Saturday 13 February 2021

വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ആർക്കാണ് പേടി?

ബി. ബിപിൻ

 
പേരിൽ കമ്മ്യൂണിസവും മാർക്സിസവും ഒരുമിച്ചുള്ള പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അലങ്കരിക്കുന്നയാളാണ് എം. വി. ഗോവിന്ദൻ. കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി സംസ്ഥാനതലത്തിൽ തന്നെ ദാർശനികവിഷയങ്ങളിൽ പാർട്ടി ക്ലാസ് കൈകാര്യം ചെയ്യുന്നയാളും ആണ്. അങ്ങനെയൊരാൾ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ച് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണമല്ലോ. ശ്രദ്ധിച്ചു. ഒരു കാര്യം ആദ്യം തന്നെ മനസ്സിലായി, എം. വി. ഗോവിന്ദന് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. കാലങ്ങളായി ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ നിന്നും വൈരുദ്ധ്യാത്മകത പഠിക്കുന്നവരുടെ കാര്യം ഓർക്കാതിരിക്കുന്നതാണ് ഭേദം.
 
എന്താണ് ഗോവിന്ദന്റെ പ്രധാന വാദം? വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ന് ഇന്ത്യയിൽ പ്രായോഗികമല്ല, അല്ലെങ്കിൽ ഇതിനെ മുൻനിർത്തി ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ല. എന്താണ് അതിന്റെ കാരണം? ഇന്ത്യ ഇനിയും ബൂർഷ്വ വിപ്ലവത്തിന്റെ ഘട്ടത്തിൽ പോലും എത്തിയിട്ടില്ല, നമ്മൾ ഇന്നും ഫ്യൂഡൽ ജീർണ്ണതയുടെ പിടിയിലാണ്. ഇവിടെ ജനങ്ങളിൽ ഭൂരിഭാഗവും ഏതെങ്കിലും ഒരു മതത്തിന്റെ പിടിയിലാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ വിശ്വാസികളെ കൂടെനിർത്തിക്കൊണ്ട് മാത്രമേ വിപ്ലവപാർട്ടികൾക്ക് പോലും പ്രവർത്തിക്കാനാവൂ. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമായ പ്രവർത്തനം ഈ സാഹചര്യങ്ങളിൽ സാധിക്കില്ല. വൈരുദ്ധ്യാത്മകതയെ കൈയ്യൊഴിഞ്ഞതിന് കാരണമായി ഗോവിന്ദൻ പറയുന്ന ഈ വാദങ്ങളിൽ വല്ല കഴമ്പും ഉണ്ടോ?
 
 
എന്താണ് ഈ വൈരുദ്ധ്യാത്മക ഭൗതികവാദം? അതൊരു തത്വശാസ്ത്രമാണോ? ചിന്താപദ്ധതി ആണോ? രീതിശാസ്ത്രം ആണോ? എൻഗൽസ് പറയുന്നത് ശ്രദ്ധിക്കാം:
 
"Dialectics, however, is nothing more than the science of general laws of motion and development of nature, human society and thought". (Anti-Duhring)
 
അതായത്, "വൈരുദ്ധ്യാത്മകത എന്നാൽ പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെയും ചിന്തയുടെയും ചലനത്തിന്റെയും വികാസത്തിന്റെയും പൊതുവായ നിയമങ്ങളുടെ ശാസ്ത്രം അല്ലാതെ മറ്റൊന്നുമല്ല". പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെയും ചലനവും വികാസവും വൈരുദ്ധ്യാത്മകമായ പ്രക്രിയകൾ ആണ്. അതുകൊണ്ടാണ് അവ വിശകലനം ചെയ്യാനും പഠിക്കാനും വൈരുദ്ധ്യാത്മകതയിൽ അധിഷ്ഠിതമായ ഒരു രീതിശാസ്ത്രം വേണം എന്ന് മാർക്സിസം പറയുന്നത്. യാഥാർഥ്യം വൈരുദ്ധ്യാത്മകമാണ്, അപ്പോൾ യാഥാർഥ്യത്തെ പഠിക്കാനും മാറ്റാനും വൈരുദ്ധ്യാത്മകമായ ചിന്ത തന്നെ അവലംബിക്കണം. ഇതുകൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദം മാർക്സിസത്തിന്റെ പ്രപഞ്ചവീക്ഷണം ആയി മാറുന്നത്.
 
അതിനാൽ വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രായോഗികമാണ് എന്ന് പറയുന്നതിന്റെ അർത്ഥം മാർക്സിസം തന്നെ അപ്രായോഗികമാണ് എന്നാണ്.
 
