥ മറ്റൊന്നായിരുന്നില്ല. "അന്ധ"വിശ്വാസങ്ങളും "അനാ"ചാരങ്ങളും തുടച്ചു നീക്കാനാണ്
കേരളീയനവോത്ഥാനം പ്രാഥമികമായും ശ്രമിച്ചത്, അല്ലാതെ വിശ്വാസങ്ങളും ആചാരങ്ങളും അവസാനിപ്പിക്കാനല്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണെന്നും
എല്ലാ ആചാരങ്ങളും അനാചാരങ്ങളാണെന്നും നവോത്ഥാനം പ്രഖ്യാപിച്ചില്ല; മറിച്ച്, "നല്ല" ആചാരങ്ങളെയും "നല്ല" വിശ്വാസങ്ങളെയും "നല്ല" ആധ്യാത്മികതയെയും "നല്ല" ആത്മീയതയെയും "എല്ലാ
മതങ്ങളിലെയും നന്മ"യെയും അത്
പരിപാലിച്ചു. മതങ്ങളെയും
വിശ്വാസങ്ങളെയും ആചാരങ്ങളെയും മൗലികമായ ജനാതിപത്യ വിപ്ലവങ്ങൾ ചെയ്ത പോലെ നവോത്ഥാനം
വ്യക്തിപരമായ ഇടങ്ങളിലേക്ക് പരിമിതപ്പെടുത്തി നിർവീര്യമാക്കാൻ ശ്രമിച്ചല്ല, അവയെ പൊതു ഇടങ്ങളിൽ
കെട്ടുകാഴ്ചയായി തന്നെ നിലനിർത്തി. ഈ കെട്ടുകാഴ്ചയിൽ പങ്കാളികളാവാനുള്ള എല്ലാ വിഭാഗം മനുഷ്യരുടെയും അവകാശം മാത്രം
അത് ഊന്നിപ്പറഞ്ഞു.
ഇതൊക്കെ നമ്മോട് പറയുന്നത് നവോത്ഥാനത്തിന്റെ ലക്ഷ്യവും പരിഷ്കരണം
മാത്രമായിരുന്നു എന്നാണ്. ഇത് നവോത്ഥാനം നയിച്ച വ്യക്തിത്വങ്ങളുടെ പരാജയം ആയിരുന്നില്ല, കാരണം സാമൂഹിക മുന്നേറ്റങ്ങൾ അവ
നയിക്കുന്ന ആളുകളുടെ ചിന്തയുടെ ഫലമായി ഉണ്ടാവുന്നതല്ല, അവ ഭൗതിക സാഹചര്യങ്ങളുടെ സൃഷ്ടി ആണ്. ഈ മാർക്സിസ്റ്റ് ഉൾക്കാഴ്ച
കേരളചരിത്രത്തെ കുറിച്ചയുള്ള തങ്ങളുടെ പുസ്തകത്തിൽ നവോത്ഥാനമുന്നേറ്റങ്ങളെ
കുറിച്ച് പറയുമ്പോൾ രാജൻ ഗുരുക്കളും രാഘവ വാര്യരും വ്യക്തമാക്കുന്നുണ്ട്:
"Generally, the causality of socio-religious movements is discussed
at the instance of new ideas. Actually, it is not the spread of new ideas that
trigger fundamental social movements. Movements for changing the juridical,
political and religious practices spring up under economic pressure.
Agricultural expansion, growth of garden-land economy, arrival of European
trading companies, rise of markets, urban development, increased monetisation,
transmutation of agrarian dues in cash, and emergence of a class of moneyed
intermediaries were the prime forces behind the movements."
ഒറ്റവാക്കിൽ പറഞ്ഞാൽ, മുതലാളിത്തവളർച്ചയുടെ ആദ്യപടികളാണ്
കേരളീയനവോത്ഥാനമുന്നേറ്റങ്ങൾക്ക് വേണ്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കിയത്. ഇന്ത്യയൊട്ടുക്കും ജാതീയവും
ലിംഗപരവും ആയ വിവേചനങ്ങളും അകറ്റിനിർത്തലുകളും പ്രത്യക്ഷമായെങ്കിലും
അവസാനിപ്പിക്കാൻ മുതലാളിത്തം നിർബന്ധിതമാവുന്നത് ഫാക്ടറികളുടെ വരവോടു കൂടെ ആണ്. താൻ ദളിതന്റെ കൂടെയോ ആർത്തവകാലത്തു
സ്ത്രീയുടെ കൂടെയോ പ്രൊഡക്ഷൻ ലൈനിൽ നിന്ന് ജോലി ചെയ്യില്ല എന്ന് സവർണ്ണൻ പറയാനുള്ള
സാഹചര്യം നിലനിന്നാൽ മുതലാളിത്തത്തിന് പ്രവർത്തിക്കാനാവില്ല. ദളിതർ തൊഴിലെടുക്കുന്ന ഫാക്ടറികളിൽ
നിന്നും വരുന്ന ഉൽപ്പന്നങ്ങൾ സവർണ്ണർ തൊടാതിരിക്കുന്ന സാഹചര്യം മുതലാളിത്തത്തെ
വളരാൻ അനുവദിക്കില്ല.
അതുകൊണ്ട്, മുതലാളിത്ത
ഉൽപ്പാദന-ഉപഭോഗ
പ്രക്രിയയുടെ സുഗമമായ
നടത്തിപ്പിന് വിലങ്ങുതടിയാവുന്ന എല്ലാ വിവേചനങ്ങളേയും എതിർത്ത് തോൽപ്പിക്കാൻ
ബൂർഷ്വസി എന്നും തല്പരനാണ്. കേരളത്തിലും ഇത് തന്നെയാണ് നടന്നത്, നവോത്ഥാനത്തിന് ഊർജ്ജം പകരുന്നതും മുതലാളിത്തത്തിന്റെ
ആദ്യകാല ചിഹ്നങ്ങളായ ഫാക്ടറിയുടെ വളർച്ചയാണ്. ഗുരുക്കളും വാര്യരും സൂചിപ്പിക്കുന്നത് പോലെ:
"In the mid 1860s they [German missionaries] established textile
factories at Kozhikode and Kannur. In 1873, they started a tile factory at
Kozhikode. This marked the beginning of factory system, the symbol of emerging
new mode of production, in Kerala. During this period, the economy
necessitated the liberation of the workforce from the clutches of the social
system. There were several institutional fetters that tied the worker and
the most inescapable of all was that of caste. The worker had no right over
his/her body, and was subjected to atrocious forms of bondage for the
perpetuation of the landlords' proprietary control over the workforce de facto,
such as untouchability and inapproachability. Religious beliefs, rites and
rituals reinforced this wretchedness. In short, the socio-cultural
conditions badly demanded movements capable of challenging the heinous customs,
institutions and practices."
മുതലാളിത്തവളർച്ചയുടെ പ്രാരംഭഘട്ടം ഒരുക്കിയ
ഭൗതികസാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കേരളീയനവോത്ഥാനം ശക്തിയാർജ്ജിക്കുന്നത്. എന്നാൽ മുൻപ് പറഞ്ഞത് പോലെ, ഈ നവോത്ഥാനശ്രമങ്ങൾ മതങ്ങളെയോ
വിശ്വാസപ്രമാണങ്ങളെയോ നേരിട്ട് ഒരിക്കലും ആക്രമിച്ചില്ല. മുതലാളിത്തവളർച്ചക്ക് വിലങ്ങുതടിയാവുന്ന ഏറ്റവും
ഹീനമായ ചില ആചാരാനുഷ്ഠാനങ്ങളെയും ജാതിവിവേചനത്തിന്റെ പ്രത്യക്ഷരൂപങ്ങളെയും
മാത്രമാണ് കേരളീയനവോത്ഥാനം ആക്രമിച്ചത്. പറഞ്ഞുവരുന്നത്, ഇന്ത്യൻ മുതലാളിത്തത്തിന്റെ പ്രാരംഭഘട്ടത്തിൽ
കേരളത്തിൽ നടന്ന നവോത്ഥാനമുന്നേറ്റങ്ങൾ പുരോഗമനപരം ആയിരുന്നില്ല എന്നല്ല. അവ തീർച്ചയായും
പുരോഗമനപരമായിരുന്നു,
കേരളീയ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ ഈ പോരാട്ടങ്ങൾ വഹിച്ച പങ്കും വളരെ
വലുതാണ്. എന്നാൽ ഈ
മുന്നേറ്റങ്ങളെ വർഗ്ഗപരമായി വിശകലനം ചെയ്യുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് അവ
യാഥാസ്ഥിതിക ബൂർഷ്വ സ്വഭാവം കാണിക്കുന്നു എന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പോലെ തന്നെ, മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ
വിമോചനസാധ്യതകൾ പൂർണ്ണമായും നവോത്ഥാനം ഒരിക്കലും ഉപയോഗപ്പെടുത്തിയില്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും
അടിസ്ഥാനപ്രമാണങ്ങളെ കേരളീയനവോത്ഥാനം ചോദ്യം ചെയ്തില്ല എന്ന് മാത്രമല്ല, അവയെ കൂടുതൽ ശക്തമാക്കുകയാണ്
ചെയ്തത്. നവോത്ഥാനത്തിന്റെ
പ്രധാനലക്ഷ്യങ്ങളിൽ ഒന്ന് മതങ്ങളെയും വിശ്വാസങ്ങളെയും "അനാ"ചാരങ്ങളിൽ നിന്നും "അന്ധ"വിശ്വാസങ്ങളിൽ
നിന്നും ജാതി ഉച്ഛനീചതത്വിൽ നിന്നും മുക്തമാക്കി അവയുടെ "ആത്മീയവിശുദ്ധി" തിരിച്ചുപിടിക്കുക എന്നതായിരുന്നു. കേരളീയനവോത്ഥാനപോരാട്ടം നയിച്ച
പ്രധാന വ്യക്തിത്വങ്ങളുടെ ആത്മീയപശ്ചാത്തലം തന്നെ ഇത് വെളിവാക്കുന്നുണ്ട്. അയ്യാ വൈകുണ്ഠസ്വാമി, തൈക്കാട്ട് അയ്യ സ്വാമി, ചട്ടമ്പി സ്വാമി, ശ്രീ നാരായണ ഗുരു തുടങ്ങിയ പ്രധാന
നവോത്ഥാന പോരാളികളിലെല്ലാം ആദ്ധ്യാത്മിക ചായ്‌വ് വളരെ പ്രകടമാണ്. ഇവരാരും തന്നെ ആത്മീയതയുടെ
ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി കൂടിയവരായിരുന്നില്ല, ജനങ്ങളുടെ ഭൗതികമായ പ്രശ്നങ്ങളിൽ നിരന്തരം
ഇടപെട്ടവരായിരുന്നു.
എന്നാൽ, മതങ്ങളുടെയും
വിശ്വാസങ്ങളുടെയും കാര്യത്തിൽ ഇവരുടെ പോരാട്ടങ്ങളുടെ ലക്‌ഷ്യം "പരിഷ്കരണം" മാത്രമായിരുന്നു. മതങ്ങളുടെയോ ദൈവങ്ങളുടെയോ അസ്തിത്വം ചോദ്യം
ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല, മതങ്ങളെ രാഷ്ട്രീയത്തിൽ നിന്നും വേർപെടുത്തി സ്വകാര്യാകാര്യമായി മാത്രം കാണുക
എന്ന മൗലികമായ ബൂർഷ്വ പരിപ്രേക്ഷ്യം ഉന്നയിക്കപ്പെട്ടത് പോലും ഇല്ല. പകരം, സാമൂഹിക പ്രശ്നങ്ങളിൽ അർത്ഥവത്തായ ഇടപെടലുകൾ നടത്തിയപ്പോഴും
ഇവർ നിലനിർത്തിപ്പോന്ന ശക്തമായ ആത്‌മീയപ്രതിച്ഛായ സാമൂഹിക-രാഷ്ട്രീയ മണ്ഡലവും മതങ്ങളും തമ്മിലുള്ള ബന്ധം
ദൃഢപ്പെടുത്തുകയാണ് ചെയ്തത്. ഇതിന്റെ കാരണം പ്രാഥമികമായും ഈ പോരാട്ടങ്ങൾ നയിച്ചവരുടെ വ്യക്തിത്വസവിശേഷതകളിൽ
അല്ല തിരയേണ്ടത്.
ഇന്ത്യയിൽ ആകമാനം ഉണ്ടായത് പോലെ ഇന്ത്യൻ ബൂർഷ്വസി പരിഷ്‌കാരപരമായ യാഥാസ്ഥിതിക
ജനാതിപത്യ വിപ്ലവത്തിൽ മാത്രം ഒതുങ്ങിയതാണ് ഇതിന്റെ യഥാർത്ഥ കാരണം.
നവോത്ഥാനം ഉയർത്തിയ ചില പ്രധാനമുദ്രാവാക്യങ്ങൾ അതിന്റെ
യാഥാസ്ഥിതികബൂർഷ്വ സ്വഭാവം അനാവരണം ചെയ്യുന്നുണ്ട്. "ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ഭാഷ, ഒരു ലോകം മനുഷ്യന്" എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തുന്നത്
വൈകുണ്ഠസ്വാമിയാണ്.
ജനങ്ങളെ വിഘടിപ്പിക്കുകയും പുരോഗതിക്ക് വിലങ്ങുതടിയാവുകയും ചെയ്യുന്ന ശക്തികളെ
ശക്തമായി എതിർക്കുമ്പോഴും, മതങ്ങളുടെയോ ദൈവത്തിന്റെയോ അസ്തിത്വം ഈ മുദ്രാവാക്യം ചോദ്യം ചെയ്യുന്നില്ല എന്നതാണ്
ശ്രദ്ധേയം. ഈ
മുദ്രാവാക്യത്തെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്നാക്കി ചുരുക്കിയാണ് തൈക്കാട്ട് അയ്യാസ്വാമി
ഉപയോഗിച്ചത്. അപ്പോഴും "ഒരു" മതവും "ഒരു" ദൈവവും നിലനിന്നു.
തൈക്കാട്ട് സ്വാമിയുടെ ശിഷ്യരായ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഇതേ വഴി
തന്നെയാണ് പിന്തുടർന്നത്. തൈക്കാട് സ്വാമിയുടെ മുദ്രാവാക്യം തന്നെയാണ് ശ്രീനാരായണഗുരുവും
ഉപയോഗപ്പെടുത്തിയത്.
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മുദ്രാവാക്യത്തിന്
പ്രചുരപ്രചാരം നൽകുന്നതിൽ അദ്ദേഹം വിജയിച്ചു. മതങ്ങളെയും ദൈവങ്ങളെയും പൊതുമണ്ഡലത്തിൽ നിന്നും
നിഷ്കാസിതമാക്കുന്ന,
അവയ്ക്ക് കൂടിവന്നാൽ വ്യക്തിപരമായ പ്രാധാന്യം മാത്രം അനുവദിച്ചുകൊടുക്കുന്ന
റാഡിക്കൽബൂർഷ്വ കാര്യപരിപാടിയുമായി തുലനം ചെയ്യുമ്പോൾ ഈ മുദ്രാവാക്യത്തിന്റെ
യാഥാസ്ഥിതിക ഉള്ളടക്കം വ്യക്തമാണ്. വ്യവസ്ഥാപിത മതങ്ങളുമായോ ആത്മീയതയുമായോ ആധ്യാത്മികതയുമായോ ഉള്ള സമരം
കേരളീയനവോത്ഥാനത്തിന്റെ ഈ പ്രബലധാരക്ക് തികച്ചും അന്യമാണ്. ഗാന്ധിയുടെ ആത്മീയപരിവേഷവും അദ്ദേഹത്തിനുണ്ടായിരുന്ന
സ്വീകാര്യതയും കേരളീയനവോത്ഥാനപോരാട്ടങ്ങളുടെ ചില പ്രധാന ഏടുകളിൽ ഗാന്ധി വഹിച്ച
നിർണ്ണായകമായ പങ്കും ഈ ആത്മീയധാരയെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ആധ്യാത്മിക ആവരണം ഇല്ലാത്ത
വ്യക്തിത്വങ്ങളും അവർ നേതൃത്വം കൊടുത്ത, കുറച്ചുകൂടി പുരോഗമനപരമായ, ഒരു ധാരയും നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നത്
ശരിയാണ്. അയ്യങ്കാളി
തന്നെയാണ് ഇതിലെ പ്രധാനി. അയ്യാ സ്വാമിയോടും നാരായണഗുരുവിനോടും ഉള്ള തന്റെ ബഹുമാനം തുറന്നു സമ്മതിച്ചിരുന്ന
അയ്യങ്കാളി പക്ഷെ,
സിദ്ധ, യോഗ, ബ്രഹ്മവിദ്യ
തുടങ്ങിയവയെക്കുറിച്ചുള്ള ഗുരുവിന്റെ തത്വങ്ങളിൽ യാതൊരു താല്പര്യവും
കാണിച്ചിരുന്നില്ല.
