Friday 27 October 2023

പുതു മലയാള സിനിമയിലെ സ്വാഭാവികത - ഒരു വിമർശം

 

ബിപിൻ ബാലറാം

 

"Don't accept the habitual as a natural thing." - Bertolt Brecht

പുതു മലയാള സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടി കാണിക്കപ്പെടുന്നത് അതിന്റെ സ്വാഭാവികത (naturality) ആണ്. ഇത്തരം 'സ്വാഭാവിക' സിനിമകൾക്ക് കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങളും പ്രകീർത്തനങ്ങളും ലഭിക്കുന്നുണ്ട് താനും. ഇത്തരം സിനിമകൾ, അവയുടെ കഥാപരിസരം, കഥാപാത്രങ്ങൾ, അഭിനയം, സംഭാഷണം, ദൃശ്യം, ശബ്ദം എന്നിവയിലെല്ലാം അങ്ങേയറ്റത്തെ സ്വാഭാവികത നിലനിർത്താൻ ശ്രമിക്കുന്നവയാണ്. പലപ്പോഴും ഈ ഗണത്തിൽ പെടുന്ന സിനിമകൾക്ക് ആഖ്യാനത്തിലെ ഈ സ്വാഭാവികത അല്ലാതെ മറ്റൊന്നും കാര്യമായി മുന്നോട്ട് വെക്കാൻ ഇല്ലാത്ത അവസ്ഥയും ഉണ്ട്. ബാഹ്യയാഥാർത്ഥ്യത്തിന്റെ ഫോട്ടോഗ്രാഫിക് അനുകരണം ആവാൻ വെമ്പുകയാണ് പുതു മലയാള സിനിമ. പ്രധാനപ്പെട്ട കാര്യം, സ്വാഭാവിക ആഖ്യാനരീതിയെ യാഥാർത്ഥ്യത്തെ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി ആയി അല്ല ഈ സിനിമകൾ കാണുന്നത്. മറിച്ച്, സ്വാഭാവിക ആഖ്യാനം മാത്രമാണ് അവയുടെ ലക്‌ഷ്യം. ഈ ഒരു പ്രവണതയെ വേണമെങ്കിൽ 'കേവല സ്വാഭാവികത' എന്ന പ്രയോഗം കൊണ്ട് നമുക്ക് വിശേഷിപ്പിക്കാം.  

ആഷിക് അബുവിനേയും ദിലീഷ് പോത്തനെയും പോലുള്ളവരുടെ സിനിമകൾ എങ്ങനെയാണ് അതിസൂക്ഷ്മമായ വിശദശാംശങ്ങൾ പോലും ഒപ്പിയെടുക്കുന്നത് എന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് ("പോത്തേട്ടൻസ് ബ്രില്ലിയൻസ്" എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഉപയോഗിച്ച് മലയാള സിനിമാസമൂഹം ഇതിനെ ആഘോഷിക്കുന്നതും കാണാം!). പ്രേക്ഷകരെ സിനിമയുടെ ഭാഗമാക്കുന്ന, ഇത് സിനിമയാണ് എന്ന് പോലും മറന്നുപോവുന്ന അനുഭവം സമ്മാനിക്കുന്ന, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകൾ ഇതുപോലെ തന്നെ പ്രകീർത്തിക്കപ്പെടുന്നുണ്ട്. സ്വാഭാവികതയിൽ ഊന്നിയുള്ള ഇത്തരം പുതു മലയാള സിനിമകളെ "റിയലിസ്റ്റ്" സിനിമകൾ എന്നാണ് അവയുടെ പ്രയോക്താക്കളും പൊതുസമൂഹവും വിശേഷിപ്പിച്ച് കാണുന്നത്. മലയാള സിനിമയെ അതിമാനുഷിക-മിമിക്രി ചിത്രങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയ പുരോഗമനപരമായ പ്രവണത ആയിട്ടാണ് ഇത്തരം "റിയലിസ്റ്റ്" സിനിമകൾ സ്വയം അടയാളപ്പെടുത്തുന്നത്.

"കുമ്പളങ്ങി നൈറ്റ്‌സ്" എന്ന സിനിമയിലെ ഒരു രംഗം

സ്വാഭാവിക സിനിമ പ്രവണതയുടെ വിമർശകർക്കും ഇവ "റിയലിസ്റ്റ്" സിനിമകൾ ആണെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഇല്ല. ഇത്തരം സിനിമകളെ വിമർശിച്ചു കൊണ്ട് പ്രമുഖ മുഖ്യധാര സംവിധായകനായ ലാൽ ജോസ് പറഞ്ഞത് "റിയലിസ്റ്റ് ചിത്രങ്ങൾ വെറും തട്ടിപ്പാണ്" എന്നാണ്. കഴിഞ്ഞ ഒരു വർഷത്തിൽ സ്വാഭാവിക ശ്രേണിയിൽ പെടുന്ന സിനിമകൾ ഒട്ടുമിക്കതും സാമ്പത്തികമായി പരാജയപ്പെട്ടത് ഇത്തരം വിമർശനത്തിന്റെ ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. "പ്രകൃതി പടങ്ങൾ" എന്ന ഒരു പരിഹാസപദം തന്നെ ഇതിനായി പ്രയോഗത്തിൽ ഉണ്ട്. പുതു സ്വാഭാവിക സിനിമകളുടെ വിമർശനം പലപ്പോഴും വരുന്നത് യാഥാസ്ഥിതിക പക്ഷത്ത് നിന്നാണ് എന്നത് പൊതുബോധത്തിൽ അവയുടെ പുരോഗമനപ്രതിച്ഛായ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേവല സ്വാഭാവികത മുഖമുദ്ര ആയുള്ള ഇത്തരം സിനിമകളുടെ "റിയലിസ്റ്റ്" അവകാശവാദം പുരോഗമനപക്ഷത്ത് നിന്നും വിശകലനവിധേയമാക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

യാഥാർത്ഥ്യവും അനുകരണവും

യാഥാർത്ഥ്യത്തെ സൂക്ഷ്മമായി, സത്യസന്ധമായി പ്രതിഫലിപ്പിക്കുക എന്നത് എന്നും കലയുടെ പ്രധാനപ്പെട്ട ആഗ്രഹവും ധർമ്മവും ആണ്. എന്നാൽ ഈ പശ്ചാത്തലത്തിൽ 'എന്താണ് യാഥാർത്ഥ്യം?' എന്ന ചോദ്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. സരളവും സൗകര്യപൂർണ്ണവുമായ ഒരു ഉത്തരം, നേരിട്ട് നമുക്ക് അനുഭവപ്പെടുന്നതെന്തോ അത് തന്നെയാണ് യാഥാർത്ഥ്യം എന്നാണ്. അങ്ങനെയെങ്കിൽ, യാഥാർത്ഥ്യത്തെ പകർത്താൻ കലക്ക് (പ്രേത്യേകിച്ചും സിനിമ പോലെയുള്ള ഒരു ദൃശ്യകലക്ക്) നേരിട്ട് ഗ്രാഹ്യമായ ബാഹ്യരൂപത്തെ (appearance) സൂക്ഷ്മമായി പ്രതിഫലിപ്പിച്ചാൽ മാത്രം മതി. എന്നാൽ ഈ ഉത്തരം ചെയ്യുന്നത് ബാഹ്യരൂപം - യാഥാർത്ഥ്യം (appearance - reality) എന്ന ദ്വന്ദ്വത്തെ വളരെ യാന്ത്രികമായ ഒരു ഐക്യത്തിന്റെ ചട്ടക്കൂടിൽ തളച്ചിടുക എന്നതാണ്. ഇവ തമ്മിലുള്ള അന്തരത്തെയും പാരസ്പര്യത്തെയും വൈരുദ്ധ്യാത്മകബന്ധത്തെയും അത് പൂർണ്ണമായും മായ്ച് കളയുന്നു.
 
കലയിലെ ഇത്തരം ഒരു പ്രവണതയെ സാധാരണ നാച്യുറലിസം (naturalism) എന്നാണ് അടയാളപ്പെടുത്തുന്നത്. കലയെ പ്രത്യക്ഷയാഥാർത്ഥ്യത്തിന്റെ സത്യസന്ധമായ അനുകരണമായോ അല്ലെങ്കിൽ അതിന്റെ യാന്ത്രികമായ പുനഃസൃഷ്ടി ആയോ ആണ് നാച്യുറലിസം കാണുന്നത്. നാച്യുറലിസത്തിന്റെ വക്താവായിരുന്ന ഡെനി ഡിഡെറൊയുടെ (Denis Diderot) നോവലിലെ ഒരു കഥാപാത്രം ഇത് വ്യക്തമാക്കുന്നുണ്ട്: "The perfection in a play consists in such a precise imitation of an action that the audience is deceived into believing that they are present at the action."
 
ഡിഡെറോ സൂചിപ്പിക്കുന്നത് പോലെ, നാച്യുറലിസ്റ്റ് കലയുടെ അടിസ്ഥാനം imitation, deception എന്നീ പ്രക്രിയകൾ ആണ്. ഇന്ന് ആഘോഷിക്കപ്പെടുന്ന പല മലയാളസിനിമകളുടെയും അതിന്റെ സൃഷ്ടാക്കളുടെയും വീക്ഷണവും ഇത് തന്നെയാണ്. ബാഹ്യയാഥാർത്ഥ്യത്തിന്റെ സൂക്ഷ്മമായ പുനഃസൃഷ്ടി (imitation), അതിലൂടെ പ്രേക്ഷകനെ സിനിമയുടെ ഭാഗമാക്കി മാറ്റൽ (deception) - ഈ രണ്ട് പ്രക്രിയകൾ ഉണ്ടാക്കിയെടുക്കുന്ന ആശയപരമായ അച്ചുതണ്ടിന്‌ ചുറ്റുമാണ് പുരോഗമനപരം എന്ന് അവകാശപ്പെടുന്ന പുതു മലയാളസിനിമകൾ ഇന്ന് കറങ്ങുന്നത്. അതുകൊണ്ടു തന്നെ ഇത്തരം സിനിമകളെ "റിയലിസ്റ്റ്" എന്ന് മുദ്രകുത്തുന്നത് തികഞ്ഞ അസംബന്ധമാണ്. ഇവയിലെ കേവല സ്വാഭാവികത നാച്യുറലിസത്തിന്റെ മുഖമുദ്രയാണ്; അത് കൊണ്ട് തന്നെ ഈ സിനിമകൾ നാച്യുറലിസത്തെ പിൻപറ്റുന്ന സൃഷ്ടികൾ മാത്രമാണ്.

"സ്വാഭാവികത"യിൽ പതിയിരിക്കുന്ന അപകടങ്ങൾ

ബാഹ്യരൂപത്തെ സ്വാഭാവികമായി ഒപ്പിയെടുക്കുന്നതിലൂടെ യാഥാർത്ഥ്യത്തെ പകർത്താൻ സാധിക്കും എന്ന നാച്യുറലിസ്റ്റ് ആശയത്തിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. കാരണം, ബാഹ്യരൂപവും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധം അതിനേക്കാൾ സങ്കീർണ്ണമാണ്. അതുകൊണ്ടാണ് കാൾ മാർക്സ്, "Science would be superfluous if there were an immediate coincidence of the appearance and reality of things" എന്ന് അഭിപ്രായപ്പെട്ടത്. പ്രത്യക്ഷരൂപത്തെ അതേപടി തിരശ്ശീലയിൽ എത്തിക്കുമ്പോൾ സ്വാഭാവിക മലയാളസിനിമ പകർത്തുന്നത് യാഥാർത്ഥ്യത്തെ ആവണം എന്നില്ല; ചിലപ്പോൾ അത് യാഥാർത്ഥ്യത്തിന്റെ വക്രീകരണം ആവാം, ചിലപ്പോൾ അത് യാഥാർത്ഥ്യത്തിന്റെ തലതിരിഞ്ഞ രൂപം (inverted form) പോലും ആവാം.
 
സ്വാഭാവികവൽക്കരണം പലപ്പോഴും വിശകലനത്തെയും സൂക്ഷ്മപരിശോധനയെയും ഒഴിവാക്കാനുള്ള ഒരു തന്ത്രമാണ് ('സ്വാഭാവിക' മരണങ്ങൾക്ക് അന്വേഷണം ഉണ്ടാവാറില്ല!). സാമൂഹിക ജീവിതത്തിന്റെ ഒരു വശമോ അതിലെ ഒരു സംവിധാനമോ സ്വാഭാവികവൽക്കരിക്കപ്പെടുമ്പോൾ യഥാർത്ഥത്തിൽ അവയിൽ അന്തർലീനമായ വൈരുദ്ധ്യങ്ങൾ മൂടി വെക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളിലേക്കും യുക്തിഹീനതകളിലേക്കും ഉള്ള അന്വേഷണം തടയുക എന്നതാണ് ഇത്തരം സ്വാഭാവികവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യം. ഒരു സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗം അതിലെ ദൈനംദിന വ്യവഹാരങ്ങളും സംവിധാനങ്ങളും വളരെ സ്വാഭാവികമാണ് എന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ്.
 
