Tuesday 13 December 2022

വികസവിരുദ്ധതയിൽ നിന്നും വികസനാസക്തിയിലേക്ക് - ഇടതുപക്ഷപരിണാമത്തിന്റെ വർഗ്ഗയുക്തി

ബിപിൻ ബാലറാം 


ഇന്ന് കേരളീയസമൂഹത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയസമസ്യ ഇടതുപക്ഷത്തിന്റെ വേഷപ്പകർച്ചയാണ്. രണ്ട് ദശകങ്ങൾ മുൻപ് വരെ "വികസനവിരുദ്ധത" എന്ന ലേബൽ ഒരൽപ്പം അഭിമാനത്തോടെ നെഞ്ചേറ്റിയിരുന്ന ഇടതുപക്ഷം ഇന്ന് വികസനോന്മാദത്തിന്റെ പിടിയിലാണ്. ഇത് പെട്ടെന്നൊരു ദിവസം ഉണ്ടായ മാറ്റമല്ല. "വികസനം" എന്ന പ്രയോഗത്തിൽ അന്തർലീനമായ രാഷ്ട്രീയപ്രത്യയശാസ്ത്രത്തെ ഉപാധികളോടെ പുൽകിക്കൊണ്ടാണ് ഇടതുപക്ഷം ഇതിന് തുടക്കം കുറിച്ചത്. "ജനപക്ഷവികസനം", "സമഗ്രവികസനം", "സുസ്ഥിരവികസനം" തുടങ്ങിയ ഓമനപദങ്ങൾ വികസനാസക്തിയിലേക്കുള്ള ഇടതുപക്ഷത്തിന്റെ ആദ്യ ചുവടുവെപ്പുകൾ സുഗമമാക്കി. പിന്നീട് ഈ വിശേഷണങ്ങൾ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി; ഉപാധികളാൽ കളങ്കപ്പെടാത്ത പരിശുദ്ധ "വികസന"ത്തിന്റെ വിശ്വരൂപത്തെ ഇടതുപക്ഷം പുൽകി. എന്നാൽ തുടർഭരണലബ്ദി ഒരു പടി കൂടെ മുന്നോട്ടുപോവാൻ ഇടതുപക്ഷത്തിന് ധൈര്യം പകർന്നിരിക്കുകയാണ്. ചരിത്രത്തിന്റെ വിരോധാഭാസം പോലെ, ഇടതും വലതുമുള്ള തങ്ങളുടെ രാഷ്ട്രീയപ്രതിയോഗികൾക്ക് ഒന്നടങ്കം "വികസവിരുദ്ധർ" എന്ന പദവി ചാർത്തിക്കൊടുക്കുന്നത് ഇപ്പോൾ ഇടതുപക്ഷമാണ്!

എന്താണ് ഈ വേഷപ്പകർച്ചയുടെ അടിസ്ഥാന കാരണം? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താതെ ഇന്ന് കേരളത്തിൽ ഒരു പുരോഗമനമുന്നേറ്റവും സാദ്ധ്യമല്ല. ഈ മാറ്റത്തെ അടയാളപ്പെടുത്താൻ ഇന്ന് ഉപയോഗിക്കപ്പെടുന്ന പ്രധാന ആശയം "വലതുപക്ഷവ്യതിയാനം" എന്നതാണ്. പക്ഷെ ഇത് ഒരു പുനരുക്തി മാത്രമാണ്. വലതുപക്ഷവ്യതിയാനത്തിന്റെ അനന്തരഫലമാണ് ഈ വികസനാസക്തി എങ്കിൽ, ഈ വ്യതിയാനത്തിന്റെ കാരണമെന്ത് എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. ഇടതുപക്ഷ നേതൃത്വം ജനങ്ങളിൽ നിന്നും അകന്നു പോയതിന്റെ ഫലമാണ് ഈ വ്യതിയാനം എന്നതാണ് ഒരു പ്രബലമായ അഭിപ്രായം. ഈ വാദത്തിൽ നിന്നും ഉരുത്തിരിയുന്ന സ്വാഭാവികമായ നിഗമനം, ഇന്നത്തെ നേതൃത്വം മാറി "പണ്ട"ത്തെപ്പോലെയുള്ള "നല്ല" നേതാക്കൾ അമരത്തേക്ക് വന്നാൽ ഇടതുപക്ഷത്തിന് അതിന്റെ ജനപക്ഷചായ്‌വ്‌ തിരിച്ചു പിടിക്കാനാവും എന്നതാണ്. അതുകൊണ്ടു തന്നെ ഈ അഭിപ്രായം വെച്ച് പുലർത്തുന്നവരെ സംബന്ധിച്ചെടുത്തോളം "വലതുപക്ഷവ്യതിയാന"ത്തിനെതിരെ ഉള്ള പോരാട്ടം ഇന്നത്തെ ഇടതുപക്ഷനേതൃത്വതിനെതിരെ ഉള്ള പോരാട്ടമായി ചുരുങ്ങുന്നു.



എന്നാൽ ഇത് മാർക്സിസ്റ്റ്‌ രീതിശാസ്ത്രത്തിന് കടകവിരുദ്ധമായ ഒരു വിശകലനമാണ്‌. ഉദാഹരണത്തിന്, നരേന്ദ്രമോദി നേതൃത്വത്തിലേക്ക് വന്നതാണ് ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസം ശക്തിപ്പെടാനുള്ള കാരണം എന്നത് അബദ്ധജഢിലമായ വാദമാണ്. മാർക്സിസത്തെ സംബന്ധിച്ചെടുത്തോളം, ഫാഷിസത്തിന്റെ ശക്തിപ്പെടലിന് അനുയോജ്യമായ ഒരു വസ്തുനിഷ്ഠ സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക അവസ്ഥ ഇന്ത്യയിൽ രൂപപ്പെട്ടപ്പോഴാണ് നരേന്ദ്രമോദിയെപ്പോലെ ഒരാൾ അതിന്റെ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ "വ്യതിയാന"ത്തിന്റെ കാര്യത്തിലും ഈ യുക്തി പ്രധാനമാണ്. ഇടതുപക്ഷ വേഷപ്പകർച്ചയുടെ അടിസ്ഥാന കാരണം നേതൃത്വമല്ല. വർഗ്ഗപരവും വസ്തുനിഷ്ഠവുമായ കാരണങ്ങൾ കൊണ്ട് ഈ വേഷപ്പകർച്ച സംഭവിക്കുമ്പോൾ അതിന് വേഗം പകരാൻ തക്കവണ്ണം മുതലാളിത്തചായ്‌വുള്ള ഒരു നേതൃത്വം ഉരുത്തിരിഞ്ഞു വരുന്നു എന്നതാണ് യാഥാർഥ്യം. ഈ വികസനാസക്തിയുടെ മൂർത്തീകൃതരൂപം എന്ന നിലക്ക് ഇടതുപക്ഷനേതൃത്വത്തെ നിശിതവിമർശനത്തിന് വിധേയമാക്കേണ്ടത് ആത്യാവശ്യമാണ്; എന്നാൽ നേതൃമാറ്റം കൊണ്ട് ഇടതുപക്ഷത്തിന് "പഴയ" ജനകീയാഭിമുഖ്യം തിരിച്ചു കിട്ടും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അതുകൊണ്ടുതന്നെ, വിശകലനം ചെയ്യപ്പെടേണ്ടത് ഇടതുപക്ഷത്തെ വികസനപാളയത്തിലേക്ക് കൊണ്ടെത്തിച്ച വസ്തുനിഷ്ഠമായ കാരണങ്ങൾ ആണ്. ഇടതുപക്ഷത്തിന്റെ വേഷപ്പകർച്ചയെ വിമർശിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വ്യത്യസ്തവിശകലനങ്ങളുടെയെല്ലാം പൊതുവായ സ്വഭാവം അവയിലെ വർഗ്ഗപരമായ ഉള്ളടക്കത്തിന്റെ അഭാവമാണ്. ഇടതുപക്ഷത്തെ ഇന്ന് ബാധിച്ചിരിക്കുന്ന വികാസാസക്തിയുടെ യഥാർത്ഥ അടിസ്ഥാനം അനാവരണം ചെയ്യുവാൻ വർഗ്ഗവിശകലനത്തിന്റെ സഹായത്താൽ മാത്രമേ ആവുകയുള്ളൂ. ഇതിന്റെ ആദ്യപടി ഇടതുപക്ഷം എന്ന രാഷ്ട്രീയ സഖ്യത്തിന്റെ വർഗ്ഗസ്വഭാവം കൃത്യമായി അടയാളപ്പെടുത്തുക എന്നതാണ്.

ഇടതുപക്ഷം - സോഷ്യൽ ഡെമോക്രസിയുടെ ലക്ഷണമൊത്ത ഉദാഹരണം!

