Thursday 21 January 2021

ഓർമ്മകളുണ്ടായിരിക്കണം - റോസ ലക്സംബർഗിനെ അറുകൊല ചെയ്തത് ജർമ്മൻ ‘ഇടതുപക്ഷ’മാണ്

 ബി. ബിപിൻ


ഇക്കഴിഞ്ഞ ജനുവരി 15 മാർക്സിസ്റ്റ് വിപ്ലവകാരി റോസ ലക്സംബർഗിന്റെ 101-ആം ചരമവാർഷികം ആയിരുന്നു. മാർക്സിസത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും റോസ നൽകിയ സംഭാവനകൾ ഇതോടനുബന്ധിച്ച് ലോകമെങ്ങും ഓർമ്മിക്കപ്പെട്ടു. വിപ്ലവപോരാട്ടങ്ങൾക്ക് റോസയുടെ രക്തസാക്ഷിത്വം നൽകുന്ന ഊർജ്ജം എത്ര വലുതാണ് എന്ന് ഈ ദിനം നമ്മെ വീണ്ടും ഓർമ്മിപ്പിച്ചു. എന്നാൽ ഇതിനിടയിൽ വളരെ കൗതുകകരമായ ഒരു കാര്യം കൂടെ അരങ്ങേറി; ഇന്ത്യൻ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഒട്ടനേകം പേർ റോസയുടെ ഓർമ്മക്ക് മുന്നിൽ വികാരപരവശരായി. 'ദേശാഭിമാനി' റോസയുടെ ഓർമയിൽ ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചു. ഇത് കാണിക്കുന്നത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ വർഗ്ഗ ആഭിമുഖ്യം എന്താണ് എന്നതിനെക്കുറിച്ച് അതിന്റെ സഹയാത്രികർക്ക് ഇപ്പോഴും വലിയ ധാരണ ഇല്ല എന്നാണ്. ഈ തിരിച്ചറിവ് നന്നായിട്ടുള്ള ഇടതുപക്ഷ നേതൃത്വമാവട്ടെ അത് പ്രവർത്തകരിലേക്കെത്താതിരിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടാണ് യാതൊരു ജാള്യതയും ഇല്ലാതെ റോസയെക്കുറിച്ച് വാചാലരാവാൻ ഈ രണ്ടു കൂട്ടർക്കും സാധിക്കുന്നത്. എന്നാൽ സത്യം എന്താണെന്ന് വച്ചാൽ, റോസയെ അറുകൊല ചെയ്ത ജർമ്മൻ സോഷ്യൽ ഡമോക്രാറ്റുകളും ഇന്ത്യൻ ഇടതുപക്ഷവും വപ്രത്യയശാസ്ത്ര-ഇരട്ടകളാണ്. 1919 ലെ വിപ്ലവത്തിന് നടുവിൽ റോസ ലക്സംബർഗ് എന്ന മാർക്സിസ്റ്റ് വിപ്ലവകാരിയെ റൈഫിളിന്റെ പാത്തി കൊണ്ടടിച്ച് തല തകർത്തതിന് ശേഷം വെടിവച്ചു കൊന്ന് കനാലിൽ എറിഞ്ഞത് സോഷ്യൽ ഡമോക്രസി എന്ന ജർമ്മൻ 'ഇടതുപക്ഷ'ത്തിന്റെ കൂലിപ്പട്ടാളമാണ്.