വൈരുദ്ധ്യാത്മക ഭൗതികവാദം ഒരു തത്വശാസ്ത്രം അല്ല, അത് കമ്മ്യൂണിസ്റ്റുകാരുടെ പ്രപഞ്ചവീക്ഷണമാണ് (Weltanschauung എന്നാതാണ് എൻഗൽസ് ഉപയോഗിക്കുന്ന ജർമ്മൻ വാക്ക്) എന്ന് മാർക്‌സും എൻഗൽസും നിരന്തരം വ്യക്തമാക്കുന്നുണ്ട്. പ്രകൃതിയിലും സമൂഹത്തിലും ഉണ്ടാവുന്ന എല്ലാ സംഭവവികാസങ്ങളെയും മാർക്സിസം വിശകലനം ചെയ്യുന്നത് ഭൗതികപരമായ വൈരുദ്ധ്യാത്മകതയുടെ കണ്ണുകളിൽ കൂടി ആണ്. അതുകൊണ്ട് തന്നെ വികസിതമായ സമൂഹങ്ങളിൽ മാത്രമേ വൈരുദ്ധ്യാത്മക ഭൗതികവാദം ഉപയോഗിക്കാനാവൂ എന്ന ഗോവിന്ദന്റെ ആശയം ശുദ്ധ അസംബന്ധമാണ്.
 
1848 ലെ യൂറോപ്പ്യൻ ജനാതിപത്യ വിപ്ലവങ്ങൾ മാർക്സ് വിശകലനം ചെയ്തത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചാണ് (The revolutions of 1848 എന്ന മാർക്സിന്റെ ലേഖനസമാഹാരം കാണുക). പിന്നോക്കാവസ്ഥ നിലനിന്നിരുന്ന റഷ്യയിൽ 1905ൽ അരങ്ങേറിയ ജനാധിപത്യ വിപ്ലവങ്ങളും ലെനിൻ പഠിച്ചത് വൈരുദ്ധ്യാത്മകമായി തന്നെ! (ലെനിന്റെ Two Tactics of Social Democracy in the Democratic Revolution എന്ന പുസ്തകം). എന്തിനേറെ പറയുന്നു, പ്രിമിറ്റിവ് കമ്മ്യൂണിസത്തിൽ നിന്നും വർഗ്ഗവിഭജനത്തിൽ ഊന്നിയ സമൂഹങ്ങളിലേക്കുള്ള ആദിമമനുഷ്യന്റെ പ്രയാണം പോലും എൻഗൽസ് പഠിക്കുന്നത് (Origin of family, private property and state എന്ന ഗ്രന്ഥം) വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചാണ്.
 
ഇന്ത്യൻ സാഹചര്യങ്ങളിൽ ആണെങ്കിൽ സിന്ധുനദീതട നാഗരികതയുടെ തകർച്ച, ജാതിസംവിധാനത്തിന്റെ വളർച്ച, മുഗൾ സാമ്രാജ്യത്തിന്റെ തകർച്ച, ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ച എന്നീ ചരിത്രസന്ധികളെയെല്ലാം മാർക്സിസം സമീപിക്കുന്നത് വൈരുദ്ധ്യാത്മകമായാണ്. അതുകൊണ്ട് ഇന്ത്യ ഇന്നും ഫ്യൂഡൽ ജീർണ്ണതയുടെ പിടിയിലാണ് എന്ന ഗോവിന്ദന്റെ വാദം ശരിയാണെങ്കിൽ തന്നെയും മാർക്സിസ്റ്റുകരുടെ കാഴ്ചപ്പാടിലോ പ്രപഞ്ചവീക്ഷണത്തിലോ വിശകലനരീതിയിലോ യാതൊരു മാറ്റവും ഉണ്ടാവില്ല. ഈ ജീർണ്ണതയുടെ സാഹചര്യത്തിൽ എങ്ങനെയാണ് തൊഴിലാളിവർഗ്ഗപ്രസ്ഥാനങ്ങൾ പ്രവർത്തിക്കേണ്ടത് എന്ന വിശകലനം വൈരുദ്ധ്യാത്മകമായി തന്നെ നടത്തേണ്ടുന്ന ഒന്നാണ്.
 