കേരളീയ പൊതുബോധത്തിന് ഇടതുപക്ഷം എന്നത് തൊഴിലാളിവർഗ്ഗ ചായ്‌വ് വെച്ചുപുലർത്തുന്ന ഒരു മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് സഖ്യമാണ്. ഈ ധാരണ സമൂഹത്തിൽ നിലനിർത്താൻ ഇടതുപക്ഷപാർട്ടികൾ നന്നേ പാടുപെടുന്നതായും നമുക്ക് കാണാം. ഇടതുപക്ഷത്തെ പ്രധാന രണ്ട് പാർട്ടികളുടെയും പേരുകളിൽ കമ്മ്യൂണിസം ഉണ്ടെന്നും അവരുടെ കൊടിയുടെ നിറം ചുവപ്പാണെന്നുള്ളതും ഒഴിച്ചാൽ ഈ പൊതുബോധത്തിന് ഇന്ന് വലിയ സാംഗത്യമൊന്നും ഇല്ല. യഥാർത്ഥത്തിൽ ഇടതുപക്ഷം എന്നത് ഒരു സോഷ്യൽ ഡെമോക്രാറ്റിക്‌ സഖ്യമാണ്; ഇടതുപക്ഷത്തെ പ്രബലമായ പാർട്ടികളായ സിപിഎം, സിപിഐ എന്നിവ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളാണ്. ഇൻഗൊ ഷ്മിഡ് സോഷ്യൽ ഡെമോക്രസിയെ കുറിച്ചുള്ള  തന്റെ പുതിയ പുസ്തകം തുടങ്ങുന്നത് തന്നെ "Social democracy is a paradoxical creature" എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ്. സോഷ്യൽ ഡെമോക്രസിയെ അടയാളപ്പെടുത്തുന്ന ഈ വൈപരീത്യസ്വഭാവം അതിന്റെ വർഗ്ഗസ്വത്വത്തിന്റെ പ്രതിഫലനം മാത്രമാണ്. മാർക്സിന്റെ ഒരു പഴയ പ്രയോഗം കടമെടുത്താൽ, മുതലാളിത്തത്തെ മുതലാളിത്തത്തിൽ നിന്ന് രക്ഷിക്കാൻ ആവും എന്ന വ്യാമോഹം വെച്ച് പുലർത്തുന്ന രാഷ്ട്രീയകക്ഷി ആണ് സോഷ്യൽ ഡെമോക്രസി. മുതലാളിത്തത്തിന്റെ പ്രശ്നങ്ങൾ അതിന്റെ ഘടനാപരമായ വൈരുദ്ധ്യങ്ങളിൽ നിന്നും ഉടലെടുക്കുന്നതാണെന്നും, മുതലാളിത്ത വ്യവസ്ഥയെ അതിവർത്തിച്ചു കൊണ്ട് മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്നും മാർക്സിസം വാദിക്കുമ്പോൾ, ഈ പ്രശ്‌നങ്ങളെല്ലാം "നല്ല ഭരണം" കൊണ്ട് മുതലാളിത്തത്തിനുള്ളിൽ തന്നെ പരിഹരിക്കാൻ സാധിക്കും എന്ന് സോഷ്യൽ ഡെമോക്രസി വ്യാമോഹിക്കുന്നു. ഇടതുപക്ഷത്തിന്റെ "എൽഡിഎഫ് വരും, എല്ലാം ശരിയാവും" എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഈ സോഷ്യൽ ഡെമോക്രറ്റിക് വ്യാമോഹത്തിന്റെ മകുടോദാഹരണമാണ്. മാർക്സിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം വർഗ്ഗസമരമാണെങ്കിൽ സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിന്റെ മുഖമുദ്ര തന്നെ മുതലാളിത്ത വ്യവസ്ഥയുമായുള്ള അനുരഞ്ജനമാണ്.    

സോഷ്യൽ ഡെമോക്രസിയുടെ ഈ രാഷ്ട്രീയ സവിശേഷതകൾ തന്റെ 18th Brumaire of Louis Bonaparte എന്ന കൃതിയിൽ മാർക്സ് വരച്ചിടുന്നുണ്ട്: "മൂലധനവും കൂലിവേലയും പ്രതിനിധാനം ചെയ്യുന്ന രണ്ട് ധ്രുവങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ഉപകരണങ്ങൾ ആയി ജനാധിപത്യ-റിപ്പബ്ലിക്കൻ സ്ഥാപനങ്ങളെ കാണുന്നതിന് പകരം ഈ ധ്രുവങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തെ ദുർബ്ബലപ്പെടുത്താനും അതുവഴി അവയെ അനുരഞ്ജിപ്പിക്കാനും ഉള്ള ഉപാധിയായി അവയെ കാണുന്നു എന്നതാണ് സോഷ്യൽ ഡെമോക്രസിയുടെ പ്രധാന സവിശേഷത. ഈ ലക്‌ഷ്യം നേടുന്നതിന് വേണ്ടി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ എന്തൊക്കെ ആയാലും, വിപ്ലവകരം എന്ന് തോന്നിക്കുന്ന സങ്കല്പങ്ങൾ കൊണ്ട് അവയെ എത്രതന്നെ അലങ്കരിക്കാൻ ശ്രമിച്ചാലും, അവയുടെ ഉള്ളടക്കം ഒന്ന് തന്നെ ആണ്. ഈ ഉള്ളടക്കം എന്നത് പൂർണ്ണമായും പെറ്റിബൂർഷ്വ സീമകൾക്കകത്ത് നിന്നുകൊണ്ടുള്ള സമൂഹത്തിന്റെ ജനാധിപത്യപരമായ പരിവർത്തനമാണ്." അതായത്, സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിൽ യാതൊരു താല്പര്യവും ഇല്ലാത്ത, ജനാധിപത്യ സ്ഥാപനങ്ങൾ ഉപയോഗിച്ച് മുതലാളിത്തത്തെ പടിപടിയായി പരിഷ്കരിച്ച് സോഷ്യലിസമാക്കി മാറ്റാം എന്ന പെറ്റിബൂർഷ്വ വ്യാമോഹമാണ് സോഷ്യൽ ഡെമോക്രസിയുടെ ആണിക്കല്ല്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും ആവാതെ മുതലാളിത്തത്തെ തൊണ്ടയിൽ കൊണ്ട് നടക്കുക എന്നതാണ് സോഷ്യൽ ഡെമോക്രസിയുടെ വിധി; ഇതാണ് ഇൻഗൊ ഷ്മിഡ് സൂചിപ്പിക്കുന്ന paradoxical സ്വഭാവത്തിന്റെ കാരണവും. മാർക്സിസവും സോഷ്യൽ ഡെമോക്രസിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ താഴെയുള്ള പട്ടികയിൽ സൂചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്:


 

മാർക്സിസം

സോഷ്യൽ ഡെമോക്രസി 

വർഗ്ഗ അടിസ്ഥാനം 

 തൊഴിലാളിവർഗ്ഗം

പെറ്റി ബൂർഷ്വസി 

 രാഷ്ട്രീയം

 വർഗ്ഗസമരം

വർഗ്ഗ അനുരഞ്ജനം 

ലക്‌ഷ്യം

മുതലാളിത്തത്തിന്റെ അതിവർത്തനം 

മുതലാളിത്തത്തിന്റെ പരിഷ്കരണം 


സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയ ധർമ്മം

മുതലാളിത്ത വ്യവസ്ഥയിൽ എന്താണ് സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയ ധർമ്മം എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഗ്രീക്ക് മാർക്സിസ്റ്റ് ചിന്തകനായ നിക്കോസ് പൗളാൻസാസ് ഫാഷിസത്തെ കുറിച്ചുള്ള തന്റെ Fascism and Dictatorship എന്ന പ്രശസ്തമായ പഠനത്തിൽ ഇത് അന്വേഷിക്കുന്നുണ്ട്: ".... തൊഴിലാളി വർഗ്ഗത്തിനുള്ളിൽ ബൂർഷ്വ പ്രത്യയശാസ്ത്രം കുത്തിനിറയ്ക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട ഒന്നോ അതിലധികമോ ideological state apparatuses എല്ലായ്പ്പോഴും ബൂർഷ്വ ഭരണകൂടത്തിന്റെ കൈപ്പിടിയിൽ ഉണ്ട്. സോഷ്യൽ ഡെമോക്രാറ്റിക്‌ സ്വഭാവമുള്ള ഒരു പാർട്ടി എന്നത് .... ബൂർഷ്വ ഭരണകൂടത്തിന്റെ പക്കലുള്ള അത്തരം ഒരു ഉപകരണം മാത്രമാണ്" എന്ന് അദ്ദേഹം പറയുന്നു. ലൂയി അൽതുസ്സറിന്റെ പ്രശസ്തമായ ideological state apparatus എന്ന ആശയത്തെ ഉപയോഗിച്ചാണ് പൗളാൻസാസ് സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയധർമ്മം വ്യക്തമാക്കുന്നത്. ഗവണ്മെന്റ്, പോലീസ്, പട്ടാളം, നിയമവ്യവസ്ഥ തുടങ്ങിയ ഭരണകൂട മർദ്ദനോപാധികളുടെ (repressive state apparatuses) സഹായത്താൽ മാത്രം ബൂർഷ്വസിക്ക് അവരുടെ ഭരണം നിലനിർത്താൻ ആവില്ല. മുതലാളിത്തവ്യവസ്ഥയുടെ സ്വഭാവത്തെയും സാദ്ധ്യതകളേയും സുസ്ഥിരതയെയും കുറിച്ച് തൊഴിലാളിവർഗ്ഗത്തിനുള്ളിൽ തെറ്റിദ്ധാരണകളും വ്യാമോഹവും ഉൽപ്പാദിപ്പിക്കേണ്ടത് അതിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. മതസ്ഥാപനങ്ങൾ, കുടുംബം, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സിനിമ പോലുള്ള വിനോദോപാധികൾ, മാധ്യമങ്ങൾ  എന്നിവയെല്ലാം ഇതിനായുള്ള പ്രത്യയശാസ്ത്ര ഉപകരണങ്ങൾ (ideological apparatus) ആയാണ് ഈ വ്യവസ്ഥക്കുള്ളിൽ പ്രവർത്തിക്കുന്നത്. ഈ ഗണത്തിൽ പെട്ട ഒരു പ്രത്യയശാസ്ത്ര ഉപകരണമാണ് സോഷ്യൽ ഡെമോക്രസിയും.