"യുക്തിവാദി" മാസിക തുടങ്ങിയ
സഹോദരൻ അയ്യപ്പനാവട്ടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന മുദ്രാവാക്യം ഉയർത്തുകവഴി, കേരളീയനവോത്ഥാനത്തിന്റെ റാഡിക്കൽ
ധാരക്ക് നേതൃത്വം കൊടുക്കുകയാണ് ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നെഹ്രുവിന്റെ
നേതൃത്വത്തിൽ ഒരു റാഡിക്കൽ വിഭാഗം ഉണ്ടായിരുന്നത് പോലെ, അയ്യങ്കാളി, അയ്യപ്പൻ തുടങ്ങിയവർ നവോത്ഥാനത്തിന് ചെറുതായെങ്കിലും
പുരോഗമനബൂർഷ്വ സ്വഭാവം കൊടുക്കാൻ ശ്രമിച്ചു എന്നത് ശരിയാണ്. എന്നാൽ കേരളീയനവോത്ഥാനത്തിലും
മുൻകൈ യാഥാസ്ഥിതികബൂർഷ്വ "പരിഷ്‌കാരങ്ങൾ"
മാത്രം മുന്നോട്ടു വച്ച വിഭാഗത്തിന് തന്നെയായിരുന്നു എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ, സാമൂഹികനീതിയിലും, ജാതിവിരോധത്തിലും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
ജീർണ്ണിച്ച അനുഷ്ഠാനങ്ങളെയും തുടച്ചുനീക്കുന്നതിലും നവോത്ഥാനവും അതിന്റെ
പോരാളികളും നിസ്തുലമായ പങ്ക് വഹിച്ചെങ്കിലും, മതങ്ങൾക്കും ആധ്യാത്മികതക്കും ആത്മീയതക്കും
സമൂഹത്തിലുള്ള പ്രാബല്യം തകർക്കാൻ അതിന് കഴിഞ്ഞില്ല. ഇത് നവോത്ഥാനത്തിന്റെ യാഥാസ്ഥിതികബൂർഷ്വ വർഗ്ഗകാഴ്ചപ്പാടിന്റെ
പരിമിതിയാണ്. ഈ പരിമിതി നമ്മെ
ഇന്നും പിന്തുടരുന്നു എന്ന് ശബരിമല തെളിയിക്കുന്നുണ്ട്.
വർഗ്ഗപരമായി ഒരു യാഥാസ്ഥിതിക ബൂർഷ്വമുന്നേറ്റമായിരുന്ന
കേരളീയനോവോത്ഥാനത്തെ ഏതൊക്കെ വർഗ്ഗങ്ങളാണ് പിന്തുണച്ചത്? കേരളത്തിന്റെ മണ്ണിൽ നാമ്പെടുത്തു തുടങ്ങിയിരുന്ന
മുതലാളിത്തവളർച്ചയുടെ ഗുണഭോക്താക്കളായ ബൂർഷ്വവർഗ്ഗത്തിന്റെ യാഥാസ്ഥിതിക-പുരോഗമന വിഭാഗങ്ങൾ സ്വാഭാവികമായും അന്ന് നവോത്ഥാനത്തെ
ശക്തമായി പിന്തുണച്ചു.
ബൂർഷ്വസിയുടെ ബൗദ്ധികപ്രതിനിധികളായ വളർന്നുവന്നുകൊണ്ടിരുന്ന വിദ്യാസമ്പന്നരായ
മധ്യവർഗ്ഗവും ഇതിന് പിന്തുണ കൊടുത്തുപോന്നു. എന്നാൽ ഈ നവോത്ഥാനപോരാട്ടങ്ങൾ "കൈവിട്ടു" പോകാതിരിക്കാൻ ബൂർഷ്വസി സദാ ജാഗരൂകരായിരുന്നു. നവോത്ഥാനപോരാട്ടങ്ങളുടെ കടിഞ്ഞാൺ
ആത്‌മീയ-യാഥാസ്ഥിതിക
ധാരയുടെ കൈകളിലാണെന്ന് അവർ സദാ ഉറപ്പുവരുത്തി. കേരളീയനവോത്ഥാനപോരാട്ടങ്ങളോടും
സാമൂഹ്യപരിഷ്കരണമുന്നേറ്റങ്ങളോടും പൊതുവെ അനുകൂലമായ നിലപാടാണ് ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സ് എടുത്തത്.
ഇത് ഇടതുപക്ഷത്തിൽ പലരും ധരിച്ചിരിക്കുന്നത് പോലെ അന്ന് കോൺഗ്രസ്സിന്റെ
നേതാക്കളെല്ലാം നല്ലവരും സാമൂഹികപ്രതിപത്തി ഉള്ളവരും ആയതുകൊണ്ടല്ല. കോൺഗ്രസ്സ് അന്നും ഇന്നും ഇന്ത്യൻ
ബൂർഷ്വസിയുടെ രാഷ്ട്രീയമുഖമാണ്. സ്വാതന്ത്ര്യസമരകാലത്തു കോൺഗ്രസ്സിനുണ്ടായിരുന്ന പുരോഗമനചായ്‌വ്
ശൈശവാവസ്ഥയിൽ ആയിരുന്ന ഇന്ത്യൻ ബൂർഷ്വസിയുടെ പുരോഗമനോന്മുഖതയുടെ ഒരു പ്രതിഫലനം
മാത്രമായിരുന്നു.
എന്നാൽ ഈ നവോത്ഥാനപോരാട്ടങ്ങളെ ഉപാധികളില്ലാതെ പിൻതുണച്ചു പോന്നത് അധഃസ്ഥിത-തൊഴിലാളി വർഗ്ഗമാണ്. വ്യാവസായികതൊഴിലാളിവർഗ്ഗം അതിന്റെ
ശൈശവാവസ്ഥയിൽ ആയിരുന്നുവെങ്കിലും, കർഷകത്തൊഴിലാളികളും വളരെ വേഗത്തിൽ മുതലാളിത്തവ്യവസ്ഥയിലേക്ക്
മാറിക്കൊണ്ടിരുന്ന പാരമ്പരാഗതവ്യവസായങ്ങളിലെ തൊഴിലാളികളും, താണ ജാതികളിൽ പെട്ട സ്വാഭാവികമായും അധഃസ്ഥിതരായവരും
നവോത്ഥാനത്തെ ചോരയും വിയർപ്പും കൊടുത്തു പിന്തുണച്ചുപോന്നു. എന്നാൽ റഷ്യൻ
ജനാധിപത്യവിപ്ലവപോരാട്ടങ്ങളോടനുബന്ധിച്ചു ലെനിൻ നിരന്തരമായി ഊന്നിപ്പറഞ്ഞതുപോലെ
ആത്മീയ-യാഥാസ്ഥിതിക
ബൂർഷ്വധാരയുടെ പ്രാബല്യത്തെ തകർത്തു നവോത്ഥാനത്തെ പുരോഗമനബൂർഷ്വയുക്തിയുടെ
തലത്തിലേക്ക് ഉയർത്താൻ തൊഴിലാളിവർഗ്ഗത്തിനോ അവർക്ക് നേതൃത്വം കൊടുത്ത സംഘടനകൾക്കോ
ആയില്ല.
നവോത്ഥാനത്തോടുള്ള എതിർപ്പ് പ്രധാനമായും ഉയർന്നു വന്നത്
ഫ്യൂഡൽ വർഗ്ഗങ്ങളിൽ നിന്നുമാണ്. ഫ്യൂഡൽ ഉൽപ്പാദനവ്യവസ്ഥയുടെ ഗുണഫലങ്ങൾ നൂറ്റാണ്ടുകളായി അനുഭവിച്ചുപോന്നിരുന്ന
രാജകുടുംബങ്ങളും നാടുവാഴി-ജന്മി മാടമ്പികളും ഇവരുടെ ആശ്രിതവത്സരരായ ഉയർന്നജാതിക്കാരും ആണ്
നവോത്ഥാനത്തിനെതിരെ പടനയിച്ചത്. ഇന്ത്യയിലും,
തൽഫലമായി കേരളത്തിലും, ഉണ്ടായിവന്ന മുതലാളിത്തവളർച്ച ഫ്യൂഡൽ ഉൽപ്പാദനവ്യവസ്ഥയുടെ ഭൗതിക അടിത്തറ
തകർത്തു തുടങ്ങിയിരുന്നു. ഇത് ഫ്യൂഡൽ വർഗ്ഗങ്ങളുടെ സാമ്പത്തികശക്തിയെ ശോഷിപ്പിച്ചു. രാഷ്ട്രീയമായ അവരുടെ ശക്തി
ബ്രിട്ടീഷ് ഭരണത്തിന്റെ വരവോടുകൂടി തന്നെ ശോഷിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ബ്രിട്ടീഷുകാർക്ക് ഭരണം
സുഗമമാക്കാനും സാധാരണക്കാരെ അടക്കിനിർത്താനും ഫ്യൂഡൽ ശക്തികളുടെയും ഫ്യൂഡൽ
സാമൂഹികരീതികളുടെയും ആവശ്യം ഉണ്ടായിരുന്നതിനാൽ അവരുടെ സാമൂഹിക അപ്രമാദിത്വം
നിലനിർത്താൻ ബ്രിട്ടീഷ് ഭരണം എല്ലാ മുൻകരുതലുകളും എടുത്തുപോന്നു. ഈ അപ്രമാദിത്വം നിലനിർത്തുന്നതിൽ
പ്രധാനപങ്ക് വഹിച്ചിരുന്നത് ജാതിവ്യവസ്ഥയും പിന്നെ ഫ്യൂഡൽ അധികാരശ്രണി (hierarchy) യിൽ അധിഷ്ഠിതമായ
ആചാരാനുഷ്ഠാനങ്ങളും രീതികളും വിശേഷാധികാരങ്ങളും മറ്റുമാണ്. അതുകൊണ്ടു തന്നെ ജാതിവ്യവസ്ഥയുടെയും
ആചാരാനുഷ്ഠാനങ്ങളുടെയും നേരെയുള്ള നവോത്ഥാനത്തിന്റെ ആക്രമണം തങ്ങളുടെ സാമൂഹികശക്തി
തന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന ബോദ്ധ്യം ഫ്യൂഡൽ വർഗ്ഗങ്ങൾക്ക് കൃത്യമായി
ഉണ്ടായിരുന്നു.
അപ്പോൾ, കേരളീയനവോത്ഥാനത്തിന്റെ വർഗ്ഗ ഉള്ളടക്കത്തെക്കുറിച്ചുള്ള പരിശോധന നമുക്ക്
ഇങ്ങനെ സംഗ്രഹിക്കാം:
വർഗ്ഗപരമായി യാഥാസ്ഥിതിക ബൂർഷ്വചായ്‌വ് ആണ് നവോത്ഥാനം പ്രകടിപ്പിച്ചത്; മതങ്ങളുടെയും വിശ്വാസങ്ങളുടെയും
സാമൂഹികനിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന റാഡിക്കൽ ബൂർഷ്വ അജണ്ട നവോത്ഥാനം
ഒരിക്കലും മുന്നോട്ടുവെച്ചില്ല. പകരം, നവോത്ഥാനത്തിൽ
പ്രാബല്യം നേടിയത് പരിഷ്കരണവാദികൾ ആണ്. അതുകൊണ്ട് തന്നെ യാഥാസ്ഥിതിക ചായ്‌വ് പുലർത്തിയിരുന്ന
ബൂർഷ്വ വർഗ്ഗവും അതിന്റെ രാഷ്ട്രീയമുന്നണിയായ കോൺഗ്രസ്സും നവോത്ഥാനമുന്നേറ്റങ്ങളെ
പിന്തുണച്ചുപോന്നു.
തൊഴിലാളി വർഗ്ഗവും അധസ്ഥിതരും കീഴ്ജാതിക്കാരും നവോത്ഥാനപോരാട്ടങ്ങളെ
ഉപാധികളില്ലാതെ പിന്തുണച്ചെങ്കിലും അതിനെ റാഡിക്കൽ ബൂർഷ്വ തലത്തിലേക്ക് ഉയർത്താനോ, അത് വഴി മതങ്ങളെയും
വിശ്വാസങ്ങളെയും അരികുവൽക്കരിക്കാനോ അവർക്ക് ആയില്ല. ഫ്യൂഡൽ വർഗ്ഗങ്ങളാവട്ടെ ഇതിനെ നഖശിഖാന്തം
എതിർത്തുപോന്നു. മുതലാളിത്തവളർച്ച
സാധ്യമാക്കുന്ന ഏറ്റവും മൗലികമായ രീതിയിൽ മതങ്ങളെയും വിശ്വാസത്തെയും ജാതിയെയും
അക്രമിക്കുന്നതിൽ നവോത്ഥാനം പരാജയപ്പെട്ടതിനാൽ, മതാന്ധതയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും
ജാതിവ്യവസ്ഥയുടെയും ആസുരമായ പ്രത്യക്ഷരൂപങ്ങൾ മാത്രമാണ് കേരളീയ സമൂഹത്തിൽ നിന്നും
അപ്രത്യക്ഷമായത്.
ഇത് ഒരു ഭാഗികമായ വിജയമായിരുന്നു എന്നതിൽ തർക്കമില്ല; ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ ആണ് കേരളീയസമൂഹത്തിന്റെ
പിന്നീടുള്ള പല സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളും സാധ്യമായത്. എന്നാൽ ഇത് ഭാഗികമായ വിജയം മാത്രമായിരുന്നു. ഇവയുടെയെല്ലാം വേരുകൾ ഇവിടെ
ശക്തമായി നിലനിന്നു.
മുതലാളിത്ത ഉൽപ്പാദനവളർച്ച സൃഷ്‌ടിച്ച വൈരുദ്ധ്യങ്ങളുടെ ചുഴിയിൽപെട്ട
കേരളീയസമൂഹം ആദ്യം ചെയ്തത് ഈ വേരുകൾ തോണ്ടിയെടുക്കുക എന്നതാണ്. ആ ആസുരവേരുകളിൽ നിന്നും
വിഷച്ചെടികൾ മുളക്കുന്ന കാഴ്ചയാണ് നാം ശബരിമലയിൽ കണ്ടത്. ശബരിമലയിലെ പ്രതിഷേധങ്ങൾ കേരളീയനവോത്ഥാനത്തിന്റെ
പരിമിതികളിൽ നിന്നും അപൂർണ്ണതകളിൽ നിന്നും ഉടലെടുക്കുന്നതാണ്. ഈ പ്രതിഷേധങ്ങളുടെ പ്രധാന
കാരണങ്ങളിൽ ഒന്ന് ഇന്ന് ഇടതുപക്ഷം ആഘോഷിക്കുന്ന നവോത്ഥാനത്തിന്റെ
യാഥാസ്ഥിതികബൂർഷ്വ സ്വഭാവമാണ്!