അറിഞ്ഞുകൊണ്ടോ അറിയാതെയോ, "റിയലിസ്റ്റ്" എന്ന ലേബലിൽ പടച്ചു വിടുന്ന സ്വാഭാവിക മലയാള സിനിമകളും വസ്തുനിഷ്ഠമായി ചെയ്യുന്നത് ഇതുതന്നെയാണ്. ബാഹ്യയാഥാർത്ഥ്യത്തെ സൂക്ഷ്മമായി പകർത്തുകയും അത് തന്നെയാണ് യാഥാർത്ഥ്യം എന്ന് ധ്വനിപ്പിക്കുകയും ചെയ്യുക വഴി ഇത്തരം സിനിമകൾ അരക്കിട്ടുറപ്പിക്കുകയും പുനരുൽപ്പാദിപ്പിക്കുകയും ചെയുന്നത് വ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെ ആണ്. പ്രത്യയശാസ്ത്രം (ideology) എന്നത് മാർക്സിസ്റ്റ് പദാവലിയിൽ തന്നെ ഒരുപാട് അർത്ഥതലങ്ങളുള്ള പ്രയോഗമാണ്. ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നത് ജർമൻ ഐഡിയോളജിയിൽ മാർക്സ് ഉപയോഗിച്ച അർത്ഥത്തിലാണ് ("ഒരു സമൂഹത്തിൽ ആത്യന്തികമായി ഭരണവർഗ്ഗത്തിന്റെ അധികാരവും ആനുകൂല്യങ്ങളും നിലനിർത്താനും ന്യായീകരിക്കാനും ഉപയോഗിക്കുന്ന ഒരു പറ്റം പ്രബലമായ ആശയങ്ങളും വിശ്വാസങ്ങളും.")
 
പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികമായ ടെറി ഈഗിൾട്ടൻ പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ള തന്റെ പഠനത്തിൽ ആറ് പ്രത്യയശാസ്ത്രതന്ത്രങ്ങളെ കുറിച്ച് പറയുന്നുണ്ട്. അവയിൽ ഒന്ന്, ".... ഭരണവർഗ്ഗത്തിന് അനുയോജ്യമായ ആശയങ്ങളും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയും അവയെ സ്വാഭാവികവൽക്കരിക്കുകയും സാർവത്രികമാക്കുകയും ചെയ്യുക" എന്നതാണ്. അങ്ങനെ വരുമ്പോൾ സ്വാഭാവികവൽക്കരണം ഒരു പ്രത്യയശാസ്ത്രസങ്കേതം ആണെന്നതിൽ സംശയമില്ല. പുതു മലയാള സിനിമയിലും സ്വാഭാവികത എങ്ങനെയാണ് ഭരണവർഗ്ഗ പ്രത്യയശാസ്ത്രത്തെ ഊട്ടിയുറപ്പിക്കുന്നത് എന്നതിന് പല ഉദാഹരണങ്ങളും നൽകാനാവും. അതിൽ പ്രധാനപ്പെട്ട രണ്ടെണ്ണം നമുക്ക് പരിശോധിക്കാം.

"സ്വാഭാവിക" പോലീസ് സ്റ്റേഷനുകൾ

പോലീസ് എന്ന സംവിധാനം ഭരണകൂടത്തിന്റെ ഒരു മർദ്ദനോപാധി ആണെന്ന കാര്യത്തിൽ മുതലാളിത്ത വ്യവസ്ഥയുടെ എബിസി എങ്കിലും അറിയുന്നവർക്ക് ഒരു സംശയവും ഉണ്ടാവില്ല. ജനങ്ങളുടെ ചിലവിൽ, ജനങ്ങൾക്ക് മേലെ, ജനങ്ങൾക്കെതിരായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ സംവിധാനം യാഥാർത്ഥത്തിൽ ഏറ്റവും അസ്വാഭാവികമായ ഒന്നാണ്. പോലീസിനെ മഹത്വവൽക്കരിക്കുക എന്നത് എന്നും കമ്പോളസിനിമയുടെ മുഖ്യ അജണ്ടകളിൽ ഒന്നാണ്. മുതലാളിത്ത വ്യവസ്ഥയുടെ നിലനിൽപ്പിന് പോലീസ് സംവിധാനത്തിനുള്ള പങ്ക് മനസ്സിലാക്കുമ്പോൾ ഇതിൽ തെല്ലും അതിശയം ഇല്ല.
 
മലയാള സിനിമയും ഇതിൽ ഒട്ടും പിന്നിലല്ല. 80-90 കാലഘട്ടത്തിലെ സിനിമകളിൽ ഐ. വി. ശശി - ടി. ദാമോദരൻ ടീമിന്റെ 'ആവനാഴി', 'ഇൻസ്‌പെക്ടർ ബൽറാം' തുടങ്ങിയ സിനിമകൾ പോലീസിന്റെ മഹത്വവൽക്കരത്തിന്റെ നല്ല ഉദാഹരണങ്ങൾ ആണ്. വീരശൂരപരാക്രമിയും നിയമത്തിന്റെ കാവലാളും സാധാരണക്കാരന്റെ രക്ഷകനുമാണ് ഇത്തരം സിനിമകളിലെ പോലീസ് ഓഫീസർ. മമ്മൂട്ടിയുടെ പ്രതിച്‌ഛായയെ മുഴുവനായും ഉപയോഗപ്പെടുത്തുന്ന ഈ പാത്രസൃഷ്ടി പോലീസിന്റെ വർഗ്ഗസ്വഭാവത്തെ മറച്ചു വെക്കാനും അതിനെ വെള്ളപൂശാനുമുള്ള നഗ്നമായ ശ്രമം മാത്രമാണ്.
 
എന്നാൽ പോലീസ് സംവിധാനത്തെ വെള്ളപൂശുന്ന ഇത്തരം സിനിമകൾക്ക് അതിന്റെ വൈചിത്ര്യം മൂടിവെക്കാൻ ആവുന്നില്ല. ഈ സിനിമകളിലെല്ലാം പോലീസ് സ്റ്റേഷൻ ചിത്രീകരിക്കപ്പെടുന്നത് ഒരു നിഗൂഢ, ഭീകര ഇടമായി തന്നെയാണ്. ജനാധിപത്യ-സാമൂഹിക ഇടങ്ങളിൽ നാം പരിചയിച്ച് പോന്നിട്ടുള്ള രീതികളോ നിയമങ്ങളോ പെരുമാറ്റങ്ങളോ പോലീസ് സ്റ്റേഷനുള്ളിൽ ബാധകമല്ല എന്ന് ഈ ചിത്രീകരണം വിളിച്ചു പറയുന്നുണ്ട്. ജനങ്ങളുടെ മേലെ കുതിരകേറാനുള്ള അധികാരത്തിന്റെ ഒരു പ്രഭാവലയം ഇത്തരം സിനിമകളിലെ പോലീസ് സ്റ്റേഷനുകൾക്കും പോലീസുകാർക്കും ചുറ്റും സദാ ജ്വലിച്ചു നിൽക്കുന്നുണ്ട്. ഈ ചിത്രീകരണം ഒരു പരിധി വരെ പോലീസിന്റെ മഹത്വവൽക്കരണത്തെ സിനിമക്കകത്ത് തന്നെ അപനിർമ്മിക്കുന്നുണ്ട്. അതായത്, പോലീസിനെ വെള്ളപൂശാൻ വെമ്പുന്ന ഇത്തരം സിനിമകളുടെ വിള്ളലുകളിൽ തന്നെ പോലീസ് സംവിധാനത്തിന്റെ വൈചിത്ര്യം ഒളിഞ്ഞിരിക്കുന്നുണ്ട്.
 
എന്നാൽ സ്വാഭാവിക പുതു മലയാള സിനിമ പോലീസിനെ തിരശ്ശീലയിൽ എത്തിക്കുന്നത് മറ്റൊരു തരത്തിലാണ്. അബ്രിദ് ഷൈനിന്റെ 'ആക്ഷൻ ഹീറോ ബിജു', ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃസ്സാക്ഷിയും', രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' തുടങ്ങിയ സിനിമകൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഈ സിനിമകൾ പോലീസിനെ മഹത്വവൽക്കരിക്കാൻ പ്രത്യക്ഷത്തിൽ ശ്രമിക്കുന്നില്ല. ഇതിലെ പോലീസ് കഥാപാത്രങ്ങൾ പൊതുവെ വീരശൂരപരാക്രമികൾ അല്ല. പകരം, പോലീസുകാരുടെ "മനുഷ്യത്വവൽക്കരണ"വും പോലീസ് സ്റ്റേഷന്റെ സ്വാഭാവികവൽക്കരണവും ആണ് ഈ സിനിമകളുടെ മുഖമുദ്ര.
 
ഈ സിനിമകളിലെല്ലാം നമുക്ക് കാണാനാവുക സാധാരണക്കാരായ പൊലീസുകാരെ ആണ്. പണ്ടത്തെ പോലീസ് സിനിമകളിൽ നിന്നും വ്യത്യസ്ഥമായി, പോലീസുകാരുടെ ദൈനംദിന വ്യവഹാരങ്ങളേയും പോലീസ് സ്റ്റേഷനെയും വളരെ സൂക്ഷ്മമായി ഈ സിനിമകൾ സ്‌ക്രീനിൽ പ്രതിഫലിപ്പിക്കുന്നു. പോലീസ് സ്റ്റേഷനിലെ അന്തരീക്ഷം ഏറ്റവും സത്യസന്ധമായി ഒപ്പിയെടുക്കാൻ ഇവ ശ്രമിക്കുന്നു. 'ആവനാഴി' കാണുമ്പോൾ പ്രേക്ഷകൻ വീരശൂരപരാക്രമിയായ നായകൻ അധിവസിക്കുന്ന, എന്നാൽ വിചിത്ര സ്വഭാവമുള്ള, കായികമായ അടിച്ചമർത്തലിന്റെ ഇടമായ, പോലീസ് സ്റ്റേഷൻ പുറത്ത് നിന്ന് വീക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മേൽ പറഞ്ഞ പുതു മലയാള സിനിമകൾ പ്രേക്ഷകനെ സ്റ്റേഷനകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അതിനകത്തെ കാഴ്ചകളും ശബ്ദങ്ങളും അവർക്ക് അനുഭവവേദ്യമാക്കുന്നു. നമ്മെ പോലെ "സാധാരണ മനുഷ്യ"രായ പോലീസുകാരുടെ ബുദ്ധിമുട്ടുകളും ആത്മസംഘർഷങ്ങളും അവരെ അറിയിക്കുന്നു.
 
ഇതിലൂടെ പഴയ പോലീസ് സിനിമകൾക്ക് കഴിയാതിരുന്നത് പുതു മലയാള സിനിമ നിഷ്പ്രയാസം സാധിച്ചെടുക്കുന്നു - അവ പോലീസ് സംവിധാനത്തെ സ്വാഭാവികവൽക്കരിക്കുന്നു. ഒരു മർദ്ദന സംവിധാനത്തെ സ്വാഭാവികതയോടെ സ്‌ക്രീനിൽ പ്രതിഫലിപ്പിക്കുക വഴി അതിന്റെ സാമൂഹിക-രാഷ്ട്രീയ വൈചിത്ര്യം ഇത്തരം സിനിമകൾ ചോർത്തി കളയുന്നു. പോലീസിന്റെ വർഗ്ഗസ്വഭാവത്തെ ഈ സ്വാഭാവികവൽക്കരണം മറച്ചു പിടിക്കുന്നു; അതുവഴി ഭരണവർഗ്ഗ പ്രത്യയശാസ്ത്രത്തെ ഇവ ഊട്ടിയുറപ്പിക്കുന്നു.
 
ഇതേ സമയം, കേവലസ്വാഭാവികതയുടെ ആഖ്യാന രീതികളിൽ തളച്ചിടപ്പെടാത്ത തമിഴ് സിനിമ പോലീസിന്റെ വർഗ്ഗ സ്വഭാവത്തിന്റെ നേർക്കാഴ്ച നമ്മുടെ മുന്നിലെത്തിക്കുന്നതിൽ വിജയിക്കുന്നു. വെട്രിമാരന്റെ 'വിസാരണൈ', മാരി സെൽവരാജിന്റെ 'കർണ്ണൻ', വെട്രിമാരന്റെ തന്നെ 'വിടുതലൈ - ഭാഗം ഒന്ന്' എന്നീ തമിഴ് സിനിമകൾ ഉദാഹരണങ്ങളാണ്. മലയാളത്തിൽ തന്നെ ഇറങ്ങിയ കൃഷൻന്തിന്റെ 'പുരുഷപ്രേതം' പോലീസിന്റെ മുഖം മൂടി വലിച്ച് കീറുന്നതിൽ ഒരു പരിധി വരെ എങ്കിലും വിജയിക്കുന്നത് കേവല സ്വാഭാവികതയുടെ ചട്ടക്കൂട്ടിൽ നിന്നും കുതറിമാറിയാണ് എന്നതും ശ്രദ്ധേയമാണ്.