 
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ കൊണ്ട് ജനതയാകെ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് 1919ൽ ജർമ്മൻ വിപ്ലവത്തിന് നാന്ദി കുറിക്കുന്നത്. നവംബർ 9ന് തൊഴിലാളികളും പട്ടാളക്കാരും സംയുക്തമായി ബർലിൻ പിടിക്കുന്നു, കൈസർ ഹോളണ്ടിലേക്ക് പലായനം ചെയ്യുന്നു. ഇതിനെത്തുടർന്ന് ഭരണം വന്നുചേരുന്നത് സോഷ്യൽ ഡമോക്രറ്റിക് പാർട്ടിയിലേക്കാണ്. 1863ൽ രൂപീകൃതമായ ജർമ്മൻ സോഷ്യൽ ഡമോക്രറ്റിക് പാർട്ടി എൻഗെൽസിന്റെയും കൗട്സ്കിയുടെയും മേൽനോട്ടത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടെതന്നെ യൂറോപ്പിലെ ഏറ്റവും വലിയ മാർക്സിസ്റ്റ് പാർട്ടിയായി വളർന്നു കഴിഞ്ഞിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് കണ്ടത് സോഷ്യൽ ഡമോക്രസിയുടെ വലതുപക്ഷവൽക്കരണമാണ്. ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്റിലും ജർമ്മൻ സമൂഹത്തിലും വലിയ സാന്നിദ്ധ്യമായി വളർന്ന സോഷ്യൽ ഡമോക്രസി തൊഴിലാളിവർഗ്ഗവിപ്ലവം എന്ന ലക്‌ഷ്യം പാടേ കൈയ്യൊഴിഞ്ഞ് ഒരു റിഫോമിസ്റ്റ് പാർട്ടി ആയി രൂപാന്തരം പ്രാപിച്ചു. മുതലാളിത്തവ്യവസ്ഥയെ ഒരു തരത്തിലും ചോദ്യം ചെയ്യാതെ ആ വ്യവസ്ഥക്കുള്ളിൽ അധികാരം കൈയ്യാളിക്കൊണ്ട് 'ക്ഷേമ' പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സകലപ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താം എന്ന റിഫോമിസ്റ്റ് വ്യാമോഹമാണ് സോഷ്യൽ ഡമോക്രസിയെ മുന്നോട്ട് നയിച്ചത്. അതായത്, ജർമ്മൻ സോഷ്യൽ ഡമോക്രറ്റിക് പാർട്ടി ഒരു വിപ്ലവോന്മുഖമായ തൊഴിലാളിവർഗ്ഗ പാർട്ടിയിൽ നിന്നും ഭരണകൂടത്തിനോ ഭരണവർഗ്ഗത്തിനോ മുതലാളിത്തവ്യവസ്ഥക്കോ യാതൊരു വെല്ലുവിളിയും ഉയർത്താത്ത ഒരു പെറ്റി ബൂർഷ്വ റിഫോമിസ്റ്റ് പാർട്ടിയായി അധഃപതിച്ചു. ഈ അധഃപതനത്തിന്റെ വർഗ്ഗപരമായ കാരണങ്ങൾ ഒട്ടനവധി മാർക്സിസ്റ്റ് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 1915 ൽ എഴുതിയ "The Collapse of the Second International" എന്ന പഠനത്തിൽ ലെനിൻ തന്നെ ഈ കാരണങ്ങൾ വിശദീകരിക്കുന്നുണ്ട്. 
 

 
 1918 - 1923 കാലയളവിൽ നടന്ന ജർമ്മൻ വിപ്ലവത്തെക്കുറിച്ച് ക്രിസ് ഹാർമാൻ രചിച്ച "The Lost Revolution" എന്ന ബൃഹദ് പഠനത്തിൽ സോഷ്യൽ ഡമോക്രസിയുടെ വലതുപക്ഷവൽക്കരണത്തിന്റെ കാരണങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്: "With its million members, its 4.5 million voters, its 90 daily papers, its trade unions and its co-operative societies, its sports clubs and its singing clubs, its youth organisation, its women's organisation and its hundreds of full time officials, the SPD (German Social Democratic Party) was by far the biggest working class organisation in the world.... But decades of.... electoral activities had an effect on party membership: the revolutionary theory .... came to seem something reserved for May Days and Sunday afternoon oratory, hardly connected with most of what the party actually did.... the key lesson was the need to win a majority of votes in elections....it did produce within the party an increasing number of activists for whom the daily non revolutionary routine became the be all and end all. This was especially