7. നവോത്ഥാനശ്രമങ്ങളോട് വിവിധവർഗ്ഗങ്ങളുടെ ഇന്നത്തെ സമീപനം
കേരളീയനവോത്ഥാനത്തിന് സ്വാതന്ത്ര്യപൂർവ്വഘട്ടത്തിൽ ഏതൊക്കെ വർഗ്ഗങ്ങളുടെ
പിന്തുണ ഉണ്ടായിരുന്നു എന്നും ഏതൊക്കെ വർഗ്ഗങ്ങളാണ് അതിനെ അന്ന് എതിർത്തത് എന്നും
നമ്മൾ കണ്ടുകഴിഞ്ഞതാണ്. എന്നാൽ ഇതിൽ ഏതൊക്കെ വർഗ്ഗങ്ങളാണ് ഇന്ന് നവോത്ഥാനമൂല്യങ്ങളെ പിന്തുണക്കുന്നത്
എന്ന് വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. ഫ്യൂഡൽ വർഗ്ഗങ്ങളും അവരുടെ പിടിയാളുകളും നവോത്ഥാനത്തെ
എതിർത്തപ്പോൾ അന്ന് പുരോഗമനാഭിമുഖ്യം സൂക്ഷിച്ചിരുന്ന വളർന്നു വരുന്ന ഇന്ത്യൻ
ബൂർഷ്വസിയും ബൂർഷ്വ വർഗ്ഗത്തെ പ്രതിനിധീകരിച്ച കോൺഗ്രസ്സ് പോലുള്ള രാഷ്ട്രീയ
പ്രസ്ഥാനങ്ങളും നവോത്ഥാനത്തെ പൊതുവേ പിന്തുണച്ചു പൊന്നു. തൊഴിലാളിവർഗ്ഗവും അടിസ്ഥാനവർഗ്ഗപ്രസ്ഥാനങ്ങളും
ശക്തമായി നവോത്ഥാനശ്രമങ്ങളുടെ പിന്നിൽ നിലയുറപ്പിച്ചു. എന്നാൽ നവോത്ഥാനമൂല്യങ്ങളോടുള്ള ഈ വർഗ്ഗങ്ങളുടെ
ഇന്നത്തെ സമീപനം എന്താണ്? കേരളം പോലെ ഫ്യൂഡലിസത്തിന്റെ ഭൗതികമായ അടിത്തറ മുഴുവനായും തകർന്ന് കഴിഞ്ഞ
സംസ്ഥാനങ്ങളിൽ പോലും ഫ്യൂഡൽ പ്രതിപത്തി സൂക്ഷിക്കുകയും ഫ്യൂഡൽ
പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കൾ ആയി നിലകൊള്ളുകയും ചെയ്യുന്ന വിഭാഗങ്ങൾ
ഇന്നും ഉണ്ട്. ഈ വിഭാഗങ്ങൾക്ക് അവരുടെ സാമൂഹികവും സാംസ്കാരികവും
ആയ സ്വാധീനം ഇന്നും നിലനിർത്താനും കഴിഞ്ഞ രണ്ടു ദശകങ്ങളായി വളർത്താനും
സാധിക്കുന്നതിന്റെ പ്രധാന കാരണം മുന്നേ സൂചിപ്പിച്ചത് പോലെ
ജനാധിപത്യവിപ്ലവത്തിന്റെ യാഥാസ്ഥിതികസ്വഭാവം ആണ്. ഫ്യൂഡൽ പ്രതിപത്തി സൂക്ഷിക്കുന്ന ഈ വിഭാഗങ്ങൾ ഇന്ന്
നവോത്ഥാനസംരക്ഷണത്തിന് മുഴുവനായും എതിരാണ്. ബൂർഷ്വ ജനാധിപത്യം കാലഹരണപ്പെടുത്തിയ, ചരിത്രം അതിന്റെ
ചവറ്റുകൂട്ടയിലേക്ക് പുറന്തള്ളിയ രാജകുടുംബങ്ങളും താവഴികളും ആശ്രിതരും, ഫ്യൂഡൽ വ്യവസ്ഥയിൽ ചാരുകസേരയിൽ
കാലും നീട്ടി ഇരുന്ന് ആരാന്റെ വിയർപ്പിന്റെ ഫലം മൂക്കറ്റം വലിച്ചുകേറ്റി
സുഖിച്ചുവാണിരുന്ന ഉയർന്ന ജാതിക്കാർ, രാജകുടുംബങ്ങളുടെ സംരക്ഷണത്തിൽ അറിവിനെയും
ദൈവങ്ങളെയും സ്വകാര്യസ്വത്തുക്കളായി കൊണ്ടുനടന്നിരുന്ന പുരോഹിതവർഗ്ഗം, ഇവരുടെയെല്ലാം പിൻഗാമികളിൽ ഒരു
പ്രബലവിഭാഗത്തെ ഇന്നും
നഷ്ടപ്പെട്ടുപോയ ആ "സുവർണ്ണ"ദിനങ്ങളെ കുറിച്ചുള്ള ഗൃഹാതുരത്വം
അലട്ടുന്നുണ്ട്. ഈ
ഗൃഹാതുരത്വത്തെ എൻ.എസ്.എസ്. പോലുള്ള ജാതിസംഘടനകൾ പാലൂട്ടുന്നും ഉണ്ട്. പന്തളം രാജകുടുംബത്തിന്റെയും
പുരോഹിതവർഗ്ഗത്തിന്റെയും ഉയർന്നജാതിക്കാരുടെയും ശ്രമഫലമായി ഉയർന്നുവന്ന
പ്രക്ഷോഭങ്ങളിൽ നമ്മൾ കണ്ടത് ഫ്യൂഡൽ ശേഷിപ്പുകളുടെ ഏകീകരണമാണ്. അതുകൊണ്ട്, നവോത്ഥാനത്തോടുള്ള ഫ്യൂഡൽ വർഗ്ഗങ്ങളുടെ സമീപനത്തിൽ
അന്നും ഇന്നും മാറ്റമൊന്നും വന്നിട്ടില്ല; തങ്ങളുടെ സാമൂഹിക അപ്രമാദിത്വത്തിന്റെ ആണിക്കല്ലുകളായ
ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയല്ലാതെ അവർക്ക് വേറെ തരമില്ല. എന്നാൽ നവോത്ഥാനമൂല്യങ്ങളോടുള്ള
ബൂർഷ്വ വർഗ്ഗത്തിന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞിട്ടുണ്ട്.
ബൂർഷ്വ വർഗ്ഗവും കോൺഗ്രസ്സ് അടക്കമുള്ള ബൂർഷ്വ പാർട്ടികളും
നവോത്ഥാനമൂല്യങ്ങളെ ഇന്ന് നഖശിഖാന്തം എതിർക്കുന്നു. സ്വാതന്ത്ര്യസമരകാലത്തു ഇന്ത്യൻ നവോത്ഥാനത്തിന്റെ
പിന്നിൽ അണിനിരന്ന കോൺഗ്രസ്സ് പ്രസ്ഥാനം ഇന്ന് "വിശ്വാസസംരക്ഷക"രുടെ വേഷത്തിൽ എത്തുന്നത് ചരിത്രത്തിന്റെ വലിയ
വിരോധാഭാസമാണ്. എന്നാൽ, പുരോഗമനശക്തിയിൽ നിന്നും ജീർണ്ണതയുടെ
കാവലാളന്മാരിലേക്കുള്ള ബൂർഷ്വസിയുടെയും കോൺഗ്രസ്സ് അടക്കമുള്ള ബൂർഷ്വ
പ്രസ്ഥാനങ്ങളുടെയും ഈ പതനം ഒരു അനിവാര്യതയാണ്. ഇതിന്റെ പ്രധാനകാരണം മുതലാളിത്തത്തിന്റെ ജീർണ്ണതയാണ്. ഇന്ത്യൻ മുതലാളിത്തത്തിന്റെ
വളർച്ചയുടെ ഘട്ടത്തിൽ,
ബൂർഷ്വ വർഗ്ഗം പുരോഗമനാഭിമുഖ്യം പുലർത്തിയിരുന്ന കാലത്താണ് നവോത്ഥാനശ്രമങ്ങളെ
ബൂർഷ്വസിയും ബൂർഷ്വ പാർട്ടികളും പിന്തുണച്ചു പോന്നത്. എന്നാൽ ഇന്ന് സ്ഥിതി നേരെ വിപരീതമാണ്. ലോകമുതലാളിത്തവും ഇന്ത്യൻ
മുതലാളിത്തവും ഊർദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരമായ പ്രതിസന്ധികളാണ് മുതലാളിത്തവ്യവസ്ഥ നേരിടുന്നത്; മിച്ചമൂല്യത്തിന്റെ തോത് ആവട്ടെ, മാർക്സ് സൂചിപ്പിച്ചതു പോലെ തന്നെ
ലോകമെമ്പാടും കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. അദ്ധ്വാനത്തിന്റെ നിരന്തരമായ സാമൂഹികവൽക്കരത്തിന്റെ
ഗുണങ്ങൾ അടിസ്ഥാനവർഗ്ഗങ്ങളിൽ എത്താത്തതിന് കാരണമായി നിൽക്കുന്ന മുതലാളിത്ത
ഉൽപ്പാദനബന്ധങ്ങൾ മനുഷ്യപുരോഗതിക്ക് തന്നെ തടസ്സമായി മാറിക്കഴിഞ്ഞു. ഇത്തരം സാഹചര്യത്തിൽ
മുതലാളിത്തവ്യവസ്ഥക്കെതിരെ അടിസ്ഥാനവർഗ്ഗങ്ങൾ തിരിയില്ല എന്ന് ഉറപ്പുവരുത്താൻ
ബൂർഷ്വസി സകലസാമൂഹികജീർണ്ണതകളുടെയും സഹായം തേടുന്ന കാഴ്ചയാണ് ലോകമെമ്പാടും നാം
കാണുന്നത്.അതിന്റെ ഭാഗമാണ്
കേരളത്തിലെ ബൂർഷ്വസിയുടെ "വിശ്വാസസംരക്ഷണ"നാടകം. ഇന്നത്തെ കോൺഗ്രസ്സ് ശബരിമലയിൽ
ആചാരസംരക്ഷകരായി പ്രത്യക്ഷപ്പെടുന്നത് ഇടതുപക്ഷം കരുതും പോലെ ചെന്നിത്തലക്കും
ഉമ്മൻചാണ്ടിക്കും നെഹ്രുവിന്റേയോ ഗാന്ധിയുടെയോ പുരോഗമനസാമൂഹികവീക്ഷണം
ഇല്ലാത്തതുകൊണ്ടല്ല,
ഇന്ത്യൻ ബൂർഷ്വസിക്ക് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ടത് കൊണ്ടാണ്. ചരിത്രത്തെ മുന്നോട്ടുനയിക്കുന്ന
ഒരു കാൽവെപ്പിനും ഇനി ബൂർഷ്വസിയുടെയോ കോൺഗ്രസ്സിന്റേയോ പിന്തുണ പ്രതീക്ഷിക്കരുത്; മുതലാളിത്തപ്രതിസന്ധികൾ അവരെ
ജീർണ്ണതയുടെ ഉപാസകരായി മാറ്റിക്കഴിഞ്ഞിരിക്കുന്നു.
നവോത്ഥാനമൂല്യങ്ങളോട് പെറ്റിബൂർഷ്വസിയുടെ ഇന്നത്തെ നിലപാട്
നിർണ്ണായകമാണ്. കേരളീയനവോത്ഥാനകാലഘട്ടത്തിൽ
പെറ്റിബൂർഷ്വവർഗ്ഗം മുഖ്യമായും പരമ്പരാഗതകൈത്തൊഴിൽ ചെയ്യുന്നവരാലും ചെറുകർഷകരാലും
നിർമ്മിതമായിരുന്നു.
അതുകൊണ്ടുതന്നെ ഇവർ മിക്കവാറും താഴ്ന്ന ജാതികളിൽ പെട്ടവരും ആയിരുന്നു. നവോത്ഥാനപ്രക്ഷോഭങ്ങൾ പ്രധാനമായും
ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കെതിരെ ആയിരുന്നു എന്നതുകൊണ്ട് അന്നത്തെ
പെറ്റിബൂർഷ്വ വർഗ്ഗം നവോത്ഥാനത്തെ പൊതുവെ പിന്തുണച്ചുപോന്നു. വ്യാവസായികതൊഴിലാളികൾ എണ്ണത്തിൽ
കുറവായതിനാലും കാർഷികരംഗത്ത് മുതലാളിത്തത്തിന്റെ കടന്നുവരവ് ശൈശവദിശയിൽ ആയതിനാലും
അടിസ്ഥാനവർഗ്ഗപ്രസ്ഥാനങ്ങളുടെ അന്നത്തെ പ്രവർത്തനങ്ങൾ അധികവും പെറ്റിബൂർഷ്വസിയുടെ
താഴെത്തട്ടുകളിൽ ഉള്ളവരെ കേന്ദ്രീകരിച്ചായിരുന്നു. നവോത്ഥാനശ്രമങ്ങൾക്കുള്ള പെറ്റിബൂർഷ്വ പിന്തുണയുടെ
ഒരു പ്രധാനകാരണം ഇതായിരുന്നു. എന്നാൽ സ്വാതന്ത്ര്യലബ്ദിയോടുകൂടി ഭരണകൂടനിയന്ത്രിതമായ മുതലാളിത്തത്തിന് കീഴിൽ
പെറ്റിബൂർഷ്വവർഗ്ഗം തഴച്ചുവളർന്നു. സർക്കാർ ജീവനക്കാർ, ചെറുകർഷകർ, ചെറുവ്യാപാരികൾ, ചില്ലറക്കച്ചവടക്കാർ, ചെറു ഉൽപ്പാദകർ എന്നിങ്ങനെയുള്ള
പെറ്റിബൂർഷ്വവിഭാഗങ്ങളെ സ്റ്റേറ്റ് കാപ്പിറ്റലിസം വലിയ മൂലധനത്തിന്റെ ആക്രമണത്തിൽ
നിന്നും സംരക്ഷിച്ചു പിടിച്ചു. അത് പെറ്റിബൂർഷ്വസിയുടെ സാമ്പത്തികവും രാഷ്ട്രീയവും ആയ പ്രാധാന്യം
വർധിപ്പിച്ചു. ഈ
ഭരണകൂടസംരക്ഷണം എൺപതുകളോട് കൂടി അപ്രത്യക്ഷമായിത്തുടങ്ങുകയും പെറ്റിബൂർഷ്വസിക്ക്
തദ്ദേശീയവും വൈദേശികവും ആയ വൻമൂലധനത്തിന്റെ കടന്നുകയറ്റത്തിന് മുന്നിൽ അടിപതറുകയും
ചെയ്തു തുടങ്ങി. കഴിഞ്ഞ
മുപ്പതുവർഷത്തെ സാമ്പത്തികപരിഷ്കാരങ്ങൾ ഇന്ത്യൻ പെറ്റിബൂർഷ്വസിയുടെ നിലനിൽപ്പ്
തന്നെ അപകടത്തിൽ ആക്കുന്നവയാണ്. മൂലധനത്തിന്റെ ആക്രമണത്തിൽ സ്വയം നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആവുന്ന
പെറ്റിബൂർഷ്വസി ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിന് വളരെ എളുപ്പത്തിൽ
വഴങ്ങും എന്നത് ലോകമെമ്പാടുമുള്ള അനുഭവങ്ങൾ നമ്മോട് പറയുന്നുണ്ട്. തകർന്നുകൊണ്ടിരിക്കുന്ന
പെറ്റിബൂർഷ്വസിയുടെ ഏറ്റവും ശക്തമായ വികാരം ഗൃഹാതുരത്വമാണ്. ഷോപ്പിംഗ് മാളുകളുടെയോ സൂപ്പർ
മാർക്കറ്റ് ശൃംഘലകളുടെയോ ഓൺലൈൻ കച്ചവടത്തിന്റെയോ ഭീഷണിയില്ലാതെ തന്റെ
ചെറുഗ്രാമത്തിലെ ആളുകളെല്ലാം തന്റെ ചെറിയകടയിൽ നിന്നും സാധനം വാങ്ങിക്കൊണ്ടിരുന്ന
പൊയ്പോയ "സുവർണ്ണകാല"ത്തെ പീടികക്കാരൻ ഓർക്കുന്നത് പോലെ
പെറ്റിബൂർഷ്വ വർഗ്ഗം സ്ഥിരം പിന്തിരിഞ്ഞു നോക്കിക്കൊണ്ടേയിരിക്കും. പിന്നോട്ട് പോകാനുള്ള ഈ ത്വരയാണ്
പെറ്റിബൂർഷ്വസിയെ ഒരു പിന്തിരിപ്പൻ ശക്തിയാക്കി മാറ്റുന്നത്. ഈ ത്വര തന്നെയാണ് അതിനെ ഫാഷിസ്റ്റ്
പാളയത്തിൽ എത്തിക്കുന്നതും. ഈ ഗൃഹാതുരത്വം അവരെ പുരോഗമനത്തിന്റെ ശത്രുക്കളും പഴമയുടെ സംരക്ഷകരും
ആക്കിത്തീർക്കുന്നു.
അതുകൊണ്ട് തന്നെയാണ് അവർ നവോത്ഥാനമൂല്യങ്ങളെ ഇന്ന് ശക്തമായി എതിർക്കുന്നത്. പെറ്റിബൂർഷ്വസിയുടെ ഈ
പിന്തിരിഞ്ഞുനോട്ടം ജാതി-മത-ഫാസ്റ്റിസ്റ്റ്
ശക്തികളുടെ പുനരുദ്ധാരണ ശ്രമങ്ങളുമായി നല്ലവണ്ണം ചേർന്ന് പോകുന്നതാണ്. ഇന്ത്യൻ മുതലാളിത്തത്തിന്റെ
അനിയന്ത്രിതമായ വളർച്ച പരമ്പരാഗത പെറ്റിബൂർഷ്വ വർഗ്ഗത്തിന്റെ അസ്തിത്വം തന്നെ
ചോദ്യം ചെയ്യുന്നുണ്ട്; അതിനാൽ മുതലാളിത്തവ്യവസ്ഥയെയും മുതലാളിത്ത ഉൽപ്പാദനബന്ധങ്ങളെയും
പെറ്റിബൂർഷ്വസി എതിർക്കും. ഈ എതിർപ്പ് മുതലാളിത്തയുക്തിയോടും അതിന്റെ ഭാഗമായ നവോത്ഥാന ആദർശങ്ങളോടും ഉള്ള
എതിർപ്പായി പരിണമിക്കുന്നതിൽ അത്ഭുതമൊന്നും ഇല്ല.