സോഷ്യൽ ഡെമോക്രസി ഈ ധർമ്മം നിറവേറ്റുന്നത് മുതലാളിത്തത്തിന്റെ ഘടനാപരമായ പ്രശ്നങ്ങൾക്ക് ഈ വ്യവസ്ഥക്കുള്ളിൽ തന്നെ പരിഹാരമുണ്ട് എന്ന വ്യാമോഹം ജനങ്ങളിൽ, പ്രത്യേകിച്ച് അദ്ധ്വാനിക്കുന്നവരിൽ, കുത്തിനിറച്ച് കൊണ്ടാണ്. വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ മൂലം ദൈനദിനമായി ബുദ്ധിമുട്ടനുഭവിക്കുന്ന അദ്ധ്വാനവർഗ്ഗത്തിന്റെ വർഗ്ഗബോധം വ്യവസ്ഥയുടെ അതിവർത്തനം എന്ന തലത്തിലേക്ക് ഉയരാതെ അതിന്റെ പരിഷ്കരണം എന്ന വ്യാമോഹത്തിൽ തളച്ചിടപ്പെടുന്നതിൽ സോഷ്യൽ ഡെമോക്രസി പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതുകൊണ്ടാണ് ലെനിൻ സോഷ്യൽ ഡെമോക്രസിയെ വർഗ്ഗവഞ്ചകർ എന്ന് വിളിച്ചത്. പൗളാൻസാസിന്റെ വാക്കുകളിൽ, " സോഷ്യൽ ഡെമോക്രാറ്റിക്‌ സ്വഭാവമുള്ള പാർട്ടി എന്നത്, 1921ൽ ലെനിൻ കൊടുത്ത നിർവ്വചനം പ്രകാരം, ബൂർഷ്വ നയങ്ങൾ നടപ്പാക്കുന്ന ഒരു "തൊഴിലാളിവർഗ്ഗ" പാർട്ടി ആണ്; അതായത് തൊഴിലാളിവർഗ്ഗത്തിനുള്ളിലെ "വർഗ്ഗവഞ്ചകർ"". അദ്ധ്വാനവർഗ്ഗത്തിന്റെ വിപ്ലവോന്മുഖതയെ ഊതിക്കെടുത്തുക എന്ന സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗദൗത്യം ഇരുപതാം നൂറ്റാണ്ടിലെ എല്ലാ പ്രധാന ചരിത്രസന്ധികളിലും അവർ ഭംഗിയായി നടപ്പാക്കിയിട്ടുണ്ട്. 1919ലെ ജർമ്മൻ വിപ്ലവത്തെ ചോരയിൽ മുക്കിയതും, റോസാ ലക്സംബർഗിനെ വധിച്ചതും മുതലിങ്ങോട്ട് സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗവഞ്ചനയുടെ ഒട്ടനവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് "ഇരുപതാം നൂറ്റാണ്ടിലുടനീളം മുതലാളിത്തത്തിനെതിരായ കമ്മ്യൂണിസ്റ്റ് ഭീഷണിയെ ചെറുക്കാൻ അണിനിരത്തപ്പെട്ട ഒരു ഉപകരണമായിരുന്നു സോഷ്യൽ ഡെമോക്രസി എന്ന് നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു" എന്ന് സ്ലാവോയ്‌ സിസക് കുറച്ച് മുൻപ് അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്ന ആർക്കും അതിന്റെ സോഷ്യൽ ഡെമോക്രറ്റിക് സ്വഭാവം എളുപ്പത്തിൽ വ്യക്തമാവും. മുതലാളിത്ത വ്യവസ്ഥയെ അതിവർത്തിക്കാനുള്ള യാതൊരു അജണ്ടയും ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഇല്ല. മാത്രമല്ല, ഇടതുപക്ഷ പാർട്ടികൾ ഇന്ന് ആ വ്യവസ്ഥയുടെ ഭാഗവും അതിന്റെ ഗുണഭോക്താക്കളും ആണ്. ഈ വ്യവസ്ഥയുടെ പ്രശ്നങ്ങൾ "നല്ല ഭരണം" കൊണ്ട് പരിഹരിക്കാനാവും എന്ന വ്യാമോഹം പ്രചരിപ്പിക്കുന്നതിൽ ഇടതുപക്ഷം മുൻപന്തിയിൽ ആണ് താനും. അങ്ങനെ, ഇടതുപക്ഷം ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർവ്വഹിക്കുന്നത് സോഷ്യൽ ഡെമോക്രസിയുടെ ധർമ്മമാണ്.  

മാർക്സിസത്തിൽ നിന്നും സോഷ്യൽ ഡെമോക്രസിയിലേക്ക് - യൂറോപ്പിയൻ മാതൃക

തൊഴിലാളി വർഗ്ഗബോധത്തെ വ്യവസ്ഥക്കിണങ്ങും വിധം മയപ്പെടുത്തുക എന്ന സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയ ധർമ്മം ഫലപ്രദമായി നടപ്പാക്കാൻ അവരെ സഹായിക്കുന്നത് "കമ്മ്യൂണിസ്റ്റ്-മാർക്സിസ്റ്റ്" എന്ന ലേബൽ ആണ്. അടിച്ചമർത്തപ്പെടുന്നവരുടെ ഇടയിൽ ഈ ലേബൽ പ്രദാനം ചെയ്യുന്ന വിശ്വാസ്യത ചെറുതല്ല. കേരളത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ പോലും (പ്രത്യേകിച്ച് വലതുപക്ഷത്തുള്ളവർ) അവരെ അഭിസംബോധന ചെയ്യുന്നത് "കമ്മ്യൂണിസ്റ്റുകാർ" എന്നാണ്! ഇത് കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു ലേബൽ അല്ല; ചരിത്രത്തിന്റെ ശേഷിപ്പ് ആണ്. കാരണം, ലോകത്തിലെ തന്നെ എല്ലാ പ്രധാന സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളുടെയും തുടക്കം മാർക്സിസ്റ്റ് പാർട്ടികൾ ആയിട്ടാണ്. അതുകൊണ്ട് ഇടതുപക്ഷത്തെ വർഗ്ഗപരമായി മനസ്സിലാക്കാൻ കമ്മ്യൂണിസത്തിൽ നിന്നും സോഷ്യൽ ഡെമോക്രസിയിലേക്കുള്ള ഈ രൂപാന്തരത്തിന്റെ കാരണങ്ങൾ ആദ്യം പരിശോധിക്കേണ്ടതുണ്ട്.

ഈ രൂപാന്തരത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ആണ്. 1875ൽ രൂപീകൃതമായ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി (SPD) 1890 കളിൽ തന്നെ പൂർണ്ണമായും മാർക്സിസത്തിന്റെ സ്വാധീനത്തിൽ ആയിക്കഴിഞ്ഞിരുന്നു. എൻഗൽസിന്റെ മരണത്തിന് ശേഷം അന്ന് യൂറോപ്പിലെ ഏറ്റവും മാനിക്കപ്പെടുന്ന മാർക്സിസ്റ്റ് കാൾ കൗട്സ്കി ആയിരുന്നു SPDയുടെ അമരത്ത്. 1910 ത്തോട് കൂടി ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്സിസ്റ്റ്‌ പാർട്ടി ആയി SPD മാറി. എന്നാൽ ഈ "വളർച്ച" തന്നെയാണ് പതുക്കെ SPD യുടെ വിപ്ലവോന്മുഖത ചോർത്തിക്കളഞ്ഞതും അതിനെ വ്യവസ്ഥയുടെ ഭാഗമാക്കിയതും. "The Lost Revolution" എന്ന തന്റെ പഠനത്തിൽ ഈ വളർച്ചയും അത് SPDയുടെ വർഗ്ഗസ്വഭാവത്തിൽ ഉണ്ടാക്കിയ മാറ്റവും ക്രിസ് ഹാർമാൻ വിശദീകരിക്കുന്നുണ്ട്: "10 ലക്ഷം അംഗങ്ങൾ, 45 ലക്ഷം വോട്ടർമാർ, 90 ദിനപത്രങ്ങൾ, ട്രേഡ് യൂണിയനുകൾ, സഹകരണ സംഘങ്ങൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, മ്യൂസിക് ക്ലബ്ബുകൾ, യുവജന സംഘടന, വനിതാ സംഘടന, നൂറുകണക്കിന് മുഴുവൻ സമയ ഉദ്യോഗസ്ഥർ, ഇവയെല്ലാം SPDയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിവർഗ സംഘടനയാക്കി മാറ്റിയിരുന്നു.... പക്ഷേ വർഷങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പാർട്ടി അംഗത്വത്തെ കാര്യമായി സ്വാധീനിച്ചു തുടങ്ങിയിരുന്നു: വിപ്ലവസിദ്ധാന്തങ്ങൾ എന്നത്.... പാർട്ടിയുടെ ദൈനംദിനമായ പ്രവർത്തനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത, മെയ്ദിന റാലികളിലും ഞായറാഴ്ച പ്രസംഗങ്ങളിലും മാത്രം പരാമർശിക്കപ്പെടുന്ന ഒന്നായി മാറി. പ്രധാന മുൻഗണന തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടുക എന്നതായി.... ഈ സാഹചര്യം വിപ്ലവോന്മുഖത ഇല്ലാത്ത പ്രവർത്തനങ്ങളിലേക്ക് മാത്രം പാർട്ടിയെ പരിമിതപ്പെടുത്തുന്ന വലിയ ഒരു വിഭാഗത്തെ പാർട്ടിക്കുള്ളിൽ സൃഷ്ട്ടിച്ചു.... കാലക്രമേണ ഈ വിഭാഗത്തിന്റെ കൈയ്യിലായി പാർട്ടിയുടെ കടിഞ്ഞാൺ...." ഒരു നൂറ്റാണ്ട് മുന്നേയുള്ള SPDയുടെ സ്ഥിതിയും കേരളത്തിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎംന്റെ, ഇന്നത്തെ അവസ്ഥയും തമ്മിൽ ഉള്ള സാമ്യം ഒരു യാദൃശ്ചികത അല്ല. മാർക്സിസ്റ്റ്‌ പാർട്ടികൾ സോഷ്യൽ ഡെമോക്രസിയിലേക്ക് തരം താഴുന്നത് മിക്കവാറും ഈ പ്രക്രിയയിലൂടെ ആണ്.