"സ്വാഭാവിക" സംഭാഷണങ്ങൾ

നാച്യുറലിസ്റ്റ് സാഹിത്യത്തെ ജിയോർജ്ജ് ലൂക്കാച്ച് "trend towards commonplace" എന്നാണ് അടയാളപ്പെടുത്തിയത്. ദൈനംദിന വ്യവഹാരങ്ങളുടെ തലത്തിൽ നിന്നും സംഭാഷണങ്ങളെയോ സംഭവങ്ങളെയോ ഉയർത്താൻ നാച്യുറലിസ്റ്റ് സാഹിത്യം തയ്യാറായിരുന്നില്ല. ലൂക്കാച്ച്‌ എഴുതിയത് പോലെ, ".... they seek to portray only common characters of everyday world and to provide them with thoughts, emotions and speech of everyday world.... The dialogue sinks into the arid, flat prose of the everyday bourgeois life; the description declines into the strained artificiality of a synthetic art."
 
ഇതേ പ്രവണത ആണ് പുതു മലയാള സിനിമകളും പിന്തുടരുന്നത്. പ്രത്യയശാസ്ത്രത്തിന്റെ തിരശ്ശീല നീക്കണമെങ്കിൽ സിനിമയിലെ സംഭവങ്ങളും സംഭാഷണങ്ങളും ദൈനംദിനവ്യവഹാരത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും പുറത്ത് കടക്കേണ്ടതുണ്ട്. എന്നാൽ കേവല സ്വാഭാവികത പുതു മലയാള സിനിമയെ ഇതിൽ നിന്നും പുറകോട്ടു വലിക്കുന്നു. സിനിമയിലേത് പോലുള്ള ഒരു സന്ദർഭത്തിൽ ജീവിതത്തിൽ ഒരാൾ അകപ്പെട്ടാൽ അയാൾ എന്ത് പറയാൻ സാധ്യത ഉണ്ടോ അത് മാത്രമാണ് സ്വാഭാവിക സിനിമകളിലെ കഥാപാത്രങ്ങൾ പറയുന്നത്. ശ്യാം പുഷ്കരനെ പോലുള്ളവരുടെ തിരക്കഥകൾ ഇതിന്റെ നല്ല ഉദാഹരണങ്ങൾ ആണ്.
 
അതായത്, സംഭാഷണത്തെ ഒരു സിനിമാറ്റിക് ഉപകരണമാക്കി മാറ്റാൻ സ്വാഭാവിക സിനിമ വിസമ്മതിക്കുന്നു. ഒരു കഥാസന്ദർഭത്തിൽ കഥാപാത്രങ്ങളുടെ മാനസികവ്യവഹാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു സങ്കേതം ആയി ഇത്തരം സിനിമകൾ സംഭാഷണത്തെ കാണുന്നില്ല. പകരം സ്വാഭാവികതയുടെ പേരിൽ, ലൂക്കാച്ച് പറഞ്ഞത് പോലെ, വരണ്ടുണങ്ങിയതും ജീവസ്സില്ലാത്തതുമായ സംഭാഷണശകലങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ഷേക്‌സ്‌പിയറിന്റെ ഒഥല്ലോ ഡെസ്‌ഡെമോണയെ വധിക്കാൻ പോകുന്നതിന് മുന്നേ പറയുന്നത് "Be thus when thou art dead and I will kill thee / And love thee after" എന്നാണ്. ശ്യാം പുഷ്കരന്റെ ഒഥല്ലോ "നിന്നെ ഞാൻ വച്ചേക്കില്ലെടി @%&* (ഒരു മുട്ടൻ തെറി)" എന്ന് മാത്രമേ പറയൂ. പുരോഗമനവാദികൾ എന്ന് സ്വയം തെറ്റിദ്ധരിച്ചിരിക്കുന്ന ശുദ്ധാത്മാക്കൾ സിനിമയുടെ "ജനകീയത"യായി കരുതി ഇതിനെ വാനോളം പുകഴ്ത്തും. ജനകീയത എന്നാൽ ജനങ്ങൾ പറയുന്നത് ഏറ്റു പറയുകയല്ലെന്നും, ജനങ്ങൾ അകപ്പെട്ടിരിക്കുന്ന വസ്തുനിഷ്ഠമായ സാഹചര്യത്തിൽ അവർ പറയേണ്ട വാക്കുകൾ അവർക്ക് വേണ്ടി പറയുകയാണെന്നും ഇവർ എന്ന് മനസ്സിലാക്കും?
 
രഞ്ജി പണിക്കരേയും രഞ്ജിത്തിനെയും പോലുള്ളവരുടെ തിരക്കഥകളിൽ മലയാള സിനിമ പരിചയിച്ച തികച്ചും അസ്വാഭാവികവും സവർണ്ണ-നായക കേന്ദ്രിതവും സ്ത്രീവിരുദ്ധവും ആയ നെടുനീളൻ സംഭാഷണകോലാഹലങ്ങളിൽ നിന്നും ഉള്ള മോചനമാണ് ഇത് എന്നാണ് പുരോഗമന ശുദ്ധാത്മാക്കളുടെ ഭാഷ്യം. ഇത് എലിയെ കൊല്ലാൻ ഇല്ലം ചുടുന്നതിന് സമമാണ്. സംഭാഷണത്തിലെ ഉള്ളടക്കം പിന്തിരിപ്പൻ ആയത് കൊണ്ട് അത് പരിഹരിക്കാൻ സംഭാഷണം എന്ന സിനിമാറ്റിക് ഉപകരണത്തെ തന്നെ കൈയ്യൊഴിയുക! അതിനെ സാധാരണത്വത്തിലേക്ക് വലിച്ച് താഴ്ത്തുക. ഈ പ്രക്രിയ ശുദ്ധാത്മാക്കൾ കരുതുന്നത് പോലെ അത്ര നിഷ്കളങ്കമായ ഒന്നല്ല. മറിച്ച്, സംഭാഷണങ്ങളിലെയും സന്ദർഭങ്ങളിലെയും സ്വാഭാവികത നിലനിർത്തിയേ അടങ്ങൂ എന്ന വാശി ജനങ്ങളെ അവരുടെ ഇന്നത്തെ താഴ്ന്ന വർഗ്ഗബോധത്തിൽ തളച്ചിടാനുള്ള വ്യഗ്രതയിൽ നിന്നും ഉടലെടുക്കുന്ന ഒന്നാണ്. ഇത് വ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തിന് മുന്നിലുള്ള പുതു സിനിമയുടെ സാഷ്ടാംഗ പ്രണാമമാണ്.

വേണ്ടത് കേവല സ്വാഭാവികതക്ക് എതിരെ കലാപം ഉയർത്തുന്ന സിനിമ

കേവല സ്വാഭാവികതക്ക് പലപ്പോഴും "റിയലിസം" എന്ന ലേബൽ ചാർത്തിക്കൊടുക്കാറുണ്ട്. എന്നാൽ ബാഹ്യയാഥാർത്ഥ്യത്തിന്റെ പ്രതിഫലനം റിയലിസം അല്ല, ഇവ തമ്മിലുള്ള അന്തരം ബ്രെഷ്ത് കൃത്യമായി അടയാളപ്പെടുത്തുണ്ട്: "Realism doesn't mean showing real things, but showing how things really are". ഗൊദാർദിനെ പോലുള്ള റാഡിക്കൽ സംവിധായകർ ബ്രെഷ്തിന്റെ ഈ ആശയത്തെ അവരുടെ സിനിമ വീക്ഷണത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നായി തന്നെ സ്വീകരിച്ചിട്ടുണ്ട്.
 
സാമാന്യബോധവും സ്വാഭാവികകാര്യവും ഭരണവർഗ്ഗ പ്രത്യയശാസ്ത്രത്തിന്റെ നിർമ്മിതികൾ ആണ്. യാഥാർത്ഥ്യത്തെ ഒപ്പിയെടുക്കുക എന്നതാണ് റിയലിസ്റ്റ് സിനിമയുടെ ലക്ഷ്യം എങ്കിൽ സാമൂഹിക ദൃശ്യങ്ങളുടെ സ്വാഭാവികതയുടെ മുഖംമൂടി വലിച്ചു കീറേണ്ടതുണ്ട്. "ദൈനംദിനമായി പരിചയിച്ച് വരുന്ന കാര്യങ്ങളെ സ്വാഭാവികമായി അംഗീകരിക്കരുത്" എന്ന ബ്രെഷ്തിയൻ ആശയം ഇവിടെ പ്രസക്തമാണ്. ഇതിനായി ആണ് ബ്രെഷ്ത് "ചിരപരിചിതമായതിലെ വൈചിത്ര്യം തുറന്നു കാട്ടുക" എന്നത് ഒരു നാടക സങ്കേതമായി ഉപയോഗപ്പെടുത്തിയത്. മലയാള സിനിമയിലെ കേവല സ്വാഭാവികത ചലിക്കുന്നത് ഇതിന്റെ നേർ വിപരീത ദിശയിൽ ആണ്. "ചിരപരിചിതമായതിനെ സ്വാഭാവികമാക്കുക" എന്ന ധർമ്മമാണ് അത് നിറവേറ്റുന്നത്. ഇത് ഭരണവർഗ്ഗ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള ദാസ്യവേലയാണ്. തട്ടുപൊളിപ്പൻ മസാലപടങ്ങളെക്കാൾ സമർത്ഥമായും, കാര്യക്ഷമമായും, അപകടകരമായും വ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെ ഒളിച്ചു കടത്തുകയും അരക്കിട്ടുറപ്പിക്കുകയും ആണ് സ്വാഭാവിക പുതു മലയാള സിനിമ.
 
റിയലിസ്റ്റ് കലയുടെ താല്പര്യം യാഥാർത്ഥ്യത്തെ അതിന്റെ സമഗ്രതയിൽ അവതരിപ്പിക്കുക എന്നതാണ്. ഇതിനായി നേരിട്ടുള്ള അനുഭവത്തെ ഒരു സാമൂഹിക-സാമ്പത്തിക സമഗ്രതയുടെ ഭാഗമായി കാണേണ്ടതുണ്ട്. ലൂക്കാച്ച് സൂചിപ്പിക്കുന്നത് പോലെ, ".... the task of art is the truthful and accurate representation of the totality of reality; art in this view is as far removed from the photographic copy as it is from what is ultimately mere dabbling with abstract forms". ഈ സമഗ്ര പ്രതിപാദനം കേവല സ്വാഭാവികതക്ക് അന്യമാണ്; അതിന്റെ ലക്‌ഷ്യം പ്രത്യക്ഷ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം മാത്രമാണ്. കടൽ കാണാൻ പോയി തിര കണ്ട് തിരിച്ചു വന്നവരുടെ അവസ്ഥയാണ് സ്വാഭാവികതയെ പിൻപറ്റുന്ന സിനിമയുടേത്.
 
എന്നാൽ കേവല സ്വാഭാവികതയുടെ ചട്ടക്കൂടിൽ ഒതുങ്ങാൻ വിസമ്മതിക്കുന്ന സിനിമ പ്രത്യക്ഷ യാഥാർത്ഥ്യത്തെ നിരാകരിച്ച്‌ കൊണ്ട് അതിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന ഏതെങ്കിലും "പരമാർത്ഥ"ത്തെ തേടി പോവുകയല്ല ചെയ്യേണ്ടത്. ബാഹ്യ യാഥാർത്ഥ്യത്തിന്റെ നിരാകരണം, അത് എത്ര ചെറിയ തോതിൽ ആണെങ്കിലും, നമ്മെ കൊണ്ടെത്തിക്കുന്നത് ആശയവാദത്തിലേക്കും ആത്മീയതയിലേക്കും മാത്രമാണ്. റിയലിസ്റ്റ് സിനിമയുടെ തുടക്കം ബാഹ്യ യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിന്റെ സൂക്ഷ്മമായ പ്രതിഫലനം കൊണ്ട് അത്തരം സിനിമ ത്രിപ്തപ്പെടുന്നില്ല. ഈ പ്രതിഫലനം റിയലിസ്റ്റ് സിനിമയെ സംബന്ധിച്ചെടുത്തോളം യാഥാർത്ഥ്യത്തെ അതിന്റെ സമഗ്രതയിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഘട്ടം മാത്രമാണ്.
 
ചൈതന്യ തംഹാനെയുടെ മറാഠി സിനിമയായ "കോർട്ട്" ഇതിന്റെ നല്ല ഉദാഹരണമാണ്. കോടതിയിലെ ദൈനം ദിന വ്യവഹാരങ്ങളുടെ ഏറ്റവും സൂക്ഷ്മമായ ചിത്രീകരണം ആണ് ഈ സിനിമയിലേത്. എന്നാൽ അത് ഈ വ്യവഹാരങ്ങളെ സ്വാഭാവികവൽക്കരിച്ച് വ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം നീതിന്യായ വ്യവസ്ഥയിലൂടെ പരിഹാരം സാധ്യമാണ് എന്ന പ്രത്യയശാസ്ത്രവ്യാമോഹം ശക്തിപ്പെടുത്താൻ അല്ല തംഹാനെ ഉപയോഗപ്പെടുത്തുന്നത് ("ന്നാ താൻ കേസ് കൊട്", "ജയ് ഭിം" എന്നീ സിനിമകൾ ഈ വ്യാമോഹത്തിന്റെ ഉദാഹരണങ്ങൾ ആണ്). പകരം, അവയിലെ വൈചിത്ര്യവും യുക്തിഹീനതയും വെളിച്ചത്ത് കൊണ്ടുവരാനുള്ള ഒരു പ്ലാറ്റഫോം മാത്രമാണ് ഇവിടെ സ്വാഭാവികത. ഈ സ്വാഭാവികതയുടെ തോളിലേറി തംഹാനെ നീതിന്യായ വ്യവഹാരങ്ങളുടെ സമഗ്രചിത്രം പ്രേക്ഷകന് മുന്നിൽ അനാവരണം ചെയ്യുന്നു. മാത്രമല്ല, യാഥാർത്ഥ്യത്തിന്റെ സമഗ്രചിത്രം തിരശ്ശീലയിൽ എത്തിക്കാൻ റിയലിസ്റ്റ് ആഖ്യാനം പലപ്പോഴും ഫാന്റസിയെ പോലും ആശ്രയിക്കാം. സനൽ കുമാർ ശശിധരന്റെ "ഒഴിവു ദിവസത്തെ കളി", ശംഭു പുരുഷോത്തമന്റെ "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" തുടങ്ങിയ ചിത്രങ്ങളുടെ ക്ലൈമാക്സുകൾ ഇതിന്റെ ഉദാഹരണങ്ങൾ ആണ്.
 