ഫ്യൂഡൽ പ്രതിപത്തി സൂക്ഷിക്കുന്നവരുടെയോ ബൂർഷ്വസിയുടെയോ
ശബരിമല വിഷയത്തിലെ എതിർപ്പ് ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം വലിയ പ്രശ്നങ്ങൾ
ഒന്നും സൃഷ്ടിക്കുന്നവയല്ല. കാരണം ഈ വർഗ്ഗങ്ങൾ പരമ്പരാഗതമായി കോൺഗ്രസ്സിനെ പിന്തുണച്ചു പോന്നവയാണ് (മുതലാളിത്തത്തിന്റെ പ്രതിസന്ധി
രൂക്ഷമായതോടെ ഈ വർഗ്ഗങ്ങൾ കൂട്ടമായി ഫാഷിസത്തിലേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്
എന്നത് മറ്റൊരു യാഥാർഥ്യം). എന്നാൽ പെറ്റിബൂർഷ്വസിയുടെ എതിർപ്പ് ഇടതുപക്ഷത്തെ രാഷ്ട്രീയമായി വല്ലാതെ
ബുദ്ധിമുട്ടിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷം ഇന്ത്യയിൽ വേരുറപ്പിച്ചു തുടങ്ങിയ ഘട്ടത്തിൽ
ഇന്ത്യൻ തൊഴിലാളിവർഗ്ഗം അതിന്റെ ശൈശവദിശയിൽ ആയിരുന്നു, ഇതിന്റെ കാരണം വ്യാവസായിക-കാർഷിക രംഗങ്ങളിൽ ഇന്ത്യൻ മുതലാളിത്തം വളരെ പരിമിതമായ
വളർച്ച മാത്രമേ അന്ന് കൈവരിച്ചിരുന്നുള്ളൂ എന്നതാണ്. അതുകൊണ്ടു തന്നെ ഈ ഘട്ടത്തിൽ പരമ്പരാഗതതൊഴിലാളികൾ, ചെറുകർഷകർ മുതലായ പെറ്റിബൂർഷ്വവിഭാഗങ്ങൾക്കിടയിൽ
ആണ് ഇടതുപക്ഷം പ്രധാനമായും പ്രവർത്തിച്ചു പോന്നത്. കഷ്ടത അനുഭവിക്കുന്ന ഇത്തരം വിഭാഗങ്ങൾ
ഇടതുപക്ഷത്തിന്റെ ശക്തമായ അനുഭാവികളും പ്രവർത്തകരും ആയി മാറുന്നത് ഇവർക്ക് വേണ്ടി
ഫ്യൂഡൽ വർഗ്ഗങ്ങൾക്കെതിരെ ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങളെ തുടർന്നാണ്. തൊഴിലാളി വർഗ്ഗപ്രസ്ഥാനങ്ങൾ
പെറ്റിബൂർഷ്വവർഗ്ഗത്തിലെ ഏറ്റവും താഴെക്കിടയിലുള്ള വിഭാഗങ്ങൾക്ക് വേണ്ടി
പോരാടുന്നത് വളരെ സ്വാഭാവികമാണ്, കാരണം അവർ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തന്നെയാണ്. എന്നാൽ ഈ പോരാട്ടങ്ങളിൽ മാർക്സിസ്റ്റു പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന രീതി ഈ പെറ്റിബൂർഷ്വവിഭാഗങ്ങളെ
തൊഴിലാളിവർഗ്ഗബോധത്തിലേക്ക് ഉയർത്താൻ ശ്രമിക്കുക എന്നതാണ്. മുതലാളിത്തവളർച്ചയോടുള്ള പെറ്റിബൂർഷ്വവിഭാഗങ്ങളുടെ
നൈസർഗ്ഗികമായ പ്രതികരണം എല്ലായ്പ്പോഴും പിന്തിരിപ്പൻ ആണ്. മുതലാളിത്തവളർച്ചയെ തടഞ്ഞുനിർത്താനും അതുവഴി തങ്ങളുടെ
നിലനിൽപ്പ് സുരക്ഷിതമാക്കാനുമാണ് അവർ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ ചരിത്രത്തിന്റെ ഗതിയെ
പിറകോട്ടടിക്കാം എന്നും, കുറഞ്ഞപക്ഷം അതിനെ തടഞ്ഞു നിർത്തുകയെങ്കിലും ആവാം എന്നുമുള്ള ധാരണ ഒരു
വ്യാമോഹം മാത്രമാണ്.
ഈ വ്യാമോഹത്തിന്റെ അടിസ്ഥാനത്തിലല്ല മാർക്സിസം പെറ്റിബൂർഷ്വസിയെ അഭിസംബോധന
ചെയ്യുന്നത്, മറിച്ച്, മുതലാളിത്തവ്യവസ്ഥക്കുള്ളിൽ
പെറ്റിബൂർഷ്വ ഉൽപ്പാദനത്തിന്റെ തകർച്ച ഒഴിവാക്കാനാവില്ല എന്ന സത്യം അവരോടുതന്നെ
തുറന്ന് പറഞ്ഞു കൊണ്ടാണ്. പെറ്റിബൂർഷ്വവർഗ്ഗത്തിൽ പെട്ട ബഹുഭൂരിപക്ഷം പേരും മുതലാളിത്തവളർച്ചയുടെ ഫലമായി
തൊഴിലാളിവർഗ്ഗത്തിലേക്ക് നിഷ്കാസിതരാക്കപ്പെടും എന്നും, അതിനാൽ തന്നെ മുതലാളിത്തത്തെ തടഞ്ഞു നിർത്തുകയല്ല, തൊഴിലാളിവർഗ്ഗത്തിന്റെ പക്ഷം
ചേർന്ന് അതിനെ സോഷ്യലിസത്തിലേക്ക് മുന്നോട്ടു നയിക്കുക മാത്രമാണ് പ്രതിവിധി
എന്നുമാണ് മാർക്സിസം അവരോട് പറയുന്നത്. അതായത്, മാർക്സിസം-ലെനിനിസം പെറ്റിബൂർഷ്വസിയെ സമീപിക്കുന്നത് അവരുടെ
തലത്തിലേക്ക് താഴ്‌ന്ന് പെറ്റിബൂർഷ്വ വ്യാമോഹങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടല്ല, പെറ്റിബൂർഷ്വസിയെ
തൊഴിലാളിവർഗ്ഗബോധത്തിലേക്ക് ഉയർത്തിക്കൊണ്ടാണ്. എന്നാൽ, നിർഭാഗ്യവശാൽ, സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യൻ മുതലാളിത്തം
മെല്ലെ വളർന്നു തുടങ്ങിയ ഘട്ടത്തിൽ ഇടതുപക്ഷം പെറ്റിബൂർഷ്വസിയെ സമീപിച്ചത് ഈ
മാർക്സിസ്റ് രീതിയിൽ നിന്നും നേരെ വിപരീതമായാണ്. നെഹ്രുവിൻ വെൽഫെയർ സ്റ്റേറ്റിന്റെ തണലിൽ ഉല്ലസിച്ചു
പോന്ന പെറ്റിബൂർഷ്വ വർഗ്ഗത്തിന് തങ്ങളുടെ നിലനിൽപ്പ് ശാശ്വതമാണെന്ന ധാരണ വരുന്നത്
സ്വാഭാവികം, ഈ അബദ്ധധാരണയെ
ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചത്. പെറ്റിബൂർഷ്വസിയുടെ സാമ്പത്തികസംരക്ഷണവും നിലനിൽപ്പും
ഉറപ്പിക്കാൻ ഭരണകൂടവുമായി പോരടിക്കുന്ന ഇടതുപക്ഷത്തെയാണ് നാം എൺപതുകൾ വരെ
കാണുന്നത്. ഈ പോരാട്ടങ്ങൾ
ഒരു പരിധിവരെ വിജയങ്ങൾ ആയിരുന്നു, അതിനു കാരണം നിയന്ത്രിതമായ മുതലാളിത്തത്തിന് കീഴിൽ ഭരണകൂടം തന്നെ
പെറ്റിബൂർഷ്വസിയുടെ നിലനിൽപ്പിൽ തല്പരരായിരുന്നു എന്നതാണ്. ദശകങ്ങളായി തുടർന്ന് വന്ന ഈ പെറ്റിബൂർഷ്വ "പ്രീണനം" രണ്ട് ഫലങ്ങളാണ് ഉണ്ടാക്കിയത്: ഒന്ന്, പെറ്റിബൂർഷ്വസിയെ തൊഴിലാളിവർഗ്ഗബോധത്തിലേക്ക്
ഉയർത്തുന്നതിന് പകരം ഇന്ത്യൻ ഇടതുപക്ഷം പ്രത്യയശാസ്ത്രപരമായി
പെറ്റിബൂർഷ്വതലത്തിലേക്ക് താഴ്ന്നു. രണ്ടു, ഇന്ത്യൻ
ഇടതുപക്ഷത്തിന്റെ പ്രവർത്തകരും അനുഭാവികളും ഏറെയും പെറ്റിബൂർഷ്വപശ്ചാത്തലം ഉള്ളവർ
ആയിത്തീർന്നു. ഇന്ത്യൻ
ഇടതുപക്ഷം തൊഴിലാളിവർഗ്ഗവിപ്ലവരാഷ്ട്രീയം കൈയ്യൊഴിഞ്ഞു പെറ്റിബൂർഷ്വ റിഫോർമിസ്റ്റ്
രാഷ്ട്രീയം പുല്കിയതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഇതാണ്. ഇത്തരത്തിൽ പെറ്റിബൂർഷ്വ വർഗ്ഗത്തിന്റെ പിന്തുണയുടെ
അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷത്തിന് ശബരിമല വിഷയത്തിലെ
പെറ്റിബൂർഷ്വനിലപാട് വലിയ രാഷ്ട്രീയപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയമായി കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം
നിൽക്കുന്ന പരമ്പരാഗത പെറ്റിബൂർഷ്വ വിഭാഗങ്ങൾ പോലും ഈ വിഷയത്തിൽ അവരുടെ
വർഗ്ഗനിലപാടിനൊപ്പം ചേർന്ന് നിന്നുകൊണ്ട് സ്ത്രീപ്രവേശനത്തെ എതിർത്തു. ഇടതുപക്ഷ പാളയത്തിനുള്ളിൽ നിന്നും
ഉയർന്നു വന്ന ഈ എതിർപ്പ്, നിർണ്ണായകസന്ദർഭങ്ങളിൽ രാഷ്ട്രീയാഭിമുഖ്യം അല്ല വർഗ്ഗാഭിമുഖ്യം തന്നെയാണ്
പ്രധാനമായി വരുന്നത് എന്ന് ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തേണ്ടതാണ്.
ഫ്യൂഡൽ, ബൂർഷ്വ, പെറ്റിബൂർഷ്വ
വിഭാഗങ്ങൾ ശബരിമലയെ മുൻനിർത്തിയുള്ള നവോത്ഥാനശ്രമങ്ങളെ ഇന്ന് ശക്തമായി
എതിർക്കുന്നു എന്നും,
ആ എതിർപ്പിന്റെ കാരണങ്ങൾ എന്തൊക്കെ ആണെന്നും നമ്മൾ കണ്ടു കഴിഞ്ഞു. ഈ വിശകലനം നമ്മളോട് പറയുന്നത്, കേരളീയനവോത്ഥാനത്തിന്റെ കൂടെ പണ്ട്
നിന്ന ജനവിഭാഗങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്ന് അതിനെ ശക്തമായി എതിർക്കുന്നത്
ഇടതുപക്ഷം കരുതുന്നത് പോലെ ഹിന്ദുത്വശക്തികളുടെ തെറ്റിദ്ധരിപ്പിക്കലിൽ വീണു
പോയതുകൊണ്ടോ അവരുടെ നേതൃത്വത്തിന് പണ്ടത്തെ വീക്ഷണം ഇല്ലാത്തതു കൊണ്ടോ അല്ല. പണ്ട് പുരോഗമനപരമായിരുന്ന
വർഗ്ഗങ്ങൾ, മുതലാളിത്തത്തിന്റെ
പ്രതിസന്ധിഘട്ടത്തിൽ അവരുടെ നിലനിൽപ്പിന് വേണ്ടി ജീർണ്ണതയിൽ അഭയം തേടുന്നതാണ് ഈ
എതിർപ്പിന്റെ യഥാർത്ഥ കാരണം. ഈ എതിർപ്പിനെ "ബോധവൽക്കരണം" കൊണ്ടോ യുക്തി കൊണ്ടോ പിന്തുണയാക്കി
മാറ്റാൻ ആവില്ല, വർഗ്ഗസമരത്തിലൂടെ
അതിനെ മറികടക്കുക മാത്രമാണ് മാർഗ്ഗം. അതുകൊണ്ട് തന്നെ വർഗ്ഗങ്ങൾക്കതീതമായി കേരളീയ
സമൂഹത്തിന് "പ്രബുദ്ധത"യും "പുരോഗമനപരത"യും കല്പിച്ചുകൊടുക്കുകയും നല്ലവണ്ണം ബോധവൽക്കരണം
നടത്തിയാൽ കേരളീയസമൂഹം ഒന്നടങ്കം നവോത്ഥാനമുന്നേറ്റങ്ങളെ പിന്താങ്ങും എന്ന്
വ്യാമോഹിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തമാണ്. എല്ലാ സമൂഹത്തിലും പുരോഗമനാഭിമുഖ്യം വർഗ്ഗപരമാണ്, ഇത് ഇടതുപക്ഷം ഇന്ന്
മനസ്സിലാക്കാത്തത് അവർ പണ്ടേ മാർക്സിസം കൈയ്യൊഴിഞ്ഞത് കൊണ്ടാണ്. മുതലാളിത്തത്തിന്റെ ഇന്നത്തെ
ജീർണ്ണാവസ്ഥയിൽ ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഉപാധികളില്ലാതെ
പിന്തുണക്കുന്ന ഒരേ ഒരു വർഗ്ഗം തൊഴിലാളി വർഗ്ഗമാണ്. നവോത്ഥാനത്തിന്റെ തുടർച്ചയുടെ കാര്യമാവട്ടെ, ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ
കാര്യമാവട്ടെ, അടിസ്ഥാനവർഗ്ഗ
പ്രസ്ഥാനങ്ങൾ ഇന്ന് ചെയ്യേണ്ടത് ഈ വിഷയങ്ങളിൽ തൊഴിലാളിവർഗ്ഗപിന്തുണ ഉറപ്പിക്കുകയും
ഈ പിന്തുണയുടെ ചിറകേറി മറ്റ് വർഗ്ഗങ്ങളുടെ എതിർപ്പ് വകഞ്ഞുമാറ്റി മുന്നേറുകയുമാണ്. തൊഴിലാളിവർഗ്ഗം ശബരിമലയിലെ
സ്ത്രീപ്രവേശനത്തിന് അനുകൂലമാണ് എന്ന് പറയുമ്പോൾ കേരളത്തിലെ സകല തൊഴിലാളികൾക്കും ഈ
അഭിപ്രായമാണ് ഉള്ളത് എന്ന് അർത്ഥമില്ല. തൊഴിലാളിവർഗ്ഗത്തിന്റെ വസ്തുനിഷ്ഠമായ നിലപാട്
സ്ത്രീപ്രവേശനം ഉൾപ്പടെയുള്ള എല്ലാ പുരോഗമനകാൽവെപ്പുകളെയും പിന്തുണക്കുകയാണ്. എന്നാൽ തൊഴിലാളിവർഗ്ഗബോധത്തിന്റെ
അഭാവം മൂലം എല്ലാ തൊഴിലാളികളും ഈ നിലപാട് എടുത്തു എന്ന് വരില്ല. എന്നാൽ, സ്ത്രീപ്രവേശനത്തെ എതിർക്കുന്ന തൊഴിലാളിയും, അതിനെ എതിർക്കുന്ന മറ്റ്
വർഗ്ഗങ്ങളിൽ പെട്ടവരും തമ്മിൽ നിർണ്ണായകമായ ഒരു വ്യത്യാസമുണ്ട്. മറ്റ് വിഭാഗങ്ങളിൽ പെട്ടവർ
നവോത്ഥാനശ്രമങ്ങളെ എതിർക്കുമ്പോൾ അവർ അവരുടെ വർഗ്ഗത്തിന്റെ നിലപാടുമായി താദാത്മ്യം
പ്രാപിക്കുകയാണ് ചെയ്യുന്നത്. അവർ നൈസർഗ്ഗികമായ മുറുകെപ്പിടിക്കുന്നത് അവരുടെ വർഗ്ഗവീക്ഷണം തന്നെയാണ്. അതുകൊണ്ട് തന്നെ ഇവിടെ "ബോധവൽക്കരണം" വിലപ്പോവില്ല. എന്നാൽ തൊഴിലാളി പുരോഗമനശ്രമങ്ങളെ
എതിർക്കുമ്പോൾ അയാൾ അയാളുടെ തന്നെ വർഗ്ഗതാല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ്
എടുക്കുന്നത്. ഇത് പ്രധാനമായും
മറ്റ് വർഗ്ഗങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ, പ്രത്യേകിച്ച് പെറ്റിബൂർഷ്വ വീക്ഷണങ്ങൾ, തൊഴിലാളികൾക്ക് മേൽ ചെലുത്തുന്ന
സ്വാധീനത്തെയാണ് കാണിക്കുന്നത്. തൊഴിലാളികളുടെ ഈ നിലപാട് അതുകൊണ്ട് തന്നെ വർഗ്ഗബോധത്തിന്റെ അഭാവത്തിൽ നിന്നും
ഉടലെടുക്കുന്നതാണ്,
ഇത് ബോധവൽക്കരണവും വർഗ്ഗവിദ്യാഭ്യാസവും കൊണ്ട് എളുപ്പത്തിൽ മാറ്റിയെടുക്കാം. പറഞ്ഞുവരുന്നത്, ബോധവൽക്കരണം ലക്ഷ്യമിടേണ്ടത്
ഇടതുപക്ഷം കരുതുന്നത് പോലെ കേരളീയസമൂഹത്തിലെ "പ്രബുദ്ധ"രെ അല്ല, തൊഴിലാളിവർഗ്ഗത്തെയാണ്. പിന്നെ ലക്ഷ്യമിടേണ്ടത് അനുദിനം
തൊഴിലാളിവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പെറ്റിബൂർഷ്വസിയുടെ താഴെത്തട്ടിലുള്ള
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും. എണ്ണത്തിൽ മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാനവർഗ്ഗത്തിന്റെ രാഷ്ട്രീയ
ഇച്ഛാശക്തിക്ക് മാത്രമേ ജീർണ്ണതയുടെ കാവൽക്കാരെ തെരുവുകളിൽ തോൽപ്പിക്കാനാവൂ.