മുതലാളിത്തവ്യവസ്ഥക്കകത്തെ ദൈനംദിനമായ രാഷ്ട്രീയപ്രവർത്തനം തൊഴിലാളിവർഗ്ഗ പാർട്ടികളെപ്പോലും മെല്ലെ മെല്ലെ ആ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രം സ്വാംശീകരിക്കാനും തങ്ങളുടെ പ്രവർത്തനം വ്യവസ്ഥയുടെ ചട്ടക്കൂടിനകത്ത് പരിമിതപ്പെടുത്താനും പ്രേരിപ്പിക്കും. ഈ പ്രക്രിയകളിലൂടെ വ്യവസ്ഥ പ്രസ്ഥാനത്തെ വിഴുങ്ങുമ്പോൾ ആണ് മാർക്സിസ്റ്റ് പാർട്ടികൾ സോഷ്യൽ ഡെമോക്രസിയിലേക്ക് അധഃപതിക്കുന്നത് . മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ പ്രാബല്യം മൂലം ഉണ്ടാവുന്ന ഒരു വസ്തുനിഷ്ഠപ്രക്രിയയാണ് ഇത്. ഇത് തടയാൻ തൊഴിലാളിവർഗ്ഗ പാർട്ടികൾ മുതലാളിത്തവ്യവസ്ഥക്കകത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണം എന്നതാണ് തീവ്ര-ഇടതുപക്ഷ നിലപാട്. എന്നാൽ ഇത് മാർക്സിസത്തിന് നേരെ വിപരീതമായ, ലെനിന്റെ ഭാഷയിൽ പറഞ്ഞാൽ, വെറും ഒരു "infantile disorder" മാത്രമാണ്. ഈ പ്രശ്നത്തോടുള്ള യഥാർഥ മാർക്സിസ്റ്റ് നിലപാട് ലെനിന്റേതാണ്. ദൈനംദിന രാഷ്ട്രീയ-സാമൂഹിക പ്രവർത്തനവും ആത്യന്തികമായ രാഷ്ട്രീയ-സാമൂഹിക ലക്ഷ്യവമായുള്ള വൈരുദ്ധ്യാത്മബന്ധം എങ്ങനെ കാത്തുസൂക്ഷിക്കണം എന്നത് സൈദ്ധാന്തിക-പ്രായോഗിക തലങ്ങളിൽ കാണിച്ചു തന്നു എന്നതാണ് ലെനിനിന്റെ മൗലികമായ സംഭാവനകളിൽ ഒന്ന്. സംഘടന എന്നത് ലെനിനിനെ സംബന്ധിച്ചെടുത്തോളം ഈ വൈരുദ്ധ്യാത്മകബന്ധം അരക്കിട്ടുറപ്പിക്കാനുള്ള ഒരു ഉപകരണമാണ്. സംഘടനയിലൂടെ കൈവരുന്ന ഈ വൈരുദ്ധ്യാത്മക ബന്ധമാണ് മുതലാളിത്ത വ്യവസ്ഥക്കകത്തെ ദൈനംദിന പ്രവർത്തനങ്ങൾക്കിടയിലും മാർക്സിസ്റ്റ് പാർട്ടികളുടെ വിപ്ലവോന്മുഖത ചോർന്നു പോകാതെ കാത്തു സൂക്ഷിക്കുന്നത്. തൊഴിലാളിവർഗ്ഗ സംഘടനാതത്വങ്ങളെ കുറിച്ചുള്ള മൗലികവും ഗഹനവുമായ ഇത്തരം ലെനിനിസ്റ്റ് ചിന്തകളെ, എം. എൻ. വിജയൻ പറഞ്ഞത് പോലെ "അച്ചടക്കമുള്ള ചീമുട്ടകൾ" ഉണ്ടാക്കാനുള്ള ഒന്നാക്കി വികൃതമാക്കി എന്നത് കേരളീയ ഇടതുപക്ഷത്തിന്റെ വലിയ ഒരു "സംഭാവന" ആണ്. 

1910 ആവുമ്പോഴേക്കും SPDയുടെ സോഷ്യൽ ഡെമോക്രാറ്റിക്‌ പരിണാമം പൂർണമായിരുന്നു. 1914ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ SPDയുടെ മാർക്സിസ്റ്റ് വിരുദ്ധ നിലപാട് മറനീക്കി പുറത്തുവന്നു. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള യുദ്ധത്തിൽ തൊഴിലാളിവർഗ്ഗം കക്ഷിചേരേണ്ടതില്ല എന്ന ലെനിൻ അടക്കമുള്ളവരുടെ മാർക്സിസ്റ്റ് നിലപാടിന് വിപരീതമായി SPD യുദ്ധത്തിൽ ജർമൻ ഭരണവർഗ്ഗത്തിന്റെ പിന്നിൽ അണിനിരന്നു. യുദ്ധക്കെടുതികൾ കാരണം 1918-19ൽ പൊട്ടിപ്പുറപ്പെട്ട ജർമൻ വിപ്ലവത്തെ അടിച്ചമർത്താനും അതിന് നേതൃത്വം കൊടുത്ത റോസ ലക്സംബർഗ് അടക്കമുള്ളവരെ കൊന്നു തള്ളാനും മുൻപന്തിയിൽ നിന്നത് SPD ആണ്. 1914 മുതൽ 1950 കൾ വരെയുള്ള കാലയളവിൽ SPD ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തി ആയിട്ടാണ് പ്രവർത്തിച്ചത് എങ്കിലും തങ്ങൾ "മാർക്സിസ്റ്റ്" ആണ് എന്നാണ് അവർ അവകാശപ്പെട്ടത്. തങ്ങളുടെ സമ്മേളനങ്ങളിലും റാലികളിലും മറ്റും അവർ മാർക്സിന്റെ പേരും ചിത്രവും ഉപയോഗിച്ച് പൊന്നു. അതായത് ഇന്ത്യയിൽ ഇന്ന് സിപിഎം, സിപിഐ തുടങ്ങിയ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ പിന്തുടരുന്ന അതെ രാഷ്ട്രീയതന്ത്രം തന്നെയാണ് അൻപതുകൾ വരെ ജർമൻ SPDയും പിന്തുടർന്നത്. കാഴ്ചയിൽ "മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ്", യഥാർത്ഥത്തിൽ ജീർണ്ണിച്ച സോഷ്യൽ ഡെമോക്രസി. തൊഴിലാളികളുടെ പിന്തുണ ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരം ഒരു "മാർക്സിസ്റ്റ്" മുഖംമൂടി എന്നത് വ്യക്തം.

എന്നാൽ തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തോട് കൂടി ഈ മുഖംമൂടിയുടെ ആവശ്യമില്ലാതായി. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ സർവ്വനാശത്തെ തുടർന്ന് തൊഴിലാളിവർഗ്ഗ മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ ഭരണവർഗ്ഗം ഒരു ക്ഷേമരാഷ്ട്ര-മുതലാളിത്ത മാതൃക ആണ് അവലംബിച്ചത്. ഇത് രണ്ട് ദശകങ്ങൾ നീണ്ടു നിന്ന മുതലാളിത്തത്തിന്റെ സുവർണ്ണ ഘട്ടത്തിലേക്കാണ് യൂറോപ്പിനെ നയിച്ചത്. കെയ്‌നീഷ്യൻ ക്ഷേമസങ്കല്പങ്ങൾ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ പരിഹരിച്ചു എന്ന തെറ്റിദ്ധാരണ പടർത്താൻ ഇത് ഇടയാക്കി. മുതലാളിത്തത്തിന്റെ പ്രശ്നങ്ങൾ "ജനപക്ഷ" ഭരണം കൊണ്ട് പരിഹരിക്കാവുന്നവ മാത്രമാണെന്ന തങ്ങളുടെ അവകാശവാദത്തിന്റെ തെളിവ് ആയാണ് സോഷ്യൽ ഡെമോക്രസി ഈ സാഹചര്യത്തെ കണ്ടത്. ഈ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ആണ് SPD അടക്കമുള്ള യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ മാർക്സിസ്റ്റ് മുഖംമൂടി ഉപേക്ഷിക്കാൻ തയ്യാറാവുന്നത്. 1959ൽ നടന്ന പാർട്ടി കോൺഫെറൻസിൽ മാർക്സിസ്റ്റ്-സോഷ്യലിസ്റ്റ് ലേബലും വർഗ്ഗസമരത്തിൽ ഊന്നിയ രാഷ്ട്രീയവും SPD പൂർണ്ണമായും ഉപേക്ഷിച്ചു. ദൈനംദിന പ്രവർത്തനത്തിൽ 1914 മുതൽ തന്നെ ഇവയെല്ലാം SPD ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു; എന്നാൽ അവർ അത് തത്വത്തിൽ സമ്മതിക്കാൻ പിന്നെയും അര നൂറ്റാണ്ട് വേണ്ടി വന്നു. വ്യവസ്ഥയുടെ മാറ്റം എന്ന ലക്ഷ്യം കൈയൊഴിഞ്ഞ് വ്യവസ്ഥക്കുള്ളിൽ ക്ഷേമരാഷ്ട്രം നടപ്പാക്കുക എന്ന സങ്കുചിത താല്പര്യത്തിലേക്ക് SPD തത്വത്തിൽ തന്നെ ഒതുങ്ങി. 

യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ നിയോലിബറൽ ആശ്ലേഷണം

തള്ളായിരത്തി അറുപതുകളുടെ അവസാനം വരെ നീണ്ടു നിന്ന ക്ഷേമരാഷ്ട്ര-മുതലാളിത്തത്തിന്റെ അഭിവൃദ്ധി കാലത്ത് സോഷ്യൽ ഡെമോക്രസിക്ക് യൂറോപ്പിലുടനീളം വലിയ തോതിൽ രാഷ്ട്രീയ വളർച്ച നേടാനായി. എന്നാൽ അറുപതുകളുടെ അവസാനത്തോട് കൂടി കെയ്‌നീഷ്യൻ മുതലാളിത്ത മോഡലിന്റെ വൈരുദ്ധ്യങ്ങൾ വ്യക്തമായി തുടങ്ങി. ക്യാപിറ്റൽ മൂന്നാം വാള്യത്തിലെ മാർക്സിന്റെ വിശകലനം അക്ഷരം പ്രതി ശരിവെക്കുന്ന തരത്തിൽ വികസിത രാജ്യങ്ങളിൽ ഉടനീളം ലാഭനിരക്ക് (rate of profit) കുറഞ്ഞു തുടങ്ങി. ലാഭനിരക്ക് കുറയാൻ തുടങ്ങിയതോടെ ക്ഷേമരാഷ്ട്രത്തെ താങ്ങി നിർത്തിയിരുന്ന സാമ്പത്തിക പുനർവിതരണ നയങ്ങൾക്ക് ഭരണവർഗ്ഗം എതിരായി. ക്ഷേമരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളും ഇതിനെ തുടർന്ന് ഉയർന്നു വന്ന മുതലാളിവർഗ്ഗത്തിന്റെ എതിർപ്പുമാണ് വികസിതലോകത്തെ ഒന്നടങ്കം നവലിബറൽ പാതയിലേക്ക് നയിക്കുന്നത്.

തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയോടെ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ ലാഭവിഹിതം സംരക്ഷിച്ചു നിർത്താൻ വികസിതരാജ്യങ്ങളിലെ ഭരണവർഗം ക്ഷേമരാഷ്ട്രത്തെ കൈയൊഴിഞ്ഞ് നവലിബറലിസത്തെ പുല്കി. ഏകദേശവും ഒരേ സമയത്ത് അമേരിക്കയിൽ റീഗനും ഇംഗ്ലണ്ടിൽ താച്ചറും ചൈനയിൽ ദെങ് ഷാവോ പിങ്ങും ദൂരവ്യാപകമായ നവലിബറൽ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടു. ഇത് സോഷ്യൽ ഡെമോക്രസിയെ ഒരു വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. മുതലാളിത്തത്തിനുള്ളിൽ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന അവരുടെ വാദത്തിന്റെ പൊള്ളത്തരം പകൽപോലെ വ്യക്തമായി. ഭരണവർഗ്ഗത്തിന്റെ നവലിബറലിസത്തിലേക്കുള്ള പോക്കിനെ ആദ്യ ഘട്ടത്തിൽ സോഷ്യൽ ഡെമോക്രസി എതിർത്ത് നോക്കി. എന്നാൽ എല്ലാ തരത്തിലും വ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞിരുന്ന, വ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയ സോഷ്യൽ ഡെമോക്രസിക്ക്, ഭരണവർഗ്ഗത്തെയോ അവരുടെ നവലിബറൽ പ്രത്യയശാസ്ത്രത്തെയോ എതിർത്ത് നിൽക്കാനുള്ള ത്രാണിയൊ സന്നദ്ധതയോ ഉണ്ടായിരുന്നില്ല. ഭരണവർഗ്ഗത്തിന്റെ നവലിബറൽ നയങ്ങളെ പിന്താങ്ങുകയും പിന്തുടരുകയും ചെയ്യുക എന്നത് മാത്രമായിരുന്നു വ്യവസ്ഥാപിത ജീർണ്ണതയുടെ ഭാഗമായി മാറിയ സോഷ്യൽ ഡെമോക്രസിയുടെ മുന്നിലെ ഏക വഴി.

നവലിബറലിസത്തിന്റെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ നവലിബറൽ ചായ്‌വിനെ The Third Way എന്ന ആശയം കൊണ്ട് മൂടിവെക്കാൻ യൂറോപ്യൻ സോഷ്യൽ ഡെമോക്രസി ശ്രമിച്ചു. നഗ്നമായ നവലിബറൽ നയങ്ങൾക്ക് പകരം കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്രത്തിന്റെ ചില വശങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ഒരു "വെള്ളംചേർത്ത" നവലിബറലിസം ആണ് Third Way എന്ന പേരിൽ സോഷ്യൽ ഡെമോക്രസി നിർദ്ദേശിച്ചത്. എന്നാൽ ഇത് നവലിബറലിസത്തെ നേരിട്ട് പുല്കുന്നതിലുള്ള ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള മറ്റൊരു മുഖംമൂടി മാത്രമായിരുന്നു. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ മുഖമൂടികളും ഉപേക്ഷിച്ച് യൂറോപ്പിലെ ഏകദേശം എല്ലാ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളും നവലിബറലിസത്തെ പുൽകി. ഇൻഗൊ ഷ്മിഡ് സോഷ്യൽ ഡെമോക്രസിയുടെ യൂറോപ്പിലെ ഇന്നത്തെ അവസ്ഥ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "ഇന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ അടിസ്ഥാനപരമായും നവലിബറൽ നയങ്ങൾ തന്നെയാണ് പിന്തുടരുന്നത്. കെയ്‌നീഷ്യൻ ക്ഷേമരാഷ്ട്രത്തോടും യാഥാസ്ഥിതിക പാർട്ടികളുടെ നവലിബറലിസത്തോടും സമദൂരം പുലർത്തുന്ന ഒരു Third Way ആയി കുറച്ച് കാലത്തേക്ക് ഈ നയങ്ങളെ അവർ തെറ്റായി മുദ്രകുത്തി. എന്നാൽ സമീപകാലത്ത് ഇത്തരം ലേബലുകൾ മിക്കവാറും എല്ലാ [സോഷ്യൽ ഡെമോക്രാറ്റിക്‌] പാർട്ടികളും കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ചിലപ്പോൾ അവരുടെ യാഥാസ്ഥിതിക എതിരാളികളേക്കാൾ ഒരൽപം കുറഞ്ഞ ഡോസിൽ ഉള്ള നവലിബറലിസം അവർ നിർദ്ദേശിക്കുന്നു, എന്നാൽ മറ്റ് ചിലപ്പോൾ അവരുടെ യാഥാസ്ഥിതിക എതിരാളികൾ പോലും ഒഴിവാക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള രക്തച്ചൊരിച്ചലിന്റെ വഴി അവർ തിരഞ്ഞെടുക്കുന്നു." നവലിബറൽ നയങ്ങൾ നടപ്പാക്കാൻ യൂറോപ്പ്യൻ സോഷ്യൽ ഡെമോക്രസി പലപ്പോഴും അവരുടെ യാഥാസ്ഥിതിക എതിരാളികളെ പോലും കടത്തിവെട്ടുന്ന അടിച്ചമർത്തലിന്റെ വഴി തിരഞ്ഞെടുക്കുന്നു എന്ന ഇൻഗൊ ഷ്മിഡിന്റെ വെളിപ്പെട്ടുത്തൽ നമ്മെ അത്ഭുതപ്പെടുത്തില്ല; കാരണം ടാറ്റക്ക് കാറുണ്ടാക്കാൻ വേണ്ടി സിംഗൂരിൽ ഇന്ത്യൻ ഇടതുപക്ഷം നടത്തിയ കുരുതി നമ്മൾ നേരിട്ട് കണ്ടതാണ്.      

ഇന്ത്യൻ ഇടതുപക്ഷം - മാർക്സിസത്തിൽ നിന്ന് സോഷ്യൽ ഡെമോക്രസിയിലേക്ക്

യൂറോപ്യൻ സോഷ്യൽ ഡെമോക്രസി എങ്ങനെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാർക്സിസത്തിൽ നിന്നും ക്ഷേമരാഷ്ട്രത്തിലേക്കും അവിടെ നിന്നും നവലിബറലിസത്തിലേക്കും എത്തിച്ചേർന്നത് എന്ന് നമ്മൾ കണ്ടു കഴിഞ്ഞു. ഇതിന്റെ ആദ്യ ഘട്ടം ഏകദേശം 1910-1960 വരെയും രണ്ടാം ഘട്ടം 1960-2010 വരെയും ആണ് അരങ്ങേറിയത്. ഏകദേശം ഇതിന് സമാനമായ അവസ്ഥകളിലൂടെ ആണ് സോഷ്യൽ ഡെമോക്രസിയുടെ ഇന്ത്യൻ പതിപ്പായ ഇടതുപക്ഷവും കടന്ന് പോയത്. യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടേത് പോലെ തന്നെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും തുടക്കം ഒരു മാർക്സിസ്റ്റ് പ്രസ്ഥാനം ആയിട്ടാണ്. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആത്മാർത്ഥതയിലും പോരാട്ടവീര്യത്തിലും മുൻപന്തിയിൽ ആയിരുന്നെങ്കിലും സൈദ്ധാന്തിക തലത്തിലുള്ള അതിന്റെ പരിമിതികൾ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ചൂണ്ടി കാണിച്ചിട്ടുണ്ട്. സൈദ്ധാന്തികമായ ഈ ബലഹീനതക്ക് വസ്തുനിഷ്ഠമായ പശ്ചാത്തലം ഉണ്ടായിരുന്നു. അന്നത്തെ അവസ്ഥയിൽ ഉള്ള ഇന്ത്യൻ മുതലാളിത്തത്തിന്റെയും തൊഴിലാളിവർഗ്ഗത്തിന്റെയും വളരെ പരിമിതമായ വളർച്ചയായിരുന്നു ഇതിന് കാരണം.

സ്വാതന്ത്യത്തിന് ശേഷം നിലവിൽ വന്ന യൂറോപ്യൻ ക്ഷേമരാഷ്ട്രത്തിന്റെ ഇന്ത്യൻ പതിപ്പായ "നെഹ്രുവിയൻ സോഷ്യലിസ"ത്തോട് ആദ്യ ഘട്ടത്തിൽ ഒരു ഇടതു-സാഹസികതയുടെ (left adventurism) ലൈനിൽ ആണ് ഇന്ത്യൻ കമ്മ്യൂണിസം പ്രതികരിച്ചത്. ഇന്ത്യൻ സാഹചര്യങ്ങളെയും ഭരണവർഗ്ഗസ്വഭാവത്തെയും വിശകലനം ചെയ്യുന്നതിലുള്ള സൈദ്ധാന്തിക പാളിച്ചകളാണ് ഇതിലേക്ക് നയിച്ചത്. എന്നാൽ ഈ ഒരു ഘട്ടം പിന്നിട്ട് ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ട് പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡെമോക്രസിയിലേക്കുള്ള അധഃപതനത്തിന് തുടക്കം കുറിച്ചു. യൂറോപ്പിൽ സംഭവിച്ചത് പോലെ തന്നെ, ദൈനംദിന രാഷ്ട്രീയവും ആത്യന്തികമായ ലക്ഷ്യവും തമ്മിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പുലർത്തേണ്ട വൈരുദ്ധ്യാത്മക ബന്ധം ചോർന്ന് തുടങ്ങി. എഴുപതുകളോട് കൂടെ തന്നെ സോഷ്യൽ ഡെമോക്രസിയിലേക്കുള്ള ഇന്ത്യൻ ഇടതുപക്ഷത്തിന്റെ മാറ്റം ഏകദേശം പൂർണ്ണമായി കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥയെ ഇടതുപക്ഷം വിശകലനം ചെയ്ത രീതിയും അതിനെ ചെറുക്കാൻ അവലംബിച്ച മാർഗ്ഗവും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ക്ഷേമരാഷ്ട്ര-മുതലാളിത്തത്തിന്റെ സാമ്പത്തിക-സാമൂഹിക പ്രതിസന്ധികൾ ആണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയ നടപടിയെ ഇന്ത്യൻ മുതലാളിത്ത പ്രതിസന്ധിയുടെ പരിണിതഫലമായി കാണുന്നതിന് പകരം ഇന്ദിര ഗാന്ധിയുടെ "ഏകാധിപത്യപ്രവണത"യുടെ ഫലമായി മാത്രമാണ് ഇടതുപക്ഷം കണ്ടത്. അത് കൊണ്ട് തന്നെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച ക്ഷേമരാഷ്ട്രവ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ തുറന്നു കാണിച്ചു കൊണ്ടുള്ള ഒരു വർഗ്ഗപരമായ ചെറുത്തുനിൽപ്പിനും പ്രത്യാക്രമണത്തിനും പകരം, "ജനാധിപത്യ"ത്തിന്റെ പുനഃസ്ഥാപനം എന്ന യാഥാസ്ഥിതിക ആശയം ഉയർത്തിപ്പിടിച്ചാണ് ഇടതുപക്ഷം അതിനെ നേരിട്ടത്. ഇന്ത്യൻ മുതലാളിത്തത്തിന്റെ ആദ്യത്തെ പ്രതിസന്ധിയായിരുന്ന അടിയന്തരാവസ്ഥക്കെതിരെ വ്യവസ്ഥാപരിവർത്തനം എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്നതിൽ സോഷ്യൽ ഡെമോക്രസിയിലേക്ക് കൂപ്പു കുത്തി തുടങ്ങിയിരുന്ന ഇടതുപക്ഷം പരാജയപ്പെട്ടിടത്താണ് ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ചയുടെ തുടക്കം.

