Friday, 3 March 2023

ഹിന്ദുത്വ ഫാഷിസം vs ഇടതുപക്ഷം - ഒരു വ്യാജ വൈപരീത്യം

ബിപിൻ ബാലറാം


".... false conflict - a vicious cycle in which two opposed poles generate and presuppose each other" - Slavoj Zizek in 'First as Tragedy, Then as Farce'.

ഒറ്റനോട്ടത്തിൽ ഹിന്ദുത്വ ഫാഷിസവും ഇന്ത്യൻ ഇടതുപക്ഷവും പരസ്പരം പോരടിക്കുന്ന രണ്ട് പ്രവണതകൾ ആണ്. മാത്രമല്ല, ഫാഷിസം/ഇടതുപക്ഷം എന്നത് വിപരീത രാഷ്ട്രീയ ധ്രുവങ്ങളാണെന്ന ധാരണ പരത്താനും അതുവഴി ഫാഷിസത്തോടും തീവ്രവലതുപക്ഷത്തോടും ഉള്ള എതിർപ്പുകളുടെ കുത്തക കൈക്കലാക്കാനും ഇടതുപക്ഷം സദാ ശ്രമിക്കുന്നതായി കാണാം. ഇടതുപക്ഷത്തിന്റെ ഈ ഫാഷിസ്റ്റ് വിരുദ്ധ അവകാശവാദത്തിൽ എത്രത്തോളം കഴമ്പുണ്ട് എന്നത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ സംബന്ധിക്കുന്ന ഒരു പ്രധാന പ്രായോഗിക ചോദ്യമാണ്. ഹിന്ദുത്വ ഫാഷിസത്തിന്റെയും ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും വർഗ്ഗസ്വഭാവങ്ങളെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ട് മാത്രമേ നമുക്ക് ഈ ചോദ്യത്തെ അഭിമുഖീകരിക്കുവാൻ സാധിക്കുകയുള്ളൂ.

ഒരുപക്ഷെ, ഇന്ന് കേരളത്തിൽ ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കുകളിൽ ഒന്നാണ് 'ഫാഷിസം' എന്നത്. കേരളീയ പൊതുബോധത്തിന്, മക്കളെ ശകാരിക്കുന്ന അമ്മയും വിദ്യാർത്ഥിയെ ശിക്ഷിക്കുന്ന അദ്ധ്യാപകനും മുതൽ, ഇന്ദിര ഗാന്ധിയും ഡൊണാൾഡ് ട്രംപും വരെ സകലരും 'ഫാഷിസ്റ്റുകൾ' ആണ്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ചെറുതും വലുതുമായ സകല ധ്വംസനങ്ങളേയും 'ഫാഷിസം' എന്ന് മുദ്ര കുത്തി നാം പരിചയിച്ചിരിക്കുന്നു. എന്നാൽ ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യ ഛായ ഉള്ളതുമായ എല്ലാ പ്രതിലോമകരമായ പ്രവണതകളെയും ഫാഷിസം എന്ന് അടയാളപ്പെടുത്തുന്നത് അബദ്ധമാണ്. അത്തരം അടയാളപ്പെടുത്തൽ ഫാഷിസത്തിന്റെ വർഗ്ഗ ഉള്ളടക്കത്തെ മറച്ച് പിടിക്കാനും അതിനെ ഒരു empty signifier ആക്കി മാറ്റാനും മാത്രമേ ഉപകരിക്കൂ.

ഫാഷിസത്തെ കുറിച്ചുള്ള ഇടതുപക്ഷ വ്യാഖ്യാനവും അബദ്ധജഢിലമായ ഒന്നാണ്. ഇടതുപക്ഷം പലപ്പോഴും ഫാഷിസത്തെ കാണുന്നത് ആധുനികതക്ക് (modernity) നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന, ജാതി-മത ചിന്തകളാൽ നയിക്കപ്പെടുന്ന, യുക്തിരഹിതമായ, പഴമയിലെ ജീർണ്ണതകളിലേക്ക് തിരിച്ചു പോകാൻ വെമ്പുന്ന ഒരു പ്രവണത മാത്രമായിട്ടാണ്. അങ്ങനെയാണെങ്കിൽ ഫാഷിസത്തെ എതിരിടാൻ ആധുനിക കാഴ്ചപ്പാടുകളും, യുക്തിബോധവും, ശാസ്ത്രചിന്തയും, ജനാധിപത്യബോധവും, ജാതി-മത ചിന്തകളുടെ നിരാസവും കൊണ്ടെല്ലാം സാധിക്കേണ്ടതാണ്. എന്നാൽ ഇത് ഫാഷിസത്തിന്റെ രൂപവും അതിന്റെ ഉള്ളടക്കവും തമ്മിലുള്ള അന്തരത്തെ മനസ്സിലാക്കുന്നതിൽ ഉള്ള പരാജയത്തിൽ നിന്നും ഉടലെടുക്കുന്ന വ്യാഖ്യാനമാണ്. ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രത്തെ മുഖവിലക്കെടുത്തു കൊണ്ട് അതിന്റെ ഭൗതിക അടിസ്ഥാനവും വർഗ്ഗ ഉള്ളടക്കവും പൂർണ്ണമായും അവഗണിക്കപ്പെടുമ്പോഴാണ് ഇത്തരം വിശകലനങ്ങൾ പിറക്കുന്നത്.
 

ഫാഷിസത്തിന്റെ വർഗ്ഗ ഉള്ളടക്കം

"മുതലാളിത്തത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തവരെല്ലാം ഫാഷിസത്തെ കുറിച്ചും മൗനം പാലിക്കണം" എന്ന മാക്സ് ഹോഖൈമറിന്റെ പ്രസ്താവന പ്രശസ്തമാണ്. എന്നാൽ അതിന് നിക്കോ പൗളാൻസാസ് കൊടുത്ത തിരുത്ത് അധികം ആരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ല. പൗളാൻസാസ് അഭിപ്രായപ്പെട്ടത്, "സാമ്രാജ്യത്വത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തവരെല്ലാം ഫാഷിസത്തെ കുറിച്ചും മൗനം പാലിക്കണം" എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്നാണ്. ഇവിടെ 'സാമ്രാജ്യത്വം' (imperialism) എന്ന പദം പൗളാൻസാസ് ഉപയോഗിക്കുന്നത് 'മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം' എന്ന ലെനിനിസ്റ്റ് അർത്ഥത്തിൽ ആണ്. മുതലാളിത്തത്തിന്റെ സാമ്രാജ്യത്വ ഘട്ടത്തിലെ വൈരുദ്ധ്യങ്ങളുടെ സൃഷ്ടി ആണ് ഫാഷിസം. ഫാഷിസത്തിന്റെ ഈ ഭൗതിക അടിസ്ഥാനം മനസ്സിലാക്കാതെ നമുക്ക് അതിനെതിരെ പ്രതിരോധം തീർക്കാൻ ആവില്ല.

അങ്ങനെ നോക്കുമ്പോൾ, "ഫാഷിസം എന്നത് ഏറ്റവും പ്രതിലോമകരവും, വിഭാഗീയവുമാവ സാമ്രാജ്യത്വ - ഫിനാൻസ് മൂലധന ശക്തികളുടെ തുറന്ന സർവ്വാധിപത്യമാണ്" എന്ന കോമിന്റേൺ നിർവ്വചനം ഇപ്പോഴും പ്രസക്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം നൽകുന്ന പ്രധാന പാഠങ്ങളിൽ ഒന്ന് മുതലാളിത്തഭരണകൂടം സാഹചര്യങ്ങൾക്കനുസരിച്ച് മൂന്ന് വ്യത്യസ്ഥ രൂപങ്ങൾ എടുക്കാം എന്നാണ്. അതിന്റെ ക്ലാസിക് രൂപം വിപണിയിൽ ഭരണകൂടത്തിന്റെ ഇടപെടൽ നാമമാത്രമാവുന്ന ലിബറൽ ജനാധിപത്യത്തിന്റേതാണ്. എന്നാൽ രാഷ്ട്രീയ പ്രതിസന്ധികളും തൊഴിലാളിവർഗ്ഗത്തിന്റെ സംഘടിത ശക്തിയിലുള്ള പേടിയും ചില സന്ദർഭങ്ങളിൽ ഒരു താൽക്കാലിക അനുരഞ്ജനം എന്ന നിലയിൽ ക്ഷേമരാഷ്ട്ര ചായ്‌വുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ ഭരണത്തെ അനുവദിക്കാൻ മുതലാളിവർഗ്ഗത്തെ പ്രേരിപ്പിക്കാം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലും സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യയിലും ഇതാണ് സംഭവിച്ചത്. പക്ഷെ, മുതലാളിത്ത സാമ്പത്തിക-സാമൂഹിക വൈരുദ്ധ്യങ്ങൾ ഏറ്റവും പ്രകടമാവുന്ന സന്ദർഭങ്ങളിൽ ഭരണവർഗ്ഗം യാതൊരു സങ്കോചവും ഇല്ലാതെ ഫാഷിസത്തിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. ഫാഷിസത്തിന്റെ ആദ്യരൂപം കണ്ട തൊള്ളായിരത്തി മുപ്പതുകളിൽ യൂറോപ്പും അതിന്റെ രണ്ടാം വരവിന് സാക്ഷ്യം വഹിക്കുന്ന ഇന്നത്തെ ലോകവും ഒരേപോലെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ ആണ് എന്നത് ഒരു ആകസ്മികത അല്ല. 

എന്നാൽ മുതലാളിവർഗ്ഗത്തിന്, അവർ എത്ര പ്രബലരാണെങ്കിലും, തങ്ങളുടെ  താല്പര്യങ്ങൾക്കനുസരിച്ച് സ്വിച്ചിടും പോലെ മാറ്റാൻ ആവുന്ന ഒന്നല്ല ഭരണകൂടസ്വഭാവം. അങ്ങനെ കരുതുന്നത് കേവലമായ സാമ്പത്തിക നിർണ്ണയവാദം ആയിപ്പോവും. അതുകൊണ്ട് തന്നെ ഒരു സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചുമലിൽ ഏറി മാത്രമേ, അതിനെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് മാത്രമേ, മുതലാളിവർഗ്ഗത്തിന് ഇതിന് സാധിക്കുകയുള്ളൂ. ഇവിടെയാണ് പാൽമിറോ തൊഗ്ലിയാറ്റിയെ പോലുള്ളവർ ഊന്നിപ്പറഞ്ഞ ഫാഷിസത്തിന്റെ ദ്വന്ദ്വസ്വഭാവം പ്രാധാന്യമർഹിക്കുന്നത്. ഫാഷിസത്തിന് രണ്ട് ഘടകങ്ങൾ ഉണ്ടെന്നും, അതിൽ ഒന്ന് മുതലാളിവർഗ്ഗത്തിന്റെ സ്വേച്ഛാധിപത്യവും മറ്റൊന്ന് പെറ്റിബൂർഷ്വ വർഗ്ഗസ്വഭാവമുള്ള ബഹുജനമുന്നേറ്റവും ആണെന്നും തൊഗ്ലിയാറ്റി തൊള്ളായിരത്തി മുപ്പതുകളിൽ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളുടെയും സമ്മേളനമാണ് ഫാഷിസത്തിലേക്ക് നയിക്കുന്നത്. ആസുരമായ ഒരു പെറ്റിബൂർഷ്വ മുന്നേറ്റത്തെ ഉപയോഗിച്ച് മുതലാളിവർഗ്ഗം നടപ്പാക്കുന്ന സ്വേച്ഛാധിപത്യം - അതാണ് ഫാഷിസം.

ഫാഷിസത്തിന്റെ ഈ രണ്ട് ഘടകങ്ങളെയും വിളക്കിച്ചേർക്കുന്ന കണ്ണി സാമ്രാജ്യത്വ ഘട്ടത്തിൽ എത്തി നിൽക്കുന്ന മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളാണ്. മുതലാളിത്ത വളർച്ച മൂലധനത്തിന്റെ കേന്ദ്രീകരണത്തിലേക്കാണ് നയിക്കുന്നത് എന്നത് മാർക്സിന്റെ ഉൾക്കാഴ്ചകളിൽ ഒന്നാണ്. ഈ വർഷം ജനുവരി 16ന് പുറത്തു വന്ന ഓക്സഫാമിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 40% സമ്പത്തും ആദ്യത്തെ 1% ധനികരുടെ കൈകളിൽ ആണ്. ജനസംഖ്യയുടെ 50% പേർക്ക് സ്വന്തമായുള്ളത് ആവട്ടെ വെറും 3% സമ്പത്തും! ഇത്തരത്തിലുള്ള മൂലധന കേന്ദ്രീകരണം വ്യവസ്ഥയെ നയിക്കുന്നത് കുത്തകവൽക്കരണത്തിലേക്കാണ്. ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ അദാനിയും അംബാനിയും മുതൽ ഇങ്ങു യൂസഫലി വരെയുള്ള കുത്തകകളുടെ വളർച്ച നാം കൺമുന്നിൽ കാണുന്നുണ്ട്. "സാമ്രാജ്യത്വം എന്നത് മുതലാളിത്തത്തിന്റെ കുത്തക ഘട്ടമാണ്" എന്ന ലെനിന്റെ പ്രശസ്തമായ നിർവ്വചനം പ്രകാരം ഈ കുത്തകവൽക്കരണം സാമ്രാജ്യത്വത്തിന്റെ നാന്ദി കുറിക്കുന്നു.

എന്നാൽ ഈ കുത്തകവൽക്കരണം മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്നതിലേക്കാണ് നയിക്കുന്നത്. മൂലധനകേന്ദ്രീകരണത്തിന്റെയും അതിനെ തുടർന്ന് ഉണ്ടാവുന്ന യന്ത്രവൽക്കരണത്തിന്റെയും ആദ്യ ഫലം ശരാശരി ലാഭനിരക്കിൽ വരുന്ന വലിയ ഇടിവാണ്. ഈ പ്രവണത മൂലധനത്തിന്റെ മൂന്നാം വാള്യത്തിൽ മാർക്സ് വിശദമായി പഠിക്കുന്നുണ്ട്. ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമെല്ലാം ഈ പ്രക്രിയയെ ഇന്ന് കൂടുതൽ ശക്തമാക്കുന്നു. ലാഭനിരക്കിന്റെ ഇടിവ് മൂലം തങ്ങളുടെ ലാഭവിഹിതത്തിൽ വരുന്ന കുറവ് നികത്താൻ മുതലാളിവർഗ്ഗത്തിന് തൊഴിലാളികളുടെ കൂലി അടക്കമുള്ള ആനുകൂല്യങ്ങളിൽ കൈയ്യിട്ട് വാരുക അല്ലാതെ വേറെ വഴിയില്ല. മാത്രമല്ല, ലാഭത്തിലെ ഇടിവ് ഭരണകൂടത്തിന്റെ ജനക്ഷേമപരിപാടികളെയും പ്രതികൂലമായി ബാധിക്കുന്നു.

ഈ സാഹചര്യങ്ങൾ മുതലാളിവർഗ്ഗത്തെ സംബന്ധിച്ചെടുത്തോളം ജനാധിപത്യധ്വംസനവും വ്യാപകമായ അടിച്ചമർത്തലും ഒരു ആവശ്യമാക്കി മാറ്റുന്നു. അപ്പോഴാണ് മുതലാളിത്ത മാധ്യമങ്ങളിലും മറ്റും "ശക്തനായ ഭരണാധികാരി"ക്ക് വേണ്ടിയുള്ള മുറവിളി ശക്തിയാർജ്ജിക്കുന്നത്. 2014 തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിൽ എത്തിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ മുറവിളി തന്നെ ആയിരുന്നു. രണ്ട് പ്രധാന കാര്യങ്ങളാണ് പ്രതിസന്ധിയിൽ പെട്ട് ഉലയുന്ന മുതലാളിത്ത വ്യവസ്ഥ ഫാഷിസ്റ്റ് ഭരണകൂടത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഒന്ന്, രാജ്യത്തിനുള്ളിൽ ലാഭവിഹിതം സംരക്ഷിച്ച് നിർത്താൻ തൊഴിലാളിവർഗ്ഗത്തിന്റെയും പൊതുസമൂഹത്തിന്റെ തന്നെയും ശക്തമായ അടിച്ചമർത്തൽ. രണ്ട്, ആഭ്യന്തര മൂലധനത്തിന് വിദേശത്ത് ലാഭനിരക്ക് അധികമുള്ള സ്ഥലങ്ങളിലും മേഖലകളിലും ലാഭകരമായ നിക്ഷേപം നടത്തുന്നതിനുള്ള നയതന്ത്രപരവും ആവശ്യമെങ്കിൽ സൈനികവുമായ പിന്തുണ. ഇന്ത്യൻ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം എത്ര കാര്യക്ഷമമായിട്ടാണ് ഈ രണ്ട് ദൗത്യങ്ങളും കഴിഞ്ഞ ഒൻപത് വർഷമായി നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് അറിയാം.

ഇതേ മുതലാളിത്ത ഭൗതിക സാഹചര്യങ്ങൾ ആണ് പെറ്റി ബൂർഷ്വസിയെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണം ആദ്യം തന്നെ തകർക്കുന്നത് പെറ്റി ബൂർഷ്വസിയുടെ സാമ്പത്തിക അസ്തിത്വം തന്നെയാണ്. ചെറുകിട കർഷകരേയും കച്ചവടക്കാരേയും മുതൽ പെറ്റി ബൂർഷ്വ വർഗ്ഗബോധം വെച്ചു പുലർത്തുന്ന വൈറ്റ് കോളർ തൊഴിലാളികളെ വരെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കും വ്യക്തിപരമായ ഉത്കണ്ഠയിലേക്കും അന്യവൽക്കരണത്തിലേക്കുമാണ് മൂലധന കേന്ദ്രീകരണം തള്ളിവിടുന്നത്. ഇത് അവരിൽ ഉണർത്തുന്നത് പെറ്റി ബൂർഷ്വ നിലനിൽപ്പ് സാദ്ധ്യമായിരുന്ന 'പഴയ' കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ്. പെറ്റി ബൂർഷ്വ വർഗ്ഗസ്വഭാവത്തിന്റെ പ്രധാന മുഖമുദ്രയായ ഈ പിന്തിരിഞ്ഞു നോട്ടം തന്നെയാണ് അവരെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനവലയത്തിൽ പെടുത്തുന്നത്.

അതായത്, മൂലധനകേന്ദ്രീകരണവും അതിന്റെ പരിണിതഫലമായ മുതലാളിത്ത പ്രതിസന്ധികളും ഒരേ സമയം മുതലാളിവർഗ്ഗത്തെയും പെറ്റി ബൂർഷ്വസിയെയും ഫാഷിസ്റ്റ് പാതയിൽ നടത്തുന്നു. മുതലാളിവർഗ്ഗം ഏറ്റവും ആസുരമായ ഒരു സ്വേച്ഛാധിപത്യം ആഗ്രഹിക്കുമ്പോൾ അത്തരം സ്വേച്ഛാധിപത്യം നടപ്പാക്കാൻ കെൽപ്പുള്ള പ്രസ്ഥാനമായി വമ്പിച്ച പെറ്റി ബൂർഷ്വ പിന്തുണ ഫാഷിസത്തെ മാറ്റിയെടുക്കുന്നു. മുതലാളിവർഗ്ഗം ഫാഷിസ്റ്റ് പ്രസ്ഥാനത്തെ ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക-സാമൂഹിക അജണ്ടകൾ നടപ്പാക്കുമ്പോൾ ഫാഷിസ്റ്റ് പ്രസ്ഥാനം മുതലാളിവർഗ്ഗപിന്തുണയോടെ രാഷ്ട്രീയ അപ്രമാദിത്വം നേടുന്നു. ഈ രണ്ട് ഘടകങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ വൈരുദ്ധ്യാത്മക ബന്ധമാണ് ഒരു ഫാഷിസ്റ്റ് ഭരണകൂടത്തെ താങ്ങി നിർത്തുന്നത്.

ഫാഷിസത്തിന്റെ ഇന്ത്യൻ രൂപം - ഹിന്ദുത്വ ഫാഷിസം
 
ഫാഷിസത്തിന്റെ വർഗ്ഗ ഉള്ളടക്കം ഏതാണ്ട് എല്ലായിടത്തും നമ്മൾ മേലെ കണ്ടതിന് സമാനമാണെങ്കിലും, ഫാഷിസം വ്യത്യസ്ത ദേശങ്ങളിലും കാലങ്ങളിലും വ്യത്യസ്ത രൂപങ്ങൾ ആണ് എടുക്കാറുള്ളത്. അതാത് സ്ഥലങ്ങളിലെ മൂർത്തമായ സാഹചര്യങ്ങൾ അനുസരിച്ചിരിക്കും അവിടുത്തെ ഫാഷിസത്തിന്റെ രൂപം. ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ രൂപത്തിൽ ആണ് ഫാഷിസം നിലനിൽക്കുന്നത്.

കോളോണിയലിസ്റ്റ് കാലഘട്ടത്തിൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചയോടുള്ള ഒരു ഫ്യൂഡൽ പ്രതികരണമായിട്ടാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉത്ഭവം. കോളോണിയലിസ്റ്റ് ഭരണത്തിന്റെ കീഴിൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ച ഭാഗികവും പരിമിതവും ആയിരുന്നെങ്കിൽ കൂടിയും മുതലാളിത്ത ഉത്പ്പാദന ബന്ധങ്ങളുടെ വളർച്ചയും അതിനോടനുബന്ധിച്ചുള്ള ആധുനിക സാമൂഹിക പ്രവണതകളും ഫ്യൂഡൽ ഭരണ വർഗ്ഗത്തെ ആലോസരപ്പെടുത്താൻ പ്രാപ്തമായിരുന്നു. കൊളോണിയലിസം ആവട്ടെ ഫ്യൂഡൽ ഭരണവർഗ്ഗത്തിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടാത്ത രീതിയിൽ, അവരെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള, വളരെ ഭാഗികമായ ഒരു മുതലാളിത്ത വളർച്ച ആണ് വിഭാവനം ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധി നേതൃത്വം കൊടുത്ത യാഥാസ്ഥിതിക ബൂർഷ്വ വിഭാഗത്തിന് വ്യക്തമായ മേൽക്കോയ്മ ഉണ്ടായിരുന്നതിനാൽ, ഫ്യൂഡൽ വർഗ്ഗങ്ങളെ കൂടെ നിർത്തിക്കൊണ്ട് ബ്രിട്ടീഷ് ഭരണത്തെ എതിർക്കാനാണ് അവരും ശ്രമിച്ചത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ മുതലാളിത്തത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ യൂറോപ്പിൽ സംഭവിച്ചത് പോലുള്ള ബൂർഷ്വ - ഫ്യൂഡൽ വർഗ്ഗസമരം അതിന്റെ മൂർച്ഛയുള്ള രൂപത്തിൽ ഇന്ത്യയിൽ സംഭവിച്ചതേ ഇല്ല. പകരം, ഫ്യൂഡൽ ഭരണവർഗ്ഗത്തെ തങ്ങളുടെ കൂടെ നിർത്താൻ കോളോണിയലിസവും സ്വാതന്ത്ര്യ സമരത്തിലെ പ്രബലവിഭാഗവും മത്സരിക്കുകയാണ് ചെയ്തത്.