അതിമാനുഷിക-മിമിക്രി ചിത്രങ്ങളെ ഖണ്ഡിച്ച് (negate) കൊണ്ടാണ് കേവല സ്വാഭാവികത മലയാള സിനിമയിൽ വേരുറപ്പിക്കുന്നത്. ഇത് പുരോഗമനദിശയിലേക്കുള്ള ഒരു മാറ്റമായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഈ സ്വാഭാവികതയുടെ പരിമിതികൾ ദിനംപ്രതി സാധാരണക്കാർക്ക് പോലും മനസ്സിലായി വരികയാണ്. അതുകൊണ്ടാണ് "പ്രകൃതിപട"ങ്ങൾ വളരെ വേഗം ഒരു ഫലിതം ആയി മാറിക്കൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുത്താണ് യാഥാസ്ഥിതിക സിനിമ ലോകം അതിമാനുഷികതയെയും അസ്വാഭാവികതയെയും മുമ്പത്തേക്കാൾ വലിയ ക്യാൻവാസിൽ പുനഃസൃഷ്ടിക്കുന്ന സിനിമകളിലേക്കുള്ള മടക്കത്തിനായി മുറവിളി കൂട്ടുന്നത്. RRR, KGF, വിക്രം തുടങ്ങിയ പാൻ ഇന്ത്യൻ പൊട്ടത്തരങ്ങളുടെ മാതൃകയിൽ മലയാള ചിത്രങ്ങൾ ഒരുങ്ങി കൊണ്ടിരിക്കുകയാണ് (ഉദാഹരണത്തിന്, "കിംഗ് ഓഫ് കൊത്ത"). ഈ സാഹചര്യം ആവശ്യപ്പെടുന്നത് കേവല സ്വാഭാവികതയുടെ പുരോഗമനപരമായ ഖണ്ഡനം ആണ്. ഇത്തരം ഒരു negation of the negation നമ്മെ കൊണ്ടുചെല്ലുന്നത് തുടങ്ങിയ സ്ഥലത്ത് അല്ല എന്നത് വൈരുദ്ധ്യാത്മകതയുടെ ആദ്യ പാഠം ആണ്. പകരം, അത് നമുക്ക് തരുന്നത് സ്വാഭാവികതയിൽ ഊന്നിയ, എന്നാൽ സ്വാഭാവികതയിൽ ഒതുങ്ങാത്ത, സമഗ്ര യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാൻ ലക്ഷ്യമിടുന്ന സിനിമകൾ ആണ്.

Friday 3 March 2023

ഹിന്ദുത്വ ഫാഷിസം vs ഇടതുപക്ഷം - ഒരു വ്യാജ വൈപരീത്യം

ബിപിൻ ബാലറാം


".... false conflict - a vicious cycle in which two opposed poles generate and presuppose each other" - Slavoj Zizek in 'First as Tragedy, Then as Farce'.

ഒറ്റനോട്ടത്തിൽ ഹിന്ദുത്വ ഫാഷിസവും ഇന്ത്യൻ ഇടതുപക്ഷവും പരസ്പരം പോരടിക്കുന്ന രണ്ട് പ്രവണതകൾ ആണ്. മാത്രമല്ല, ഫാഷിസം/ഇടതുപക്ഷം എന്നത് വിപരീത രാഷ്ട്രീയ ധ്രുവങ്ങളാണെന്ന ധാരണ പരത്താനും അതുവഴി ഫാഷിസത്തോടും തീവ്രവലതുപക്ഷത്തോടും ഉള്ള എതിർപ്പുകളുടെ കുത്തക കൈക്കലാക്കാനും ഇടതുപക്ഷം സദാ ശ്രമിക്കുന്നതായി കാണാം. ഇടതുപക്ഷത്തിന്റെ ഈ ഫാഷിസ്റ്റ് വിരുദ്ധ അവകാശവാദത്തിൽ എത്രത്തോളം കഴമ്പുണ്ട് എന്നത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ സംബന്ധിക്കുന്ന ഒരു പ്രധാന പ്രായോഗിക ചോദ്യമാണ്. ഹിന്ദുത്വ ഫാഷിസത്തിന്റെയും ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും വർഗ്ഗസ്വഭാവങ്ങളെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ട് മാത്രമേ നമുക്ക് ഈ ചോദ്യത്തെ അഭിമുഖീകരിക്കുവാൻ സാധിക്കുകയുള്ളൂ.

ഒരുപക്ഷെ, ഇന്ന് കേരളത്തിൽ ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കുകളിൽ ഒന്നാണ് 'ഫാഷിസം' എന്നത്. കേരളീയ പൊതുബോധത്തിന്, മക്കളെ ശകാരിക്കുന്ന അമ്മയും വിദ്യാർത്ഥിയെ ശിക്ഷിക്കുന്ന അദ്ധ്യാപകനും മുതൽ, ഇന്ദിര ഗാന്ധിയും ഡൊണാൾഡ് ട്രംപും വരെ സകലരും 'ഫാഷിസ്റ്റുകൾ' ആണ്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ചെറുതും വലുതുമായ സകല ധ്വംസനങ്ങളേയും 'ഫാഷിസം' എന്ന് മുദ്ര കുത്തി നാം പരിചയിച്ചിരിക്കുന്നു. എന്നാൽ ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യ ഛായ ഉള്ളതുമായ എല്ലാ പ്രതിലോമകരമായ പ്രവണതകളെയും ഫാഷിസം എന്ന് അടയാളപ്പെടുത്തുന്നത് അബദ്ധമാണ്. അത്തരം അടയാളപ്പെടുത്തൽ ഫാഷിസത്തിന്റെ വർഗ്ഗ ഉള്ളടക്കത്തെ മറച്ച് പിടിക്കാനും അതിനെ ഒരു empty signifier ആക്കി മാറ്റാനും മാത്രമേ ഉപകരിക്കൂ.

ഫാഷിസത്തെ കുറിച്ചുള്ള ഇടതുപക്ഷ വ്യാഖ്യാനവും അബദ്ധജഢിലമായ ഒന്നാണ്. ഇടതുപക്ഷം പലപ്പോഴും ഫാഷിസത്തെ കാണുന്നത് ആധുനികതക്ക് (modernity) നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന, ജാതി-മത ചിന്തകളാൽ നയിക്കപ്പെടുന്ന, യുക്തിരഹിതമായ, പഴമയിലെ ജീർണ്ണതകളിലേക്ക് തിരിച്ചു പോകാൻ വെമ്പുന്ന ഒരു പ്രവണത മാത്രമായിട്ടാണ്. അങ്ങനെയാണെങ്കിൽ ഫാഷിസത്തെ എതിരിടാൻ ആധുനിക കാഴ്ചപ്പാടുകളും, യുക്തിബോധവും, ശാസ്ത്രചിന്തയും, ജനാധിപത്യബോധവും, ജാതി-മത ചിന്തകളുടെ നിരാസവും കൊണ്ടെല്ലാം സാധിക്കേണ്ടതാണ്. എന്നാൽ ഇത് ഫാഷിസത്തിന്റെ രൂപവും അതിന്റെ ഉള്ളടക്കവും തമ്മിലുള്ള അന്തരത്തെ മനസ്സിലാക്കുന്നതിൽ ഉള്ള പരാജയത്തിൽ നിന്നും ഉടലെടുക്കുന്ന വ്യാഖ്യാനമാണ്. ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രത്തെ മുഖവിലക്കെടുത്തു കൊണ്ട് അതിന്റെ ഭൗതിക അടിസ്ഥാനവും വർഗ്ഗ ഉള്ളടക്കവും പൂർണ്ണമായും അവഗണിക്കപ്പെടുമ്പോഴാണ് ഇത്തരം വിശകലനങ്ങൾ പിറക്കുന്നത്.
 

ഫാഷിസത്തിന്റെ വർഗ്ഗ ഉള്ളടക്കം

"മുതലാളിത്തത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തവരെല്ലാം ഫാഷിസത്തെ കുറിച്ചും മൗനം പാലിക്കണം" എന്ന മാക്സ് ഹോഖൈമറിന്റെ പ്രസ്താവന പ്രശസ്തമാണ്. എന്നാൽ അതിന് നിക്കോ പൗളാൻസാസ് കൊടുത്ത തിരുത്ത് അധികം ആരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ല. പൗളാൻസാസ് അഭിപ്രായപ്പെട്ടത്, "സാമ്രാജ്യത്വത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തവരെല്ലാം ഫാഷിസത്തെ കുറിച്ചും മൗനം പാലിക്കണം" എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്നാണ്. ഇവിടെ 'സാമ്രാജ്യത്വം' (imperialism) എന്ന പദം പൗളാൻസാസ് ഉപയോഗിക്കുന്നത് 'മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം' എന്ന ലെനിനിസ്റ്റ് അർത്ഥത്തിൽ ആണ്. മുതലാളിത്തത്തിന്റെ സാമ്രാജ്യത്വ ഘട്ടത്തിലെ വൈരുദ്ധ്യങ്ങളുടെ സൃഷ്ടി ആണ് ഫാഷിസം. ഫാഷിസത്തിന്റെ ഈ ഭൗതിക അടിസ്ഥാനം മനസ്സിലാക്കാതെ നമുക്ക് അതിനെതിരെ പ്രതിരോധം തീർക്കാൻ ആവില്ല.

അങ്ങനെ നോക്കുമ്പോൾ, "ഫാഷിസം എന്നത് ഏറ്റവും പ്രതിലോമകരവും, വിഭാഗീയവുമാവ സാമ്രാജ്യത്വ - ഫിനാൻസ് മൂലധന ശക്തികളുടെ തുറന്ന സർവ്വാധിപത്യമാണ്" എന്ന കോമിന്റേൺ നിർവ്വചനം ഇപ്പോഴും പ്രസക്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം നൽകുന്ന പ്രധാന പാഠങ്ങളിൽ ഒന്ന് മുതലാളിത്തഭരണകൂടം സാഹചര്യങ്ങൾക്കനുസരിച്ച് മൂന്ന് വ്യത്യസ്ഥ രൂപങ്ങൾ എടുക്കാം എന്നാണ്. അതിന്റെ ക്ലാസിക് രൂപം വിപണിയിൽ ഭരണകൂടത്തിന്റെ ഇടപെടൽ നാമമാത്രമാവുന്ന ലിബറൽ ജനാധിപത്യത്തിന്റേതാണ്. എന്നാൽ രാഷ്ട്രീയ പ്രതിസന്ധികളും തൊഴിലാളിവർഗ്ഗത്തിന്റെ സംഘടിത ശക്തിയിലുള്ള പേടിയും ചില സന്ദർഭങ്ങളിൽ ഒരു താൽക്കാലിക അനുരഞ്ജനം എന്ന നിലയിൽ ക്ഷേമരാഷ്ട്ര ചായ്‌വുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ ഭരണത്തെ അനുവദിക്കാൻ മുതലാളിവർഗ്ഗത്തെ പ്രേരിപ്പിക്കാം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലും സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യയിലും ഇതാണ് സംഭവിച്ചത്. പക്ഷെ, മുതലാളിത്ത സാമ്പത്തിക-സാമൂഹിക വൈരുദ്ധ്യങ്ങൾ ഏറ്റവും പ്രകടമാവുന്ന സന്ദർഭങ്ങളിൽ ഭരണവർഗ്ഗം യാതൊരു സങ്കോചവും ഇല്ലാതെ ഫാഷിസത്തിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. ഫാഷിസത്തിന്റെ ആദ്യരൂപം കണ്ട തൊള്ളായിരത്തി മുപ്പതുകളിൽ യൂറോപ്പും അതിന്റെ രണ്ടാം വരവിന് സാക്ഷ്യം വഹിക്കുന്ന ഇന്നത്തെ ലോകവും ഒരേപോലെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ ആണ് എന്നത് ഒരു ആകസ്മികത അല്ല. 