8. മുതലാളിത്തത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ "നവോത്ഥാനമൂല്യസംരക്ഷണം" പുരോഗമനപരമോ?
നവോത്ഥാനമൂല്യങ്ങളുടെ യാഥാസ്ഥിതികബൂർഷ്വ പ്രതിപത്തി നമ്മൾ
കണ്ടു കഴിഞ്ഞതാണ്.
ആ വർഗ്ഗവിശകലനത്തിന്റെ പശ്ചാത്തലത്തിൽ, മുതലാളിത്തം നിരന്തരമായ പ്രതിസന്ധികളിൽ പെട്ടുലയുകയും
അതിന്റെ ഫലമായി ഫാഷിസം ആസുരമായ വളർച്ച പ്രാപിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയിൽ, ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന "നവോത്ഥാനമൂല്യസംരക്ഷണം" എത്രമാത്രം പുരോഗമനപരമായ ഒരു
മുദ്രാവാക്യമാണ് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്വാതന്ത്ര്യപൂർവ്വകാലത്തുപോലും പരിമിതമായ പുരോഗമനപരത
മാത്രം ഉണ്ടായിരുന്ന നവോത്ഥാനമുദ്രാവാക്യങ്ങളെ ഇന്ന് തൊഴിലാളിവർഗ്ഗം ഒഴികെയുള്ള
സകലവർഗ്ഗങ്ങളും എത്രത്തോളം ഭയക്കുന്നു എന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ
ബൂർഷ്വജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മതവുമായും
മതാനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ട് തൊഴിലാളിവർഗ്ഗം ഉന്നയിക്കേണ്ട ശരിയായ
മുദ്രാവാക്യം എന്താണ് എന്നതാണ് പ്രശ്നം. അത് നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണം തന്നെ ആണോ?
സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തിൽ ഉന്നയിക്കപ്പെട്ട
നവോത്ഥാനമുദ്രാവാക്യങ്ങൾ മതങ്ങളുടെയോ ദൈവങ്ങളുടെയോ അസ്തിത്വത്തെ ഒരുതരത്തിലും
ചോദ്യം ചെയ്യുകയുണ്ടായില്ലെന്നും അവയുടെ പ്രധാനലക്‌ഷ്യം മതങ്ങളുടെ "പരിഷ്കരണം" മാത്രമായിരുന്നു എന്നും നമ്മൾ കണ്ടു കഴിഞ്ഞതാണ്. ജനാധിപത്യവിപ്ലവത്തിന്റെ
പശ്ചാത്തലത്തിൽ, പ്രത്യേകിച്ച്
ഇന്ത്യ പോലെ മുതലാളിത്തം പിച്ചവെച്ചു തുടങ്ങുക മാത്രം ചെയ്തിരുന്ന ഒരു രാജ്യത്ത്, ഇവ പോലും പുരോഗമനപരമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി എന്താണ്? കേരളത്തിലും ഇന്ത്യയിലും നവോത്ഥാനപോരാട്ടങ്ങൾ
ഉയർന്നു വന്ന കാലഘട്ടത്തിൽ മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും
നിലനിന്നുപോന്നിരുന്നത് ഫ്യൂഡലിസത്തിന്റെ തുടർച്ചകളായും ശേഷിപ്പുകളായും ആണ്. ഫ്യൂഡൽ പ്രത്യയശാസ്ത്രവുമായുള്ള
മുതലാളിത്തത്തിന്റെയും ബൂർഷ്വസിയുടെയും പോരാട്ടങ്ങളുടെ ഭാഗമായാണ് നവോത്ഥാനമുദ്രാവാക്യങ്ങൾ
ഉന്നയിക്കപ്പെടുന്നത്.
അന്നത്തെ സാഹചര്യത്തിൽ മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനം ഫ്യൂഡൽ
പ്രത്യയശാസ്ത്രത്തിൽ ആയിരുന്നതിനാൽ ഈ വിശ്വാസങ്ങളെ താങ്ങിനിർത്തുന്നതിൽ അജ്ഞതക്കും
വിദ്യാഭ്യാസമില്ലായ്‌മക്കും വലിയ ഒരു പങ്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവക്കെതിരെയുള്ള മുന്നേറ്റങ്ങളിൽ
ബോധവൽക്കരണവും യുക്തിചിന്തയുടെ വ്യാപനവും പ്രധാനമായിരുന്നു. മാത്രവുമല്ല, അന്ന് നവോത്ഥാനശ്രമങ്ങളെ ഫ്യൂഡൽ
വിഭാഗങ്ങൾ ഒഴികെയുള്ള വർഗ്ഗങ്ങളെല്ലാം പൊതുവെ പിന്തുണച്ചിരുന്നു എന്നതുകൊണ്ട്
തന്നെ അത്തരം മുന്നേറ്റങ്ങൾക്ക് ഒരു "ജനകീയ"സ്വഭാവം ആർജ്ജിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി ഇതിൽ നിന്നും വളരെ
വ്യത്യസ്തമാണ്. മതങ്ങളുടെയും
ആചാരാനുഷ്ഠാനങ്ങളുടെയും ഇന്നത്തെ പുനരുദ്ധാരണത്തിന്റെ അടിസ്ഥാനം
മുതലാളിത്തപ്രതിസന്ധിയാണ്. അറുപതുകളിലും എഴുപതുകളിലും വെൽഫയർ മുതലാളിത്തത്തിന്റെ ശീതളച്ഛായയിൽ
കേരളീയസാമൂഹികരംഗത്തുനിന്നും പതുക്കെ നിഷ്കാസിതമാക്കപ്പെട്ടു കൊണ്ടിരുന്ന
മതശക്തികൾ തൊണ്ണൂറുകളുടെ തുടക്കത്തോട് കൂടി മടങ്ങിവരുന്നത് യാദൃശ്ചികമല്ല. മാർക്സ് സൂചിപ്പിച്ചത് പോലെ
മുതലാളിത്തം പൂർണ്ണമായും ആധിപത്യം സ്ഥാപിച്ച ഒരു സമൂഹത്തിൽ ഉണ്ടാവുന്ന ആകാംക്ഷകളും
ഉൽക്കണ്ഠകളും അപകർഷതകളും, മുതലാളിത്തവ്യവസ്ഥിതിയുടെ ആകസ്മികതയും പ്രവചനാതീതതയും ജനങ്ങളിൽ വളർത്തുന്ന
അരക്ഷിതാവസ്ഥയും,
ഇതെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന വലിയ ശൂന്യതയും ആണ് മതപുനരുദ്ധാരണത്തിന്റെ
യഥാർത്ഥ വളം. നിരന്തരമായ
മുതലാളിത്തപ്രതിസന്ധി ഈ പുനരുദ്ധാരണത്തിന് ആസുരരൂപം നൽകും. പുനരുദ്ധാരണത്തിന്റെ ഈ ആസുരതയാണ് ഫാഷിസത്തെ പനപോലെ
വളർത്തുന്നത്. അതുകൊണ്ടുതന്നെ, ഫ്യൂഡലിസത്തിന്റെ അവസാനഘട്ടത്തിൽ
ബൂർഷ്വസി മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നേരിടാൻ ഉപയോഗപ്പെടുത്തിയ
നവോത്ഥാനമുദ്രാവാക്യങ്ങൾ മുതലാളിത്തത്തിന്റെ ജീർണ്ണാവസ്ഥയിൽ അതുപോലെ ഉപയോഗിക്കാൻ
ആവില്ല. കാരണം, അന്നത്തെ മതങ്ങളുടെയും ഇന്നത്തെ
മതങ്ങളുടെയും സാമൂഹികാസ്തിത്വം വ്യത്യസ്തമാണ്. അന്നത്തെ പ്രക്ഷോഭങ്ങൾക്ക് ഉണ്ടായിരുന്ന "ജനകീയ"സ്വഭാവം ഇന്നത്തെ പ്രക്ഷോഭങ്ങൾക്ക് ഉണ്ടാവുക
സാധ്യമല്ല; ഈ "ജനകീയ"തക്ക് പകരം ഇന്ന് ശക്തമായ വർഗ്ഗപരതയാണ് ആവശ്യം. കാരണം ഇന്ന് മതപുനരുദ്ധാരണത്തെ
ബൂർഷ്വസിയും പെറ്റിബൂർഷ്വസിയും അടക്കം പിന്താങ്ങുകയാണ്. തൊഴിലാളിവർഗ്ഗവീക്ഷണത്തിൽ ആധിഷ്ഠിതമായ പ്രതിരോധം
മാത്രമേ ഇന്ന് മതശക്തികൾക്കെതിരെ വിജയിക്കുകയുള്ളു. അതുകൊണ്ടുതന്നെ, എല്ലാവരെയും ബോധവൽക്കരിച്ചു കൂടെനിർത്തി നവോത്ഥാനം
നടത്താം എന്ന വ്യാമോഹം ഇന്ന് വേണ്ട, കാരണം ബൂർഷ്വ-പെറ്റിബൂർഷ്വ
വർഗ്ഗങ്ങളുടെ പ്രതിനിധികൾ പുനരുദ്ധാരണത്തെ പിന്തുണക്കുന്നത് അവരുടെ അജ്ഞത മൂലമല്ല, അവരുടെ വർഗ്ഗനിലനില്പിന്
പുനരുദ്ധാരണം സഹായകരമാണ് എന്ന കൃത്യമായ യുക്തി വെച്ചിട്ടാണ്. "പ്രബുദ്ധകേരളം" ഒന്നാകെ ഇനി ഒരിക്കലും ഒരു പോരാട്ടത്തിനും
ഇറങ്ങുകയില്ല, ഇനിയുള്ള
പോരാട്ടങ്ങൾ എല്ലാം,
ശബരിമലയിലേത് ഉൾപ്പടെ, പ്രബുദ്ധതൊഴിലാളിവർഗ്ഗം കാലഹരണപ്പെട്ട മറ്റുവർഗ്ഗങ്ങളുമായി
നടത്തുന്നവയായിരിക്കും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ "നവോത്ഥാനമൂല്യസംരക്ഷണം" എന്ന പഴയവീഞ്ഞ് പുതിയ കുപ്പിയിൽ ചിലവാക്കാം എന്ന ഇടതുപക്ഷവ്യാമോഹം
നടപ്പിലാവില്ല. മുതലാളിത്തജീർണ്ണത
ഊട്ടിവളർത്തുന്ന ജാതി-മത-ആചാര-അനുഷ്ഠാന പുനരുദ്ധാരണശ്രമങ്ങളെ
എതിർത്തുപരാജയപ്പെടുത്തേണ്ടത് വിപ്ലവകരമായ തൊഴിലാളിവർഗ്ഗമുദ്രാവാക്യങ്ങൾ
ഉയർത്തിയാണ്. എന്താവണം ഈ
മുദ്രാവാക്യങ്ങൾ?
"നവോത്ഥാനമൂല്യസംരക്ഷണ"ത്തിന് ഉള്ളതുപോലെയുള്ള പരിമിതമായ പരിഷ്‌ക്കാരലക്ഷ്യങ്ങൾ അല്ല ഈ വിഷയത്തിൽ
തൊഴിലാളിവർഗ്ഗവീക്ഷണത്തിന് ഉള്ളത്. അത് ആക്രമിക്കുന്നത് മതങ്ങളുടെ തെറ്റായ "വ്യാഖ്യാനങ്ങ"ളെയോ "മോശം" ആചാരങ്ങളെയോ, അനുഷ്ഠാനങ്ങളുടെ
സ്ത്രീവിരുദ്ധതയെയോ ദളിത് വിരുദ്ധതയെയോ മാത്രമല്ല, മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും
മതസ്ഥാപനങ്ങളുടെയും സാമൂഹിക അസ്തിത്വത്തെ തന്നെയാണ്. നവോത്ഥാനം എന്ന യാഥാസ്ഥിതിക ബൂർഷ്വപരിപാടിയുടെ
സംരക്ഷണം അല്ല, മറിച്ചു, മതനിരപേക്ഷത എന്ന റാഡിക്കൽ
മുദ്രാവാക്യമാണ് അതിന്റെ ഏറ്റവും വിപ്ലവകരമായ അർത്ഥത്തിൽ തൊഴിലാളിവർഗ്ഗവും
അടിസ്ഥാനവർഗ്ഗപ്രസ്ഥാനങ്ങളും ഇന്ന് മുന്നോട്ടുവെക്കേണ്ടത്. മതങ്ങൾക്കോ ആചാരങ്ങൾക്കോ അനുഷ്ഠാനങ്ങൾക്കോ യാതൊരു
സാമൂഹിക അസ്തിത്വവും അനുവദിച്ചുകൊടുക്കാൻ തൊഴിലാളിവർഗ്ഗം തയ്യാറാവരുത്. മതം ഒരു സ്വകാര്യവിഷയമാണ്; സ്വകാര്യവിഷയം മാത്രമാണ്. അതുകൊണ്ടു തന്നെ സ്വകാര്യാകാര്യമായ
മതവിശ്വാസങ്ങൾക്കോ അതോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾക്കോ ഒരുതരത്തിലുള്ള
സാമൂഹികസാധുതയും കല്പിച്ചുകൊടുക്കാൻ ആവില്ല. ഭരണകൂടവും നിയമസംവിധാനങ്ങളും മതപരമായ കാര്യങ്ങളെ
തികച്ചും സ്വകാര്യവിഷയങ്ങൾ മാത്രമായി കാണുന്ന റാഡിക്കൽ മതനിരപേക്ഷത തന്നെയാണ്
തൊഴിലാളിവർഗ്ഗം ഇന്ന് മുന്നോട്ടു വെക്കേണ്ട യഥാർത്ഥ പുരോഗമനമുദ്രാവാക്യം. തൊഴിലാളിവർഗ്ഗം മതങ്ങളുടെ തെറ്റായ
വ്യാഖ്യാനങ്ങളെയോ,
വിവേചനപരമായ ആചാരങ്ങളെയോ, വഴിതെറ്റിയ ആധ്യാത്മികതയെയോ മാത്രമല്ല ആക്രമിക്കുന്നത്. ഭൗതികപരമായ വൈരുദ്ധ്യാത്മകതയിൽ
അധിഷ്ഠിതമായ സാമൂഹികവീക്ഷണം മുന്നോട്ടുവെക്കുന്ന അടിസ്ഥാനവർഗ്ഗത്തിന് "നല്ല" മതം, "നല്ല" ആചാരങ്ങൾ, "നല്ല" ആത്മീയത തുടങ്ങിയ ആശയങ്ങളുടെ പൊള്ളത്തരം വളരെ
നന്നായിട്ടറിയാം.
അതുകൊണ്ട് തന്നെ മതചിന്തയിൽ വേരുകളുള്ള ഒരു "നന്മ"യെയും അത് സാമൂഹികമായി അംഗീകരിക്കുന്നില്ല. ഇതേ സമയം മതചിന്തയുടെ അടിസ്ഥാനം തെറ്റിദ്ധാരണയും
അജ്ഞതയും വിദ്യാഭ്യാസമില്ലായ്മയും ആണെന്ന യുക്തിവാദവിഡ്ഢിത്തം തൊഴിലാളിവർഗ്ഗം
അംഗീകരിക്കുന്നില്ല.
മതങ്ങളെ ഇന്ന് ആവശ്യമാക്കി തീർക്കുന്നത് മനുഷ്യനെ ലാഭം നിർമ്മിക്കുന്ന ഒരു
യന്ത്രം മാത്രം ആക്കിമാറ്റുന്ന മുതലാളിത്തവ്യവസ്ഥയുടെ അസംബന്ധയുക്തിയാണ് എന്ന് അവർ
തിരിച്ചറിയുന്നുണ്ട്.
മതങ്ങളുടെ നിരാസം എന്ന് പറയുന്നത് മതങ്ങളെ ആവശ്യമാക്കുന്ന വ്യവസ്ഥിതിയുടെ
നിരാസമാണ് എന്ന മാർക്സിന്റെ ഉൾക്കാഴ്ച തൊഴിലാളിവർഗ്ഗം ഉൾക്കൊള്ളുന്നുണ്ട്. അതിനാൽ തന്നെ, മതചിന്തയുടെ കാലഹരണം
മുതലാളിത്തത്തിന്റെ അതിവർത്തനവുമായി ബന്ധപ്പെട്ടതാണ്. ഏത് മതത്തിൽ വിശ്വസിക്കാനും (ഡിങ്കമതം ഉൾപ്പടെ) ആ മതത്തിന്റെ മാമൂലുകളും ആചാരങ്ങളും സ്വകാര്യമായി
പാലിക്കാനും ഉള്ള ഓരോ വ്യക്തിയുടെയും അഖണ്ഡമായ സ്വാതന്ത്യം തൊഴിലാളിവർഗ്ഗവും
മാർക്സിസ്റ്റു പ്രസ്ഥാനങ്ങളും എല്ലായ്പ്പോലും സംരക്ഷിക്കും. വ്യക്തിയുടെ സ്വകാര്യവിശ്വാസങ്ങളിൽ
ഭരണകൂടത്തിന്റെയോ നീതിന്യായവ്യവസ്ഥയുടെയോ ഒരു ഇടപെടലും അംഗീകരിച്ചു കൊടുക്കാൻ
ആവില്ല. ഇതേപോലെ തന്നെ
തങ്ങളുടെ സ്വകാര്യമതവിശ്വാസങ്ങൾക്കോ ആചാരങ്ങൾക്കോ സാമൂഹികസാധുത വേണം എന്ന
ഏതെങ്കിലും മതവിഭാഗത്തിന്റെ ആവശ്യവും അംഗീകരിക്കാൻ ആവില്ല.
ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന "നവോത്ഥാനമൂല്യസംരക്ഷണ"വും മേൽപ്പറഞ്ഞ തൊഴിലാളിവർഗ്ഗ പരിപ്രേക്ഷ്യവും ആയി
ഒരുപാട് വ്യത്യാസമുണ്ട് എന്ന് പറയേണ്ടതില്ലല്ലോ. നവോത്ഥാനമൂല്യങ്ങളുടെ വർഗ്ഗസ്വഭാവം യാഥാസ്ഥിതിക
ബൂർഷ്വസിയുടേതാണ്.
അവയുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കുമ്പോൾ ഇടതുപക്ഷം
യാഥാസ്ഥിതികബൂർഷ്വസിയുടെ തലത്തിലേക്ക് തരംതാഴുകയാണ്. ജാതി-മത പുനരുദ്ധാരണശ്രമങ്ങൾ ഫാഷിസത്തിന് വളമേകുന്ന ഇന്നത്തെ അവസ്ഥയിൽ
തൊഴിലാളിവർഗ്ഗം ഉയർത്തുന്ന മുദ്രാവാക്യം നവോത്ഥാനസംരക്ഷണമല്ല, രാഷ്ട്രീയവും മതവുമായുള്ള
പൂർണ്ണമായ വിച്ഛേദവും ആചാരാനുഷ്ഠാനങ്ങളുടെ സാമൂഹികസാധുതയുടെ അസന്നിഗ്ദമായ നിരാസവും
ആണ്. ഈ മുദ്രാവാക്യത്തിന്
റാഡിക്കൽ ബൂർഷ്വ സ്വഭാവം ആണുള്ളത്. എന്നാൽ, തങ്ങളുടെ
പുരോഗമനാഭിമുഖ്യം പണ്ടേ നഷ്ടപ്പെട്ട ബൂർഷ്വസി ഈ മുദ്രാവാക്യം ഒരിക്കലും
മുന്നോട്ടുവെക്കില്ല,
അതുകൊണ്ട് തന്നെ ഈ മുദ്രാവാക്യം ഉയർത്താൻ തൊഴിലാളിവർഗ്ഗം പ്രതിജ്ഞാബദ്ധമാണ്. മാത്രവുമല്ല, മുതലാളിത്തവ്യവസ്ഥക്കുള്ളിൽ
നിന്നുകൊണ്ട് നേടാവുന്ന ഏറ്റവും പുരോഗമനപരമായ ചുവടുവെപ്പും ഇതുതന്നെയാണ്. നവോത്ഥാനമൂല്യങ്ങൾ
സംരിക്ഷിക്കാനായുള്ള ഇടതുപക്ഷത്തിന്റെ ആഹ്വാനം അഭിസംബോധന ചെയ്യുന്നത് "പ്രബുദ്ധ"കേരളത്തെ മുഴുവനായും ആണ്. കേരളിയസമൂഹത്തിന് ഒന്നായി ഒരു പുരോഗമനാഭിമുഖ്യവും
ഇടതുപക്ഷ"മനസ്സും" ഉണ്ടെന്ന വിഡ്ഢിത്തത്തിന്റെ
അടിസ്ഥാനത്തിലാണ് ഈ ആഹ്വാനം. തൊഴിലാളിവർഗ്ഗമുദ്രാവാക്യം അഭിസംബോധന ചെയ്യുന്നത് തൊഴിലാളിവർഗ്ഗത്തെയും
പെറ്റിബൂർഷ്വസിയുടെ താഴെത്തട്ടിൽ ഉള്ളവരെയും മാത്രമാണ്. കേരളത്തിന് മുഴുവനായി യാതൊരു പുരോഗമാഭിമുഖ്യവും ഇല്ല
എന്ന തിരിച്ചറിവ് ഈ മുദ്രാവാക്യത്തിന് ഉണ്ട്. വർഗ്ഗങ്ങൾക്കതീതമായ പിന്തുണ നവോത്ഥാനത്തിനോ
മതനിരപേക്ഷതക്കോ ഇന്ന് കേരളത്തിൽ ലഭിക്കില്ല; തൊഴിലാളിവർഗ്ഗവും അതിന് പിന്നിൽ അണിനിരക്കുന്ന
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും മാത്രമാണ് ഇന്ന് പുരോഗമനാഭിമുഖ്യം സൂക്ഷിക്കുന്നത്, ഇവരുടെ പിന്തുണയാണ് നമ്മൾ
നേടിയെടുക്കേണ്ടത്.
ശബരിമലവിഷയത്തിലെ ഇടതുപക്ഷവിശകലനങ്ങളും മുദ്രാവാക്യങ്ങളും കേരളിയസമൂഹത്തിലെ
വർഗ്ഗസമരത്തെ കാണാതിരിക്കുവാൻ വേണ്ടി കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കുന്നു; തൊഴിലാളിവർഗ്ഗമുദ്രാവാക്യത്തിന്റെ
അടിസ്ഥാനം തന്നെ ഈ വർഗ്ഗസമരമാണ്. കേരളീയസമൂഹത്തിലെ വർഗ്ഗസമരം കണക്കിലെടുക്കാത്തതുകൊണ്ടുതന്നെ ശബരിമലവിഷയത്തിൽ
ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സമീപനം "ബോധവൽക്കരണ"ത്തിൽ അധിഷ്ഠിതമാണ്. ഫാഷിസ്റ്റ് ഗുണ്ടകളെയും സവർണ്ണമാടമ്പികളെയും
മാറ്റിനിർത്തിയാൽ ശബരിമല വിധിയെ എതിർക്കുന്ന ബാക്കിയെല്ലാവരും തെറ്റിദ്ധാരണയുടെയും
വിദ്യാഭ്യാസമില്ലായ്‌മയുടെയും പുറത്താണ് ആ സമീപനം സ്വീകരിക്കുന്നത് എന്ന്
ഇടതുപക്ഷം കരുതുന്നു.
ശബരിമല വിധിയെ എതിർക്കുന്നവർക്ക് അതിന് തക്കതായ വർഗ്ഗകാരണങ്ങൾ ഉണ്ടെന്നും ഈ
കാരണങ്ങൾ തികച്ചും "ഭൗതിക"മാണെന്നും (ഈ വർഗ്ഗങ്ങളുടെ ഭൗതികമായ
നിലനിൽപ്പുമായി ബന്ധപ്പെട്ട എന്ന അർത്ഥത്തിൽ), അതുകൊണ്ടുതന്നെ ഈ എതിർപ്പ് "ആശയപ്രചരണം" കൊണ്ട് മറികടക്കാൻ ആവില്ല എന്നും ഇടതുപക്ഷം
മനസ്സിലാക്കുന്നില്ല.
എന്നാൽ ഈ വിഷയത്തിൽ തൊഴിലാളിവർഗ്ഗം മുന്നോട്ടുവെക്കുന്ന വിശകലനം ഈ
വർഗ്ഗയാഥാർഥ്യം മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ ബോധവൽക്കരണവും ആശയപ്രചരണവും കൊണ്ട് സകലവിഭാഗങ്ങളുടെയും
എതിർപ്പ് മറികടക്കാം എന്ന് അത് വ്യാമോഹിക്കുന്നില്ല. മറിച്ച്, ആശയപ്രചരണം നടത്തേണ്ടത് തൊഴിലാളികൾക്കിടയിലെ
വർഗ്ഗബോധം ഉയർത്താനാണെന്നും, അതുവഴി ശബരിമലവിഷയത്തിന്റെ വർഗ്ഗപരിപ്രേക്ഷ്യം അടിസ്ഥാനവർഗ്ഗങ്ങളിലേക്ക്
എത്തിക്കാനാണെന്നും അത് മനസ്സിലാക്കുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ മതാനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടേയും സാമൂഹികസാധുത
നിലനിർത്താനുള്ള പിന്തിരിപ്പൻ വർഗ്ഗങ്ങളുടെ ശ്രമങ്ങളെ തെരുവിൽ
പരാജയപ്പെടുത്തുകയാണ് വേണ്ടത്.
9. സ്ത്രീപക്ഷ - സ്വത്വവാദ വിശകലനങ്ങളുടെ പരിമിതികൾ
സ്ത്രീപക്ഷവാദത്തിന്റെ ഇന്നത്തെ പ്രധാനപ്രമാണങ്ങളിൽ ഒന്ന്
സ്ത്രീകളുടെ അടിച്ചമർത്തൽ മനസ്സിലാക്കാനോ അതിന് പരിഹാരം കാണാനോ വർഗ്ഗവിശകലനത്തിനും
വർഗ്ഗസമരത്തിനും സാധിക്കില്ല എന്നതാണ്. അതുകൊണ്ടു തന്നെ ശബരിമലവിധിയേയോ അതിനെത്തുടർന്നുള്ള
സംഭവങ്ങളെയോ സ്ത്രീപക്ഷവാദികൾ വർഗ്ഗപരമായി സമീപിക്കുന്നതേയില്ല. അവരെ സംബന്ധിച്ചെടുത്തോളം
ശബരിമലവിധി സ്ത്രീവിമോചനപരമായ ഒരു കാൽവെപ്പാണ്. എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരു വിധി? കാരണം കഴിഞ്ഞ രണ്ടുദശകങ്ങളായി
സ്ത്രീവിമോചനമുന്നേറ്റങ്ങൾ ശക്തിയാർജ്ജിച്ചിരിക്കുന്നു, അതിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. എന്തുകൊണ്ട് സ്ത്രീപക്ഷപോരാട്ടങ്ങൾ
ശക്തിയാർജ്ജിച്ചു?
കാരണം, സ്ത്രീകൾ
വിദ്യാസമ്പന്നരും ബോധവാന്മാരും ആയിരിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിലും, പുരുഷമേധാവിത്വത്തിനെതിരെ അവരെ ബോധവാന്മാരാക്കി
മാറ്റുന്നതിലും കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളിൽ എന്തുകൊണ്ട് നിർണ്ണായകമായ
മുന്നേറ്റങ്ങൾ ഉണ്ടായി? കാരണം, സ്ത്രീവിമോചനമുന്നേറ്റങ്ങൾ
ശക്തിയാർജ്ജിച്ചിരിക്കുന്നു! സ്ത്രീപക്ഷയുക്തി ഇങ്ങനെ തുടങ്ങിയെടുത്തു തന്നെ തിരിച്ചെത്തുന്നത്തിന് കാരണം
സ്ത്രീവിമോചനമുന്നേറ്റങ്ങളുടെ ഭൗതികസാഹചര്യം വിശകലനം ചെയ്യാൻ അവർ ശ്രമിക്കാറില്ല
എന്നതാണ്. കാരണം, വർഗ്ഗവിശകലനം അവരുടെ പുസ്തകത്തിൽ
വലിയ പാപമാണ് (മാർക്സിസ്റ്റ്
എന്ന് സ്വയം വിളിക്കുന്ന രാഷ്ട്രീയപാർട്ടികളിൽ പലതും പുരുഷകേന്ദ്രിതമാണ്. അതുകൊണ്ട് മാർക്സിസം തന്നെ
പുരുഷകേന്ദ്രിതവും സ്ത്രീവിരുദ്ധവുമാണ് എന്ന നിലപാടുള്ള സ്ത്രീപക്ഷവാദികളും
കുറവല്ല!). വർഗ്ഗവിശകലനത്തിന്റേയും, ഭൗതികസാഹചര്യങ്ങളുടെ വസ്തുനിഷ്ഠമായ
പഠനത്തിന്റെയും അഭാവത്തിൽ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ബൂർഷ്വഫെമിനിസം
പലപ്പോഴും ആശയവാദത്തിൽ (idealism) അഭയം തേടുകയാണ് പതിവ്. അങ്ങനെയാണ് ബൂർഷ്വഫെമിനിസത്തിന് സ്ത്രീകളുടെ
അടിച്ചമർത്തൽ പുരുഷമേധാവിത്വം ഉൽപ്പാദിപ്പിക്കുന്ന കാഴ്ചപ്പാടുകളുടെയോ
ചിന്താരീതികളുടെയോ മാത്രം പ്രശ്നമായി മാറുന്നത്. അതുകൊണ്ടുതന്നെയാണ് ശബരിമലപ്രക്ഷോഭങ്ങൾ തെരുവിൽ
ഉയർത്തിയ ചോദ്യങ്ങൾക്ക് സ്ത്രീപക്ഷവാദം ആളുകളുടെ മനസ്സിലും ചിന്തയിലും ഉത്തരങ്ങൾ
തിരയുന്നത്.
ശബരിമലവിധിയെ ഒരു സ്ത്രീവിമോചനവിഷയം മാത്രമാക്കി
ചുരുക്കിക്കാണുന്ന സ്ത്രീപക്ഷവാദത്തിന് നേരിടേണ്ടിവരുന്ന പ്രധാനചോദ്യം, അങ്ങനെയെങ്കിൽ എന്തുകൊണ്ട്
വിധിയുടെ നടത്തിപ്പിനെതിരെ ആയിരക്കണക്കിന് സ്ത്രീകൾ നിരത്തിലിറങ്ങി എന്നതാണ്. സ്ത്രീകളിൽ ഒരു നല്ല പങ്കും
എന്തുകൊണ്ട് അവരുടെ വിമോചനത്തിനും ആത്മാഭിമാനത്തിനും മുകളിൽ പാരമ്പര്യത്തെയും
ആചാരാനുഷ്ഠാനങ്ങളെയും പ്രതിഷ്ഠിക്കാൻ തയ്യാറായി? ലോകസഭ തിരഞ്ഞെടുപ്പ് ഫലം തരുന്ന സൂചനയും ഒരു വലിയ
വിഭാഗം സ്ത്രീകൾ വിധിക്കും അതിന്റെ നടത്തിപ്പിനും എതിരാണ് എന്നതാണ്. എന്തുകൊണ്ട്? ഈ ചോദ്യത്തിന് പല കോണുകളിൽ നിന്ന്
വിവിധ ഉത്തരങ്ങൾ നല്കപ്പെടുന്നുണ്ട്. സ്ത്രീകളെ മുൻനിരയിൽ അണിനിരത്തി പ്രതിഷേധം നടത്തുന്ന
വലതുപക്ഷ സംഘടനകളുടെ ഉത്തരം ഇത് ഒരു സ്ത്രീപക്ഷ വിധിയേ അല്ല എന്നും, മറിച്ച് വിശ്വാസത്തിനും
പാരമ്പര്യത്തിനും എതിരേയുള്ള ഒരു കടന്നുകയറ്റമാണ് എന്നുമാണ്. അത് കേരളത്തിലെ സ്ത്രീകൾ
തിരിച്ചറിഞ്ഞതിന്റെ ഫലമാണത്രെ സമരങ്ങളിൽ ഇന്ന് കാണുന്ന വമ്പിച്ച സ്ത്രീപങ്കാളിത്തം. ഇവരെ സംബന്ധിച്ചെടുത്തോളം
ശബരിമലയിൽ ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയ വിലക്ക്
അയ്യപ്പനെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ്. അത് സ്ത്രീവിരുദ്ധമല്ല എന്ന്
മാത്രമല്ല, വിശ്വാസികളായ
സ്ത്രീകൾ 'കാലാകാലങ്ങ'ളായി അത് 'സ്വമേധയാ' അനുസരിച്ച് പോന്നിട്ടുള്ളതും ആണ്. ഫെമിനിസം നൽകുന്ന ഐഡിയലിസ്റ്റ്
ഉത്തരം ആൺമേൽക്കോയ്മയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും പുറത്തുകടക്കാൻ ഈ
സ്ത്രീകൾക്കായിട്ടില്ല എന്നതാണ്. സവർണ്ണ-ഹിന്ദുത്വ
ശക്തികളുടെ "വിശ്വാസസംരക്ഷണ"ത്തിന്റെ അടിസ്ഥാനത്തിലുള്ള ശക്തമായ പ്രചാരവേലകൾ കാരണം ഇവർക്ക്
ഈ വിധിയുടെ സ്ത്രീവിമോചനസാധ്യതകൾ മനസ്സിലാക്കാൻ ആവുന്നില്ല. അതായത്, ഒറ്റ വാക്കിൽ പറഞ്ഞാൽ, പ്രതിഷേധിക്കുന്ന സ്ത്രീകൾ വലതുപക്ഷശക്തികളാൽ
തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ്!
നൂറ്റാണ്ടുകളുടെ പുരുഷാധിപത്യവും, അടിച്ചമർത്തലും, അതിനെ നിലനിർത്താനായി ഉണ്ടാക്കിയെടുത്ത ഒരു
മൂല്യവ്യവസ്ഥയും സ്ത്രീകളിൽ അവരെ ബന്ധിച്ചിരിക്കുന്ന ചങ്ങലകൾ കാണാനുള്ള പ്രാപ്തി
ഇല്ലാതാക്കുന്നുണ്ട്.