ഈ സാഹചര്യങ്ങളാണ് മുതലാളിത്ത ആധുനികതക്ക് എതിരെ ഉള്ള ഹിന്ദുത്വം പോലുള്ള ആശയങ്ങൾക്ക് ഇന്ത്യയിൽ ഇടം ഉണ്ടാക്കിയത്. എന്നാൽ ആദ്യ ഘട്ടങ്ങളിൽ ഉടനീളം ഇത് ഒരു വരേണ്യവർഗ്ഗ സവർണ്ണ ചിന്താഗതി ആയിരുന്നു. അത്തരം വിഭാഗങ്ങളിൽ നിന്നും അതിന് ഗണ്യമായ പിന്തുണ ലഭിച്ചിരുന്നു താനും (കോൺഗ്രസ്സിലെ തന്നെ ഒരു വിഭാഗം ഇത്തരം ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു). എന്നാൽ ഹിന്ദുത്വത്തിന് കോളോണിയലിസ്റ്റ് കാലഘട്ടത്തിലോ നെഹ്രുവിയൻ ക്ഷേമരാഷ്ട്ര കാലഘട്ടത്തിലോ വലിയ തോതിൽ ബഹുജനപിന്തുണ ആർജ്ജിക്കാനായിട്ടില്ല. പക്ഷെ ഈ കാലഘട്ടങ്ങളിൽ ഭൂവുടമ-സവർണ്ണ വർഗ്ഗങ്ങളുടെ ശക്തമായ പിന്തുണ ഉപയോഗിച്ച് ഒരു വിപുലമായ സംഘടനാശൃംഖലയും കേഡർ ശക്തിയും വളർത്തിയെടുക്കുന്നതിൽ ഹിന്ദുത്വ സംഘടനകൾ വലിയ തോതിൽ വിജയിച്ചു.

എഴുപതുകളോട് കൂടി ആണ് ഹിന്ദുത്വ ശക്തികൾ ബഹുജനപിന്തുണ ആർജ്ജിച്ച് തുടങ്ങുന്നത് എന്നത് യാദൃശ്ച്ചികമല്ല. ഇതിന്റെ അടിസ്ഥാനകാരണം നെഹ്രുവിൻ ക്ഷേമരാഷ്ട്രത്തിന്റെ തകർച്ച ആണ്. ക്ഷേമരാഷ്ട്രവ്യവസ്ഥ ഇന്ത്യൻ പെറ്റി ബൂർഷ്വസിക്ക് നൽകി വന്നിരുന്ന സാമ്പത്തിക സുരക്ഷാകവചത്തിൽ എഴുപതുകളുടെ പകുതിയോടെ തന്നെ വിള്ളലുകൾ വന്ന് തുടങ്ങിയിരുന്നു. ഈ വിള്ളലുകളിലൂടെ മുതലാളിത്തം പടർന്ന് കയറുന്നത് എല്ലാ മേഖലകളിൽ ഉള്ള പെറ്റി ബൂർഷ്വസിയെയും അരക്ഷിതാവസ്ഥയിലേക്കാണ് തള്ളി വിട്ടത്. ഈ പ്രതിസന്ധിയും അരക്ഷിതാവസ്ഥയും ആണ് പെറ്റി ബൂർഷ്വസിയെ ഹിന്ദുത്വ ഫാഷിസത്തോട് അടുപ്പിക്കുന്നതും അങ്ങനെ അവരുടെ ബഹുജനപിന്തുണ വർദ്ധിപ്പിക്കുന്നതും. തൊണ്ണൂറുകളുടെ തുടക്കത്തിൽ ക്ഷേമരാഷ്ട്രത്തിന്റെ ബാക്കിയായ അവശിഷ്ടങ്ങൾ എല്ലാം നരസിംഹറാവുവും മൻമോഹനും ചേർന്ന് തൂത്തെറിഞ്ഞതിൽ പിന്നെ ആസുരമായ നവലിബറൽ മുതലാളിത്തത്തിന്റെ മുന്നേറ്റത്തിൽ നിൽക്കക്കള്ളി ഇല്ലാതായ പെറ്റി ബൂർഷ്വ ഹിന്ദുത്വത്തിലേക്ക് ഒഴുകിത്തുടങ്ങി. ഇന്ത്യൻ സാഹചര്യത്തിലെ മൂലധനകേന്ദ്രീകരണവും  2008 മുതൽ തുടർന്ന് വരുന്ന ലോകസാമ്പത്തിക മാന്ദ്യവും ഇന്ത്യൻ മുതലാളിവർഗ്ഗത്തിന് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. അങ്ങനെ, മുതലാളിവർഗ്ഗത്തിന്റെ സ്വേച്ഛാധിപത്യ മോഹത്തിന്റെയും പെറ്റി ബൂർഷ്വ സാമൂഹിക മുന്നേറ്റത്തിന്റെയും ചിറകിലേറി ആണ് 2014ൽ മോദി അധികാരത്തിലേറുന്നത്.

ഇന്ത്യൻ സാഹചര്യത്തിൽ ഫാഷിസത്തിന്റെ ഈ ഹിന്ദുത്വ "രൂപം" കണ്ടിട്ടാണ് ഇടതുപക്ഷം അടക്കമുള്ളവർ അതിനെ ആധുനികതയെ നിരസിക്കുന്ന, ഫ്യൂഡൽ അടിസ്ഥാനമുള്ള ഒരു പ്രവണത മാത്രമായി കാണുന്നത്. നമ്മൾ കണ്ടത് പോലെ, ഹിന്ദുത്വത്തിന്റെ ഉത്ഭവസവിശേഷതകൾ മൂലം അത് ആശയതലത്തിൽ ഒരു ഫ്യൂഡൽ-സവർണ്ണ സ്വഭാവം ഇപ്പോഴും പുലർത്തുന്നുണ്ട്. എന്നാൽ ഇത് ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര സവിശേഷത മാത്രമാണ്; ഭൗതികമായി അത് ഇന്ത്യൻ കുത്തക മുതലാളിവർഗ്ഗത്തിനാൽ നയിക്കപ്പെടുകയും പെറ്റി ബൂർഷ്വ സാമൂഹികപിന്തുണയാൽ നിലനിൽക്കുകയും മുന്നേറുകയും ചെയ്യുന്ന ഒന്നാണ്. അതിനാൽ തന്നെ ഹിന്ദുത്വഫാഷിസം തികച്ചും ആധുനികമായ ഒരു പ്രതിഭാസമാണ്.

ഇടതുപക്ഷവും പെറ്റി ബൂർഷ്വസിയും
 
വ്യവസ്ഥാപിത ഇന്ത്യൻ ഇടതുപക്ഷത്തെ പ്രധാന പാർട്ടികളായ സിപിഎം, സിപിഐ, സിപിഐ (എംഎൽ) എന്നിവരുടെയൊക്കെ അവകാശവാദം തങ്ങൾ തൊഴിലാളിവർഗ്ഗ - മാർക്സിസ്റ്റ് പാർട്ടികൾ ആണ് എന്നാണ്. ഈ വാദത്തിന്റെ പാപ്പരത്തം മാർക്സിസവുമായി ഉപരിപ്ലവമായ ബന്ധമുള്ളവർക്ക് പോലും വ്യക്തമാവും. ഇന്ത്യൻ ഇടതുപക്ഷം ഒരു സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനമാണ്. സ്വാതന്ത്യപൂർവ്വ ഇന്ത്യയിൽ മാർക്സിസ്റ്റ് പ്രസ്ഥാനമായി ഉദയം ചെയ്ത് ക്രമേണ വ്യവസ്ഥയുടെ ഭാഗവും ഗുണഭോക്താവും ആയി മാറിയ ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ പരിണാമം ഇതിന് മുന്നേ എഴുതിയ "വികസനവിരുദ്ധതയിൽ നിന്ന് വികസനാസക്തിയിലേക്ക് - ഇടതുപക്ഷ പരിണാമത്തിന്റെ വർഗ്ഗയുക്തി" എന്ന ലേഖനത്തിൽ ഞാൻ വിശദമായി വരച്ചു കാട്ടിയിരുന്നു (https://revolutionaryspring.blogspot.com/2022/12/blog-post.html). അത് കൊണ്ടുതന്നെ ആ വാദങ്ങൾ ഇവിടെ ആവർത്തിക്കുന്നില്ല. ഇപ്പോഴത്തെ ചർച്ചക്ക് ആവശ്യമായവ മാത്രം സംഗ്രഹിക്കാം.

മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ "നല്ല ഭരണം" കൊണ്ട് പരിഹരിക്കാം എന്ന വ്യാമോഹം വെച്ച് പുലർത്തുന്ന പ്രത്യയശാസ്ത്രമാണ് സോഷ്യൽ ഡെമോക്രസി. ഇടതുപക്ഷത്തിന്റെ "എൽഡിഎഫ് വരും, എല്ലാം ശരിയാവും" എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തന്നെ അതിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ സ്വഭാവത്തിന്റെ ഏറ്റവും വലിയ തെളിവാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലും സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യയിലും ക്ഷേമരാഷ്ട്ര ഭരണകൂടങ്ങൾ നിലനിന്നിരുന്ന കാലത്ത് സോഷ്യൽ ഡെമോക്രസിക്ക് ഈ വ്യാമോഹം നിലനിർത്താൻ ആയിരുന്നു. എന്നാൽ ക്ഷേമരാഷ്ട്രങ്ങളുടെ തകർച്ചയും നവലിബറൽ മുതലാളിത്തത്തിന്റെ വളർച്ചയും ലോകത്തെമ്പാടും സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം വെളിവാക്കി. അതോടെ നിൽക്കക്കള്ളി ഇല്ലാതായ യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷം തൊണ്ണൂറുകളോട് കൂടി പൂർണ്ണമായും നവലിബറലിസത്തെ പുൽകി. ഇന്ത്യൻ ഇടതുപക്ഷവും, ആദ്യം ബംഗാളിലും ഇപ്പോൾ കേരളത്തിലും, വലതുപക്ഷത്തെ നാണിപ്പിക്കുന്ന തരത്തിൽ നവലിബറലിസത്തിന്റെ പ്രയോക്താക്കളായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ "വികാസനോന്മാദ"ത്തിന്റെ യഥാർത്ഥ കാരണം ഇതാണ്.

ഫാഷിസം / ഇടതുപക്ഷം എന്ന ദ്വന്ദ്വത്തിന്റെ വിശകലത്തെ സംബന്ധിച്ചെടുത്തോളം പ്രധാന ചോദ്യം സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷത്തിന്റെ വർഗ്ഗ ഉള്ളടക്കം എന്താണ് എന്നതാണ്. സോഷ്യൽ ഡെമോക്രസി ഒരു പെറ്റി ബൂർഷ്വ പ്രത്യയശാസ്ത്രമാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ ഇടതുപക്ഷം പെറ്റി ബൂർഷ്വ വർഗ്ഗസ്വഭാവം വെച്ച് പുലർത്തുന്ന ഒരു പ്രസ്ഥാനമാണ്. പെറ്റി ബൂർഷ്വ വർഗ്ഗത്തെ, പ്രത്യേകിച്ചും അതിന്റെ താഴെ തട്ടിൽ ഉള്ളവരെ, കൂടെ നിർത്താതെ ഒരു തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവില്ല. പക്ഷെ അവർ അത് ചെയ്യാൻ ശ്രമിക്കുന്നത് മുതലാളിത്തത്തിന്റെ വളർച്ചയിൽ ചെറുകിട സംരംഭങ്ങളുടെ തകർച്ചയും പെറ്റി ബൂർഷ്വസിയുടെ തൊഴിലാളിവൽക്കരണവും  ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന സത്യം അവരോട് തുറന്നു പറഞ്ഞു കൊണ്ടാണ്. മാർക്സ് സൂചിപ്പിച്ചത് പോലെ, പെറ്റി ബൂർഷ്വസി വിപ്ലവകരമായി മാറുന്നത് അത് തൊഴിലാളിവർഗ്ഗത്തോടൊപ്പം ചേർന്ന് മുതലാളിത്തത്തിനെതിരെ പോരാടുമ്പോൾ മാത്രമാണ്. പെറ്റി ബൂർഷ്വസിയെ തൊഴിലാളി വർഗ്ഗബോധത്തിലേക്ക് ഉയർത്തി അവരെ മുതലാളിത്തവിരുദ്ധ സമരത്തിൽ അണിനിരത്തുക എന്നതാണ് മാർക്സിസ്റ്റ് രീതി. എന്നാൽ ഇടതുപക്ഷം പെറ്റി ബൂർഷ്വസിയെ കൂടെ നിർത്താൻ ശ്രമിക്കുന്നത് അവരുടെ വർഗ്ഗബോധത്തിലേക്ക് താഴ്‌ന്നു കൊണ്ടാണ്. ചെറുകിട സംരംഭങ്ങളെ ഭരണതലത്തിലെ നടപടികൾ ഉപയോഗിച്ച് നിലനിർത്താൻ ആവുമെന്നും അങ്ങനെ പെറ്റി ബൂർഷ്വസിയെ വിനാശത്തിൽ നിന്നും സംരക്ഷിക്കാൻ ആവുമെന്നുമുള്ള വ്യാമോഹം ഇടതുപക്ഷം അവർക്കു കൊടുക്കുന്നു. അതുകൊണ്ട് തന്നെ മുതലാളിത്തത്തിനെതിരെ അല്ല, ഇടതുപക്ഷം ഭരണത്തിൽ വരാനാണ് ശ്രമം നടത്തേണ്ടത് എന്ന തോന്നൽ ഉണ്ടാവുന്നു. ഇങ്ങനെയാണ് ക്രമേണ ഇടതുപക്ഷ വർഗ്ഗബോധം പൂർണ്ണമായും പെറ്റി ബൂർഷ്വ തലത്തിലേക്ക് തരം താഴുന്നതും ഇടതുപക്ഷത്തിന്റെ വർഗ്ഗ അടിസ്ഥാനം പൂർണ്ണമായും പെറ്റി ബൂർഷ്വ ആയി മാറുന്നതും.

ഫാഷിസം vs ഇടതുപക്ഷം - ഒരു പെറ്റി ബൂർഷ്വ നിഴൽയുദ്ധം
 
ഫാഷിസത്തിന്റെയും ഇടതുപക്ഷത്തിന്റെയും വർഗ്ഗ ഉള്ളടക്കത്തെക്കുറിച്ചുള്ള ഈ ചർച്ചയിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് അവ രണ്ടും പെറ്റി ബൂർഷ്വ അടിസ്ഥാനമുള്ള പ്രവണതകൾ ആണ് എന്നതാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, കർഷക സമരങ്ങളുടെയും ഭരണത്തിൽ ഇരിക്കുമ്പോൾ ചെയ്ത ക്ഷേമരാഷ്ട്ര പരിഷ്കാരങ്ങളുടെയും മറ്റും ഫലമായി, ഗ്രാമീണ-കാർഷിക മേഖലകളിലെ പെറ്റി ബൂർഷ്വസി ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിക്കുന്നത്. അത് കൂടാതെ ട്രേഡ് യൂണിയൻ പശ്ചാത്തലം കാരണം സംഘടിത തൊഴിൽ മേഖലകളിലേയും സർക്കാർ മേഖലകളിലെയും തൊഴിലാളികളും ഉദ്യോഗസ്ഥരും പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പമാണ്. തൊഴിലാളികൾക്കിടയിലെ ഇത്തരം പ്രവർത്തനം പോലും ഇടതുപക്ഷം നടത്തുന്നത് പെറ്റി ബൂർഷ്വ - റിഫോമിസ്റ്റ് തരത്തിൽ ആണെന്ന കാര്യം വിസ്മരിച്ചു കൂടാ. ഫാഷിസത്തിന്റെ പിന്തുണയുടെ അടിസ്ഥാനം നഗരങ്ങളിലെ പെറ്റി ബൂർഷ്വസി ആണ്. മധ്യവർഗ്ഗവും വൈറ്റ് കോളർ ജോലിക്കാരും ഭൂരിപക്ഷവും ഫാഷിസത്തിന്റെ പിടിയിലാണ്. ഹിന്ദുത്വത്തിന്റെ സവർണ്ണ - ഫ്യൂഡൽ പ്രത്യയശാസ്ത്രം ഇന്നും ശക്തിയോടെ നിലനിൽക്കുന്നതിനാൽ ഗ്രാമീണ മേഖലയിൽ ഭൂവുടമകളും സവർണ്ണ പശ്ചാത്തലം ഉള്ളവരും ഏതാണ്ടെല്ലാം തന്നെ ഫാഷിസ്റ്റ് അനുഭാവികൾ ആണ്. അങ്ങനെ നോക്കുമ്പോൾ ഫാഷിസവും ഇടതുപക്ഷവും തമ്മിൽ നടക്കുന്ന കടിപിടി യഥാർത്ഥത്തിൽ പെറ്റി ബൂർഷ്വസിയുടെ വ്യത്യസ്ത ഘടകങ്ങളുടെ പിന്തുണയ്ക്ക് വേണ്ടി ഉള്ള ഒന്നാണ്. തകർച്ചയെ അഭിമുഖീകരിക്കുകയും അതിനെ ഏതു വിധേനയും തടഞ്ഞു നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന പെറ്റി ബൂർഷ്വസി തന്നെയാണ് രണ്ട് പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനം. ഒരേ വർഗ്ഗത്തിലെ വ്യത്യസ്ത ഘടകങ്ങൾ തമ്മിലുള്ള സംഘർഷത്തെ നമുക്ക് യഥാർത്ഥത്തിലുള്ള വൈപരീത്യം ആയി കാണാനാവില്ല; കാരണം ഇത്തരം സംഘർഷം വർഗ്ഗസമരത്തിന്റെ ഒരു പ്രതിഫലനം അല്ല. അതിനാൽ ഫാഷിസം vs ഇടതുപക്ഷം എന്നത് ഒരു വ്യാജ വൈപരീത്യം മാത്രമാണ്.

ഫാഷിസവും ഇടതുപക്ഷവും തമ്മിൽ ഉള്ള വൈപരീത്യം രണ്ട് പെറ്റി ബൂർഷ്വ വിഭാഗങ്ങൾ തമ്മിലുള്ള നിഴൽയുദ്ധം മാത്രം ആണെങ്കിലും അതുകൊണ്ട് ഇതിന്റെ തീവ്രത കുറവായിരിക്കും എന്ന് കരുതുന്നതിൽ അർത്ഥമില്ല. യഥാർത്ഥത്തിൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്. യൂറോപ്യൻ ഫാഷിസം കമ്മ്യൂണിസ്റ്റുകളെക്കാൾ നേരത്തെ പലയിടത്തും അടിച്ചമർത്താൻ ശ്രമിച്ചത് സോഷ്യൽ ഡെമോക്രസിയെ ആണ്. മുതലാളിത്ത വ്യവസ്ഥയിലെ മറ്റു പ്രതിലോമകരമായ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സോഷ്യൽ ഡെമോക്രസിയുമായി അനുരഞ്ജനം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഫാഷിസം അതിനെ പാടേ നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികർ രേഖപ്പെടുത്തിയിട്ടുണ്ട്. പെറ്റി ബൂർഷ്വസിക്കിടയിൽ തങ്ങളുടെ ഹെജിമണി ഉറപ്പിക്കാനുള്ള ഫാഷിസത്തിന്റെ ആവശ്യം ആണ് ഈ അടിച്ചമർത്തലിന് പിന്നിൽ.

സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷവും ഫാഷിസ്റ്റ് വിരുദ്ധ "ജനകീയ മുന്നണി"യും
മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിക്കുമ്പോൾ തന്നെയും വളഞ്ഞ വഴിയിലൂടെ ഇടതുപക്ഷത്തെ വെള്ളപൂശാനും അതിന്റെ ഫാഷിസ്റ്റ് വിരുദ്ധ പദവി ചെറിയ തോതിലെങ്കിലും നിലനിർത്താനും ശ്രമിക്കുന്ന ഒരു പ്രവണത ദൃശ്യമാണ്. ഇത്തരക്കാരുടെ പ്രധാന വാദം ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ "മാർക്സിസ്റ്റ്" രീതി സോഷ്യൽ ഡെമോക്രസിയുമായി ചേർന്നുള്ള  "ജനകീയ മുന്നണി" (popular front) ആണ് എന്നതാണ്. അതുകൊണ്ട് ഇവരുടെ അഭിപ്രായം ഇടതുപക്ഷം ഫാഷിസത്തിന് വർഗ്ഗപരമായി ഒരു ബദൽ അല്ലെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ തൊഴിലാളിവർഗ്ഗശക്തികൾ ഇടതുപക്ഷത്തെ കൂട്ടുപിടിക്കണം എന്നാണ്. ഈ വാദത്തിന്റെ അടിസ്ഥാനം 1935ൽ കോമിന്റെണിൽ ജിയോർജി ദിമിത്രോവ് മുന്നോട്ടു വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ജനകീയ മുന്നണി എന്ന ആശയം ആണ്. സോഷ്യൽ ഡെമോക്രറ്റുകൾ, ലിബറൽ ബൂർഷ്വസി എന്നിങ്ങനെയുള്ള എല്ലാ "ജനാധിപത്യ" ശക്തികളെയും അണിനിരത്തിക്കൊണ്ടുള്ള ഒരു ജനകീയ മുന്നണി ഫാഷിസത്തെ നേരിടാൻ ആവശ്യമാണ് എന്നതായിരുന്നു ദിമിത്രോവിന്റെ തീസിസ്. ഇത് ആ സാഹചര്യത്തിൽ ശരിയായിരുന്നു താനും. എന്നാൽ അതുകൊണ്ട് എല്ലാ കാലത്തും എല്ലായിടത്തും മാർക്സിസത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധനയം ജനകീയ മുന്നണിയിൽ അധിഷ്ഠിതമാണ് എന്നത് അബദ്ധജഢിലമായ ഒരു ആശയമാണ്.

ലെനിൻ നിരന്തരം ഓർമ്മപ്പെടുത്തിയത് പോലെ, മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനത്തിൽ (concrete analysis of the concrete situation) അധിഷ്ഠിതമല്ലാത്ത ഒരു നയവും മാർക്സിസത്തിന് ഇല്ല. അതുകൊണ്ട് തന്നെ ഇന്നത്തെ സാഹചര്യത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധനയം ഇടതുപക്ഷവുമായി ചേർന്നുള്ള ജനകീയ മുന്നണി ആണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം സോഷ്യൽ ഡെമോക്രസിക്ക് വന്നുചേർന്നിട്ടുള്ള വലിയ രാഷ്ട്രീയ അപചയം തന്നെയാണ്. ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ 1914ൽ ആണ് സോഷ്യൽ ഡെമോക്രസി വിപ്ലവകരമായ മാർക്സിസത്തിൽ നിന്നും വേറിട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നത്. അത് മുതൽ 1935 വരെയുള്ള ഇരുപത് വർഷ കാലയളവിൽ യൂറോപ്പിലെ തൊഴിലാളിവർഗ്ഗ വിപ്ലവങ്ങൾ അടിച്ചമർത്താനും മുതലാളിത്തവ്യവസ്ഥയെ നിലനിർത്താനും ഭരണവർഗ്ഗത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചത് സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനങ്ങൾ ആണ്. മുതലാളിത്തത്തിന്റെ അതിവർത്തനം എന്ന വിപ്ലവകരമായ ലക്‌ഷ്യം ഉപേക്ഷിച്ചതിന്റെ ഫലമായിരുന്നു ഇത്. എന്നാൽ അപ്പോഴും സോഷ്യൽ ഡെമോക്രസി മുതലാളിത്ത ഭരണവർഗ്ഗത്തിന്റെ വെറും ചട്ടുകം ആയി മാറിയിരുന്നില്ല. മുതലാളിത്തവ്യവസ്ഥയെ അകത്ത് നിന്ന് തന്നെ മാറ്റിയെടുക്കാം എന്ന് വ്യാമോഹിക്കുന്ന ഒരു വിമതശക്തിയായി തന്നെയാണ് അന്ന് സോഷ്യൽ ഡെമോക്രസി നിലനിന്നത്. അവരുടെ വിമതരാഷ്ട്രീയത്തിന് തൊഴിലാളിവർഗ്ഗത്തിലെ ഒരു ഗണ്യമായ വിഭാഗത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു താനും. മുതലാളിത്തവ്യവസ്ഥയിലെ ഈ വിമതസ്ഥാനം ആണ് അന്ന് സോഷ്യൽ ഡെമോക്രസിക്ക് നേരിയ തോതിലാണെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ നിറം കൊടുത്തത്. ഇതാണ് ജനകീയ മുന്നണിയിൽ അവരെ ഉൾപ്പെടുത്താനുള്ള ആശയത്തിന്റെ അടിസ്ഥാനവും. എന്നാൽ ഇന്നത്തെ സ്ഥിതി എന്താണ്?