എന്നാൽ മുതലാളിവർഗ്ഗത്തിന്, അവർ എത്ര പ്രബലരാണെങ്കിലും, തങ്ങളുടെ  താല്പര്യങ്ങൾക്കനുസരിച്ച് സ്വിച്ചിടും പോലെ മാറ്റാൻ ആവുന്ന ഒന്നല്ല ഭരണകൂടസ്വഭാവം. അങ്ങനെ കരുതുന്നത് കേവലമായ സാമ്പത്തിക നിർണ്ണയവാദം ആയിപ്പോവും. അതുകൊണ്ട് തന്നെ ഒരു സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചുമലിൽ ഏറി മാത്രമേ, അതിനെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് മാത്രമേ, മുതലാളിവർഗ്ഗത്തിന് ഇതിന് സാധിക്കുകയുള്ളൂ. ഇവിടെയാണ് പാൽമിറോ തൊഗ്ലിയാറ്റിയെ പോലുള്ളവർ ഊന്നിപ്പറഞ്ഞ ഫാഷിസത്തിന്റെ ദ്വന്ദ്വസ്വഭാവം പ്രാധാന്യമർഹിക്കുന്നത്. ഫാഷിസത്തിന് രണ്ട് ഘടകങ്ങൾ ഉണ്ടെന്നും, അതിൽ ഒന്ന് മുതലാളിവർഗ്ഗത്തിന്റെ സ്വേച്ഛാധിപത്യവും മറ്റൊന്ന് പെറ്റിബൂർഷ്വ വർഗ്ഗസ്വഭാവമുള്ള ബഹുജനമുന്നേറ്റവും ആണെന്നും തൊഗ്ലിയാറ്റി തൊള്ളായിരത്തി മുപ്പതുകളിൽ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളുടെയും സമ്മേളനമാണ് ഫാഷിസത്തിലേക്ക് നയിക്കുന്നത്. ആസുരമായ ഒരു പെറ്റിബൂർഷ്വ മുന്നേറ്റത്തെ ഉപയോഗിച്ച് മുതലാളിവർഗ്ഗം നടപ്പാക്കുന്ന സ്വേച്ഛാധിപത്യം - അതാണ് ഫാഷിസം.

ഫാഷിസത്തിന്റെ ഈ രണ്ട് ഘടകങ്ങളെയും വിളക്കിച്ചേർക്കുന്ന കണ്ണി സാമ്രാജ്യത്വ ഘട്ടത്തിൽ എത്തി നിൽക്കുന്ന മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളാണ്. മുതലാളിത്ത വളർച്ച മൂലധനത്തിന്റെ കേന്ദ്രീകരണത്തിലേക്കാണ് നയിക്കുന്നത് എന്നത് മാർക്സിന്റെ ഉൾക്കാഴ്ചകളിൽ ഒന്നാണ്. ഈ വർഷം ജനുവരി 16ന് പുറത്തു വന്ന ഓക്സഫാമിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 40% സമ്പത്തും ആദ്യത്തെ 1% ധനികരുടെ കൈകളിൽ ആണ്. ജനസംഖ്യയുടെ 50% പേർക്ക് സ്വന്തമായുള്ളത് ആവട്ടെ വെറും 3% സമ്പത്തും! ഇത്തരത്തിലുള്ള മൂലധന കേന്ദ്രീകരണം വ്യവസ്ഥയെ നയിക്കുന്നത് കുത്തകവൽക്കരണത്തിലേക്കാണ്. ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ അദാനിയും അംബാനിയും മുതൽ ഇങ്ങു യൂസഫലി വരെയുള്ള കുത്തകകളുടെ വളർച്ച നാം കൺമുന്നിൽ കാണുന്നുണ്ട്. "സാമ്രാജ്യത്വം എന്നത് മുതലാളിത്തത്തിന്റെ കുത്തക ഘട്ടമാണ്" എന്ന ലെനിന്റെ പ്രശസ്തമായ നിർവ്വചനം പ്രകാരം ഈ കുത്തകവൽക്കരണം സാമ്രാജ്യത്വത്തിന്റെ നാന്ദി കുറിക്കുന്നു.

എന്നാൽ ഈ കുത്തകവൽക്കരണം മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്നതിലേക്കാണ് നയിക്കുന്നത്. മൂലധനകേന്ദ്രീകരണത്തിന്റെയും അതിനെ തുടർന്ന് ഉണ്ടാവുന്ന യന്ത്രവൽക്കരണത്തിന്റെയും ആദ്യ ഫലം ശരാശരി ലാഭനിരക്കിൽ വരുന്ന വലിയ ഇടിവാണ്. ഈ പ്രവണത മൂലധനത്തിന്റെ മൂന്നാം വാള്യത്തിൽ മാർക്സ് വിശദമായി പഠിക്കുന്നുണ്ട്. ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമെല്ലാം ഈ പ്രക്രിയയെ ഇന്ന് കൂടുതൽ ശക്തമാക്കുന്നു. ലാഭനിരക്കിന്റെ ഇടിവ് മൂലം തങ്ങളുടെ ലാഭവിഹിതത്തിൽ വരുന്ന കുറവ് നികത്താൻ മുതലാളിവർഗ്ഗത്തിന് തൊഴിലാളികളുടെ കൂലി അടക്കമുള്ള ആനുകൂല്യങ്ങളിൽ കൈയ്യിട്ട് വാരുക അല്ലാതെ വേറെ വഴിയില്ല. മാത്രമല്ല, ലാഭത്തിലെ ഇടിവ് ഭരണകൂടത്തിന്റെ ജനക്ഷേമപരിപാടികളെയും പ്രതികൂലമായി ബാധിക്കുന്നു.

ഈ സാഹചര്യങ്ങൾ മുതലാളിവർഗ്ഗത്തെ സംബന്ധിച്ചെടുത്തോളം ജനാധിപത്യധ്വംസനവും വ്യാപകമായ അടിച്ചമർത്തലും ഒരു ആവശ്യമാക്കി മാറ്റുന്നു. അപ്പോഴാണ് മുതലാളിത്ത മാധ്യമങ്ങളിലും മറ്റും "ശക്തനായ ഭരണാധികാരി"ക്ക് വേണ്ടിയുള്ള മുറവിളി ശക്തിയാർജ്ജിക്കുന്നത്. 2014 തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിൽ എത്തിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ മുറവിളി തന്നെ ആയിരുന്നു. രണ്ട് പ്രധാന കാര്യങ്ങളാണ് പ്രതിസന്ധിയിൽ പെട്ട് ഉലയുന്ന മുതലാളിത്ത വ്യവസ്ഥ ഫാഷിസ്റ്റ് ഭരണകൂടത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഒന്ന്, രാജ്യത്തിനുള്ളിൽ ലാഭവിഹിതം സംരക്ഷിച്ച് നിർത്താൻ തൊഴിലാളിവർഗ്ഗത്തിന്റെയും പൊതുസമൂഹത്തിന്റെ തന്നെയും ശക്തമായ അടിച്ചമർത്തൽ. രണ്ട്, ആഭ്യന്തര മൂലധനത്തിന് വിദേശത്ത് ലാഭനിരക്ക് അധികമുള്ള സ്ഥലങ്ങളിലും മേഖലകളിലും ലാഭകരമായ നിക്ഷേപം നടത്തുന്നതിനുള്ള നയതന്ത്രപരവും ആവശ്യമെങ്കിൽ സൈനികവുമായ പിന്തുണ. ഇന്ത്യൻ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം എത്ര കാര്യക്ഷമമായിട്ടാണ് ഈ രണ്ട് ദൗത്യങ്ങളും കഴിഞ്ഞ ഒൻപത് വർഷമായി നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് അറിയാം.

ഇതേ മുതലാളിത്ത ഭൗതിക സാഹചര്യങ്ങൾ ആണ് പെറ്റി ബൂർഷ്വസിയെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണം ആദ്യം തന്നെ തകർക്കുന്നത് പെറ്റി ബൂർഷ്വസിയുടെ സാമ്പത്തിക അസ്തിത്വം തന്നെയാണ്. ചെറുകിട കർഷകരേയും കച്ചവടക്കാരേയും മുതൽ പെറ്റി ബൂർഷ്വ വർഗ്ഗബോധം വെച്ചു പുലർത്തുന്ന വൈറ്റ് കോളർ തൊഴിലാളികളെ വരെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കും വ്യക്തിപരമായ ഉത്കണ്ഠയിലേക്കും അന്യവൽക്കരണത്തിലേക്കുമാണ് മൂലധന കേന്ദ്രീകരണം തള്ളിവിടുന്നത്. ഇത് അവരിൽ ഉണർത്തുന്നത് പെറ്റി ബൂർഷ്വ നിലനിൽപ്പ് സാദ്ധ്യമായിരുന്ന 'പഴയ' കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ്. പെറ്റി ബൂർഷ്വ വർഗ്ഗസ്വഭാവത്തിന്റെ പ്രധാന മുഖമുദ്രയായ ഈ പിന്തിരിഞ്ഞു നോട്ടം തന്നെയാണ് അവരെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനവലയത്തിൽ പെടുത്തുന്നത്.

അതായത്, മൂലധനകേന്ദ്രീകരണവും അതിന്റെ പരിണിതഫലമായ മുതലാളിത്ത പ്രതിസന്ധികളും ഒരേ സമയം മുതലാളിവർഗ്ഗത്തെയും പെറ്റി ബൂർഷ്വസിയെയും ഫാഷിസ്റ്റ് പാതയിൽ നടത്തുന്നു. മുതലാളിവർഗ്ഗം ഏറ്റവും ആസുരമായ ഒരു സ്വേച്ഛാധിപത്യം ആഗ്രഹിക്കുമ്പോൾ അത്തരം സ്വേച്ഛാധിപത്യം നടപ്പാക്കാൻ കെൽപ്പുള്ള പ്രസ്ഥാനമായി വമ്പിച്ച പെറ്റി ബൂർഷ്വ പിന്തുണ ഫാഷിസത്തെ മാറ്റിയെടുക്കുന്നു. മുതലാളിവർഗ്ഗം ഫാഷിസ്റ്റ് പ്രസ്ഥാനത്തെ ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക-സാമൂഹിക അജണ്ടകൾ നടപ്പാക്കുമ്പോൾ ഫാഷിസ്റ്റ് പ്രസ്ഥാനം മുതലാളിവർഗ്ഗപിന്തുണയോടെ രാഷ്ട്രീയ അപ്രമാദിത്വം നേടുന്നു. ഈ രണ്ട് ഘടകങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ വൈരുദ്ധ്യാത്മക ബന്ധമാണ് ഒരു ഫാഷിസ്റ്റ് ഭരണകൂടത്തെ താങ്ങി നിർത്തുന്നത്.

ഫാഷിസത്തിന്റെ ഇന്ത്യൻ രൂപം - ഹിന്ദുത്വ ഫാഷിസം
 
ഫാഷിസത്തിന്റെ വർഗ്ഗ ഉള്ളടക്കം ഏതാണ്ട് എല്ലായിടത്തും നമ്മൾ മേലെ കണ്ടതിന് സമാനമാണെങ്കിലും, ഫാഷിസം വ്യത്യസ്ത ദേശങ്ങളിലും കാലങ്ങളിലും വ്യത്യസ്ത രൂപങ്ങൾ ആണ് എടുക്കാറുള്ളത്. അതാത് സ്ഥലങ്ങളിലെ മൂർത്തമായ സാഹചര്യങ്ങൾ അനുസരിച്ചിരിക്കും അവിടുത്തെ ഫാഷിസത്തിന്റെ രൂപം. ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ രൂപത്തിൽ ആണ് ഫാഷിസം നിലനിൽക്കുന്നത്.

കോളോണിയലിസ്റ്റ് കാലഘട്ടത്തിൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചയോടുള്ള ഒരു ഫ്യൂഡൽ പ്രതികരണമായിട്ടാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉത്ഭവം. കോളോണിയലിസ്റ്റ് ഭരണത്തിന്റെ കീഴിൽ ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ച ഭാഗികവും പരിമിതവും ആയിരുന്നെങ്കിൽ കൂടിയും മുതലാളിത്ത ഉത്പ്പാദന ബന്ധങ്ങളുടെ വളർച്ചയും അതിനോടനുബന്ധിച്ചുള്ള ആധുനിക സാമൂഹിക പ്രവണതകളും ഫ്യൂഡൽ ഭരണ വർഗ്ഗത്തെ ആലോസരപ്പെടുത്താൻ പ്രാപ്തമായിരുന്നു. കൊളോണിയലിസം ആവട്ടെ ഫ്യൂഡൽ ഭരണവർഗ്ഗത്തിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടാത്ത രീതിയിൽ, അവരെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള, വളരെ ഭാഗികമായ ഒരു മുതലാളിത്ത വളർച്ച ആണ് വിഭാവനം ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധി നേതൃത്വം കൊടുത്ത യാഥാസ്ഥിതിക ബൂർഷ്വ വിഭാഗത്തിന് വ്യക്തമായ മേൽക്കോയ്മ ഉണ്ടായിരുന്നതിനാൽ, ഫ്യൂഡൽ വർഗ്ഗങ്ങളെ കൂടെ നിർത്തിക്കൊണ്ട് ബ്രിട്ടീഷ് ഭരണത്തെ എതിർക്കാനാണ് അവരും ശ്രമിച്ചത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ മുതലാളിത്തത്തിന്റെ വളർച്ചയുടെ ഘട്ടത്തിൽ യൂറോപ്പിൽ സംഭവിച്ചത് പോലുള്ള ബൂർഷ്വ - ഫ്യൂഡൽ വർഗ്ഗസമരം അതിന്റെ മൂർച്ഛയുള്ള രൂപത്തിൽ ഇന്ത്യയിൽ സംഭവിച്ചതേ ഇല്ല. പകരം, ഫ്യൂഡൽ ഭരണവർഗ്ഗത്തെ തങ്ങളുടെ കൂടെ നിർത്താൻ കോളോണിയലിസവും സ്വാതന്ത്ര്യ സമരത്തിലെ പ്രബലവിഭാഗവും മത്സരിക്കുകയാണ് ചെയ്തത്.

