Tuesday 10 June 2014

യാഥാസ്ഥിതിക ബൂർഷ്വാസി മാർക്സിസ്റ്റു പാർട്ടിയോട് പറയുന്നത് എന്തെന്നാൽ.....

അരുണിമ 


'മലയാള മനോരമ' വർഗ്ഗപരമായി ഒരു യാഥാസ്ഥിതിക (conservative) ബൂർഷ്വാ പത്രമാണെന്ന്  മനസ്സിലാക്കാൻ വലിയ മാർക്സിസ്റ്റു പരിജ്ഞാനമൊന്നും ആവശ്യമില്ല. റാഡിക്കൽ സ്വഭാവമുള്ള ബൂർഷ്വാ പാർട്ടികളെ പോലും ഉൾക്കൊള്ളാനാവാത്ത ഈ പത്രത്തിന് മാർക്സിസം - ലെനിനിസം അന്തിക്രിസ്തുവിനു സമാനമായി തോന്നിയാൽ അതിൽ അത്ഭുതം ഏതുമില്ല. ഉൽപ്പാദന വ്യവസ്ഥിതിക്കു മേലുള്ള തങ്ങളുടെ നീരാളിപ്പിടുത്തം തുടർന്ന് കൊണ്ടുപോകുന്നതിനായി ജാതി-മത-ഫ്യൂഡൽ ശക്തികളുമായി എന്ത് ഒത്തുതീർപ്പിനും തയ്യാറാവുകയും വേണമെങ്കിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് ഇത്തരം ശക്തികൾക്ക്  പടർന്നു പന്തലിക്കാൻ അവസരമുണ്ടാക്കുകയും ചെയ്യുന്ന പിന്തിരിപ്പാൻ ബൂർഷ്വാ സാംസ്കാരിക ജീർണ്ണതയുടെ ദുർഗന്ധം വമിക്കുന്ന ഉദാഹരണമായി 'മനോരമ' നമുക്കിടയിൽ ഉണ്ട്. അതുകൊണ്ട്  തന്നെ മാർക്സിസ്റ്റു വിപ്ലവകാരികൾ 'മനോരമ' ദിവസേന മനസ്സിരുത്തി വായിക്കേണ്ടത് അത്യാവശ്യമാണ് ; യാഥാസ്ഥിതിക ബൂർഷ്വാസിയുടെ വർഗ്ഗസമീപനം മനസ്സിലാക്കാൻ ഇതിനെക്കാൾ നല്ല മാർഗ്ഗം വേറെ ഇല്ല. മാർക്സിസത്തെ കുറിച്ചോ മാർക്സിസ്റ്റു  പാർട്ടികളെ കുറിച്ചോ 'മനോരമ' എഴുതുമ്പോൾ, ഇവ ഉപദേശങ്ങളാണെങ്കിൽ പ്രത്യേകിച്ചും, അവ വളരെ സൂക്ഷ്മമായ വായനക്ക് വിധേയമാക്കപ്പെടെണ്ടതുണ്ട്. വിപ്ലവപ്രസ്ഥാനങ്ങൾ ഏതു വഴിക്ക് നടന്നു കാണാനാണ് ബൂർഷ്വാ ശക്തികൾക്കു താല്പര്യം എന്ന് നമുക്ക് ഇത്തരം 'ഉപദേശങ്ങൾ' പറഞ്ഞു തരും. ഇത്തരം വിലമതിക്കാനാവാത്ത ഉപദേശപ്രകടനങ്ങളിലെ ഒടുവിലത്തെ ഏടാണ് 31-05-2014 ലെ മനോരമയിലെ പൊള്ളുന്ന വാർത്ത. ഒന്നാം പേജിൽ തന്നെ വെണ്ടക്കയായി ജയചന്ദ്രൻ ഇലങ്കത്തിന്റെ സാരോപദേശപരാക്രമം: "ഒടുവിൽ പാർട്ടി തിരിച്ചറിയുന്നു; വിപ്ലവം അടുത്തെങ്ങും വരില്ല സഖാവേ...". 

ലേഖകന്റെ പ്രധാന വാദങ്ങൾ ഇങ്ങനെ പോകുന്നു:
1. എം. എ. ബേബിയുടെ പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം മ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ വിപ്ലവം സ്വപ്നം കാണേണ്ടെന്നും അത് അടുത്തൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അഭിപ്രായമുയർന്നു.
2. അതിനാൽ, ജനാധിപത്യ രാജ്യത്തിന് ചേർന്ന തരത്തിൽ പ്രവർത്തനപരിപാടികളും സമീപനങ്ങളും രൂപപ്പെടുത്തണം.
3. സാധാരണക്കാരന്  ദഹിക്കുന്ന വിധം വിഷയങ്ങൾ  കൈകാര്യം ചെയ്യണം, ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കാൻ നേതാക്കൾ തയാറാവണം. ലേഖനത്തിന്റെ ബാക്കിഭാഗത്ത്‌  കൊല്ലത്തെ പരാജയത്തെ കുറിച്ചുള്ള ജില്ലാ കമ്മിറ്റി ചർച്ചയുടെ 'മനോരമീകരിച്ച' വിവരണം വായിക്കാം.