the case with the band of full time administrators that arose around the collection of finance, the running of election campaigns, the production of newspapers. These people came very much to control the party...." ജർമ്മൻ സോഷ്യൽ ഡമോക്രസിയെ കുറിച്ചുള്ള ഈ വിവരണം വായിക്കുന്ന ആർക്കും അതിന് ഇന്ത്യൻ ഇടതുപക്ഷവുമായി (പ്രത്യേകിച്ച് അതിന്റെ കേരള ഘടകവുമായി) ഉള്ള സാമ്യം ശ്രദ്ധിക്കാതിരിക്കാനാവില്ല. പേരിൽ മാർക്സിസ്റ്റും കമ്മ്യൂണിസ്റ്റും ആയ ഒരു പാർട്ടി, എന്നാൽ അതിന്റെ ദൈനദിന പ്രവർത്തനങ്ങളിലോ അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളിലോ ഒന്നും തന്നെ നിലവിലുള്ള സാമ്പത്തിക-സാമൂഹിക വ്യവസ്ഥയെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിനുള്ള പരിപാടി പോയിട്ട് അതിനെ ചോദ്യം ചെയ്യുന്നതായി പോലും ഒന്നുമില്ല. ദശകങ്ങളായി പടുത്തുയർത്തിയ രാഷ്ട്രീയ infrastructure ന്റെ (പത്രമാസികകൾ, കോപ്പറേറ്റിവ് സൊസൈറ്റികൾ, വിദ്യാർത്ഥി-യുവജന-സ്ത്രീ പ്രസ്ഥാനങ്ങൾ, നാട് നീളെ ബിൽഡിങ്ങുകളും മറ്റ് വസ്തുവകകളും) തണലിൽ രാഷ്ട്രീയപ്രവർത്തനം എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തത്രപ്പാട് മാത്രമായി ചുരുങ്ങുന്നു. വ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുന്ന പാർട്ടിയുടെ മുഴുവൻസമയ ഭാരവാഹികൾ സാമൂഹികവിപ്ലവം എന്ന കാഴ്ചപ്പാടിന് പകരം അങ്ങനെയാണ് റിഫോമിസത്തെ ഉയർത്തി കൊണ്ടുവരുന്നത്. അവർ പറയുന്നു: കാലം മാറിയിരിക്കുന്നു, വിപ്ലവം ഒക്കെ കാലഹരണപ്പെട്ട ആശയങ്ങൾ ആണ്, കാലത്തിനനുസരിച്ച് നാം മാറേണ്ടിരിക്കുന്നു, അതിനാൽ ഇലക്ഷനിൽ ജയിച്ച് ഭരണം പിടിക്കാനും ക്ഷേമപ്രവർത്തനങ്ങൾ വഴി പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് നമ്മൾ ശ്രമിക്കേണ്ടത്. മുതലാളിത്തവ്യവസ്ഥക്കുളിൽ ഭരണത്തിലിരുന്നു കൊണ്ട് നമുക്ക് 'wage slavery' നിർത്തലാക്കാനോ, മുതലാളിത്തവൈരുദ്ധ്യങ്ങൾ തുടച്ചുനീക്കാനോ, ഈ വൈരുദ്ധ്യങ്ങൾ മൂലം ഉണ്ടാവുന്ന സാമ്പത്തിക അസമത്വങ്ങളും പ്രതിസന്ധികളും ഇല്ലാതാക്കാനോ, ജീർണ്ണിക്കുന്ന മുതലാളിത്തത്തിന്റെ ഉൽപ്പന്നമായ ഫാഷിസത്തെ തുടച്ചുനീക്കാനോ, ഇതേ വൈരുദ്ധ്യങ്ങൾ മൂലം ഉണ്ടാവുന്ന സാമ്രാജ്യത്വമത്സരങ്ങളും അവ ഉണ്ടാക്കുന്ന യുദ്ധങ്ങളും അവസാനിപ്പിക്കുവാനോ കഴിയുമോ എന്ന യുക്തമായ ചോദ്യങ്ങളെ, ചോദ്യകർത്താവ് പാർട്ടി വിരുദ്ധനാണ് എന്ന 'അതിശക്തമായ' മറുപടി കൊണ്ട് നേരിട്ട് പാർട്ടി മുന്നോട്ടു കുതിച്ചുകൊണ്ടേയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ജർമ്മൻ സോഷ്യൽ ഡമോക്രസിയെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇന്ത്യൻ ഇടതുപക്ഷത്തെയും രാഷ്ട്രീയ ഇരട്ടകളാക്കി മാറ്റുന്നത് മാർക്സിസ്റ്റ് വിപ്ലവോന്മുഖതയുടെ ഈ കൈയ്യൊഴിയലും വ്യവസ്ഥയുടെ ഗുണഭോക്താക്കളിലേക്കുള്ള ഈ മാറ്റവും ആണ്. അതുകൊണ്ടാണ് ജർമ്മൻ സോഷ്യൽ ഡമോക്രസിയെ ഈ കുറിപ്പിന്റെ തലക്കെട്ടിൽ ഞാൻ ജർമ്മൻ 'ഇടതുപക്ഷം' എന്ന് വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് മാർക്സിസത്തിന്റെ എബിസി എങ്കിലും അറിയുന്ന ഏതൊരാളും ഇന്ത്യൻ ഇടതുപക്ഷത്തെ സോഷ്യൽ ഡമോക്രസിയുടെ ഇന്ത്യൻ പതിപ്പായി കാണുന്നതും. ഈ വർഗ്ഗപരമായ സാമ്യം ഊന്നിപ്പറയാൻ ഈ കുറിപ്പിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ പലയിടത്തും ജർമ്മൻ സോഷ്യൽ ഡമോക്രസിയെ ഞാൻ ജർമ്മൻ 'ഇടതുപക്ഷം' എന്നാണ് വിളിക്കുന്നത്.