ഈ സാഹചര്യങ്ങളാണ് മുതലാളിത്ത ആധുനികതക്ക് എതിരെ ഉള്ള ഹിന്ദുത്വം പോലുള്ള ആശയങ്ങൾക്ക് ഇന്ത്യയിൽ ഇടം ഉണ്ടാക്കിയത്. എന്നാൽ ആദ്യ ഘട്ടങ്ങളിൽ ഉടനീളം ഇത് ഒരു വരേണ്യവർഗ്ഗ സവർണ്ണ ചിന്താഗതി ആയിരുന്നു. അത്തരം വിഭാഗങ്ങളിൽ നിന്നും അതിന് ഗണ്യമായ പിന്തുണ ലഭിച്ചിരുന്നു താനും (കോൺഗ്രസ്സിലെ തന്നെ ഒരു വിഭാഗം ഇത്തരം ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു). എന്നാൽ ഹിന്ദുത്വത്തിന് കോളോണിയലിസ്റ്റ് കാലഘട്ടത്തിലോ നെഹ്രുവിയൻ ക്ഷേമരാഷ്ട്ര കാലഘട്ടത്തിലോ വലിയ തോതിൽ ബഹുജനപിന്തുണ ആർജ്ജിക്കാനായിട്ടില്ല. പക്ഷെ ഈ കാലഘട്ടങ്ങളിൽ ഭൂവുടമ-സവർണ്ണ വർഗ്ഗങ്ങളുടെ ശക്തമായ പിന്തുണ ഉപയോഗിച്ച് ഒരു വിപുലമായ സംഘടനാശൃംഖലയും കേഡർ ശക്തിയും വളർത്തിയെടുക്കുന്നതിൽ ഹിന്ദുത്വ സംഘടനകൾ വലിയ തോതിൽ വിജയിച്ചു.

എഴുപതുകളോട് കൂടി ആണ് ഹിന്ദുത്വ ശക്തികൾ ബഹുജനപിന്തുണ ആർജ്ജിച്ച് തുടങ്ങുന്നത് എന്നത് യാദൃശ്ച്ചികമല്ല. ഇതിന്റെ അടിസ്ഥാനകാരണം നെഹ്രുവിൻ ക്ഷേമരാഷ്ട്രത്തിന്റെ തകർച്ച ആണ്. ക്ഷേമരാഷ്ട്രവ്യവസ്ഥ ഇന്ത്യൻ പെറ്റി ബൂർഷ്വസിക്ക് നൽകി വന്നിരുന്ന സാമ്പത്തിക സുരക്ഷാകവചത്തിൽ എഴുപതുകളുടെ പകുതിയോടെ തന്നെ വിള്ളലുകൾ വന്ന് തുടങ്ങിയിരുന്നു. ഈ വിള്ളലുകളിലൂടെ മുതലാളിത്തം പടർന്ന് കയറുന്നത് എല്ലാ മേഖലകളിൽ ഉള്ള പെറ്റി ബൂർഷ്വസിയെയും അരക്ഷിതാവസ്ഥയിലേക്കാണ് തള്ളി വിട്ടത്. ഈ പ്രതിസന്ധിയും അരക്ഷിതാവസ്ഥയും ആണ് പെറ്റി ബൂർഷ്വസിയെ ഹിന്ദുത്വ ഫാഷിസത്തോട് അടുപ്പിക്കുന്നതും അങ്ങനെ അവരുടെ ബഹുജനപിന്തുണ വർദ്ധിപ്പിക്കുന്നതും. തൊണ്ണൂറുകളുടെ തുടക്കത്തിൽ ക്ഷേമരാഷ്ട്രത്തിന്റെ ബാക്കിയായ അവശിഷ്ടങ്ങൾ എല്ലാം നരസിംഹറാവുവും മൻമോഹനും ചേർന്ന് തൂത്തെറിഞ്ഞതിൽ പിന്നെ ആസുരമായ നവലിബറൽ മുതലാളിത്തത്തിന്റെ മുന്നേറ്റത്തിൽ നിൽക്കക്കള്ളി ഇല്ലാതായ പെറ്റി ബൂർഷ്വ ഹിന്ദുത്വത്തിലേക്ക് ഒഴുകിത്തുടങ്ങി. ഇന്ത്യൻ സാഹചര്യത്തിലെ മൂലധനകേന്ദ്രീകരണവും  2008 മുതൽ തുടർന്ന് വരുന്ന ലോകസാമ്പത്തിക മാന്ദ്യവും ഇന്ത്യൻ മുതലാളിവർഗ്ഗത്തിന് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. അങ്ങനെ, മുതലാളിവർഗ്ഗത്തിന്റെ സ്വേച്ഛാധിപത്യ മോഹത്തിന്റെയും പെറ്റി ബൂർഷ്വ സാമൂഹിക മുന്നേറ്റത്തിന്റെയും ചിറകിലേറി ആണ് 2014ൽ മോദി അധികാരത്തിലേറുന്നത്.

ഇന്ത്യൻ സാഹചര്യത്തിൽ ഫാഷിസത്തിന്റെ ഈ ഹിന്ദുത്വ "രൂപം" കണ്ടിട്ടാണ് ഇടതുപക്ഷം അടക്കമുള്ളവർ അതിനെ ആധുനികതയെ നിരസിക്കുന്ന, ഫ്യൂഡൽ അടിസ്ഥാനമുള്ള ഒരു പ്രവണത മാത്രമായി കാണുന്നത്. നമ്മൾ കണ്ടത് പോലെ, ഹിന്ദുത്വത്തിന്റെ ഉത്ഭവസവിശേഷതകൾ മൂലം അത് ആശയതലത്തിൽ ഒരു ഫ്യൂഡൽ-സവർണ്ണ സ്വഭാവം ഇപ്പോഴും പുലർത്തുന്നുണ്ട്. എന്നാൽ ഇത് ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര സവിശേഷത മാത്രമാണ്; ഭൗതികമായി അത് ഇന്ത്യൻ കുത്തക മുതലാളിവർഗ്ഗത്തിനാൽ നയിക്കപ്പെടുകയും പെറ്റി ബൂർഷ്വ സാമൂഹികപിന്തുണയാൽ നിലനിൽക്കുകയും മുന്നേറുകയും ചെയ്യുന്ന ഒന്നാണ്. അതിനാൽ തന്നെ ഹിന്ദുത്വഫാഷിസം തികച്ചും ആധുനികമായ ഒരു പ്രതിഭാസമാണ്.

ഇടതുപക്ഷവും പെറ്റി ബൂർഷ്വസിയും
 
വ്യവസ്ഥാപിത ഇന്ത്യൻ ഇടതുപക്ഷത്തെ പ്രധാന പാർട്ടികളായ സിപിഎം, സിപിഐ, സിപിഐ (എംഎൽ) എന്നിവരുടെയൊക്കെ അവകാശവാദം തങ്ങൾ തൊഴിലാളിവർഗ്ഗ - മാർക്സിസ്റ്റ് പാർട്ടികൾ ആണ് എന്നാണ്. ഈ വാദത്തിന്റെ പാപ്പരത്തം മാർക്സിസവുമായി ഉപരിപ്ലവമായ ബന്ധമുള്ളവർക്ക് പോലും വ്യക്തമാവും. ഇന്ത്യൻ ഇടതുപക്ഷം ഒരു സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനമാണ്. സ്വാതന്ത്യപൂർവ്വ ഇന്ത്യയിൽ മാർക്സിസ്റ്റ് പ്രസ്ഥാനമായി ഉദയം ചെയ്ത് ക്രമേണ വ്യവസ്ഥയുടെ ഭാഗവും ഗുണഭോക്താവും ആയി മാറിയ ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ പരിണാമം ഇതിന് മുന്നേ എഴുതിയ "വികസനവിരുദ്ധതയിൽ നിന്ന് വികസനാസക്തിയിലേക്ക് - ഇടതുപക്ഷ പരിണാമത്തിന്റെ വർഗ്ഗയുക്തി" എന്ന ലേഖനത്തിൽ ഞാൻ വിശദമായി വരച്ചു കാട്ടിയിരുന്നു (https://revolutionaryspring.blogspot.com/2022/12/blog-post.html). അത് കൊണ്ടുതന്നെ ആ വാദങ്ങൾ ഇവിടെ ആവർത്തിക്കുന്നില്ല. ഇപ്പോഴത്തെ ചർച്ചക്ക് ആവശ്യമായവ മാത്രം സംഗ്രഹിക്കാം.

മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ "നല്ല ഭരണം" കൊണ്ട് പരിഹരിക്കാം എന്ന വ്യാമോഹം വെച്ച് പുലർത്തുന്ന പ്രത്യയശാസ്ത്രമാണ് സോഷ്യൽ ഡെമോക്രസി. ഇടതുപക്ഷത്തിന്റെ "എൽഡിഎഫ് വരും, എല്ലാം ശരിയാവും" എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തന്നെ അതിന്റെ സോഷ്യൽ ഡെമോക്രാറ്റിക്‌ സ്വഭാവത്തിന്റെ ഏറ്റവും വലിയ തെളിവാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലും സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യയിലും ക്ഷേമരാഷ്ട്ര ഭരണകൂടങ്ങൾ നിലനിന്നിരുന്ന കാലത്ത് സോഷ്യൽ ഡെമോക്രസിക്ക് ഈ വ്യാമോഹം നിലനിർത്താൻ ആയിരുന്നു. എന്നാൽ ക്ഷേമരാഷ്ട്രങ്ങളുടെ തകർച്ചയും നവലിബറൽ മുതലാളിത്തത്തിന്റെ വളർച്ചയും ലോകത്തെമ്പാടും സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം വെളിവാക്കി. അതോടെ നിൽക്കക്കള്ളി ഇല്ലാതായ യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷം തൊണ്ണൂറുകളോട് കൂടി പൂർണ്ണമായും നവലിബറലിസത്തെ പുൽകി. ഇന്ത്യൻ ഇടതുപക്ഷവും, ആദ്യം ബംഗാളിലും ഇപ്പോൾ കേരളത്തിലും, വലതുപക്ഷത്തെ നാണിപ്പിക്കുന്ന തരത്തിൽ നവലിബറലിസത്തിന്റെ പ്രയോക്താക്കളായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ "വികാസനോന്മാദ"ത്തിന്റെ യഥാർത്ഥ കാരണം ഇതാണ്.

ഫാഷിസം / ഇടതുപക്ഷം എന്ന ദ്വന്ദ്വത്തിന്റെ വിശകലത്തെ സംബന്ധിച്ചെടുത്തോളം പ്രധാന ചോദ്യം സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷത്തിന്റെ വർഗ്ഗ ഉള്ളടക്കം എന്താണ് എന്നതാണ്. സോഷ്യൽ ഡെമോക്രസി ഒരു പെറ്റി ബൂർഷ്വ പ്രത്യയശാസ്ത്രമാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ ഇടതുപക്ഷം പെറ്റി ബൂർഷ്വ വർഗ്ഗസ്വഭാവം വെച്ച് പുലർത്തുന്ന ഒരു പ്രസ്ഥാനമാണ്. പെറ്റി ബൂർഷ്വ വർഗ്ഗത്തെ, പ്രത്യേകിച്ചും അതിന്റെ താഴെ തട്ടിൽ ഉള്ളവരെ, കൂടെ നിർത്താതെ ഒരു തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവില്ല. പക്ഷെ അവർ അത് ചെയ്യാൻ ശ്രമിക്കുന്നത് മുതലാളിത്തത്തിന്റെ വളർച്ചയിൽ ചെറുകിട സംരംഭങ്ങളുടെ തകർച്ചയും പെറ്റി ബൂർഷ്വസിയുടെ തൊഴിലാളിവൽക്കരണവും  ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന സത്യം അവരോട് തുറന്നു പറഞ്ഞു കൊണ്ടാണ്. മാർക്സ് സൂചിപ്പിച്ചത് പോലെ, പെറ്റി ബൂർഷ്വസി വിപ്ലവകരമായി മാറുന്നത് അത് തൊഴിലാളിവർഗ്ഗത്തോടൊപ്പം ചേർന്ന് മുതലാളിത്തത്തിനെതിരെ പോരാടുമ്പോൾ മാത്രമാണ്. പെറ്റി ബൂർഷ്വസിയെ തൊഴിലാളി വർഗ്ഗബോധത്തിലേക്ക് ഉയർത്തി അവരെ മുതലാളിത്തവിരുദ്ധ സമരത്തിൽ അണിനിരത്തുക എന്നതാണ് മാർക്സിസ്റ്റ് രീതി. എന്നാൽ ഇടതുപക്ഷം പെറ്റി ബൂർഷ്വസിയെ കൂടെ നിർത്താൻ ശ്രമിക്കുന്നത് അവരുടെ വർഗ്ഗബോധത്തിലേക്ക് താഴ്‌ന്നു കൊണ്ടാണ്. ചെറുകിട സംരംഭങ്ങളെ ഭരണതലത്തിലെ നടപടികൾ ഉപയോഗിച്ച് നിലനിർത്താൻ ആവുമെന്നും അങ്ങനെ പെറ്റി ബൂർഷ്വസിയെ വിനാശത്തിൽ നിന്നും സംരക്ഷിക്കാൻ ആവുമെന്നുമുള്ള വ്യാമോഹം ഇടതുപക്ഷം അവർക്കു കൊടുക്കുന്നു. അതുകൊണ്ട് തന്നെ മുതലാളിത്തത്തിനെതിരെ അല്ല, ഇടതുപക്ഷം ഭരണത്തിൽ വരാനാണ് ശ്രമം നടത്തേണ്ടത് എന്ന തോന്നൽ ഉണ്ടാവുന്നു. ഇങ്ങനെയാണ് ക്രമേണ ഇടതുപക്ഷ വർഗ്ഗബോധം പൂർണ്ണമായും പെറ്റി ബൂർഷ്വ തലത്തിലേക്ക് തരം താഴുന്നതും ഇടതുപക്ഷത്തിന്റെ വർഗ്ഗ അടിസ്ഥാനം പൂർണ്ണമായും പെറ്റി ബൂർഷ്വ ആയി മാറുന്നതും.