ജയചന്ദ്രന്റെ ലേഖനം ജില്ലാ കമ്മിറ്റി ചർച്ചയുടെ വസ്തുനിഷ്ഠമായ ഒരു വിവരണം അല്ല എന്നത്  പ്രകടമാണ്; ചർച്ചയുടെ മനോരമക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങൾ പെരുപ്പിച്ചുകാണിച്ചും മറ്റുള്ളവ മറച്ചുപിടിച്ചും കൊണ്ടുള്ള ഒരു സർക്കസ്സുകളിയാണ്  ലേഖകൻ നടത്തുന്നത് എന്നത്  സുവ്യക്തം. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചെടുത്തോളം പ്രസക്തമായ ചോദ്യം എന്തുകൊണ്ട്  മനോരമയെപ്പോലുള്ള ഒരു യാഥാസ്ഥിതിക ബൂർഷ്വാ പത്രം മേൽപ്പറഞ്ഞ മൂന്നുകാര്യങ്ങളെ പെരുപ്പിക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. പ്രത്യക്ഷത്തിൽ ക്രിയാത്മകമായി തോന്നിയേക്കാവുന്ന ഈ നിർദേശങ്ങൾ, അവ ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും ഇല്ലെങ്കിലും, എന്തിനു ബൂർഷ്വാസി തന്റെ പ്രധാന പത്രത്തിൽ വേണ്ടക്കയാകണം, അത്  പാർട്ടിയെ സഹായിക്കുകയല്ലേ ഉള്ളൂ? ഈ ചോദ്യത്തിനുള്ള ഉത്തരം ഇത്തരം നിർദേശങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പിന്തിരിപ്പൻ വിത്തുകളെ വളരെ വേഗം മനസ്സിലാക്കാൻ മനോരമയുടെയും ജയച്ചന്ദ്രന്റെയും ബൂർഷ്വാ വർഗ്ഗബോധം അവരെ പ്രപ്തരാക്കിയിട്ടുണ്ട് എന്നതാണ്. ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ കാരണങ്ങളെക്കുറിച്ചുള്ള തികച്ചും അബദ്ധജടിലവും ഉപരിപ്ലവവുമായ വിശകലനത്തിൽ നിന്നും ഉരുത്തിരിയുന്നവയാണ്  മേൽപ്പറഞ്ഞത്‌ പോലുള്ള നിർദേശങ്ങൾ, അതുകൊണ്ട് തന്നെയാണ്  മനോരമ അവയ്ക്ക്  ആദ്യപേജിൽ സ്ഥാനം കൊടുത്തതും. മനോരമ അമിതവാല്സല്യം കാണിക്കുന്ന ഈ നിർദ്ദേശങ്ങൾ വിപ്ലവപ്രസ്ഥാനങ്ങളെ മാർക്സിസം-ലെനിനിസത്തിന്റെ പാതയിൽ നിന്നും ബഹുദൂരം മാറ്റി ബൂർഷ്വാസിയുടെ അടുക്കളയിൽ തളച്ചിടുന്നത്  എങ്ങനെയാണ്  എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ഒന്നും രണ്ടും 'ഉപദേശങ്ങൾ' ഒരുമിച്ചു പരിശോധിക്കപ്പെടെണ്ടവ ആണ്. വിപ്ലവം ഇപ്പോളൊന്നും വരാൻ പോകുന്നില്ല, അതിനാൽ ജനാധിപത്യ രാജ്യത്തിന്  ഉതകുന്ന രീതിയിൽ പ്രവർത്തിക്കണം; ഇതാണ് അവയുടെ കാതൽ. ഒരു മാർക്സിസ്റ്റു പാർട്ടിയുടെ പ്രവർത്തനരീതിയും സമീപനവും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളെ കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കപ്പെടെണ്ടവ ആണ്. വിപ്ലവ പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടുത്തോളം രാഷ്ട്രീയ പ്രയോഗത്തെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ഒരു സമൂഹത്തിൽ മുതലാളിത്തം ആർജിച്ചു കഴിഞ്ഞിട്ടുള്ള വളർച്ചയാണ് ; മുതലാളിത്തം എത്തിനില്ക്കുന്ന ഘട്ടത്തെക്കുറിച്ചും തന്മൂലം ഉണ്ടായിട്ടുള്ള വർഗ്ഗധ്രുവീകരണത്തെ കുറിച്ചുമുള്ള കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലാണ്  ഒരു മാർക്സിസ്റ്റു പാർട്ടി അതിന്റെ സമരതന്ത്രം രൂപപ്പെടുത്തുന്നത്. എന്നാൽ, മനോരമയുടെ ഉപദേശം മേൽപ്പറഞ്ഞ മാർക്സിസ്റ്റു പാഠം ഉൾക്കൊണ്ടു കൊണ്ടുള്ളതല്ല, അതിന്റെ ആധാരം മറ്റൊന്നാണ്. വിപ്ലവം സ്വപ്നം കാണേണ്ടെന്നും, അത് അടുത്തൊന്നും വരില്ലെന്നുമുള്ള ഉപദേശം നമുക്ക് പരിശോധിക്കാം. വിപ്ലവവും സോഷ്യലിസ്റ്റ്‌  വ്യവസ്ഥിതിയും പുറത്തെവിടെ നിന്നോ വരേണ്ടുന്ന ഒരു സംഭവമാണെന്ന കാല്പ്പനിക ധാരണ ബൂർഷ്വാ-പെറ്റി ബൂർഷ്വാ ചിന്തകരും അനാർക്കിസ്റ്റുകളും പങ്കിടുന്ന ഒന്നാണ്. സകല അധർമ്മങ്ങളെയും ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കുന്നത് പോലെ, നിലനില്ക്കുന്ന സമൂഹത്തിനു പുറത്തു നിന്നും വന്നുഭവിക്കുന്ന ഒന്നായി അവർ വിപ്ലവത്തെ കാണുന്നു. ഇതുകൊണ്ട് തന്നെയാണ് അനാർകിസ്റ്റുകൾ ബൂർഷ്വാ രാഷ്ട്രീയത്തിൽ ഇടപെടാതെ സോഷ്യലിസ്റ്റ്‌ വിപ്ലവം മുകളിൽ നിന്നും ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ മാർക്സിനെ സംബന്ധിച്ചെടുത്തോളം കമ്മ്യൂണിസത്തിന്റെ ബീജം മുതലാളിത്തത്തിൽ തന്നെയാണ് ഉള്ളത്; "communism from the womb of capitalism" എന്നതാണ് മാർക്സിസ്റ്റു പാഠം. മുതലാളിത്തത്തിന് കീഴിൽ ഉല്പാദനവ്യവസ്ഥ പരമാവധി സാമൂഹികവൽക്കരിക്കപ്പെടുമ്പോൾ അവയുടെ പിന്നീടുള്ള വളർച്ചക്ക്  തടസ്സം നില്ക്കുന്ന ഒരു ആവരണം മാത്രമായി മുതലാളിത്തം മാറുന്നു; ഇവിടെയാണ്‌  മുതലാളിത്തത്തിന് ബദലായി കമ്മ്യൂണിസം ഉയർന്നു വരുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു സ്വാഭാവിക പരിണാമത്തിനു മുതലാളിത്തവ്യവസ്ഥിയിൽ ഭരണവർഗ്ഗമായ ബൂർഷ്വാസി തടസ്സം നിൽക്കുമ്പോളാണ്  ഒരു സോഷ്യലിസ്റ്റ്‌ വിപ്ലവം ആവശ്യമായി വരുന്നത്, അതിലേക്കു നയിക്കുന്നതാവട്ടെ മുതലാളിത്ത ഉൽപ്പാദനപ്രക്രിയ നിരന്തരം ഉയർത്തുന്ന പ്രതിസന്ധികളും. 

ലോകമെമ്പാടും ഇന്ന് മുതലാളിത്തവ്യവസ്ഥ അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങളിൽ പെട്ട് ഉലയുകയാണ് . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത വിധം വർദ്ധിച്ചിരിക്കുന്നു, മുതലാളിത്തത്തിന്റെ മടിത്തട്ടായി അറിയപ്പെടുന്ന കിഴക്കൻ യൂറോപ്പിലും അമേരിക്കയിലും പോലും സാമ്പത്തിക പ്രതിസന്ധികൾ അടിക്കടി ആവർത്തിക്കപ്പെടുന്നു, യാതൊരു പ്രേരണയും കൂടാതെ തന്നെ ഇത്തരം രാജ്യങ്ങളിൽ മുതലാളിത്തത്തിനെതിരായുള്ള സമരങ്ങൾ ഉയർന്നു  വരുന്നു, സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനായി സൈനിക മുന്നേറ്റങ്ങൾ ഒഴിച്ചുകൂടാനാവാത്ത മാർഗ്ഗമായി മാറുന്നു, നവസാമ്രാജ്യത്വതിന്റെ പ്രയാണത്തിൽ മൂന്നാം ലോക രാഷ്ട്രങ്ങൾ ചവിട്ടിയരക്കപ്പെടുന്നു, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പട്ടിണി മരണങ്ങൾ ഒരു വാർത്തയല്ലാതായി മാറുന്നു, മുതലാളിത്തത്തിന്റെ മുഖമുദ്രയായ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരവും വ്യവസായവും കൃഷിയും തമ്മിലുള്ള അന്തരവും ഒരിക്കലുമില്ലാത്ത തരത്തിൽ പ്രത്യക്ഷമാവുന്നു, മുതലാളിത്തത്തിന്റെ രാഷ്ട്രീയപ്രയോഗരൂപമായ ലിബറൽ ജനാധിപത്യം ജീർണ്ണതയുടെ അറ്റം കണ്ടു കഴിഞ്ഞു, മുതലാളിത്തം ഉൽപ്പാദിപ്പിക്കുന്ന സാംസ്കാരികവും വൈയക്തികവുമായ ജീർണ്ണതകൾ മറക്കാൻ ജനത ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതയിൽ അഭയം തേടുന്നു. ഇതെല്ലാം നമുക്ക്  കാണിച്ചുതരുന്നത്  മുതലാളിത്തത്തിന്റെ പുരോഗമനപരമായ ഘട്ടം എന്നോ അവസാനിച്ചെന്നും ബൂർഷ്വാ ഉല്പ്പാദന വ്യവസ്ഥിതിയെ തച്ചുടക്കാനുള്ള സമയം അതിക്രമിച്ചു എന്നുമാണ്. മുതലാളിത്തവും ബൂർഷ്വാ വ്യവസ്ഥിതിയും ചീഞ്ഞു നാറുകയാണ്  എന്ന്  നമുക്ക് മനസ്സിലാവുന്നത്  അവയുടെ ആന്തരിക വൈരുധ്യങ്ങളിലേക്ക്  ശ്രദ്ധ കേന്ദ്രീകരിക്കുമ്പോലാണ് , ഇതിൽ നിന്നും തൊഴിലാളി വർഗ്ഗത്തെയും വിപ്ലവ പ്രസ്ഥാനങ്ങളെയും പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ് ബൂർഷ്വാസി  വിപ്ലവം 'മുകളിൽ' നിന്നും വരേണ്ടുന്ന ഒന്നായി ചിത്രീകരിക്കുന്നത്. മനോരമയും ജയചന്ദ്രനും നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയാണ്; വിപ്ലവം അടുത്തൊന്നുമല്ല ഒരിക്കലും 'വരില്ല', കാരണം അത് മുതലാളിത്ത വ്യവസ്ഥിതിയുടെ വിള്ളലുകളിൽ നിന്നും പൊട്ടി മുളക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള വിള്ളലുകൾ ദിവസേനെ എന്നോണം ബൂർഷ്വാഘടനയിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്‌ . മനോരമ പറയുന്നത് ശരിയാണ്, വിപ്ലവം നാം സ്വപ്നം കാണേണ്ട കാര്യമില്ല, കാരണം നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് വിപ്ലവ സാഹചര്യങ്ങളിൽ കൂടിത്തന്നെയാണ്.