വിദ്യാഭ്യാസവും സാമൂഹികജീവിതത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന
സ്ത്രീസാന്നിധ്യവും ഈ യാഥാസ്ഥിതിക മൂല്യവ്യവസ്ഥയുടെ സ്ത്രീവിരുദ്ധത മനസ്സിലാക്കാൻ
ഒരുപാട് സ്ത്രീകളെ പ്രാപ്തരാക്കിയിട്ടുണ്ട്. അവരാണ് ഈ വിധിക്കുവേണ്ടി നിലകൊള്ളുന്നത്. എന്നാൽ വലിയൊരു വിഭാഗം
സ്ത്രീകൾക്ക് ഇന്നും ഈ തിരിച്ചറിവ് ആർജിക്കാനായിട്ടില്ല; അതുകൊണ്ട് തന്നെയാണ് തികച്ചും സ്ത്രീവിരുദ്ധമായ
പ്രക്ഷോഭത്തിൽ അവർ സജീവപങ്കാളിത്തം വഹിക്കുന്നതും. സ്ത്രീപക്ഷ കൂട്ടായ്മയായ "സമം" അവരുടെ ഒരു ഫേസ്ബുക് പോസ്റ്റിൽ ഈ വാദം കൃത്യമായി മുന്നോട്ടുവെക്കുന്നുണ്ട്: "ആചാര-വിശ്വാസ ബന്ധമായ ആണധികാര സമൂഹത്തിനുള്ളിൽ ഇരയാകപ്പെടുന്നു
എന്നത് മാത്രമല്ല സ്ത്രീയുടെ പരിമിതി, ഇരയാണ് എന്നത് അവൾ അറിയാതെ പോകുന്നു എന്നതും അതുപോലെ
ഗുരുതരമാണ്. അത് കൊണ്ട തന്നെ
ജാത്യാചാരങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും
അണധികാരത്തിന്റെയും മിഥ്യാഭിമാന ബോധത്തിന്റെയും അനാചാരങ്ങളുടെയും അടിമത്തത്തിന്റെയും
തിരിച്ചു വരവറിയാതെപോകുന്ന വലിയൊരു സ്ത്രീ സമൂഹം ഇപ്പോഴും ഇതൊക്കെ തിരിച്ചു കൊണ്ടു
വരാൻ വെമ്പി നില്ക്കുന്ന പുരുഷമേധാവിത്ത സമൂഹത്തോടൊപ്പം നില്ക്കുന്നുണ്ട് എന്നത്
വലിയ യാഥാര്ത്ഥ്യമാണ്.അവർക്ക് വേണ്ടി
കൂടിയുള്ള നിരന്തര ബോധവത്കരണ പ്രക്രിയയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്." അപ്പോൾ ഇത് പ്രധാനമായും
ബോധത്തിന്റെ അല്ലെങ്കിൽ തിരിച്ചറിവിന്റെ പ്രശ്നമാണ്; " ഇരയാണ് എന്നത് അവൾ അറിയാതെ പോകുന്നു", അതുകൊണ്ട് സ്ത്രീവിരുദ്ധമായ
പ്രക്ഷോഭങ്ങളിൽ അവർ "പുരുഷമേധാവിത്ത
സമൂഹത്തോടൊപ്പം നില്ക്കുന്നു". അങ്ങനെയെങ്കിൽ ഭൂരിപക്ഷം സ്ത്രീകളിലും ഈ തിരിച്ചറിവ് കൊണ്ടുവരാൻ "നിരന്തര ബോധവത്കരണ പ്രക്രിയ"യിലൂടെ സാധിക്കും എന്ന ശുഭാപ്തി
വിശ്വാസത്തിൽ തെറ്റുകാണാനാവില്ല. അതുകൊണ്ടുതന്നെ ഇതിനുള്ള പോംവഴി ബോധവൽക്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും
സ്ത്രീവിമോചനത്തിന്റെ ആവശ്യകതയെക്കുറിച്ചു ഇവരെ മാനസ്സിലാക്കിപ്പിക്കുക എന്നതാണ്. ഇങ്ങനെ വന്നാൽ അവർ സവർണ്ണ-പുരുഷാധിപത്യ-ഹിന്ദുത്വ ശക്തികളുടെ
പ്രത്യയശാസ്ത്രകെട്ടുപാടിൽ നിന്നും പുറത്തു കടന്ന് സ്ത്രീവിമോചനത്തെ പിന്തുണക്കും
എന്ന് സ്ത്രീപക്ഷവാദം പ്രതീക്ഷിക്കുന്നു. വർഗ്ഗവിഭജനകൾക്ക് അതീതമായി എല്ലാ വർഗ്ഗങ്ങളിലെ
സ്ത്രീകളും സ്ത്രീവിമോചനത്തിൽ ഒരേപോലെ തല്പരരാണെന്നും, അതുകൊണ്ട് തന്നെ ബോധവൽക്കരണത്തിലൂടെ എല്ലാ വിഭാഗം
സ്ത്രീകളുടേയും പിന്തുണ ശബരിമല സ്ത്രീപ്രവേശം പോലുള്ള വിമോചനചുവടുവെപ്പുകൾക്കായി
നേടിയെടുക്കാം എന്നും സ്ത്രീപക്ഷവാദം കരുതുന്നു. "പ്രബുദ്ധ"കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വർഗ്ഗങ്ങൾക്കതീതമായി
പുരോഗമനചുവടുവെപ്പുകളെ പിന്തുണക്കുന്നവർ ആക്കി മാറ്റാം എന്ന ഇടതുപക്ഷവ്യാമോഹത്തിന്
സമാനമായ ഒരു സ്ത്രീപക്ഷവ്യാമോഹമാണ് ഇത്.
സ്ത്രീവിമോചനത്തിന്റെ പ്രശ്നത്തിൽ വർഗ്ഗപരമായ സമീപനത്തിന്റെ
ആവശ്യമില്ല എന്ന നിലപാട് മുഖ്യധാരാ ഫെമിനിസ്റ്റുകൾക്കിടയിൽ വ്യാപകമാണ്. സ്ത്രീശാക്തീകരണം വർഗ്ഗങ്ങൾക്ക്
അതീതമാണ് എന്ന കാഴ്ചപ്പാടാണ് അവർക്കുള്ളത്. എല്ലാ വർഗ്ഗങ്ങളിലുള്ള സ്ത്രീകളും
പുരുഷാധിപത്യത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരാണ്, അതിനാൽ സ്ത്രീവിമോചനം ഇവരുടെയെല്ലാം പൊതുവായ
ആവശ്യമാണ്. ആൺമേൽക്കോയ്മയുടെ
കെടുതി അധികം അനുഭവിക്കുന്നത് പാവപ്പെട്ടവരും തൊഴിലെടുക്കുന്നവരുമായ സ്ത്രീകളാണ്
എന്നത് അംഗീകരിക്കുമ്പോൾ തന്നെ അത് തോതിലുള്ള വ്യത്യാസമായി മാത്രമേ ഇവർ
കാണുന്നുള്ളൂ. ഗുണപരമായി
സമീപിക്കുമ്പോൾ സ്ത്രീകളുടെ ശാക്തീകരണത്തിനും വിമോചനത്തിനും വർഗ്ഗങ്ങൾക്കതീതമായ
ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും ആണുള്ളത്. അതായത് സ്ത്രീശാക്തീകരണപോരാട്ടം എന്നത് വർഗ്ഗവിവേചനം
ഇല്ലാതെ സ്ത്രീസമൂഹം ഒന്നായി പുരുഷാധിപത്യവ്യവസ്ഥയെ (പുരുഷനെയല്ല!) തച്ചുടക്കാൻ നടത്തുന്ന ശ്രമങ്ങളാണ്. സ്ത്രീവിമോചനത്തിന്റെ കാര്യത്തിൽ
എല്ലാ വർഗ്ഗങ്ങളിൽ പെട്ട സ്ത്രീകൾക്കും പൊതുവായ താല്പര്യങ്ങൾ ആണ് ഉള്ളതെങ്കിൽ
പിന്നെ ഈ താല്പര്യങ്ങളും ലക്ഷ്യങ്ങളും സ്ത്രീകളെ പറഞ്ഞു മനസ്സിലാക്കാനും അവരെ
സ്ത്രീപക്ഷ പോരാട്ടങ്ങളിൽ അണിനിരത്താനും ബോധവൽക്കരണം കൊണ്ട് ഒരു പരിധി
വരെയെങ്കിലും സാധിക്കേണ്ടതാണ്. സ്ത്രീമുന്നേറ്റങ്ങളെ കുറിച്ചുള്ള ഈ "വർഗ്ഗരഹിത"യുക്തി സ്വാംശീകരിച്ചതിനാലാണ് സ്ത്രീപക്ഷ
വിധിക്കെതിരെ സ്ത്രീകൾ തന്നെ അണിനിരക്കുന്ന പ്രതിഭാസത്തെ 'തിരിച്ചറിവില്ലായ്മ'യുടെ പ്രശ്നമായി മാത്രം മിക്ക
സ്ത്രീപക്ഷപ്രസ്ഥാനങ്ങളും കാണുന്നത്. എന്നാൽ യാഥാർഥ്യം എന്താണ്? സ്ത്രീപ്രവേശം എതിർക്കുന്ന സ്ത്രീകളിൽ
തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ ഒരുപാടുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ ഈ പ്രക്ഷോഭത്തിന്റെയും
എതിർപ്പിന്റെയും മുൻ നിരയിൽ നിൽക്കുന്നതും അതിനെ നയിക്കുന്നതും ഇത്തരം സ്ത്രീകളല്ല, മറിച്ച് ശരിയായി കാര്യങ്ങൾ
ധരിക്കുകയും മനസ്സിലാക്കുകയും ചെയ്ത സ്ത്രീകൾ തന്നെയാണ്. സ്ത്രീപ്രവേശത്തിനെതിരെ സ്ത്രീകളെ തെരുവിൽ ഇറക്കിയ
ചാലകശക്തി തെറ്റിദ്ധാരണയോ വിവരമില്ലായ്മയോ ഒന്നുമല്ല, കിറുകൃത്യമായ വർഗ്ഗബോധമാണ്. സവർണ്ണ-ഫ്യൂഡൽ പ്രതിപത്തി ഉള്ളവരും ബൂർഷ്വ-പെറ്റിബൂർഷ്വ വർഗ്ഗങ്ങളും
മുതലാളിത്തത്തിന്റെ ഇന്നത്തെ പ്രതിസന്ധിഘട്ടത്തിൽ ജീർണ്ണതയുടെ കാവൽക്കാരായി
മാറുന്നതെന്തുകൊണ്ടാണ് എന്ന് നമ്മൾ വിശകലനം ചെയ്തതാണ്. മേൽപ്പറഞ്ഞ വർഗ്ഗങ്ങളിലെ സ്ത്രീകളുടെ നിലപാടും ഈ
വർഗ്ഗനിലപാടിൽ നിന്നും വിഭിന്നമല്ല. എല്ലാ വർഗ്ഗങ്ങളിൽ പെട്ട സ്ത്രീകൾക്കും സ്ത്രീവിമോചനത്തോട് ഒരേ നിലപാടാണുള്ളത്
എന്നത് സ്ത്രീപക്ഷവാദികളുടെ തെറ്റിദ്ധാരണയാണ്. പൊതുവെ എല്ലാ വർഗ്ഗങ്ങളും സ്ത്രീശാക്തീകരണവും
വിമോചനവും മുദ്രാവാക്യമായി ഉയർത്തുമെങ്കിലും സ്ത്രീവിമോചനത്തിന്റെ തോതിലും
വ്യാപ്തിയിലും രീതിയിലും, എന്തിന് നിർവ്വചനത്തിൽ പോലും ഓരോ വർഗ്ഗത്തിനും വ്യത്യസ്ഥ കാഴ്ചപ്പാടാണ് ഉള്ളത്. അതുകൊണ്ട് തന്നെ
സ്ത്രീവിമോചനത്തോടുള്ള സ്ത്രീകളുടെ സമീപനം വർഗ്ഗപരമല്ല എന്നുള്ള ഫെമിനിസത്തിന്റെ
ധാരണ വിഡ്ഢിത്തമാണ്.
സവർണ്ണ-ഫ്യൂഡൽ പ്രതിപത്തി സൂക്ഷിക്കുന്ന വിഭാഗങ്ങൾക്ക് സ്ത്രീവിമോചനം
സാക്ഷാൽക്കരിക്കപ്പെടുന്ന യഥാർത്ഥ ഇടം വീടിന്റെ അകത്തളവും അടുക്കളയും ആണ്. പ്രകൃതിയും സംസ്കാരവും
സ്ത്രീകൾക്ക് അനുവദിച്ചു കൊടുത്ത അവരുടെ 'ഉചിതമായ' ഇടങ്ങളിൽ നിന്നും പുറത്തിറങ്ങിയതാണ്
സകലപ്രശ്നങ്ങൾക്കും കാരണം. സ്ത്രീകൾക്ക് നേരെയുള്ള വർധിച്ചുവരുന്ന അതിക്രമങ്ങളുടെ യഥാർത്ഥ കാരണം "അനുചിതമായ" സമയങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങുന്നതും "അനുചിതമായ" വസ്ത്രങ്ങൾ ധരിക്കുന്നതും ആണെന്ന അഭിപ്രായം സവർണ്ണ-ഫ്യൂഡൽ പ്രതിപത്തിയിൽ നിന്നും
ഉടലെടുക്കുന്നതാണ്.
ബൂർഷ്വ-പെറ്റിബൂർഷ്വ
വർഗ്ഗങ്ങൾ സംബന്ധിച്ചെടുത്തോളം തീർച്ചയായും സ്ത്രീവിമോചനം അടുക്കളയിൽ
ഒതുങ്ങുന്നതല്ല. കാരണം, വീടിന്റെ അകത്തളത്തിൽ നിന്നും
സ്ത്രീകൾ "വിമോചിതരായി" പുറത്തിറങ്ങിയാൽ മാത്രമേ അവരെ
തൊഴിലാളികളായും ഉപഭോക്താക്കളായും ബൂർഷ്വവ്യവസ്ഥിതിക്ക് മാറ്റാൻ പറ്റൂ. എന്നാൽ, "വീട്ടമ്മ"യിൽ നിന്നും തൊഴിലാളിയിലേക്കും ഉപഭോക്താവിലേക്കും
ഉള്ള സ്ത്രീയുടെ മാറ്റത്തെ ഉറച്ച് പിന്തുണക്കുന്ന ബൂർഷ്വസിയെ സംബന്ധിച്ചെടുത്തോളം
സ്ത്രീശാക്തീകരണത്തിന്റെ വ്യാപ്തി ഇവിടെ തീരുന്നു. പൊതുമണ്ഡലങ്ങളിലും തൊഴിലിടങ്ങളിലും സജീവയാവുന്ന "വിമോചിത"യായ സ്ത്രീയിൽ നിന്നും ബൂർഷ്വവർഗ്ഗം
പ്രതീക്ഷിക്കുന്നത് അവൾ "വീടിന്റെ ലക്ഷ്മി"യുടെ
സ്വഭാവസവിശേഷതകൾ കൈവെടിയില്ല എന്നാണ്. സിഇഒ സ്ഥാനം അലങ്കരിക്കുന്ന സ്ത്രീയുടെ പാചകനൈപുണ്യം, വലിയ മാർക്കറ്റ് വാല്യു ഉള്ള ലേഡി
സൂപ്പർ സ്റ്റാറിന്റെ ഇഷ്ടതീർത്ഥാടന കേന്ദ്രങ്ങൾ, ബിസ്സിനസ്സിൽ കഴിവുതെളിയിച്ച സ്ത്രീക്ക് ഇഷ്ടപ്പെട്ട
ആധ്യാത്മിക ഗ്രന്ഥങ്ങൾ എന്നിവയൊക്കെ വിശദമായി പ്രതിപാദിക്കുന്ന നമ്മുടെ "വനിത" പ്രസിദ്ധീകരണങ്ങളുടെ കവർസ്റ്റോറികൾ
ബൂർഷ്വവിമോചനത്തിന്റെ പരിമിതി വിളിച്ചുപറയുന്നുണ്ട്. തൊഴിലാളിവർഗ്ഗം മാത്രമാണ് ഉപാധികളില്ലാത്ത, സമ്പൂർണ്ണമായ സ്ത്രീവിമോചനത്തെ
പിന്തുണക്കുന്നത്.
സ്ത്രീയുടെ അടിച്ചമർത്തലിനെ ചരിത്രപരമായി വിശകലനം ചെയ്യുന്ന തൊഴിലാളിവർഗ്ഗം
ശാസ്ത്രത്തിന്റെയും തൊഴിലിന്റെ സാമൂഹ്യവൽക്കരണത്തിന്റെയും വളർച്ച എങ്ങനെയാണ്
സ്ത്രീവിമോചനത്തിന് ആവശ്യമായ സകല ഭൗതികസാഹചര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നത്
എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഈ വിമോചനസാധ്യതകൾ വളരെ പരിമിതമായ സ്ത്രീശാക്തീകരണം മാത്രം വിഭാവനം
ചെയ്യുന്ന ബൂർഷ്വവ്യവസ്ഥിതിയിൽ സാക്ഷാൽക്കരിക്കാൻ പോകുന്നില്ല എന്നും അവർ
മനസ്സിലാക്കുന്നു.