ഫാഷിസം vs ഇടതുപക്ഷം - ഒരു പെറ്റി ബൂർഷ്വ നിഴൽയുദ്ധം
 
ഫാഷിസത്തിന്റെയും ഇടതുപക്ഷത്തിന്റെയും വർഗ്ഗ ഉള്ളടക്കത്തെക്കുറിച്ചുള്ള ഈ ചർച്ചയിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് അവ രണ്ടും പെറ്റി ബൂർഷ്വ അടിസ്ഥാനമുള്ള പ്രവണതകൾ ആണ് എന്നതാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, കർഷക സമരങ്ങളുടെയും ഭരണത്തിൽ ഇരിക്കുമ്പോൾ ചെയ്ത ക്ഷേമരാഷ്ട്ര പരിഷ്കാരങ്ങളുടെയും മറ്റും ഫലമായി, ഗ്രാമീണ-കാർഷിക മേഖലകളിലെ പെറ്റി ബൂർഷ്വസി ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിക്കുന്നത്. അത് കൂടാതെ ട്രേഡ് യൂണിയൻ പശ്ചാത്തലം കാരണം സംഘടിത തൊഴിൽ മേഖലകളിലേയും സർക്കാർ മേഖലകളിലെയും തൊഴിലാളികളും ഉദ്യോഗസ്ഥരും പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പമാണ്. തൊഴിലാളികൾക്കിടയിലെ ഇത്തരം പ്രവർത്തനം പോലും ഇടതുപക്ഷം നടത്തുന്നത് പെറ്റി ബൂർഷ്വ - റിഫോമിസ്റ്റ് തരത്തിൽ ആണെന്ന കാര്യം വിസ്മരിച്ചു കൂടാ. ഫാഷിസത്തിന്റെ പിന്തുണയുടെ അടിസ്ഥാനം നഗരങ്ങളിലെ പെറ്റി ബൂർഷ്വസി ആണ്. മധ്യവർഗ്ഗവും വൈറ്റ് കോളർ ജോലിക്കാരും ഭൂരിപക്ഷവും ഫാഷിസത്തിന്റെ പിടിയിലാണ്. ഹിന്ദുത്വത്തിന്റെ സവർണ്ണ - ഫ്യൂഡൽ പ്രത്യയശാസ്ത്രം ഇന്നും ശക്തിയോടെ നിലനിൽക്കുന്നതിനാൽ ഗ്രാമീണ മേഖലയിൽ ഭൂവുടമകളും സവർണ്ണ പശ്ചാത്തലം ഉള്ളവരും ഏതാണ്ടെല്ലാം തന്നെ ഫാഷിസ്റ്റ് അനുഭാവികൾ ആണ്. അങ്ങനെ നോക്കുമ്പോൾ ഫാഷിസവും ഇടതുപക്ഷവും തമ്മിൽ നടക്കുന്ന കടിപിടി യഥാർത്ഥത്തിൽ പെറ്റി ബൂർഷ്വസിയുടെ വ്യത്യസ്ത ഘടകങ്ങളുടെ പിന്തുണയ്ക്ക് വേണ്ടി ഉള്ള ഒന്നാണ്. തകർച്ചയെ അഭിമുഖീകരിക്കുകയും അതിനെ ഏതു വിധേനയും തടഞ്ഞു നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന പെറ്റി ബൂർഷ്വസി തന്നെയാണ് രണ്ട് പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനം. ഒരേ വർഗ്ഗത്തിലെ വ്യത്യസ്ത ഘടകങ്ങൾ തമ്മിലുള്ള സംഘർഷത്തെ നമുക്ക് യഥാർത്ഥത്തിലുള്ള വൈപരീത്യം ആയി കാണാനാവില്ല; കാരണം ഇത്തരം സംഘർഷം വർഗ്ഗസമരത്തിന്റെ ഒരു പ്രതിഫലനം അല്ല. അതിനാൽ ഫാഷിസം vs ഇടതുപക്ഷം എന്നത് ഒരു വ്യാജ വൈപരീത്യം മാത്രമാണ്.

ഫാഷിസവും ഇടതുപക്ഷവും തമ്മിൽ ഉള്ള വൈപരീത്യം രണ്ട് പെറ്റി ബൂർഷ്വ വിഭാഗങ്ങൾ തമ്മിലുള്ള നിഴൽയുദ്ധം മാത്രം ആണെങ്കിലും അതുകൊണ്ട് ഇതിന്റെ തീവ്രത കുറവായിരിക്കും എന്ന് കരുതുന്നതിൽ അർത്ഥമില്ല. യഥാർത്ഥത്തിൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്. യൂറോപ്യൻ ഫാഷിസം കമ്മ്യൂണിസ്റ്റുകളെക്കാൾ നേരത്തെ പലയിടത്തും അടിച്ചമർത്താൻ ശ്രമിച്ചത് സോഷ്യൽ ഡെമോക്രസിയെ ആണ്. മുതലാളിത്ത വ്യവസ്ഥയിലെ മറ്റു പ്രതിലോമകരമായ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സോഷ്യൽ ഡെമോക്രസിയുമായി അനുരഞ്ജനം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഫാഷിസം അതിനെ പാടേ നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികർ രേഖപ്പെടുത്തിയിട്ടുണ്ട്. പെറ്റി ബൂർഷ്വസിക്കിടയിൽ തങ്ങളുടെ ഹെജിമണി ഉറപ്പിക്കാനുള്ള ഫാഷിസത്തിന്റെ ആവശ്യം ആണ് ഈ അടിച്ചമർത്തലിന് പിന്നിൽ.

സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷവും ഫാഷിസ്റ്റ് വിരുദ്ധ "ജനകീയ മുന്നണി"യും
മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സമ്മതിക്കുമ്പോൾ തന്നെയും വളഞ്ഞ വഴിയിലൂടെ ഇടതുപക്ഷത്തെ വെള്ളപൂശാനും അതിന്റെ ഫാഷിസ്റ്റ് വിരുദ്ധ പദവി ചെറിയ തോതിലെങ്കിലും നിലനിർത്താനും ശ്രമിക്കുന്ന ഒരു പ്രവണത ദൃശ്യമാണ്. ഇത്തരക്കാരുടെ പ്രധാന വാദം ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ "മാർക്സിസ്റ്റ്" രീതി സോഷ്യൽ ഡെമോക്രസിയുമായി ചേർന്നുള്ള  "ജനകീയ മുന്നണി" (popular front) ആണ് എന്നതാണ്. അതുകൊണ്ട് ഇവരുടെ അഭിപ്രായം ഇടതുപക്ഷം ഫാഷിസത്തിന് വർഗ്ഗപരമായി ഒരു ബദൽ അല്ലെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ തൊഴിലാളിവർഗ്ഗശക്തികൾ ഇടതുപക്ഷത്തെ കൂട്ടുപിടിക്കണം എന്നാണ്. ഈ വാദത്തിന്റെ അടിസ്ഥാനം 1935ൽ കോമിന്റെണിൽ ജിയോർജി ദിമിത്രോവ് മുന്നോട്ടു വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ജനകീയ മുന്നണി എന്ന ആശയം ആണ്. സോഷ്യൽ ഡെമോക്രറ്റുകൾ, ലിബറൽ ബൂർഷ്വസി എന്നിങ്ങനെയുള്ള എല്ലാ "ജനാധിപത്യ" ശക്തികളെയും അണിനിരത്തിക്കൊണ്ടുള്ള ഒരു ജനകീയ മുന്നണി ഫാഷിസത്തെ നേരിടാൻ ആവശ്യമാണ് എന്നതായിരുന്നു ദിമിത്രോവിന്റെ തീസിസ്. ഇത് ആ സാഹചര്യത്തിൽ ശരിയായിരുന്നു താനും. എന്നാൽ അതുകൊണ്ട് എല്ലാ കാലത്തും എല്ലായിടത്തും മാർക്സിസത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധനയം ജനകീയ മുന്നണിയിൽ അധിഷ്ഠിതമാണ് എന്നത് അബദ്ധജഢിലമായ ഒരു ആശയമാണ്.

ലെനിൻ നിരന്തരം ഓർമ്മപ്പെടുത്തിയത് പോലെ, മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനത്തിൽ (concrete analysis of the concrete situation) അധിഷ്ഠിതമല്ലാത്ത ഒരു നയവും മാർക്സിസത്തിന് ഇല്ല. അതുകൊണ്ട് തന്നെ ഇന്നത്തെ സാഹചര്യത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധനയം ഇടതുപക്ഷവുമായി ചേർന്നുള്ള ജനകീയ മുന്നണി ആണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം സോഷ്യൽ ഡെമോക്രസിക്ക് വന്നുചേർന്നിട്ടുള്ള വലിയ രാഷ്ട്രീയ അപചയം തന്നെയാണ്. ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ 1914ൽ ആണ് സോഷ്യൽ ഡെമോക്രസി വിപ്ലവകരമായ മാർക്സിസത്തിൽ നിന്നും വേറിട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നത്. അത് മുതൽ 1935 വരെയുള്ള ഇരുപത് വർഷ കാലയളവിൽ യൂറോപ്പിലെ തൊഴിലാളിവർഗ്ഗ വിപ്ലവങ്ങൾ അടിച്ചമർത്താനും മുതലാളിത്തവ്യവസ്ഥയെ നിലനിർത്താനും ഭരണവർഗ്ഗത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചത് സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനങ്ങൾ ആണ്. മുതലാളിത്തത്തിന്റെ അതിവർത്തനം എന്ന വിപ്ലവകരമായ ലക്‌ഷ്യം ഉപേക്ഷിച്ചതിന്റെ ഫലമായിരുന്നു ഇത്. എന്നാൽ അപ്പോഴും സോഷ്യൽ ഡെമോക്രസി മുതലാളിത്ത ഭരണവർഗ്ഗത്തിന്റെ വെറും ചട്ടുകം ആയി മാറിയിരുന്നില്ല. മുതലാളിത്തവ്യവസ്ഥയെ അകത്ത് നിന്ന് തന്നെ മാറ്റിയെടുക്കാം എന്ന് വ്യാമോഹിക്കുന്ന ഒരു വിമതശക്തിയായി തന്നെയാണ് അന്ന് സോഷ്യൽ ഡെമോക്രസി നിലനിന്നത്. അവരുടെ വിമതരാഷ്ട്രീയത്തിന് തൊഴിലാളിവർഗ്ഗത്തിലെ ഒരു ഗണ്യമായ വിഭാഗത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു താനും. മുതലാളിത്തവ്യവസ്ഥയിലെ ഈ വിമതസ്ഥാനം ആണ് അന്ന് സോഷ്യൽ ഡെമോക്രസിക്ക് നേരിയ തോതിലാണെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ നിറം കൊടുത്തത്. ഇതാണ് ജനകീയ മുന്നണിയിൽ അവരെ ഉൾപ്പെടുത്താനുള്ള ആശയത്തിന്റെ അടിസ്ഥാനവും. എന്നാൽ ഇന്നത്തെ സ്ഥിതി എന്താണ്?