എന്നാൽ, സോഷ്യലിസ്റ്റ്‌  സമൂഹസൃഷ്ടിക്കായി മുതലാളിത്തത്തിന്റെ ജീർണ്ണത മാത്രം പോര, അത്  വിപ്ലവത്തിനായുള്ള വസ്തുനിഷ്ഠമായ (objective) സാഹചര്യങ്ങൾ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ; ആത്മനിഷ്ഠമായ (subjective) സാഹചര്യം സൃഷ്ടിക്കുന്നതിൽ മാർക്സിസ്റ്റു-ലെനിനിസ്റ്റ്  പാർട്ടികൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ഈ സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനം തൊഴിലാളിവർഗ്ഗത്തിന്റെ വർഗ്ഗബോധവും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിക്കാനുള്ള അവരുടെ പാടവവും ആണ്. മുതലാളിത്തം ചീഞ്ഞുനാറി തുടങ്ങിയെങ്കിലും ഈ അവസ്ഥയെ വിപ്ലവകരമായി മുതലാക്കാൻ ഉതകുന്ന രീതിയിലുള്ള ആത്മനിഷ്ഠമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ലോകമെമ്പാടുമുള്ള മാർക്സിസ്റ്റു പ്രസ്ഥാനങ്ങൾ പരാജയം രുചിച്ചുകൊണ്ടിരിക്കുകയാണ്. സോവിയറ്റ്‌ യൂണിയന്റെ പതനത്തിനു ശേഷം മുതലാളിത്തം പിടിമുറുക്കിയ രാജ്യങ്ങളിലൊന്നും തന്നെ ശക്തമായ വിപ്ലവപ്രസ്ഥാനങ്ങൾ വളർത്തിക്കൊണ്ടുവരാൻ നമുക്കായിട്ടില്ല. സമ്പന്നരാജ്യങ്ങളിൽ മുതലാളിത്ത പ്രത്യയശാസ്ത്രം അതിന്റെ പ്രച്ഛന്ന രൂപങ്ങളിൽ സാംസ്കാരിക മണ്ഡലത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനാൽ തൊഴിലാളി വർഗ്ഗബോധം വളർത്തുക എന്നത്  വളരെ ശ്രമകരമായ ഒരു ജോലിയാവുന്നു; ഈ ജോലി ഏറ്റെടുക്കാനുള്ള സംഘടനാശേഷി ഇത്തരം രാജ്യങ്ങളിലെ ശോഷിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ ഇല്ലതാനും. മറ്റൊരു പ്രധാനപ്പെട്ട കാര്യം നവസാമ്രാജ്യത്വത്തിന്റെ ഫലമായി സൈനിക നിരീക്ഷണത്തിൽ മൂന്നാംലോകരാജ്യങ്ങളിൽ മുതൽമുടക്കി വാരിക്കൂട്ടുന്ന കൊള്ളലാഭത്തിന്റെ ഒരു ഭാഗം സമ്പന്നരാജ്യങ്ങളിൽ ഒരു വരേണ്യതൊഴിലാളി വിഭാഗത്തെ സൃഷ്ടിക്കാൻ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നുണ്ട്; ഈ വരേണ്യവിഭാഗത്തിന്റെ പ്രത്യയശാസ്ത്രസ്വാധീനം തൊഴിലാളി വർഗ്ഗത്തെയാകെ ബൂർഷ്വാസിയുമായി 'യോജിച്ച്' പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് [1]. ദരിദ്രരാജ്യങ്ങളിൽ ഇതിനു നേരെ വിപരീതമായ തന്ത്രങ്ങളാണ് ബൂർഷ്വാസി പ്രയോഗിക്കുന്നത്; മുതലാളിത്തത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങൾ തോഴിലാളിവർഗ്ഗത്തിൽ നിന്നും മറച്ചു പിടിക്കാൻ ഇവിടെ ബൂർഷ്വാസിക്കു ആവില്ല. അതിനാൽ തന്നെ ഇത്തരം വൈരുദ്ധ്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങൾക്ക് ജാതി-മത-ഗോത്ര വ്യാഖ്യാനങ്ങൾ നല്കി അടിച്ചമർത്തപ്പെട്ട വർഗ്ഗത്തെ മുഴുവൻ ഇതിന്റെ പേരിൽ ഭിന്നിപ്പിച്ച്  ഭരിക്കുകയാണ്   ഇവിടങ്ങളിലെ രീതി. ഏഷ്യയിലെയും ആഫ്രിക്കയിലെയും മിക്കവാറും രാജ്യങ്ങളിലെല്ലാം ഉയർന്നു വരുന്ന പ്രതിരോധമുന്നേറ്റങ്ങളെ ഈ തരത്തിൽ ഗതി മാറ്റിവിടാൻ അവർക്ക്  സാധിക്കുന്നുണ്ട്. ഇന്ത്യയിൽ ഇതിന്  വിലങ്ങുതടിയായി നില്ക്കാൻ സാധ്യതയുള്ളത്  പേരിലെങ്കിലും മാർക്സിസം-ലെനിനിസം ഇന്നും നിലനിർത്തി പോരുന്ന സിപിഐഎം ആണ്.

സിപിഐഎം ന്റെ കഴിഞ്ഞ കുറെ നാളുകളായുള്ള പ്രവർത്തനങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ അവരിൽ നിന്നും ബൂർഷ്വാസിക്കു ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടാനുള്ള സാധ്യതയില്ല എന്ന് പറയേണ്ടി വരും. എന്നാൽ, ഇന്ത്യയിൽ കേരളം പോലുള്ള ചില പോക്കറ്റുകളിലെങ്കിലും ഇന്നും നല്ല ജനപിന്തുണ നിലനിർത്തിപ്പോരുന്ന പാർട്ടിയാണ്  ഇത്; അതിനാൽ തന്നെ നിരന്തരം പ്രകടമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ, അവയുടെ നേതാക്കൾക്ക് താല്പര്യമില്ലെങ്കിൽ പോലും, ഇത്തരം പ്രസ്ഥാനങ്ങളുടെ ഉള്ളിൽ ഉറങ്ങുന്ന വിപ്ലവാഭിമുഖ്യത്തിന്റെ കനലുകളെ ഊതിക്കത്തിച്ചേക്കാം. അതിനാൽ, ബൂർഷ്വാസിയുമായുള്ള വർഗ്ഗസമരത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയായി നില്ക്കുകയും മുതലാളിത്ത വ്യവസ്ഥയെ തച്ചുടക്കാൻ ആവശ്യമായ വർഗ്ഗബോധവും സംഘടനാശേഷിയും തൊഴിലാളികളിൽ വളർത്തുകയും ചെയ്യാൻ ബാധ്യതപ്പെട്ട പ്രസ്ഥാനത്തെ ബൂർഷ്വാരാഷ്ട്രീയത്തിലെ വെറും ഒരു തിരുത്തൽ ശക്തിയാക്കി മാറ്റിയെടുക്കേണ്ടത്  മുതലാളിത്തത്തിന്റെ ആവശ്യമാണ്‌. ആ ആവശ്യം മുന്നിൽക്കണ്ടാണ്  മനോരമയുടെ രണ്ടാം ഉപദേശം: 'ജനാധിപത്യ രാജ്യങ്ങൾക്ക്  ചേർന്ന രീതിയിൽ പ്രവർത്തിക്കുക'. ബൂർഷ്വാസിയുടെ കാലിനടിയിലെ മണ്ണ് കുത്തിയൊലിച്ചു പോയിക്കൊണ്ടിരിക്കുമ്പോലും പാർട്ടി സഖാക്കളോട് 'ആകാശത്തേക്ക് നോക്കൂ, കണ്ടില്ലേ വിപ്ലവം ഇപ്പോളൊന്നും വരുന്ന മാതിരിയില്ല' എന്ന് പറയുന്ന മനോരമയുടെ ഉദ്ദേശം നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. 'വിപ്ലവം വരത്തില്ലെങ്കിൽ പിന്നെ ജനാധിപത്യത്തിനു ചേർന്ന രീതിയിൽ പ്രവർത്തിക്കരുതോ...' എന്നാണ് കോട്ടയം പത്രത്തിന്റെ തുടർന്യായം.