 
മാർക്സിസ്റ്റു പരിപ്രേക്ഷ്യം എന്നേ കൈയ്യൊഴിഞ്ഞെങ്കിലും സോഷ്യൽ ഡമോക്രാറ്റിക് ഇടതുപക്ഷങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് എപ്പോഴും മാർക്സിസ്റ്റ് എന്നാണ്. പക്ഷെ പൂച്ച് പുറത്താവുന്നത് സാമൂഹിക പ്രതിസന്ധികളുടെ ഘട്ടങ്ങളിലാണ്. ജർമ്മൻ സോഷ്യൽ ഡമോക്രസിയുടെ വർഗ്ഗചായ്‌വ് മറനീക്കി പുറത്തുവന്നത് 1914ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിലാണ്. ഒന്നാം ലോകമഹായുദ്ധത്തെ കുറിച്ചുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാട് അത് സാമ്രാജ്യത്വശക്തികൾ തമ്മിൽ അവരുടെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനവലയങ്ങളെ ചൊല്ലിയുള്ള കിടമത്സരമാണ് എന്നതായിരുന്നു. അതുകൊണ്ട് തന്നെ ഈ യുദ്ധത്തെയും അത് നയിക്കുന്ന അതാത്‌ രാജ്യങ്ങളിലെ ഭരണവർഗ്ഗത്തെയും തൊഴിലാളിവർഗ്ഗം എതിർക്കേണ്ടതിന്റെ ആവശ്യകതയാണ് മാർക്സിസ്റ്റ് വിശകലനങ്ങൾ ഊന്നിപ്പറഞ്ഞത്. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇതെല്ലാം മറന്നുകൊണ്ട് ജർമ്മൻ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി യുദ്ധത്തിൽ ജർമ്മൻ ഭരണവർഗ്ഗത്തിന്റെ കൂടെ നിൽക്കാൻ തീരുമാനിച്ചു. റഷ്യൻ ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ യൂറോപ്പിലെ മാർക്സിസ്റ്റ് പാർട്ടികൾ സാമ്രാജ്യത്വ യുദ്ധത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ തീരുമാനിച്ചപ്പോൾ ജർമ്മൻ സോഷ്യൽ ഡമോക്രസി ഭരണവർഗ്ഗത്തിന്റെ പിന്നിൽ നിലയുറപ്പിച്ചു കൊണ്ട് തൊഴിലാളിവർഗ്ഗത്തെയാകെ ഒറ്റിക്കൊടുക്കുകയാണ് ഉണ്ടായത്. ജർമ്മൻ 'ഇടതുപക്ഷ'ത്തിന്റെ പെറ്റിബൂർഷ്വ-ദേശീയവാദമുഖം ഇത്തരത്തിൽ വെളിവായതോടുകൂടിയാണ് കാൾ ലീബ്നെഷ്ത്, റോസ ലക്സംബർഗ് തുടങ്ങിയ അടിയുറച്ച മാർക്സിസ്റ്റുകൾ സോഷ്യൽ ഡമോക്രസി വിട്ട് സ്പാർട്ടക്കസ് ലീഗിന് രൂപം നൽകുന്നത്. പക്ഷെ അപ്പോഴും "തൊഴിലാളിവർഗ്ഗപാർട്ടി" എന്ന ലേബൽ നിലനിർത്താൻ സോഷ്യൽ ഡമോക്രസിക്ക് സാധിച്ചു. അതുകൊണ്ടാണ് 1919ൽ ജർമ്മൻ വിപ്ലവം അരങ്ങേറിയപ്പോൾ അധികാരം അവരുടെ കൈകളിൽ എത്തിയത്. എന്നാൽ വിപ്ലവാനന്തരം അധികാരം കൈയ്യിൽ എത്തിയപ്പോൾ വീണ്ടും സോഷ്യൽ ഡമോക്രസി അതിന്റെ തനിനിറം കാണിച്ചു. ഭരണത്തിലേറി അവർ ആദ്യം ചെയ്തത് വിപ്ലവത്തിന്റെ ഏറ്റവും വലിയ ശത്രുക്കളും ഭരണവർഗ്ഗത്തിന്റെ കാവലാളുകളും ആയ പട്ടാളവുമായി സന്ധിയിൽ ഏർപ്പെടുക എന്നതായിരുന്നു. ക്രിസ് ഹാർമാന്റെ വാക്കുകളിൽ: "Social Democrat politicians who had stood for reform via the capitalist state had logically supported that state when it came to war in 1914. Now [that is, in 1919], just as logically, they tried to re-establish the power of that state in the face of revolution. For them the old structures of repression and class power were 'order'; the challenge to those structures from the exploited and the dispossessed represented 'anarchy' and 'chaos'. The living embodiments of this challenge were the best known opponents of war - Rosa Luxemburg and Karl Liebknecht." (in 'People's History of the World'). മുതലാളിത്തഭരണകൂടത്തിന്റെ ഏറ്റവും ശക്തമായ സംരക്ഷകർ ആയി മാറിയ ജർമ്മൻ 'ഇടതുപക്ഷ'ത്തിന്റെ താൽപ്പര്യം വിപ്ലവത്തിന്റെ ചിറകിലേറി സാമൂഹികമാറ്റം കൊണ്ടുവരാൻ ആയിരുന്നില്ല, മറിച്ച് വിപ്ലവമുന്നേറ്റത്തെ ബൂർഷ്വവ്യവസ്ഥയെ തച്ചുടക്കുന്നതിൽ നിന്നും തടയുക എന്നതായിരുന്നു. ഇതിന് "തൊഴിലാളിവിപ്ലവത്തിന്റെ ബാനർ" ആയ റോസയെ (ലെനിന്റെ പ്രയോഗം) ഇല്ലായ്മ ചെയ്യുക എന്നത് അത്യാവശ്യമായിരുന്നു. ഇതിന്റെ ഭാഗമായാണ് ലീബ്നെഷ്തിനെയും റോസയെയും 1919 ജനുവരി 15ന് അവരുടെ കൂലിപ്പട്ടാളം അറുകൊല ചെയ്യുന്നത്. പക്ഷെ ഇതിന് ദിവസങ്ങൾക്ക് മുന്നേ തന്നെ സോഷ്യൽ ഡമോക്രറ്റുകളുടെ മുഖപത്രമായ ഫോർവേട്സ് (Vorwats) ഇവരെ അപായപ്പെടുത്താനുള്ള ആഹ്വാനം നല്കിക്കഴിഞ്ഞിരുന്നു. ഫോർവേട്സ് എഴുതി:
 
"Many hundred corpses in a row
Proletarians.
Karl, Rosa, Radek and company
Not one of them lies there -
Proletarians."
 
ജനുവരി 16നു ഫോർവേട്സ് ഇവരുടെ മരണവാർത്ത പുറത്തു വിട്ടു, അതിൽ പറഞ്ഞത് ലീബ്നെഷ്ത് രക്ഷപ്പെടാൻ നോക്കുമ്പോൾ വെടി കൊണ്ട് മരിച്ചെന്നും റോസയെ 'ജനങ്ങൾ വധിച്ചു' എന്നുമാണ്. ഇരുവരുടെയും മരണവാർത്ത ജർമ്മൻ വരേണ്യവർഗ്ഗം ആരവങ്ങളോടും നൃത്തച്ചുവടുകളോടും കൂടിയാണ് എതിരേറ്റത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ജീർണ്ണതയുടെ ഉപാസകരായ വരേണ്യവർഗ്ഗത്തെയും 'ഇടതുപക്ഷത്തേയും' സാമൂഹികമാറ്റം എത്രത്തോളം ഭീതിപ്പെടുത്തുന്നു എന്നാണ് ഇത് കാണിക്കുന്നത്.
