ബിപിൻ ബാലറാം
('സമരോത്സുകമായ മാർക്സിസം സമരസങ്ങളുടെ ഇടതുപക്ഷം' എന്ന പുതിയ പുസ്തകത്തിന് എഴുതിയ മുഖവുര. കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ പുസ്തകം ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ് (ലിങ്ക് - Amazon , Flipkart )
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മലയാളത്തിൽ എഴുതിയ ലേഖനങ്ങളും പഠനങ്ങളും ആണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ഈ എഴുത്തുകളെ ഏകോപിപ്പിക്കുന്ന ഘടകം മാർക്സിസ്റ്റ് പരിപ്രേക്ഷ്യത്തിൽ നിന്നുള്ള ഇടതുപക്ഷത്തിന്റെ വിമർശമാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന് പോരായ്മകൾ ഒരുപാടുണ്ടെങ്കിലും ഫാഷിസ്റ്റ് കാലത്ത് അതിനെ നിശിത വിമർശനത്തിന് വിധേയമാക്കുന്നത് ശരിയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നേക്കാം. ഇടതുപക്ഷത്തെ തുറന്നു കാണിക്കുന്നത് ഫാഷിസത്തിന് ശക്തി പകരുകയല്ലേ ചെയ്യുക എന്ന ഭീതിയാണ് ഈ ചോദ്യത്തിന് പിന്നിൽ.
എന്നാൽ യഥാർത്ഥത്തിൽ ഫാഷിസ്റ്റ് കാലത്താണ് ഇടതുപക്ഷം ഏറ്റവും ശക്തമായി വിമർശിക്കപ്പെടേണ്ടത്. ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക പാപ്പരത്തവും രാഷ്ട്രീയ പൊള്ളത്തരവും തൊഴിലാളിവർഗ്ഗ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തുറന്നു കാണിക്കുക എന്നത് ഫാഷിസ്റ്റ് കാലത്തെ അനിവാര്യതയാണ്; അത് ഫാഷിസ്റ്റ് പ്രതിരോധത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗവുമാണ്.
തൊഴിലെടുക്കുന്ന ജനവിഭാഗങ്ങൾക്ക് വർഗ്ഗരാഷ്ട്രീയത്തിലുള്ള എല്ലാ പ്രതീക്ഷയും ഇല്ലാതാവുക എന്നത് ഫാഷിസത്തിന്റെ രാഷ്ട്രീയ അപ്രമാദിത്വത്തിന് അത്യാവശ്യമാണ്. ഇടതുപക്ഷ രാഷ്ട്രീയം വസ്തുനിഷ്ഠമായി ചെയ്തുകൊണ്ടിരിക്കുന്നത് ഇതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ്.
ഉള്ളടക്കത്തിൽ കറകളഞ്ഞ നിയോലിബറൽ ചായ്‌വുള്ള ഇടതുപക്ഷം, പക്ഷെ രൂപത്തിൽ ഇന്നും മാർക്സിസ്റ്റ് എന്ന പൊയ്മുഖം നിലനിർത്തുന്നുണ്ട്. ഇന്ത്യൻ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ സകല ജീർണ്ണതക്കും സൈദ്ധാന്തിക പോരായ്മക്കും മാർക്‌സും ലെനിനും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥ ആണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ മാർക്സിസ്റ്റ് പൊയ്മുഖം വലിച്ചുകീറുക എന്നത് ഒരു വർഗ്ഗപരമായ ദൗത്യമാണ്.
പക്ഷെ ഇടതുപക്ഷത്തിന്റെ വിമർശം എന്നത് ഇടതുപക്ഷപാർട്ടികളുടെ നേതൃത്വത്തിന്റെയോ അവരുടെ രാഷ്ട്രീയത്തിന്റെയോ മാത്രം വിമർശനമായി ഒതുങ്ങിക്കൂടാ. ഇടതുപക്ഷത്തിന്റെ വർഗ്ഗപരമായ ഉള്ളടക്കത്തെയും അതിന്റെ ചരിത്രപരമായ ദൗത്യത്തെയും കുറിച്ചുള്ള സൈദ്ധാന്തിക ഉൾക്കാഴ്ചകളെ മുൻനിർത്തി ഉള്ളതാവണം ഈ വിമർശം. ഈ പുസ്തകത്തിലെ എഴുത്തുകൾ ഇതിനായുള്ള ഒരു ശ്രമമാണ്.
ഇടതുപക്ഷചിന്തയിലെ രണ്ട് അഭാവങ്ങളാണ് അതിനെ മാർക്സിസ്റ്റ് രീതിശാസ്ത്രത്തിൽ നിന്നടർത്തി അവസരവാദത്തിന് ചൂട്ടുപിടിക്കാൻ പ്രാപ്തമാക്കുന്നത്. ഒന്ന്, അതിൽ വൈരുദ്ധ്യാത്മകയുക്തി പൊടിയിട്ട് നോക്കിയാൽ പോലും കാണാൻ ആവില്ല. രണ്ട്, അതിന് പൊളിറ്റിക്കൽ ഇക്കോണമി എന്നത് പൂർണ്ണമായും അന്യമാണ്. വൈരുദ്ധ്യാത്മകതയുടെ പിൻബലമില്ലാതെ അത് യാന്ത്രിക ഭൗതികവാദത്തിന്റെ ചുഴിയിൽ പെട്ടുലയുന്നു; പൊളിറ്റിക്കൽ ഇക്കോണമിയുടെ അടിസ്ഥാനമില്ലാതെ അത് വെറും സാംസ്കാരിക-നൈതിക വിമർശനമായി പരിമിതപ്പെടുന്നു.