ഈ വാദത്തിന്  മാർക്സിസത്തോളം തന്നെ പഴക്കമുണ്ട് . ഇത് ബേണ്‍സ്റ്റൈന്റെ റിഫോർമിസത്തിന്റെ മറ്റൊരു പതിപ്പ് മാത്രമാണ്. മാർക്സ്  കണ്ടെത്തിയത് പോലുള്ള പ്രതിസന്ധികൾ മുതലാളിത്തത്തിൽ ഒരു അനിവാര്യതയല്ല, ഇത്തരം പ്രതിസന്ധികൾ നിയന്ത്രിക്കാൻ ബൂർഷ്വാസി പഠിച്ചു കഴിഞ്ഞു, അതിനാൽ തന്നെ ഇത്തരം വൈരുധ്യങ്ങളും പ്രതിസന്ധികളും മുതലാക്കി തൊഴിലാളിവർഗ്ഗം നടത്താൻ പോകുന്ന സോഷ്യലിസ്റ്റ്‌  വിപ്ലവം ഉണ്ടാവാൻ പോകുന്നില്ല. അതുകൊണ്ട് നമുക്ക്  ബൂർഷ്വാവ്യവസ്ഥയുടെ പരിഷ്കാരങ്ങൾക്കായി ആ വ്യവസ്ഥക്ക്  അകത്തു നിന്ന് പോരാടാം, ഇത്തരത്തിലുള്ള പോരാടങ്ങൾ വഴി നമുക്ക് പടിപടിയായി സോഷ്യലിസം സാക്ഷാൽക്കരിക്കാം; ഇതാണ്   റിഫോർമിസതിന്റെ അടിസ്ഥാന പാഠം. ഈ വാദത്തിന്റെ പൊള്ളത്തരങ്ങൾ ലെനിനും റോസയും അടക്കം അനേകം വിപ്ലവകാരികൾ വ്യക്തമാക്കിക്കഴിഞ്ഞതാണ്; റിഫോർമിസം തൊഴിലാളിവർഗ്ഗത്തെ ബൂർഷ്വാസിക്കു ഒറ്റുകൊടുക്കകയാണ് ചെയ്യുന്നത് എന്ന് ലെനിൻ ആവർത്തിച്ചു സൂചിപ്പിക്കുന്നുണ്ട്.

"Marxists recognise struggle for reforms, i.e., for measures that improve the conditions of the working people without destroying the power of the ruling class. At the same time, however, the Marxists wage a most resolute struggle against the reformists, who, directly or indirectly, restrict the aims and activities of the working class to the winning of reforms. Reformism is bourgeois deception of the workers, who, despite individual improvements, will always remain wage-slaves, as long as there is the domination of capital.... reformism, in practice, becomes a weapon by means of which the bourgeoisie corrupt and weaken the workers. The experience of all countries shows that the workers who put their trust in the reformists are always fooled". (Lenin - Marxism and Reformism, 1913).

എന്നാൽ മനോരമ വിപ്ലവം വരില്ല എന്ന് പറയുന്നില്ലെന്നും അടുത്തൊന്നും അത് പ്രതീക്ഷിക്കേണ്ട എന്ന് മാത്രമാണ് പറയുന്നതെന്നും വാദിക്കാം. ഇത് രണ്ടും ഒന്നുതന്നെയാണ് എന്ന് മാർക്സിസ്റ്റുകൾക്ക്‌ അറിയാം [2]. വിപ്ലവം പെട്ടെന്നുണ്ടാവുമോ അതോ ഒരുപാട്  വൈകുമോ എന്നുള്ളതല്ല പ്രശ്നം, വിപ്ലവം ഒരു പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണോ എന്നുള്ളതാണ്. ലക്ഷ്യമാണെങ്കിൽ ആ ലക്ഷ്യത്തിന്റെ കണ്ണുകളിലൂടെ മാത്രമേ ദൈനം ദിന രാഷ്ട്രീയപ്രശ്നങ്ങളെപ്പോലും അത്തരം പ്രസ്ഥാനങ്ങൾക്ക്‌ സമീപിക്കാൻ പറ്റൂ; അപ്പോൾ മാത്രമേ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ മാർഗ്ഗവും ലക്ഷ്യവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധം സാധ്യമാവുന്നുള്ളൂ. ഈ ലക്ഷ്യം കൈയ്യൊഴിഞ്ഞാൽ, അല്ലെങ്കിൽ അതിനേ ശാശ്വതമായി നീട്ടിവെച്ചാൽ പിന്നെ ഒരു തൊഴിലാളിപ്രസ്ഥാനത്തിനു ചെയ്യാനുള്ളത് മനോരമ ഉപദേശിക്കും പോലെ ജനാധിപത്യത്തിനു 'ഉതകുന്ന' രീതിയിൽ പ്രവർത്തിക്കലാണ് - പൂർണ്ണമായും ബൂർഷ്വാജനാധിപത്യത്തിന്റെ പരിധിക്കകത്ത്  നിന്നുകൊണ്ട്  തൊഴിലാളിവർഗ്ഗ 'ക്ഷേമ'ത്തിനു വേണ്ടി പ്രവർത്തിക്കുക. ബൂർഷ്വാജനാധിപത്യത്തെ തച്ചുടച്ച്  തൊഴിലാളിവർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യം കൈയൊഴിഞ്ഞ മെരുങ്ങിയ ഒരു 'സാമൂഹികനവീകരണ' പാർട്ടിയായി സിപിഐഎം നെ മാറ്റാനാണ്  (നിലനിർത്താനാണ്  എന്ന് പറയുന്നതാവും ഇന്ന് കൂടുതൽ ശരി) ബൂർഷ്വാസിക്കു താൽപ്പര്യം; ആ ആഗ്രഹം മസാല കൂട്ടി അച്ചടിക്കുക മാത്രമാണ്  മനോരമ ചെയ്തത്.