ഇന്ന് സോഷ്യൽ ഡെമോക്രസി ലോകമെമ്പാടും ഭരണവർഗ്ഗത്തിന്റെ ഭാഗം തന്നെയാണ്. തൊള്ളായിരത്തി അൻപതുകളോട് കൂടി സോഷ്യൽ ഡെമോക്രസി യൂറോപ്പിൽ ഒരു ഭരണവർഗ്ഗപാർട്ടിയായി മാറി. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ഭരണവും ദേശീയ രാഷ്ട്രീയത്തിലെ പ്രാധാന്യവും ഇന്ത്യയിലും ഇടതുപക്ഷത്തെ അധികാരത്തിന്റെ ഇടനാഴികളിലെ സ്ഥിരസാന്നിധ്യമാക്കി മാറ്റി. മുതലാളിത്തത്തിന്റെ അകത്ത് നിന്നുകൊണ്ടുള്ള പരിവർത്തനം എന്ന പരിമിതമായ ലക്‌ഷ്യം പോലും ഉപേക്ഷിച്ച് ലോക സോഷ്യൽ ഡെമോക്രസിയും ഇന്ത്യൻ ഇടതുപക്ഷവും സംഘടിത തൊഴിലാളികളുടെ (പ്രേത്യേകിച്ച് സർക്കാർ ജോലിക്കാരുടെ) സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന കുമിളയിലേക്ക് ചുരുങ്ങി. മുതലാളിത്ത ഉൽപ്പാദന ബന്ധങ്ങളുടെ പുനരുൽപ്പാദനത്തിൽ മുതലാളിവർഗ്ഗത്തിന് ഉള്ളത് പോലെ തന്നെ താൽപ്പര്യം ഇടതുപക്ഷത്തിനും ഉണ്ടായിത്തുടങ്ങി. അവർ പൂർണ്ണമായും മുതലാളിത്ത വ്യവസ്ഥയുടെ ഗുണഭോക്താക്കളായി മാറി. ആഗോള മുതലാളിത്തത്തിന്റെ നവലിബറൽ പരിണാമം സോഷ്യൽ ഡെമോക്രസിയുടെ ജീർണ്ണത പൂർണ്ണമാക്കി. ഇന്ന് വലതുപക്ഷ ശക്തികളേക്കാൾ ഒരു പടി അധികം ആവേശത്തോടെ നവലിബറൽ നയങ്ങൾക്കായി പ്രവർത്തിക്കുന്നത് സോഷ്യൽ ഡെമോക്രസി ആണ്. ഇത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സ്വഭാവത്തിലും വളരെ പ്രകടമാണ്. ആദ്യം ബംഗാളിലും ഇപ്പോൾ കേരളത്തിലും എങ്ങനെയാണ് ഇടതുപക്ഷം മുതലാളിത്ത വികസനത്തിന്റെ വാഴ്ത്ത് പാട്ടുകാരായി അധഃപതിച്ചത് എന്നത് നമുക്ക് അറിയാവുന്നതാണ്.

ഇന്ത്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷം ഇന്ന് മുതലാളിത്ത ഭരണവർഗ്ഗവുമായി പൂർണ്ണമായും ഐക്യപ്പെട്ടിരിക്കുകയാണ്. തൊള്ളായിരത്തി മുപ്പതുകളിൽ യൂറോപ്യൻ സോഷ്യൽ ഡെമോക്രസിക്ക് ഉണ്ടായിരുന്ന ചെറിയ വിമത സ്വഭാവത്തിന്റെ ലാഞ്ഛന പോലും ഇന്നത്തെ ഇന്ത്യൻ ഇടതുപക്ഷത്തിന് ഇല്ല. മാത്രമല്ല ഭരണം കൈയ്യാളുന്ന കേരളത്തിൽ ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക വൈരുദ്ധ്യങ്ങളും പ്രായോഗിക തലത്തിലെ ജീർണ്ണതയും ദിനം പ്രതി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്. സോഷ്യൽ ഡെമോക്രസിയുടെ കെയ്‌നീഷ്യൻ നയങ്ങളും നവലിബറൽ മുതലാളിത്തത്തിന്റെ അടിസ്ഥാന ധാരണകളും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അതിൽ നിന്നും പുറത്തുകടക്കാൻ ജനങ്ങളുടെ ചുമലിൽ പരോക്ഷ നികുതിയുടെ വലിയ ഭാരം കയറ്റി വെക്കുന്നതിലേക്കും നയിക്കുന്നത്. അതേ സമയം പ്രായോഗിക രാഷ്ട്രീയ രംഗത്ത് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മൂല്യച്യുതിയിലും മറ്റ് പാർട്ടികളെ പോലും കവച്ചു വെക്കുകയാണ് ഇടതുപക്ഷം. മാത്രവുമല്ല, വർഗ്ഗബോധത്തിലോ വർഗ്ഗ ഐക്യത്തിലോ അധിഷ്ഠിതമായ യാതൊരു തൊഴിലാളിവർഗ്ഗ പിന്തുണയും ഇന്ന് ഇടതുപക്ഷത്തിനില്ല. ട്രേഡ് യൂണിയൻ രംഗത്ത് നിന്നും സർക്കാർ ജീവനക്കാരിൽ നിന്നും കിട്ടുന്ന പിന്തുണ ആവട്ടെ സ്ഥാനമാനങ്ങൾക്കായുള്ളതോ മറ്റ് ഔദ്യോഗിക ലാഭങ്ങൾ ലക്ഷ്യമിട്ടുള്ളതോ ആണ്. ഈ പിന്തുണയുടെ ബലത്തിൽ കെട്ടിപ്പൊക്കിയ ഇടതുപക്ഷ സംഘടനാ ചട്ടക്കൂട് ചീട്ടു കൊട്ടാരം പോലെ തകർന്നടിയാൻ അധികസമയം വേണ്ട എന്നത് ബംഗാളിലെ അനുഭവം നമ്മളെ പഠിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സൈദ്ധാന്തിക-രാഷ്ട്രീയ-സംഘടനാ ജീർണ്ണതയുടെ പടുകുഴിയിൽ വീണുകിടക്കുന്ന ഇടതുപക്ഷത്തെ കൂട്ടു പിടിച്ച് ഫാഷിസ്റ്റ് വിരുദ്ധ ജനകീയ മുന്നണി ഉണ്ടാക്കാം എന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിൽ ആണ്. അത്തരം ശ്രമങ്ങൾ ഇടതുപക്ഷ ജീർണ്ണതയുടെ ബാദ്ധ്യത മുഴുവൻ തൊഴിലാളിവർഗ്ഗത്തിന്റെ തലയിൽ ഇടുന്നതിനേ ഉപകരിക്കൂ. ഇപ്പോൾ തന്നെ തങ്ങൾ "കമ്മ്യൂണിസ്റ്റു"കാരാണ് എന്ന ഇടതുപക്ഷത്തിന്റെ മണ്ടൻ അവകാശവാദം ജനമനസ്സുകളിൽ ഇടതുപക്ഷജീർണ്ണതയുടെ ബാദ്ധ്യത മാർക്സിസം-കമ്മ്യൂണിസത്തിനുമേൽ ചാർത്താനുള്ള പ്രവണതക്ക് കാരണമാവുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ജനകീയ മുന്നണി അടക്കമുള്ള ഒരു നയത്തിനും ഇന്ന് ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റം കെട്ടിപ്പടുക്കാൻ ആവില്ല.
 
സോഷ്യൽ ഡെമോക്രസിയുമായി ചേർന്നുള്ള ജനകീയ മുന്നണിയുടെ സാദ്ധ്യത ഇന്ന് നിലനിൽക്കുന്നില്ല എന്നത് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷമായോ ലിബറൽ ജനാധിപത്യ പാർട്ടികളുമായോ ചേർന്നുകൊണ്ടുള്ള സകല ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളും തൊഴിലാളിവർഗ്ഗത്തിന് നിഷിദ്ധമാണ് എന്ന് അർത്ഥമില്ല. നിർദ്ദിഷ്ട പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളിൽ ഇത്തരം രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് നിൽക്കുന്നതിൽ യാതൊരു ശരികേടും ഇല്ല. എന്നാൽ അത്തരം വേദികളിലും സമരമുഖങ്ങളിലും ഫാഷിസ്റ്റ് വിരുദ്ധ സമരത്തെ വ്യവസ്ഥയുടെ സീമകൾക്കകത്ത് ഒതുക്കാൻ ലിബറൽ കക്ഷികളും ഇടതുപക്ഷവും ശ്രമിക്കുമ്പോൾ വർഗ്ഗപരമായ കാഴ്ചപ്പാട് അവതരിപ്പിക്കാനും അതിനെ വിപ്ലവകരമായ രീതിയിൽ തിരിച്ചു വിടാനും ആണ് മാർക്സിസം ശ്രമിക്കേണ്ടത്. തൊഴിലാളിവർഗ്ഗത്തിന്റെ സ്വതന്ത്ര നിലപാട് അത്തരം സമരമുഖങ്ങളിൽ ഉയർത്തുകയും അതുവഴി ലിബറൽ-ഇടതുപക്ഷ നിലപാടുകളുടെ പൊള്ളത്തരം തുറന്നു കാണിക്കാൻ ശ്രമിക്കുകയും ചെയ്യണം.

"തൊഴിലാളിവർഗ്ഗ ഐക്യമുന്നണി" - ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള യഥാർത്ഥ പ്രതിരോധം
 
ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള യഥാർത്ഥ ശക്തി ഏതാണ്? ഫാഷിസം എന്നത് പ്രതിസന്ധിയിൽ പെട്ടുലയുന്ന മുതലാളിവർഗ്ഗത്തിന്റെ ആസുരമായ സ്വേച്ഛാധിപത്യം ആയത് കൊണ്ടുതന്നെ അതിന്റെ യഥാർത്ഥ വൈപരീത്യം സമരോൽസുകമായ തൊഴിലാളിവർഗ്ഗമാണ്. ഫാഷിസത്തിനെതിരെ ഇടതുപക്ഷം മുന്നോട്ടു വെക്കുന്നത് ജനാധിപത്യം, ഭരണഘടന, നിയമവാഴ്ച, മതേതരത്വം, ശാസ്ത്രമനോഭാവം തുടങ്ങിയ ലിബറൽ പരിഹാരങ്ങൾ ആണ്. ഇതൊന്നും വേണ്ട എന്നല്ല; ഇവയെല്ലാം തന്നെ ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിലെ മുദ്രാവാക്യങ്ങൾ തന്നെയാണ്. പക്ഷെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ലിബറൽ മുദ്രാവാക്യങ്ങൾ അല്ല. ഗ്രാംഷി പറഞ്ഞത് പോലെ, "The liquidation of fascism must be the liquidation of the bourgeoisie that created it". മുതലാളിത്ത ജീർണ്ണതയുടെ സൃഷ്ടി ആയ ഫാഷിസത്തിനെതിരെ ഉള്ള പോരാട്ടം മുതലാളിത്തത്തിന്റെ അതിവർത്തനത്തിനായുള്ള പോരാട്ടമല്ലാതെ മറ്റൊന്നുമല്ല. ഈ പോരാട്ടമാണ് ഫാഷിസത്തിനെതിരെ ഉള്ള യഥാർത്ഥ വർഗ്ഗസമരം; അത് നയിക്കാൻ മുതലാളിത്ത വ്യവസ്ഥയുടെ ഗുണഭോക്താക്കളായ ഇടതുപക്ഷത്തിനോ അവരുമായി ചേർന്നുള്ള ജനകീയ മുന്നണിക്കോ ആവില്ല, തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് മാത്രമേ ആവൂ.

അത് കൊണ്ട് തന്നെ ഇന്ന് ഹിന്ദുത്വ ഫാഷിസത്തെ പ്രതിരോധിക്കാനുള്ള യഥാർത്ഥ തൊഴിലാളിവർഗ്ഗ നയം "തൊഴിലാളിവർഗ്ഗ ഐക്യമുന്നണി" (united front of the working class) എന്ന ആശയമാണ്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തിക അടിസ്ഥാനവും സമരോൽസുകമായ വിപ്ലവബോധവും സമന്വയിപ്പിക്കുന്ന തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളെയും ചെറു ഗ്രൂപ്പുകളെയും യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയും അത്തരം ഒരു ഐക്യ മുന്നണിയുടെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗത്തെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിൽ അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഏറ്റവും പ്രധാനം, അനുദിനം തൊഴിലാളിവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പെറ്റി ബൂർഷ്വസിയിലെ താഴെത്തട്ടിലുള്ള ഭൂരിപക്ഷത്തെ ഈ ഐക്യമുന്നണിയോട് അടുപ്പിക്കുകയും മുതലാളിത്ത-ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ്. ഈ ഐക്യമുന്നണിയുടെ സഹായത്തോടെ ഫാഷിസത്തിന് ഒരു വിപ്ലവകരമായ ബദൽ മുന്നോട്ടു വെച്ചുകൊണ്ട് ഫാഷിസം / ഇടതുപക്ഷം എന്ന വ്യാജ ദ്വന്ദ്വത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചേ മതിയാവൂ. സിസേക് അഭിപ്രായപ്പെട്ടത് പോലെ: ".... we also reject the blackmail of the established Left which enjoins us to support them as the only way to stop the Right.... the negation of the Left does not give us the Right again, but rather a non-left which is of the Left more than the (established) Left itself."
 
(2023 ഫെബ്രുവരി 01-15 ലക്കം "ജനശക്തി" പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിപുലീകരിച്ച പതിപ്പ്)

Tuesday, 13 December 2022

വികസവിരുദ്ധതയിൽ നിന്നും വികസനാസക്തിയിലേക്ക് - ഇടതുപക്ഷപരിണാമത്തിന്റെ വർഗ്ഗയുക്തി

ബിപിൻ ബാലറാം 


ഇന്ന് കേരളീയസമൂഹത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയസമസ്യ ഇടതുപക്ഷത്തിന്റെ വേഷപ്പകർച്ചയാണ്. രണ്ട് ദശകങ്ങൾ മുൻപ് വരെ "വികസനവിരുദ്ധത" എന്ന ലേബൽ ഒരൽപ്പം അഭിമാനത്തോടെ നെഞ്ചേറ്റിയിരുന്ന ഇടതുപക്ഷം ഇന്ന് വികസനോന്മാദത്തിന്റെ പിടിയിലാണ്. ഇത് പെട്ടെന്നൊരു ദിവസം ഉണ്ടായ മാറ്റമല്ല. "വികസനം" എന്ന പ്രയോഗത്തിൽ അന്തർലീനമായ രാഷ്ട്രീയപ്രത്യയശാസ്ത്രത്തെ ഉപാധികളോടെ പുൽകിക്കൊണ്ടാണ് ഇടതുപക്ഷം ഇതിന് തുടക്കം കുറിച്ചത്. "ജനപക്ഷവികസനം", "സമഗ്രവികസനം", "സുസ്ഥിരവികസനം" തുടങ്ങിയ ഓമനപദങ്ങൾ വികസനാസക്തിയിലേക്കുള്ള ഇടതുപക്ഷത്തിന്റെ ആദ്യ ചുവടുവെപ്പുകൾ സുഗമമാക്കി. പിന്നീട് ഈ വിശേഷണങ്ങൾ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി; ഉപാധികളാൽ കളങ്കപ്പെടാത്ത പരിശുദ്ധ "വികസന"ത്തിന്റെ വിശ്വരൂപത്തെ ഇടതുപക്ഷം പുൽകി. എന്നാൽ തുടർഭരണലബ്ദി ഒരു പടി കൂടെ മുന്നോട്ടുപോവാൻ ഇടതുപക്ഷത്തിന് ധൈര്യം പകർന്നിരിക്കുകയാണ്. ചരിത്രത്തിന്റെ വിരോധാഭാസം പോലെ, ഇടതും വലതുമുള്ള തങ്ങളുടെ രാഷ്ട്രീയപ്രതിയോഗികൾക്ക് ഒന്നടങ്കം "വികസവിരുദ്ധർ" എന്ന പദവി ചാർത്തിക്കൊടുക്കുന്നത് ഇപ്പോൾ ഇടതുപക്ഷമാണ്!

എന്താണ് ഈ വേഷപ്പകർച്ചയുടെ അടിസ്ഥാന കാരണം? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താതെ ഇന്ന് കേരളത്തിൽ ഒരു പുരോഗമനമുന്നേറ്റവും സാദ്ധ്യമല്ല. ഈ മാറ്റത്തെ അടയാളപ്പെടുത്താൻ ഇന്ന് ഉപയോഗിക്കപ്പെടുന്ന പ്രധാന ആശയം "വലതുപക്ഷവ്യതിയാനം" എന്നതാണ്. പക്ഷെ ഇത് ഒരു പുനരുക്തി മാത്രമാണ്. വലതുപക്ഷവ്യതിയാനത്തിന്റെ അനന്തരഫലമാണ് ഈ വികസനാസക്തി എങ്കിൽ, ഈ വ്യതിയാനത്തിന്റെ കാരണമെന്ത് എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. ഇടതുപക്ഷ നേതൃത്വം ജനങ്ങളിൽ നിന്നും അകന്നു പോയതിന്റെ ഫലമാണ് ഈ വ്യതിയാനം എന്നതാണ് ഒരു പ്രബലമായ അഭിപ്രായം. ഈ വാദത്തിൽ നിന്നും ഉരുത്തിരിയുന്ന സ്വാഭാവികമായ നിഗമനം, ഇന്നത്തെ നേതൃത്വം മാറി "പണ്ട"ത്തെപ്പോലെയുള്ള "നല്ല" നേതാക്കൾ അമരത്തേക്ക് വന്നാൽ ഇടതുപക്ഷത്തിന് അതിന്റെ ജനപക്ഷചായ്‌വ്‌ തിരിച്ചു പിടിക്കാനാവും എന്നതാണ്. അതുകൊണ്ടു തന്നെ ഈ അഭിപ്രായം വെച്ച് പുലർത്തുന്നവരെ സംബന്ധിച്ചെടുത്തോളം "വലതുപക്ഷവ്യതിയാന"ത്തിനെതിരെ ഉള്ള പോരാട്ടം ഇന്നത്തെ ഇടതുപക്ഷനേതൃത്വതിനെതിരെ ഉള്ള പോരാട്ടമായി ചുരുങ്ങുന്നു.



എന്നാൽ ഇത് മാർക്സിസ്റ്റ്‌ രീതിശാസ്ത്രത്തിന് കടകവിരുദ്ധമായ ഒരു വിശകലനമാണ്‌. ഉദാഹരണത്തിന്, നരേന്ദ്രമോദി നേതൃത്വത്തിലേക്ക് വന്നതാണ് ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസം ശക്തിപ്പെടാനുള്ള കാരണം എന്നത് അബദ്ധജഢിലമായ വാദമാണ്. മാർക്സിസത്തെ സംബന്ധിച്ചെടുത്തോളം, ഫാഷിസത്തിന്റെ ശക്തിപ്പെടലിന് അനുയോജ്യമായ ഒരു വസ്തുനിഷ്ഠ സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക അവസ്ഥ ഇന്ത്യയിൽ രൂപപ്പെട്ടപ്പോഴാണ് നരേന്ദ്രമോദിയെപ്പോലെ ഒരാൾ അതിന്റെ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ "വ്യതിയാന"ത്തിന്റെ കാര്യത്തിലും ഈ യുക്തി പ്രധാനമാണ്. ഇടതുപക്ഷ വേഷപ്പകർച്ചയുടെ അടിസ്ഥാന കാരണം നേതൃത്വമല്ല. വർഗ്ഗപരവും വസ്തുനിഷ്ഠവുമായ കാരണങ്ങൾ കൊണ്ട് ഈ വേഷപ്പകർച്ച സംഭവിക്കുമ്പോൾ അതിന് വേഗം പകരാൻ തക്കവണ്ണം മുതലാളിത്തചായ്‌വുള്ള ഒരു നേതൃത്വം ഉരുത്തിരിഞ്ഞു വരുന്നു എന്നതാണ് യാഥാർഥ്യം. ഈ വികസനാസക്തിയുടെ മൂർത്തീകൃതരൂപം എന്ന നിലക്ക് ഇടതുപക്ഷനേതൃത്വത്തെ നിശിതവിമർശനത്തിന് വിധേയമാക്കേണ്ടത് ആത്യാവശ്യമാണ്; എന്നാൽ നേതൃമാറ്റം കൊണ്ട് ഇടതുപക്ഷത്തിന് "പഴയ" ജനകീയാഭിമുഖ്യം തിരിച്ചു കിട്ടും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അതുകൊണ്ടുതന്നെ, വിശകലനം ചെയ്യപ്പെടേണ്ടത് ഇടതുപക്ഷത്തെ വികസനപാളയത്തിലേക്ക് കൊണ്ടെത്തിച്ച വസ്തുനിഷ്ഠമായ കാരണങ്ങൾ ആണ്. ഇടതുപക്ഷത്തിന്റെ വേഷപ്പകർച്ചയെ വിമർശിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വ്യത്യസ്തവിശകലനങ്ങളുടെയെല്ലാം പൊതുവായ സ്വഭാവം അവയിലെ വർഗ്ഗപരമായ ഉള്ളടക്കത്തിന്റെ അഭാവമാണ്. ഇടതുപക്ഷത്തെ ഇന്ന് ബാധിച്ചിരിക്കുന്ന വികാസാസക്തിയുടെ യഥാർത്ഥ അടിസ്ഥാനം അനാവരണം ചെയ്യുവാൻ വർഗ്ഗവിശകലനത്തിന്റെ സഹായത്താൽ മാത്രമേ ആവുകയുള്ളൂ. ഇതിന്റെ ആദ്യപടി ഇടതുപക്ഷം എന്ന രാഷ്ട്രീയ സഖ്യത്തിന്റെ വർഗ്ഗസ്വഭാവം കൃത്യമായി അടയാളപ്പെടുത്തുക എന്നതാണ്.

ഇടതുപക്ഷം - സോഷ്യൽ ഡെമോക്രസിയുടെ ലക്ഷണമൊത്ത ഉദാഹരണം!