ഈ പരിധികളെ അതിലംഖിക്കുന്ന ഏതൊരു സ്ത്രീവിമോചന കാൽവെപ്പും ബൂർഷ്വസി എതിർക്കും. ഫ്യൂഡൽ-പെറ്റിബൂർഷ്വ-ബൂർഷ്വ വർഗ്ഗങ്ങളുടെ ഇടുങ്ങിയ വിമോചനപരിധിക്കുള്ളിൽ
ഒതുങ്ങാത്ത ഒന്നാണ് ശബരിമലയിലെ സ്ത്രീപ്രവേശം. അതുകൊണ്ട് തന്നെ, ഈ വർഗ്ഗങ്ങളിൽ പെട്ട സ്ത്രീകൾ അതിനെ എതിർക്കും. എത്ര തന്നെ ബോധവൽക്കരണം
നടത്തിയാലും തങ്ങളുടെ വർഗ്ഗത്തിന്റെ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന
സ്ത്രീവിമോചനത്തിന്റെ പരിധികൾ ആ വർഗ്ഗത്തിലെ സ്ത്രീകൾക്ക് മുറിച്ചുകടക്കാനാവില്ല. ഈ പരിധി ലംഖിക്കുന്ന ഏതൊന്നിനെയും
വിമോചനമായിട്ടല്ല,
മറിച്ച് തങ്ങളുടെ വർഗ്ഗത്തിന്റെ മേൽക്കോയ്മക്കെതിരെയുള്ള വെല്ലുവിളിയായേ അവർ കാണൂ. ഈ വെല്ലുവിളിക്കെതിരെ, തങ്ങളുടെ വർഗ്ഗതാല്പര്യങ്ങൾ
സംരക്ഷിക്കാൻ, അവർ തെരുവിൽ
ഇറങ്ങും. അതുകൊണ്ടാണ്
ശബരിമലവിധിക്കെതിരെ സ്ത്രീകളെ തെരുവിൽ എത്തിച്ചത് കറകളഞ്ഞ വർഗ്ഗബോധമാണ് എന്ന്
നേരത്തെ പറഞ്ഞത്.
അതുകൊണ്ട് സ്ത്രീപക്ഷവാദികൾ മനസ്സിലാക്കേണ്ടത് ശബരിമലയിൽ നടക്കുന്നത്
പുരുഷാധിപത്യത്തിനെതിരേയുള്ള ഒരു സ്ത്രീവിമോചനസമരം മാത്രമല്ല എന്നാണ്. മറിച്ച് പ്രാഥമികമായും അത്
സ്ത്രീവിമോചന വിഷയത്തെ മുൻനിർത്തിയുള്ള വർഗ്ഗസമരമാണ്. സ്ത്രീവിമോചനത്തിന്റെ പരിധികൾ വിവിധ സാമൂഹികവർഗ്ഗങ്ങൾ
ഒരുപോലെയല്ല നിർവ്വചിക്കുന്നത്. സ്ത്രീവിമോചനത്തെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊളളാനും അതിന് വേണ്ടി
ഇടതടവില്ലാതെ പോരാടുവാനും തൊഴിലാളിവർഗ്ഗത്തിന് മാത്രമേ ആവൂ. അതുകൊണ്ടുതന്നെ സ്ത്രീകൾ നിരത്തിലിറങ്ങുന്നത്
പുരുഷാധിപത്യത്തിന്റെ പ്രത്യയശാസ്ത്രം അവരെ തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ട്
മാത്രമല്ല, അവരുടെ
വർഗ്ഗകാഴ്ചപ്പാടിൽ അനുവദനീയമല്ലാത്ത തലങ്ങളിലേക്ക് വിമോചനപോരാട്ടം
വളർന്നതുകൊണ്ടാണ്.
സ്ത്രീശാക്തീകരണം അക്കാദമികഫെമിനിസ്റ്റുകൾ ധരിച്ചു വച്ചിരിക്കുന്ന പോലെ
വർഗ്ഗസമരത്തിന് അതീതമല്ല. തൊഴിലാളിവർഗ്ഗ സാഹോദര്യത്തിൽ ഊന്നിയുള്ള പോരാട്ടങ്ങൾക്കേ ഉപാധികളിലാത്ത
സ്ത്രീശാക്തീകരണം സാധ്യമാക്കാൻ ആവൂ. ശബരിമലയിൽ തെളിയുന്നത് സ്ത്രീവിമോചനത്തിന്റെ ഈ വർഗ്ഗപരിപ്രേക്ഷ്യം അല്ലാതെ
മറ്റൊന്നും അല്ല.
ശബരിമല സംഭവവികാസങ്ങളുടെ സ്വത്വവാദപരമായ വിശകലനം ഇടതു-പുരോഗമനവൃത്തങ്ങളിൽ വലിയ പ്രചാരം
നേടുകയുണ്ടായി. ശബരിമലയിലെ
ആചാരാനുഷ്ഠാനങ്ങൾ ബ്രാഹ്മണ്യവൽക്കരിക്കപ്പെട്ടതാണ് സകലപ്രശ്നങ്ങൾക്കും പ്രധാനകാരണം
എന്നാണ് ഇത്തരം വിശകലനങ്ങളുടെ കാതൽ. സ്ത്രീപ്രവേശം അനുവദിച്ചു കൊണ്ടുള്ള കോടതിവിധി ഈ
ബ്രഹ്മണ്യവൽക്കരണത്തിനെതിരെയുള്ള വലിയ പ്രഹരമാണ്. അതുകൊണ്ടാണ് സവർണ്ണ-ഹിന്ദുത്വ ശക്തികൾ ഇതിനെതിരെ പ്രക്ഷോഭിക്കുന്നത്. ബ്രാഹ്മണ്യ മേധാവിത്വം
മുന്നോട്ടുവെക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് പകരം ശബരിമലയുടെ യഥാർത്ഥ "അവകാശികൾ" ആയ മലയരയരുടെ രീതികളിലേക്ക് മടങ്ങിപ്പോവുകയും
സവർണ്ണപുരോഹിതരിൽ നിന്നും ശബരിമലയുടെ നടത്തിപ്പ് മലയരയർക്ക് കൈമാറുകയും ചെയ്യുക
എന്നതാണ് ഇതിന് സ്വത്വവാദം മുന്നോട്ടുവെക്കുന്ന പരിഹാരം. ഈ വാദം ആധുനികതയെത്തന്നെ നിരാകരിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ഇത്
യാഥാസ്ഥിതികബൂർഷ്വ പ്രത്യയശാസ്ത്രത്തിന്റെ ദളിത് പതിപ്പാണ്. പ്രതിസന്ധികളിൽ പെട്ടുലയുന്ന
മുതലാളിത്തത്തെ സംരക്ഷിച്ചുനിർത്താൻ എങ്ങനെയാണ് ബൂർഷ്വസി ഭൂതകാലത്തിലെ
സകലജീർണ്ണതകളെയും ഉപയോഗിക്കുന്നത് എന്ന് നമ്മൾ കണ്ടതാണ്. ബൂർഷ്വസിയിലെ സവർണ്ണവിഭാഗം ഇതുചെയ്യുന്നത്
മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സവർണ്ണ-ബ്രാഹ്മണ്യ വ്യാഖ്യാനങ്ങളും രീതികളും
സംരക്ഷിച്ചുകൊണ്ടും പുനരുദ്ധരിച്ചുകൊണ്ടും ആണ്. ഈ ആചാരാനുഷ്ഠാനങ്ങൾക്കും രീതികൾക്കും യാതൊരുവിധ
ദിവ്യത്വവും അപ്രമാദിത്വവും ഇല്ല എന്നും, അവ ചരിത്രപരമായി നിർമ്മിക്കപ്പെട്ടതാണെന്നും
കാണിക്കാൻ, അതിനേക്കാൾ
പഴമയും പുരാതനതയും അവകാശപ്പെടാനുള്ള ദളിത്-ആദിവാസി രീതികളെയും ആചാരങ്ങളെയും
ചൂണ്ടിക്കാണിക്കുന്നതും ഇവയെ ബ്രാഹ്മണ്യ-സവർണ്ണ വിഭാഗം എങ്ങനെയാണ് ഹൈജാക്ക് ചെയ്തത് എന്ന്
വ്യക്തമാക്കുന്നതും ആവശ്യമാണ്. എന്നാൽ ഈ തുറന്നുകാട്ടലിനെ തുടർന്ന് ബൂർഷ്വയാഥാസ്ഥിതിക ദളിത്ചിന്ത
എത്തിച്ചേരുന്ന നിഗമനം എന്നത് ഈ അധസ്ഥിത-ദളിത് രീതികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും
ബ്രാഹ്മണ്യരീതികളിൽ നിന്നും വ്യത്യസ്തമായി ഒരു ജനകീയതയും ആധികാരികതയും
പുരോഗമനസ്വഭാവവും ഉണ്ട് എന്നാണ്. ഇതാണ് ബ്രാഹ്മണ്യരീതികൾ കൈയ്യൊഴിഞ്ഞു മലയരയരുടെ രീതികൾ പിന്തുടരണം എന്ന
വാദത്തിന് പുറകിലെ പ്രത്യയശാസ്ത്രം. ഇത് ജീർണ്ണതയിലേക്കുള്ള ബൂർഷ്വ പിന്തിരിഞ്ഞുനോട്ടം തന്നെയാണ്. നോക്കുന്നത് ദളിത് രീതികളിലേക്കാണ്
എന്നത് അതിനെ പുരോഗമനപരം ആക്കുന്നില്ല. ബൂർഷ്വ ആധുനികത വൈരുദ്ധ്യങ്ങളിൽ പെട്ട് ഉലയുകയാണ്
എന്നത് സത്യം തന്നെ.
പക്ഷെ ഇതിന്റെ യാഥാർത്ഥകാരണം ഈ ആധുനികതയെ മുന്നോട്ടുപോകാൻ കാലഹരണപ്പെട്ട
ബൂർഷ്വഉൽപ്പാദനബന്ധങ്ങളുടെ കെട്ടുപാടുകൾ അനുവദിക്കുന്നില്ല എന്നതാണ്. ഈ വൈരുദ്ധ്യങ്ങൾക്ക് ബൂർഷ്വസി
പരിഹാരം തിരയുന്നത് പഴമയുടെ ഭാണ്ഡക്കെട്ടിനകത്താണ്. ബൂർഷ്വ ചിന്തയിൽ പ്രാബല്യം സവർണ്ണ-ബ്രാഹ്മണ്യ ധാരക്കാണ് എന്നതുകൊണ്ട്
പഴമ എന്നത് നിർവ്വചിക്കുന്നത് പോലും സവർണ്ണ രീതികളുടെയും സംസ്കാരത്തിന്റെയും
അടിസ്ഥാനത്തിൽ ആണ്.
ഇതിന് ബദലായി "ആധികാരികമായ" പഴമ ദളിത്-ആദിവാസി രീതികളിൽ ആണ് തിരയേണ്ടത് എന്ന് ശഠിക്കുമ്പോൾ
മറനീക്കി പുറത്തുവരുന്നത് സ്വത്വവാദികളുടെ ബൂർഷ്വമുഖമാണ്. ഇത് കേവലം ബൂർഷ്വചിന്തക്കകത്ത് സവർണ്ണപക്ഷത്തേക്കാൾ
പ്രാബല്യം നേടിയെടുക്കാനായുള്ള ദളിത് പക്ഷത്തിന്റെ ശ്രമമാണ്. ഇതിൽ ബൂർഷ്വ വ്യവസ്ഥിതിയെ
അതിവർത്തിച്ച് മുന്നോട്ടുപോകാനുള്ള യാതൊരു ശ്രമവും ഇല്ല. ബൂർഷ്വവ്യവസ്ഥക്കകത്ത് അവർണ്ണർക്ക് മാന്യതയും
തുല്യതയും ഉറപ്പുവരുത്തുക എന്ന പരിമിതമായ ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്വത്വവാദത്തിന്
ബ്രാഹ്മണ്യരീതികൾക്ക് പകരം മലയരയരുടെ രീതികൾ കൊണ്ടുവന്നാൽ പ്രശ്നങ്ങൾ തീരും എന്ന്
തോന്നുന്നത് വെറുതെ അല്ല. എന്നാൽ ജാതിയുടെ പൂർണ്ണമായ ഉന്മൂലനം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന
തൊഴിലാളിവർഗ്ഗപ്രസ്ഥാനങ്ങൾക്ക് "ആധികാരികമായ ദളിത് പഴമ"യിലേക്കുള്ള മടങ്ങിപ്പോക്ക് അനുവദിച്ചു കൊടുക്കാൻ ആവില്ല.ആധുനികതയുടെ വൈരുദ്ധ്യങ്ങൾ
പരിഹരിക്കാൻ ബൂർഷ്വ ഉൽപ്പാദനബന്ധങ്ങൾ തകർത്തുള്ള തൊഴിലാളിപക്ഷമുന്നേറ്റത്തിന്
മാത്രമേ ആവൂ. ശബരിമലയിൽ
സവർണ്ണ-ബൂർഷ്വ വിഭാഗം
പറയുന്നത് ഇന്നത്തെ ആചാരം പവിത്രമാണെന്നും അത് നിലനിർത്തണം എന്നും ആണ്. ബൂർഷ്വ ചിന്തയുടെ ദളിത് പതിപ്പായ
സ്വത്വവാദം പറയുന്നത് ഇന്നത്തെ ബ്രാഹ്മണ്യ-സവർണ്ണ ആചാരങ്ങൾക്ക് ആധികാരികതയോ പഴമയോ ഇല്ലെന്നും ഇതുരണ്ടും
ഉള്ള ദളിത് രീതികൾ മടക്കിക്കൊണ്ടുവരണം എന്നുമാണ്. ജാതിഉന്മൂലനം ലക്ഷ്യമാക്കുന്ന തൊഴിലാളിവർഗ്ഗം
പറയുന്നത് ബ്രാഹ്മണ്യ ആചാരങ്ങൾക്ക് യാതൊരു അപ്രമാദിത്വവും പവിത്രതയും ഇല്ല എന്ന്
കാണിക്കാൻ അതിന് മുന്നേ നിലനിന്നിരുന്ന രീതികളും ആചാരങ്ങളും ചർച്ച
ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണെങ്കിലും സകല മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും
സ്വകാര്യകാര്യം മാത്രമായി കാണുന്ന സെക്യൂലർ യുക്തി പുലരണം എന്നാണ്. ഇത് മാത്രമാണ് ജാതി
ഉന്മൂലനത്തിലേക്കുള്ള വഴി. ശബരിമല വിഷയത്തിലെ സ്വത്വവാദവിശകലനം വ്യക്തമാക്കുന്നത് ആത്യന്തികമായി
സ്വത്വവാദം എന്നത് ഒരു ബൂർഷ്വ പ്രത്യയശാസ്ത്രം ആണെന്നാണ്.
10. ശബരിമലയിൽ തെളിയുന്നത് കേരളസമൂഹത്തിലെ വർഗ്ഗസമരം
ശബരിമല വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആത്യന്തികമായി
വിശ്വാസസമരമോ രാഷ്ട്രീയസമരമോ അല്ല, വർഗ്ഗസമരമാണ്.
പൗരോഹിത്യവും,
ഫ്യൂഡൽ-ബൂർഷ്വ-പെറ്റിബൂർഷ്വ വർഗ്ഗങ്ങളും
കോടതിവിധിയുടെ റാഡിക്കൽ ബൂർഷ്വ ചായ്‌വിനെതിരെയാണ് തെരുവിൽ അണിനിരക്കുന്നത്. ഇതിനെ കേരളസമൂഹത്തിന്റെ
സാങ്കല്പികമായ "പ്രബുദ്ധത" ഉണർത്തിയോ, സ്ത്രീജനങ്ങളെ ബോധവൽക്കരിച്ചോ, വരേണ്യമായ സവർണ്ണ-ബ്രാഹ്മണ്യ ആചാരങ്ങൾക്ക് പകരം
ജനകീയമായ ദളിത്-ആദിവാസി രീതികൾ
അവലംബിച്ചോ നേരിടാൻ ആവില്ല. കാരണം കേരളീയസമൂഹവും സ്ത്രീജനങ്ങളും ദളിത്-അവർണ്ണ വിഭാഗങ്ങളും ഒന്നും ആന്തരികവൈരുദ്ധ്യങ്ങൾ
ഇല്ലാത്ത ഏകമാനപരമായ വിഭാഗങ്ങൾ അല്ല. മറിച്ച്, ഇതിൽ ഓരോ വിഭാഗത്തിനും ഉള്ളിൽ വർഗ്ഗവിഭജനം ഒരു
യാഥാർഥ്യമാണ്. എല്ലാ
വിഭാഗങ്ങളിലെയും തൊഴിലാളികളുടെയും അധസ്ഥിതരുടെയും ആശയപരവും പ്രായോഗികവും ആയ
സംഘടിതപോരാട്ടത്തിലൂടെ മാത്രമേ ഈ വർഗ്ഗസമരത്തിൽ വിജയം നേടാനാവൂ.