ആദ്യ രണ്ടു ഉപദേശങ്ങൾ കൊണ്ട് തന്നെ ഈ പ്രസ്ഥാനത്തെ മനോരമ ബൂർഷ്വാകൂട്ടിൽ അടച്ചുകഴിഞ്ഞു. 'കൂട്ടിലടച്ചാലും സിംഹത്തോട് കളിക്കരുത്' എന്ന ന്യായം വെച്ച് ഇനി അതിന്റെ വിപ്ലവാഭിമുഖ്യത്തെ എന്നെന്നെക്കുമായി ഇല്ലാതാക്കേണ്ടതുണ്ട്; അതിനായുള്ളതാണ് മൂന്നാം ഉപദേശം: 'സാധാരണക്കാരന്  ദഹനക്കേട്  വരുത്താതിരിക്കുക'. സാധാരണക്കാരന്  ദഹിക്കുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കണം എന്നായിരുന്നു ഉപദേശമെങ്കിൽ അത് പുരോഗമനപരമായെനേ; എന്നാൽ ഇവിടെ അതല്ല ബൂർഷ്വാസിയുടെ ആവശ്യം. സാധാരണക്കാരന് ദഹിക്കുന്ന രീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യണം എന്നാണ് ഉപദേശം. ഈ ഉപദേശം മനോരമ പോലുള്ള ബൂർഷ്വാമാദ്ധ്യമങ്ങളിൽ മാത്രമല്ല 'ഇടതുപക്ഷസഹയാത്രികർ' എന്ന പ്രതിച്ഛായ ശ്രദ്ധയോടെ സ്വയം നിർമ്മിച്ചെടുത്തിട്ടുള്ള സത്യൻ അന്തിക്കാട്, ശ്രീനിവാസൻ തുടങ്ങിയവരെപ്പോലെയുള്ള  പെറ്റിബൂർഷ്വാ കപടനാട്യക്കാരുടെ രചനകളിലും കാണാവുന്നതാണ്  ('സന്ദേശം' എന്ന ചിത്രത്തിലെ സന്ദർഭങ്ങൾ ഓർക്കുക). മാർക്സിസം ഏറ്റവും ആദ്യം 'കൈകാര്യം' ചെയ്ത വിഷയങ്ങളിലോന്നാണ്  മുതലാളിത്തം. അത് ചെയ്തതാവട്ടെ മാർക്സും. മുതലാളിത്ത വ്യവസ്ഥയെ സാധാരണക്കാരന്  'ദഹിക്കുന്ന' തരത്തിൽ കൈകാര്യം ചെയ്താൽ നമുക്ക് കിട്ടുന്നത്  മാർക്സിസമല്ല, മറിച്ചു ഉട്ടോപ്പിയൻ സോഷ്യലിസം ആണ്. മാർക്സിനു മുന്നേ മുതലാളിത്തത്തെ പഠനവിധേയമാക്കിയ സോഷ്യലിസ്റ്റുകൾ ബൂർഷ്വാവ്യവസ്ഥിതിയിലെ അനീതികളെ കുറിച്ച് വാചാലരാവുകയും അതിനു ബദലായി ഒരു സമത്വസുന്ദരസാങ്കല്പ്പിക ലോകം കെട്ടിപ്പടുക്കുന്നത് സ്വപ്നം കാണുകയും ചെയ്തവരാണ്. ചരിത്രപരമായ ഭൌതികവാദത്തിന്റെ വെളിച്ചത്തിൽ മുതലാളിത്തത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വൈരുദ്ധ്യാത്മകതയിൽ ഊന്നിയ മാർക്സിന്റെ അന്വേഷണങ്ങളാണ്  സോഷ്യലിസത്തെ ഒരു സാങ്കൽപ്പിക ദിവാസ്വപ്നത്തിൽ നിന്നും മാറ്റി മുതലാളിത്തത്തിന്റെ പ്രതിസന്ധികളിൽ നിന്നും ഉടലെടുക്കുന്ന ഒരു അനിവാര്യതയാക്കി മാറ്റിയത്. മാർക്സിന്റെ സൈദ്ധാന്തികപഠനങ്ങളുടെ ആകെത്തുകയാണ്  ഇന്നും ബൂർഷ്വാസിയുമായുള്ള വർഗ്ഗസമരത്തിൽ ലോകതൊഴിലാളിവർഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രായോഗിക ആയുധം. എന്നാൽ 'മൂലധന'ത്തിന്റെ ആദ്യത്തെ താളുകൾ പോലും ഒരു സാധാരണ തൊഴിലാളിക്ക് ഗ്രാഹ്യമായവ അല്ല; മനോരമയുടെ ഉപദേശം പിന്തുടർന്നാൽ നാം ഏതു തൊഴിലാളിക്കും  വളരെ പെട്ടെന്ന്  'ദഹിക്കുന്ന' ഉട്ടോപ്പിയൻ സോഷ്യലിസ്റ്റ്‌  സങ്കൽപ്പങ്ങളിലേക്ക്  മടങ്ങേണ്ടി വരും. സൈദ്ധാന്തികഭൂമികയിൽ ഇത്തരം വെള്ളം ചേർക്കലുകൾ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ അന്ത്യം കുറിക്കാൻ പോന്നവയാണ് എന്ന് വ്യക്തമാണ്; പ്രായോഗിക രാഷ്ട്രീയ മണ്ഡലത്തിൽ ഇതിന്റെ ഫലം എന്താണ് ? ഒരുദാഹാരം മാത്രം സൂചിപ്പിക്കാം. ഒന്നാം ലോക മഹായുദ്ധം ഒരു സാമ്രാജ്യത്വയുദ്ധമാണ്  എന്ന മാർക്സിയൻ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ യുദ്ധത്തിലേർപ്പെട്ടു നില്ക്കുന്ന രാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗങ്ങളുടെ വിപ്ലവകരമായ ദൗത്യം അവരവരുടെ രാജ്യങ്ങളിലെ ബൂർഷ്വാസിയെ പരാജയത്തിലേക്ക്  തള്ളിവിടുക എന്നതാണെന്നും അങ്ങനെ ബൂർഷ്വാസികൾ തമ്മിലുള്ള സാമ്രാജ്യത്വ യുദ്ധത്തെ ഒരു ആഭ്യന്തരയുദ്ധമാക്കി മാറ്റണമെന്നുമായിരുന്നു  ലെനിന്റെ നിലപാട്. എന്നാൽ യൂറോപ്പിലെ ബഹുഭൂരിപക്ഷം തൊഴിലാളിപാർട്ടികളും രാജ്യസ്നേഹത്തിന്റെ പേരിൽ സ്വന്തം ബൂർഷ്വാസിയുടെ പിന്നിൽ അണിനിരക്കാനുള്ള തീരുമാനം ആണ് എടുത്തത്‌. അതിനവർ പറഞ്ഞ പ്രധാന കാരണങ്ങളിൽ ഒന്ന്  ലെനിന്റെത് പോലുള്ള നിലപാടുകൾ സാധാരണ തൊഴിലാളിക്ക് ദഹിക്കില്ല എന്നതായിരുന്നു !!! 100 വർഷം കഴിഞ്ഞ് അതേ പിന്തിരിപ്പൻ വാദം നമ്മുടെ കൊച്ചു കേരളത്തിലും കേൾക്കുന്നു. എന്നാൽ ഈ വാദത്തിന്റെ പൊള്ളത്തരം പണ്ടേ ബോൾഷെവിക്കുകൾ തുറന്നു കാട്ടിയതാണ്. യുദ്ധത്തിനും സ്വന്തം ബൂർഷ്വാസിക്കും എതിരെ അണിനിരന്ന ഒരേയൊരു തൊഴിലാളിപ്രസ്ഥാനം ബോൾഷെവിക്കുകൾ ആയിരുന്നു; ഈ നിലപാട് തൊഴിലാളിക്ക് ദഹിക്കില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയ യൂറോപ്യൻ പിന്തിരിപ്പന്മാരെ ഞെട്ടിച്ചുകൊണ്ട്  റഷ്യൻ തൊഴിലാളിവർഗ്ഗം 1917 ൽ അധികാരം പിടിച്ചു. എങ്ങനെ? സാധാരണക്കാർക്ക്  ദഹിക്കുന്ന നിലപാടുകൾ മാത്രമെടുത്ത് മാറിനിൽക്കുകയല്ല, മറിച്ച്  യഥാർത്ഥ വിപ്ലവനിലപാടുകൾ എടുത്ത്  അത് സാധാരണ തൊഴിലാളിക്ക്  ഗ്രാഹ്യമാക്കുകയാണ്  വിപ്ലവപ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്, അത് തന്നെയാണ്  ലെനിന്റെ പാർട്ടി ചെയ്തതും.