എന്നാൽ ഇന്ത്യ ഇന്ന് ഫ്യൂഡലിസത്തിന്റെ പിടിയിലാണോ? ഒരു സമൂഹത്തിലെ ഉൽപ്പാദനവ്യവസ്ഥ ഏതാണ് എന്ന് മനസ്സിലാക്കുന്നത് അവിടുത്തെ ജനങ്ങളുടെ കാഴ്ചപ്പാട് നോക്കിയിട്ടല്ല. ആ സമൂഹത്തിന്റെ ഭൗതിക സാഹചര്യം നോക്കിയിട്ടാണ്. ഇന്ത്യൻ സാമൂഹികവ്യവസ്ഥയിൽ ചരക്കുവൽക്കരിക്കപ്പെടാത്തതായി ഒന്നും തന്നെ ഇന്നില്ല, ഏറ്റവും പിന്നോക്കമുള്ള ഗ്രാമങ്ങളിൽ പോലും കൂലിവേല നിലവിൽ വന്നു കഴിഞ്ഞു, കൃഷിയിൽ അടക്കം ഉൽപ്പാദനത്തിന്റെ ബഹുഭൂരിപക്ഷവും വിപണിയെ ലക്ഷ്യമാക്കി ഉള്ളതാണ്. ഭൗതികസാഹചര്യങ്ങളുടെ വെളിച്ചത്തിൽ എങ്ങനെ നോക്കിയാലും ഇന്ത്യ ഒരു അടിമുടി മുതലാളിത്തസമൂഹമാണ്.
 
അങ്ങനെയെങ്കിൽ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രമായ ജാനാധിപത്യ ആശയങ്ങളും ശാസ്ത്രബോധവും ബൂർഷ്വ സമത്വസങ്കൽപ്പങ്ങളും എന്തുകൊണ്ടാണ് ഇന്ത്യയിൽ ദിനംപ്രതി കുറഞ്ഞു വരുന്നത്? എന്തുകൊണ്ടാണ് നമ്മൾ മതങ്ങളിലേക്കും ജാതിയിലേക്കും ആചാരങ്ങളിലേക്കും മടങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നത്? ജീർണ്ണതയിലേക്കുള്ള ഈ മടങ്ങി പോക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇന്നും ഫ്യൂഡലിസത്തിന്റെ പിടിയിലാണ് എന്ന് ഗോവിന്ദൻ വാദിക്കുന്നത്. എന്നാൽ ഈ ആശയജീർണ്ണത ഫ്യൂഡൽ വ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്നതല്ല; മുതലാളിത്ത ജീർണ്ണതയുടെ ഉൽപ്പന്നങ്ങളാണ് അവ.
 
മുതലാളിത്തത്തിന്റെ പ്രാരംഭഘട്ടത്തിൽ ആണ് അത് പുരോഗമനപരവും ഫ്യൂഡൽ വിരുദ്ധവും ആയ ആശയങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ഇന്ന് ലോകമാകമാനം (ഇന്ത്യയിലും) മുതലാളിത്തം ജീർണ്ണിച്ച് കൊണ്ടിരിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നും കര കേറാൻ അതിന് ആവുന്നതേ ഇല്ല. ജീർണ്ണിച്ച ആശയങ്ങളുടെ മടങ്ങിവരവിനും ഫാഷിസത്തിന്റെ വളർച്ചക്കും എല്ലാം കാരണം മുതലാളിത്തത്തിന്റെ പ്രതിസന്ധി ജനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന അരക്ഷിതാവസ്ഥയും അന്യവൽക്കരണവും ആണ്. അല്ലാതെ നമ്മൾ ഫ്യൂഡൽ വ്യവസ്ഥയിൽ ആയതുകൊണ്ടല്ല. മതഭ്രാന്തിലേക്കും വർണ്ണവെറിയിലേക്കും യുക്തിരഹിതമായ ദേശഭക്തിയിലേക്കും ഫാഷിസത്തിലേക്കും ഉള്ള പോക്ക് യുഎസിലും യൂറോപ്പിലും വരെ ഇന്ന് പ്രകടമാണ്. ഇതെല്ലാം ഫ്യൂഡലിസം കാരണമല്ല, മുതലാളിത്തത്തിന്റെ ജീർണ്ണത കാരണമാണ്.
 
ഗോവിന്ദന് ഇത് മനസിലാവാത്തത് അദ്ദേഹം വൈരുദ്ധ്യാത്മക ഭൗതികവാദം കൈയ്യൊഴിഞ്ഞത് കൊണ്ടാണ്. മുതലാളിത്തം പ്രതിസന്ധികളിൽ പെട്ട് ഉലയുമ്പോൾ, ഈ ജീർണ്ണതയിൽ ഫാഷിസം തഴച്ചു വളരുമ്പോൾ, വൈരുദ്ധ്യാത്മകത അപ്രായോഗികമാവുകയല്ല ചെയ്യുന്നത്. മറിച്ച്, മനുഷ്യചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ഒരു പക്ഷെ വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്നത്തെപ്പോലെ ഇത്രയും പ്രസക്തമായി മാറിയിട്ടില്ല. മുതലാളിത്തത്തെയും ഫാഷിസത്തെയും അവ ഉൽപ്പാദിപ്പിക്കുന്ന ജീര്ണതയേയും എതിരിടാൻ ഇന്ന് തൊഴിലാളിവർഗ്ഗത്തിന്റെ ഏറ്റവും ശക്തമായ ആയുധമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.
 