കേരളീയ പൊതുബോധത്തിന് ഇടതുപക്ഷം എന്നത് തൊഴിലാളിവർഗ്ഗ ചായ്‌വ് വെച്ചുപുലർത്തുന്ന ഒരു മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് സഖ്യമാണ്. ഈ ധാരണ സമൂഹത്തിൽ നിലനിർത്താൻ ഇടതുപക്ഷപാർട്ടികൾ നന്നേ പാടുപെടുന്നതായും നമുക്ക് കാണാം. ഇടതുപക്ഷത്തെ പ്രധാന രണ്ട് പാർട്ടികളുടെയും പേരുകളിൽ കമ്മ്യൂണിസം ഉണ്ടെന്നും അവരുടെ കൊടിയുടെ നിറം ചുവപ്പാണെന്നുള്ളതും ഒഴിച്ചാൽ ഈ പൊതുബോധത്തിന് ഇന്ന് വലിയ സാംഗത്യമൊന്നും ഇല്ല. യഥാർത്ഥത്തിൽ ഇടതുപക്ഷം എന്നത് ഒരു സോഷ്യൽ ഡെമോക്രാറ്റിക്‌ സഖ്യമാണ്; ഇടതുപക്ഷത്തെ പ്രബലമായ പാർട്ടികളായ സിപിഎം, സിപിഐ എന്നിവ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളാണ്. ഇൻഗൊ ഷ്മിഡ് സോഷ്യൽ ഡെമോക്രസിയെ കുറിച്ചുള്ള  തന്റെ പുതിയ പുസ്തകം തുടങ്ങുന്നത് തന്നെ "Social democracy is a paradoxical creature" എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ്. സോഷ്യൽ ഡെമോക്രസിയെ അടയാളപ്പെടുത്തുന്ന ഈ വൈപരീത്യസ്വഭാവം അതിന്റെ വർഗ്ഗസ്വത്വത്തിന്റെ പ്രതിഫലനം മാത്രമാണ്. മാർക്സിന്റെ ഒരു പഴയ പ്രയോഗം കടമെടുത്താൽ, മുതലാളിത്തത്തെ മുതലാളിത്തത്തിൽ നിന്ന് രക്ഷിക്കാൻ ആവും എന്ന വ്യാമോഹം വെച്ച് പുലർത്തുന്ന രാഷ്ട്രീയകക്ഷി ആണ് സോഷ്യൽ ഡെമോക്രസി. മുതലാളിത്തത്തിന്റെ പ്രശ്നങ്ങൾ അതിന്റെ ഘടനാപരമായ വൈരുദ്ധ്യങ്ങളിൽ നിന്നും ഉടലെടുക്കുന്നതാണെന്നും, മുതലാളിത്ത വ്യവസ്ഥയെ അതിവർത്തിച്ചു കൊണ്ട് മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്നും മാർക്സിസം വാദിക്കുമ്പോൾ, ഈ പ്രശ്‌നങ്ങളെല്ലാം "നല്ല ഭരണം" കൊണ്ട് മുതലാളിത്തത്തിനുള്ളിൽ തന്നെ പരിഹരിക്കാൻ സാധിക്കും എന്ന് സോഷ്യൽ ഡെമോക്രസി വ്യാമോഹിക്കുന്നു. ഇടതുപക്ഷത്തിന്റെ "എൽഡിഎഫ് വരും, എല്ലാം ശരിയാവും" എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഈ സോഷ്യൽ ഡെമോക്രറ്റിക് വ്യാമോഹത്തിന്റെ മകുടോദാഹരണമാണ്. മാർക്സിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം വർഗ്ഗസമരമാണെങ്കിൽ സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിന്റെ മുഖമുദ്ര തന്നെ മുതലാളിത്ത വ്യവസ്ഥയുമായുള്ള അനുരഞ്ജനമാണ്.    

സോഷ്യൽ ഡെമോക്രസിയുടെ ഈ രാഷ്ട്രീയ സവിശേഷതകൾ തന്റെ 18th Brumaire of Louis Bonaparte എന്ന കൃതിയിൽ മാർക്സ് വരച്ചിടുന്നുണ്ട്: "മൂലധനവും കൂലിവേലയും പ്രതിനിധാനം ചെയ്യുന്ന രണ്ട് ധ്രുവങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ഉപകരണങ്ങൾ ആയി ജനാധിപത്യ-റിപ്പബ്ലിക്കൻ സ്ഥാപനങ്ങളെ കാണുന്നതിന് പകരം ഈ ധ്രുവങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തെ ദുർബ്ബലപ്പെടുത്താനും അതുവഴി അവയെ അനുരഞ്ജിപ്പിക്കാനും ഉള്ള ഉപാധിയായി അവയെ കാണുന്നു എന്നതാണ് സോഷ്യൽ ഡെമോക്രസിയുടെ പ്രധാന സവിശേഷത. ഈ ലക്‌ഷ്യം നേടുന്നതിന് വേണ്ടി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ എന്തൊക്കെ ആയാലും, വിപ്ലവകരം എന്ന് തോന്നിക്കുന്ന സങ്കല്പങ്ങൾ കൊണ്ട് അവയെ എത്രതന്നെ അലങ്കരിക്കാൻ ശ്രമിച്ചാലും, അവയുടെ ഉള്ളടക്കം ഒന്ന് തന്നെ ആണ്. ഈ ഉള്ളടക്കം എന്നത് പൂർണ്ണമായും പെറ്റിബൂർഷ്വ സീമകൾക്കകത്ത് നിന്നുകൊണ്ടുള്ള സമൂഹത്തിന്റെ ജനാധിപത്യപരമായ പരിവർത്തനമാണ്." അതായത്, സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിൽ യാതൊരു താല്പര്യവും ഇല്ലാത്ത, ജനാധിപത്യ സ്ഥാപനങ്ങൾ ഉപയോഗിച്ച് മുതലാളിത്തത്തെ പടിപടിയായി പരിഷ്കരിച്ച് സോഷ്യലിസമാക്കി മാറ്റാം എന്ന പെറ്റിബൂർഷ്വ വ്യാമോഹമാണ് സോഷ്യൽ ഡെമോക്രസിയുടെ ആണിക്കല്ല്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും ആവാതെ മുതലാളിത്തത്തെ തൊണ്ടയിൽ കൊണ്ട് നടക്കുക എന്നതാണ് സോഷ്യൽ ഡെമോക്രസിയുടെ വിധി; ഇതാണ് ഇൻഗൊ ഷ്മിഡ് സൂചിപ്പിക്കുന്ന paradoxical സ്വഭാവത്തിന്റെ കാരണവും. മാർക്സിസവും സോഷ്യൽ ഡെമോക്രസിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ താഴെയുള്ള പട്ടികയിൽ സൂചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്:


 

മാർക്സിസം

സോഷ്യൽ ഡെമോക്രസി 

വർഗ്ഗ അടിസ്ഥാനം 

 തൊഴിലാളിവർഗ്ഗം

പെറ്റി ബൂർഷ്വസി 

 രാഷ്ട്രീയം

 വർഗ്ഗസമരം

വർഗ്ഗ അനുരഞ്ജനം 

ലക്‌ഷ്യം

മുതലാളിത്തത്തിന്റെ അതിവർത്തനം 

മുതലാളിത്തത്തിന്റെ പരിഷ്കരണം 


സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയ ധർമ്മം

മുതലാളിത്ത വ്യവസ്ഥയിൽ എന്താണ് സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയ ധർമ്മം എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഗ്രീക്ക് മാർക്സിസ്റ്റ് ചിന്തകനായ നിക്കോസ് പൗളാൻസാസ് ഫാഷിസത്തെ കുറിച്ചുള്ള തന്റെ Fascism and Dictatorship എന്ന പ്രശസ്തമായ പഠനത്തിൽ ഇത് അന്വേഷിക്കുന്നുണ്ട്: ".... തൊഴിലാളി വർഗ്ഗത്തിനുള്ളിൽ ബൂർഷ്വ പ്രത്യയശാസ്ത്രം കുത്തിനിറയ്ക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട ഒന്നോ അതിലധികമോ ideological state apparatuses എല്ലായ്പ്പോഴും ബൂർഷ്വ ഭരണകൂടത്തിന്റെ കൈപ്പിടിയിൽ ഉണ്ട്. സോഷ്യൽ ഡെമോക്രാറ്റിക്‌ സ്വഭാവമുള്ള ഒരു പാർട്ടി എന്നത് .... ബൂർഷ്വ ഭരണകൂടത്തിന്റെ പക്കലുള്ള അത്തരം ഒരു ഉപകരണം മാത്രമാണ്" എന്ന് അദ്ദേഹം പറയുന്നു. ലൂയി അൽതുസ്സറിന്റെ പ്രശസ്തമായ ideological state apparatus എന്ന ആശയത്തെ ഉപയോഗിച്ചാണ് പൗളാൻസാസ് സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയധർമ്മം വ്യക്തമാക്കുന്നത്. ഗവണ്മെന്റ്, പോലീസ്, പട്ടാളം, നിയമവ്യവസ്ഥ തുടങ്ങിയ ഭരണകൂട മർദ്ദനോപാധികളുടെ (repressive state apparatuses) സഹായത്താൽ മാത്രം ബൂർഷ്വസിക്ക് അവരുടെ ഭരണം നിലനിർത്താൻ ആവില്ല. മുതലാളിത്തവ്യവസ്ഥയുടെ സ്വഭാവത്തെയും സാദ്ധ്യതകളേയും സുസ്ഥിരതയെയും കുറിച്ച് തൊഴിലാളിവർഗ്ഗത്തിനുള്ളിൽ തെറ്റിദ്ധാരണകളും വ്യാമോഹവും ഉൽപ്പാദിപ്പിക്കേണ്ടത് അതിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. മതസ്ഥാപനങ്ങൾ, കുടുംബം, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സിനിമ പോലുള്ള വിനോദോപാധികൾ, മാധ്യമങ്ങൾ  എന്നിവയെല്ലാം ഇതിനായുള്ള പ്രത്യയശാസ്ത്ര ഉപകരണങ്ങൾ (ideological apparatus) ആയാണ് ഈ വ്യവസ്ഥക്കുള്ളിൽ പ്രവർത്തിക്കുന്നത്. ഈ ഗണത്തിൽ പെട്ട ഒരു പ്രത്യയശാസ്ത്ര ഉപകരണമാണ് സോഷ്യൽ ഡെമോക്രസിയും.

സോഷ്യൽ ഡെമോക്രസി ഈ ധർമ്മം നിറവേറ്റുന്നത് മുതലാളിത്തത്തിന്റെ ഘടനാപരമായ പ്രശ്നങ്ങൾക്ക് ഈ വ്യവസ്ഥക്കുള്ളിൽ തന്നെ പരിഹാരമുണ്ട് എന്ന വ്യാമോഹം ജനങ്ങളിൽ, പ്രത്യേകിച്ച് അദ്ധ്വാനിക്കുന്നവരിൽ, കുത്തിനിറച്ച് കൊണ്ടാണ്. വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ മൂലം ദൈനദിനമായി ബുദ്ധിമുട്ടനുഭവിക്കുന്ന അദ്ധ്വാനവർഗ്ഗത്തിന്റെ വർഗ്ഗബോധം വ്യവസ്ഥയുടെ അതിവർത്തനം എന്ന തലത്തിലേക്ക് ഉയരാതെ അതിന്റെ പരിഷ്കരണം എന്ന വ്യാമോഹത്തിൽ തളച്ചിടപ്പെടുന്നതിൽ സോഷ്യൽ ഡെമോക്രസി പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതുകൊണ്ടാണ് ലെനിൻ സോഷ്യൽ ഡെമോക്രസിയെ വർഗ്ഗവഞ്ചകർ എന്ന് വിളിച്ചത്. പൗളാൻസാസിന്റെ വാക്കുകളിൽ, " സോഷ്യൽ ഡെമോക്രാറ്റിക്‌ സ്വഭാവമുള്ള പാർട്ടി എന്നത്, 1921ൽ ലെനിൻ കൊടുത്ത നിർവ്വചനം പ്രകാരം, ബൂർഷ്വ നയങ്ങൾ നടപ്പാക്കുന്ന ഒരു "തൊഴിലാളിവർഗ്ഗ" പാർട്ടി ആണ്; അതായത് തൊഴിലാളിവർഗ്ഗത്തിനുള്ളിലെ "വർഗ്ഗവഞ്ചകർ"". അദ്ധ്വാനവർഗ്ഗത്തിന്റെ വിപ്ലവോന്മുഖതയെ ഊതിക്കെടുത്തുക എന്ന സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗദൗത്യം ഇരുപതാം നൂറ്റാണ്ടിലെ എല്ലാ പ്രധാന ചരിത്രസന്ധികളിലും അവർ ഭംഗിയായി നടപ്പാക്കിയിട്ടുണ്ട്. 1919ലെ ജർമ്മൻ വിപ്ലവത്തെ ചോരയിൽ മുക്കിയതും, റോസാ ലക്സംബർഗിനെ വധിച്ചതും മുതലിങ്ങോട്ട് സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗവഞ്ചനയുടെ ഒട്ടനവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് "ഇരുപതാം നൂറ്റാണ്ടിലുടനീളം മുതലാളിത്തത്തിനെതിരായ കമ്മ്യൂണിസ്റ്റ് ഭീഷണിയെ ചെറുക്കാൻ അണിനിരത്തപ്പെട്ട ഒരു ഉപകരണമായിരുന്നു സോഷ്യൽ ഡെമോക്രസി എന്ന് നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു" എന്ന് സ്ലാവോയ്‌ സിസക് കുറച്ച് മുൻപ് അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്ന ആർക്കും അതിന്റെ സോഷ്യൽ ഡെമോക്രറ്റിക് സ്വഭാവം എളുപ്പത്തിൽ വ്യക്തമാവും. മുതലാളിത്ത വ്യവസ്ഥയെ അതിവർത്തിക്കാനുള്ള യാതൊരു അജണ്ടയും ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഇല്ല. മാത്രമല്ല, ഇടതുപക്ഷ പാർട്ടികൾ ഇന്ന് ആ വ്യവസ്ഥയുടെ ഭാഗവും അതിന്റെ ഗുണഭോക്താക്കളും ആണ്. ഈ വ്യവസ്ഥയുടെ പ്രശ്നങ്ങൾ "നല്ല ഭരണം" കൊണ്ട് പരിഹരിക്കാനാവും എന്ന വ്യാമോഹം പ്രചരിപ്പിക്കുന്നതിൽ ഇടതുപക്ഷം മുൻപന്തിയിൽ ആണ് താനും. അങ്ങനെ, ഇടതുപക്ഷം ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർവ്വഹിക്കുന്നത് സോഷ്യൽ ഡെമോക്രസിയുടെ ധർമ്മമാണ്.  

മാർക്സിസത്തിൽ നിന്നും സോഷ്യൽ ഡെമോക്രസിയിലേക്ക് - യൂറോപ്പിയൻ മാതൃക

തൊഴിലാളി വർഗ്ഗബോധത്തെ വ്യവസ്ഥക്കിണങ്ങും വിധം മയപ്പെടുത്തുക എന്ന സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയ ധർമ്മം ഫലപ്രദമായി നടപ്പാക്കാൻ അവരെ സഹായിക്കുന്നത് "കമ്മ്യൂണിസ്റ്റ്-മാർക്സിസ്റ്റ്" എന്ന ലേബൽ ആണ്. അടിച്ചമർത്തപ്പെടുന്നവരുടെ ഇടയിൽ ഈ ലേബൽ പ്രദാനം ചെയ്യുന്ന വിശ്വാസ്യത ചെറുതല്ല. കേരളത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ പോലും (പ്രത്യേകിച്ച് വലതുപക്ഷത്തുള്ളവർ) അവരെ അഭിസംബോധന ചെയ്യുന്നത് "കമ്മ്യൂണിസ്റ്റുകാർ" എന്നാണ്! ഇത് കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു ലേബൽ അല്ല; ചരിത്രത്തിന്റെ ശേഷിപ്പ് ആണ്. കാരണം, ലോകത്തിലെ തന്നെ എല്ലാ പ്രധാന സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളുടെയും തുടക്കം മാർക്സിസ്റ്റ് പാർട്ടികൾ ആയിട്ടാണ്. അതുകൊണ്ട് ഇടതുപക്ഷത്തെ വർഗ്ഗപരമായി മനസ്സിലാക്കാൻ കമ്മ്യൂണിസത്തിൽ നിന്നും സോഷ്യൽ ഡെമോക്രസിയിലേക്കുള്ള ഈ രൂപാന്തരത്തിന്റെ കാരണങ്ങൾ ആദ്യം പരിശോധിക്കേണ്ടതുണ്ട്.

ഈ രൂപാന്തരത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ആണ്. 1875ൽ രൂപീകൃതമായ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി (SPD) 1890 കളിൽ തന്നെ പൂർണ്ണമായും മാർക്സിസത്തിന്റെ സ്വാധീനത്തിൽ ആയിക്കഴിഞ്ഞിരുന്നു. എൻഗൽസിന്റെ മരണത്തിന് ശേഷം അന്ന് യൂറോപ്പിലെ ഏറ്റവും മാനിക്കപ്പെടുന്ന മാർക്സിസ്റ്റ് കാൾ കൗട്സ്കി ആയിരുന്നു SPDയുടെ അമരത്ത്. 1910 ത്തോട് കൂടി ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്സിസ്റ്റ്‌ പാർട്ടി ആയി SPD മാറി. എന്നാൽ ഈ "വളർച്ച" തന്നെയാണ് പതുക്കെ SPD യുടെ വിപ്ലവോന്മുഖത ചോർത്തിക്കളഞ്ഞതും അതിനെ വ്യവസ്ഥയുടെ ഭാഗമാക്കിയതും. "The Lost Revolution" എന്ന തന്റെ പഠനത്തിൽ ഈ വളർച്ചയും അത് SPDയുടെ വർഗ്ഗസ്വഭാവത്തിൽ ഉണ്ടാക്കിയ മാറ്റവും ക്രിസ് ഹാർമാൻ വിശദീകരിക്കുന്നുണ്ട്: "10 ലക്ഷം അംഗങ്ങൾ, 45 ലക്ഷം വോട്ടർമാർ, 90 ദിനപത്രങ്ങൾ, ട്രേഡ് യൂണിയനുകൾ, സഹകരണ സംഘങ്ങൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, മ്യൂസിക് ക്ലബ്ബുകൾ, യുവജന സംഘടന, വനിതാ സംഘടന, നൂറുകണക്കിന് മുഴുവൻ സമയ ഉദ്യോഗസ്ഥർ, ഇവയെല്ലാം SPDയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിവർഗ സംഘടനയാക്കി മാറ്റിയിരുന്നു.... പക്ഷേ വർഷങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പാർട്ടി അംഗത്വത്തെ കാര്യമായി സ്വാധീനിച്ചു തുടങ്ങിയിരുന്നു: വിപ്ലവസിദ്ധാന്തങ്ങൾ എന്നത്.... പാർട്ടിയുടെ ദൈനംദിനമായ പ്രവർത്തനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത, മെയ്ദിന റാലികളിലും ഞായറാഴ്ച പ്രസംഗങ്ങളിലും മാത്രം പരാമർശിക്കപ്പെടുന്ന ഒന്നായി മാറി. പ്രധാന മുൻഗണന തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടുക എന്നതായി.... ഈ സാഹചര്യം വിപ്ലവോന്മുഖത ഇല്ലാത്ത പ്രവർത്തനങ്ങളിലേക്ക് മാത്രം പാർട്ടിയെ പരിമിതപ്പെടുത്തുന്ന വലിയ ഒരു വിഭാഗത്തെ പാർട്ടിക്കുള്ളിൽ സൃഷ്ട്ടിച്ചു.... കാലക്രമേണ ഈ വിഭാഗത്തിന്റെ കൈയ്യിലായി പാർട്ടിയുടെ കടിഞ്ഞാൺ...." ഒരു നൂറ്റാണ്ട് മുന്നേയുള്ള SPDയുടെ സ്ഥിതിയും കേരളത്തിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎംന്റെ, ഇന്നത്തെ അവസ്ഥയും തമ്മിൽ ഉള്ള സാമ്യം ഒരു യാദൃശ്ചികത അല്ല. മാർക്സിസ്റ്റ്‌ പാർട്ടികൾ സോഷ്യൽ ഡെമോക്രസിയിലേക്ക് തരം താഴുന്നത് മിക്കവാറും ഈ പ്രക്രിയയിലൂടെ ആണ്.

മുതലാളിത്തവ്യവസ്ഥക്കകത്തെ ദൈനംദിനമായ രാഷ്ട്രീയപ്രവർത്തനം തൊഴിലാളിവർഗ്ഗ പാർട്ടികളെപ്പോലും മെല്ലെ മെല്ലെ ആ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രം സ്വാംശീകരിക്കാനും തങ്ങളുടെ പ്രവർത്തനം വ്യവസ്ഥയുടെ ചട്ടക്കൂടിനകത്ത് പരിമിതപ്പെടുത്താനും പ്രേരിപ്പിക്കും. ഈ പ്രക്രിയകളിലൂടെ വ്യവസ്ഥ പ്രസ്ഥാനത്തെ വിഴുങ്ങുമ്പോൾ ആണ് മാർക്സിസ്റ്റ് പാർട്ടികൾ സോഷ്യൽ ഡെമോക്രസിയിലേക്ക് അധഃപതിക്കുന്നത് . മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ പ്രാബല്യം മൂലം ഉണ്ടാവുന്ന ഒരു വസ്തുനിഷ്ഠപ്രക്രിയയാണ് ഇത്. ഇത് തടയാൻ തൊഴിലാളിവർഗ്ഗ പാർട്ടികൾ മുതലാളിത്തവ്യവസ്ഥക്കകത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണം എന്നതാണ് തീവ്ര-ഇടതുപക്ഷ നിലപാട്. എന്നാൽ ഇത് മാർക്സിസത്തിന് നേരെ വിപരീതമായ, ലെനിന്റെ ഭാഷയിൽ പറഞ്ഞാൽ, വെറും ഒരു "infantile disorder" മാത്രമാണ്. ഈ പ്രശ്നത്തോടുള്ള യഥാർഥ മാർക്സിസ്റ്റ് നിലപാട് ലെനിന്റേതാണ്. ദൈനംദിന രാഷ്ട്രീയ-സാമൂഹിക പ്രവർത്തനവും ആത്യന്തികമായ രാഷ്ട്രീയ-സാമൂഹിക ലക്ഷ്യവമായുള്ള വൈരുദ്ധ്യാത്മബന്ധം എങ്ങനെ കാത്തുസൂക്ഷിക്കണം എന്നത് സൈദ്ധാന്തിക-പ്രായോഗിക തലങ്ങളിൽ കാണിച്ചു തന്നു എന്നതാണ് ലെനിനിന്റെ മൗലികമായ സംഭാവനകളിൽ ഒന്ന്. സംഘടന എന്നത് ലെനിനിനെ സംബന്ധിച്ചെടുത്തോളം ഈ വൈരുദ്ധ്യാത്മകബന്ധം അരക്കിട്ടുറപ്പിക്കാനുള്ള ഒരു ഉപകരണമാണ്. സംഘടനയിലൂടെ കൈവരുന്ന ഈ വൈരുദ്ധ്യാത്മക ബന്ധമാണ് മുതലാളിത്ത വ്യവസ്ഥക്കകത്തെ ദൈനംദിന പ്രവർത്തനങ്ങൾക്കിടയിലും മാർക്സിസ്റ്റ് പാർട്ടികളുടെ വിപ്ലവോന്മുഖത ചോർന്നു പോകാതെ കാത്തു സൂക്ഷിക്കുന്നത്. തൊഴിലാളിവർഗ്ഗ സംഘടനാതത്വങ്ങളെ കുറിച്ചുള്ള മൗലികവും ഗഹനവുമായ ഇത്തരം ലെനിനിസ്റ്റ് ചിന്തകളെ, എം. എൻ. വിജയൻ പറഞ്ഞത് പോലെ "അച്ചടക്കമുള്ള ചീമുട്ടകൾ" ഉണ്ടാക്കാനുള്ള ഒന്നാക്കി വികൃതമാക്കി എന്നത് കേരളീയ ഇടതുപക്ഷത്തിന്റെ വലിയ ഒരു "സംഭാവന" ആണ്. 