 
പക്ഷെ റോസയെ വധിച്ചത് ജർമ്മൻ 'ഇടതുപക്ഷം' ആണെന്നൊന്നും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സഹയാത്രികർ അറിഞ്ഞ മട്ടില്ല. അവരെ അത് അറിയിക്കാതിരിക്കാൻ ഇടതുപക്ഷ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നും ഉണ്ട്. ജനുവരി 13ന് ദേശാഭിമാനി ഓൺലൈനിൽ പ്രസിദ്ധീകരിച്ച "ആരായിരുന്നു റോസാ ലക്സംബർഗ്‌; ആ പോരാളിയുടെ രക്തസാക്ഷ്യത്തിന് ഇന്ന്‌ 101 വർഷങ്ങൾ" എന്ന ലേഖനം വായിച്ചാൽ ചിരിക്കണോ കരയണോ എന്നറിയാത്ത പ്രത്യേക അവസ്ഥയിൽ ആയിപ്പോകും നമ്മൾ. ഇങ്ങനെയാണ് ലേഖനം തുടങ്ങുന്നത്: "1919 ജർമ്മൻ രാഷ്ട്രീയ കാലാവസ്ഥ കലങ്ങിമറിഞ്ഞ കാലം. ചാൻസലർ സ്ഥാനത്തു നിന്നും കൈസർ സ്ഥാനമൊഴിഞ്ഞു. എമ്പർട്ട് സ്കൈഡർമാൻ അധികാരമേറ്റു." സ്ഥലപരിമിതി കൊണ്ടായിരിക്കണം, ലേഖനം എഴുതിയ രാജു സെബാസ്റ്റ്യൻ 1919ൽ പ്രസിഡന്റായി സ്ഥാനമേറ്റ ഫ്രെഡ്രിക് എബർട്ടിനെയും ചാൻസലർ ആയ ഫിലിപ് ഷൈഡമേനിനെയും ചേർത്ത് ഒരാൾ ആക്കിയത് (എമ്പർട്ട് സ്കൈഡർമാൻ!!). അതിനെ തുടർന്ന് എന്തുണ്ടായി എന്നും ലേഖനം പറയുന്നു: "വലതുപക്ഷ രാഷ്ട്രീയം അതിന്റെ ആഭാസകനാടകം തിമിർത്താടി. ജനരോക്ഷം ശക്തമായി. ഒരു വിപ്ലവത്തിന് കാലമായെന്ന് ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയായ കെപിഡി വിലയിരുത്തി. ബഹുജന പ്രക്ഷോഭം അണപൊട്ടി. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും സോഷ്യൽ ഡെമോക്രാറ്റുകളും തൊഴിലാളികളും സാധാരണക്കാരും ബുദ്ധിജീവികളും തോളോട് തോൾ ചേർന്നു നിന്നു പോരാട്ടത്തിൽ പങ്കാളിയായി." ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുക എന്ന് പറയുന്നത് ഇതിനാണ്. 1919ൽ അധികാരമേറിയത് സോഷ്യൽ ഡമോക്രറ്റുകൾ ആണ്, എബർട്ടും ഷൈഡമേനും സോഷ്യൽ ഡെമോക്രറ്റുകൾ ആയിരുന്നു. അവരുടെ ഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരുടെയും തൊഴിലാളികളുടെയും കൂടെ "തോളോട് തോൾ" ചേർന്ന് സോഷ്യൽ ഡെമോക്രാറ്റുകളും പോരാടി എന്നാണ് ലേഖനത്തിന്റെ കണ്ടുപിടുത്തം! 