ഇന്ന് സോഷ്യൽ ഡെമോക്രസി ലോകമെമ്പാടും ഭരണവർഗ്ഗത്തിന്റെ ഭാഗം തന്നെയാണ്. തൊള്ളായിരത്തി അൻപതുകളോട് കൂടി സോഷ്യൽ ഡെമോക്രസി യൂറോപ്പിൽ ഒരു ഭരണവർഗ്ഗപാർട്ടിയായി മാറി. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ഭരണവും ദേശീയ രാഷ്ട്രീയത്തിലെ പ്രാധാന്യവും ഇന്ത്യയിലും ഇടതുപക്ഷത്തെ അധികാരത്തിന്റെ ഇടനാഴികളിലെ സ്ഥിരസാന്നിധ്യമാക്കി മാറ്റി. മുതലാളിത്തത്തിന്റെ അകത്ത് നിന്നുകൊണ്ടുള്ള പരിവർത്തനം എന്ന പരിമിതമായ ലക്‌ഷ്യം പോലും ഉപേക്ഷിച്ച് ലോക സോഷ്യൽ ഡെമോക്രസിയും ഇന്ത്യൻ ഇടതുപക്ഷവും സംഘടിത തൊഴിലാളികളുടെ (പ്രേത്യേകിച്ച് സർക്കാർ ജോലിക്കാരുടെ) സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന കുമിളയിലേക്ക് ചുരുങ്ങി. മുതലാളിത്ത ഉൽപ്പാദന ബന്ധങ്ങളുടെ പുനരുൽപ്പാദനത്തിൽ മുതലാളിവർഗ്ഗത്തിന് ഉള്ളത് പോലെ തന്നെ താൽപ്പര്യം ഇടതുപക്ഷത്തിനും ഉണ്ടായിത്തുടങ്ങി. അവർ പൂർണ്ണമായും മുതലാളിത്ത വ്യവസ്ഥയുടെ ഗുണഭോക്താക്കളായി മാറി. ആഗോള മുതലാളിത്തത്തിന്റെ നവലിബറൽ പരിണാമം സോഷ്യൽ ഡെമോക്രസിയുടെ ജീർണ്ണത പൂർണ്ണമാക്കി. ഇന്ന് വലതുപക്ഷ ശക്തികളേക്കാൾ ഒരു പടി അധികം ആവേശത്തോടെ നവലിബറൽ നയങ്ങൾക്കായി പ്രവർത്തിക്കുന്നത് സോഷ്യൽ ഡെമോക്രസി ആണ്. ഇത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സ്വഭാവത്തിലും വളരെ പ്രകടമാണ്. ആദ്യം ബംഗാളിലും ഇപ്പോൾ കേരളത്തിലും എങ്ങനെയാണ് ഇടതുപക്ഷം മുതലാളിത്ത വികസനത്തിന്റെ വാഴ്ത്ത് പാട്ടുകാരായി അധഃപതിച്ചത് എന്നത് നമുക്ക് അറിയാവുന്നതാണ്.

ഇന്ത്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷം ഇന്ന് മുതലാളിത്ത ഭരണവർഗ്ഗവുമായി പൂർണ്ണമായും ഐക്യപ്പെട്ടിരിക്കുകയാണ്. തൊള്ളായിരത്തി മുപ്പതുകളിൽ യൂറോപ്യൻ സോഷ്യൽ ഡെമോക്രസിക്ക് ഉണ്ടായിരുന്ന ചെറിയ വിമത സ്വഭാവത്തിന്റെ ലാഞ്ഛന പോലും ഇന്നത്തെ ഇന്ത്യൻ ഇടതുപക്ഷത്തിന് ഇല്ല. മാത്രമല്ല ഭരണം കൈയ്യാളുന്ന കേരളത്തിൽ ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക വൈരുദ്ധ്യങ്ങളും പ്രായോഗിക തലത്തിലെ ജീർണ്ണതയും ദിനം പ്രതി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്. സോഷ്യൽ ഡെമോക്രസിയുടെ കെയ്‌നീഷ്യൻ നയങ്ങളും നവലിബറൽ മുതലാളിത്തത്തിന്റെ അടിസ്ഥാന ധാരണകളും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അതിൽ നിന്നും പുറത്തുകടക്കാൻ ജനങ്ങളുടെ ചുമലിൽ പരോക്ഷ നികുതിയുടെ വലിയ ഭാരം കയറ്റി വെക്കുന്നതിലേക്കും നയിക്കുന്നത്. അതേ സമയം പ്രായോഗിക രാഷ്ട്രീയ രംഗത്ത് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മൂല്യച്യുതിയിലും മറ്റ് പാർട്ടികളെ പോലും കവച്ചു വെക്കുകയാണ് ഇടതുപക്ഷം. മാത്രവുമല്ല, വർഗ്ഗബോധത്തിലോ വർഗ്ഗ ഐക്യത്തിലോ അധിഷ്ഠിതമായ യാതൊരു തൊഴിലാളിവർഗ്ഗ പിന്തുണയും ഇന്ന് ഇടതുപക്ഷത്തിനില്ല. ട്രേഡ് യൂണിയൻ രംഗത്ത് നിന്നും സർക്കാർ ജീവനക്കാരിൽ നിന്നും കിട്ടുന്ന പിന്തുണ ആവട്ടെ സ്ഥാനമാനങ്ങൾക്കായുള്ളതോ മറ്റ് ഔദ്യോഗിക ലാഭങ്ങൾ ലക്ഷ്യമിട്ടുള്ളതോ ആണ്. ഈ പിന്തുണയുടെ ബലത്തിൽ കെട്ടിപ്പൊക്കിയ ഇടതുപക്ഷ സംഘടനാ ചട്ടക്കൂട് ചീട്ടു കൊട്ടാരം പോലെ തകർന്നടിയാൻ അധികസമയം വേണ്ട എന്നത് ബംഗാളിലെ അനുഭവം നമ്മളെ പഠിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സൈദ്ധാന്തിക-രാഷ്ട്രീയ-സംഘടനാ ജീർണ്ണതയുടെ പടുകുഴിയിൽ വീണുകിടക്കുന്ന ഇടതുപക്ഷത്തെ കൂട്ടു പിടിച്ച് ഫാഷിസ്റ്റ് വിരുദ്ധ ജനകീയ മുന്നണി ഉണ്ടാക്കാം എന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിൽ ആണ്. അത്തരം ശ്രമങ്ങൾ ഇടതുപക്ഷ ജീർണ്ണതയുടെ ബാദ്ധ്യത മുഴുവൻ തൊഴിലാളിവർഗ്ഗത്തിന്റെ തലയിൽ ഇടുന്നതിനേ ഉപകരിക്കൂ. ഇപ്പോൾ തന്നെ തങ്ങൾ "കമ്മ്യൂണിസ്റ്റു"കാരാണ് എന്ന ഇടതുപക്ഷത്തിന്റെ മണ്ടൻ അവകാശവാദം ജനമനസ്സുകളിൽ ഇടതുപക്ഷജീർണ്ണതയുടെ ബാദ്ധ്യത മാർക്സിസം-കമ്മ്യൂണിസത്തിനുമേൽ ചാർത്താനുള്ള പ്രവണതക്ക് കാരണമാവുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ജനകീയ മുന്നണി അടക്കമുള്ള ഒരു നയത്തിനും ഇന്ന് ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റം കെട്ടിപ്പടുക്കാൻ ആവില്ല.
 
സോഷ്യൽ ഡെമോക്രസിയുമായി ചേർന്നുള്ള ജനകീയ മുന്നണിയുടെ സാദ്ധ്യത ഇന്ന് നിലനിൽക്കുന്നില്ല എന്നത് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക്‌ ഇടതുപക്ഷമായോ ലിബറൽ ജനാധിപത്യ പാർട്ടികളുമായോ ചേർന്നുകൊണ്ടുള്ള സകല ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളും തൊഴിലാളിവർഗ്ഗത്തിന് നിഷിദ്ധമാണ് എന്ന് അർത്ഥമില്ല. നിർദ്ദിഷ്ട പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളിൽ ഇത്തരം രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് നിൽക്കുന്നതിൽ യാതൊരു ശരികേടും ഇല്ല. എന്നാൽ അത്തരം വേദികളിലും സമരമുഖങ്ങളിലും ഫാഷിസ്റ്റ് വിരുദ്ധ സമരത്തെ വ്യവസ്ഥയുടെ സീമകൾക്കകത്ത് ഒതുക്കാൻ ലിബറൽ കക്ഷികളും ഇടതുപക്ഷവും ശ്രമിക്കുമ്പോൾ വർഗ്ഗപരമായ കാഴ്ചപ്പാട് അവതരിപ്പിക്കാനും അതിനെ വിപ്ലവകരമായ രീതിയിൽ തിരിച്ചു വിടാനും ആണ് മാർക്സിസം ശ്രമിക്കേണ്ടത്. തൊഴിലാളിവർഗ്ഗത്തിന്റെ സ്വതന്ത്ര നിലപാട് അത്തരം സമരമുഖങ്ങളിൽ ഉയർത്തുകയും അതുവഴി ലിബറൽ-ഇടതുപക്ഷ നിലപാടുകളുടെ പൊള്ളത്തരം തുറന്നു കാണിക്കാൻ ശ്രമിക്കുകയും ചെയ്യണം.

"തൊഴിലാളിവർഗ്ഗ ഐക്യമുന്നണി" - ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള യഥാർത്ഥ പ്രതിരോധം
 
ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള യഥാർത്ഥ ശക്തി ഏതാണ്? ഫാഷിസം എന്നത് പ്രതിസന്ധിയിൽ പെട്ടുലയുന്ന മുതലാളിവർഗ്ഗത്തിന്റെ ആസുരമായ സ്വേച്ഛാധിപത്യം ആയത് കൊണ്ടുതന്നെ അതിന്റെ യഥാർത്ഥ വൈപരീത്യം സമരോൽസുകമായ തൊഴിലാളിവർഗ്ഗമാണ്. ഫാഷിസത്തിനെതിരെ ഇടതുപക്ഷം മുന്നോട്ടു വെക്കുന്നത് ജനാധിപത്യം, ഭരണഘടന, നിയമവാഴ്ച, മതേതരത്വം, ശാസ്ത്രമനോഭാവം തുടങ്ങിയ ലിബറൽ പരിഹാരങ്ങൾ ആണ്. ഇതൊന്നും വേണ്ട എന്നല്ല; ഇവയെല്ലാം തന്നെ ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിലെ മുദ്രാവാക്യങ്ങൾ തന്നെയാണ്. പക്ഷെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ലിബറൽ മുദ്രാവാക്യങ്ങൾ അല്ല. ഗ്രാംഷി പറഞ്ഞത് പോലെ, "The liquidation of fascism must be the liquidation of the bourgeoisie that created it". മുതലാളിത്ത ജീർണ്ണതയുടെ സൃഷ്ടി ആയ ഫാഷിസത്തിനെതിരെ ഉള്ള പോരാട്ടം മുതലാളിത്തത്തിന്റെ അതിവർത്തനത്തിനായുള്ള പോരാട്ടമല്ലാതെ മറ്റൊന്നുമല്ല. ഈ പോരാട്ടമാണ് ഫാഷിസത്തിനെതിരെ ഉള്ള യഥാർത്ഥ വർഗ്ഗസമരം; അത് നയിക്കാൻ മുതലാളിത്ത വ്യവസ്ഥയുടെ ഗുണഭോക്താക്കളായ ഇടതുപക്ഷത്തിനോ അവരുമായി ചേർന്നുള്ള ജനകീയ മുന്നണിക്കോ ആവില്ല, തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് മാത്രമേ ആവൂ.

അത് കൊണ്ട് തന്നെ ഇന്ന് ഹിന്ദുത്വ ഫാഷിസത്തെ പ്രതിരോധിക്കാനുള്ള യഥാർത്ഥ തൊഴിലാളിവർഗ്ഗ നയം "തൊഴിലാളിവർഗ്ഗ ഐക്യമുന്നണി" (united front of the working class) എന്ന ആശയമാണ്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തിക അടിസ്ഥാനവും സമരോൽസുകമായ വിപ്ലവബോധവും സമന്വയിപ്പിക്കുന്ന തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളെയും ചെറു ഗ്രൂപ്പുകളെയും യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയും അത്തരം ഒരു ഐക്യ മുന്നണിയുടെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗത്തെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിൽ അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഏറ്റവും പ്രധാനം, അനുദിനം തൊഴിലാളിവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പെറ്റി ബൂർഷ്വസിയിലെ താഴെത്തട്ടിലുള്ള ഭൂരിപക്ഷത്തെ ഈ ഐക്യമുന്നണിയോട് അടുപ്പിക്കുകയും മുതലാളിത്ത-ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ്. ഈ ഐക്യമുന്നണിയുടെ സഹായത്തോടെ ഫാഷിസത്തിന് ഒരു വിപ്ലവകരമായ ബദൽ മുന്നോട്ടു വെച്ചുകൊണ്ട് ഫാഷിസം / ഇടതുപക്ഷം എന്ന വ്യാജ ദ്വന്ദ്വത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചേ മതിയാവൂ. സിസേക് അഭിപ്രായപ്പെട്ടത് പോലെ: ".... we also reject the blackmail of the established Left which enjoins us to support them as the only way to stop the Right.... the negation of the Left does not give us the Right again, but rather a non-left which is of the Left more than the (established) Left itself."
 
(2023 ഫെബ്രുവരി 01-15 ലക്കം "ജനശക്തി" പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിപുലീകരിച്ച പതിപ്പ്)