1910 ആവുമ്പോഴേക്കും SPDയുടെ സോഷ്യൽ ഡെമോക്രാറ്റിക്‌ പരിണാമം പൂർണമായിരുന്നു. 1914ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ SPDയുടെ മാർക്സിസ്റ്റ് വിരുദ്ധ നിലപാട് മറനീക്കി പുറത്തുവന്നു. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള യുദ്ധത്തിൽ തൊഴിലാളിവർഗ്ഗം കക്ഷിചേരേണ്ടതില്ല എന്ന ലെനിൻ അടക്കമുള്ളവരുടെ മാർക്സിസ്റ്റ് നിലപാടിന് വിപരീതമായി SPD യുദ്ധത്തിൽ ജർമൻ ഭരണവർഗ്ഗത്തിന്റെ പിന്നിൽ അണിനിരന്നു. യുദ്ധക്കെടുതികൾ കാരണം 1918-19ൽ പൊട്ടിപ്പുറപ്പെട്ട ജർമൻ വിപ്ലവത്തെ അടിച്ചമർത്താനും അതിന് നേതൃത്വം കൊടുത്ത റോസ ലക്സംബർഗ് അടക്കമുള്ളവരെ കൊന്നു തള്ളാനും മുൻപന്തിയിൽ നിന്നത് SPD ആണ്. 1914 മുതൽ 1950 കൾ വരെയുള്ള കാലയളവിൽ SPD ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തി ആയിട്ടാണ് പ്രവർത്തിച്ചത് എങ്കിലും തങ്ങൾ "മാർക്സിസ്റ്റ്" ആണ് എന്നാണ് അവർ അവകാശപ്പെട്ടത്. തങ്ങളുടെ സമ്മേളനങ്ങളിലും റാലികളിലും മറ്റും അവർ മാർക്സിന്റെ പേരും ചിത്രവും ഉപയോഗിച്ച് പൊന്നു. അതായത് ഇന്ത്യയിൽ ഇന്ന് സിപിഎം, സിപിഐ തുടങ്ങിയ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ പിന്തുടരുന്ന അതെ രാഷ്ട്രീയതന്ത്രം തന്നെയാണ് അൻപതുകൾ വരെ ജർമൻ SPDയും പിന്തുടർന്നത്. കാഴ്ചയിൽ "മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ്", യഥാർത്ഥത്തിൽ ജീർണ്ണിച്ച സോഷ്യൽ ഡെമോക്രസി. തൊഴിലാളികളുടെ പിന്തുണ ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു "മാർക്സിസ്റ്റ്" മുഖംമൂടി എന്നത് വ്യക്തം.

എന്നാൽ തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തോട് കൂടി ഈ മുഖംമൂടിയുടെ ആവശ്യമില്ലാതായി. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ സർവ്വനാശത്തെ തുടർന്ന് തൊഴിലാളിവർഗ്ഗ മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ ഭരണവർഗ്ഗം ഒരു ക്ഷേമരാഷ്ട്ര-മുതലാളിത്ത മാതൃക ആണ് അവലംബിച്ചത്. ഇത് രണ്ട് ദശകങ്ങൾ നീണ്ടു നിന്ന മുതലാളിത്തത്തിന്റെ സുവർണ്ണ ഘട്ടത്തിലേക്കാണ് യൂറോപ്പിനെ നയിച്ചത്. കെയ്‌നീഷ്യൻ ക്ഷേമസങ്കല്പങ്ങൾ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ പരിഹരിച്ചു എന്ന തെറ്റിദ്ധാരണ പടർത്താൻ ഇത് ഇടയാക്കി. മുതലാളിത്തത്തിന്റെ പ്രശ്നങ്ങൾ "ജനപക്ഷ" ഭരണം കൊണ്ട് പരിഹരിക്കാവുന്നവ മാത്രമാണെന്ന തങ്ങളുടെ അവകാശവാദത്തിന്റെ തെളിവ് ആയാണ് സോഷ്യൽ ഡെമോക്രസി ഈ സാഹചര്യത്തെ കണ്ടത്. ഈ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ആണ് SPD അടക്കമുള്ള യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ മാർക്സിസ്റ്റ് മുഖംമൂടി ഉപേക്ഷിക്കാൻ തയ്യാറാവുന്നത്. 1959ൽ നടന്ന പാർട്ടി കോൺഫെറൻസിൽ മാർക്സിസ്റ്റ്-സോഷ്യലിസ്റ്റ് ലേബലും വർഗ്ഗസമരത്തിൽ ഊന്നിയ രാഷ്ട്രീയവും SPD പൂർണ്ണമായും ഉപേക്ഷിച്ചു. ദൈനംദിന പ്രവർത്തനത്തിൽ 1914 മുതൽ തന്നെ ഇവയെല്ലാം SPD ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു; എന്നാൽ അവർ അത് തത്വത്തിൽ സമ്മതിക്കാൻ പിന്നെയും അര നൂറ്റാണ്ട് വേണ്ടി വന്നു. വ്യവസ്ഥയുടെ മാറ്റം എന്ന ലക്ഷ്യം കൈയൊഴിഞ്ഞ് വ്യവസ്ഥക്കുള്ളിൽ ക്ഷേമരാഷ്ട്രം നടപ്പാക്കുക എന്ന സങ്കുചിത താല്പര്യത്തിലേക്ക് SPD തത്വത്തിൽ തന്നെ ഒതുങ്ങി. 

യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ നിയോലിബറൽ ആശ്ലേഷണം

തള്ളായിരത്തി അറുപതുകളുടെ അവസാനം വരെ നീണ്ടു നിന്ന ക്ഷേമരാഷ്ട്ര-മുതലാളിത്തത്തിന്റെ അഭിവൃദ്ധി കാലത്ത് സോഷ്യൽ ഡെമോക്രസിക്ക് യൂറോപ്പിലുടനീളം വലിയ തോതിൽ രാഷ്ട്രീയ വളർച്ച നേടാനായി. എന്നാൽ അറുപതുകളുടെ അവസാനത്തോട് കൂടി കെയ്‌നീഷ്യൻ മുതലാളിത്ത മോഡലിന്റെ വൈരുദ്ധ്യങ്ങൾ വ്യക്തമായി തുടങ്ങി. ക്യാപിറ്റൽ മൂന്നാം വാള്യത്തിലെ മാർക്സിന്റെ വിശകലനം അക്ഷരം പ്രതി ശരിവെക്കുന്ന തരത്തിൽ വികസിത രാജ്യങ്ങളിൽ ഉടനീളം ലാഭനിരക്ക് (rate of profit) കുറഞ്ഞു തുടങ്ങി. ലാഭനിരക്ക് കുറയാൻ തുടങ്ങിയതോടെ ക്ഷേമരാഷ്ട്രത്തെ താങ്ങി നിർത്തിയിരുന്ന സാമ്പത്തിക പുനർവിതരണ നയങ്ങൾക്ക് ഭരണവർഗ്ഗം എതിരായി. ക്ഷേമരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളും ഇതിനെ തുടർന്ന് ഉയർന്നു വന്ന മുതലാളിവർഗ്ഗത്തിന്റെ എതിർപ്പുമാണ് വികസിതലോകത്തെ ഒന്നടങ്കം നവലിബറൽ പാതയിലേക്ക് നയിക്കുന്നത്.

തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയോടെ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ ലാഭവിഹിതം സംരക്ഷിച്ചു നിർത്താൻ വികസിതരാജ്യങ്ങളിലെ ഭരണവർഗം ക്ഷേമരാഷ്ട്രത്തെ കൈയൊഴിഞ്ഞ് നവലിബറലിസത്തെ പുല്കി. ഏകദേശവും ഒരേ സമയത്ത് അമേരിക്കയിൽ റീഗനും ഇംഗ്ലണ്ടിൽ താച്ചറും ചൈനയിൽ ദെങ് ഷാവോ പിങ്ങും ദൂരവ്യാപകമായ നവലിബറൽ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടു. ഇത് സോഷ്യൽ ഡെമോക്രസിയെ ഒരു വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. മുതലാളിത്തത്തിനുള്ളിൽ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന അവരുടെ വാദത്തിന്റെ പൊള്ളത്തരം പകൽപോലെ വ്യക്തമായി. ഭരണവർഗ്ഗത്തിന്റെ നവലിബറലിസത്തിലേക്കുള്ള പോക്കിനെ ആദ്യ ഘട്ടത്തിൽ സോഷ്യൽ ഡെമോക്രസി എതിർത്ത് നോക്കി. എന്നാൽ എല്ലാ തരത്തിലും വ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞിരുന്ന, വ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയ സോഷ്യൽ ഡെമോക്രസിക്ക്, ഭരണവർഗ്ഗത്തെയോ അവരുടെ നവലിബറൽ പ്രത്യയശാസ്ത്രത്തെയോ എതിർത്ത് നിൽക്കാനുള്ള ത്രാണിയൊ സന്നദ്ധതയോ ഉണ്ടായിരുന്നില്ല. ഭരണവർഗ്ഗത്തിന്റെ നവലിബറൽ നയങ്ങളെ പിന്താങ്ങുകയും പിന്തുടരുകയും ചെയ്യുക എന്നത് മാത്രമായിരുന്നു വ്യവസ്ഥാപിത ജീർണ്ണതയുടെ ഭാഗമായി മാറിയ സോഷ്യൽ ഡെമോക്രസിയുടെ മുന്നിലെ ഏക വഴി.

നവലിബറലിസത്തിന്റെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ നവലിബറൽ ചായ്‌വിനെ The Third Way എന്ന ആശയം കൊണ്ട് മൂടിവെക്കാൻ യൂറോപ്യൻ സോഷ്യൽ ഡെമോക്രസി ശ്രമിച്ചു. നഗ്നമായ നവലിബറൽ നയങ്ങൾക്ക് പകരം കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്രത്തിന്റെ ചില വശങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ഒരു "വെള്ളംചേർത്ത" നവലിബറലിസം ആണ് Third Way എന്ന പേരിൽ സോഷ്യൽ ഡെമോക്രസി നിർദ്ദേശിച്ചത്. എന്നാൽ ഇത് നവലിബറലിസത്തെ നേരിട്ട് പുല്കുന്നതിലുള്ള ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള മറ്റൊരു മുഖംമൂടി മാത്രമായിരുന്നു. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ മുഖമൂടികളും ഉപേക്ഷിച്ച് യൂറോപ്പിലെ ഏകദേശം എല്ലാ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളും നവലിബറലിസത്തെ പുൽകി. ഇൻഗൊ ഷ്മിഡ് സോഷ്യൽ ഡെമോക്രസിയുടെ യൂറോപ്പിലെ ഇന്നത്തെ അവസ്ഥ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "ഇന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ അടിസ്ഥാനപരമായും നവലിബറൽ നയങ്ങൾ തന്നെയാണ് പിന്തുടരുന്നത്. കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്രത്തോടും യാഥാസ്ഥിതിക പാർട്ടികളുടെ നവലിബറലിസത്തോടും സമദൂരം പുലർത്തുന്ന ഒരു Third Way ആയി കുറച്ച് കാലത്തേക്ക് ഈ നയങ്ങളെ അവർ തെറ്റായി മുദ്രകുത്തി. എന്നാൽ സമീപകാലത്ത് ഇത്തരം ലേബലുകൾ മിക്കവാറും എല്ലാ [സോഷ്യൽ ഡെമോക്രാറ്റിക്‌] പാർട്ടികളും കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ചിലപ്പോൾ അവരുടെ യാഥാസ്ഥിതിക എതിരാളികളേക്കാൾ ഒരൽപം കുറഞ്ഞ ഡോസിൽ ഉള്ള നവലിബറലിസം അവർ നിർദ്ദേശിക്കുന്നു, എന്നാൽ മറ്റ് ചിലപ്പോൾ അവരുടെ യാഥാസ്ഥിതിക എതിരാളികൾ പോലും ഒഴിവാക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള രക്തച്ചൊരിച്ചലിന്റെ വഴി അവർ തിരഞ്ഞെടുക്കുന്നു." നവലിബറൽ നയങ്ങൾ നടപ്പാക്കാൻ യൂറോപ്പ്യൻ സോഷ്യൽ ഡെമോക്രസി പലപ്പോഴും അവരുടെ യാഥാസ്ഥിതിക എതിരാളികളെ പോലും കടത്തിവെട്ടുന്ന അടിച്ചമർത്തലിന്റെ വഴി തിരഞ്ഞെടുക്കുന്നു എന്ന ഇൻഗൊ ഷ്മിഡിന്റെ വെളിപ്പെട്ടുത്തൽ നമ്മെ അത്ഭുതപ്പെടുത്തില്ല; കാരണം ടാറ്റക്ക് കാറുണ്ടാക്കാൻ വേണ്ടി സിംഗൂരിൽ ഇന്ത്യൻ ഇടതുപക്ഷം നടത്തിയ കുരുതി നമ്മൾ നേരിട്ട് കണ്ടതാണ്.      

ഇന്ത്യൻ ഇടതുപക്ഷം - മാർക്സിസത്തിൽ നിന്ന് സോഷ്യൽ ഡെമോക്രസിയിലേക്ക്

യൂറോപ്യൻ സോഷ്യൽ ഡെമോക്രസി എങ്ങനെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാർക്സിസത്തിൽ നിന്നും ക്ഷേമരാഷ്ട്രത്തിലേക്കും അവിടെ നിന്നും നവലിബറലിസത്തിലേക്കും എത്തിച്ചേർന്നത് എന്ന് നമ്മൾ കണ്ടു കഴിഞ്ഞു. ഇതിന്റെ ആദ്യ ഘട്ടം ഏകദേശം 1910-1960 വരെയും രണ്ടാം ഘട്ടം 1960-2010 വരെയും ആണ് അരങ്ങേറിയത്. ഏകദേശം ഇതിന് സമാനമായ അവസ്ഥകളിലൂടെ ആണ് സോഷ്യൽ ഡെമോക്രസിയുടെ ഇന്ത്യൻ പതിപ്പായ ഇടതുപക്ഷവും കടന്ന് പോയത്. യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടേത് പോലെ തന്നെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും തുടക്കം ഒരു മാർക്സിസ്റ്റ് പ്രസ്ഥാനം ആയിട്ടാണ്. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആത്മാർത്ഥതയിലും പോരാട്ടവീര്യത്തിലും മുൻപന്തിയിൽ ആയിരുന്നെങ്കിലും സൈദ്ധാന്തിക തലത്തിലുള്ള അതിന്റെ പരിമിതികൾ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ചൂണ്ടി കാണിച്ചിട്ടുണ്ട്. സൈദ്ധാന്തികമായ ഈ ബലഹീനതക്ക് വസ്തുനിഷ്ഠമായ പശ്ചാത്തലം ഉണ്ടായിരുന്നു. അന്നത്തെ അവസ്ഥയിൽ ഉള്ള ഇന്ത്യൻ മുതലാളിത്തത്തിന്റെയും തൊഴിലാളിവർഗ്ഗത്തിന്റെയും വളരെ പരിമിതമായ വളർച്ചയായിരുന്നു ഇതിന് കാരണം.

സ്വാതന്ത്യത്തിന് ശേഷം നിലവിൽ വന്ന യൂറോപ്യൻ ക്ഷേമരാഷ്ട്രത്തിന്റെ ഇന്ത്യൻ പതിപ്പായ "നെഹ്രുവിയൻ സോഷ്യലിസ"ത്തോട് ആദ്യ ഘട്ടത്തിൽ ഒരു ഇടതു-സാഹസികതയുടെ (left adventurism) ലൈനിൽ ആണ് ഇന്ത്യൻ കമ്മ്യൂണിസം പ്രതികരിച്ചത്. ഇന്ത്യൻ സാഹചര്യങ്ങളെയും ഭരണവർഗ്ഗസ്വഭാവത്തെയും വിശകലനം ചെയ്യുന്നതിലുള്ള സൈദ്ധാന്തിക പാളിച്ചകളാണ് ഇതിലേക്ക് നയിച്ചത്. എന്നാൽ ഈ ഒരു ഘട്ടം പിന്നിട്ട് ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ട് പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡെമോക്രസിയിലേക്കുള്ള അധഃപതനത്തിന് തുടക്കം കുറിച്ചു. യൂറോപ്പിൽ സംഭവിച്ചത് പോലെ തന്നെ, ദൈനംദിന രാഷ്ട്രീയവും ആത്യന്തികമായ ലക്ഷ്യവും തമ്മിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പുലർത്തേണ്ട വൈരുദ്ധ്യാത്മക ബന്ധം ചോർന്ന് തുടങ്ങി. എഴുപതുകളോട് കൂടെ തന്നെ സോഷ്യൽ ഡെമോക്രസിയിലേക്കുള്ള ഇന്ത്യൻ ഇടതുപക്ഷത്തിന്റെ മാറ്റം ഏകദേശം പൂർണ്ണമായി കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥയെ ഇടതുപക്ഷം വിശകലനം ചെയ്ത രീതിയും അതിനെ ചെറുക്കാൻ അവലംബിച്ച മാർഗ്ഗവും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ക്ഷേമരാഷ്ട്ര-മുതലാളിത്തത്തിന്റെ സാമ്പത്തിക-സാമൂഹിക പ്രതിസന്ധികൾ ആണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയ നടപടിയെ ഇന്ത്യൻ മുതലാളിത്ത പ്രതിസന്ധിയുടെ പരിണിതഫലമായി കാണുന്നതിന് പകരം ഇന്ദിര ഗാന്ധിയുടെ "ഏകാധിപത്യപ്രവണത"യുടെ ഫലമായി മാത്രമാണ് ഇടതുപക്ഷം കണ്ടത്. അത് കൊണ്ട് തന്നെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച ക്ഷേമരാഷ്ട്രവ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ തുറന്നു കാണിച്ചു കൊണ്ടുള്ള ഒരു വർഗ്ഗപരമായ ചെറുത്തുനിൽപ്പിനും പ്രത്യാക്രമണത്തിനും പകരം, "ജനാധിപത്യ"ത്തിന്റെ പുനഃസ്ഥാപനം എന്ന യാഥാസ്ഥിതിക ആശയം ഉയർത്തിപ്പിടിച്ചാണ് ഇടതുപക്ഷം അതിനെ നേരിട്ടത്. ഇന്ത്യൻ മുതലാളിത്തത്തിന്റെ ആദ്യത്തെ പ്രതിസന്ധിയായിരുന്ന അടിയന്തരാവസ്ഥക്കെതിരെ വ്യവസ്ഥാപരിവർത്തനം എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്നതിൽ സോഷ്യൽ ഡെമോക്രസിയിലേക്ക് കൂപ്പു കുത്തി തുടങ്ങിയിരുന്ന ഇടതുപക്ഷം പരാജയപ്പെട്ടിടത്താണ് ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ചയുടെ തുടക്കം.

എഴുപതുകളുടെ അവസാനത്തോടെ തന്നെ ഇന്ത്യൻ ക്ഷേമരാഷ്ട്രത്തിന്റെ അടിത്തറ ഇളകിക്കഴിഞ്ഞിരുന്നു. വ്യവസ്ഥയുടെ ഭാഗമായിക്കഴിഞ്ഞ ഇടതുപക്ഷം ഇത് തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ത്യൻ ഭരണവർഗ്ഗം അവരുടെ വർഗ്ഗബോധം കൊണ്ട് ഇത് മണത്തറിഞ്ഞ് നവലിബറൽ ദിശയിലേക്കുള്ള "പരിഷ്കാരങ്ങ"ൾക്കായുള്ള മുറവിളി ആരംഭിച്ച് തുടങ്ങി. എൺപതുകളിൽ രാജീവ് ഗാന്ധിയും തൊണ്ണൂറുകളിൽ മൻമോഹൻ സിങ്ങും ഇന്ത്യൻ ക്ഷേമരാഷ്ട്രത്തിന്റെ ആണിക്കല്ലുകൾ ഓരോന്നായി ഇളക്കി. നവലിബറൽ പരിഷ്കാരങ്ങളുടെ തുടക്കത്തിൽ യൂറോപ്യൻ സോഷ്യൽ ഡെമോക്രസി നേരിട്ട അതേ പ്രതിസന്ധി ഇന്ത്യൻ ഇടതുപക്ഷവും ഈ ഘട്ടത്തിൽ നേരിട്ടു. ക്ഷേമരാഷ്ട്രത്തിലൂന്നിയ ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയമാണ് നവലിബറൽ നയങ്ങൾ ചോദ്യം ചെയ്തത്. അത് കൊണ്ട് തന്നെ ഇടതുപക്ഷം തൊണ്ണൂറുകളുടെ തുടക്കത്തോടെ നവലിബറൽ പരിഷ്‌കാരങ്ങളെ നഖശിഖാന്തം എതിർത്ത് തുടങ്ങി. ഈ എതിർപ്പാണ് അവർക്ക് "വികസവിരുദ്ധർ" എന്ന ലേബൽ നേടിക്കൊടുത്തത്.

എന്നാൽ നവലിബറലിസത്തോടുള്ള ഇന്ത്യൻ ഇടതുപക്ഷത്തിന്റെ എതിർപ്പ് ഒരിക്കലും ഒരു തൊഴിലാളിവർഗ്ഗസ്വഭാവം ഉള്ളതായിരുന്നില്ല. നവലിബറൽ മുതലാളിത്തത്തിന്റെ ബദൽ ആയി ഇടതുപക്ഷം മുന്നോട്ട് വെച്ചത് സോഷ്യലിസം ആയിരുന്നില്ല, മറിച്ച് മുതലാളിത്തത്തിന്റെ തന്നെ മറ്റൊരു രൂപമായ ക്ഷേമരാഷ്ട്ര മുതലാളിത്തം ആയിരുന്നു. മുതലാളിത്തം എന്ന വ്യവസ്ഥയോടുള്ള എതിർപ്പ് പാടേ കൈയൊഴിഞ്ഞ ഇടതുപക്ഷത്തിന്റെ പരാതികൾ അതിന്റെ നവലിബറൽ രൂപത്തിനെതിരെ മാത്രമായി ചുരുങ്ങി. തങ്ങളുടെ സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കണമെങ്കിൽ ക്ഷേമരാഷ്ട്ര-മുതലാളിത്തം പുനഃസ്ഥാപിക്കപ്പെടണം എന്ന സങ്കുചിത ചിന്തയുടെ ഫലം മാത്രമായിരുന്നു ഇടതുപക്ഷത്തിന്റെ നവലിബറൽ അയിത്തം. അതുകൊണ്ട് തന്നെ അതിന് ആയുസ്സ് വളരെ കുറവായിരുന്നു.