എന്നാൽ ഭൗതികപരമായ വൈരുദ്ധ്യത്മകതക്ക് ഒരു പ്രശ്നമുണ്ട്, അത് എല്ലായ്പ്പോഴും വിപ്ലവാത്മകമാണ്. അതുകൊണ്ടുതന്നെ വ്യവസ്ഥയുമായി സമരസപ്പെട്ട് മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന അവസരവാദികൾക്ക് അത് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കും. അധികാരം മാത്രം ലക്‌ഷ്യം വെച്ചുള്ള തങ്ങളുടെ അവസരവാദ ചുവടുമാറ്റങ്ങൾക്ക് മാർക്സിസവും വൈരുദ്ധ്യാത്മക ഭൗതികവാദവും ഒരു വിലങ്ങുതടിയാണ് എന്ന തിരിച്ചറിവാണ് അവയെ "അപ്രായോഗികം" ആയി മുദ്ര കുത്താനുള്ള യഥാർത്ഥ പ്രേരണ.
 
"മാർക്സിസ്റ്റ്‌" എന്ന് ഊറ്റം കൊള്ളുന്ന പാർട്ടികൾ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പകരം "വികസനത്തിന്റെ ശരണംവിളി"കളുമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന വേളയിൽ ഗോവിന്ദനെ പോലെ ഉള്ളവർക്ക് എന്തുകൊണ്ടാണ് വൈരുദ്ധ്യാത്മകതയിൽ വലിയ "ഉറപ്പ്" തോന്നാത്തത് എന്ന ചോദ്യത്തിന് ക്യാപിറ്റലിന്റെ രണ്ടാം ജർമ്മൻ പതിപ്പിന് എഴുതിയ കുറിപ്പിൽ മാർക്സ് തന്നെ ഉത്തരം നൽകുന്നുണ്ട്
 
"വൈരുദ്ധ്യാത്മകത, അതിന്റെ യുക്തിസഹമായ രൂപത്തിൽ, ബൂർഷ്വാസിക്കും അവരുടെ തത്വോപദേശകരായ പ്രൊഫസർമാർക്കും അപവാദപരവും വെറുപ്പുളവാക്കുന്നതും ആയ ഒന്നാണ്. കാരണം, വൈരുദ്ധ്യാത്മകത നിലനിൽക്കുന്ന സാഹചര്യത്തെ ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ ഈ സാഹചര്യത്തിന്റെ നിരാസവും അനിവാര്യമായ അതിന്റെ തകർച്ചയും കൂടി തിരിച്ചറിയുന്നു; ചരിത്രപരമായി ഉടലെടുത്ത ഏതൊരു സാമൂഹികരൂപത്തെയും അത് ചലനാത്മകമായി നോക്കിക്കാണുന്നു, അതിനാൽ തന്നെ അതിന്റെ ക്ഷണികതയും നശ്വരതയും അത് കണക്കിലെടുക്കുന്നു; മറ്റൊന്നിനെയും അതിനു മുകളിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കാതിരിക്കുക വഴി വൈരുദ്ധ്യാത്മകത അതിന്റെ ഉള്ളടക്കത്തിൽ വിമർശനാത്മകവും വിപ്ലവകരവും ആയിത്തീരുന്നു."
 
മാർക്സിസ്റ്റ്‌ വൈരുദ്ധ്യാത്മകതയുടെ ഈ വിപ്ലവോന്മുഖത വ്യവസ്ഥയുടെ കാവൽക്കാർക്ക് ഒരു ഭീഷണിയാണ്. അതുകൊണ്ടാണ് അത് പെട്ടെന്ന് "അപ്രായോഗിക"മായി മാറുന്നത്. വികസനത്തിന്റെ ശരണംവിളികൾ വർഗ്ഗസമരത്തിന്റെ യുദ്ധകാഹളത്തിന് പകരമാവും എന്ന് ധരിക്കുന്നവർക്ക്‌ വൈകാതെ മനസ്സിലാവും കാലഹരണപ്പെടുന്നത് മാർക്സിസ്റ്റ് വൈരുദ്ധ്യാത്മകത അല്ല, വ്യവസ്ഥയുടെ ഭാഗമായിക്കഴിഞ്ഞ റിഫോർമിസ്റ്റ് ഇടതുപക്ഷമാണ് എന്ന്!

No comments:

Post a Comment