Wednesday 2 March 2016

മനുഷ്യന്റെ പ്രതികാരം

ബിപിൻ ബാലറാം


പ്രതികാരങ്ങൾ സാധാരണ മനോഹരമാവാറില്ല. എന്നാൽ മഹേഷിന്റെ പ്രതികാരം മനോഹരമാണ്. അതിന്റെ പ്രധാന കാരണം അതിൽ പകയില്ല എന്നതാണ്. വെറുപ്പിലും സങ്കടത്തിലും ഒറ്റപ്പെടലിലും നിസ്സഹായതയിലും മുളപൊട്ടുന്ന മഹേഷിന്റെ പ്രതികാരം അയാളെ കൊണ്ടെത്തിക്കുന്നത് സ്വയം കണ്ടെത്തലിലാണ്. അതുകൊണ്ടാണ് അവസാനം, തിരിച്ചടിയുടെ തൊട്ടു മുൻപ്, "ജിൻസന്റെ ഹെൽത്ത് ഒക്കെ ഒക്കെയല്ലേ, തുടങ്ങാം?" എന്ന് അയാൾക്ക്‌ പറയാനാവുന്നത്. കലയിലൂടെയും പ്രണയത്തിലൂടെയും തന്നിലെ മനുഷ്യനെ കണ്ടെത്തിയ ഒരാളുടെ ആത്മവിശ്വാസമാണ് അത്. മഹേഷിന്റെ പ്രതികാരത്തിൽ ഒരടിയും തിരിച്ചടിയും മാത്രം കാണുന്നവർ ആ സിനിമയോട് നീതി പുലർത്തുന്നില്ല. സിനിമയുടെ യഥാർത്ഥ കഥാതന്തു ഈ സംഭാഷണത്തിൽ ആണ് തിരയേണ്ടത്:

ചാച്ചൻ: നീ എങ്ങോട്ടാ?
മഹേഷ്‌: കടയിലോട്ട് ...
ചാച്ചൻ: കടയല്ല, സ്റ്റുഡിയോ.

ഫോട്ടോ എടുക്കുക എന്നത് മഹേഷിന് ഒരു ഉപജീവന മാർഗ്ഗം മാത്രമാണ്, വെറും ഒരു തൊഴിൽ. മഹേഷിന്റെ ഫോട്ടോകളിൽ അയാളുടെ സാന്നിധ്യമില്ല, അത് തികച്ചും യാന്ത്രികമായ ഒരു പ്രവർത്തിയാണ്. അതുകൊണ്ട് തന്നെ ഫോട്ടോ എടുക്കുന്ന സ്ഥലം അയാൾക്ക്‌ 'കട'യാണ്. ഫോട്ടോ എടുത്തുകൊടുക്കുന്നതിനു കൂലി വാങ്ങിക്കുന്ന ഒരു സ്ഥലം. മാർക്സിൽ നിന്നും കടമെടുത്താൽ " ... in his work, therefore, he does not affirm himself but denies himself, does not feel content but unhappy, does not develop freely his physical and mental energy but mortifies his body and ruins his mind ... it [work] is not the satisfaction of a need; it is merely a means to satisfy needs external to it." കൂലിക്ക് വേണ്ടി ഫോട്ടോ എടുക്കുന്നവനിൽ നിന്നും ഫോട്ടോക്ക് വേണ്ടി ഫോട്ടോ എടുക്കുന്നവനിലേക്കുള്ള പരിണാമമാണ് 'മഹേഷിന്റെ പ്രതികാരം'.