ഇടതുപക്ഷത്തിന്റെ നവലിബറൽ ചായ്‌വ് - ബംഗാൾ അനുഭവം

വ്യവസ്ഥയുടെ ഗുണഭോക്താക്കളായി മാറിയ ഒരു രാഷ്ട്രീയ സഖ്യത്തിന് ഒരിക്കലും ദീർഘകാലാടിസ്ഥാനത്തിൽ വ്യവസ്ഥയുടെ യുക്തിക്ക് എതിരെ നിൽക്കാൻ ആവില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ നവലിബറലിസത്തോടുള്ള ഇടതുപക്ഷത്തിന്റെ വളരെ പെട്ടെന്ന് ശമിച്ചു. തൊണ്ണൂറുകളിൽ നവലിബറലിസത്തെയും ആഗോളവൽക്കരണത്തെയും എല്ലാം നഖശിഖാന്തം എതിർത്ത ഇടതുപക്ഷം പുതുസഹസ്രാബ്ദത്തിന്റെ തുടക്കവർഷങ്ങളിൽ തന്നെ നവലിബറലിസത്തോട് അടുത്ത് തുടങ്ങി. ഈ ചായ്‌വ് ആദ്യം പ്രകടമാവുന്നത് ബംഗാളിലാണ് എന്നത് യാദൃശ്ചികമല്ല. കാരണം, മുപ്പതോളം വർഷങ്ങളായുള്ള തുടർച്ചയായ ഭരണം ഇടതുപക്ഷത്തിന്റെ ബംഗാൾ ഘടകത്തെ ഭരണവർഗ്ഗപ്രത്യയശാസ്ത്രത്തോട് കൂടുതൽ അടുപ്പിച്ചിരുന്നു. സജീവരാഷ്ട്രീയത്തിൽ നിന്നും ജ്യോതി ബസു വിട്ടു നിൽക്കാൻ തീരുമാനിച്ചതിന് ശേഷം ബംഗാളിൽ അധികാരത്തിലേറിയ ബുദ്ധദേബ് ഭട്ടാചാര്യ നയിച്ച ഇടതുപക്ഷസർക്കാർ പ്രത്യക്ഷമായ നവലിബറൽ നയങ്ങളുമായാണ് മുന്നോട്ടു പോയത്. എന്ത് വിലകൊടുത്തും നവലിബറൽ നയങ്ങൾ നടപ്പാക്കും എന്ന ഈ ഇടതുപക്ഷ പിടിവാശിയാണ് ആദ്യം നന്ദിഗ്രാമിലും പിന്നീട് സിംഗൂരിലും ചെറുത്തുനിൽക്കുന്നവരുടെ അടിച്ചമർത്തലിലേക്കും കൂട്ടക്കുരുതിയിലേക്കും നയിച്ചത്. ഈ സംഭവവികാസങ്ങൾ ഇടതുപക്ഷത്തിന് നഷ്ടപ്പെടുത്തിയത് ബംഗാളിലെ ഭരണം മാത്രമല്ല, രാഷ്ട്രീയ അസ്തിത്വം തന്നെയാണ്. വംഗനാട്ടിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കപ്പെടുന്നതിലേക്കാണ് ഈ വികസനപിടിവാശി ഇടതുപക്ഷത്തെ നയിച്ചത്.

ബംഗാളിൽ ഇടതുപക്ഷം നവലിബറലിസത്തിന്റെ വഴിയേ പോകാൻ ശ്രമിച്ചത് സോഷ്യൽ ഡെമോക്രസിയുടെ യൂറോപ്യൻ മാതൃകയെ പിൻപറ്റി ആയിരുന്നു. യൂറോപ്യൻ സോഷ്യൽ ഡെമോക്രസി മാർക്സിസ്റ്റ്-സോഷ്യലിസ്റ്റ് മുഖംമൂടി പൂർണ്ണമായി ഉപേക്ഷിച്ച്, വളരെ പ്രത്യക്ഷമായി തന്നെയാണ് നവലിബറൽ നയങ്ങളെ ആശ്ലേഷിച്ചത്. ഏതാണ്ട് അതിന് സമാനമായ രീതിയിൽ, മാർക്സിസം-കമ്മ്യൂണിസം ഒന്നും മാറിയ ലോകത്തിൽ പ്രായോഗികമല്ല എന്നും രാഷ്ട്രീയ നിലനിൽപ്പിന് "വികസന"പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ് എന്നും ബംഗാളിലെ പല ഉന്നത പാർട്ടി നേതാക്കന്മാർ തന്നെ പറഞ്ഞു തുടങ്ങിയിരുന്നു.  "പുതിയ കാലത്ത് മാർക്സിസവും കെട്ടിപ്പിടിച്ചിരിക്കാൻ ഞാൻ ഒരു വിഡ്ഢിയല്ല" എന്ന തരത്തിലുള്ള പ്രസ്താവനകൾ ബുദ്ധദേബിന്റെ ഭാഗത്തു നിന്ന് തന്നെ ഉണ്ടായി. മാത്രമല്ല, പാർട്ടിയുടെ ബ്യൂറോക്രറ്റിക് സംഘടനാസംവിധാനത്തെ നിലനിർത്താൻ കാര്യമായി ശ്രമമൊന്നും ബംഗാളിൽ ഈ കാലയളവിൽ നടന്നില്ല താനും. അങ്ങനെ, ബംഗാളിലെ ഇടതുപക്ഷത്തിന്റെ വികസനക്കുതിപ്പിന് സമാന്തരമായി അവിടുത്തെ പാർട്ടി സംവിധാനങ്ങൾ അയഞ്ഞു തുടങ്ങുകയും മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പുറംതോട് തേഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു. യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ മാതൃകയിൽ ഉള്ള ഈ "വികസനക്കുതിപ്പ്" ബംഗാളിലെ ഇടതുപക്ഷത്തെ കൊണ്ടെത്തിച്ചത് രാഷ്ട്രമായ ഉന്മൂലനത്തിലേക്കാണ്. "തൊഴിലാളിവർഗ്ഗ-മാർക്സിസ്റ്റ്" പാർട്ടി എന്ന വ്യാജ പുറംതോട് മുഴുവനായും ഉപേക്ഷിച്ചുകൊണ്ടുള്ള നവലിബറൽ ആശ്ലേഷണത്തിന്റെ അപകടങ്ങൾ യൂറോപ്യൻ-ബംഗാൾ അനുഭവങ്ങൾ സോഷ്യൽ ഡെമോക്രസിക്ക് കാണിച്ച് കൊടുക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വികസനാസക്തി ഈ മാതൃക അല്ല പിന്തുടരുന്നത്.

കേരളീയ ഇടതുപക്ഷത്തിന്റെ "ചങ്കിലെ ചൈന"

തുടർച്ചയായ ഭരണം ഇല്ലാതിരുന്നത് കൊണ്ട് തന്നെ ബംഗാളിലേത് പോലെ പൊടുന്നനെയുള്ള ഒരു ചാട്ടത്തിലൂടെ അല്ല കേരളീയ ഇടതുപക്ഷം നവലിബറലിസത്തിൽ എത്തുന്നത്. യൂറോപ്യൻ third way ആശയങ്ങളെ ഓർമ്മിപ്പിക്കും വിധം, ഒരു "വെള്ളം ചേർത്ത" നവലിബറലിസത്തെ ആണ് അവർ ആദ്യം സ്വീകരിച്ചത്. ഏകദേശം 2010ത്തോട് കൂടി തന്നെ നവലിബറലിസം, ആഗോളവൽക്കരണം, സാമ്രാജ്യത്വം തുടങ്ങിയവയെ കടന്നാക്രമിക്കുന്ന പ്രവണത ഇടതുപക്ഷം ഉപേക്ഷിച്ചു. ഇതിനോടൊപ്പം തന്നെ ജനപക്ഷവികസനം, സമഗ്രവികസനം, സുസ്ഥിരവികസനം തുടങ്ങിയ പദങ്ങളുടെ സഹായത്തോടെ ഉപാധികളോട് കൂടിയ നവലിബറലിസത്തെ ഇടതുപക്ഷം സ്വീകരിക്കുകയും ചെയ്തു. 2016 നിയമസഭ തിരഞ്ഞെടുപ്പിനെ അവർ നേരിട്ടത് വിശേഷണങ്ങളോട് കൂടിയ നവലിബറൽ നയങ്ങൾ ഉയർത്തിപ്പിടിച്ചാണ്. എന്നാൽ 2021ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഈ വിശേഷണങ്ങളെല്ലാം ഇടതുപക്ഷം ഉപേക്ഷിച്ചു. തുടർഭരണലബ്ദിക്ക്‌ വേണ്ടിയുള്ള പ്രചരണം ഇടതുപക്ഷം നടത്തിയത് ഉപാധികൾ ഒന്നും ഇല്ലാത്ത "വികസനം" എന്ന ആശയം ഉയർത്തിയാണ്.

കേരളീയ ഇടതുപക്ഷത്തിന്റെ ഈ നവലിബറൽ മലക്കം മറിച്ചിൽ യൂറോപ്യൻ-ബംഗാൾ മാതൃകയിൽ ഉള്ളതായിരുന്നില്ല. അത് ചൈനീസ് മാതൃക ആണ് പിന്തുടരുന്നത്. ചൈനയിൽ ഇന്ന് നിലനിൽക്കുന്നത് "ചൈനീസ് പ്രത്യേകതകളോട് കൂടിയ സോഷ്യലിസം" (socialism with Chinese characteristics) ആണ് എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) അവകാശപ്പെടുന്നത്. ഇന്ത്യൻ ഇടതുപക്ഷത്തിനും ഇതേ അഭിപ്രായമാണ്. പക്ഷെ മാർക്സിസത്തിന്റെ ബാലപാഠമെങ്കിലും അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാവും ചൈനയിൽ ഇന്ന് നിലനിൽക്കുന്നത് "ചൈനീസ് പ്രത്യേകതകളോട് കൂടിയ നവലിബറലിസ"മാണ് എന്ന്. ഇതുകൊണ്ട് തന്നെയാണ് ഡേവിഡ് ഹാർവി തന്റെ "The Brief History of Neoliberalism" എന്ന പുസ്തകത്തിലെ ഒരു മുഴുവൻ അദ്ധ്യായം ചൈനീസ് നവലിബറലിസം പഠിക്കുന്നതിന് വേണ്ടി മാറ്റി വെച്ചത്. എന്നാൽ അമേരിക്കൻ-യൂറോപ്യൻ നവലിബറലിസത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മാതൃക ആണ് ചൈനീസ് നവലിബറലിസത്തിന്റേത്. "ലിബറൽ" നയങ്ങളെ സാമ്പത്തികമണ്ഡലത്തിൽ മാത്രം ഒതുക്കി നിർത്തുന്ന പ്രവണതയാണ് ചൈനയിൽ പിന്തുടരുന്നത്. മൂലധനത്തിന് പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുമ്പോൾ തന്നെയും ഈ സ്വാതന്ത്ര്യം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രതിഫലിക്കാതിരിക്കാൻ ചൈനീസ് ഭരണകൂടം വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്.

എഴുപതുകളുടെ അവസാനകാലത്ത് ചൈന ദെങ് ഷാവോ പിങ്ങിന്റെ നേതൃത്വത്തിൽ നവലിബറൽ മുതലാളിത്തത്തിന്റെ വഴിയിലേക്ക് നീങ്ങിയപ്പോൾ മിക്ക പാശ്ചാത്യ രാഷ്ട്രീയനിരീക്ഷകരും പ്രതീക്ഷിച്ചത് ഇത് ചൈനയിൽ സാമൂഹിക-രാഷ്ട്രീയ ലിബറൽവൽക്കരണത്തിന് വഴിവെക്കും എന്നാണ്. എന്നാൽ എൺപതുകളുടെ അവസാനത്തോടെ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങൾ കണിശമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകത ചൈനീസ് ഭരണവർഗ്ഗത്തിനും CCPക്കും മനസ്സിലാക്കി കൊടുത്തു. അതിന് ശേഷം "നവലിബറൽ ഏകാധിപത്യം" (autocratic neoliberalism) എന്ന് വിശേഷിപ്പിക്കാവുന്ന വ്യവസ്ഥയാണ് ചൈനയിൽ നിലവിൽ വന്നത്. ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്ക് വഴിവെക്കുന്ന നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിനും, നവലിബറൽ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ മൂലം പൊട്ടിപ്പുറപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അടിച്ചമർത്തുന്നതിനും, അത് വഴി മൂലധനത്തിന്റെ സ്വൈര്യവിഹാരം സുഗമമാക്കുന്നതിനും ശക്തമായ ഏകാധിപത്യ പ്രവണതകളോട് കൂടിയ ഭരണകൂടമാണ് അഭികാമ്യം എന്ന ചൈനീസ് പാഠം ഇന്ന് യൂറോപ്യൻ-അമേരിക്കൻ നവലിബറലിസ്റ്റുകൾ പോലും പകർത്താൻ ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിൽ പ്രധാനഘടകം എന്നത് നഗ്നമായ നവലിബറൽ മുതലാളിത്ത നയങ്ങളുമായി മുന്നോട്ടു പോകുമ്പോഴും മാർക്സിസ്റ്റ്-സോഷ്യലിസ്റ്റ് എന്ന വ്യാജ പുറംതോട് ഉപേക്ഷിക്കാൻ ചൈനീസ് ഭരണവർഗ്ഗമോ CCPയോ തയ്യാറായിട്ടില്ല എന്നതാണ്. CCPയുടെ മാർക്സിസ്റ്റ് മുഖംമൂടിയും ബ്യൂറോക്രാറ്റിക് സംഘടനാസംവിധാനവും നിലനിർത്തിക്കൊണ്ട് പാർട്ടി-ഭരണകൂടവും സ്വകാര്യ മൂലധനവും തമ്മിൽ രൂപപ്പെട്ട് വന്നിട്ടുള്ള ഒരു സഖ്യമാണ് ഇന്ന് ചൈന ഭരിക്കുന്നത്.

ഈ വിചിത്ര സഖ്യത്തിന്റെ സ്വഭാവം ചൈനീസ് മുതലാളിത്തത്തെ പറ്റിയുള്ള പഠനത്തിൽ അഡ്രിയാൻ ബുഡ് വ്യക്തമാക്കുന്നുണ്ട്: "സ്വകാര്യ മൂലധനവും പാർട്ടി-ഭരണകൂടവും തമ്മിൽ ആഴത്തിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ്. തൊണ്ണൂറു ശതമാനം കോടീശ്വരന്മാരും പാർട്ടിയിലെ മുതിർന്ന ഉദ്യോഗസ്ഥരോ അവരുടെ സന്തതികളോ ആണെന്നാണ് 2006ലെ CCPയുടെ ഒരു ആഭ്യന്തര റിപ്പോർട്ട് കാണിക്കുന്നത്.... പാർട്ടി-ഭരണകൂടവും സ്വകാര്യ മേഖലയും തമ്മിൽ ഒരു കൊടുക്കൽ-വാങ്ങൽ (symbiotic) ബന്ധമാണ് നിലനിൽക്കുന്നത്." പ്രശസ്ത മാർക്സിസ്റ്റും ചൈനീസ് കാര്യവിദഗ്ദനും ആയ മാർട്ടിൻ ഹാർട്-ലാൻസ്ബെർഗ് ചൈനയിലെ ഇന്നത്തെ അവസ്ഥ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട് പറയുന്നത്, "ചൈനീസ് മുതലാളിത്തത്തിന്റെ മുന്നേറ്റം തുടരാനുള്ള പ്രതിബദ്ധതക്ക് ചുറ്റും പാർട്ടി-ഭരണകൂടവും വരേണ്യമുതലാളിത്ത വർഗ്ഗവും സംയോജിക്കുന്നതാണ്" ഇന്ന് ചൈനയിൽ കാണാനാവുക എന്നാണ്. എന്നാൽ പാർട്ടിയും മുതലാളിത്ത വർഗ്ഗവും തമ്മിലുള്ള ഈ കൂട്ടുകെട്ടിലെ പ്രബല രാഷ്ട്രീയ ശക്തി പാർട്ടി തന്നെയാണ്. പാർട്ടിയുടെ മേൽനോട്ടത്തിൽ, പാർട്ടിക്ക് കീഴ്‌പ്പെട്ട്, പാർട്ടി നേതാക്കന്മാർക്ക് ഗുണകരമാവും വിധത്തിലും അവരെ കൂടി ഉൾപ്പെടുത്തി കൊണ്ടും, നടപ്പാക്കുന്ന നവലിബറലിസം ആണ് ചൈനീസ് മാതൃക. ഈ രാഷ്ട്രീയ പ്രബലതക്ക് പകരമായി, അതിന്റെ ബ്യൂറോക്രാറ്റിക് സംവിധാനവും, ഭരണകൂടത്തിന് മേലുള്ള നീരാളിപ്പിടുത്തവും, "സോഷ്യലിസ്റ്റ്" എന്ന വ്യാജ ഇമേജും ഉപയോഗിച്ച് നവലിബറൽ കൊള്ള സുഗമമാക്കുക എന്നതാണ് പാർട്ടിയുടെ പ്രത്യുപകാരം. ചൈനീസ് മാതൃകയിൽ ചെറിയ അനിഷ്ടങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയ കോടീശ്വരനായ ജാക്ക് മായെ എങ്ങനെയാണ് ഭരണകൂടം നിലക്ക് നിർത്തിയത് എന്നത് നവലിബറൽ ഏകാധിപത്യത്തിന്റെ നല്ല ഒരു ഉദാഹരണമാണ്.

നവലിബറലിസത്തിലേക്കുള്ള മാറ്റത്തോടെ സോഷ്യലിസ്റ്റ് മുഖംമൂടിയും ബ്യൂറോക്രറ്റിക് സംഘടനാ സംവിധാനവും ഉപേക്ഷിക്കുന്ന യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ മാതൃക അല്ല കേരളത്തിലെ ഇടതുപക്ഷത്തിന്റേത്. മറിച്ച് വ്യാജ മാർക്സിസ്റ്റ് പുറംതോടിനുള്ളിൽ നിന്ന് കൊണ്ട്,  തൊഴിലാളിവർഗ്ഗ ഉള്ളടക്കം മുഴുവൻ നഷ്ടപ്പെട്ട് ചട്ടക്കൂട് മാത്രമായി ചുരുങ്ങിയ സംഘടനാസംവിധാനം ഉപയോഗിച്ച്, നവലിബറൽ മുതലാളിത്തം നടപ്പാക്കുന്ന ചൈനീസ് മാതൃകയാണ് കേരളീയ ഇടതുപക്ഷത്തിന് പഥ്യം. നേതൃത്വത്തിന്റെ മുതലാളിത്ത ചായ്‌വിനും വികസനഭ്രമത്തിനും എതിരെ ഉള്ള എല്ലാ അഭിപ്രായങ്ങളെയും "വിഭാഗീയത"യായി മുദ്ര കുത്തേണ്ടതും അടിച്ചമർത്തേണ്ടതും ഇതിന് അനിവാര്യമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അരങ്ങേറിയ ഈ ശുദ്ധീകരണയജ്ഞത്തിന് ഒടുവിൽ, എതിർസ്വരങ്ങൾ എല്ലാം അപ്രത്യക്ഷമായ, തിരുവായ്ക്ക് എതിർവായ് ഇല്ലാത്ത, ഒരു ബ്യൂറോക്രറ്റിക് സംഘടനാസംവിധാനം ആണ് ഇടതുപക്ഷ പാർട്ടികളിൽ, പ്രത്യേകിച്ച് സിപിഎമ്മിൽ, അവശേഷിക്കുന്നത്. മുകളിൽ നിന്നുള്ള ഉത്തരവുകൾ നടപ്പാക്കാൻ മാത്രം പ്രാപ്തിയുള്ള ഏകശിലാത്മകമായ ഈ സംഘടനാ ചട്ടക്കൂടിന്റെ പിൻബലത്തിലാണ് കേരളീയ ഇടതുപക്ഷം തങ്ങളുടെ വികസനാസക്തി ജനതക്ക് മേൽ അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നത്. "അച്ചടക്കമുള്ള ചീമുട്ടക"കളായി ഇരിക്കുന്നതിന് പ്രത്യുപകാരമായി സംഘടനയുടെ എല്ലാ തലത്തിൽ ഇരിക്കുന്നവർക്കും, ചൈനീസ് മാതൃകയിൽ ഉള്ള ഒരു പാർട്ടി-സ്വകാര്യ മുതലാളി സഖ്യം രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യവും സാദ്ധ്യതയും തുറന്ന് കൊടുക്കപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ അദ്ധ്യക്ഷതയിൽ, എല്ലാ തലത്തിലുള്ള പാർട്ടി നേതൃത്വത്തിനും സ്വകാര്യ മുതലാളിവർഗ്ഗത്തിനും ഒരു പോലെ ഗുണകരമായ, നവലിബറൽ കൊള്ള; അതാണ് കേരളീയ ഇടതുപക്ഷത്തിന്റെ വികസനാസക്തിയുടെ ഉള്ളടക്കം.

സൈദ്ധാന്തിക പരിമിതികൾ ഉണ്ടായിരുന്നെങ്കിലും സത്യസന്ധതയും പോരാട്ടവീര്യവും അടിസ്ഥാനവർഗ്ഗത്തോടുള്ള ഐക്യദാർഢ്യവും കൈമുതലാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും തങ്ങളുടെ സംഘടനാ സംവിധാനം അടക്കം ഉപയോഗിച്ച് നവലിബറൽ നയങ്ങൾ നടപ്പാക്കാൻ ഒരുമ്പെടുന്ന വികസനഭ്രമം പിടിപെട്ട സോഷ്യൽ ഡെമോക്രസിയിലേക്കുള്ള ഇടതുപക്ഷത്തിന്റെ പരിണാമം ദുഃഖകരമാണ്. എന്നാൽ അതിൽ അത്ഭുതമോ ഞെട്ടലോ ഉളവാക്കുന്നതായി ഒന്നും തന്നെ ഇല്ല. വർഗ്ഗബോധത്തിലൂടെയും സംഘടനയിലൂടെയും വിപ്ലവോന്മുഖത കൈമോശം വരാതിരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്താത്ത ലോകത്തിലെ എല്ലാ തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളും മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് കീഴ്പ്പെട്ട് ഇതേ പാത തന്നെയാണ് പിന്തുടർന്നത്. ഇതിന്റെ അടിസ്ഥാന കാരണം നേതൃത്വം അല്ല. ഇന്നത്തെ ഇടതുപക്ഷ നേതൃത്വത്തിന്റെ മുതലാളിത്ത ചായ്‌വ് രോഗ ലക്ഷണം മാത്രമാണ്; രോഗം വ്യവസ്ഥക്കാണ്. വിയോജന സ്വരങ്ങളുടെയെല്ലാം കാമ്പ് ചോർത്തിക്കളഞ്ഞ് അവയെ തങ്ങളുടെ പ്രത്യയശാസ്ത്രജീർണ്ണതയിലേക്ക് വലിച്ച് താഴ്ത്തുന്ന ഒരു തമോഗർത്തമാണ് മുതലാളിത്തവ്യവസ്ഥ. ഈ തമോഗർത്തത്തിന്റെ ആകർഷണ വലയമാണ് ഇടതുപക്ഷത്തെ സോഷ്യൽ ഡെമോക്രസി ആക്കി മാറ്റിയത്. അത് കൊണ്ട് തന്നെ നേതൃമാറ്റം ഇടതുപക്ഷത്തെ വീണ്ടും ജനപക്ഷ രാഷ്ട്രീയ ചേരിയിൽ എത്തിക്കും എന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിൽ ആണ്. കാലം ആവശ്യപ്പെടുന്നത് പ്രത്യയശാസ്ത്രസ്ഥൈര്യവും വർഗ്ഗബോധവും കൈമുതലായുള്ള ബദൽ തൊഴിലാളിവർഗ്ഗപ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ്. ഇത് ശ്രമകരമായ ജോലിയാണ്, പക്ഷെ മുതലാളിത്ത-ഫാഷിസ്റ്റ് അതിക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ അത് മാത്രമാണ് പോംവഴി. 

('ജനശക്തി' ദ്വൈവാരിക രണ്ട് ലക്കങ്ങളിലായി (നവംബർ 16-30, ഡിസംബർ 1-15) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിപുലീകരിച്ച പതിപ്പ്.)