അപ്പോൾ, സാധാരണക്കാരുടെ 'ദഹന'പ്രശ്നത്തിൽ മാർക്സിസ്റ്റു-ലെനിനിസ്റ്റ് ഭാഷ്യം എന്താണ്? യഥാർത്ഥത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരം ലെനിന്റെ vanguard പാർട്ടി എന്ന സങ്കല്പം തന്നെയാണ്. ഒരു വിപ്ലവപ്രസ്ഥാനം സൈദ്ധാന്തികമായി വളർച്ച പ്രാപിക്കേണ്ടതിന്റെ ആവശ്യകത ലെനിൻ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട് :

"Without revolutionary theory, there can be no revolutionary movement. This idea cannot be insisted upon too strongly at a time when the fashionable preaching of opportunism goes hand in hand with an infatuation for the narrowest forms of practical activity... we wish to state only that the role of vanguard fighter can be fulfilled only by a party that is guided by the most advanced theory". (Lenin - What Is To Be Done?, 1902)

മനോരമയുടെ ദഹനസിദ്ധാന്തം പിൻപറ്റുന്ന തൊഴിലാളി പാർട്ടികൾ ലെനിൻ സൂചിപ്പിക്കും പോലെ വളരെ സങ്കുചിതമായ ലക്ഷ്യങ്ങളുള്ള അവസരവാദി പ്രസ്ഥാനങ്ങളായി വളരെ വേഗം അധപ്പതിക്കും. തൊഴിലാളി പ്രസ്ഥാനങ്ങൾ സൈദ്ധാന്തികമായി ഉന്നത നിലവാരം പുലർത്തേണ്ടത്  അത്യാവശ്യമാണെന്നിരിക്കിലും, സാധാരണ തൊഴിലാളികളിൽ മുതലാളിത്തവുമായുള്ള അവരുടെ ദൈനംദിന ഇടപെടലുകൾ മൂലം രൂപംകൊള്ളുന്ന വർഗ്ഗബോധത്തിനു പരിധികളുണ്ട് ; അതിനു മാർക്സിയൻ നിലയിലേക്ക്  സ്വാഭാവികമായി വളരാൻ കഴിയില്ല എന്നത് ലെനിനിസ്റ്റ്  സംഘടനാതത്വത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നാണ്. 