എഴുപതുകളുടെ അവസാനത്തോടെ തന്നെ ഇന്ത്യൻ ക്ഷേമരാഷ്ട്രത്തിന്റെ അടിത്തറ ഇളകിക്കഴിഞ്ഞിരുന്നു. വ്യവസ്ഥയുടെ ഭാഗമായിക്കഴിഞ്ഞ ഇടതുപക്ഷം ഇത് തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ത്യൻ ഭരണവർഗ്ഗം അവരുടെ വർഗ്ഗബോധം കൊണ്ട് ഇത് മണത്തറിഞ്ഞ് നവലിബറൽ ദിശയിലേക്കുള്ള "പരിഷ്കാരങ്ങ"ൾക്കായുള്ള മുറവിളി ആരംഭിച്ച് തുടങ്ങി. എൺപതുകളിൽ രാജീവ് ഗാന്ധിയും തൊണ്ണൂറുകളിൽ മൻമോഹൻ സിങ്ങും ഇന്ത്യൻ ക്ഷേമരാഷ്ട്രത്തിന്റെ ആണിക്കല്ലുകൾ ഓരോന്നായി ഇളക്കി. നവലിബറൽ പരിഷ്കാരങ്ങളുടെ തുടക്കത്തിൽ യൂറോപ്യൻ സോഷ്യൽ ഡെമോക്രസി നേരിട്ട അതേ പ്രതിസന്ധി ഇന്ത്യൻ ഇടതുപക്ഷവും ഈ ഘട്ടത്തിൽ നേരിട്ടു. ക്ഷേമരാഷ്ട്രത്തിലൂന്നിയ ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയമാണ് നവലിബറൽ നയങ്ങൾ ചോദ്യം ചെയ്തത്. അത് കൊണ്ട് തന്നെ ഇടതുപക്ഷം തൊണ്ണൂറുകളുടെ തുടക്കത്തോടെ നവലിബറൽ പരിഷ്‌കാരങ്ങളെ നഖശിഖാന്തം എതിർത്ത് തുടങ്ങി. ഈ എതിർപ്പാണ് അവർക്ക് "വികസവിരുദ്ധർ" എന്ന ലേബൽ നേടിക്കൊടുത്തത്.

എന്നാൽ നവലിബറലിസത്തോടുള്ള ഇന്ത്യൻ ഇടതുപക്ഷത്തിന്റെ എതിർപ്പ് ഒരിക്കലും ഒരു തൊഴിലാളിവർഗ്ഗസ്വഭാവം ഉള്ളതായിരുന്നില്ല. നവലിബറൽ മുതലാളിത്തത്തിന്റെ ബദൽ ആയി ഇടതുപക്ഷം മുന്നോട്ട് വെച്ചത് സോഷ്യലിസം ആയിരുന്നില്ല, മറിച്ച് മുതലാളിത്തത്തിന്റെ തന്നെ മറ്റൊരു രൂപമായ ക്ഷേമരാഷ്ട്ര മുതലാളിത്തം ആയിരുന്നു. മുതലാളിത്തം എന്ന വ്യവസ്ഥയോടുള്ള എതിർപ്പ് പാടേ കൈയൊഴിഞ്ഞ ഇടതുപക്ഷത്തിന്റെ പരാതികൾ അതിന്റെ നവലിബറൽ രൂപത്തിനെതിരെ മാത്രമായി ചുരുങ്ങി. തങ്ങളുടെ സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടാതിരിക്കണമെങ്കിൽ ക്ഷേമരാഷ്ട്ര-മുതലാളിത്തം പുനഃസ്ഥാപിക്കപ്പെടണം എന്ന സങ്കുചിത ചിന്തയുടെ ഫലം മാത്രമായിരുന്നു ഇടതുപക്ഷത്തിന്റെ നവലിബറൽ അയിത്തം. അതുകൊണ്ട് തന്നെ അതിന് ആയുസ്സ് വളരെ കുറവായിരുന്നു.

ഇടതുപക്ഷത്തിന്റെ നവലിബറൽ ചായ്‌വ് - ബംഗാൾ അനുഭവം

വ്യവസ്ഥയുടെ ഗുണഭോക്താക്കളായി മാറിയ ഒരു രാഷ്ട്രീയ സഖ്യത്തിന് ഒരിക്കലും ദീർഘകാലാടിസ്ഥാനത്തിൽ വ്യവസ്ഥയുടെ യുക്തിക്ക് എതിരെ നിൽക്കാൻ ആവില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ നവലിബറലിസത്തോടുള്ള ഇടതുപക്ഷത്തിന്റെ വളരെ പെട്ടെന്ന് ശമിച്ചു. തൊണ്ണൂറുകളിൽ നവലിബറലിസത്തെയും ആഗോളവൽക്കരണത്തെയും എല്ലാം നഖശിഖാന്തം എതിർത്ത ഇടതുപക്ഷം പുതുസഹസ്രാബ്ദത്തിന്റെ തുടക്കവർഷങ്ങളിൽ തന്നെ നവലിബറലിസത്തോട് അടുത്ത് തുടങ്ങി. ഈ ചായ്‌വ് ആദ്യം പ്രകടമാവുന്നത് ബംഗാളിലാണ് എന്നത് യാദൃശ്ചികമല്ല. കാരണം, മുപ്പതോളം വർഷങ്ങളായുള്ള തുടർച്ചയായ ഭരണം ഇടതുപക്ഷത്തിന്റെ ബംഗാൾ ഘടകത്തെ ഭരണവർഗ്ഗപ്രത്യയശാസ്ത്രത്തോട് കൂടുതൽ അടുപ്പിച്ചിരുന്നു. സജീവരാഷ്ട്രീയത്തിൽ നിന്നും ജ്യോതി ബസു വിട്ടു നിൽക്കാൻ തീരുമാനിച്ചതിന് ശേഷം ബംഗാളിൽ അധികാരത്തിലേറിയ ബുദ്ധദേബ് ഭട്ടാചാര്യ നയിച്ച ഇടതുപക്ഷസർക്കാർ പ്രത്യക്ഷമായ നവലിബറൽ നയങ്ങളുമായാണ് മുന്നോട്ടു പോയത്. എന്ത് വിലകൊടുത്തും നവലിബറൽ നയങ്ങൾ നടപ്പാക്കും എന്ന ഈ ഇടതുപക്ഷ പിടിവാശിയാണ് ആദ്യം നന്ദിഗ്രാമിലും പിന്നീട് സിംഗൂരിലും ചെറുത്തുനിൽക്കുന്നവരുടെ അടിച്ചമർത്തലിലേക്കും കൂട്ടക്കുരുതിയിലേക്കും നയിച്ചത്. ഈ സംഭവവികാസങ്ങൾ ഇടതുപക്ഷത്തിന് നഷ്ടപ്പെടുത്തിയത് ബംഗാളിലെ ഭരണം മാത്രമല്ല, രാഷ്ട്രീയ അസ്തിത്വം തന്നെയാണ്. വംഗനാട്ടിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കപ്പെടുന്നതിലേക്കാണ് ഈ വികസനപിടിവാശി ഇടതുപക്ഷത്തെ നയിച്ചത്.