Monday, 25 April 2022

കെ-റെയിലും കാൾ മാർക്‌സും

ബിപിൻ ബാലറാം


"The anatomy .. of civil society is to be sought in political economy" - Karl Marx  

കെ-റെയിലിനെക്കുറിച്ചുള്ള ചർച്ചകളിൽ കെ. മാർക്സിന്റെ പേര് എവിടെയും ഉയർന്നു കേൾക്കുന്നില്ല. പദ്ധതി ഏതുവിധേനയും നടപ്പാക്കും എന്ന് ശാഠ്യം പിടിക്കുന്ന ഇടതുമുന്നണിയിലെ ഏറ്റവും വലിയ രണ്ട് പാർട്ടികൾ "മാർക്സിസ്റ്റ്‌" എന്നാണ്  സ്വയം അടയാളപ്പെടുത്തുന്നത്. എന്നാൽ ഈ പദ്ധതിയെ പിന്തുണക്കാൻ അവർ ഉപയോഗിക്കുന്നത് മാർക്സിസത്തെയല്ല, മറിച്ച് വിശുദ്ധവും ചോദ്യങ്ങൾക്കതീതവുമായ "വികസനം" എന്ന ആശയത്തെയാണ്. പദ്ധതിയെ എതിർക്കുന്നവർക്കും മാർക്സിസത്തിന്റെ ആവശ്യകത തോന്നിയിട്ടില്ല. എതിർപ്പുകൾ മിക്കവാറും അടിസ്ഥാനമാക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളും, ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ സാങ്കേതികത്വങ്ങളും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ കണ്ണീരും ആണ്. അങ്ങനെ ഇടതിനാലും വലതിനാലും, പരിസ്ഥിതിവാദികളാലും സാങ്കേതികവിദഗ്ദരാലും, വികസനവിരുദ്ധരാലും വികസനാസക്തരാലും, സാമൂഹികമാധ്യമങ്ങളിൽ പോരടിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭക്തരാലും, പൂർണ്ണമായ് തഴയപ്പെട്ട്‌ കെ. മാർക്സ് കെ-റെയിൽ ചർച്ചകളുടെ ഓരത്തു കുത്തിയിരിപ്പാണ്. എന്നാൽ, ഏതൊരു സാമൂഹിക ചർച്ചയുടെ കാര്യത്തിലും എന്ന പോലെ, ഈ ചർച്ചയുടെയും ഓരത്തിലിരിക്കേണ്ട ആളല്ല കാൾ മാർക്സ്. സാമാന്യബോധം വിശുദ്ധവൽക്കരിക്കുന്ന സകലതിനെയും തച്ചുടക്കുന്ന സ്വഭാവം മാർക്സിന്റെ ചിന്തക്കുണ്ട്; "വിശുദ്ധവികസന"ത്തിന്റെയും അടിത്തറ മാന്തേണ്ടത് മാർക്സിനെ ഉപയോഗിച്ചാണ്!

തുടങ്ങേണ്ടത് ശരിയായ ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 

ഇതിന്റെ ആദ്യ പടി എന്നത് ഇടതും വലതും വിദഗ്ധരും വിമതരും ഭക്തരും കൂടി ഈ ചർച്ചയെ ഒതുക്കിവെച്ചിരിക്കുന്ന ഭൂമികയിൽ നിന്നും അതിനെ മോചിപ്പിക്കുക എന്നതാണ്. ചർച്ചകളുടെ ആഴവും പരപ്പും ഇന്ന് വ്യവസ്ഥയുടെ സാമാന്യബോധത്തിനകത്ത് തളച്ചിടപ്പെടുകയാണ്. അതിന് മൗലികതയും വിശാലതയും കൈവരുമ്പോൾ മാത്രമാണ് ഓരത്തിരിക്കുന്ന മാർക്സ് ചർച്ചയുടെ നടുവിൽ സ്ഥാനം പിടിക്കുന്നത്. പൊളിറ്റിക്കൽ ഇക്കോണമിയെ കുറിച്ചുള്ള തന്റെ വിഖ്യാതമായ പഠനത്തിൽ മൗറിസ് ഡോബ് ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്, പ്രത്യയശാസ്ത്രം ഒളിച്ചു കടത്തപ്പെടുന്നത് ഉത്തരങ്ങളിൽ അല്ല, ചോദ്യങ്ങളിൽ തന്നെയാണ്. ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് "പുരോഗമനപരമായ" ഉത്തരങ്ങൾ കൊടുക്കുന്നതിനെയല്ല മാർക്സിസം എന്ന് വിളിക്കുന്നത്. ഉത്തരങ്ങളുടെ വ്യാപ്തി ചോദ്യങ്ങളാണ് നിർണ്ണയിക്കുന്നത് എന്നും, അതുകൊണ്ട് വിശകലനത്തെ വ്യവസ്ഥയുടെ അതിർവരമ്പിനുള്ളിൽ പരിമിതപ്പെടുത്തുന്ന ചോദ്യങ്ങളുടെ പ്രത്യയശാസ്ത്രം അനാവരണം ചെയ്യപ്പെടണമെന്നും, യഥാർത്ഥ ചോദ്യം അതല്ല ഇതാണ് എന്നും ഓർമ്മപ്പെടുത്തുന്നതിനെയാണ് മാർക്സിസം എന്ന് പറയുന്നത്. കെ-റെയിലിന്റെ കാര്യത്തിലും കെ. മാർക്സിന്റെ ഇടപെടലിന്റെ ആദ്യപടി ഇത് തന്നെയാണ്.



കേരളം പോലെ ജനനിബിഢമായ ഒരു പ്രദേശത്തെ ഗതാഗതപ്രശ്നത്തിന്‌ പരിഹാരം കാണേണ്ടതിന്റെ ആവശ്യകത, കേരളത്തിന്റെ "വികസനകുതിപ്പിന്" ഇത്തരം പദ്ധതികൾ നൽകുന്ന ഊർജ്ജം, മാറുന്ന ലോകത്തിന്റെ വേഗത്തിനൊപ്പമെത്താൻ നമ്മുടെ യാത്രാസംവിധാനങ്ങൾ സജ്ജമാവേണ്ടതിന്റെ ആവശ്യം, ഇപ്പോൾ തന്നെ ലോലമായ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇത്തരം ഒരു പദ്ധതി ഉണ്ടാക്കാവുന്ന ക്ഷതം, ആഗോളമാന്ദ്യവും മഹാമാരിയും കൊണ്ട് നടുവൊടിഞ്ഞ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് മുപ്പത്തിമൂവായിരം കോടി ബാദ്ധ്യത ഉണ്ടാക്കുന്ന ആഘാതം, നാലരമണിക്കൂറിൽ തിരുവനന്തപുരത്ത് എത്തുക എന്നതാണോ ഇന്ന് കേരളജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്ന ചോദ്യം,  മണിക്കൂറിൽ ഇരുന്നൂറ് കിലോമീറ്റർ കൈവരിക്കുന്നതിനുള്ള സാങ്കേതിക പരിമിതികൾ, ഇനി കൈവൈരിച്ചാലും "എങ്ങോട്ട് പായുന്നു ഹേ ഇത്ര തിടുക്കത്തിൽ" എന്ന ദാർശനിക സമസ്യ - ചർച്ച കുടുങ്ങിക്കിടക്കുന്നത് ഇതിലൊക്കെയാണ്. ഇതെല്ലാം അപ്രധാനം ആണ് എന്നല്ല, അടിസ്ഥാനപരമായ ചോദ്യമോ പ്രശ്നമോ ഇതൊന്നും അല്ല എന്നാണ് പറയുന്നത്.

ഒരു വികസനപദ്ധതിയെയും നമുക്ക് ശൂന്യതയിൽ നിന്നുകൊണ്ട് വിലയിരുത്താൻ ആവില്ല. കേവലമായ സാങ്കേതിക-പാരിസ്ഥിതിക-സാമ്പത്തിക വാദങ്ങൾ കൊണ്ട് ഒരു പദ്ധതിയുടെയും ശരിയും തെറ്റും അളക്കാൻ കഴിയില്ല. പദ്ധതിയുടെ സാമൂഹിക-വർഗ്ഗ അടിസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഇത്തരം വാദങ്ങൾക്ക് അർത്ഥമുണ്ടാവുന്നുള്ളു. ലെനിൻ നിരന്തരമായി സൂചിപ്പിച്ചിരുന്നത് പോലെ, "There is no abstract truth; truth is always concrete." ഏത് സാമൂഹിക സാഹചര്യത്തിൽ, ആർക്കുവേണ്ടി, എന്തിന്, ആര്, എങ്ങനെയാണ് ഒരു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ ഏത് പദ്ധതിയെയും വിലയിരുത്താൻ ആവൂ. കെ - റെയിലിന്റെ കാര്യത്തിലും ഇത് തന്നെയാണ് സത്യം. ഈ പദ്ധതിയുടെ അടിസ്ഥാനപരമായ സാമൂഹിക-വർഗ്ഗ പ്രചോദനത്തെക്കുറിച്ചും അതിന്റെ യഥാർത്ഥ ഗുണഭോക്താക്കളെക്കുറിച്ചും ഉള്ള കൃത്യമായ ധാരണയുടെ പശ്ചാത്തലത്തിൽ മാത്രമേ ഇന്ന് കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന് വരുന്ന സാങ്കേതിക-പാരിസ്ഥിതിക-സാമ്പത്തിക ചർച്ചകൾ അർത്ഥവത്താവുന്നുള്ളു.

ഗതാഗത വികസനം എന്ന പ്രത്യയശാസ്ത്രകുമിള 

യാത്രാസംവിധാനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എത്രയോ ദശകങ്ങളായി നടന്നുവരുന്ന കോലാഹലങ്ങളുമായി ബന്ധപ്പെടുത്തി വേണം നാം കെ-റെയിലിനെ കുറിച്ചുള്ള വിവാദങ്ങളെയും സമീപിക്കാൻ. വെള്ളം, ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾക്കെല്ലാം മുകളിലാണ് യാത്രാസൗകര്യങ്ങൾക്ക് കിട്ടുന്ന സാമൂഹിക പ്രാധാന്യം. റോഡുകളുടെ ശോചനീയാവസ്ഥ ഒന്നാം പേജിൽ കളർ ഫോട്ടോ സഹിതം വെണ്ടക്കയാവുമ്പോൾ വെള്ളക്ഷാമത്താൽ വലയുന്ന ഗ്രാമത്തിന്റെ അവസ്ഥയും പട്ടിണികൊണ്ട് മരിക്കുന്ന ആദിവാസി ഊരുകളുടെ വാർത്തയും എട്ടാം പേജിലെ കോളം ന്യൂസാണ്. ലംബോർഗിനി വാങ്ങിയിട്ട് റോഡിലിറക്കാൻ പറ്റാത്ത യുവനടന്റെ കരളലിയിപ്പിക്കുന്ന അവസ്ഥയും, കാറിലിരുന്ന് മേക്കപ്പ് ഇടാൻ സാധിക്കാത്ത സീരിയൽ നടിയുടെ ദുഃഖവും നമ്മുടെ മാധ്യമങ്ങൾ തുടരൻ ആയി പ്രസിദ്ധീകരിച്ചതാണ്. ഗതാഗതസംവിധാനങ്ങളുടെ നവീകരണം എന്ന ആശയം നിരന്തരമായി ഉന്നയിക്കാത്ത ഒരു പത്രമോ വാർത്താചാനലോ "പൗരപ്രമുഖ"നോ കേരളത്തിൽ ഇല്ല. ദശകങ്ങളായുള്ള ഈ പ്രചാരവേല "വികസന"ത്തിന്റെ ഏറ്റവും വലിയ അളവുകോൽ റോഡുകളുടെ വീതിയും നിരപ്പും ആണ് എന്ന ചിന്തയിലേക്ക് കേരളീയ സാമാന്യബോധത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.

ഇത് ഒരു യാദൃശ്ചികത അല്ല, ഒരു പ്രത്യയശാസ്ത്രനിർമ്മിതി ആണ്. വ്യവസ്ഥയുടെ നിലനിൽപ്പിന്റെയും പുനരുൽപ്പാദനത്തിന്റെയും ആവശ്യങ്ങൾ, ഭരണവർഗ്ഗത്തിന്റെ ആവശ്യങ്ങൾ എന്നിവയെല്ലാം ജനങ്ങളുടെയും സമൂഹത്തിന്റെയാകെയും ആവശ്യങ്ങളായി അവതരിപ്പിക്കുക എന്നതാണ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രവർത്തനരീതി. ഇവിടെയും ഇത് തന്നെയാണ് പിന്തുടരപ്പെടുന്നത്. ഗതാഗതസംവിധാനങ്ങളും ആ രംഗത്തെ അടിസ്ഥാനസൗകര്യവികസനങ്ങളും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയാണ് എന്നാണ് വെപ്പ്. ജനങ്ങൾക്ക് യാത്രചെയ്ത് അവരുടെ അമ്മയേയോ അച്ഛനേയോ ഭാര്യയേയോ ഭർത്താവിനേയോ കുട്ടികളേയോ കാമുകനേയോ കാമുകിയേയോ സുഹൃത്തുക്കളേയോ ഒക്കെ അനായാസേന സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇത് വ്യവസ്ഥയുടെ ആവശ്യങ്ങൾ "പൊതുനന്മക്കായി" എന്ന ലേബലിൽ ഒളിച്ചുകടത്താനുള്ള ഒരു ശ്രമം മാത്രമാണ്.  ഈ പ്രത്യയശാസ്ത്രനിർമ്മിതിയുടെ ഭൗതികമായ പ്രചോദനം എന്താണ് എന്ന് അന്വേഷിക്കുമ്പോൾ ആണ്  കെ - റെയിൽ ചർച്ചകളിൽ കെ. മാർക്സ് രംഗപ്രവേശം ചെയ്യുന്നത്. ഗതാഗതസംവിധാനങ്ങൾക്ക് മുതലാളിത്തവ്യവസ്ഥയിൽ ഉള്ള പ്രാധാന്യം കാൾ മാർക്സിന്റെ ആശയങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കുമ്പോൾ മാത്രമാണ് ഈ പ്രത്യയശാസ്ത്രകുമിള പൊട്ടുന്നത്.

കെ-റെയിൽ "മൂലധന"ത്തിന്റെ കണ്ണിലൂടെ

മുതലാളിത്തവ്യവസ്ഥയുടെ വിശകലനത്തിനായി മാർക്സ് അവലംബിച്ച രൂപരേഖ തന്നെ ആ വ്യവസ്ഥയിൽ ഗതാഗതസംവിധാനങ്ങൾക്കുള്ള പ്രാധാന്യം കാണിച്ചുതരുന്നതാണ്. മൂലധനം ആദ്യ വാള്യം മാർക്സ് മാറ്റിവെക്കുന്നത് ഉത്പാദനപ്രക്രിയയുടെ പഠനത്തിനായാണ്. ഒന്നാം വാള്യത്തിലെ രംഗം ഫാക്ടറിയാണ്. എന്നാൽ ഉത്പാദിപ്പിക്കപ്പെട്ട സാധനങ്ങൾ ഫാക്ടറിയിൽ തന്നെ ഇരുന്നാൽ ഈ വ്യവസ്ഥ നിലനിൽക്കില്ല. അവയെ ഉപഭോക്താവിലേക്ക് എത്തിക്കുന്ന പ്രക്രിയ പ്രധാനമാണ്. അതിനാൽ രണ്ടാം വാള്യത്തിൽ മാർക്സ് പഠനവിധേയമാക്കുന്നത് ഉത്പന്നങ്ങളുടെ സർക്കുലേഷൻ പ്രക്രിയ ആണ്. മൂന്നാം വാള്യത്തിലാണ് മാർക്സ് മുതലാളിത്തവ്യവസ്ഥയെ അതിന്റെ സമഗ്രരൂപത്തിൽ പഠിക്കുന്നതും അതിന്റെ പ്രത്യക്ഷരൂപങ്ങൾ വിശകലനം ചെയ്യുന്നതും. ഈ വിശകലനം ആദ്യരണ്ട്‍ വാള്യങ്ങളിലെയും ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണ്.

ഉത്പന്നങ്ങളുടെ സർക്കുലേഷൻ പ്രക്രിയ (process of circulation of commodities) പഠനവിധേയമാക്കുന്ന രണ്ടാം വാള്യത്തിലെ പ്രധാന ആശയങ്ങളിൽ ഒന്ന് വിറ്റുവരവ് സമയം (turnover time) എന്നതാണ്. ഇത് ഉത്പാദനസമയത്തിന്റെയും സർക്കുലേഷൻ സമയത്തിന്റെയും ആകെത്തുക ആണ്. അതായത് ഒരു ഉത്പന്നം നിർമ്മിക്കുന്നതിന് വേണ്ടി അതിന്റെ മുതലാളി മുടക്കിയ മൂലധനം ലാഭവും ചേർന്ന് തിരിച്ചുവരാൻ എടുക്കുന്ന സമയമാണ് വിറ്റുവരവ് സമയം. ഈ വിറ്റുവരവ് സമയം കൂടുന്നത് ലാഭത്തിന്റെ അളവിനെയും ലാഭനിരക്കിനെയും ഉത്പാദനപ്രക്രിയയുടെ തുടർച്ചയെയും എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന് മാർക്സ് രണ്ടാം വാള്യത്തിൽ വിശദമായി പഠിക്കുന്നുണ്ട്. അത് കൊണ്ട് വിറ്റുവരവ് സമയം പരമാവധി കുറചു കൊണ്ട് വിറ്റുവരവ് നിരക്ക് (rate of turnover) ഉയർത്തുക എന്നത് മുതലാളിത്തവ്യവസ്ഥയുടെ തന്നെ ആവശ്യമാണ്. ഇവിടെയാണ് സുഗമവും കാര്യക്ഷമവുമായ ഗതാഗത സംവിധാനവും അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും മുതലാളിത്തത്തിനും ഭരണവർഗ്ഗത്തിനും അങ്ങേയറ്റം പ്രധാനമായി മാറുന്നത്. ഈ പ്രാധാന്യമാണ് ഗതാഗതരംഗത്ത് ഭീമമായി മുതൽമുടക്കാൻ മുതലാളിത്തവ്യവസ്ഥ ഭരണകൂടത്തിന് മേൽ നിരന്തരമായി ചെലുത്തുന്ന സമ്മർദ്ദത്തിന്റെ യഥാർത്ഥ കാരണം. എന്നാൽ ഈ സമ്മർദ്ദം തങ്ങളുടെ ലാഭവിഹിതത്തിന് കോട്ടം തട്ടാതിരിക്കാൻ വേണ്ടി ഉള്ളതാണ് എന്ന് വന്നാൽ അതിന് ജനസമ്മതി ഉണ്ടാവില്ല. അതിനാൽ അതിനെ "പൊതുനന്മ"ക്ക് വേണ്ടിയുള്ളതായി അവതരിപ്പിക്കേണ്ടതുണ്ട്. അതാണ് മുതലാളിത്തം അതിന്റെ പ്രത്യയശാസ്ത്രസംവിധാനങ്ങൾ വഴി ഭംഗിയായി നിർവ്വഹിക്കുന്നത്. അങ്ങനെയാണ് എട്ടുവരിപാത വരുന്നത് തിരുവനന്തപുരത്തുള്ള ഒരാൾക്ക് വാരാന്ത്യങ്ങളിൽ വേഗത്തിൽ അല്ലലില്ലാതെ കണ്ണൂരിലെ വീട്ടിൽ പോയി മീൻകറിയും കൂട്ടി ചോറുണ്ണാനുള്ള വേണ്ടിയാണ് എന്ന തെറ്റിദ്ധാരണ ജനങ്ങളിൽ ഉണ്ടാവുന്നത്!

നവലിബറൽ ഘട്ടത്തിൽ, ഫിനാൻസ് മൂലധനത്തിന്റെ വ്യാപനത്തോടെ, സർക്കുലേഷൻ സമയം കുറക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്. കാരണം നവലിബറൽ കാലഘട്ടം മുതലാളിത്തവ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളുടെ പട്ടികയിൽ ഒന്നുകൂടെ കൂട്ടിച്ചേർക്കുന്നുണ്ട്. ഫിനാൻസ് മൂലധനത്തിന്റെ ഭീമമായ വളർച്ച ബാങ്കിങ് മേഖലയിൽ ഉണ്ടാക്കിയ വലിയമാറ്റങ്ങളും വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗവും പണമൂലധനത്തിന്റെ (money capital) സർക്കുലേഷന് ആവശ്യമായ സമയം നിമിഷങ്ങൾ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉൽപ്പന്നങ്ങളുടെ സർക്കുലേഷന് പണമൂലധനവ്യാപനത്തിന്റെ വേഗതക്കൊപ്പമെത്താൻ ആവുന്നില്ല എന്നത് ലാഭസാക്ഷാത്കാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഈ വൈരുദ്ധ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നവലിബറൽ മുതലാളിത്തം ഗതാഗതസംവിധാനങ്ങൾക്കായുള്ള മുറവിളി ശക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ മുതലാളി-ഭരണ വർഗ്ഗം ഇവിടുത്തെ ഗതാഗതസംവിധാനങ്ങൾ അടിയന്തരമായി മെച്ചപ്പെടണം എന്ന് വാശിപിടിക്കുന്നതിന് ഒരു പ്രധാന കാരണം കൂടി ഉണ്ട്. മുതലാളിത്തവ്യവസ്ഥയിൽ ഒരു ഉത്പന്നത്തിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നത് അതിന്റെ നിർമ്മാണത്തിൽ ചെലവഴിക്കപ്പെട്ട അദ്ധ്വാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.  ഈ അദ്ധ്വാനം രണ്ട് തരത്തിൽ ഉള്ളതാണ്. ഒന്ന്, അതിന്റെ നിർമ്മാണപ്രവർത്തനത്തിൽ നേരിട്ട് ചെലവഴിക്കപ്പെടുന്നത്; രണ്ട്, അത് ഉപഭോക്താക്കളിൽ എത്തിക്കുന്ന ഗതാഗത പ്രക്രിയയിൽ ചെലവഴിക്കപ്പെടുന്നത്. എന്നാൽ മാർക്സിന്റെ പ്രധാനപ്പെട്ട ഉൾക്കാഴ്ചകളിൽ ഒന്ന്, ഉത്പന്നങ്ങളുടെ മൂല്യം നിർണ്ണയിക്കപ്പെടുന്നത് അതിനുവേണ്ടി സാമൂഹികമായി ആവശ്യമായി വരുന്ന അദ്ധ്വാനത്തിന്റെ (socially necessary labour) അടിസ്ഥാനത്തിൽ മാത്രം ആണ് എന്നതാണ്. സാമൂഹികമായി ആവശ്യമായി വരുന്ന അദ്ധ്വാനം എന്നത് ഒരു രാജ്യത്തെ ശരാശരി അദ്ധ്വാനവൈദഗ്ദ്ധ്യവും ശരാശരി അടിസ്ഥാനസൗകര്യങ്ങളും കണക്കിലെടുത്താണ് നിർണ്ണയിക്കുന്നത്. പ്രധാനമന്ത്രിയുമായി കെ-റെയിലിനെ കുറിച്ചുള്ള ചർച്ചക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് "സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ വേഗം മറ്റു സംസ്ഥാനങ്ങളെക്കാൾ 40 ശതമാനം കുറവാണ്. റെയില്‍ ഗതാഗതത്തിനു 30 ശതമാനം വേഗക്കുറവുണ്ട്" എന്നാണ്. അങ്ങനെ വരുമ്പോൾ കേരളത്തിൽ ചരക്ക് ഗതാഗതത്തിന് മറ്റ് സംസ്ഥാനങ്ങളേക്കാൾ ചെലവ് വരും. പക്ഷെ ഈ അധികച്ചെലവ് ഉപഭോക്താവിൽ നിന്നും ഈടാക്കാൻ സാധിക്കില്ല, കാരണം മൂല്യവും വിലയും നിർണയിക്കപ്പെടുന്നത് രാജ്യത്തെ ശരാശരി ഗതാഗതസൗകര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്. കേരളത്തിൽ ഈ ശരാശരിക്ക് താഴെയാണ് സൗകര്യങ്ങൾ എങ്കിൽ അത് കാരണം ഉണ്ടാവുന്ന അധികച്ചിലവ് ലാഭത്തിൽ നിന്നാണ് കുറക്കപ്പെടുന്നത്. അങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗതാഗതസംവിധാനങ്ങളുടെ നിലവാരമില്ലായ്മ ഇവിടുത്തെ മുതലാളിവർഗ്ഗത്തിന്റെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ടുതന്നെയാണ് യാത്രാസംവിധാനങ്ങളുടെ വികസനം അവരുടെ ആവശ്യമായി വരുന്നത്.