"The history of all countries shows that the working class, exclusively by its own effort, is able to develop only trade union consciousness, i.e., the conviction that it is necessary to combine in unions, fight the employers, and strive to compel the government to pass necessary labour legislation, etc...But the spontaneous development of the working-class movement leads to its subordination to bourgeois ideology,... for the spontaneous working-class movement is trade-unionism,... and trade unionism means the ideological enslavement of the workers by the bourgeoisie. Hence, our task, the task of Social-Democracy, is to combat spontaneity, to divert the working-class movement from this spontaneous, trade-unionist striving to come under the wing of the bourgeoisie, and to bring it under the wing of revolutionary Social Democracy". (Lenin - What Is To Be Done?, 1902)

അതിനാൽ തന്നെ ഒരു vanguard പാർട്ടിയുടെ ചരിത്രപരമായ ദൗത്യം തൊഴിലാളികളിൽ സ്വാഭാവികമായി വളർന്നു വരുന്ന മുതലാളിത്തവിരോധത്തിനു സമഗ്രതയും ചരിത്രപരതയും നല്കി അവരെ ഏറ്റവും ഉയർന്ന തൊഴിലാളിവർഗ്ഗബോധത്തിലേക്ക്‌  നയിക്കുക എന്നതാണ്. തൊഴിലാളി വർഗ്ഗവും ആ വർഗ്ഗത്തിന്റെ മുന്നണിപ്പടയായ തൊഴിലാളിവർഗ്ഗപാർട്ടിയും തമ്മിലുള്ള അന്തരം ലെനിൻ ആവർത്തിച്ചു ഓർമ്മപ്പെടുത്തുന്നതും ഇതുകൊണ്ട് തന്നെ [3]. മനോരമയുടെ ദഹനസിദ്ധാന്തം  പറയുന്നത് പാർട്ടി വർഗ്ഗത്തെയാകെ ഉയർന്ന സൈദ്ധാന്തികനിലയിലേക്ക്  കൈപിടിച്ചുയർത്തുന്നതിന് പകരം അവരുടെ നിലയിലേക്ക്  ഇറങ്ങിച്ചെന്നു കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നാണ്; അതായത് ഒരു ലെനിനിസ്റ്റ് പാർട്ടിയിൽ നിന്ന് മാറി ഒരു ട്രേഡ് യൂണിയൻ പ്രസ്ഥാനമായിത്തീരണം. അപ്പോളാണ് മൂന്നാമത്തെ നിർദേശം ഒന്നും രണ്ടും നിർദേശങ്ങളുടെ തുടർച്ചയാവുന്നത് : വിപ്ലവം എന്ന ലക്ഷ്യം കൈയൊഴിഞ്ഞാൽ, ഒരു തൊഴിലാളി 'ക്ഷേമ' പാർട്ടിയായി മാറിയാൽ, പിന്നെ എന്തിനാണ്  സിദ്ധാന്തങ്ങൾ? കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പിന്നെ സാമാന്യബുദ്ധി മാത്രം മതി.

അങ്ങനെ ഒരു മാർക്സിസ്റ്റു-ലെനിനിസ്റ്റു പാർട്ടിയെ ബൂർഷ്വാ വ്യവസ്ഥക്കകത്ത്  നിന്ന് മാത്രം പ്രവർത്തിക്കുന്ന ഒരു തൊഴിലാളി ക്ഷേമ പാർട്ടിയാക്കി മാറ്റാനുള്ള ബ്ലൂപ്രിന്റ്‌  ആണ് മനോരമ ഈ ലേഖനത്തിലൂടെ മുന്നോട്ടുവെക്കുന്നത്. യാഥാസ്ഥിതിക ബൂർഷ്വാസിയുടെ ആഗ്രഹം ഇതാണെങ്കിൽ വിപ്ലവകാരികൾ അതിനു നേരെ വിപരീതദിശയിലാണ്  നടക്കേണ്ടത്‌ എന്ന് വ്യക്തമാണല്ലോ. അതിനാൽ ഇന്നെത്തിനിൽക്കുന്ന പ്രതിസന്ധികളിൽ നിന്നും കരകേറാൻ സിപിഐഎം യഥാർത്ഥത്തിൽ ചെയ്യേണ്ടത് ഇവയാണ്:

1. തങ്ങളുടെ വിപ്ലവാഭിമുഖ്യം തിരിച്ചുപിടിക്കുക, മാർക്സിസ്റ്റു - ലെനിനിസ്റ്റ് സൈദ്ധാന്തിക പാതയിൽ മുന്നേറുക, ബൂർഷ്വാസിയെ തച്ചുടക്കാനുള്ള പോരാട്ടത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയായി അണിനിരക്കുക.
2. അടിസ്ഥാന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ വസ്തുനിഷ്ഠമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പ്രായോഗിക  തന്ത്രങ്ങൾ രൂപപ്പെടുത്തുക, മാർഗ്ഗവും ലക്ഷ്യവും തമ്മിലും (means - end) പ്രയോഗവും ഫലവും തമ്മിലും (process-result) ഉണ്ടായിരിക്കേണ്ട വൈരുദ്ധ്യാത്മക ഐക്യം കാത്തുസൂക്ഷിക്കുക.
3. തൊഴിലാളി വർഗ്ഗത്തെയാകെ മുന്നണിപ്പടയുടെ സൈദ്ധാന്തികനിലവാരത്തിലേക്ക്  ഉയർത്താൻ പ്രയത്നിക്കുക, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെയാകെ ഏകോപിപ്പിച്ചു നയിക്കാനുള്ള സംഘടനാശക്തി രാജ്യമാകെ തൊഴിലാളിവർഗ്ഗത്തിൽ വളർത്തിയെടുക്കുക.

Notes:

[1] സാമ്രാജ്യത്വത്തിന്റെ ഈയൊരു വശം ലെനിൻ ഊന്നിപ്പറയുന്നുണ്ട്: ഉദാഹരണത്തിന്  'Imperialism, The latest stage of capitalism', 'The collapse of the 2nd  International', എന്നീ രചനകൾ കാണുക.
[2] ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലെനിൻ കൌറ്റ്സ്കിക്കെതിരെ എഴുതിയ ലേഖനങ്ങൾ കാണുക.
[3] Lenin - One Step Forward, Two Steps Back, 1904 കാണുക. ബൂർഷ്വാ പ്രൊഫസ്സർമാരേക്കാൾ നന്നായി എന്തുകൊണ്ട്  ഒരു തൊഴിലാളിക്ക്  മാർക്സിനെ മനസ്സിലാവും എന്ന്  അൽതുസ്സെർ സമർഥിക്കുന്നുണ്ട്: Louis Althusser, How to Read Marx's Capital, 1969 in Lenin and Philosophy and Other Essays.
 

No comments:

Post a Comment