ബംഗാളിൽ ഇടതുപക്ഷം നവലിബറലിസത്തിന്റെ വഴിയേ പോകാൻ ശ്രമിച്ചത് സോഷ്യൽ ഡെമോക്രസിയുടെ യൂറോപ്യൻ മാതൃകയെ പിൻപറ്റി ആയിരുന്നു. യൂറോപ്യൻ സോഷ്യൽ ഡെമോക്രസി മാർക്സിസ്റ്റ്-സോഷ്യലിസ്റ്റ് മുഖംമൂടി പൂർണ്ണമായി ഉപേക്ഷിച്ച്, വളരെ പ്രത്യക്ഷമായി തന്നെയാണ് നവലിബറൽ നയങ്ങളെ ആശ്ലേഷിച്ചത്. ഏതാണ്ട് അതിന് സമാനമായ രീതിയിൽ, മാർക്സിസം-കമ്മ്യൂണിസം ഒന്നും മാറിയ ലോകത്തിൽ പ്രായോഗികമല്ല എന്നും രാഷ്ട്രീയ നിലനിൽപ്പിന് "വികസന"പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ് എന്നും ബംഗാളിലെ പല ഉന്നത പാർട്ടി നേതാക്കന്മാർ തന്നെ പറഞ്ഞു തുടങ്ങിയിരുന്നു.  "പുതിയ കാലത്ത് മാർക്സിസവും കെട്ടിപ്പിടിച്ചിരിക്കാൻ ഞാൻ ഒരു വിഡ്ഢിയല്ല" എന്ന തരത്തിലുള്ള പ്രസ്താവനകൾ ബുദ്ധദേബിന്റെ ഭാഗത്തു നിന്ന് തന്നെ ഉണ്ടായി. മാത്രമല്ല, പാർട്ടിയുടെ ബ്യൂറോക്രറ്റിക് സംഘടനാസംവിധാനത്തെ നിലനിർത്താൻ കാര്യമായി ശ്രമമൊന്നും ബംഗാളിൽ ഈ കാലയളവിൽ നടന്നില്ല താനും. അങ്ങനെ, ബംഗാളിലെ ഇടതുപക്ഷത്തിന്റെ വികസനക്കുതിപ്പിന് സമാന്തരമായി അവിടുത്തെ പാർട്ടി സംവിധാനങ്ങൾ അയഞ്ഞു തുടങ്ങുകയും മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പുറംതോട് തേഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു. യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ മാതൃകയിൽ ഉള്ള ഈ "വികസനക്കുതിപ്പ്" ബംഗാളിലെ ഇടതുപക്ഷത്തെ കൊണ്ടെത്തിച്ചത് രാഷ്ട്രമായ ഉന്മൂലനത്തിലേക്കാണ്. "തൊഴിലാളിവർഗ്ഗ-മാർക്സിസ്റ്റ്" പാർട്ടി എന്ന വ്യാജ പുറംതോട് മുഴുവനായും ഉപേക്ഷിച്ചുകൊണ്ടുള്ള നവലിബറൽ ആശ്ലേഷണത്തിന്റെ അപകടങ്ങൾ യൂറോപ്യൻ-ബംഗാൾ അനുഭവങ്ങൾ സോഷ്യൽ ഡെമോക്രസിക്ക് കാണിച്ച് കൊടുക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വികസനാസക്തി ഈ മാതൃക അല്ല പിന്തുടരുന്നത്.

കേരളീയ ഇടതുപക്ഷത്തിന്റെ "ചങ്കിലെ ചൈന"

തുടർച്ചയായ ഭരണം ഇല്ലാതിരുന്നത് കൊണ്ട് തന്നെ ബംഗാളിലേത് പോലെ പൊടുന്നനെയുള്ള ഒരു ചാട്ടത്തിലൂടെ അല്ല കേരളീയ ഇടതുപക്ഷം നവലിബറലിസത്തിൽ എത്തുന്നത്. യൂറോപ്യൻ third way ആശയങ്ങളെ ഓർമ്മിപ്പിക്കും വിധം, ഒരു "വെള്ളം ചേർത്ത" നവലിബറലിസത്തെ ആണ് അവർ ആദ്യം സ്വീകരിച്ചത്. ഏകദേശം 2010ത്തോട് കൂടി തന്നെ നവലിബറലിസം, ആഗോളവൽക്കരണം, സാമ്രാജ്യത്വം തുടങ്ങിയവയെ കടന്നാക്രമിക്കുന്ന പ്രവണത ഇടതുപക്ഷം ഉപേക്ഷിച്ചു. ഇതിനോടൊപ്പം തന്നെ ജനപക്ഷവികസനം, സമഗ്രവികസനം, സുസ്ഥിരവികസനം തുടങ്ങിയ പദങ്ങളുടെ സഹായത്തോടെ ഉപാധികളോട് കൂടിയ നവലിബറലിസത്തെ ഇടതുപക്ഷം സ്വീകരിക്കുകയും ചെയ്തു. 2016 നിയമസഭ തിരഞ്ഞെടുപ്പിനെ അവർ നേരിട്ടത് വിശേഷണങ്ങളോട് കൂടിയ നവലിബറൽ നയങ്ങൾ ഉയർത്തിപ്പിടിച്ചാണ്. എന്നാൽ 2021ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഈ വിശേഷണങ്ങളെല്ലാം ഇടതുപക്ഷം ഉപേക്ഷിച്ചു. തുടർഭരണലബ്ദിക്ക്‌ വേണ്ടിയുള്ള പ്രചരണം ഇടതുപക്ഷം നടത്തിയത് ഉപാധികൾ ഒന്നും ഇല്ലാത്ത "വികസനം" എന്ന ആശയം ഉയർത്തിയാണ്.

കേരളീയ ഇടതുപക്ഷത്തിന്റെ ഈ നവലിബറൽ മലക്കം മറിച്ചിൽ യൂറോപ്യൻ-ബംഗാൾ മാതൃകയിൽ ഉള്ളതായിരുന്നില്ല. അത് ചൈനീസ് മാതൃക ആണ് പിന്തുടരുന്നത്. ചൈനയിൽ ഇന്ന് നിലനിൽക്കുന്നത് "ചൈനീസ് പ്രത്യേകതകളോട് കൂടിയ സോഷ്യലിസം" (socialism with Chinese characteristics) ആണ് എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) അവകാശപ്പെടുന്നത്. ഇന്ത്യൻ ഇടതുപക്ഷത്തിനും ഇതേ അഭിപ്രായമാണ്. പക്ഷെ മാർക്സിസത്തിന്റെ ബാലപാഠമെങ്കിലും അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാവും ചൈനയിൽ ഇന്ന് നിലനിൽക്കുന്നത് "ചൈനീസ് പ്രത്യേകതകളോട് കൂടിയ നവലിബറലിസ"മാണ് എന്ന്. ഇതുകൊണ്ട് തന്നെയാണ് ഡേവിഡ് ഹാർവി തന്റെ "The Brief History of Neoliberalism" എന്ന പുസ്തകത്തിലെ ഒരു മുഴുവൻ അദ്ധ്യായം ചൈനീസ് നവലിബറലിസം പഠിക്കുന്നതിന് വേണ്ടി മാറ്റി വെച്ചത്. എന്നാൽ അമേരിക്കൻ-യൂറോപ്യൻ നവലിബറലിസത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മാതൃക ആണ് ചൈനീസ് നവലിബറലിസത്തിന്റേത്. "ലിബറൽ" നയങ്ങളെ സാമ്പത്തികമണ്ഡലത്തിൽ മാത്രം ഒതുക്കി നിർത്തുന്ന പ്രവണതയാണ് ചൈനയിൽ പിന്തുടരുന്നത്. മൂലധനത്തിന് പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുമ്പോൾ തന്നെയും ഈ സ്വാതന്ത്ര്യം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രതിഫലിക്കാതിരിക്കാൻ ചൈനീസ് ഭരണകൂടം വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്.

എഴുപതുകളുടെ അവസാനകാലത്ത് ചൈന ദെങ് ഷാവോ പിങ്ങിന്റെ നേതൃത്വത്തിൽ നവലിബറൽ മുതലാളിത്തത്തിന്റെ വഴിയിലേക്ക് നീങ്ങിയപ്പോൾ മിക്ക പാശ്ചാത്യ രാഷ്ട്രീയനിരീക്ഷകരും പ്രതീക്ഷിച്ചത് ഇത് ചൈനയിൽ സാമൂഹിക-രാഷ്ട്രീയ ലിബറൽവൽക്കരണത്തിന് വഴിവെക്കും എന്നാണ്. എന്നാൽ എൺപതുകളുടെ അവസാനത്തോടെ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങൾ കണിശമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകത ചൈനീസ് ഭരണവർഗ്ഗത്തിനും CCPക്കും മനസ്സിലാക്കി കൊടുത്തു. അതിന് ശേഷം "നവലിബറൽ ഏകാധിപത്യം" (autocratic neoliberalism) എന്ന് വിശേഷിപ്പിക്കാവുന്ന വ്യവസ്ഥയാണ് ചൈനയിൽ നിലവിൽ വന്നത്. ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്ക് വഴിവെക്കുന്ന നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിനും, നവലിബറൽ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ മൂലം പൊട്ടിപ്പുറപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അടിച്ചമർത്തുന്നതിനും, അത് വഴി മൂലധനത്തിന്റെ സ്വൈര്യവിഹാരം സുഗമമാക്കുന്നതിനും ശക്തമായ ഏകാധിപത്യ പ്രവണതകളോട് കൂടിയ ഭരണകൂടമാണ് അഭികാമ്യം എന്ന ചൈനീസ് പാഠം ഇന്ന് യൂറോപ്യൻ-അമേരിക്കൻ നവലിബറലിസ്റ്റുകൾ പോലും പകർത്താൻ ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിൽ പ്രധാനഘടകം എന്നത് നഗ്നമായ നവലിബറൽ മുതലാളിത്ത നയങ്ങളുമായി മുന്നോട്ടു പോകുമ്പോഴും മാർക്സിസ്റ്റ്-സോഷ്യലിസ്റ്റ് എന്ന വ്യാജ പുറംതോട് ഉപേക്ഷിക്കാൻ ചൈനീസ് ഭരണവർഗ്ഗമോ CCPയോ തയ്യാറായിട്ടില്ല എന്നതാണ്. CCPയുടെ മാർക്സിസ്റ്റ് മുഖംമൂടിയും ബ്യൂറോക്രാറ്റിക് സംഘടനാസംവിധാനവും നിലനിർത്തിക്കൊണ്ട് പാർട്ടി-ഭരണകൂടവും സ്വകാര്യ മൂലധനവും തമ്മിൽ രൂപപ്പെട്ട് വന്നിട്ടുള്ള ഒരു സഖ്യമാണ് ഇന്ന് ചൈന ഭരിക്കുന്നത്.