പക്ഷെ, മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് കെ-റെയിലുമായി എന്ത് ബന്ധം എന്ന് ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. കാരണം അവയെല്ലാം ചരക്ക് ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണ്; കെ-റെയിൽ പ്രധാനമായും ജനസഞ്ചാരത്തിനായുള്ള ഒരു സംവിധാനമാണ്. ചരക്ക് നീക്കത്തെ സംബന്ധിച്ചുള്ള ആശയങ്ങൾ ജനസഞ്ചാരസംവിധാനത്തിന് ബാധകമാവുന്നത് എങ്ങനെ? എന്നാൽ ഈ ആശ്ചര്യം മുതലാളിത്തവ്യവസ്ഥയിൽ ഉത്പന്നങ്ങളും ജനങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന അടിസ്ഥാനസത്യം തിരിച്ചറിയാത്തതിൽ നിന്നും ഉടലെടുക്കുന്ന ഒന്നാണ്. ജനങ്ങളുടെ അദ്ധ്വാനശേഷി ഒരു ഉത്പന്നമായി മാറുന്ന വ്യവസ്ഥയാണ് മുതലാളിത്തം. ഈ വ്യവസ്ഥയെയും അതിലെ ഭരണവർഗ്ഗത്തെയും സംബന്ധിച്ചെടുത്തോളം സാധാരണജനങ്ങൾ അദ്ധ്വാനശേഷി എന്ന ഉത്പന്നത്തിന്റെ വാഹകർ മാത്രമാണ്.  അതുകൊണ്ട് തന്നെ ഉത്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും യന്ത്രസാമഗ്രികളുടെയും ജനങ്ങളുടെയും സർക്കുലേഷൻ തമ്മിൽ വ്യവസ്ഥക്ക് വലിയ വേർതിരിവൊന്നും ഇല്ല. മുതലാളിത്തത്തിന് ഇവയെല്ലാം മൂലധനത്തിന്റെ വ്യത്യസ്ഥരൂപങ്ങൾ മാത്രം! മൂലധനത്തിന്റെ മറ്റ് രൂപങ്ങളുടെ സുഗമമായ സർക്കുലേഷൻ പോലെ തന്നെ ജനങ്ങളുടെ യാത്രാസംവിധാനവും വ്യവസ്ഥയുടെ നിലനിൽപ്പിന് പ്രധാനമാവുന്നത് ഇതുകൊണ്ടാണ്. മൂലധനത്തിന്റെയും തൊഴിൽസ്ഥാപനങ്ങളുടെയും വലിയ നഗരങ്ങളിലേക്കുള്ള കേന്ദ്രീകരണം ജനങ്ങളുടെ സർക്കുലേഷൻന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിരിക്കുകയാണ്.

മുതലാളിത്തവികസനവും ഇടതുപക്ഷവും

കെ-റെയിൽ ഉൾപ്പെടെയുള്ള ഗതാഗതരംഗത്തെ എല്ലാ വമ്പൻ പദ്ധതികളും ആർക്ക് വേണ്ടിയുള്ളവ ആണെന്നും എന്തിന് വേണ്ടി ഉള്ളതാണെന്നും മാർക്സിന്റെ ആശയങ്ങൾ സംശയലേശമന്യേ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ഇത് മുതലാളിത്തവ്യവസ്ഥയുടെ സുഗമമായ നിലനിൽപ്പ് ലക്‌ഷ്യം വെച്ചുള്ള പദ്ധതികൾ ആണ്; ആ വ്യവസ്ഥയുടെ കാവലാളുകൾ ആയിട്ടുള്ള ഒരു വരേണ്യവർഗ്ഗം മാത്രമാണ് ഇവയുടെ യഥാർത്ഥ ഗുണഭോക്താക്കൾ. ഈ സത്യം ഖണ്ഡിക്കാൻ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കുന്ന ചില ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും കെ-റെയിൽ അടക്കമുള്ള പദ്ധതികളെ ന്യായീകരിക്കാൻ ഉയർന്ന് കേൾക്കുള്ള ഒരു വാദം വളരെ കൗതുകകരമാണ്. അത് ഇപ്രകാരമാണ്: മുതലാളിത്തത്തിന്റെ വളർച്ചയാണ് സോഷ്യലിസത്തിലേക്ക് നയിക്കുന്നത് എന്ന് മാർക്സ് പറയുന്നുണ്ട്; അതിനാൽ മാർക്സിസ്റ്റ് പാർട്ടികൾ മുതലാളിത്തവികസനപദ്ധതികൾ നടപ്പാക്കുന്നതിൽ തെറ്റില്ല! സിംഗൂർ-നന്ദിഗ്രാം സമയത്ത് ബംഗാളിലെ സിപിഎം ന്റെ "വികസനോന്മാദ"ത്തെ ന്യായീകരിക്കാനും ഈ വാദം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് മാർക്സിസത്തിന്റെ പൂർണ്ണമായും ഉള്ള വക്രീകരണം ആണ്.

മുതലാളിത്തത്തിന്റെ വളർച്ചയാണ് സോഷ്യലിസത്തിലേക്ക് വഴിതെളിക്കുന്നത് എന്ന മാർക്സിന്റെ ആശയം വൈരുദ്ധ്യാത്മകമായ ഒന്നാണ്. സോഷ്യലിസത്തിന് വേണ്ട വസ്തുനിഷ്ഠമായ സാഹചര്യങ്ങൾ (objective conditions) സൃഷ്ടിക്കുന്നത് മുതലാളിത്ത വളർച്ചയാണ്. എന്നാൽ ഈ വളർച്ചയുടെ ഫലമായി മുതലാളിത്തം സ്വാഭാവികമായി സോഷ്യലിസമായി പരിണമിക്കില്ല. മുതലാളിത്തവളർച്ച സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും മുതലെടുക്കാൻ പറ്റുന്ന ആത്മനിഷ്ഠമായ സാഹചര്യങ്ങൾ (subjective conditions) കൂടി അതിന് ആവശ്യമാണ്. വർഗ്ഗബോധത്തിലൂടെയും സംഘടനയിലൂടെയും ഈ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് മാർക്സിസ്റ്റ് പാർട്ടികളുടെ പ്രധാന കടമ. മുതലാളിത്തവ്യവസ്ഥയ്ക്കെതിരെയുള്ള ദൈനംദിനമായ സന്ധിയില്ലാ സമരങ്ങളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇതിന് പകരം, ഈ പരിണാമം യാന്ത്രികമായി സംഭവിക്കുന്ന ഒന്നാണ് എന്ന വ്യാമോഹത്തിന് അടിമപ്പെട്ട് മുതലാളിത്തം വളർത്താൻ ഇറങ്ങിപുറപ്പെട്ടാൽ, ജനങ്ങൾ അത്തരം പാർട്ടികളെ മുതലാളിത്തത്തിന്റെയും മുതലാളിമാരുടെയും കിങ്കരന്മാരായി മാത്രമേ കാണുകയുള്ളു. അതുകൊണ്ട് തന്നെ ജനമനസ്സുകളിൽ കളങ്കിതരാക്കപ്പെട്ട അത്തരം പാർട്ടികൾക്ക് ഒരിക്കലും അവരെ വിപ്ലവകരമായ സാമൂഹികമാറ്റത്തിനായി സംഘടിപ്പിക്കാൻ ആവില്ല. മാർക്സിന്റെ ആഴമേറിയതും വൈരുദ്ധ്യാത്മകവും ആയ ഉൾക്കാഴ്ചകളെ എങ്ങനെയാണ് ഇടതുപക്ഷവൃത്തങ്ങൾ അവരുടെ മുതലാളിത്തദാസ്യവേല മറച്ചു വെക്കുന്നതിനുള്ള യാന്ത്രികവാദങ്ങളായി വക്രീകരിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇത്.

ഇത് നമ്മെ കൊണ്ടെത്തിക്കുന്നത് അടുത്ത ചോദ്യത്തിലേക്കാണ്: മുതലാളിത്തവ്യവസ്ഥക്ക് വേണ്ടിയുള്ള ഈ പദ്ധതി ആരാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്? ഈ പദ്ധതി ഏത് വിധേനയും നടപ്പാക്കും എന്ന് വാശിപിടിക്കുന്ന ഇടതുപക്ഷസഖ്യത്തിത്തെ നയിക്കുന്നത് "മാർക്സിസ്റ്റ്" പാർട്ടികൾ ആണ്. എന്നാൽ ഈ ലേബൽ ഒരു വിരോധാഭാസം മാത്രമാണെന്ന് മാർക്സിസത്തിന്റെ എബിസി അറിയുന്ന എല്ലാവർക്കും ബോദ്ധ്യമുണ്ട്. ഇടതുപക്ഷം എന്നത് ഒരു സോഷ്യൽ ഡമോക്രറ്റിക് സഖ്യമാണ്, അതിന് മാർക്സിസവുമായി ഇന്ന് യാതൊരു ബന്ധവും ഇല്ല. "ജനക്ഷേമകരമായ പരിഷ്‌കാരങ്ങൾ" വഴി മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാനാവും എന്ന് വ്യാമോഹിക്കുന്ന സോഷ്യൽ ഡമോക്രസിക്കുറിച്ച് അതുകൊണ്ടാണ് സ്ലാവോയ് സിസക്, "ഇരുപതാം നൂറ്റാണ്ടിലുടനീളം മുതലാളിത്തത്തിനെതിരായ കമ്മ്യൂണിസ്റ്റ് ഭീഷണിയെ ചെറുക്കാൻ അണിനിരത്തപ്പെട്ട ഒരു ഉപകരണമായിരുന്നു സോഷ്യൽ ഡെമോക്രസി" എന്ന് അഭിപ്രായപ്പെട്ടത്.

മുതലാളിത്തത്തെ വിപ്ലവകരമായി പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും അതിന്റെ "മോശം വശങ്ങളെ" പരിഷ്കരിച്ചാൽ മാത്രം മതിയെന്നും വാദിക്കുന്ന സോഷ്യൽ ഡമോക്രറ്റിക് പാർട്ടികളെ നവലിബറലിസത്തിന്റെ തുടക്കത്തോട് കൂടി മുതലാളിത്തവ്യവസ്ഥ സ്വാംശീകരിച്ച് നിജ്ജീവമാക്കുകയാണ് ചെയ്തത്. എൺപതുകളുടെ ആദ്യപകുതിയോടു കൂടി തന്നെ യൂറോപ്പിലെ സോഷ്യൽ ഡമോക്രറ്റിക് പാർട്ടികൾ ഒന്നൊന്നായി നവലിബറൽ നയങ്ങളെ പുല്കിത്തുടങ്ങിയിരുന്നു. മാവോയുടെ മരണത്തെത്തുടർന്ന് 1978ൽ സാമ്പത്തികപരിഷ്കാരങ്ങൾക്ക് തുടക്കമിട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായിരം ആണ്ടോട് കൂടി നവലിബറിലസത്തെ പൂർണ്ണമായും സ്വീകരിച്ചു. സോഷ്യൽ ഡമോക്രസിയുടെ ഇന്ത്യൻ പതിപ്പുകൾ ആയ സിപിഎമ്മും സിപിഐയും നവലിബറലിസത്തിലേക്കുള്ള ചായ്‌വ് ആദ്യം പ്രകടമായി കാണിച്ചു തുടങ്ങിയത് ബംഗാളിൽ ആയിരുന്നു. അത് നന്ദിഗ്രാമിലേക്കും സിംഗൂരിലേക്കും അതിലൂടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ സർവ്വനാശത്തിലേക്കും നയിച്ചു എന്ന് നമുക്കറിയാം. ഇങ്ങു കേരളത്തിൽ കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇടതുപക്ഷം നവലിബറൽ പക്ഷത്തേക്ക് ക്രമേണയുള്ള യാത്രയിലാണ്. പാർട്ടിയിൽ വിഎസിന്റെ കലാപം ഇതിന്റെ പ്രത്യക്ഷരൂപങ്ങൾക്കെതിരെ ഉള്ളതായിരുന്നു. ഇന്ന് "വിഭാഗീയത" മുഴുവനായും തുടച്ചു നീക്കി സിപിഎം ഒരുമയോട് കൂടി നവലിബറൽ നയങ്ങളെ പുൽകിയിരിക്കുകയാണ്. സംസ്ഥാനസമ്മേളനത്തിലെ "വികസനയരേഖ" ഇതിന്റെ സാക്ഷ്യപത്രമാണ്. മുതലാളിത്തവ്യവസ്ഥയുടെ പ്രവർത്തനവും പ്രത്യുൽപ്പാദനവും സുഗമമായി നടക്കാൻ ആവശ്യമായ അടിസ്ഥാനവികസനവും സാമ്പത്തികപരിഷ്കാരങ്ങളും നടപ്പാക്കുക എന്നത് ഒരു നവലിബറൽ ഭരണകൂടത്തിന്റെ കടമ ആണ്. അതിന്റെ ഭാഗമായി വേണം കെ-റെയിൽ നടത്തി എടുക്കാനുള്ള ഇടതുപക്ഷത്തിന്റെ വ്യഗ്രതയെ കാണാൻ.

Accumulation by Dispossession ന്റെ കേരളീയ മാതൃക

ലോകപ്രശസ്ത മാർക്സിസ്റ്റ് ചിന്തകനായ ഡേവിഡ് ഹാർവി നവലിബറൽ മുതലാളിത്തത്തിന്റെ പ്രവർത്തനരീതിയെ അടയാളപ്പെരുത്തുന്നത് "കുടിയിറക്കലിലൂടെ ഉള്ള സമാഹരണം" (accumulation by dispossession) എന്ന ആശയം ഉപയോഗിച്ചാണ്. മുതലാളിത്തവളർച്ചക്ക് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം ജനങ്ങളുടെ ചെലവിൽ, അവരുടെ ഭൂമിയും സ്വത്തും കവർന്നെടുത്തു കൊണ്ട്, അവരുടെ പ്രതിഷേധങ്ങളെ ചവിട്ടിയരച്ച് കൊണ്ട് നടപ്പാക്കുക എന്നത് ഇതിന്റെ ഭാഗമാണ്. ഇതിൽ നവലിബറൽ ഭരണകൂടത്തിന്റെ പങ്ക് തന്റെ 'A brief history of neoliberalism' എന്ന പഠനത്തിൽ ഹാർവി എടുത്ത് പറയുന്നുണ്ട്: "അക്രമത്തിന്റെ കുത്തകയുടേയും നിയമസാധുതയുടെ നിർവ്വചനത്തിന്റെയും സഹായത്തോടു കൂടി ഈ പ്രക്രിയകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഭരണകൂടം ഒരു നിർണായക പങ്ക് വഹിക്കുന്നു." ഇതിന്റെ ഒരു ക്ലാസ്സിക് ഉദാഹരണമാണ് കെ-റെയിലിന്റെ കാര്യത്തിൽ കേരളത്തിൽ നമ്മൾ ഇന്ന് കാണുന്നത്. ഹാർവിയുടെ ഈ ആശയത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ കെ-റെയിലിനെതിരെയുള്ള കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സമരം വെറും പ്രഹസനമാണെന്ന് മനസ്സിലാക്കുന്നതിൽ വിഷമമില്ല. കാരണം, ഈ നവലിബറൽ പ്രവർത്തനരീതിയെ അവർ ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ്സ്-ബിജെപി ഭരണകൂടങ്ങൾ പിന്തുണച്ചിട്ടേ ഉള്ളൂ. അതുകൊണ്ട് ഇന്ന് നടക്കുന്ന സമരങ്ങളിൽ തങ്ങളുടെ ജീവിതോപാധികൾ തച്ചുടച്ചു കൊണ്ട് വളരാൻ വെമ്പുന്ന നവലിബറൽ മുതലാളിത്തത്തെയും അതിന് ചൂട്ട് പിടിക്കുന്ന ഭരണകൂടത്തെയും പ്രതിരോധിക്കുന്ന ജനങ്ങളോട് മാത്രമേ ഐക്യദാർഢ്യപ്പെടാൻ സാധിക്കുകയുള്ളു. അവരുടെ പ്രതിരോധത്തിന് ദിശയും ലക്ഷ്യവും പകരാൻ കെൽപ്പുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇല്ല എന്നുള്ളത് വലിയ പോരായ്മ ആണ് താനും.

"കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നാലരമണിക്കൂറിൽ എത്താൻ സാധിക്കുന്നത് മോശം കാര്യമാണോ?" തുടങ്ങിയ വാദങ്ങൾ ഈ സാമൂഹികവിഷയത്തെ ലളിതവൽക്കരിച്ച് അതിന്റെ ഉള്ളടക്കം മുഴുവൻ ചോർത്തിക്കളയുവാൻ ഉദ്ദേശിച്ചുള്ളവയാണ്. കെ-റെയിൽ പ്രശ്നത്തിന്റെ സാമൂഹികവും രാഷ്ട്രീയവും വർഗ്ഗപരവുമായ ഉള്ളടക്കത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണ് ഇത്തരം ലളിതവൽക്കരണത്തിന് പിന്നിൽ. അതുകൊണ്ടാണ് ശരി-തെറ്റ് എന്ന യാന്ത്രികദ്വന്ദ്വത്തിൽ ചർച്ചയെ തളച്ചിടാൻ ഇതുപോലുള്ള വാദങ്ങൾ ഉയർത്തുന്നവർ ശ്രമിക്കുന്നത്. ഈ പദ്ധതിയുടെ വർഗ്ഗപരവും സാമൂഹികവും ആയ ഉള്ളടക്കം മാർക്സിസ്റ്റ്‌ ആശയങ്ങളുടെ വെളിച്ചത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു. എല്ലാ വൻകിട ഗതാഗതപദ്ധതികളുടെയും പോലെ തന്നെ ഇത് മുതലാളിത്തവ്യവസ്ഥയിലെ സർക്കുലേഷൻ പ്രക്രിയ സുഗമമാക്കാൻ ലക്‌ഷ്യം വെച്ചുള്ളതാണ്. ഇതിന്റെ പ്രധാനഗുണഭോക്താക്കൾ വരേണ്യഭരണവർഗ്ഗമാണ്. നവലിബറൽ മുതലാളിത്ത യുക്തിക്ക് മുഴുവനായും കീഴ്‌പ്പെട്ടു കഴിഞ്ഞ ഒരു സോഷ്യൽ ഡമോക്രറ്റിക് പാർട്ടിയും അത് നയിക്കുന്ന സഖ്യവുമാണ് ഇത് നടപ്പാക്കാൻ ശ്രമിക്കുന്നത്. "കുടിയിറക്കലിലൂടെ ഉള്ള സമാഹരണം" എന്ന നവലിബറൽ പ്രവർത്തനരീതിയുടെ മറ്റൊരു മാതൃക മാത്രമാണ് ഇവിടെ അരങ്ങേറുന്നത്. ഇതുപോലുള്ള സാഹചര്യങ്ങളിൽ ലോകത്തെല്ലായിടത്തും സംഭവിക്കുന്നത് പോലെ തന്നെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ, നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നും അവരുടെ പങ്കാളിത്തം ഇല്ലാതെ, സുതാര്യതയോ വ്യക്തതയോ ലവലേശം ഇല്ലാതെ, അവരുടെ പ്രതിഷേധത്തെ അടിച്ചമർത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാൻ ശ്രമം നടക്കുന്നത്. ലാഭത്തിന്റെ യുക്തിയും സാമൂഹികനന്മയും പരസ്പരം പൊരുത്തപ്പെട്ടു പോകാത്തതുകൊണ്ട് പോരാടുന്ന ജനതയും നവലിബറൽ ഭരണകൂടവും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനാവാത്തതാണ്.

യാത്രാവേഗം മൂന്നുമടങ്ങ് വർദ്ധിപ്പിക്കുന്ന ഒരു സംവിധാനത്തെ സാധാരണഗതിയിൽ ജനങ്ങൾ എതിർക്കേണ്ട കാര്യമില്ല. എന്നാൽ ലാഭം എന്ന അച്ചുതണ്ടിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയിൽ വസ്തുനിഷ്ഠമായി വിമോചനസാദ്ധ്യത ഉള്ള സാങ്കേതികമുന്നേറ്റങ്ങൾ പോലും തങ്ങളുടെ ജീവിതോപാധികളെ ചോദ്യം ചെയ്യുന്നവയായാണ് ജനങ്ങൾക്ക് അനുഭവപ്പെടുക. പത്തൊൻപതാം നൂറ്റാണ്ടിൽ ഫാക്ടറികളിലെ യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട് മാർക്സ് നടത്തിയ ഈ പരാമർശം ഇന്ന് കെ-റെയിലിന്റെ കാര്യത്തിലും ശരിയാണ്. സാമൂഹികനന്മ പ്രധാനലക്ഷ്യമായുള്ള ഒരു വ്യവസ്ഥയിൽ മാത്രമേ സാങ്കേതികപുരോഗതിയുടെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്ന ഇത്തരം വൻകിട പദ്ധതികൾ വർഗ്ഗവൈരുദ്ധ്യങ്ങൾ ഇല്ലാതെയും ജനസമ്മതിയോട് കൂടെയും ആസൂത്രണത്തിലും നടപ്പാക്കലിലും ജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തത്തിലൂടെയും സാക്ഷാത്ക്കരിക്കാൻ സാധിക്കൂ. മുതലാളിത്തവ്യവസ്ഥയിലാവട്ടെ, അനുദിനം മൂർച്ഛിച്ച് കൊണ്ടിരിക്കുന്ന വർഗ്ഗവൈരുദ്ധ്യങ്ങൾക്കിടയിൽ തോക്കുകളുടെയും ലാത്തികളുടെയും അകമ്പടിയോടുകൂടി ജനങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് മാത്രമേ ഇവ നടപ്പാക്കാൻ ആവൂ. അതുകൊണ്ട് കെ-റെയിൽ പോലുള്ള പദ്ധതികൾ ജനോപകാരപ്രദമായി യാഥാർത്ഥ്യമാവണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ലാഭാസക്തിക്ക് പകരം മനുഷ്യനന്മ ലക്ഷ്യമാക്കുന്ന ഒരു വ്യവസ്ഥക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്.

('സമകാലിക മലയാളം' ആഴ്ചപ്പതിപ്പിന്റെ ഏപ്രിൽ 11 ലക്കത്തിൽ പ്രസിദ്ധീകരിച്ച "വിശുദ്ധവികസനവും ചില മാർക്സിയൻ ചിന്തകളും" എന്ന ലേഖനത്തിന്റെ വിപുലീകരിച്ച പതിപ്പ്.)