എല്ലാ ശാരീരിക അവശതകളും മറന്ന്, മണിക്കൂറുകളോളം തൊടിയിൽ പതുങ്ങിയിരുന്ന് കിളിയുടെ ചിത്രം പകർത്തുന്ന ചാച്ചനാണ്‌ മഹേഷിലെ മനുഷ്യനെ ഉണർത്തുന്നത്. തന്റെ ഫോട്ടോകളിലൂടെ നിശ്ചലമായ ബാഹ്യലോകത്തെ നിഷ്ക്രിയമായി പകർത്തുക എന്ന ദൗത്യം മാത്രം നിർവ്വഹിച്ചു പോന്നിരുന്ന മഹേഷ്‌, തന്റെ ചിത്രങ്ങളിൽ തന്നിലെ മനുഷ്യന്റെ ഒരംശം വേണം എന്ന ബോധ്യത്തിലേക്കെത്തുമ്പോൾ 'ഷോൾഡർ ഡൌണും' 'ചിൻ പോടിക്കപ്പുും' എല്ലാം താനേ കൊഴിഞ്ഞു പോവുന്നു. ചലനാത്മകമായ ബാഹ്യലോകവും ക്യാമറയേന്തി നില്ക്കുന്ന ഒരു മനുഷ്യനുമായുള്ള പാരസ്പര്യമാണ്‌ പിന്നീട് മഹേഷിന് ഓരോ ഫോട്ടോയും. എടുക്കുന്ന ഓരോ ചിത്രവും അയാളിലെ മനുഷ്യത്വത്തിന്റെ സാക്ഷാൽക്കാരമായി മാറുന്നു. പോസിങ്ങിന്റെ ജഡാവസ്ഥയിൽ നിന്നും ചലനത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിലേക്കുള്ള മഹേഷിന്റെ യാത്രക്ക് യഥാർത്ഥത്തിൽ മാർക്സിയൻ മാനങ്ങളുണ്ട്. മഹേഷിന് ജിംസിയോടുള്ള പ്രണയം പോലും തന്നിലെ മനുഷ്യത്വത്തെ വീണ്ടെടുത്തിലെ ആത്മവിശ്വാസത്തിൽ നിന്നും പിറക്കുന്നതാണ്. അതിനാൽ തന്നെ അടുക്കളപ്പുറത്ത് കുമ്പളപ്പം കൊണ്ട് കൊടുക്കുന്ന പൈങ്കിളി മാനം അതിനില്ല. ഈ പ്രണയത്തിന് നിഷ്കളങ്കമായ ഒരു ആർജ്ജവത്വം കൈവരുന്നത് അതിനാലാണ്.

ജിംസനെത്തേടി വർക്ക്ഷോപ്പിലേക്ക് കുതിക്കുന്ന മഹേഷല്ല അവസാനം ജിംസനെ മലർത്തിയടിക്കുന്ന മഹേഷ്‌. അവനിൽ വല്ലാത്ത ഒരു ശാന്തതയുണ്ട്. ഈ ലോകത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയ ഒരു മനുഷ്യന്റെ ശാന്തത. ഈ മല്ലയുദ്ധത്തിൽ വെറുപ്പോ പകയോ നിഴലിക്കുന്നില്ല, അതിൽ യഥാർത്ഥത്തിൽ ജിംസൻ പോലും അപ്രസക്തനാണ്; അത് മഹേഷിന്റെ പരിണാമത്തിലെ അവസാനത്തെ കാൽവെയ്പ്പാണ്. വീണുകിടക്കുന്ന ജിംസന്റെ തോളിൽ മഹേഷ്‌ ആർദ്രതയോടെ കൈവെക്കുന്നുണ്ട്: സുഹൃത്തേ, ഈ യുദ്ധം നിന്നോടല്ല, എന്നോടുതന്നെയായിരുന്നു എന്ന് നിശ്ശബ്ദമായി ഒതിക്കൊണ്ട്. അടി കൊള്ളുന്നത്‌ പ്രകാശിൽ 'കട' നടത്തുന്ന മഹേഷാണ്, തിരിച്ചടിക്കുന്നത് മഹേഷ്‌ എന്ന മനുഷ്യനാണ്. അതുകൊണ്ടാണ് ഇത് മനുഷ്യന്റെ പ്രതികാരമാവുന്നത്.

വാൽകഷ്ണം.

മഹേഷിന് ഇനിയും യുദ്ധങ്ങൾ ചെയ്യാനുണ്ട്. കട്ടപ്പനയിലെ അത്യാധിനിക സ്റ്റുഡിയോകൾ ഭാവന സ്റ്റുഡിയോയെ വിഴുങ്ങും. അവർക്ക് വേണ്ടി കൂലിക്ക് പടമെടുക്കുന്ന ഒരുവനായി മഹേഷിന് മാറേണ്ടി വരും. തന്നിലെ കലാകാരനെയും മനുഷ്യനെയും നിലനിർത്താൻ അന്ന് മഹേഷിന് മറ്റൊരു മല്ലയുദ്ധത്തിന് ഇറങ്ങേണ്ടതായി വരും. ജിംസനോടല്ല, മനുഷ്യനെ വെറും കൂലിക്കാരനാക്കുന്ന ഈ വ്യവസ്ഥിതിയോട്. അതിനെയാണ് നമ്മൾ 'വർഗ്ഗസമരം' എന്ന് വിളിക്കുന്നത്‌. കമോൺട്രാ മഹേഷേ...