ഈ വിചിത്ര സഖ്യത്തിന്റെ സ്വഭാവം ചൈനീസ് മുതലാളിത്തത്തെ പറ്റിയുള്ള പഠനത്തിൽ അഡ്രിയാൻ ബുഡ് വ്യക്തമാക്കുന്നുണ്ട്: "സ്വകാര്യ മൂലധനവും പാർട്ടി-ഭരണകൂടവും തമ്മിൽ ആഴത്തിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ്. തൊണ്ണൂറു ശതമാനം കോടീശ്വരന്മാരും പാർട്ടിയിലെ മുതിർന്ന ഉദ്യോഗസ്ഥരോ അവരുടെ സന്തതികളോ ആണെന്നാണ് 2006ലെ CCPയുടെ ഒരു ആഭ്യന്തര റിപ്പോർട്ട് കാണിക്കുന്നത്.... പാർട്ടി-ഭരണകൂടവും സ്വകാര്യ മേഖലയും തമ്മിൽ ഒരു കൊടുക്കൽ-വാങ്ങൽ (symbiotic) ബന്ധമാണ് നിലനിൽക്കുന്നത്." പ്രശസ്ത മാർക്സിസ്റ്റും ചൈനീസ് കാര്യവിദഗ്ദനും ആയ മാർട്ടിൻ ഹാർട്-ലാൻസ്ബെർഗ് ചൈനയിലെ ഇന്നത്തെ അവസ്ഥ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട് പറയുന്നത്, "ചൈനീസ് മുതലാളിത്തത്തിന്റെ മുന്നേറ്റം തുടരാനുള്ള പ്രതിബദ്ധതക്ക് ചുറ്റും പാർട്ടി-ഭരണകൂടവും വരേണ്യമുതലാളിത്ത വർഗ്ഗവും സംയോജിക്കുന്നതാണ്" ഇന്ന് ചൈനയിൽ കാണാനാവുക എന്നാണ്. എന്നാൽ പാർട്ടിയും മുതലാളിത്ത വർഗ്ഗവും തമ്മിലുള്ള ഈ കൂട്ടുകെട്ടിലെ പ്രബല രാഷ്ട്രീയ ശക്തി പാർട്ടി തന്നെയാണ്. പാർട്ടിയുടെ മേൽനോട്ടത്തിൽ, പാർട്ടിക്ക് കീഴ്‌പ്പെട്ട്, പാർട്ടി നേതാക്കന്മാർക്ക് ഗുണകരമാവും വിധത്തിലും അവരെ കൂടി ഉൾപ്പെടുത്തി കൊണ്ടും, നടപ്പാക്കുന്ന നവലിബറലിസം ആണ് ചൈനീസ് മാതൃക. ഈ രാഷ്ട്രീയ പ്രബലതക്ക് പകരമായി, അതിന്റെ ബ്യൂറോക്രാറ്റിക് സംവിധാനവും, ഭരണകൂടത്തിന് മേലുള്ള നീരാളിപ്പിടുത്തവും, "സോഷ്യലിസ്റ്റ്" എന്ന വ്യാജ ഇമേജും ഉപയോഗിച്ച് നവലിബറൽ കൊള്ള സുഗമമാക്കുക എന്നതാണ് പാർട്ടിയുടെ പ്രത്യുപകാരം. ചൈനീസ് മാതൃകയിൽ ചെറിയ അനിഷ്ടങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയ കോടീശ്വരനായ ജാക്ക് മായെ എങ്ങനെയാണ് ഭരണകൂടം നിലക്ക് നിർത്തിയത് എന്നത് നവലിബറൽ ഏകാധിപത്യത്തിന്റെ നല്ല ഒരു ഉദാഹരണമാണ്.

നവലിബറലിസത്തിലേക്കുള്ള മാറ്റത്തോടെ സോഷ്യലിസ്റ്റ് മുഖംമൂടിയും ബ്യൂറോക്രറ്റിക് സംഘടനാ സംവിധാനവും ഉപേക്ഷിക്കുന്ന യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ മാതൃക അല്ല കേരളത്തിലെ ഇടതുപക്ഷത്തിന്റേത്. മറിച്ച് വ്യാജ മാർക്സിസ്റ്റ് പുറംതോടിനുള്ളിൽ നിന്ന് കൊണ്ട്തൊഴിലാളിവർഗ്ഗ ഉള്ളടക്കം മുഴുവൻ നഷ്ടപ്പെട്ട് ചട്ടക്കൂട് മാത്രമായി ചുരുങ്ങിയ സംഘടനാസംവിധാനം ഉപയോഗിച്ച്, നവലിബറൽ മുതലാളിത്തം നടപ്പാക്കുന്ന ചൈനീസ് മാതൃകയാണ് കേരളീയ ഇടതുപക്ഷത്തിന് പഥ്യം. നേതൃത്വത്തിന്റെ മുതലാളിത്ത ചായ്‌വിനും വികസനഭ്രമത്തിനും എതിരെ ഉള്ള എല്ലാ അഭിപ്രായങ്ങളെയും "വിഭാഗീയത"യായി മുദ്ര കുത്തേണ്ടതും അടിച്ചമർത്തേണ്ടതും ഇതിന് അനിവാര്യമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അരങ്ങേറിയ ഈ ശുദ്ധീകരണയജ്ഞത്തിന് ഒടുവിൽ, എതിർസ്വരങ്ങൾ എല്ലാം അപ്രത്യക്ഷമായ, തിരുവായ്ക്ക് എതിർവായ് ഇല്ലാത്ത, ഒരു ബ്യൂറോക്രറ്റിക് സംഘടനാസംവിധാനം ആണ് ഇടതുപക്ഷ പാർട്ടികളിൽ, പ്രത്യേകിച്ച് സിപിഎമ്മിൽ, അവശേഷിക്കുന്നത്. മുകളിൽ നിന്നുള്ള ഉത്തരവുകൾ നടപ്പാക്കാൻ മാത്രം പ്രാപ്തിയുള്ള ഏകശിലാത്മകമായ ഈ സംഘടനാ ചട്ടക്കൂടിന്റെ പിൻബലത്തിലാണ് കേരളീയ ഇടതുപക്ഷം തങ്ങളുടെ വികസനാസക്തി ജനതക്ക് മേൽ അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നത്. "അച്ചടക്കമുള്ള ചീമുട്ടക"കളായി ഇരിക്കുന്നതിന് പ്രത്യുപകാരമായി സംഘടനയുടെ എല്ലാ തലത്തിൽ ഇരിക്കുന്നവർക്കും, ചൈനീസ് മാതൃകയിൽ ഉള്ള ഒരു പാർട്ടി-സ്വകാര്യ മുതലാളി സഖ്യം രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യവും സാദ്ധ്യതയും തുറന്ന് കൊടുക്കപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ അദ്ധ്യക്ഷതയിൽ, എല്ലാ തലത്തിലുള്ള പാർട്ടി നേതൃത്വത്തിനും സ്വകാര്യ മുതലാളിവർഗ്ഗത്തിനും ഒരു പോലെ ഗുണകരമായ, നവലിബറൽ കൊള്ള; അതാണ് കേരളീയ ഇടതുപക്ഷത്തിന്റെ വികസനാസക്തിയുടെ ഉള്ളടക്കം.

സൈദ്ധാന്തിക പരിമിതികൾ ഉണ്ടായിരുന്നെങ്കിലും സത്യസന്ധതയും പോരാട്ടവീര്യവും അടിസ്ഥാനവർഗ്ഗത്തോടുള്ള ഐക്യദാർഢ്യവും കൈമുതലാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും തങ്ങളുടെ സംഘടനാ സംവിധാനം അടക്കം ഉപയോഗിച്ച് നവലിബറൽ നയങ്ങൾ നടപ്പാക്കാൻ ഒരുമ്പെടുന്ന വികസനഭ്രമം പിടിപെട്ട സോഷ്യൽ ഡെമോക്രസിയിലേക്കുള്ള ഇടതുപക്ഷത്തിന്റെ പരിണാമം ദുഃഖകരമാണ്. എന്നാൽ അതിൽ അത്ഭുതമോ ഞെട്ടലോ ഉളവാക്കുന്നതായി ഒന്നും തന്നെ ഇല്ല. വർഗ്ഗബോധത്തിലൂടെയും സംഘടനയിലൂടെയും വിപ്ലവോന്മുഖത കൈമോശം വരാതിരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്താത്ത ലോകത്തിലെ എല്ലാ തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളും മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് കീഴ്പ്പെട്ട് ഇതേ പാത തന്നെയാണ് പിന്തുടർന്നത്. ഇതിന്റെ അടിസ്ഥാന കാരണം നേതൃത്വം അല്ല. ഇന്നത്തെ ഇടതുപക്ഷ നേതൃത്വത്തിന്റെ മുതലാളിത്ത ചായ്‌വ് രോഗ ലക്ഷണം മാത്രമാണ്; രോഗം വ്യവസ്ഥക്കാണ്. വിയോജന സ്വരങ്ങളുടെയെല്ലാം കാമ്പ് ചോർത്തിക്കളഞ്ഞ് അവയെ തങ്ങളുടെ പ്രത്യയശാസ്ത്രജീർണ്ണതയിലേക്ക് വലിച്ച് താഴ്ത്തുന്ന ഒരു തമോഗർത്തമാണ് മുതലാളിത്തവ്യവസ്ഥ. ഈ തമോഗർത്തത്തിന്റെ ആകർഷണ വലയമാണ് ഇടതുപക്ഷത്തെ സോഷ്യൽ ഡെമോക്രസി ആക്കി മാറ്റിയത്. അത് കൊണ്ട് തന്നെ നേതൃമാറ്റം ഇടതുപക്ഷത്തെ വീണ്ടും ജനപക്ഷ രാഷ്ട്രീയ ചേരിയിൽ എത്തിക്കും എന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിൽ ആണ്. കാലം ആവശ്യപ്പെടുന്നത് പ്രത്യയശാസ്ത്രസ്ഥൈര്യവും വർഗ്ഗബോധവും കൈമുതലായുള്ള ബദൽ തൊഴിലാളിവർഗ്ഗപ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ്. ഇത് ശ്രമകരമായ ജോലിയാണ്, പക്ഷെ മുതലാളിത്ത-ഫാഷിസ്റ്റ് അതിക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ അത് മാത്രമാണ് പോംവഴി. 

('ജനശക്തി' ദ്വൈവാരിക രണ്ട് ലക്കങ്ങളിലായി (നവംബർ 16-30, ഡിസംബർ 1-15) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിപുലീകരിച്ച പതിപ്പ്.)