സമകാലിക യാഥാർത്ഥ്യത്തെ മാർക്സിസ്റ്റ് രീതിശാസ്ത്രത്തിന്റെ സർഗ്ഗാത്മകമായ ഉപയോഗത്തിലൂടെ വിശകലനം ചെയ്യാൻ ശ്രമിക്കുന്ന ഈ പുസ്തകം അതുകൊണ്ട് തന്നെ ഭൗതികമായ വൈരുദ്ധ്യാത്മകതയേയും പൊളിറ്റിക്കൽ ഇക്കോണമിയേയും ശക്തമായി പിൻപറ്റുന്നു. ഇത്തരം വിശകലനങ്ങൾ നമുക്ക് തരുന്നത് ഇടതുപക്ഷത്തിന്റെ മാത്രമല്ല, പുരോഗമനനാട്യം വെച്ച് പുലർത്തുന്ന സ്വത്വവാദത്തിന്റെയും വരേണ്യവർഗ്ഗ ഫെമിനിസത്തിന്റെയും കൂടി വിമർശമാണ്.
ഈ പുസ്തകത്തിലെ മൂന്ന് ലേഖനങ്ങൾ പുതു മലയാള സിനിമയിലെ ചില പ്രവണതകളെ കുറിച്ചുള്ളതാണ്. ഈ പ്രവണതകൾക്ക് പുരോഗമനപരം എന്ന ലേബൽ ലഭിക്കുന്നത് ഇടതുപക്ഷ നിർമ്മിതമായ ഒരു പ്രത്യയശാസ്ത്ര പരിസരത്തിൽ ആണ്. അതിനാൽ തന്നെ ഈ പുസ്തകത്തിന്റെ പ്രമേയവുമായി ചേർന്ന് നിൽക്കുന്നവയാണ് ഈ സിനിമ പഠനങ്ങളും.
ഈ സമാഹാരത്തിലെ ലേഖനങ്ങൾ 2016 മുതൽ എഴുതപ്പെട്ടവയാണ്. എന്നാൽ ഈ എഴുത്തുകൾ ജനിക്കുന്നത് 2012 മെയ് മാസത്തിലാണ്. ടി. പി. ചന്ദ്രശേഖരന്റെ അറുകൊലയാണ് ഇടതുപക്ഷത്തിന്റെയും സിപിഎം ന്റെയും ജീർണ്ണത എത്രത്തോളം ആഴത്തിൽ ഉള്ളതാണെന്ന് കേരളത്തിന് കാണിച്ച് തരുന്നത്. ജർമ്മൻ 'ഇടതുപക്ഷ'മായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കിങ്കരന്മാരാൽ റോസാ ലക്‌സംബർഗ് കൊല ചെയ്യപ്പെടുന്നതിന്റെ കേരളീയപതിപ്പാണ് ടി. പി. യുടെ കൊലപാതകം.
ഈ അറുകൊലയും അതിനോടുള്ള പാർട്ടി ഭക്തരുടേയും ന്യായീകരണത്തൊഴിലാളികളുടെയും മനോഭാവവും ആണ് ഇടതുപക്ഷജീർണ്ണതയുടെ വർഗ്ഗപരമായ കാരണങ്ങൾ സൈദ്ധാന്തികമായി അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. സോഷ്യൽ ഡെമോക്രസിയെ കുറിച്ചും അവസരവാദത്തിന്റെ ഭൗതിക കാരണങ്ങളെക്കുറിച്ചുമുള്ള ലെനിന്റെ ഉൾക്കാഴ്ചകളെ അടിസ്ഥാനപ്പെടുത്തിവേണം ഈ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ എന്ന തിരിച്ചറിവിന്റെ ഫലമാണ് ഈ എഴുത്തുകൾ.
ജർമ്മൻ വിപ്ലവത്തെ അടിച്ചമർത്തുന്നതിലേക്കും റോസയടക്കുമുള്ള വിപ്ലവകാരികളെ കൊന്നു തള്ളുന്നതിലേക്കും ജർമ്മൻ ഇടതുപക്ഷം എത്തിച്ചേർന്നതിന്റെ കാരണം ലെനിൻ വ്യക്തമാക്കുന്നുണ്ട്: "... during the decades of comparatively 'peaceful' capitalism between 1871 and 1914, the Augean stables of philistinism, imbecility, and apostasy accumulated in the socialist parties which were adapting themselves to opportunism". ഇതേ പ്രക്രിയയാണ് സിപിഎം പോലുള്ള പാർട്ടികളെ അവസരവാദത്തിന്റെയും വർഗ്ഗവഞ്ചനയുടെയും ജീർണ്ണതയുടെയും പടുകുഴിയിൽ എത്തിച്ചത്. ഈ പ്രക്രിയയുടെ വിശദാംശങ്ങളും അതിന്റെ പരിണിതഫലങ്ങളും ആണ് ഇവിടെ പഠനവിധേയമാക്കപ്പെടുന്നത്.
24-03-2025
വൂച്ച്, പോളണ്ട്.