1919ലെ ജർമ്മൻ വിപ്ലവത്തിൽ സോഷ്യൽ ഡമോക്രറ്റുകളും കമ്മ്യൂണിസ്റ്റുകളും എതിർചേരിയിൽ ആയിരുന്നു എന്ന് പോലും അറിയാനുള്ള ചരിത്രബോധം "ദേശാഭിമാനി"ക്ക് നഷ്ടപ്പെട്ടിരിക്കുന്നു! ലേഖനം തുടരുന്നു: "ഒരു ഹോട്ടലിൽ താമസിപ്പിച്ചിരുന്ന സ.റോസാ ലക്സംബർഗിനെ വോഗൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ വാതിൽക്കൽ വെച്ച് തോക്കു കൊണ്ട് തല അടിച്ചു തകർത്തു. (എല്ലാ ഫാസിസ്റ്റുകൾക്കും വേണ്ടതു ധൈഷണികതയുടെ തലച്ചോറിനെയാണല്ലോ.)" റോസയുടെ തല തോക്കുകൊണ്ട് അടിച്ച് തകർത്തത് ഫാഷിസ്റ്റുകളല്ല, മറിച്ച് ജർമ്മൻ 'ഇടതുപക്ഷ'ത്തിന്റെ കൂലിപ്പട്ടാളമാണ്. റോസയെപ്പോലുള്ള കമ്മ്യൂണിസ്റ്റുകൾ നേതൃത്വം നൽകിയ ജർമ്മൻ വിപ്ലവത്തെ ഭരണവർഗ്ഗത്തിന്റെ ഒത്താശയോടെ കൂലിപ്പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്തുക വഴി ഫാഷിസത്തിന്റെ വളർച്ചക്ക് വഴിതുറന്നുകൊടുത്തതും ഇതേ സോഷ്യൽ ഡമോക്രാറ്റിക് 'ഇടതുപക്ഷ'മാണ്. മേല്പറഞ്ഞത് പോലെയുള്ള അബദ്ധങ്ങളുടെ വേലിയേറ്റമാണ് ലേഖനം നിറയെ, എന്നാലും അത് അവസാനിക്കുന്നത് ഒരു സത്യം പറഞ്ഞു കൊണ്ടാണ്: "ഈ അതുല്യ പ്രതിഭാശാലിയെയാണ്, സൈദ്ധാന്തികയെയാണ്, കമ്മ്യൂണിസ്റ്റ് പോരാളിയെയാണ്, മാനവസ്നേഹത്തിന്റെ ഉദാത്ത മാതൃകയെയാണ് വലതുപക്ഷ മൂരാച്ചി ഭരണകൂടം കൊന്നുകളഞ്ഞത്". ഇത് അക്ഷരം പ്രതി ശരിയാണ്. പക്ഷെ ഒരു കാര്യം കൂട്ടിച്ചേർക്കേണ്ടതുണ്ട്: ഈ മൂരാച്ചി ഭരണകൂടത്തെ നയിച്ചിരുന്നത് ജർമ്മൻ 'ഇടതുപക്ഷ'മാണ്. അങ്ങനെയെങ്കിൽ ഇതേ വർഗ്ഗയുക്തി പ്രകാരം സോഷ്യൽ ഡമോക്രസിയുടെ ഇന്ത്യൻ പതിപ്പായ ഇടതുപക്ഷം നയിക്കുന്ന ഭരണകൂടങ്ങളും അത്ര തന്നെ മൂരാച്ചി സ്വഭാവം ഉള്ളവയാണ് എന്ന് സമ്മതിക്കേണ്ടി വരും.
 
സോഷ്യൽ ഡമോക്രാറ്റിക് 'ഇടതുപക്ഷ'ത്തിന്റെ യഥാർത്ഥ "മൂരാച്ചി" വർഗ്ഗസ്വഭാവം ആദ്യമായി വെളിവാകുന്നത് ജർമ്മനിയിൽ ആണ്, എന്നാൽ അതിന് ശേഷം ലോകത്തിന്റെ പലഭാഗങ്ങളിൽ അരങ്ങേറിയ രാഷ്ട്രീയസംഭവവികാസങ്ങൾ വഴി തങ്ങൾ എല്ലായിടത്തും എപ്പോഴും വിപ്ലവപോരാട്ടങ്ങൾക്കും വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതിനും എതിരെ നിൽക്കുന്ന പ്രസ്ഥാനമാണെന്ന് അവർ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സ്ലാവോയ് സിസക് ഇങ്ങനെ ഒരു നിലപാടിൽ എത്തിച്ചേർന്നത്: "Perhaps the time has come to remember that throughout the twentieth century, social democracy was an instrument mobilised to counter the communist threat to capitalism" (in 'FIrst as tragedy Then as farce'). ഇരുപതാം നൂറ്റാണ്ടിൽ ഉടനീളം കമ്മ്യൂണിസത്തെ തടഞ്ഞു നിർത്താനുള്ള ഒരു ഉപകരണമായാണ് സോഷ്യൽ ഡമോക്രാറ്റിക് ഇടതുപക്ഷം ഉപയോഗിക്കപ്പെട്ടത് എന്ന് സിസക് പറയുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ജർമ്മനിയാണ്; അതിന്റെ ഭാഗമായാണ് ജർമ്മൻ ഇടതുപക്ഷം റോസയെ വധിച്ചത്. ഇതേ വർഗ്ഗസ്വഭാവം തന്നെയാണ് ഇന്ത്യൻ ഇടതുപക്ഷത്തിനും ഉള്ളത്. ജീർണ്ണിക്കുന്ന മുതലാളിത്ത വ്യവസ്ഥതയുടെ ഏറ്റവും വലിയ സംരക്ഷകരായാണ് ഇന്ന് ഇടതുപക്ഷം പ്രവർത്തിക്കുന്നത്. കാരണം, ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ (ഭരണത്തിൽ ഇരിക്കുന്ന കേരളത്തിൽ പ്രത്യേകിച്ചും) സകല പ്രതിസന്ധികളും മോശം ഭരണത്തിന്റെ സൃഷ്ടി ആണെന്നും, ക്ഷേമരാഷ്ട്ര-ജനപക്ഷവികസന സങ്കല്പങ്ങളോട് കൂടിയ ഇടതുപക്ഷഭരണം സകല പ്രതിസന്ധികളെയും തരണം ചെയ്യാൻ പര്യാപ്തമാണ് എന്നുമാണ്. "എൽഡിഎഫ് വരും എല്ലാം ശരിയാവും" എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഇതിന് ഏറ്റവും വലിയ തെളിവാണ്. ഇടതുപക്ഷം ഭരിച്ചാൽ മുതലാളിത്തവ്യവസ്ഥയിൽ തന്നെ എല്ലാം ശരിയാവും എങ്കിൽ ഈ പ്രതിസന്ധികൾ ഒന്നും തന്നെ മുതലാളിത്തത്തിന്റെ ഘടനാപരമായ വൈരുദ്ധ്യങ്ങളിൽ നിന്നും ഉടലെടുക്കുന്നവയല്ല എന്നാണ് അർത്ഥം. അപ്പോൾ പിന്നെ മുതലാളിത്തവ്യവസ്ഥ മാറ്റേണ്ടതിന്റെ ആവശ്യം ഇല്ലല്ലോ, അങ്ങനെയെങ്കിൽ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ ആവശ്യവും ഇല്ലല്ലോ! ഇത് ഇടതുപക്ഷത്തിന്റെ സോഷ്യൽ ഡമോക്രാറ്റിക് മുഖം പൂർണ്ണമായും അനാവരണം ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥയോടും ബൂർഷ്വ ഭരണകൂടത്തോടും ഈ പെറ്റിബൂർഷ്വ ദാസ്യ മനോഭാവം വച്ച് പുലർത്തുന്നത് കൊണ്ടുതന്നെ മൗലികമായ സാമൂഹികമാറ്റത്തിന് വേണ്ടിയുള്ള സകല പ്രവർത്തനങ്ങളെയും ഇടതുപക്ഷം നഖശിഖാന്തം എതിർക്കും. നാളെ ഇന്ത്യൻ തൊഴിലാളിവർഗ്ഗം മുതലാളിത്തത്തെ തച്ചുടക്കാൻ തെരുവിൽ ഇറങ്ങുമ്പോൾ അവരിലെ റോസകളുടെ തലയടിച്ചു പിളർക്കാൻ മുൻനിരയിൽ ഉണ്ടാവുക നിലവിലുള്ള വ്യവസ്ഥയുമായി മുഴുവനായും ഐക്യപ്പെട്ടുകഴിഞ്ഞ, അതിന്റെ ഗുണഭോക്താക്കളായ, ഇടതുപക്ഷ നേതൃത്വമായിരിക്കും എന്ന കാര്യത്തിൽ മാർക്സിസ്റ്റുകാർക്ക് സംശയം ഒന്നും വേണ്ട.